അച്ഛന്‍റെ ബ്ലോഗന മകന്‍ വായിക്കുന്നു

ഇതെന്‍റെ ഗ്രാമം.

        വിളയാല്‍.

        ഞാന്‍ വിളയാല്‍ പുത്തന്‍പുരക്കല്‍ പൗലോസ് എന്ന ചെറിയപള്ളി ഇടവകക്കാരന്‍.

        നാട്ടുകാര്‍ എന്നെ പൗലോ എന്നു വിളിക്കുന്നു.

        ഇക്കഥ തുടങ്ങുന്നത് ഇന്നല്ല, നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്.

        ഗ്രാമത്തിന്‍റെ നടുവിലൂടെ ടാര്‍ ചെയ്യാത്ത ഒരു പഞ്ചായത്ത് വഴിയുണ്ട്.  അതിലെ ഓടുന്ന പ്രധാന വാഹനം ഒരു കാളവണ്ടിയാണ്.  ഓടിച്ചിരുന്നത് കുഞ്ഞിക്കേള.

        പിന്നെ കൈവിരലില്‍ എണ്ണാവുന്ന  സൈക്കിളുകള്‍. ബാക്കിയെല്ലാവരും കാല്‍ നടക്കാരാണ്.

        ഗ്രാമത്തിന്‍റെ ഉള്‍ക്കാമ്പുകളില്‍ നിന്നും വഴിയിലെത്താന്‍ ഇടവഴികളാണുള്ളത്.  ഒരാള്‍ക്ക് കഷ്ടിച്ച് നടക്കാവുന്നത്ര വീതിയില്‍, ഉരുളന്‍ കല്ലുകളാല്‍ തീര്‍ത്ത കയ്യാലകളുമായിട്ട്.

        ഇടവഴികള്‍ പലതും മലയിറങ്ങി റോഡില്‍ വരുന്നതും, മലയിറങ്ങി പാടവരമ്പത്തും തോട്ടിറമ്പിലും എത്തുന്നതുമാണ്.

        ഈ റോഡു തന്നെ ആയിരുന്നു ഞങ്ങളുടെ പ്രധാന കളി സ്ഥലവും.  ഞങ്ങള്‍ കിളിപ്പാസും സാതേമ്പറും അരിയാസ്സും കളിച്ചു.

        പറമ്പുകളെല്ലാം വേലികെട്ടി മറച്ചു കപ്പയും ചേനയും ചേമ്പും കാച്ചിലും കൃഷികള്‍ ചെയ്തിരിക്കും.  അതിര്‍ വേലികളില്‍ കശുമാവും പ്ലാവും മറ്റ് നാട്ടുമരങ്ങളും വളരും.  പാടങ്ങള്‍ നെല്‍വയലുകളും, മലകളില്‍ കാടു പിടിച്ചിടത്ത് കുറുക്കനും കുറുനരിയും പാര്‍ത്തും പോന്നു.

        ആ മലകളില്‍ നിന്നും ആടിനുള്ള ഞവറയിലകളും വര്‍ങ്ങിലയും തൊട്ടാവാടിയിലകളും മറ്റിലച്ചെടികളും പറിച്ചെടുത്തു.  ആടുകളെ, പശുക്കളെ അഴിച്ചു വിട്ടു തീറ്റിക്കുകയും ചെയ്തു.

        അന്നത്തെ പത്തു വയസ്സുകാരാനായിരുന്ന ഞാനും ആട്ടിടയനായിരുന്നു.  എന്‍റെ കൂട്ടത്തില്‍ അഞ്ചോ ആറോ ആടുകളുണ്ടായിരുന്നു.