Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനെട്ട്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

പാലായില്‍ നിന്ന് മൂന്നര മണിക്കൂര്‍ യാത്ര വേണ്ടി വന്നു നിവേദിതയുടെ പത്രമോഫീസിലെത്താന്‍. പത്രമോഫീസില്‍ നിന്നും കിട്ടിയ വിവരം വച്ച് പത്തു മിനിട്ട് നടന്നാണ് നിവേദിത വാടകക്ക് താമസ്സിക്കുന്ന ലൈന്‍ കെട്ടിടത്തിലെത്തിയത്.  രണ്ടു മുറികളും ഒരടുക്കളയും ഒരു വരാന്തയുമുള്ള താമസ്സസ്ഥലത്തിന് അയ്യായിരം രൂപ വാടക കൂടുതലാണെന്നു തോന്നി.  മുന്‍ വശത്തെ മുറ്റത്തു നിന്ന് വരാന്തയും രണ്ടു മുറികളും അടുക്കളയും കടന്ന് ഇളം തിണ്ണയില്‍ ഇറങ്ങി പിറകിലെ മുറ്റത്തെത്തുന്നതു പോലെ നേര്‍ രേഖയില്‍ വാതില്‍ വച്ചുള്ള  പണി.  അതു പോലെ പന്ത്രണ്ട് വീട്ടുകാരാണ് ആ ലൈന്‍ കെട്ടിടത്തില്‍.  ഗ്രില്ലിട്ട് മറച്ച വരാന്തയില്‍ തന്നെ ചാരു കസേരയില്‍ നിവേദിതയുടെ അച്ഛനുണ്ടായിരുന്നു.  പ്രമേഹത്തിന്‍റെ ആധിക്യത്തില്‍ കിരീടം പോയ രാജാവിനെപ്പോലെ… നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഡ്രൈവറായിരുന്നപ്പോഴും  താമസ്സം വാടക വീട്ടില്‍ തന്നെ ആയിരുന്നു.  രണ്ടുപെണ്‍ കുട്ടികള്‍ക്കും നല്ല വിദ്യാഭ്യാസം കൊടുക്കണമെന്നേ ആഗ്രഹിച്ചിരുന്നുള്ളൂ. ചാരുലതക്കും നിവേദിതക്കും.  അമ്മ സുമതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലയിരുന്നു. ഭക്ഷണം പാകം ചെയ്തു കൊടുത്തും വസ്ത്രങ്ങള്‍ കഴുകി കൊടുത്തും അല്ലലില്ലാതെ ജീവിക്കുക എന്നതല്ലാതെ.  അഭിപ്രായങ്ങള്‍ പറയുകയും കാര്യങ്ങള്‍ നടത്തുകയും ചെയ്തിരുന്നത് ശിവശങ്കരന്‍ തന്നെ.  പതിനഞ്ചു വര്‍ഷം വരെ ഒരു വീട്ടില്‍ താമസ്സിച്ച ചരിത്രവുമുണ്ട്.  പെണ്‍കുട്ടികള്‍ പഠിക്കാന്‍ മിടുക്കികളായിരുന്നു.  സുന്ദരികളും.  മൂത്ത മകള്‍ ചാരുലത നിവേദിതയേക്കാള്‍ എന്തിനും ഒരു പടി മുന്നില്‍ നിന്നിരുന്നു.  അവള്‍ക്ക് കൂര്‍മ്മ ബുദ്ധിയായിരുന്നു.  അതുകൊണ്ട് കണക്ക് തന്നെ പഠിക്കാന്‍ തിരഞ്ഞെടുത്തു.

