Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം ആറ്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഫോണില്‍ വിളിച്ചിട്ടാണ് സുദേവ് കടവന്ത്രയിലുള്ള ഫ്ളാറ്റില്‍ ചെന്നത്.  അവന്‍ ലാസറലിരാജയുടെ ആത്മകഥയിലെ ആദ്യ അദ്ധ്യായം എഴുതിക്കഴിഞ്ഞ് ലാസറലിയെ അറിയിച്ചതിന്‍റെയന്ന് രാത്രയിലാണ് ഫോണ്‍ വന്നത്.

       സുദേവ് …താങ്ക്സ്… താങ്കള്‍ എഴുത്തില്‍ പ്രവേശിച്ചു കഴിഞ്ഞല്ലെ…ഗുഡ്… ഞങ്ങള്‍ക്ക് വായിച്ചു കേള്‍ക്കണം.. ഓരോ അദ്ധ്യായം കഴിയുമ്പോളും വായിച്ചു കേട്ട് തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുന്നതാണ് തല്ലത്.  നാളെ അഞ്ചു മണിക്ക് നിങ്ങള്‍ കടവന്ത്രയിതെ ഫ്ളാറ്റിലെത്തണം.  ഞങ്ങള്‍ അവിടെ കാണും…

       ഞങ്ങള്‍….?

        ഓ… സോറി… ആത്മകഥ കമ്മിറ്റിക്കാര്… കഴിഞ്ഞ ദിവസം സുദേവിനെ വന്നു കണ്ടിരുന്നു…

       ലാസറലി അനുവദിച്ച കാറിലായിരുന്നു യാത്ര.  ഡ്രൈവര്‍ പുതിയ ആളാണ്, യാത്രയിലുടനീളം അയാള്‍ നിശ്ശബ്ദനായിരുന്നു, ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാക്കുകളില്‍ ഉത്തരം പറഞ്ഞെങ്കിലും.  പത്ര പരസ്യം കണ്ടിട്ട്  അപേക്ഷ അയക്കുകയായിരുന്നു, അയാള്‍.  ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു.  അയാള്‍ക്ക് വളരെ നേരത്തെ തന്നെ ലാസറലിരാജ ഗ്രൂപ്പ് ഓഫ് കമ്പനീസിനെഅറിയാമായിരുന്നു.  നല്ല ശബളവും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് കൊടുക്കുന്നവരെന്ന് കേട്ടിട്ടാണ് അപേക്ഷ അയച്ചത്.  പി എഫും, ഇ എസ് ഐയും ബോണസ്സും…

       അഞ്ചു മണി പൂര്‍ത്തിയാകാന്‍ അഞ്ചുമിനിട്ട് ബാക്കി നില്‍ക്കെ എല്‍ എ രാജാ (ലാസറലി രാജാ) പ്രോപ്പര്‍ട്ടീസിന്‍റെ പാര്‍ക്കിംഗ് അതിര്‍ത്തിക്കുള്ളില്‍ കാര്‍ കയറ്റി നിര്‍ത്തി.  വാച്ചമാന്‍റെ ചോദ്യങ്ങളും കര്‍ക്കശമായ സ്വരവും കണ്ണുകളിലെ തീഷ്ണതയും സുദേവിന് ഇഷ്ടമായി. ഫ്ളാറ്റ് മ്പര്‍ പതിമുന്നെന്ന് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് ബഹുമാനം വിരിഞ്ഞു.

       എത്താന്‍ പറഞ്ഞ് വിളിച്ച നമ്പരില്‍ ഫോണ്‍  ചെയ്തു.

       ഏസ്…. താങ്കള്‍ എവിടെയാണ്…?

       ഇവിടെ ഫ്ളാറ്റിന് താഴെയെത്തി…

       ഓക്കെ… വന്നോളൂ… സെക്യൂരിറ്റിയില്‍ ഡീറ്റെയില്‍സ് കൊടുത്തോളൂ…

       റെജിസ്റ്ററില്‍ സുദേവ്, ലാസറലിയിടത്തു നിന്നും വരുന്നതാണെന്ന് എഴുതിക്കണ്ടപ്പോള്‍ സെക്യൂരിറ്റി കൂടുതല്‍ അടുപ്പത്തിലായി…

       വാതില്‍ ബല്ലയടിച്ചയുടന്‍ തുറന്നു. അനിതയല്ല.  അനിതയേക്കാള്‍ പ്രായം കുറഞ്ഞൊരു സ്ത്രീ…

       പ്ലീസ്…കം….

       സിറ്റിംഗ് റൂമില്‍ മറ്റ് നാലു പേരു കൂടിയുണ്ട്, സെറ്റികളില്‍. അവര്‍ക്കു മുന്നില്‍ ടീപ്പോയില്‍ മദ്യക്കുപ്പികളും അനുസാരികളുമുണ്ട്.  മറ്റു മുറിയളിലും ആളുകളുണ്ടെന്ന് ശബ്ദങ്ങള്‍ കൊണ്ട്  സുദേവ് അറിഞ്ഞു. വാതില്‍ കടക്കാതെ നിന്ന്, അവന്‍ ചോദിച്ചു.

       വിനോദ്….?

       ഉണ്ട്…. കമോണ്‍ മാന്‍…

       അവള്‍ക്ക് മദ്യത്തിന്‍റെ മണം. മുറിയില്‍ മദ്യത്തിന്‍റെ സിഗരറ്റിന്‍റെയും ഗന്ധം നിറഞ്ഞു നില്‍ക്കുന്നു.  അവന്‍ വിളിച്ച നമ്പര്‍ ഡയല്‍ ചെയ്തു നോക്കി.  സ്വിച്ചോഫാണ്.  ഈ നമ്പറില്‍ നിന്നും സുദേവിനെ നേരത്തെയും വിളിച്ചിട്ടുണ്ട്.  ആത്മകഥയെഴുത്തിന്‍റെ പുരോഗതികള്‍ അറിയുന്നതിനു വേണ്ടി, ആത്മകഥ കമ്മിറ്റക്കാരെന്നു പറയുന്നവര്‍, ലാസറിടത്തു വന്ന് സുദേവിനെ കണ്ടു പോന്നതിനു ശേഷം. പലപ്പോഴും പേരു ചോദിച്ചിട്ട് വെളിപ്പടുത്തിയില്ല,  ആത്മകഥ കമ്മിറ്റിയെന്നു മാത്രം പറയും. അവര്‍ ഫോണ്‍ ഓഫ് ചെയ്തു കഴിഞ്ഞ് തിരിച്ചു വിളിച്ചാല്‍ കിട്ടില്ല.  സ്വിച്ചോഫു ചെയ്യുന്നു.  ഇവിടെ ഫ്ളാറ്റില്‍ എത്തി വിളിച്ചപ്പോള്‍ കിട്ടുകയും ചെയ്തതാണ്.  ആസമയം അവര്‍ സുദേവിനെ പ്രതീക്ഷിച്ചിരുന്നു. വന്നപ്പോള്‍ ഓഫാക്കിയിരിക്കുന്നു.

