ഇപ്പോഴും
മനോമുകുരത്തില്‍ തെളിഞ്ഞുനില്‍ക്കുകയാണ്, അവളുടെ രൂപം.
വെണ്ണക്കല്ലില്‍ തീര്‍ത്ത ശില്പംപോലെ, യവനസുന്ദരിയുടേതുപോലെ........
സമൃദ്ധമായ കേശം ഷാമ്പു തേച്ച് ചെമ്പിച്ചിട്ടല്ല, കാച്ചെണ്ണയുടെ
മണവുമായി കറുകറുത്തത്, ഒതുക്കികെട്ടാതെ പിറകില്‍ കല്ലോലജാലം
പോലെ........
ഇടതിങ്ങിയപുരികം നന്നെ കറുത്തത് തന്നെയാണ്, കൃഷ്ണമണികള്‍
ലേശം പീതവര്‍ണ്ണമായിട്ട്..................
ആ ചിരി,
എത്രയോ പ്രാവശ്യം മനസ്സിനെ കൊളുത്തിവലിച്ച് ചൂണ്ടലില്‍ തൂക്കി ആട്ടി
രസിച്ചിരക്കുന്നു.
ഒരുവര്‍ഷമായിട്ടുള്ള സ്ഥിരം സന്ദര്‍ശകയാണവള്‍, മാസത്തിലെ
മൂന്നാമത്തെ തിങ്കളാഴ്ചകളില്‍; അവളൊരിക്കലും
തനിച്ചായിരിക്കില്ല. മൂന്നോ, നാലോ സ്നേഹിതകള്‍ കൂടെ
ഉണ്ടാവും.
സ്നേഹിതകളെന്നു പറയാമോ?
അവള്‍ ഒരു സൗരാഷ്ട്ര രാജകുമാരിയെപ്പോലെ മുന്നില്‍, പുഞ്ചിരിയുമാ
യി, ലാസ്യമായി നടന്നവരും.............
പിറകെ തോഴിമാരെപ്പോലെ മൂന്നോ, നാലോപേര്‍....
സൗന്ദര്യത്തില്‍ അവരും മികച്ചവരുതന്നെ, പക്ഷെ,
വിലകൂടിയ വസ്ത്രങ്ങളില്‍, ശ്രദ്ധയില്‍ അവള്‍
തന്നെയാണ് നായികയെന്ന് വ്യക്തം.
കടയുടെ പ്രധാനകവാടം കടന്നുവരുമ്പോഴേക്കും അവളെ കാണാന്‍ കഴിയും, ശ്രദ്ധിക്കപ്പെടും. ഇരുകൗണ്ടറുകളിലും നില്‍ക്കുന്ന സെയില്‍സ്മാന്മാരെ,
കസ്റ്റമേഴ്സിനെ നോക്കി പുഞ്ചിരിച്ച്, വശീകരിച്ച്
വളരെ സാവധാനം നടന്ന് സാരികള്‍ക്ക്മാത്രമുള്ള ശിതീകരിച്ച മുറിയിലേക്ക്.......