അവന്‍റെയും അവളുടെയും പ്രണയം

അന്ന് മങ്കാവുടി പഞ്ചായത്തായിരുന്നു.

        വടക്ക് ആലുവായ്ക്ക് പോകുന്ന പര്‍വ്വതനിരകളുടെ പനിനീരായ പെരിയാറും, തെക്ക് മൂന്ന് ആറുകള്‍ കൂടി പുഴയാകുന്ന നഗരവും, കിഴക്ക് മല നിരകളും കാപ്പിയും തേയിലയും കുരുമുളകും ഏലം മണക്കുന്ന കുളിര്‍ തെന്നലും, പടിഞ്ഞാറ് പെരുമ്പാമ്പൂരും.......

        തെളി നീരൊഴുകുന്ന പുഴ.  പുഴയിലേക്ക് ഒഴുകിയെത്തുന്ന അരുവികളും തോടുകളും, തോട്ടിറമ്പുകളില്‍ നെല്‍പ്പാടങ്ങളും, തെങ്ങിന്‍ തോപ്പുകളും, തലയുയര്‍ത്തി സൂര്യനെ കാണുന്ന കമുകുകളും മാവുകളും, പ്ലാവുകളും.   വേലികളും വേലിപ്പടര്‍പ്പുകളും തൊണ്ടുകളും, ഇടവഴികളും, ഇടവഴികളില്‍ രാത്രി സഞ്ചാരികളായ പെരുച്ചാഴികളും, കീരികളും, ഇളവെയില്‍ കായുന്ന ചേരപ്പെണ്ണുങ്ങളും, അവരെ ഒളിഞ്ഞ് കാണുന്ന മൂര്‍ഖന്‍ യുവാക്കളും. ഓരിയിട്ട് നാടന്‍ കോഴികളെ തേടിയെത്തുന്ന കുറുക്കന്മാരും, കുറുക്കന്‍ കല്യാണങ്ങള്‍ നടത്താന്‍ വെയില്‍ മഴകളും, മകരമഞ്ഞും കര്‍ക്കിടക മഴയും ഞാറ്റുവേലയും തേക്കുപാട്ടും......

        പള്ളിപ്പെരുന്നാളുകളും, ഉത്സവങ്ങളും, മഞ്ഞ് നനഞ്ഞു കൊണ്ടുള്ള ഉത്സവകാഴ്ചകളും, തുമ്മലും ചീറ്റലും മൂക്കു പിഴിച്ചിലും ജലദോഷവും.......

        മങ്കാവുടിക്കാര്‍ക്ക് പഠിക്കാന്‍ സ്വന്തമായിട്ട് കോളേജുകളും സ്കൂളുകളും ഉണ്ട്.   ഇംഗ്ലീഷ് പഠിപ്പിക്കാന്‍ തരകന്‍ സാറും രാധാകൃഷ്ണന്‍ സാറും, മലയാളം പഠിപ്പിക്കാന്‍ പികെബി സാറും കര്‍ത്താവു സാറും ഉണ്ടായിരുന്നു.

        അവനും അവളും പ്രീഡിഗ്രിക്കെത്തിയതായിരുന്നു.