"സ്നേഹിക്ക നീയീ
പൂക്കളെ പുഴകളെ,
പറവജീവജാലങ്ങളെ, മലകളെ
മാമരങ്ങളെ,
മര്‍ത്ത്യരെ മാതാവിനെ, വിളങ്ങട്ടെ
നിന്നിൽ സത്യവും ധര്‍മ്മവും സമാധാനവും”
എന്‍റെ മകളോട് ഞാനങ്ങിനെ പറയുമ്പോൾ അവള്‍ക്ക്
വയസ്സ് പത്താണ്. അപ്പോൾ വിരിഞ്ഞ പൂമ്പാറ്റയെപ്പോലെ എല്ലാം കാണാനും അറിയാനുമുള്ള
ജിജ്ഞാസയോടെ പറന്നു നടക്കുകയായിരുന്നു.
അവള്‍ക്കെന്‍റെ വാക്കുകൾ വളരെയിഷ്ടമായി,
അവൾ പറഞ്ഞു:
“എന്‍റെ സ്ക്കൂളിലെ
സിസ്റ്റേഴ്സും അങ്ങിനെതന്നെയാ പറയുക, സ്നേഹമാണ് ദൈവമെന്നൊക്കെ....”
അവൾ പറന്നു നടന്നു. അവളുടെ മുഖം കൂടുതൽ,
കൂടുതൽ ശോഭയുള്ളതായി, മനം കൂടുതൽ, കൂടുതൽ വിശാലമായി.
ഞാനറിഞ്ഞിരുന്നു, അവൾ
എല്ലാറ്റിനെയും സ്നേഹിക്കുകയാണെന്ന്.
ഒരുനാൾ അവൾ സ്ക്കൂള്‍വിട്ട് വീട്ടിലെത്തിയില്ല.
ഞാന്‍ തേടി നടന്നു.
ഒടുവിലൊരു കുറ്റിക്കാട്ടില്‍നിന്നും അവളെ
കിട്ടി നീലച്ച്, നിര്‍ജ്ജീവമായി...............................
വിഷദംശനമെന്ന് ഡോക്ടർ എഴുതി,
അവൾ സ്നേഹിച്ചിരുന്നതിൽ ഒരു കാളക്കൂട വിഷസര്‍പ്പമുണ്ടായിരുന്നെന്ന്
പോലീസ് എഫ്. ഐ. ആർ എഴുതി.