       ചാരു വിദ്യാഭ്യാസം കഴിഞ്ഞ് ഒരു കോളേജ് അദ്ധ്യാപിക അല്ലെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥ ആയി കഴിഞ്ഞ് ഒരു കുഞ്ഞു വീടൊക്കെ വച്ച,് കോളേജദ്ധ്യാപകനെ അല്ലെങ്കില്‍ ബാങ്ക് ഉദ്യോഗസ്ഥനെ കല്യാണം കഴിച്ച്, ഒരുമിച്ച് സുഖമായി കഴിയാമെന്നായിരുന്നു ഞാനും സുമതിയും കണക്കു കൂട്ടിയിരുന്നത്.  പക്ഷെ, എം എസ്സിക്ക് ആലുവാ യൂസി കോളേജിലായിരുന്നു.  അന്ന് അവിടെ അടുത്ത് ഒരു വീട്ടിലായിരുന്നു താമസ്സം.  പഠിത്തം കഴിയും മുമ്പെ, രണ്ടാം കൊല്ലം കോളേജിനു മുന്നില്‍ ഓട്ടോ ഓടിച്ചു കൊണ്ടിരുന്ന സക്കീറിനെ കല്യാണം ചെയ്ത്  അവന്‍റെ മുട്ടത്തെ വീട്ടില്‍ താമസ്സം തുടങ്ങി.  മുട്ടത്തു നിന്നം സ്റ്റാന്‍റേര്‍ഡ് പോട്ടറീസിലേക്കു പോകാനുള്ള ഒരു എളുപ്പ വഴിയുണ്ട്.   ആ വഴിക്ക് ഒരഞ്ചു സെന്‍റ് സ്ഥലത്ത് ഒരു കുഞ്ഞു വീട്.  വീട്ടില്‍ സക്കീറിന്‍റെ വാപ്പയും ഉമ്മയും മൂന്നു പെങ്ങമ്മാരും. പെങ്ങന്മാരെ നേരത്തെ തന്നെ വിവാഹം ചെയ്ത് അയച്ചിരുന്നു. …അവന്‍റെ വാപ്പക്ക് ആക്രി കച്ചോടമായിരുന്നു. അയാളു മര്യാദക്കാരനായതു കൊണ്ട് ജീവിതം സുഖമായിരുന്നു.  അയാളു മരിച്ചപ്പം ദുരിതമായി… സക്കീറിന് ഇത്തിരി ചെലവു കൂടുതലാ….രണ്ടു പെണ്‍മക്കള്‍ ഉണ്ട് മൂത്തത് അഞ്ചിലും രണ്ടാമത്തത് രണ്ടിലും…. ഇപ്പോ ഒരു പെണ്ണുകൂടി സക്കീറിന്‍റെ ജീവിതത്തിലേക്ക് വന്നു.  അവന്‍റെ എളിയുമ്മയുടെ മകള്‍.. പത്താം ക്ലാസ്സില്‍ പഠിക്കുന്നതേയുള്ളൂ… വീട്ടില്‍ സ്ഥിരം വന്നു തുടങ്ങിയ ബന്ധം. അവള,് ചാരു അടുത്തൊരു തയ്യല്‍ കടയില്‍ ജോലിക്ക് പോകുന്നുണ്ട്, ആ സമയത്താണ് എളിയുമ്മയുടെ മകളുടെ വരവ്…. അവന്‍റെ ഉമ്മ അനുവദിച്ചു കൊടുത്തു.  ഇന്നലെ അവളെ കൂടി നിക്കാഹ് കഴിച്ചു സക്കീറ്.  അതിന്‍റെ ചെലവിലേക്ക് വേണ്ടിയാണ് നിവേദിത കടം വാങ്ങിയത്…

       ശിവശങ്കരന്‍ കടം വാങ്ങിയത് എന്നും പറഞ്ഞപ്പോള്‍ അങ്കലാപ്പിലായതു പോലെയായി.  അക്കാര്യം അയാള്‍ പറയാന്‍ തീരുമാനിച്ചിരുന്നില്ല.  നിവേദിതയുടെ അമ്മ  കൊടുത്ത ചൂടുള്ള ചായ കുടിച്ചു കൊണ്ടിരിക്കെ ജീവിതത്തിലെ കാണാക്കയങ്ങളെ കുറിച്ചാണ് സുദേവ് ചിന്തിച്ചത്.  മുകള്‍ പരപ്പ് വളരെ ശാന്തവും നിശ്ചലവുമായിരിക്കും ചില ജലാശയങ്ങള്‍ക്ക്, പക്ഷെ, ശക്തിയായ അടിയൊഴുക്കുകളും കയങ്ങളും കാണും.  ഏതു നേരത്താണ്  ഒഴുക്കില്‍ അകപ്പെടുന്നതെന്ന്, കയങ്ങള്‍ വലിച്ചു താഴ്ത്തി കൊണ്ടു പോകുന്നതെന്നു പറയാനാവില്ല.  നല്ല നീന്തലുകാരനാണെങ്കില്‍ കൂടി ചിലപ്പോള്‍ തുഴഞ്ഞ് കയറാന്‍ കഴിയാതെ വരും.

       ഞാന്‍ ഇവിടെ വന്നപ്പോള്‍ വെറുതെ കണ്ടിട്ടു പോകാമെന്നു വെച്ചതാണ്, നിവേദിത ട്രെയിനിംഗിന് പോകുമെന്നു പറഞ്ഞിരുന്നു.

       കഥ പറഞ്ഞതൊന്നും അവളറിയണ്ട.  മോനാണ് പൈസ തന്നതെന്ന് അവളു ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു… പക്ഷെ, മോനിങ്ങനെ വരുമെന്നും സംസാരിക്കുമെന്നും കരുതിയില്ല.  നിവേദിത വളരെ അഭിമാനിയാ… പവമാ… ഭയങ്കര കഷ്ടപ്പാടാ…. എനിക്ക് മരുന്നും മന്ത്രോം… വീട്ടു ചെലവ്… നമ്മള് പറഞ്ഞതൊന്നും മോളറിയണ്ട… മോള്‍ക്ക് വിഷമമാകും…

       ഇല്ല… ഞാന്‍ വിഷമിപ്പിക്കാന്‍ പാകത്തിനൊന്നും പറയില്ല… പാവമാണെന്നെനിക്കറിയാം… വളരെ കുറച്ചു നാളത്തെ പരിചയമേയുള്ളൂ, എങ്കിലും … എന്നെ നന്നായി സഹായിക്കുന്നുണ്ട്… എന്‍റെ ജോലിയെപ്പറ്റിയൊക്കെ മോള് പറഞ്ഞിട്ടില്ലെ… മോളു സഹായിക്കുന്നതു കൊണ്ടാണ് മുന്നോട്ടു പോകുന്നത്… ഈ പണിയില്ലെങ്കിലും ഒരു കൈത്തൊഴില് എനിക്കറിയാം…. വീടുകള്‍ പെയിന്‍റടിക്കുന്ന പണി….

