സര്‍ഗ വാസനയെ വിലപേശുക, സര്‍ഗ സൃഷ്ടിയെ ലേലം ചെയ്യുക, സൃഷ്ടാവിനെ അടിമയാക്കുക, ജുഗുപ്സാവഹമായ ജോലിക്ക് പ്രേരിപ്പിക്കുക, ഭീഷണിപ്പെടുത്തുക.
നിവേദിത ജ്വലിച്ചുകൊണ്ടിരുന്നു. കോഫീ ഹൗസിന്‍റെ പുറത്ത് വെയിലും ജ്വലിച്ചു കൊണ്ടിരിക്കുകയാണ്. സുദേവ് ശ്രദ്ധിച്ചു. അവനുള്ളില്‍ ചിരിയാണ്. പക്ഷെ, അത് പുറത്ത് കാണിച്ചില്ല. നിവേദിതയുടെ വികാരങ്ങളും അവന് പഠന വിധേയമാക്കാമെന്നു തോന്നി. അവന്‍ അവളുടെ മുഖത്തു നോക്കിയിരുന്നു. നിവേദിത കൂടുതള്‍ സുന്ദരിയായിരിക്കുന്നു. വല്ലാത്തൊരു ആകര്‍ഷണീയത, ഇഷ്ടക്കൂടുതല്‍ തോന്നിക്കുന്നു വശ്യത. വെറുതെ അവന്‍, ഇന്‍റര്‍വ്യൂവിന് ഓട്ടോയില്‍ പോകുമ്പോള്‍ മുതല്‍ ഇപ്പോള്‍ വരെയുള്ള അവളുമായുള്ള ഇടപഴകലുകളെ മനസ്സില്‍ കണ്ടു. ഒന്നവന്‍ കണ്ടെത്തിയിരിക്കുന്നു. അന്ന് പിരിയുമ്പോള്‍ സ്നേഹിതരായി തുടരാമെന്നു നിവേദിത പറഞ്ഞപ്പോള്‍ പുച്ഛത്തോടെ നോക്കിയ സുദേവിന്‍റെ മനസ്സല്ല ഇപ്പോള്‍ അവള്‍ക്ക് മുന്നിലിരിക്കുന്ന സുദേവിനുള്ളതെന്ന് അവന്‍ തിരിച്ചറിയുന്നു. എന്തിന്‍റെയും ഉത്തരം കിട്ടാത്തപ്പോള്‍ ചോദിക്കാനുള്ള ഒരു ഇടം, സ്ത്രീപുരുഷ ലൈംഗീകതയെപ്പറ്റിപ്പോലും ചോദിച്ചിരിക്കുന്നു. അവള്‍ അറിയാവുന്നതെല്ലാം തുറന്നു പറയുകയും ചെയ്യുന്നു. ഇപ്പോള്‍ ഒരു ചോദ്യം ചോദിക്കണമെന്ന തോന്നി. എന്താണ് നിവേദിതയുമായുള്ള ബന്ധം…. അല്ലങ്കില്‍ അവളുമായുള്ള അടുപ്പത്തിന് എന്തു പേരാണ് വിളിക്കേണ്ടത്. സ്നേഹിത, കാമുകി, സഹോദരി, വേണ്ട ഒന്നും ചോദിക്കേണ്ട വറുതെ ഒരു അടുപ്പം തുടരട്ടെ, അതിനുമൊരു സുഖമുണ്ടല്ലോ.
തുടരാന്‍ തന്നെ തീരുമാനിച്ചു അല്ലെ….?
അതെ, ഒരു ജോലിക്കാരന്‍ എന്ന നിലയില്‍, രണ്ടു വീഭാഗത്തിന്‍റെയും ആഗ്രഹപ്രകാരം ജോലി ചെയ്യുന്നതിനും കൂലി കൈപ്പറ്റുന്നതിനും തീരുമാനിച്ചു. ഞാന്‍ വീടുകള്‍ പെയിന്‍റ് ചെയ്തു ജീവിക്കുന്ന ഒരാളാണ്, അതും സര്‍ഗ്ഗ സൃഷ്ടി തന്നെയാണ്. മറ്റു പെയിന്‍റര്‍മാര്‍ ചെയ്യാത്ത എന്തെങ്കിലും ഒരു പ്രത്യേകത ഞാന്‍ എല്ലാ വീടുകളിലും ചെയ്തു വയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ടു ആ വീട്ടുകാര്‍ എന്നെ ഓര്‍മ്മിക്കും. കളര്‍ കോമ്പിനേഷനില്‍, സെലക്ഷനില്‍, പെയിന്‍റിംഗിനു ശേഷം ചുവര്‍ ചിത്രങ്ങള്‍ പതിപ്പിക്കുന്നതില്‍, മുറിയിലെ, സാമഗ്രഹികള്‍ ക്രമീകരിക്കുന്നതില്‍, ഏതിലെങ്കിലും.
എന്നാല്‍ നമുക്ക് ഇറങ്ങാം… എനിക്കൊരു ഫീച്ചറിന്‍റെ പണികള്‍ തീര്‍ക്കാനുണ്ട്.
അവള്‍ ബാഗെടുത്തു തോളിലിട്ട് എഴുന്നേല്‍ക്കുമ്പോള്‍ ആ മുഖത്തെ ഭാവപ്പകര്‍ച്ച സുദേവ് ശ്രദ്ധിച്ചു. സുദേവിന്‍റെ തീരുമാനത്തില്‍ അവള്‍ക്കൊട്ടും യോജിപ്പില്ലെന്ന് വ്യക്തമായിരിക്കുന്നു. പക്ഷെ, അവനതില്‍ വിഷമം തോന്നില്ല. അവന്‍ ചിന്തിച്ചത്, അവള്‍ കൂടുതല്‍ ആലോചിക്കുമ്പോള്‍ കാര്യങ്ങല്‍ കൂടുതല്‍ വ്യക്തമാകുകയും അവന്‍റെ അഭിപ്രായത്തെ സ്വീകരിക്കുകയും ചെയ്യുമെന്നാണ്.