       വാതില്‍ തുറന്ന സ്ത്രീ അവനടുത്തു നിന്നു തന്നെ ഉറക്കെ വിളിച്ചു.

       വിനോദ്…

       ഏസ്…യേസ്… ഐ വില്‍…

       ത്രീഫോര്‍ത്തില്‍, മങ്ങിയ നീലനിറമുള്ള ടീ ഷര്‍ട്ടില്‍ വിനോദ് മുന്നിലെത്തിയപ്പോള്‍ സുദേവിന,് ലാസറലി രാജയുടെ ജോലി ഏറ്റെടുത്തതില്‍ ആദ്യമായി തെറ്റിപ്പോയെന്നു തോന്നി.

       സാര്‍… ഞാന്‍ എഴുതിയതു വായിച്ചു കേള്‍പ്പിക്കാന്‍ വന്നതാണ്…

       ഏസ്… ഏസ്… ഐനോ…. സാമുവലും അനിതയുമൊക്കെയിവിടെയുണ്ട്… ഇവരൊന്നും നമ്മുടെ ഗസ്റ്റുകളല്ല… യൂനോ… ഇറ്റ്സ്  എ റൂട്ടീന്‍ പ്രോഗ്രാം… കമോണ്‍…നമുക്ക് സ്ഥലമുണ്ടാക്കാം… യൂനോ സുദേവ്…. ഇത് നമ്മുടെ തന്നെ പ്രോപ്പര്‍ട്ടിയാണ്… ഈ ഫ്ളാറ്റ് മാത്രമേ നമ്മുടെ കൈയ്യിലുള്ളൂ… ഇത് മൂന്നു ഫ്ളാറ്റുകളുടെ ഏരിയ ഒന്നിച്ചാക്കിയതാണ്…. ഇഷ്ടം പോലെ സൗകര്യമുണ്ട്…. ഈ നിലയില്‍ വേറെ ഫ്ളാറ്റുകളില്ലാതാനും… നമ്മുടെ ആവശ്യത്തിന് പ്രത്യേകം കരുതി വച്ചതാണ്…

       ആളില്ലാത്ത മുറിയില്‍ സുദേവ് കേള്‍വിക്കാരെ കാത്ത് പത്തു മിനിട്ടിരുന്നു.  അനിത അവന് ജ്യൂസും സ്നാക്കസുമായിട്ടെത്തി കൂടെ വിനോദും സാമുവലും മറ്റു രണ്ടു പേരും.

       സുദേവ്… ഇദ്ദേഹം വിമര്‍ശകനാണ് ഡോ. ജോര്‍ജ് ജോഷി കല്ലുങ്കല്‍… ഇവന്‍ സ്ക്രിപ്റ്റ് റൈറ്റര്‍ മധു വാകത്താനം…

       മറ്റു മുറികളില്‍ നിന്നും ശബ്ദഘോഷങ്ങള്‍ എത്താതിരിക്കാന്‍ അവന്‍ വാതിലടച്ചു.  വാതിലടച്ചിട്ടും മുറിയാകെ മദ്യത്തിന്‍റെയും പുകയുടേയും ഗന്ധം ശ്വാസം മുട്ടിനില്‍ക്കുന്നുണ്ടെന്നവനു തോന്നി. അവകളെ പുറത്താക്കന്‍ തുറസ്സായിടത്തേക്ക് ജനലിലനെ തുറന്നു വച്ചു..  ഏസി ഓഫ് ചെയ്ത് സീലിംഗ് ഫാനും പെഡല്‍സ്റ്ററും ഓണാക്കി…..

       സുദേവ,് ഡോക്ടര്‍ ലാസറലി രാജയുടെ ആത്മകഥയിലെ ഒന്നാമത്തെ അദ്ധ്യായം ഇങ്ങിനെ വായിച്ചു തുടങ്ങി.

       തെളി നീരൊഴുകുന്ന അരുവി പോലെയായിരുന്നു ജീവിതം.  കാലവര്‍ഷത്തിനെ തുടര്‍ന്ന് തുലാ മഴയും കഴിഞ്ഞ് അന്തരീക്ഷം തെളിഞ്ഞ് കൊച്ചു കുഞ്ഞിന്‍റെ പുഞ്ചിരി പോലെ നിഷ്കളങ്കമായി കിടക്കുന്ന സമയത്തെ അരുവി പോലെ.  കണ്ണീരു പോലെ തെളിഞ്ഞിട്ട്.  യൂപി സ്ക്കൂള്‍ അദ്ധ്യാപകനായ അച്ഛന്‍ പത്മനാഭനോടൊത്ത് (അല്ല പത്മനാഭന്‍ നയര്‍ എന്നു തന്നെ വേണം.) പത്മനാഭന്‍ നായരോടൊത്ത് രാവിലെ തോട്ടില്‍ കുളിക്കാന്‍ പോകുന്നതിന്‍റെ ഓര്‍മ്മയാണ് ബാല്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യമായി മനസ്സിലേക്കോടി വരുന്നത്.

       (പിന്നീട് അത് വായിച്ചപ്പോള്‍ നിവേദിത ഒരു കമന്‍റ് പറഞ്ഞു. അതെ ആകുമെങ്കില്‍ കുറഞ്ഞത് നായരെങ്കിലുമാകണം.  പണ്ടത്തേ പോലെയല്ല, ഇന്ന് നായര്‍ക്ക് നല്ലകാലമാണ്.  ശൂദ്രനായ നായര്‍ മുതല്‍ മുകളിലേക്ക് ക്ഷത്രിയനായ വര്‍മ്മയുടെ വീടുകളില്‍ നിന്നും ബാന്ധവം കിട്ടും ഇന്ന്.  കെ. ബാലകൃഷ്ണന്‍റെ ജാതി വര്‍ണ്ണങ്ങളെ കുറിച്ചുള്ള പുസ്തകത്തിലാണെന്നു തോന്നുന്നു കേളത്തിലെ ക്ഷത്രിയര്‍ സമ്പത്തു കൊണ്ടും കയ്യൂക്കു കൊണ്ടും കേമന്മാര്‍ ആയ നായന്മാരു തന്നെയാണെന്ന്  പറഞ്ഞിട്ടുള്ളത്.  അച്ഛന്‍ പത്മനാഭന്‍ നായര്‍ അപ്പോള്‍ മകനായിട്ട് രാജന്‍ മതി, കുഞ്ഞുമോനെന്ന പേരിനൊരു നപുംസക ഛായയുണ്ട്.  ആണ്‍ പെണ്‍ വ്യത്യാസത്തെ അല്ല ഞാന്‍ അര്‍ത്ഥമാക്കിയത,് ജാതി മത തിരിവിനെയാണ്.  ഓക്കെ… അതെന്തുമാകട്ടെ…)

