വാല്മീകം

രത്നാകരന്‍ ശബ്ദമധുരമായിട്ടാ ഗാനം ആലപിക്കുകയാണ് താളവും ലയമുണ്ട്. അവനോടൊത്ത് ഈണമിടാനും ന്യത്തമാടാനും സ്നേഹിതരുമുണ്ട്.

        അവന്റെ ഗാനങ്ങളെല്ലാം സ്വപ്നത്തില്‍ തീര്‍ത്ത ചിത്രങ്ങളാണ്. ഒരായിരം വര്‍ണ്ണങ്ങളും ആകാശവീഥികളോളം പറന്നെത്താന്‍ ചിറകുകളുമുള്ള ചിത്രങ്ങള്‍.

        അവന്‍റെ നീണ്ടുനിവർന്ന ദ്യഢമായ കറുത്ത ശരീരം ചേരിയുടെ അഭിമാനമായി ചേരിവാസികള്‍ കരുതിയിരുന്നു.ചേരിയിലെ മൂപ്പനും കാരണവന്മാര്‍ക്കും അവനെ വളരെ പഥ്യമായിരുന്നു.

        പ്രശാന്തവും സുന്ദരവുമായ ഒരു രാത്രിയിലാണ്  അവന്‍ ആദ്യമായിട്ടാഗാനങ്ങള്‍ ചേരിവാസികള്‍ക്കായിട്ടാലപിച്ചത്.

        എല്ലാവരും വേല കഴിഞ്ഞെത്തിയിരുന്നു. ചേരിയുടെ നടുവില്‍ വളര്‍ന്നു നില്‍ക്കുന്ന വടവ്യക്ഷത്തിന്‍റെ ചുവട്ടില്‍ എല്ലാവരും വട്ടമിട്ടിരുന്ന്, അവര്‍ സ്വയം വാറ്റിയെടുത്ത സുര മോന്തുകയും, ഏതോ കാട്ടുചെടിയുടെ ഇലകള്‍ അടര്‍ത്തിയെടുത്ത് ഉണക്കി പൊടിച്ച് മറ്റേതോ ചെടിയുടെ ഉണങ്ങിയ ഇലയില്‍ ചുരുട്ടി പുകച്ച്  വലിക്കുകയുമായിരുന്നു.

        സുരയിലും, പുകയിലും അവര്‍ ലോകങ്ങളെ, ദു:ഖങ്ങളെ, അവരെത്തന്നെ മറന്നവരുമായിരുന്നു.

        ആനന്ദത്തിന്‍റെ  മാസ്മരികമായൊരു വലയില്‍ അകപ്പെട്ട് പൊങ്ങുതടികളേപ്പോലെ ഒഴുകിനടക്കുകയായിരുന്നു.

        അവര്‍ വ്യദ്ധരും, ചെറുപ്പക്കാരും, സ്ത്രീകളും കുട്ടികളുമുണ്ട്.

        അതൊരു വസന്തകാല രാവമായിരുന്നു. ചേരിയ്ക്ക് പുറത്തു വളര്‍ന്നു നില്ക്കുന്ന വനത്തില്‍ നിന്നും ഒരായിരം മണങ്ങള്‍ എത്തിക്കൊണ്ടിരുന്നു.

        കഴിഞ്ഞ രാത്രിയില്‍, അവര്‍ നായാടിപ്പിടിച്ച കാട്ടുപോത്തിന്‍റെ മാംസം തീക്കുണ്ഡത്തിലിട്ട് വേവിച്ച്, ചെറിയ ചെറിയ കഷണങ്ങളാക്കി ഇലകളില്‍ നിരത്തിയിട്ട്  ഏതെല്ലാമോ കാട്ടുചെടിയുടെ കായകള്‍ ഉണക്കിപ്പൊടിച്ച്  വെന്ത മാംസത്തിൽ  വിതറി തീറ്റ ഒരുക്കുകയാണ്  ഒരു പറ്റം സ്ത്രീകള്‍.