തൂശനില ഇടത്തോട്ട് തുമ്പിട്ട്, തുമ്പത്തു തുടങ്ങി പഴം, ഉപ്പേരി, ശര്‍ക്കര വരട്ടി, അവകള്‍ മൂന്നും മൂടി ഒരു പപ്പടം
വച്ച്, മൂന്നുകൂട്ടം തൊടുകറികള്‍, പച്ചടി,
കിച്ചടി, ഓലന്‍, തോരന്‍,
കൂട്ടുകറി, അവിയല്‍ വിളമ്പിയാല്‍ ഊണു
തുടങ്ങാം. തുമ്പപ്പൂ പോലുള്ള ചോറു വേണ്ട,
തവിട് അധികം കളയാത്ത കുത്തരിച്ചോറു വിളമ്പി, ഉപ്പ്
കൂടുതല്‍ ചേര്‍ത്ത് പാകം ചെയ്ത പരിപ്പ് കറിയൊഴിച്ച് നെയ്യ് ചേര്‍ത്ത് ചെറിയ
ഉരുളകളാക്കിയാണ് തുടങ്ങേണ്ടത്.
മൂന്നല്ലെങ്കില്‍ നാല് ഉരുളകളാകാം.
ഈപ്രായത്തില്‍ അത്രയേ കഴിയൂ..... ഉരുക്കു നെയ്യിന്‍റെ സ്വാദ് പൂര്‍ണ്ണമായും
നുണഞ്ഞിറക്കി കഴിഞ്ഞ് നാലുരുളകള്‍ക്കുള്ള ചോറ് കൂട്ടത്തില്‍ നിന്ന് നീക്കി വച്ച്
സാമ്പാര്‍ ഒഴിക്കാം. നെയ്യിന്‍റെ സ്വാദില്‍ മറ്റ് കൂട്ടാനുകള്‍
മറന്നിട്ടുണ്ടെങ്കില്‍ അവിയല്‍ മുതല്‍ കഴിച്ചു തുടങ്ങണം.... അവിയല്‍, കൂട്ടുകറി.... കൂട്ടുകറിക്ക് ഉപ്പ് കൂടുതല്‍ ചേര്‍ത്തിട്ടുണ്ടെന്ന്
കണ്ടാല്‍ ഓലന്‍ ചേര്‍ത്ത് കുറയ്ക്കാം.
സാമ്പാര്‍ കൂട്ടിയുണ്ണുമ്പോള്‍ ഒരു കറിയും വിട്ടുകളയരുത്. പച്ചടി
കിച്ചടിയൊക്കെ ചിലപ്പോള്‍ പിണങ്ങും.
ഇഞ്ചിക്കറി മറന്നാല്‍ ദഹനം കോപിക്കും.
സാമ്പാര്‍ ചേര്‍ത്തത് ഒരു പക്ഷെ, നാലുരുളകളില്‍
കൂടുതല്‍ ഉണ്ടാകാം, കൃത്യമായിട്ട് അളന്നൊന്നുമല്ലല്ലോ
എടുക്കുന്നുത്, അതങ്ങ് കഴിക്കുക. ഇത്തിരി രസം കൈക്കുമ്പിളില്‍
വാങ്ങി വലിച്ച് കുടിച്ച്, ഇലയില്‍ വീഴുന്ന രസത്തില്‍ കുഴച്ച്
ലേശം ചോറു കൂടി ആകാം. രസം
ദീപനത്തിനാണ്. അധികമാകരുത്, പായസത്തിനു ശേഷം മോരു കൂട്ടി അല്പം ചോറുകൂടി ഉണ്ണാനുള്ളതാണ്, അല്ലെങ്കില്‍ തികട്ടി വരും.
ഇപ്പോള്‍ ഇലയിലെ കറികള്‍ ഏതാണ്ട് തീര്‍ന്നിട്ടുണ്ടാകും. ഓ... പപ്പടം മറന്നു. അച്ചാറില്‍ നാരങ്ങ മാത്രം തൊട്ടിട്ടില്ല. വേണ്ട തൊടണ്ട, പായസം
ഉണ്ണുമ്പോള്‍ വേണ്ടി വരും. ബാക്കിയുള്ള
ചോറ് ഇടത്തോട്ട് ഒതുക്കി വച്ച് പായസത്തിനുള്ള ഇടമുണ്ടാക്കണം. മറന്ന പപ്പടത്തെ
അവിടെ പൊട്ടിച്ചിട്ട് അതിന് മുകളില്‍ പായസം ഒഴിക്കാം... അധികം വേണ്ട ഒരു തവി.
കൂടണ്ട, ഷുഗര്‍ ഉണ്ട്.
പായസത്തിന് മേമ്പൊടി പോലെ ഉപ്പേരിയും ശര്‍ക്കര വരട്ടിയും അകത്താക്കാം. മട്ടാതിരിക്കാന്‍ നാരങ്ങ അച്ചാര്‍ ഇടക്കിടക്ക്
തൊട്ട് നാവില്‍ പുരട്ടാന്‍ മറക്കരുത്.
ഒടുവില്‍ നീക്കി വച്ചിരിക്കുന്ന ചോറില്‍ ഇത്തിരി പച്ചമോര് ചേര്‍ത്ത് ഉണ്ടു
കഴിഞ്ഞാല്‍ പഴം കൂടി തിന്നാം.
സുഭിക്ഷം. ഉറങ്ങിപ്പോകും.
ഒരു പ്രളയ കഥ