       തലയിലും മുഖത്തും മുട്ടിനു താഴെ മുതല്‍ കാലിലും എണ്ണ തേച്ച് തോര്‍ത്ത് തോളില്‍ ഇട്ട്, ഇടതു കൈയ്യില്‍ ഉമിക്കരിയും ഈര്‍ക്കിലിയും വലതു കൈയ്യില്‍ സോപ്പു പെട്ടിയുമായി സുസ്മേരവദനനായി തോട്ടിലേക്കുള്ള യാത്ര.  അച്ഛന്‍റെ കൈയ്യില്‍ സോപ്പു പെട്ടിയുണ്ടാകില്ല. കാരണം രണ്ടു പേര്‍ക്കും കൂടി ഒന്നു മതിയല്ലോ. റോഡിന് അത്ര വീതിയൊന്നുമില്ല.  ഇപ്പോഴത്തെ അളവു വച്ചു പറഞ്ഞാല്‍ കഷ്ടിച്ച ് ഒരു കാറിന് പോകാനുള്ള വീതി.  ചെമന്ന മണ്ണാണ്, നന്നായി ഉറച്ചത്.  നല്ല വേനല്‍ക്കാലത്തു പോലും പൊടി പറക്കുകയില്ല.  എതിരെ വരുന്നവരെ നോക്കി മന്ദഹസിച്ച് ആവശ്യമുള്ളവരോടു കുശലം പറഞ്ഞ്, ചായക്കടയുടെ മുന്നിലെത്തി ഒരു നിമിഷം നിന്ന് കടയുടെ തിണ്ണയില്‍ ബഞ്ചില്‍ ഇരുന്ന് ചായ കുടിക്കുന്നവരോടു വിശേഷങ്ങള്‍ തിരക്കി, അടുത്ത പലചരക്കു കടയുടെ മുന്നിലോ, ചായക്കടയിലിരുന്നു തന്നെയോ ബീഡി വലിക്കുന്നവരെ നോക്കി ശാസനയുള്ള കണ്ണുകളൊന്ന് ചലിപ്പിച്ചുള്ള പോക്ക് എന്‍റെ അല്ല അച്ഛന്‍റെ…

       തോട്ടിലെ കണ്ണീര്‍പോലെ തെളിഞ്ഞ വെള്ളത്തില്‍ കുഞ്ഞു മീനുകള്‍ ഓടി നടക്കുന്നതു കാണാം. മുട്ടിനോളം, അരയോളം വെള്ളത്തിലായാലും അടിയില്‍ കിടക്കുന്ന വെള്ളാരം കല്ലുകളെ കാണാം.  ചിലപ്പോള്‍ കുഞ്ഞു തവളകള്‍ കുളി കഴിഞ്ഞ് കരയില്‍ കയറിയിരിക്കുന്നതും കാണാം.  തവള കുഞ്ഞുങ്ങളെ കണ്ട് മോഹിച്ച് പറന്നെത്തുന്ന കാക്കകളെ കാണാം.  തക്കം കിട്ടിയാല്‍ തവള കുഞ്ഞുങ്ങളെ കാക്ക റാഞ്ചി എടുത്ത് കൂട്ടിലിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് കളിക്കാന്‍ കൊണ്ടു പോകുന്നത് കാണാം.

       സ്ക്കൂളിലേക്ക് നടന്നു തന്നെയാണ് യാത്ര.  അച്ഛന് പിന്നാലെ ആണ്‍കുട്ടികള്‍ പിന്നെ പെണ്‍കുട്ടികള്‍. കഷ്ടിച്ച് ഒരു കിലോമീറ്റര്‍ നടന്നാല്‍ പള്ളി വക സ്ക്കൂളിലെത്തും.  അവിടെ ഒന്നു മുതല്‍ പത്തു വരെ പഠനമുണ്ട്.  പള്ളി വക സ്ക്കൂളായിരുന്നതു കൊണ്ട് അച്ഛന് അവിടെ നിന്നും ഒരിടത്തേക്കും മാറ്റം കിട്ടി പോകേണ്ടി വന്നിട്ടില്ല.  രാവിലെ സ്ക്കൂളിലേക്കുള്ള പോക്ക് ആനന്ദകരം തന്നെയാണ്.  അച്ഛന് പിന്നാലെയുള്ള നടത്തത്തിനിടയില്‍ ആരും ഒന്നും മിണ്ടുകില്ല.  ആംഗ്യ ഭാഷയും കൂടുതലായിട്ട് നയന ഭാഷയുമാണ് ഉപയോഗിച്ചിരുന്നത്.  പെണ്‍കുട്ടികളുടെ മുഖത്താണെങ്കില്‍ സദാസമയം ഒരു കള്ളച്ചിരി വിടര്‍ന്നു നില്‍ക്കും.  അടക്കി നിര്‍ത്താന്‍ കഴിയാതെ വരുമ്പോള്‍ ചിലര്‍ ചിരിച്ചു പോകും.  ശബ്ദം അച്ഛന്‍റെ കാതിലെത്തുമ്പോള്‍ ചോദിക്കും.

       ആര്‍ക്കാ അഞ്ച് ഡിയിലെ ലീനക്കാണോ പൊട്ടിപ്പോയത്…?

       അല്ല, ആറ് ബീയിലെ ഗീതക്കാ….           

       എന്നാ, എന്താണെങ്കില്‍ പറഞ്ഞോ, ഞങ്ങളും ചിരിക്കാം.  അല്ലേ ഏഴു ഡീയിലെ രാമകൃഷ്ണാ…

       പിന്നെ കഥ പറച്ചിലും ചിരിയുമാകും.  അച്ഛന്‍ അങ്ങിനെ കടുപിടുത്തക്കാരനായിരുന്നില്ല.  അതു കൊണ്ടു തന്നെ കുട്ടികള്‍ ഒരു സ്നേഹിതന്‍റെ അടുത്തിടപഴകുന്നതു പോലെയായിരുന്നു, അച്ഛന്‍റെ അടുത്ത്.  അതൊരു മലയാള അദ്ധ്യാപകന്‍റെ ലാളിത്യവും തനിമയുമായിരുന്നെന്ന് പിന്നീടെവിടയോ വായിച്ചതോര്‍ക്കുന്നു.

