രാവിലെ 6.30ന് ഗണേശന്‍ ജോലിക്കിറങ്ങും. എന്നു വച്ച് കിടക്കപ്പായില്‍ നിന്നും അങ്ങിനെ
തന്നെയിറങ്ങുമെന്ന് കരുതരുത്. അഞ്ച്
മണിക്ക് ഉണര്‍ന്ന് വൃത്തി, കുളിപണികളോക്കെ കഴിഞ്ഞ്,
കിടപ്പു മുറിയില്‍ തന്നെ ഭിത്തിയില്‍ തടികൊണ്ടു തീര്‍ത്ത അലമാരയില്‍
വച്ചിരിക്കുന്ന മുരുകന്‍റെ പടത്തിനുമുന്നില്‍ വിളക്കു കൊളുത്തി വച്ച് ഒരു നിമിഷം
കണ്ണടച്ചു നിന്നതിനുശേഷം....
കണ്ണടച്ചു നില്‍ക്കുമ്പോള്‍ ഇപ്രാവശ്യത്തെ ബംബര്‍ തനിക്കടിക്കണമെന്നൊന്നും
ഒരിക്കലും പ്രാര്‍ത്ഥിച്ചിട്ടില്ല. ഒന്നും
ഒരിക്കല്‍ പോലും ആവശ്യപ്പെട്ടിട്ടുമില്ല. കണ്ണടച്ച് ഒരു നിമിഷ നേരത്തെ ധ്യാനം
മാത്രം.
അപ്പോഴും കിടക്കപ്പായില്‍ നിന്നും രണ്ടു മക്കള്‍
എഴുന്നേറ്റിട്ടുണ്ടാകില്ല. ഒന്നു
കിഴക്കോട്ടും ഒന്നു വടക്കോട്ടുമായിട്ട് കിടക്കുന്നുണ്ടാകും. എന്നു വച്ച് ഗണേശന്‍
അവരെ ശല്യം ചെയ്ത് വിളിക്കുകയൊന്നുമില്ല.
ശല്യം ചെയ്ത് വിളിക്കുകയെന്നു പറഞ്ഞാല്‍ ഗണേശനെപ്പോലെ ജീവിത
സാഹചര്യമുള്ളവര്‍ വിളിക്കുമ്പോലെ രണ്ടു തെറി പറയുകയോ, അല്ലെങ്കില്‍
കാലുകൊണ്ട് ഒന്നു തട്ടുകയോ ഒക്കെ....
മക്കളുടെ വലതുവശത്ത് കിടന്നിരുന്ന ഭാര്യ, സജിത
എഴുന്നേറ്റ് പോയിട്ടുണ്ടാകും. പക്ഷെ,
അവളുടെ പുതപ്പ് കോലം കെട്ട് അവിടെ തന്നെ കിടപ്പുണ്ടാകും. ഗണേശന്‍ കിടന്നിടം വൃത്തിയായിരിക്കും.
തലയിണയെടുത്ത് യഥാസ്ഥാനത്ത് വച്ച്, പുതപ്പു മടക്കി അഴയില്‍
തൂക്കി....
സജിത അപ്പോഴേക്കും മുഖം കഴുകി തുവര്‍ത്തി, മുടികോതി
ഒതുക്കി കെട്ടി, ഒരു ഗ്ലാസ് കട്ടന്‍ ചായയുമായി ഗണേശന്‍റെ
മുന്നില്‍ പുഞ്ചിരിയുമായി നില്‍ക്കും.
അവനും ഒന്നു ചിരിക്കും, നിറഞ്ഞ സന്തോഷത്തില്‍
തന്നെ. സജിത നല്‍കുന്ന ചായ കുടിച്ച്
ഗ്ലാസ് തിരികെ കൊടുത്താല്‍ മുരുകനിരിക്കുന്ന അലമാരയില്‍, മുരുകനോട്
ചേര്‍ത്തു തന്നെ വച്ചിരിക്കുന്ന ബാഗെടുത്ത്, ഒരിക്കല്‍ കൂടി
വണങ്ങി, സജിതയെ നോക്കി യാത്ര പറയുമ്പോലെ ഒന്നു ചിരിച്ച് പുറത്തേക്കിറങ്ങും......
വലതു കൈയില്‍ ബാഗുതൂക്കി ഇടതു വശം ചരിഞ്ഞുള്ള പോക്കു നോക്കി സജിത കുറെ
സമയം നില്‍ക്കും, കണ്‍വെട്ടത്തു
നിന്നും മറയുന്നതു വരെ....
വികലാംഗത്വത്തെ , ഭിന്നശേഷിത്വത്തെ കച്ചവടത്തിനു
വച്ചവന്‍.....
അവളുടെ മനസ്സില്‍ അങ്ങിനെ ഒരു തോന്നലുണ്ടാകും, എന്നും. ആ തോന്നല്‍ അവളുടെ സ്വന്തമല്ല. സ്വന്തമല്ല എന്നു പറഞ്ഞാല്‍ അവളുടെ ചിന്തയില്‍
കുരുത്തതല്ല എന്നര്‍ത്ഥം. ഏതോ ഒരു നാട്ടു
കവി അങ്ങിനെ കാവ്യാത്മകമായി അലങ്കരിച്ചതാണ്.
ആരെന്ന് അവള്‍ക്കറിയില്ല. ഒരു സന്തോഷ
നിമിഷത്തില്‍, കുറെ നാളുകള്‍ക്ക് മുമ്പ്, അവന്‍റെ തളര്‍ന്ന ഇടതു കൈ തടവിക്കൊണ്ട്, ഇടതുകാലില്‍ മൃദുവായി
ഉഴിഞ്ഞുകൊണ്ടവള്‍ ചോദിച്ചു.