ഇരുള്‍

വെളുത്ത മുണ്ടും ഷര്‍ട്ടും ഇസ്തിരിയിട്ട് വടിപോലെ വേണ്ട, എന്നാല്‍ വൃത്തിയായിരിക്കണം. ഒരു ദിവസത്തെ വളര്‍ച്ചയുള്ള കുറ്റിത്താടിയായിരിക്കണം.  മുടി ചീകിയൊതുക്കിയിരിക്കണം. വേണ്ടി വന്നാല്‍ പണി സമയത്ത് മാറ്റിയുടുക്കാന്‍  ഒരു കൈലി മുണ്ടും ഷര്‍ട്ടും തോര്‍ത്തും കരുതിയിരിക്കണം. ഇവന്‍റ് മാനേജ്മെന്‍റ് എല്ലാ കാര്യങ്ങളും എടുത്തു നടത്തുകയാണ്. പന്തല്‍ പണി മുതല്‍ സദ്യയും ഫോട്ടോ പിടിയും വധുവിനെ ഒരുക്കലും വരെ അവരുടെ നോട്ടത്തിന്‍ കീഴിലാവും.  എന്നാല്‍ ഓരോ ജോലികള്‍ ഓരോ മാറി മാറിയുള്ള നോട്ടക്കാരുണ്ടാകും. അതില്‍ ആരുടെ കീഴില്‍ കയറിപ്പറ്റണമെന്ന് അവിടെയെത്തി സാഹചര്യവും സൗകര്യവും നോക്കി യുക്തിപൂര്‍വ്വം ചെയ്യണം. അത് തനിക്കാവും അതിനുള്ള യുക്തിയും തന്ത്രവും അഭിരുചിയും തനിക്കുണ്ട്.  അതു തന്നെ കണ്ടാലറിയാം.

        കടിഞ്ഞാണ്‍ പിടിക്കുന്ന ഡോക്ടറുടെ വാക്കുകളെ അപ്പാടെ സ്വീകരിച്ചാണ് ഇവിടെ എത്തിച്ചേര്‍ന്നത്.  പക്ഷെ, പന്തലിന്‍റെ കമാനം കടന്ന് കാലു വച്ചപ്പോള്‍ ഒരു വിറ ചെറുവിരലില്‍ നിന്നും അരിച്ചു കയറി ശിരസ്സിലെത്തി ആകാശത്തേക്ക് പോയി.  അപ്പോള്‍, ഉറഞ്ഞു തുള്ളുന്ന പെണ്ണിന്‍റെ കൈയിലിരിക്കുന്ന തെങ്ങിന്‍ പൂക്കുലയുടെ സ്ഥിതിയായിരുന്നു ദേഹത്തിന്.  പരിചയമുള്ള ഒരു മുഖം പോലും കാണല്ലേ എന്നാണ് അദ്യമേ പ്രാര്‍ത്ഥിച്ചത്.  ഇവിടെ അങ്ങിനെ പരിചയ മുഖങ്ങള്‍ കാണേണ്ട കാര്യമില്ല.  പക്ഷെ, അപരിചിതത്വം ഏതു വിഭാഗത്തിന്‍റെ കൂടെ കൂടുമെന്ന കാര്യത്തില്‍ ബാധിക്കാം.  പന്തല്‍ പണികഴിഞ്ഞ സ്ഥിതിക്ക് ഇനി കൂട്ടു കൂടേണ്ടവര്‍ പാചകക്കാര്‍, വിളമ്പുകാര്‍, പാത്രം , ടേബിള്‍ വൃത്തിയാക്കുന്നവര്‍, പരിചാരകര്‍, പുകഴ്ത്തു പാട്ടുകാര്‍.... പക്ഷെ, അവരൊന്നും എത്തി കൊഴുപ്പായിട്ടില്ല.