       ഒരു ചെറിയ കുന്ന് നിരത്തിയെടുത്താണ് സ്ക്കൂള്‍ പണിതിരിക്കുന്നത്.  എല്‍പി സ്ക്കൂളായി തുടങ്ങി, യൂപിയാക്കി, ഹൈസ്ക്കൂളായി പരിണമിച്ചതാണെന്ന് രേഖകള്‍. യൂപി ആയപ്പോള്‍ ഓടു മേഞ്ഞു.  ഹൈസ്ക്കൂളാക്കിയപ്പോള്‍, ഹൈസ്ക്കൂളിനു വേണ്ടി വേറിട്ടൊരു കെട്ടിടം പണിഞ്ഞു, രണ്ടു നിലയില്‍ വാര്‍ക്ക.  ഹൈസ്ക്കൂളായിരുന്നെങ്കിലും ഹെഡ്മാസ്റ്റര്‍ കഴിഞ്ഞാല്‍ അച്ഛനായിരുന്നു സ്ക്കൂളിലെ അധികാരി.  ചൂരല്‍ വടിയും പിറകില്‍ കരുതി സ്ക്കൂള്‍ വരാന്തയിലൂടെ കരയുന്ന ചെരിപ്പുമായി വരുന്ന ഹെഡ്മാസ്റ്ററെ കണ്ടാല്‍ ക്ലാസ് റുമുകള്‍ നിശ്ശബ്ദമാകും.  അപകട മരണ വീടു പോലെ.  സുസ്മേര വദനനായി പൂച്ചുയുടെ നടത്തം പോലെ വരാന്തയിലൂടെ നടന്നു വരുന്ന അച്ഛനെ കണ്ടാല്‍ കുട്ടികള്‍ ഒരു വന്ദനം കൊടുത്ത് ക്ലാസില്‍ കയറിയിരിക്കും.  കുട്ടികളുടെ എന്തിനും ഏതിനും അച്ഛനുണ്ടാകും.  മറ്റേതോ സ്ക്കൂളില്‍ നിന്നും സ്ഥലം മാറി വന്ന ദേവന്‍ എന്ന പടം വരക്കാരനെ യുവജനോത്സവത്തിനു കൊണ്ടുപോയി സംസ്ഥാനത്തു തന്നെ ഒന്നാമനാക്കിയത് അച്ഛനായിരുന്നു.  ദേവന്‍ പത്താം ക്ലാസ്സു കഴിഞ്ഞ് പോകും വരെയുള്ള മൂന്നു വര്‍ഷക്കാലം പത്രത്തില്‍ സ്ക്കൂളിന്‍റെ പേരു വന്നു.  മൂന്നാമത്തെ വര്‍ഷം ദേവനോടൊത്ത് അച്ഛന്‍റെ ഫോട്ടോ വരികയും ചെയ്തിരുന്നു.

       അമ്മ കഥകളുടെ ഒരു നിധി ശേഖരമായിരുന്നു.  എനിക്കോര്‍മ്മ വച്ച നാള്‍ മുതള്‍ മാറോട് ചേര്‍ത്തു കിടത്തി മര്‍മ്മരമായിട്ടമ്മ കഥകളായി മനസ്സിലേക്ക്, ആത്മാവിലേക്ക് കയറി വരികയായിരുന്നു. ഒറ്റ മകനായിരുന്നതു കൊണ്ടാകാം അകറ്റാന്‍ കഴിയാത്ത അത്ര അടുപ്പമായിരുന്നു അമ്മയ്ക്ക്.

       പഞ്ചതന്ത്രം കഥകളും വിക്രമാദിത്യ കഥകളും, ജാതക കഥകളും സാരോപദേശ കഥകളും  ബൈബിള്‍ കഥകളും.

       ആമയും മുയലും  ആലീബാബയും നാല്പത്തി ഒന്ന് കള്ളന്മാരും വിക്രമാദിത്യനും വേതാളവും ബുദ്ധനും ബിംബിസാരനും സീതയും രാമനും പാഞ്ചാലിയും ഭീമനും കൃഷ്ണനും രാധയും….

       ഏതു കഥയാണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയില്ല, കഥകളുടെ ഉള്‍ക്കാമ്പു കൊണ്ടല്ല, അമ്മയുടെ സ്വരമാധുരി കൊണ്ടും വശ്യത കൊണ്ടും പറയുന്ന ശൈലി കൊണ്ടുമാണങ്ങിനെ ആയത്.  അമ്മ പറയുന്നൊരു രാജകുമാരന്‍റെ കഥയുണ്ട്, പിന്നീടെങ്ങും വായിക്കാത്ത കഥ. ഒരു പക്ഷെ, അതമ്മ തന്നെ ഉണ്ടാക്കിയതായിരുന്നിരിക്കണം.  പണ്ട്, പണ്ട്, കേദാരം എന്ന ദേശത്ത് കേദാരനാഥന്‍ എന്നൊരു രാജാവ് വാണിരുന്നു.  സുന്ദരനും സുഭാഷിതനുമായിരുന്ന അദ്ദേഹത്തിന് സുന്ദരിയും സുശീലയുമായ ഭാര്യയുണ്ടായുരിന്നു.  അദ്ദേഹത്തിന് ഒരു ഭാര്യ അല്ല ഉണ്ടായിരുന്നത്.  അതില്‍  ഏറ്റവും സുന്ദരിയുടെ കഥയാണിത്.  ശക്തരായ പല രാജാക്കന്മാര്‍ക്കും പുഷ്പക വിമാനങ്ങള്‍ ഉണ്ടായിരുന്നു.  അതില്‍ ഏറ്റവും സുന്ദരമായിരുന്ന വിമാനം നമ്മുടെ കഥയിലെ രാജാവിനായിരുന്നു.  അതിനെ അറുപത്തിനാലു തരം പൂക്കളെക്കൊണ്ട് അലങ്കരിച്ചിരിന്നു.  അറുപത്തിനാലു തരം പൂക്കള്‍ക്കും അറുപത്തിനാലു നിറങ്ങളായിരുന്നു.  അതിനൊക്കെ വ്യത്യസ്തമായ മണങ്ങളുമായിരുന്നു.  അറുപത്തിനാലു തരം സുഗന്ധങ്ങള്‍.  മാനത്തു കൂടി വിമാനം യാത്ര ചെയ്യുമ്പോള്‍ ആ മണങ്ങളെല്ലാം ഭൂമിയിലെത്തി ജനങ്ങളെ ഉണര്‍ത്തി മത്തരാക്കുമായിരുന്നു.  അതു കൊണ്ടു തന്നെ ഇതര രാജാക്കന്മാര്‍ക്കു മാത്രമല്ല സാധാരണ ധനികര്‍ക്കും രാജാവിനോട് അസൂയ ഉണ്ടായിരുന്നു.  അങ്ങിനെ യാത്ര ചെയ്തു കൊണ്ടിരിയ്ക്കെ വനാന്തരത്തിലൊരു പൊയ്കയില്‍ കുളിച്ചു  കൊണ്ടിരുന്ന ഒരു താപസ കുമാരിയെ രാജാവ് കാണാനിടയായി.  അവളുടെ സൗന്ദര്യം അവര്‍ണ്ണനീയമായിരുന്നു, നടനം രംഭതിലോത്തമമാരേക്കാള്‍ ശ്രേഷ്ടമായിരുന്നു.  ആകാരം പാഞ്ചാലിയെ വെല്ലുന്നതായിരുന്നു. ഭാഷണം സീതക്കു തുല്യമായിരുന്നു.  അഭിമാനം പാര്‍വ്വതിയെ തോല്പിക്കുന്നതായിരുന്നു.  സ്നാനം കഴിഞ്ഞ് കയറി തപോവനത്തിലേയ്ക്ക് ആനയിക്കപ്പെട്ട കന്യകയുടെ പിന്നാലെ രാജാവും തപോവനത്തിയെത്തി.  താപസനെ കണ്ടു. കന്യകയെ വിവാഹം ചെയ്തു തരണമെന്ന് അഭ്യര്‍ത്ഥിച്ചു. പക്ഷെ, അദ്ദേഹത്തിന് വേണ്ടിയിരുന്നത് കുബേരനേക്കാള്‍ ധനികനും, ഇന്ദ്രനേക്കാള്‍ സുന്ദരനും ശിവനേക്കാള്‍ ശക്തനും മനുവിനേക്കാള്‍ ജ്ഞാനിയുമായ ഒരു രാജാവിനെ ആയിരുന്നു.  ആവശ്യങ്ങളുടെ കഥകേട്ടു കഴിഞ്ഞപ്പോള്‍ രാജാവിന് ഒരു തമാശയായിട്ടാണ് തോന്നിയത്.  ഇവരെയൊക്കെ വരുത്തണമെന്നും അവരോടൊക്കെ മത്സരിച്ച് ജയിക്കുമെന്നും രാജാവ് പറഞ്ഞു.  താപസന്‍റെ അഭ്യര്‍ത്ഥന കേട്ട് കുബരനും ഇന്ദ്രനും ശിവനും മനുവും എത്തിച്ചേര്‍ന്നു.  അളന്നു നോക്കേണ്ടത് അളന്നു നോക്കി, ഉരച്ചു നോക്കേണ്ട് ഉരച്ചു നോക്കി, തൂക്കി നോക്കേണ്ട് തൂക്കി നോക്കി, കണ്ട് മനക്കണക്കില്‍ അറിയേണ്ട് അങ്ങിനെ അറിഞ്ഞ് രാജാവു തന്നെ മുമ്പനെന്നറിഞ്ഞ് താപസന്‍ കുമാരിയെ  വിവാഹം ചോയ്തു കൊടുത്തു.  ഇന്ദ്രനും കുബേരനും, ശിവനും മനുവും എണ്ണിയാലൊടുങ്ങാത്ത, അളന്നാല്‍ തീരാത്ത, തൂക്കിയാല്‍ എത്താത്ത അത്ര സമ്മാനങ്ങളും വരങ്ങളും കൊടുത്ത് അവരെ പുഷ്പക വിമാനത്തില്‍ ദേശാടനത്തിനയച്ചു.