അവന്‍റെ ആലോചന പോലെ, തീരുമാനം പോലെ അവളുടെ ചിന്തകള്‍ മാറിയെന്ന് അവന് തോന്നിയില്ല, പിരിഞ്ഞതിനു ശേഷം രണ്ടു മണിക്കൂറിനുള്ളില്‍ വിളിച്ചപ്പോള്‍. പക്ഷെ, സ്വരത്തില്‍ അടുപ്പ കുറവ് കാണാനില്ലെന്നത് തീര്‍ച്ചയാക്കി.
ഡെല്‍ഹിയില്‍ നിന്നിറങ്ങുന്ന ഒരു ബിസിനസ്സ് മാസികയില്‍ ഡോ. ലാസറലിരാജയെപ്പറ്റിയൊരു എക്സ്ളൂസീവ് ഫീച്ചറുണ്ട്, കവര്‍ ഫോട്ടോയും അയാളുടേതാണ്.
നിവേദിത കണ്ടൂ…?
ഏസ്, ഇന്ന് പോസ്റ്റലില്‍ എത്തിയതാണ്, പത്രസ്ഥാപനത്തിന്, തപാലുകള്‍ ആദ്യം എത്തുന്നത് എഡിറ്റോറിയല്‍ ഡെസ്കിലാണ്. ഞാനല്ല കണ്ടത് സെലിനാണ്. അവള്‍ ആശ്ചര്യത്തോടെ പറഞ്ഞു മാത്രമല്ല എഡിറ്റോറിയല്‍ ബോര്‍ഡിലെ എല്ലാവരും അതിനെ അത്ഭുതത്തോടെയാണ് കാണുന്നത്. അവരുടെ ചര്‍ച്ചകള്‍ ചെന്നെത്തിയത് ലാസറലി രാജയെ ആരെല്ലാമോ കൂടി ദൈവമാക്കാനുള്ള ഒരുമ്പാടാണെന്നാണ്. ശരിയല്ലെ…?
അവര്‍ക്ക് ലാസറലിയെ നേരത്ത അറിയുമോ…
ഉവ്വ്, ഞങ്ങളുടെ ഒരു പരസ്യ കക്ഷിയാണ്.
ഉം. എന്തു തോന്നുന്നു. എന്താണ് ഫീച്ചര്‍ പറയുന്നത്…?
ബിസിനസ്സ് ഐക്കണ്‍ ഓഫ് ദി ഇയറായിട്ട് അവര്‍ സെലക്റ്റ് ചെയ്തിരിക്കുന്നത് ലാസറലിയെയാണ്. പക്ഷെ, അതില്‍ ഒരൊറ്റ ബിസിനസ്സിനെ കുറിച്ചേ പറയുന്നുള്ളൂ. കടപ്പക്കല്ലുകള്‍ വെട്ടിയെടുക്കുന്നതിനെ കുറിച്ച്. കൂടാതെ ആഗോളമായി നിലവിലുള്ള ഒരു ബിസിനസ്സ് ഗ്രൂപ്പിനെ കുറിച്ച് പരാമര്‍ശമുണ്ട്. ലാസറലി രാജ ഗ്രൂപ്പ് ഓഫ് കമ്പനീസ്. മറ്റാരെയും കുറിച്ച് സൂചനകളില്ല. പബ്ലിക്ക് ലിമിറ്റഡ് കമ്പനിയാകുമ്പോള്‍ ചെയര്‍മാനെക്കുറിച്ചേ പറയുകയുള്ളൂ. മനോഹരമായൊരു ജീവചിരിത്ര കുറിപ്പുണ്ട്.
ഓ…
സിറോക്സ് കോപ്പിയുമായിട്ട് ഞാന്‍ നാളെ കാണാം. ഇത്തിരി തിരക്കിലാണ്. ഓക്കെ…?
ഓക്കെ…
ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യതതിനു ശേഷം അഞ്ചു മിനിട്ടു കഴിഞ്ഞ് നിവേദിത വീണ്ടും വിളിച്ചു.
സോറി… തിരക്കു കൊണ്ടാണ്, ദേഷ്യമായില്ലോ…?
ഇല്ല. എന്തേ അങ്ങിനെ തോന്നാന്‍…?
ഞാന്‍ രാവിലെ ദേഷ്യപ്പെട്ടു പോന്നു, ഇപ്പോഴും…
എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി എനിക്ക് പിണങ്ങാന്‍ കഴിയുമോ… ഞാന്‍ ശബളം വാങ്ങുകയും എനിക്കു വേണ്ടി തല പുകയ്ക്കുകയും സംഘര്‍ഷമേല്‍ക്കുകയും ചെയ്യുന്ന എന്‍റെ എത്രയും പ്രിയപ്പെട്ട സ്നേഹിതേ. എനിക്ക് ദേഷ്യപ്പെടാന്‍ കഴിയുമോ…?
ഫോണിന്‍റെ മറുതല കുറെ നേരം നിശ്ശബ്ദമായിരുന്നു, ശേഷം, വീണ്ടും തിരക്കാണെന്നു പറഞ്ഞ് ഡിസ്കണക്റ്റ് ചെയ്തു.
പിറ്റേന്ന് രാവിലെ അവരുടെ റെസ്റ്റോറന്‍റില്‍ എത്തി പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ട് സുദേവ് ഫീച്ചര്‍ വായിച്ചു.
