പുതുവഴികള്‍

പൂങ്കനിക്ക് തോന്നി അവളുടെ കൊച്ചമ്മ ടെന്‍ഷനിലാണെന്ന്. പക്ഷെ, അത് അവരുടെ സ്ഥായിയായ ഭാവമല്ല. പെട്ടന്ന് വികാരം കൊള്ളുകയോ, പ്രക്ഷുബ്ധമാവുകയോ ചെയ്യുന്ന മനസ്സല്ല അവര്‍ക്കെന്നും അവള്‍ക്കറിയാം.        

        എല്ലാവരെയും സ്നേഹിക്കുന്ന തുറന്ന മനസ്സുള്ള ഒരു തങ്കമാന പൊണ്ണ് പൂങ്കനിക്ക് കൊച്ചമ്മയെപ്പറ്റി അങ്ങിനയേ ചിന്തിക്കാന്‍ കഴിയുകയുള്ളൂ.

        പക്ഷെ, എന്താണിപ്പോള്‍?

        പൂങ്കനി കൊച്ചമ്മയെന്നു വിളിക്കുന്ന സിസിലി കുരുവിള ജോസഫിനെ അവള്‍ക്ക് കഴിഞ്ഞ പത്തു വര്‍ഷമായിട്ട് അറിയാം.  അവളെ, അവളുടെ ചിറ്റപ്പന്‍റെ കൈയില്‍ നിന്നും ആയിരത്തി അഞ്ഞൂറു രൂപ കൊടുത്തു വാങ്ങിയശേഷം. ഒരിക്കല്‍, അവളുടെ പതിനഞ്ചാമത്തെ വയസ്സില്‍ അമ്മയും ചിറ്റപ്പനും കൂടി തട്ടിക്കൊണ്ടു പോകാന്‍ നടത്തിയ ശ്രമത്തിനിടയില്‍ ഒരു ദിവസം കാറിലും അടുത്ത ദിവസം വനിതാപോലീസുകാര്‍ക്കിടയിലും കഴിഞ്ഞതൊഴിച്ചാല്‍ സിസിലിയില്‍ നിന്നും അകന്നു നിന്നിട്ടുള്ള ദിവസങ്ങള്‍ ഒരു കൈവിരലുകളില്‍ ഒതുങ്ങും.

        അതുകൊണ്ടാണ് പൂങ്കനിയെ സിസിലിയുടെ മകള്‍ റോസ്മരിയയും അടുത്ത ബന്ധുക്കളും അയല്‍പക്കത്തുള്ളവരും നിഴലെന്നു വിളിക്കുന്നതും.

        അവള്‍ക്കതില്‍ സന്തോഷമേയുള്ളൂ. കാരണം പത്തു വയസ്സു മുതല്‍ പൂങ്കനിയെ സിസിലി മകളെ പോലെയാണ് വളര്‍ത്തിക്കൊണ്ടുവന്നത്. ഒരുപക്ഷെ, മകള്‍ റോസ് മരിയയേക്കാള്‍ ഗാഢമായിട്ട് ആ വീടിനെ പഠിപ്പിച്ചു കൊണ്ട്, ഗൃഹനാഥനെ, അമേരിക്കയില്‍ പഠിക്കുന്ന മകനെ, മകള്‍ റോസ ്മരിയയെത്തന്നെ മനസ്സിലാക്കിച്ചുകൊണ്ട്....

        രാവിലെ തീര്‍ക്കേണ്ടുന്ന പണികള്‍ കഴിഞ്ഞ്, സാറ് ഓഫീസിലേക്കും റോസ്മരിയ കോളേജിലേക്കും പോയിക്കഴിഞ്ഞ് പൂങ്കനി കൊച്ചമ്മയുടെ ബഡ്ഡ്റൂമിലെത്തി.