       സ്ക്കൂളില്‍ പോയി വരുന്ന സമയത്ത് അമ്മയുടെ പാലു കുടിക്കുമായിരുന്നു.  അമ്മയ്ക്ക് വേദനിച്ചും ഇക്കിളിപ്പെട്ടും തുടങ്ങിയപ്പോള്‍ ചെന്നി നായകം തേച്ചാണ് കുടി നിര്‍ത്തിയത്.  സ്ക്കൂളില്‍ പോയിത്തുടങ്ങി, പുതിയ കൂട്ടുകളും അറിവുകളും കിട്ടിയപ്പോള്‍ അമ്മയോടു ചോദിച്ചു, എനിക്ക് മാത്രമെന്താണ് അനുജനും അനുജത്തിയും ഇല്ലാത്തതെന്ന്.  അമ്മ പറഞ്ഞു, അമ്മയുടെ സ്നേഹം മുഴുവന്‍ എന്‍റെ മോനുമാത്രം തരുന്നതിനു വേണ്ടിയാണെന്ന്, അനുജനും അനുജത്തിയും ഉണ്ടായാല്‍ അവര്‍ക്കു കൂടി കൊടുക്കേണ്ടി വരില്ലേയെന്ന്.  ശരിയാണെന്നു തോന്നി.  അച്ഛനോടു ചോദിച്ചപ്പോള്‍ അച്ഛനും അങ്ങിനെ തന്നെയാണ് ചിന്തിക്കുന്നതെന്നു പറഞ്ഞു.

       സെറ്റു മുണ്ടും നേര്യതും വിടര്‍ത്തിയിട്ട മുടിയും തുളസ്സിക്കതിരും അങ്ങിനയേ അമ്മയെ കണ്ട ഓര്‍മ്മയുള്ളൂ…. അല്ല, അമ്മ അങ്ങിനെ മാത്രമേയിരിക്കാറുള്ളൂ.  സദാ പുഞ്ചിരി വിടര്‍ന്നിരിക്കുന്ന മുഖവും. മുറ്റത്തെ തുളസിക്കു വെള്ളമൊഴിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ പിറു പിറുക്കുന്നത് കേള്‍ക്കമായിരുന്നു.  അമ്മ പറഞ്ഞത് തുളസിയോടു സംസാരിക്കുന്നതാണെന്നാണ്.  അമ്മ തുളസിയോടു മാത്രമല്ല എല്ലാ ചെടികളോടും സംസാരിക്കുമായിരുന്നു.  അമ്മ സംസാരിക്കുമ്പോള്‍ ചെടികള്‍  ചെവി കൂര്‍പ്പിച്ചു നില്‍ക്കുന്നതു കാണാം.  അവര്‍ക്ക് സ്നേഹം കൊടുത്താല്‍ കൂടുതല്‍ പൂക്കള്‍ തരുമെന്നാണ് അമ്മയുടെ വിശ്വാസം.  അമ്മ കറമ്പി പശുവിനോടും മകളോടും അങ്ങിനെ സംസാരിക്കുന്നതു കേള്‍ക്കാം.  അവരോട് സംസാരിക്കുക മാത്രമല്ല.  തൊഴുത്ത് വൃത്തിയാക്കുമ്പോള്‍ പശുക്കളെ കുളിപ്പിക്കുമ്പോള്‍ പാട്ടുകള്‍ പാടുകയും ചെയ്യും.  പാട്ടുകള്‍ കേട്ടാല്‍ അവര്‍, പശുക്കള്‍ കൂടുതല്‍ പാലു തരുമെന്നാണ് അമ്മയുടെ വാദം.  വീടിന് പിറകില്‍ അധിക സ്ഥലമൊന്നുമില്ലായിരുന്നു, ഉള്ളിടത്ത് പത്തു മുപ്പത് കപ്പ, ചേന ചേമ്പ്, പയറ് വഴുതന ഒക്കെ വളര്‍ത്തിയിരുന്നു.  അവരുടെയൊക്കെ ചുവട്ടിലൂടെ അച്ഛനും നടക്കുമായിരുന്നു.  അതു കണ്ട് നടന്നപ്പോഴാണ് അവരുടെ സ്നേഹ ഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞത്.  അവര്‍ കരുതിയിരുന്നത് എനിക്ക് മനസ്സിലാകില്ലെന്നാണ്.  അവരൊരിക്കല്‍ അമ്മയുടെ സൗന്ദര്യത്തെ പറഞ്ഞ് അസൂയപ്പെടുന്നതു കണ്ടു.  ഞാന്‍  അമ്മയോടു പറയുമെന്നു പറഞ്ഞപ്പോള്‍ അവര്‍ തല്ലു തരുമെന്നു പറഞ്ഞു.  എന്‍റെ ദേഹം കുളിര്‍മ കൊണ്ടു.  പറമ്പില്‍  വളരുന്ന കൃഷിയിനങ്ങള്‍ക്കൂടി അമ്മയെ എന്തു മാത്രം ഇഷ്ടമാണ്.