കടപ്പ കല്ലിന്‍റെ മനോഹാരിത, കടുപ്പം, നീണ്ടു നില്‍ക്കുന്നതിന്‍റെ വിശ്വാസ്യത രാജ്യാന്തര വിപണി, വില എന്നിവകളെ വിവരിച്ചു കൊണ്ടുള്ള ലേഖനം ഡോ. ലാസറലി രാജയുടെ ബുദ്ധി കൂര്‍മ്മത, സംഘടന വൈഭവം. കീഴ് ജീവനക്കാരോടുള്ള മമത, അശ്രാന്ത പരിശ്രമം, ഒരു ദിവസത്തെ വിശ്രമ സമയത്തെ വരെ വര്‍ണ്ണിച്ചു കൊണ്ട് മുന്നേറി ഒടുവില്‍ മനോഹരമായൊരു ജീവിതരേഖയും. കേരളത്തിലെ ഒരു ഗ്രാമത്തിന്‍റെ മനോഹാരിതയെ വാക്കുകളില്‍ ഒപ്പിയെടുത്ത് ചിത്രത്തില്‍ പ്രതിഷടിച്ചതു പോലൊരു സാങ്കല്‍പിക ദേശം, അവിടത്തെ എല്‍പി സ്ക്കൂള്‍ അദ്ധാപകനായിരുന്ന പത്മനാഭനെന്ന അച്ഛന്‍, രണ്ട നേരവും കുളിച്ച് കുറി തൊട്ട് മുടിയില്‍ തുളസിക്കതിര്‍ ചൂടി സെറ്റു മുണ്ടുടുത്ത് അമ്പലത്തില്‍ പോകുന്ന അമ്മയെന്ന ദേവു. ഒരേയൊരു മകനായ രാജന്‍, കുഞ്ഞുമോനെന്ന ഓമനപ്പേരുകാരന്‍ നല്ല വിദ്യാഭ്യാസ ശേഷം ചെറുതായി തുടങ്ങിയ മെഴുകുതിരി നിര്‍മ്മാണം പടര്‍ന്ന് പന്തലിച്ച് വന്‍ ബിസിനസ്സ് ശൃംഖലയിലേക്കെത്തുന്നതിന്‍റെ വിവരണങ്ങള്‍. മതേതരത്വവും സമത്വവും ചിന്തയിലാകെ നിറഞ്ഞു നിന്നിരുന്നതിനാല്‍ ബിസിനസ്സ് ഉയരത്തിലേക്ക് വന്നപ്പോള്‍ ലാസറലി രാജ എന്ന പേരു സ്വീകരിക്കുകയും മുസ്ലീം സ്ത്രീയെ വിവാഹം ചെയ്യുകയും, മൂന്നു പെണ്‍ മക്കളെ മൂന്നു മത വിശ്വാസങ്ങള്‍ക്ക് അനുസൃതമായി വളര്‍ത്തിക്കൊണ്ടു വരികയും ചെയ്തു. മൂത്ത മകളെ മുസ്ലീമും രണ്ടാമത്തെ മകളെ ക്രിസ്ത്യാനിയും വിവാഹം ചെയ്തു. മൂന്നാമത്തെ മകള്‍ ഹിന്ദു ജീവിത ശൈലി തുടര്‍ന്നു പോരുന്നതിനാല്‍ ഹിന്ദു യുവാവിനെ തെരഞ്ഞു കൊണ്ടിരിക്കുന്നു.
ആത്മകഥയുടെ ആദ്യ അദ്ധ്യായം അവര്‍ വായിച്ചു കേട്ടതിനു ശേഷമാണ് ഫീച്ചര്‍ എഴുതിച്ചിരിക്കുന്നത്. അച്ഛന്‍, അമ്മ, ഓമനപ്പേര്, ഗ്രാമത്തിന്‍റെ അന്തരീക്ഷം… ഇനി എങ്ങിനെ വേണമെന്നും പറഞ്ഞിരിക്കുന്നു. നല്ല വിദ്യാഭ്യാസം… മെഴുകുതിരി നിര്‍മ്മാണത്തില്‍ നുന്നുള്ള തുടക്കം…. മതേതരത്വം…. ലാസറലി രാജയെന്ന് പേരു സ്വീകരണം…. മുസ്ലീം സ്ത്രീയെ വിവാഹം കഴിക്കല്‍… മൂന്നു പെണ്‍മക്കള്‍, മൂന്നു മത വിസ്വാസം…. മക്കളുടെ വിവാഹങ്ങള്‍…. എല്ലാം അക്കമിട്ടു തന്നെ പരസ്യപ്പെടുത്തിയിരിക്കുന്നു. ആത്മകഥയെഴുത്തുകാരന്‍ എങ്ങിനെ എഴുതി പുരോഗമിക്കണമെന്ന് വ്യക്തമാക്കുകയാണ്…
ശരിയാണ്….
***
വളരെ വ്യക്തമാണ്, ലാസറലിയുടെ ജീവിത്തില്‍ ദുരൂഹതകളുണ്ട്. മറച്ചു വക്കപ്പെട്ടിട്ടുള്ള വ്യത്യസ്തമായ കഥകള്‍. രണ്ടു ധ്രുവങ്ങളെ വ്യക്തമാക്കുന്ന പേരു വെളിപ്പെടുത്താത്ത രണ്ടു ഫോണ്‍ കോളുകളാണ് ഇപ്പോള്‍ അതു മായി ബന്ധപ്പെട്ടു കിട്ടിക്കൊണ്ടിരിക്കുന്നത്. അതില്‍ ഒരു ഫോണ്‍കാരന്‍ പറയുന്നത് അയാള്‍, ലാസറലി മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ബിസിനസ്സ് ഗ്രൂപ്പിലെ ലാസറലിയെപ്പോലെ തന്നെയുള്ള ഒരു പാര്‍ട്ടണറാണെന്നാണ്. ആത്മകഥ കമ്മിറ്റിക്കാരനാണെന്നാണ്. അയാള്‍ക്ക് വേണ്ടത് ലാസറലിയെ കുറിച്ചുള്ള മാന്യമായ ഒരു ആത്മകഥയാണ്. രണ്ടാമത്തെ ഫോണ്‍കാരന്‍ ആരാണെന്നു വ്യക്തമാക്കിയിട്ടില്ല. അയാള്‍ വിളിച്ചിട്ട് പലതും അറിയിക്കാനുണ്ടെന്ന് പറഞ്ഞിരിക്കുന്നു. സ്വരത്തില്‍ ഒരു ആജ്ഞയുടെ കാഠിന്യമുണ്ട്. ഒരു റെബലിന്‍റെ അകല്‍ച്ചയുണ്ട്.
