വിശ്വന് സുശീലനെ മറക്കാന്‍
കഴിയുമോ?
ഇല്ല.
പലപ്പോഴും, സുശീലന്‍റെ അടുത്തുനിന്നും എന്തെങ്കിലും
വാര്‍ത്ത എത്തുമ്പോള്‍ മറന്നിരുന്നു എന്ന തോന്നലും ഉണ്ടായിട്ടുണ്ട്.
അങ്ങിനെ മറന്നിരിക്കുമ്പോള്‍ അറിഞ്ഞിട്ടുള്ള വാര്‍ത്തകളാണ്, സുശീലന്‍ ഡിഗ്രി കഴിഞ്ഞതും, സര്‍ക്കാരില്‍
ഗുമസ്തനായതും,സഹോദരിമാരെ വിവാഹം ചെയ്തു വിട്ടതും, അവന്‍ വിവാഹം കഴിച്ചതും, അവന്‍റെ അച്ഛന്‍ മരിച്ചതും, അമ്മക്ക് പ്രഷര്‍
അധികമായി തളര്‍ന്നു കിടന്നതും.....
എന്നാല്‍ ഈ അറിവുകളെല്ലാം വിശ്വനെ തേടിയെത്തിയിട്ടും, അതെല്ലാം സുശീലന്‍ അറിയിച്ചതായിട്ടും ഒരിക്കല്‍ പോലും അവന്‍റെയിടത്ത്
പോവുകയോ, കാണെണമമെന്ന് തോന്നുകയോ ചെയ്തിട്ടല്ല. എങ്കില്‍
സുശീലന്‍, വിശ്വന്‍റെ എല്ലാ വിശേഷങ്ങള്‍ക്കും അവനരുകില്‍
ഓടിയെത്തുകയും വേണ്ടതെല്ലാം ചെയ്തിട്ടുമുണ്ട്. അതിനൊന്നും ഒരു നന്ദി വാക്കുപോലും
വിശ്വന്‍ പറഞ്ഞിട്ടില്ല, സുശീലന്‍ കാത്തു നിന്നിട്ടുമില്ല.
അതിന്‍റെയൊക്കെ പേരില്‍ വിശ്വന്‍റെ അച്ഛനും അമ്മയും പരിഭവം
പറഞ്ഞിട്ടുണ്ട്. ശങ്കു പണിക്കന്‍റെ മരണ അറിയിപ്പു കിട്ടിയപ്പോള്‍ പോകണമെന്ന്
വിശ്വന്‍റെ ഭാര്യ വിശാലം നിര്‍ബ്ബന്ധത്തോടെ ശഠിക്കുകയും, അവള്‍
മാത്രമായിട്ട് പോവുകയും ചെയ്തിട്ടുണ്ട്. ആ
കുടുംബ ബന്ധങ്ങളുടെ കെമിസ്ട്രി അത്രമാത്രം വിശാലത്തെ സ്വാധീനിച്ചിട്ടുണ്ട്.
എന്നിട്ടുപോലും വിശ്വന്‍ ആ കെമിസ്ട്രിക്കുള്ളില്‍ എത്തിയില്ല.
സുശീലനെ ആദ്യമായി കാണുന്നത് ഇന്നും ഓര്‍മ്മയുണ്ട് വിശ്വന്,
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മങ്കാവുടി താലൂക്കില്‍ ശ്രീപുരം
ദേശത്ത് ഓടുമേഞ്ഞ പഴയൊരു വീട്ടില്‍ വാടകക്ക് താമസ്സത്തിനെത്തിയപ്പോള്‍, അന്ന് വിശ്വന് പത്തു വയസ്സാണ്, സുശീലനും.
വിശ്വന്‍റെ അച്ഛന്‍, സുകുമാരന്‍ നായര്‍ ശ്രീപുരം സര്‍ക്കാര്‍
സ്കൂളില്‍ ഇംഗ്ലീഷ് ഭാഷാ അദ്ധ്യാപകനായി സ്ഥലം മാറി എത്തിയതായിരുന്നു.
ശ്രീപുരത്തുനിന്നും കൊണ്ടിപ്പാടത്തേക്കുള്ള പാതയോരത്തായിരുന്നു അവരുടെ വാടക വീട്.
അത് മഴയില്‍ കുതിര്‍ന്നൊരു ദിവസമായിരുന്നു. അന്നൊക്കെ ഇടവപ്പാതി കഴിഞ്ഞാല്‍ മഴ പെയ്യുക
എന്നത് കണിശ്ശമായിരുന്നു, കുട്ടികള്‍ സ്കൂളില്‍ പോകുമ്പോഴും
സ്കൂളു വിട്ടു വരുമ്പോഴും പെയ്യുക എന്നത് ഒരു ശൈലിയും.
വിശ്വന് ആ ദേശം ഇഷ്ടമായില്ല, സ്കൂളും വീടും.
നഗരത്തിലെ സ്കൂളും, വാഹനത്തിലുള്ള പോക്കു വരവും കൂട്ടുകാരും
വേര്‍പെട്ടതില്‍ വിഷമിച്ചു. പക്ഷെ, ഒറ്റ മകനെ ചിറകിനുള്ളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതില്‍ സുകുമാരന്‍
നായര്‍ ഇഷ്ടപ്പെട്ടില്ല.