       വായിച്ച ശേഷം വളരെ നിര്‍ബ്ബന്ധിച്ചിട്ടും അവരുടെ ഭക്ഷണവും പുകയും പാട്ടും നൃത്തവും സ്വീകരിക്കാതെ സുദേവ് ലാസറിടത്തേക്ക് മടങ്ങി.

                                         ***

       സുദേവിന് ഉറങ്ങാന്‍ കഴിഞ്ഞില്ല.  മനസ്സില്‍ നിറയെ കാഴ്ചകളാണ്, കഴിഞ്ഞ രണ്ടു മണിക്കൂറകള്‍ കൊണ്ട് കിട്ടിയത്. 

       എത്തിപ്പെട്ടത് മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും ഇടത്താവളത്തിലായിരുന്നു.  പലരും പറഞ്ഞു കേട്ട കഥകള്‍ നേരിട്ട് കാണാന്‍ കളിഞ്ഞിരിക്കുന്നു…. അടുത്ത നാളില്‍ പത്ര-ദൃശ്യ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു നിന്ന കഥ, സിനിമാ പ്രവര്‍ത്തകരുടെ മയക്കു മരുന്നുമായുള്ള ബന്ധം…. കാറിടിച്ച് സെക്യൂരിറ്റിക്കാരനെ കൊന്ന കഥ… ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന വിപണനവും ഉപയോഗവും വളരെ അധികമായിരിക്കുന്നു.  ന്യൂ ജനറേഷന്‍ ചിന്തകളും  മാര്‍ഗ്ഗങ്ങളും ലക്ഷ്യങ്ങളും മാറിയിരിക്കുന്നു. കഴിഞ്ഞ തലമുറകള്‍ ന്യൂ ജനറേഷന്‍ ആയിരുന്ന കാലഘട്ടങ്ങളേക്കാള്‍ ജുഹുപ്സാവഹവും മലീമസവുമായിരിക്കുന്നു.

       പുലര്‍കാലത്തിന്‍റെ സുഖാലസ്യത്തില്‍ മനസ്സും ശരീരവും തണുത്തപ്പോള്‍ സുദേവ് ഒന്നു മയങ്ങി.  ആ മയക്കത്തിനെ നിഷ്കരുണം നശിപ്പിച്ചു കൊണ്ട്  മൊബൈല്‍ വിളിച്ചു.

       കണ്ണുകള്‍ തുറക്കാതെ കിടക്കയില്‍ തന്നെ കരുതിയിരുന്ന ഫോണെടുത്ത് ചെവിയോടടുപ്പിച്ചു..

       സുദേവ് നിങ്ങള്‍ ഇന്നലെ  നന്നായി ഉറങ്ങിയില്ല, വെളുപ്പാന്‍ കാലത്തിന് മുമ്പ് എപ്പോഴോ കിട്ടിയ മയക്കത്തില്‍ സ്വപ്നം കണ്ടുണര്‍ന്നു, വീണ്ടും ഇപ്പോള്‍ ഒരു മയക്കത്തില്‍ അമരാന്‍ ശ്രമിക്കുകയോ, ശ്രമിക്കാതെ തന്നെ മയക്കത്തിലേക്ക് കടക്കുകയോ ചെയ്യുകയുമായിരുന്നു, അല്ലേ…?

       നിങ്ങളാരാണ്….?

       ഏസ്, ആ ചോദ്യമേ നിങ്ങള്‍ ആദ്യം ചോദിക്കുകയുള്ളൂവെന്ന ് എനിക്കറിയാം.  പക്ഷെ, ഞാന്‍ പ്രതീക്ഷിച്ചതു പോലെ ദേഷ്യം ചോദ്യത്തില്‍ കണ്ടില്ല.  അതെന്നെ ചെറുതായെന്ന് അത്ഭുതപ്പെടുത്തുന്നുണ്ട്. അതെന്തുമാകട്ടെ. നിങ്ങളെ ഉറക്കാതിരിക്കാന്‍ വേണ്ടി തന്നെയാണ് ഇപ്പോള്‍ വിളിച്ചത്. 

       നിങ്ങള്‍ ആരാണ്… എന്താണ് വേണ്ടത്…?