നിവേദിതയുടെ പത്രക്കാരിയെന്ന സ്വാധീനത്തില്‍ സൈബര്‍ സെല്ലില്‍ ബന്ധപ്പെട്ടിട്ടാണ് ആ രണ്ടു ഫോണ്‍ നമ്പറുകളുടേയും വിലാസങ്ങള്‍ കണ്ടു പിടിച്ചത്. ലാസറലിയുടെ പാര്‍ട്ടണര്‍ എന്നു പറയുന്ന ആളുടെ വിലാസം ഇടുക്കിയിലെ ഒരു ജോണിന്‍റേതും, അടുത്ത നമ്പര്‍ തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയറുള്ള ഒരു ലതയുടേതുമാണ്. ജോണിന്‍റേത് ഐഡിയയുടെ കണക്ഷനും ലതയുടേത് വൊഡാഫോണിന്‍റേതുമാണ്. രണ്ടു ഫോണുകളും വിളിച്ചു കഴിഞ്ഞാല്‍ ഉടന്‍ സ്വിച്ച് ഓഫ് ചെയ്ത വയ്ക്കുകയാണ് പതിവ്. തിരിച്ച് വിളിച്ചപ്പോഴൊന്നും കിട്ടിയിട്ടില്ല. ജോണിന്‍റെ ഫോണ്‍ തലസ്ഥാന നഗരിയില്‍ നിന്നും കോട്ടയത്തു നിന്നും കൊല്ലത്തു നിന്നും മാറി മാറി വിളിച്ചിട്ടുണ്ട്. എന്നാല്‍ ലതയുടെ വിളി വ്യവസായ നഗരിയില്‍ നിന്നാണ്. സൈബര്‍ സെല്ലില്‍ രണ്ടു നമ്പര്‍ പേരുകളിലും ഔപചാരികമായ ഓരോ പരാതികള്‍ രേഖപ്പെടുത്തി വച്ചു.
സുദേവ് തനിച്ചാണ് ഇടുക്കി പൈനാവിലെ ജോണിനെ തെരക്കിപ്പോയത്. പൈനാവ് ഒരു ചെറിയ പട്ടണമാണ്. ഇടുക്കി കളക്ടറേറ്റും മറ്റ് ജില്ലാ ഓഫീസുകളും അവിടെയാണ്. പട്ടണത്തില്‍ നിന്നും തൊടുപുഴ വഴിക്ക് രണ്ടു കിലോമീറ്റര്‍ മാറിയാണ് ജോണിന്‍റെ വിലാസം കണ്ടെത്തിയത്. ഒറ്റപ്പെട്ട് റോഡ് സൈഡില്‍ തന്നെ, പുറം പോക്കിലെന്ന് തോന്നിക്കും വിധത്തിലൊരു ഓടിട്ട വീട്. ഇനിയും തേപ്പ് പൂര്‍ത്തിയാക്കാത്ത വെട്ടു കല്ലില്‍ തീര്‍ത്തത്. മുറ്റത്ത് കയറിയപ്പോള്‍ വൃത്തി കുറഞ്ഞൊരു അന്തരീക്ഷം. വരാന്തയില്‍ മൂന്നു പട്ടികള്‍ പല പ്രായത്തില്‍, ഉറക്കത്തിലല്ലെങ്കില്‍ വിശ്രമത്തിലാണ്. മുന്‍ വാതില്‍ അടഞ്ഞു കിടക്കുന്നു. മുറ്റത്തെ പാദ ചലനം കേട്ട് മൂന്നു പട്ടികളും തലയുയര്‍ത്തി നോക്കി. മുറ്റത്ത് കയറുമ്പോള്‍ അവരെ കണ്ടില്ല. കണ്ടെങ്കില്‍ കയറില്ല. ഇപ്പോള്‍ തിരിച്ചിറങ്ങാനും കഴിയില്ല. അടുത്ത ചലനത്തിന് അവരുടെ പ്രതികരണം ഉണ്ടാകാം. അനങ്ങാതെ നിന്ന് വിളിച്ചു.
ജോണില്ലേ…?
ആദ്യ വിളി കഴിഞ്ഞപ്പോള്‍, വരാന്തയില്‍ കിടന്നിരുന്നവര്‍ എഴുന്നേറ്റ് സാവധാനം റോഡിലേക്കുള്ള കടമ്പ കടന്ന് പോയി. അപ്പോള്‍ സമാധാനമായി, പൈനാവുകാരു പറയുന്നതു പോലെ അവരും വരുത്തന്മാരാണ്.
പലപ്രാവശ്യം വിളിച്ചപ്പോള്‍ വീടിനുള്ളില്‍ നിന്നല്ല പിറകില്‍ നിന്നും ഒരു സ്ത്രീ വിളി കേട്ടു.
