സാമൂഹിക അകലം

അന്നത്തെ വേനൽ മഴ കഴിഞ്ഞ് ആകാശം തെളിഞ്ഞ് വന്നപ്പോൾ നക്ഷത്ര കുഞ്ഞുങ്ങള്‍ക്ക് ഭൂമി കാണാറായി.  അവർ സുഖശീതിളിമയാര്‍ന്ന വാനത്ത് തുള്ളിച്ചാടി കളിച്ചു.  ചാടിക്കളിക്കുന്ന നേരത്ത് ഒരുവൾ താഴേക്ക് നോക്കി.

          അതാ, ഭൂമിയിൽ ഒരാൾ വീടിന് പുറത്ത് കിടന്നുറങ്ങുന്നു.

          അവൾ താഴേക്ക് ഇറങ്ങി വന്നു. അയാളെ വിളിച്ചുണര്‍ത്തി.

“എന്തേ നിങ്ങളിവിടെ കിടക്കുന്നത്, പനി പിടിക്കില്ലേ.. നിങ്ങളുടെ വീടും ഉറങ്ങുകയാണല്ലോഉള്ളിൽ കയറി കിടന്നു കൂടെ....?

          അയാൾ എഴുന്നേറ്റു, മൂരി നിവര്‍ന്നു.

          “സാമൂഹിക അകലം പാലിക്കുന്നതാണ് മോളെകുഞ്ഞു വീടല്ലേ.  അടുക്കളയിൽ ഭാര്യയും വിരുന്നു വന്ന പെങ്ങളും കിടക്കുന്നു, ഒറ്റമുറിയിൽ മക്കളും മരുമക്കളുമുണ്ട്, വരാന്തയിൽ അച്ഛനും അമ്മയും. വന്ന്, വന്ന് ഞാനിവിടെയെത്തി.  എന്നാലും സുഖമുണ്ട്. ആകാശത്തെ, മോളെപ്പോലുള്ള താരക കുഞ്ഞുങ്ങളെ കണ്ട് ഉറങ്ങിപ്പോയതറിഞ്ഞില്ല”

          നക്ഷത്രക്കുഞ്ഞ് മുകളിലേക്ക് പോയി.  അങ്ങ്, ആകാശത്ത് ചെന്നു നിന്ന് അയാള്‍ക്ക് ശുഭരാത്രി നേര്‍ന്നു.