       ഞാന്‍ ആരാണെന്നത് പ്രസക്തമാണ്. പക്ഷെ, ഇപ്പോള്‍ അത് വെളിപ്പെടുത്താന്‍ കഴിയില്ല. എന്താണ് വേണ്ടതെന്ന്,  അതത് സമയങ്ങളില്‍ നിങ്ങളോട് പറഞ്ഞു കൊണ്ടിരിക്കും.  വഴികള്‍ നിങ്ങള്‍ക്ക് കാണിച്ചു തന്നു കൊണ്ടിരിക്കും.  വളരെ ചുരുക്കത്തില്‍ നിങ്ങളോട് പറയാം. ലാസറലി രാജയെ കേട്ടഴുതാന്‍ നിങ്ങളെ തെരഞ്ഞെടുത്തത് അദ്ദേഹത്തിന്‍റെ മാത്രം തീരുമാനമല്ല.  അദ്ദേഹത്തിന്‍റെ അഭിപ്രായത്തിന് പത്തു ശതമാനം പരിഗണനയേ കൊടുത്തിട്ടുള്ളൂ. അദ്ദേഹത്തിന്‍റെ ബിസിനസ്സ് സാമ്രാജ്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന അമ്പതുപോരുടെ തീരുമാനമാണ്.  അന്ന് അവസാന ഇന്‍റര്‍വ്യൂവിന് വന്നതില്‍ പെര്‍ഫോമെന്‍സ്സില്‍ നിങ്ങളായിരുന്നു ഏറ്റവും പിന്നില്‍.  നിവേദിതക്കും താഴെ. പക്ഷെ, സെലക്റ്റ് ചെയ്തത് നിങ്ങളെ, അതിന് ഒറ്റ കാരണമേയുള്ളൂ. നിങ്ങളുടെ കൈകളില്‍ കെട്ടുകളില്ല. പിന്നില്‍ കൈകളില്ല.  മനസ്സിലായെന്നു കരുതുന്നു.  ഇല്ലെങ്കില്‍ പറയാം, ജോലി സംബന്ധമായ ബന്ധങ്ങള്‍, ഫാമിലി പരമായ ബന്ധുക്കള്‍, സാമ്പത്തീകമായ ശക്തി. വ്യക്തമായിക്കാണും.  നിങ്ങള്‍ക്ക് അഡ്രസ്സ് ചെയത് പറയാനൊരു തെഴിലില്ല.  ധനമില്ല. ബന്ധുക്കള്‍ നിര്‍ധനരും.  അതു കൊണ്ടു തന്നെ നിങ്ങള്‍  ലാസറലി പറയുന്നതു കേള്‍ക്കും. കേള്‍ക്കും എന്ന് ഞാല്‍ പറഞ്ഞത് വളരെ ശക്തമായിട്ടുതന്നെ കാണുക,  എല്ലാവിധ അര്‍ത്ഥങ്ങളോടെയും മാനങ്ങളോടെയും.  അയ്യായിരം കോടിയോളം രൂപയുടെ പരസ്യപ്പെടുത്തിയ ആസ്തിയുള്ള ബിസിനസ്സ് ഗ്രൂപ്പിന്‍റെ തീരുമാനമാണത,് വെറും വാക്കല്ല.

       ഇടയ്ക്ക് അയാള്‍ സംസാരം നിര്‍ത്തിയപ്പോള്‍ സുദേവ് സമയം നോക്കി.  നേരം വെളുക്കുന്ന ആറു മണി. പുറത്ത് കാക്കകള്‍ കരയുന്ന ശബ്ദം, അതിനിടയില്‍ തന്‍റെ സ്നേഹിതരുടെ ശബ്ദങ്ങളും കേള്‍ക്കുന്നുണ്ടോയെന്ന് വറുതെ ചെവി കൂര്‍പ്പിച്ചു.  ഫോണ്‍ വിളി നല്‍കിയ വിഹ്വലമായ ചിന്തയിലേക്ക് കടക്കും മുമ്പുണ്ടായ ചെറിയ ഒരു ആലോചനയാണ്.  അത് കഴിഞ്ഞയുടനെ ഫോണ്‍ വിളിയുമായിട്ടുള്ള ചിന്തയിലേക്ക് മനസ്സ് കടന്നു. ചിന്ത അങ്ങിനെ കാര്യമായിട്ട് മുമ്പോട്ടു പോയില്ല.  അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി.

       അവര്‍ ലാസറലിയോട് ആവശ്യപ്പെട്ടത് അദ്ദേഹത്തിന്‍റെ ഒരു ജീവചരിത്രം എഴുതിക്കാനാണ്, യഥാര്‍ത്ഥ ചരിത്രമല്ല, അതു വെറും ചവറും ചീഞ്ഞതും പുളിച്ചതുമാണ്.  ഇപ്പോള്‍ ജീവിച്ചിരിക്കുന്ന മുതിര്‍ന്ന തലമുറയില്‍ പെട്ടവര്‍ക്ക് അറിയാവുന്നതുമാണ്.  അറിയുന്നതിനെ മാറ്റിയെടുക്കാന്‍ കഴിയില്ല.  പക്ഷെ, അറിയാത്തവരെ അറിയിക്കേണ്ട കാര്യമില്ല.  അറിയിച്ചിട്ടു കാര്യവുമില്ല.  അറിയുക്കുന്നത് കൂടെ നില്‍ക്കുന്നവര്‍ക്ക് മോശമായിത്തീരുകയും ചെയ്യും.  ഡോ. ലാസറലിയെ സംബന്ധിച്ച് ഏതായാലും പ്രശ്നമല്ല, പ്രശ്നമാക്കിയിട്ടു കാര്യവുമില്ല.  പക്ഷെ, മറ്റുള്ളവരെ സംബന്ധിച്ച് അത് കാര്യമാണ്.  ഇത്ര വിപുലമായ ഒരു ബിസിലസ്സ് ശൃംഖലയുടെ എം ഡി, നേതാവ് അങ്ങിനെയൊരു സാഹചര്യത്തില്‍ നിന്നും തരം താണ രീതികളിലൂടെ വന്ന ആളെന്ന് പറയുന്നതില്‍ ഒരു അലോരസം ഉണ്ട്.  അതൊഴിവാക്കാന്‍ വേണ്ടി  മനോഹരമായൊരു ജീവചരിത്രം എഴുതുക.  പക്ഷെ, അതിന് അദ്ദേഹം തയ്യാറായില്ല.  അതു കൊണ്ടാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെ കേട്ട്, കണ്ട്, അറിഞ്ഞ് സ്വതന്ത്രമായ തികച്ചും വ്യത്യസ്തമായ വീക്ഷണത്തില്‍ കുറെ കഥകളെഴുതുക എന്ന അനുനയത്തില്‍ എത്തിയത്.  അതിന്‍റെ കൂടെ അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഒരു ജീവചരിത്രവും എഴുതുക.  ജീവചരിത്രമെന്ന് അവരുദ്ദേശിക്കുന്നത് ആത്മകഥയാണ്.  മനോഹരമായ ഒരു ആത്മകഥ.  കഥകളെല്ലാം തൂലിക നാമത്തില്‍ പ്രസിദ്ധീകരിച്ച് ഒടുവില്‍ ആത്മകഥ പ്രകാശനം ചോയ്യുന്നതോടു കൂടി തൂലിക നാമത്തില്‍ നിന്ന് പുറത്ത് വന്ന് കഥകളും ഡോ. ലാസറലി രാജ എഴുതിയതാണെന്ന് പുറം ലോകത്തെ അറിയിക്കുക എന്നതാണ് അവര്‍ ഉദ്ദേശിക്കുന്നത്.  ലാസറലിയുടെ ജിവിതത്തിലെ കുറിച്ച് സത്യങ്ങള്‍ നിങ്ങളെ കാണിച്ചു തരും. കുറച്ച് മാത്രം.  അതുകള്‍ വച്ച് കഥകളെഴുതാം, അതോടൊപ്പും ആത്മകഥയും.

       ഞാന്‍ സാധിക്കില്ല, എന്നു പറഞ്ഞാല്‍….