ഓ… ഒണ്ട്… വരുവാ…
നൈറ്റി ധരിച്ച്, യൗവനമകന്നു കൊണ്ടിരിക്കുന്നൊരു സ്ത്രീ പിന്നാമ്പുറത്തു നിന്നും മുന്നിലേക്ക് വന്നു. അവള്‍ കൈ കഴുകി തുടച്ചിട്ടില്ല. സുദേവിനെ കണ്ടപ്പോള്‍ അമ്പരന്നു.
ജോണ്‍..?.
ഇല്ല… പണിക്കു പോയി….
എവിടെ…?
ചുമടു പണിയാ… സിറ്റിയില്‍ കാണും… ആരാന്നാ… മനസ്സിലായില്ല…?
ജോണിന്‍റെ ഒരു പഴയ പരിചയക്കാരനാ… ഇവിടെ വന്നപ്പോള്‍ ഒന്നു കണാമെന്നു തോന്നി…. സിറ്റിയിലെവിടെ തെരക്കിയാല്‍ കാണും….?
ബസ്റ്റാന്‍റിന്‍റെ അടുത്ത്. പേരെന്നതാ…?
സുദേവ്…
ജോണിന്‍റെ സ്നേഹിതരുടെ ഇടയില്‍ സുദേവ് എന്നൊരു പേരിനെ അവര്‍ തിരയുന്നതു പോലെ തോന്നിക്കുന്ന മുഖഭാവം. മാറിയ മുഖഭാവം പറയുന്നത് സ്നേഹിതരുടെ കൂട്ടത്തില്‍ അങ്ങിനെ ഒരാളെ കാണുന്നില്ലായെന്നാണ്.
എവിടന്നാ…?
താഴെ, നാട്ടീന്നാ…. ശരി…എന്നാ… ഒത്താല്‍ കണ്ടോളാം…
സുദേവ് യാത്ര പറഞ്ഞ് കടമ്പയ്ക്കടുത്തെത്തി തിരിഞ്ഞു നോക്കിയപ്പോള്‍ അവര്‍ അവനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ അവരുടെ മുഖഭാവം, ഇല്ല, ജോണിന് ഇങ്ങനെ ഒരു സ്നേഹിതനില്ല. എന്തായാലും കുഴപ്പമില്ല, അയാള്‍ ഉടനെ തന്നെ തിരിച്ചു പോയല്ലോ…
ബസ്സ്റ്റാന്‍റ് പരിസരത്തെ നീലക്കുപ്പായക്കാരായ ചുമട്ടു തൊഴിലാളികളുടെ ഇടയില്‍ ജോണിനെ കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടായില്ല. അയാളോടു സംസാരിക്കും മുമ്പു തന്നെ ഫോണ്‍ റിംഗ് ചെയ്തു നോക്കി സ്വിച്ചോഫാണ്.
ജോണിന്‍റെ മുഖത്ത് സൂക്ഷിച്ചു നോക്കി സുദേവ് ചോദിച്ചു.
ജോണ്‍ എന്താഫോണ്‍ സ്വിച്ചോഫ് ചെയ്തു വച്ചിരിക്കുന്നത്… ഞാന്‍ സുദേവാണ്…
ജോണ്‍ ചെറുതായൊന്നമ്പരന്നു.
എന്‍റെ ഫോണ്‍ ഓഫല്ല, സാറെ ഇപ്പോ അവള് വിളിച്ചു സാറവിടെ ചെന്നെന്നു പറഞ്ഞു അവളെ…എന്‍റെ പെണ്ണുംപിള്ള…
സുദേവ് ചുരുക്കി ഒരു കഥ പറഞ്ഞു, സാഹിത്യകാരനാണെന്നും ആരോ കഥകള്‍ വായിച്ചിട്ട് ജോണിന്‍റെ പേരിലുള്ള ഫോണില്‍ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തുന്നുമൊക്കെ വ്യക്തമാക്കികൊണ്ട്. കഥ കേട്ടപ്പോള്‍ ജോണും കൂട്ടുകാരും തെല്ലൊന്നു ഭയന്നു. കേസു കൊടുക്കുന്നില്ലെന്നും, എഴുത്തുകാരെ സംബന്ധിച്ച് ഇതൊന്നും പുത്തരിയല്ലെന്നും, എന്തു വന്നാലും ജോണിനെ ബുദ്ധിമുട്ടിക്കില്ലെന്നും ഫോണ്‍ നമ്പര്‍ സത്യമാണോയെന്നറിയാന്‍ വേണ്ടി മാത്രമാണെന്നും പറഞ്ഞ് ജോണിന്‍റെ യഥാര്‍ത്ഥ ഫോണ്‍ നമ്പര്‍ വാങ്ങി ബസ് സ്റ്റാന്‍റിലെ കോഫി ഹൗസില്‍ നിന്നും ചായയും പഴബോളിയും കഴിച്ച് പിരിഞ്ഞു. സുദേവ് ലാസറിടത്തിലെത്തും വരെ, ഭീതി കൊണ്ട ജോണിന്‍റെ കണ്ണുകള്‍ സുദേവിന്‍റെ തലക്ക് പിന്നില്‍, കാറിന്‍റെ പിന്‍ ഗ്ലാസ്സിനും പുറത്ത് ഇരുന്ന് സഹയാത്ര ചെയ്യന്നതു പോലെ തോന്നി.
