ക്വട്ടേഷന്‍ കിട്ടിക്കഴിഞ്ഞാൽ
അയാളുടെ ജീവിത ശൈലി തന്നെ മാറുകയായി, പണ്ടത്തെ ആരാച്ചാരന്മാരെപ്പോലെ.
പിന്നീട് കൃത്യശേഷം മാത്രമേ കെട്ട്യോളുടെ കൂടെ കെടക്കുവൊള്ളൂ, മത്സ്യമാംസങ്ങൾ
കൂട്ടുവൊള്ളൂ, മദ്യം കൈകൊണ്ട് തൊടുവൊള്ളൂ.............
അയാള്‍ക്ക് സ്വന്തമായൊരു ശൈലി തന്നെയുണ്ട്, കൊലക്ക്.
പിന്നിൽ നിന്ന് ആളറിയാതെ കഴുത്തിൽ കയറിട്ട് കുരുക്കി, ശ്വാസംമുട്ടിച്ച്,
അന്ത്യപ്രാണന്‍ വിടുന്ന ഘട്ടത്തിൽ ഇടതുകയ്യാൽ കയറിനെ
മുറുക്കിക്കൊണ്ട്, വലതു കയ്യാൽ എളിയിൽ കരുതിയിരിക്കുന്ന
കത്തി ഇരയുടെ നെഞ്ചിൽ ഇടതുവശത്ത് വാരിയെല്ലുകള്‍ക്ക് താഴത്തുകൂടി ഹൃദയത്തിൽ എത്തും
വിധത്തിൽ താഴ്ത്തി...............
ഒരു പ്രധാന ശിഷ്യനുണ്ടെങ്കിലും, വേണ്ടി വന്നാൽ മറ്റ് സഹായികളെ
കൂട്ടുമെങ്കിലും സ്വന്തം കയ്യാൽ................
ഇരയുടെ സൗകര്യാര്‍ത്ഥം,
അതിരാവിലെ സിറ്റൗട്ടിൽ ഇരുന്ന് കട്ടന്‍ ചായ കുടിച്ച് പേപ്പർ
വായിക്കുമ്പോൾ,
പ്രഭാതഭക്ഷണം കഴിക്കുമ്പോൾ,
അത്താഴത്തിന് ഊണു മേശയിലിരിക്കുമ്പോൾ,
ഇണയോടൊത്തു ശയിക്കുമ്പോൾ,.........
പ്രതിഫലം പറ്റിക്കൊണ്ട്,
കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി,
ജാതിമതവര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ,
അയിത്താചാരങ്ങൾ മാനിയ്ക്കാതെ ജോലി ചെയ്തുവന്നിരുന്നു.
അതുകൊണ്ട് തന്നെ അയാള്‍ക്ക് മങ്കാവുടിയിൽ മാത്രമല്ല
മലയാളത്തുകരയാകെ പേരെടുക്കാന്‍ കഴിഞ്ഞു.
പക്ഷെ,
ഈയിടെ അയാൾ കുറച്ച് ഉള്‍വലിഞ്ഞിരിക്കുന്നു.
കഴിവുകൾ ചോര്‍ന്നിട്ടോ, മനസ്സ് മടുത്തിട്ടോ അല്ല,
അത്യാവശ്യം പണം കൈവശമുണ്ട്, പണം പലിശക്ക് വേണ്ടവരുമുണ്ട്,
അപ്പോൾ പുതിയൊരു ഇമേജ് കിട്ടിയിരിക്കുന്നു. സ്ഥാനമാനങ്ങൾ തെളിഞ്ഞു വരുന്നു.
അങ്ങിനെയിരിക്കെ കഴിഞ്ഞ രാത്രിയിൽ,
രണ്ടാം ഭാര്യയോടൊത്ത് ശയിക്കുമ്പോൾ, ഓടിളക്കി കയർ
വഴി ഇറങ്ങി അവന്‍ വന്നു.....
അയാളുടെ പിറകിൽ നിന്നും കഴുത്തിൽ കയർ മുറുക്കി, ശ്വാസം
മുട്ടിച്ച് അവസാനപ്രാണനും വിടുന്നേരം................
ശക്തമായ പിടച്ചിലിൽ എങ്ങിനയോ അയാള്‍ക്ക് അവന്‍റെ മുഖം കാണാന്‍
കഴിഞ്ഞു.
അരുമശിഷ്യന്‍!
അവന്‍റെ ഇടതുകയ്യാൽ കയർ മുറുക്കി, വലതുകയ്യാൽ
എളിയിൽ കരുതിയിരുന്ന പുത്തന്‍ കത്തിയെടുത്ത്................