       ശാന്തമായ സ്വരത്തിലാണ് സുദേവ് പറഞ്ഞത്. അവന്‍റെ മാനസ്സിക-ശാരിരിക നില, ആ സമയം അതിന്‍റെയൊക്കെ അവസ്ഥ വച്ച് അങ്ങിനെ അല്ല പ്രതികരിക്കേണ്ടിയിരുന്നത്.  ഫാ… മോനേ… നീയാരാ അതു പറയാനെന്നോ… വര്‍ദ്ധിച്ച ദേഷ്യത്തില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയോ ആണ് വേണ്ടിയിരുന്നത്.  പക്ഷെ, അങ്ങിനെ ആകാതിരുന്നതില്‍ തെല്ലൊരു അമ്പരപ്പ് ഉണ്ടായിട്ടും അയാള്‍ അത് പുറത്ത് കാണിക്കാതെ, അറിയിക്കാതെ പറഞ്ഞു.

       സാധിക്കില്ല എന്നു തീരുമാനിച്ചാല്‍ നിങ്ങള്‍ ചെയ്തതെല്ലാം ഉപേക്ഷിച്ചിട്ടു തിരിച്ചു പോകണം.  പിന്നീട് ഒന്നും ചെയ്യാതെ, ലാസറലിയെ കുറിച്ച് ചിന്തിക്കുക കൂടി ചെയ്യായെ നാട്ടിലെത്തി വീടുകളുടെ പെയിന്‍റ്പണി ചെയ്ത് ജീവിക്കണം. അവര്‍ തിരിഞ്ഞു നോക്കില്ല.  പറയുന്നതനുസരിക്കാതെ അവര്‍ക്കെതിരെ കാര്യങ്ങള്‍ നീക്കുമെങ്കില്‍ വളരെ നിസ്സാരമായിട്ട് ഈ ദൗത്യത്തില്‍ നിന്നും നിങ്ങളെ എടുത്തു മാറ്റും. മാറാന്‍ തയ്യാറായില്ലയെങ്കില്‍ ബുദ്ധിമുട്ടുണ്ടാകും.  എന്നിട്ടും ശല്യം തുടര്‍ന്നാള്‍ ഇത്രയും ആസ്തിയുള്ള, ആവശ്യത്തില്‍ കൂടുതല്‍ അധികാരസ്ഥാനങ്ങളില്‍ പിടപാടുകളുള്ള അവര്‍ക്ക് ഇന്നത്തെ മാറിയ ജീവിതസാഹചര്യത്തില്‍ നിങ്ങളെ ഇല്ലായ്മ ചെയ്യാന്‍ അത്രയ്ക്ക് തല പുകക്കേണ്ട കാര്യമൊന്നുമില്ല.  എന്നാല്‍ നേരെ തിരച്ച് ചിന്തിച്ചാല്‍ പ്രവര്‍ത്തിച്ചാല്‍ താങ്കള്‍ക്ക് സ്വപ്നം കൂടി കാണാന്‍ കഴിയാത്ത സമ്പത്ത് വന്നു ചേരുകയും ചെയ്യും. ഇത് പറയാനല്ല ഞാന്‍ വിളിച്ചത്.  നിങ്ങള്‍ ചെയ്യുന്നത് നീതിയുക്തമാണോ എന്ന് ചിന്തിക്കണം. ഈ സമൂഹത്തിന്‍റെ സാംസ്കാരികമായ, ജനാധിപത്യപരമായ, സാമ്പത്തീകമായ ഇടങ്ങളില്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയണം. ആ അറിവു വച്ചു കൊണ്ട് നിങ്ങള്‍ക്ക് പലതും ചെയ്യാന്‍ കഴിയും.  അതു ചെയ്യണമെന്നാണ് എന്‍റെ ആവശ്യം.

       ആവശ്യപ്പെടാന്‍ നിങ്ങള്‍ ആരാണെന്ന് ഞാന്‍ ആദ്യമേ ചോദിച്ചതാണ്….

       അത് പറയാന്‍ മാത്രമുള്ള ബന്ധം നമ്മള്‍ തമ്മില്‍ ഇപ്പോള്‍ ഇല്ല.  ആകുമ്പോള്‍ അറിയിക്കുകതന്നെ ചെയ്യും.

       എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്…..?

       അതെല്ലാം കാലാങ്ങളില്‍ അറിയിച്ചു കൊണ്ടിരിക്കും….

       ഞാനെന്താണ് ചെയ്യേണ്ടത്….?

       ഇപ്പോള്‍ ഞാന്‍ കാണാന്‍ പറയുന്നതെല്ലാം കാണുക, കേള്‍ക്കാന്‍ പറയുന്നതെല്ലാം കേള്‍ക്കുക, അറിയാന്‍ പറയുന്നതെല്ലാം അറിയുക… ഒന്നും സൗജന്യമായിട്ടു വേണ്ട… കാര്യങ്ങളുടെ പുരോഗതിയനുസരിച്ച് നിങ്ങളുടെ അക്കൗണ്ട് നമ്പറില്‍ പ്രതിഫലം ചോര്‍ത്തു കൊണ്ടിരിയ്ക്കും…

       ഓ… വാട്ടെ ഹൊറിബിള്‍ ജോബ് എന്നാണ് സുദേവിന്‍റെ മനസ്സ് പറഞ്ഞത്.  വേറെ എന്തു പറഞ്ഞാലും യോജിക്കില്ലായെന്നത് സൂക്ഷം.  സുദേവ് അയാള്‍ക്ക് മറുപടി കൊടുത്തില്ല.  തുടര്‍ന്നും അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.  അപ്പോഴൊക്കെ അവന്‍ ഒരു കാര്യം മാത്രം ചിന്തിച്ചു.

       പണ്ട് രാജാക്കന്മാര്‍ പ്രകീര്‍ത്തിച്ച് എഴുതാന്‍ കവികളെ കൂടെ താമസ്സിപ്പിച്ചിരുന്നു.  അവര്‍ക്കു ചെല്ലും ചെലവും കൊടുത്തിരുന്നു.  കാളിദാസനും വാല്‍മീകിയും അങ്ങിനയുള്ളവരായിരുന്നു.  വ്യാസന്‍റെ വിദ്യാഭ്യാസ കുലവും അങ്ങിനെയുള്ളതായിരുന്നു.  ഒരു രാജാവെഴുതാന്‍ പറഞ്ഞെഴുതിവരുമ്പോള്‍ മറ്റൊരു രാജാവ് കൂടുതല്‍ പ്രതിഫലം കൊടുത്ത് മാറ്റി എഴുതിച്ചിട്ടുണ്ടാകാം. എത്രയെല്ലാം മാറ്റലുകളും മറിക്കലുകളും തിരുത്തിയെഴുത്തുകളും ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും കഴിഞ്ഞിട്ടാകാം ഇതിഹാസങ്ങളും പുരാണങ്ങളും നമ്മുടെ കൈകൈളില്‍ എത്തിയിട്ടുണ്ടാവുക…..

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top