ലതയെ കണ്ടെത്തിയത് നിവേദിതയോടൊത്താണ്. തൃപ്രയാറ് ലതയെ വിവാഹം ചെയ്ത വീടാണ്. അവിടെത്തെ വിലാസമാണ് ഇലക്ഷന്‍ ഐഡിയില്‍ ചേര്‍ത്തിരിക്കുന്നത്. ആ ഇലക്ഷന്‍ ഐഡിയുടെ പ്രൂഫിലാണ് ഫോണ്‍ എടുത്തിരിക്കുന്നത്. ആ ഐഡി വച്ച് ഇപ്പോള്‍ ലത ഉപോഗിക്കുന്നൊരു ഫോണുണ്ട്. ലത ഇപ്പോള്‍ അയ്യന്തോള്‍ കളക്ടറേറ്റ് ക്വാര്‍ട്ടേഴ്സിലാണ് താമസ്സം, കളക്ടറേറ്റിലെ ക്ലാര്‍ക്കായതു കൊണ്ട്. ഭര്‍ത്താവ് അവിടെ തന്നെ ആര്‍ടി ഓഫീസിലെ ക്ലാര്‍ക്കും. രണ്ടു വയസ്സുള്ള മകന്‍ കൂടെയുള്ളതു കൊണ്ട് ഭര്‍ത്താവിന്‍റെ അമ്മയും കൂടെയുണ്ട്. കളക്ടറേറ്റ് കോമ്പൗണ്ടിലെ കോഫി ഹൗസില്‍, ഒരു മേശക്ക് ഇരു പുറവും അവര്‍ നാലുപേരുമിരുന്ന് കഥ പറഞ്ഞു. സുദേവ്, നിവേദിത, ലത, ഭര്‍ത്താവ് രാജേന്ദ്രനും. നിവേദിതയെന്ന പത്രപ്രവര്‍ത്തകയെ ഭീഷണിപ്പടുത്തുന്നുവെന്നാണ് ലതയോടു പറഞ്ഞത്. നമ്മള്‍ ഫോണെടുക്കുന്നതിനു വേണ്ടി കൊടുക്കുന്ന ഐഡി പ്രൂഫും ഫോട്ടോയും ഉപയോഗിച്ച് മോബൈല്‍ കമ്പനി ഏജന്‍റുമാര്‍ വേറെയും ഫോണ്‍ കണക്ഷനുകള്‍ എടുക്കുന്നു. ആവശ്യക്കാര്‍ക്ക് കൊടുക്കുന്നു. ചെറിയ പ്രതിഫലം കിട്ടുന്നുണ്ടാകാം. ചിലപ്പോള്‍ അവര്‍ ടാര്‍ഗറ്റ് തികയ്ക്കാന്‍ വേണ്ടി ചെയ്യന്ന അതിബുദ്ധിയുമാകാം. അങ്ങിനയുള്ള ബിനാമി നമ്പറുകള്‍ പലരും ഉപയോഗിക്കുന്നുണ്ട്. അതില്‍ ചിലര്‍ തീവ്രവാദ ബന്ധമുള്ളരുമാകാം. അങ്ങിനെ വരുമ്പോഴാണ് കുഴപ്പത്തില്‍ ചെന്ന് വീഴുന്നത്. ഭീഷണിയുടെ പേരിലൊന്നും കേസിന് പോകുന്നില്ലെന്നും. എന്തെങ്കിലും നടപടികള്‍ വേണ്ടി വന്നാല്‍ ലതയോടും രാജേന്ദ്രനോടും അഭിപ്രായം ചോദിച്ചിട്ടേ ചെയ്യുകയുള്ളൂവെന്നും അവരെ ധരിപ്പിച്ച് സുദേവിന്‍റെ വിലാസവും വ്യക്തി വിവരങ്ങളും നല്‍കി മടങ്ങി.
രണ്ടു ഫോണുകളും ലാസറലിയുടെ പ്രതിപ്രവര്‍ത്തകരുടെ കൈകളില്‍ ഇരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി പുതിയ നീക്കങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു യാത്രക്കിടയില്‍ നിവേദിത അവന്‍റെ കലുഷിത മനസ്സിന്‍റെ പ്രതിഫലനങ്ങള്‍ കണ്ട് ചെറുതായി മന്ദഹസിച്ചു.
എന്താ എല്ലാം വേണ്ടെന്നു വച്ച് മടങ്ങാമെന്നു തോന്നുന്നുണ്ടോ…?
ഇല്ല.. വളരെ വ്യക്തമായ തീരുമാനത്തോടെ കാല്‍വയ്പുകളെ മുന്നോട്ടു പോകണമെന്നു തോന്നു. ജോണ്‍ എന്ന ഫോണ്‍കാരന്‍ ആവശ്യപ്പെടുന്നതു പോലെ ലാസറലിയുടെ വളരെ നല്ല ഒരു ആത്മകഥയെഴുതണം. ലത ഫോണ്‍ പറയുന്നതു പോലെ കുറെ കാഴ്ചകള്‍ കാണണം. ലാസറലിയുടെ ആഗ്രഹ പ്രകാരം കുറെ ചെറുകഥകളെഴുതി സാഗറെന്ന എഴുത്തകാരനെ മലയള സാഹിത്യലോകത്ത് പ്രതിഷ്ടിക്കണം. കഴിയുന്നത്ര പണം ഇവിടെ നിന്നും ഉണ്ടാക്കണം. കഴിയുമെങ്കില്‍ സുദേവ് എന്ന എഴുത്തുകാരനെ പ്രധാന മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരെഴുത്തുകാരനാക്കി വളര്‍ത്തണം.
