കമല നല്ല
ഉറക്കത്തിലായിരുന്നു.അര്‍ദ്ധരാത്രികഴിഞ്ഞ നേരത്ത് പൂര്‍ണ്ണനിദ്രയിലാകുന്നതൊരു
തെറ്റല്ല. പകലന്തിയോളമുള്ള പണികള്‍ക്കുശേഷംതണുത്ത വെള്ളത്തില്‍ കുളിക്കുകകൂടി
ചെയ്തു.
കുളി തണുത്തവെള്ളത്തില്‍ തന്നെയാകണമെന്ന് കമലക്ക് നിര്‍ബന്ധമുണ്ട്. പ്രായം നാല്പ്പത്തിയഞ്ച്
കഴിഞ്ഞെങ്കിലും അവളിന്നും ആരോഗ്യവതിതന്നെയാണ്. ഇരുണ്ടനിറമാണ്, ആവശ്യത്തിന് ഉയരവും. നിത്യനേയുള്ള അദ്ധ്വാനത്താല്‍ ശരീരത്ത്
അധികരിച്ചതൊട്ടും തന്നെയില്ല.
അവളുടെ കിടപ്പ് മാര്‍ബിള്‍ വിരിച്ച തറയില്‍ രണ്ട് തഴപ്പായയില്‍ ഒരു
ബഡ്ഷീറ്റ് വിരിച്ചാണ്. അതും ആറു ബെഡ്റുമുകളും ഒരു ഹാളും സിറ്റൗട്ടും കിച്ചനുമുള്ള
വീടിന്‍റെ സ്റ്റോര്‍റൂമില്‍. ആറുബഡ്റൂമുകളുണ്ടെങ്കിലും സ്ഥിരമായി ഉപയോഗിക്കുന്നത്
ഒരു റൂം മാത്രമാണ്; ബാക്കിമുറികളെല്ലാം ആഴ്ചയിലൊരിക്കല്‍
തുറന്ന് അടിച്ചുവാരി ശുദ്ധവായു നിറച്ച്
പൂട്ടി സൂക്ഷിയ്ക്കുന്നു
ആ ഒരുമുറിയിലാണ് വീട്ടുടമസ്ഥനും ഭാര്യയും ഉറങ്ങുന്നത്.
കമല ഈ മുറിയില്‍ എത്തിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ.അതിനുമുമ്പ്
ഇരുപതുവയസ്സ് തികയാത്ത ഒരുപെണ്‍ക്കുട്ടിയുടെതായിരുന്നു. അവളെ കുടുബനാഥ
പറഞ്ഞയച്ചതായിരുന്നു. സംശയകരമായ സാഹചര്യത്തില്‍ കുടുബനാഥനെയും ആ പെണ്‍ക്കുട്ടിയെയും
തനിച്ചുകണ്ടുയെന്നതാണ് ഹേതു.
പക്ഷെ, കമലക്ക് അദ്ദേഹത്തെകുറിച്ച് അങ്ങിനെയൊന്നും
തോന്നിയിട്ടില്ല. വെളുത്തരോമങ്ങള്‍ കാണാതിരിക്കാന്‍ അദ്ദേഹം നിത്യവും ഷേവുചെയ്യുമെങ്കിലും, ആഴ്ചയിലൊരിക്കല്‍
മുടികറുപ്പിക്കുമെങ്കിലും ആ കണ്ണുകള്‍ നിഷ്ക്കളങ്കമായിട്ടാണ് തോന്നിയത്.