ഹോ… വാ…. മനോഹരമായ സ്വപ്നം… എനിക്കും കൂടി സാമ്പത്തിക ഷെയര്‍ തന്നാല്‍ എന്തു സഹായത്തിനും ഞാനുണ്ടാകും …
ഷുവര്‍…
നിവേദിതയെ പത്രമോഫീസിന്‍റെ മുന്നില്‍ വിട്ട് ലാസറലിയിടത്തേക്ക് മടങ്ങും വഴിയാണ് ലതയുടെ ഫോണ്‍ എത്തിയത്. ലതയെന്ന ഫോണ്‍ കോളുകാരന്‍റെ ശബ്ദം ജോണ്‍ എന്ന ഫോണ്‍കാരന്‍റേതു പോലെ മയമുള്ളതല്ല. വശ്യവുമല്ല. സൗകര്യമുണ്ടെങ്കില്‍ കേട്ടാല്‍ മതിയെന്നും തോന്നപ്പിക്കുന്ന ഈണമാണ്. പക്ഷെ, കേല്‍ക്കുമ്പോള്‍ വിഷയത്തിന്‍റെ അവതരണം വ്യത്യസ്തത കൊണ്ട് ലതയുടെ സംസാരമാണ് നല്ലത്. വളച്ചു കെട്ടില്ലാതെ, മുഖവുരയില്ലാതെ വളരെ വേഗം തന്നെ കാര്യത്തിലേക്ക് കടക്കുന്നു. ജോണ്‍ അങ്ങിനെയല്ല. ഒരു സാധാരണ ഫോണ്‍ വിളിക്കാനരെപ്പോലെ വീട്ടു വിശേഷങ്ങളും കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും കഴിഞ്ഞ് കാര്യത്തിലെത്തുമ്പോള്‍ നേരം വെളുക്കുമെന്നു തോന്നും.
ലത പറഞ്ഞു.
നിങ്ങള്‍ക്കൊരു മെയില്‍ അടച്ചിട്ടുണ്ട്, ഇന്നു തന്നെ വായിക്കണം. അല്ല, അങ്ങിനെ പറഞ്ഞില്ലെങ്കില്‍ തന്നെ നിങ്ങള്‍ ഇന്നു തന്നെ വായിക്കുമെന്നെനിക്കറിയാം…
മെയിലോ….
ഏസ്, മെയിനു തന്നെ…
എന്‍റെ മെയിലൈഡി നിങ്ങള്‍ക്കെങ്ങിനെ കിട്ടി…
അതൊരു ബാലിശമായ ചോദ്യമായിപ്പോയി, നിങ്ങള്‍ക്ക് സ്വന്തമായി കഥകളുടെ ഒരു സൈറ്റുണ്ട്, ഫെയ്സ് ബുക്കില്‍ മെമ്പറാണ,് സജീവവുമാണ്. ഫെയ്സ് ബുക്കില്‍ നിങ്ങളുടെ ഒരു ഫോളോവര്‍ ആണ് ഞാന്‍. കൂടാതെ നിങ്ങളുടെ സൈറ്റിലെ എല്ലാ കഥകളും ഞാന്‍ വായിച്ചിട്ടുണ്ട്, മെയില്‍ അയച്ചിരിക്കുന്നത് കഥാ സൈറ്റിലെ കമന്‍റ് ഓപ്ഷന്‍ വഴിയാണ്.
ഓ… താങ്ക്യൂ…
പക്ഷെ, നിങ്ങളുടെ കഥകളെപ്പറ്റി എനിക്ക് നല്ല അഭിപ്രായമില്ല. എല്ലാ കഥകളിലും ഒരു അരാജക വീക്ഷണമുണ്ട്.. നിലവിലുള്ള ഒന്നിനോടും യോജിക്കാത്ത ഒരു ചിന്ത… എല്ലാറ്റിനെയും പുച്ഛിക്കുന്ന കാഴ്ചപ്പാട്… പല കഥകള്‍ക്കും ഞാന്‍ കമന്‍റും എഴുതിയിട്ടുണ്ട്…
ഓ… താങ്ക്യൂ… എന്‍റെ കഥകള്‍ വായിച്ചിട്ട് വളരെ നല്ലതെന്ന് പറയുന്നവരെയേ എനിക്കിഷ്ടമാകൂ എന്നും, എല്ലാവരും പുകഴ്ത്തണമെന്നുമുള്ള മോഹമൊന്നും എനിക്കില്ല. അങ്ങിനെ എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ ഒരു ക്രിയാത്മക എഴുത്തുകാരനും കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. പക്ഷെ, കമന്‍റ് ചെയ്യുപ്പോള്‍ ഫെയ്ക്ക് ഐഡിയില്‍ നിന്നും അയക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല…..
ഫോണിലൂടേ ലത ചിരിക്കുന്നു. അയാള്‍ പല പ്രാവശ്യം വിളിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ചിരിക്കുന്നതെന്ന് സുദേവ് ഓര്‍മ്മിച്ചു.
ഞാന്‍ എനിക്ക് വഴന്ന കമന്‍റുകള്‍ ശ്രദ്ധിക്കാറുണ്ട്… മറുപടി കൊടുക്കാറുണ്ട്, വേണ്ടതെങ്കില്‍.. വിമര്‍ശിച്ച് എഴുതുന്നവരുടെ ഐഡികളെല്ലാം ഫെയ്ക്കായി പോകുന്നു. അതുകൊണ്ട് പറഞ്ഞതാണ്. ഈ അടുത്ത നാളില്‍ ഒരു കമന്‍റ് വന്നു, ചുരുക്കമിതാണ്. എന്‍റെ എഴുത്തുകള്‍ സമൂഹത്തെ വഴി തെറ്റിക്കുകയാണ്. കഥകളെല്ലാം മലം പോലെയാണ്, നല്ലകാര്യങ്ങള്‍ എഴുതുക എന്നൊക്കെ പറഞ്ഞുള്ള അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട്. എനിക്കതില്‍ ഒന്നും തോന്നിയില്ല. ഒരു വായനക്കാരന്‍ വായിച്ചിട്ടു തോന്നിയ അഭിപ്രായം പറഞ്ഞു. എന്തഭിപ്രായം പറഞ്ഞു എന്നല്ല, ആയാള്‍ എന്‍റെ എഴുത്ത് വായിച്ചു എന്നതാണ് കാര്യം. അതെന്നെ സന്തോഷിപ്പിക്കുന്നു.. ഗൂഗിളിന്‍റെ കണക്കുകള്‍ പറയുന്നത് എന്‍റെ സൈറ്റില്‍ നിത്യേന പത്തു പേര്‍ സന്ദര്‍ശിക്കുന്നുണ്ടെന്നാണ്. അതൊരു നല്ല കാര്യമല്ലേ…?
ലത ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
സുദേവ് ഓട്ടോക്കാരനോട് തിരികെ പട്ടണത്തിലേക്ക് യാത്ര ചെയ്യാമെന്ന് പറഞ്ഞു. താമസിക്കുന്നിടത്ത് ലാപ്ടോപ്പുണ്ട്, പക്ഷെ, പ്രിന്‍ററില്ല. ലത പറഞ്ഞ മെയില്‍ പ്രിന്‍റെടുക്കേണ്ടിയിരിക്കുന്നു.
ടൗണിലേക്കുള്ള യാത്രക്കിടയില്‍ തന്നെ ഫോണില്‍ മെയില്‍ ചെക്ക് ചെയ്തു. പ്ലീസ് ചെക്ക് ദി അറ്റാച്ച്ഡ് ഫയല്‍ എന്നെഴുതി ഒരു പി ഡി എഫ് ഫയല്‍ അറ്റാച്ച് ചെയ്തിരിക്കുന്നു
ഏ ഫോര്‍ പേപ്പറില്‍ പതിനഞ്ച് പുറങ്ങളില്‍ പന്ത്രണ്ട് സൈസ് അക്ഷര വലിപ്പത്തില്‍ ഒരു കഥയാണ്…..
ഇന്‍റര്‍നെറ്റ് കഫെയില്‍ ഇരുന്നു തന്നെ അക്കഥ ഒരു പ്രാവശ്യം വായിച്ചു. വായിച്ചു കഴിഞ്ഞപ്പോള്‍ ലാസറിടത്തേക്ക് ഉടനെ പോകാന്‍ തോന്നിയില്ല. നഗരത്തിലൂടെ വെറുതെ നടന്നു. കടകള്‍ കണ്ട്, പാതയോരത്തു കൂടി നടക്കുന്ന മനുഷ്യരെ ശ്രദ്ധിച്ച്, അപരിചിതരെങ്കിലും പലരെയും നോക്കി ചിരിച്ച്, ചിലരെ വിഷ് ചെയ്ത്, ചില തുണിക്കടകളില്‍ കയറി തുണിത്തരങ്ങള്‍ നോക്കി. ഒരിടത്തു നിന്നും കസ്റ്റമേഴ്സിനു സൗജന്യമായി കൊടുക്കുന്ന കപ്പി വാങ്ങികുടിച്ച്, വസ്ത്രങ്ങള്‍ സെലക്ട് ചെയ്യാന്‍ ബുദ്ധിമുട്ടിയിരിക്കുന്ന സ്ത്രീകളെ കണ്ട്, അവരുടെ അംഗവടിവും, വിവസ്ത്രമായിരിക്കുന്ന ശരീര ഭാഗങ്ങളുടെ സൗന്ദര്യം കണ്ട്, ആസ്വദിച്ച്, തെരുവിലൂടെ നടന്ന് ദാഹം തോന്നിയപ്പോള്‍ ഒരു ശീതീകരിച്ച ജ്യൂസ് കടയില്‍ കയറി ആവശ്യത്തിലധികം സമയം ഇരുന്ന്, ഒരു മാംഗോ ജ്യൂസ് കഴിച്ച്, ദേഹത്ത് പൊടിഞ്ഞ വിയര്‍പ്പ് ആറിക്കഴിഞ്ഞ്, വീണ്ടും വീഥിയില്‍ ഇറങ്ങി നടന്ന് മാര്‍ക്കറ്റില്‍ കയറി പച്ചക്കറികള്‍ക്ക് വില പേശുന്നവരുടെ വാക്കുകള്‍ കേട്ട്, കച്ചവടക്കാരന്‍റെ മുഖത്ത് വിരിയുന്ന തെറി വാക്കുകള്‍ വായിച്ചെടുത്ത്, വീണ്ടും നടന്ന് നഗരത്തെ പിളര്‍ത്തിയൊഴുകുന്ന തോടിനെ നോക്കി നിന്ന്, ഒരു അലക്ക് കടവിലെത്തി, അലക്കുകാര്‍ തുണി അലക്കുന്നത് നോക്കി നിന്ന്, അവരില്‍ സ്ത്രീകളുടെ വസ്ത്രങ്ങള്‍ നനഞ്ഞൊട്ടിയ ദേഹങ്ങള്‍ കണ്ട് , ഉച്ച കഴിഞ്ഞ് രണ്ടു മണി ആയപ്പോള്‍ ശീതീകരിച്ച റെസ്റ്റോറന്‍റില്‍ കയറി ഭക്ഷണം കഴിച്ച് അവരുടെ വിസിറ്റേഴ്സ് കോര്‍ണറില്‍, ചൈനീസ് സോഫയില്‍ ഇരുന്ന് മയങ്ങി…..
ഏതാണ്ട് അര മണിക്കൂറോളം സുദേവ് അവിടെയിരുന്നു. ശരീരവും, ശരീരത്തോടൊപ്പം മനസ്സും തണുത്തു. ഉണര്‍ന്നപ്പോള്‍ വിസിറ്റേഴ്സ് റൂമില്‍ മയക്കത്തിന് മുമ്പ് ഇരുന്നിരിന്ന ആരെയും കാണാനില്ല. തണുത്ത മനസ്സില്‍ ലാസറിടവും നിവേദിതയും കുമുദവും ജോണും ലതയും ഷാഹിനയും ഒന്നുമില്ലാതെ ശൂന്യമായിരിക്കുന്നു.
@@@@@