       ഓ.. അതു ശരി … ഞങ്ങളു കരുതിയത്…..

       ശിവശങ്കരനെ അതു മുഴുമിപ്പിക്കാന്‍ അനുവദിച്ചില്ല, സുമതി. കണ്ണുകള്‍ കൊണ്ട് വിലക്കി.  നിവേദിത സുദേവിനെപ്പറ്റി അറിഞ്ഞിട്ടുള്ള ജീവിതകഥ അച്ഛനും അമ്മയ്ക്കും പകര്‍ന്നു കൊടുത്തിട്ടില്ലെന്നു വ്യക്തമായി.  അവരുടെ ഉള്ളില്‍ മറ്റെന്തൊക്കയോ ചിത്രങ്ങളുണ്ട്. ചിത്രങ്ങളെ അപ്പാടെ നശിപ്പച്ചു കളയാതെ, ഒരു ചോദ്യ ഛിഹ്നം മനസ്സ് കലക്കാന്‍ കൊടുത്തിട്ട് സുദേവ് യാത്ര പറഞ്ഞിറങ്ങി.

       കൊച്ചിയില്‍ നിന്ന് ലാസറിടത്തെത്താന്‍ ഒരു മണിക്കൂറെടുത്തു.  ലാസറിടത്തെ ഗെയിറ്റ് അകത്തു നിന്നും പൂട്ടി, കാവല്‍ക്കാരന്‍ കാവല്‍ വീട്ടില്‍ ആകാശവാണി കേട്ടാസ്വദിച്ച് ഇരിപ്പായിരിക്കുന്നു.  ഗെയിറ്റ് പൂട്ടി കാവല്‍ക്കാരന്‍ കാവല്‍ വീട്ടില്‍ ഇരിക്കണമെങ്കില്‍ ലാസറിടത്തു നിന്നും പുറത്ത് പോയവരൊക്കെ തിരിച്ചെത്തിയെന്നു ധരിക്കണം.  അത്യാവശ്യം വെളിച്ചം കിട്ടുന്നതിനു വേണ്ടിയുള്ള വിളക്കുകളൊഴിച്ച് മറ്റെല്ലാം അണച്ചിരിക്കുന്നു.

       ഗസ്റ്റ് ബംഗ്ലാവിന്‍റെ ഡോര്‍ ബെല്ലടിച്ച് അധികം കാത്തു നില്‍ക്കാതെ തന്നെ നിവേദിത വാതില്‍ തുറന്നു.  അവള്‍ സന്തോഷവതിയും ലാസ്യവതിയും കൂടുതല്‍ സുന്ദരിയുമായിരിക്കുന്നു.  അവളുടെ മുഖം കണ്ടപ്പോള്‍ തന്നെ സുദേവിന് യാത്രയില്‍ കിട്ടിയ ക്ഷീണത്തിന്‍റെ പകുതി അകന്നതായി തോന്നി.

       ഞാന്‍ വൈകിയോ…?

       യേയ്… എനിക്ക് വൈകുന്നത് എഡിറ്റിംഗ് ജോലിയൊക്കെ കഴിഞ്ഞ് എഡിറ്റോറിയല്‍ ഡെസ്ക് കാലിയാകുമ്പോളാണ്.  അപ്പോള്‍ എതാണ്ട് പന്ത്രണ്ട് മണിയാകും…

       ഞാനൊന്ന് കുളിച്ചു വന്നിട്ട് സംസാരിക്കാം…

       ഓക്കെ…

       സുദേവ് റൂമിലേക്ക് പോയപ്പോള്‍ നിവേദിത ടീവിയുടെ റിമോട്ടില്‍ ശബ്ദം കൂട്ടുന്നതിനുള്ള കമാന്‍റ് കൊടുത്തു. സന്തോഷ് ജോര്‍ജ് കുളങ്ങര കാണിക്കുന്ന നേപ്പാളിന്‍റെ ദൃശ്യങ്ങള്‍ കണ്ടു കൊണ്ടിരുന്നു.  കേരളത്തേക്കാള്‍ പച്ചപ്പും മനോഹാരിതയും സമൃദ്ധമായ നെല്‍ വയലുകളും ചെറിയ വഴികളും പാതി അടഞ്ഞ കണ്ണുകളും… വെളുത്ത സുന്ദരന്മാരും  സുന്ദരികളും…

       കുളിച്ച് വസ്ത്രം മാറിയപ്പോള്‍ സുദേവിന് ഉന്മേഷമായി. ഡൈനിംഗ് ഹാളിലെത്തി ടീവിയുടെ മുന്നിലിരുന്നപ്പോള്‍ ടീവി ഓഫ് ചെയ്ത് നിവേദിത അവന് പറയാനുള്ളത് കേള്‍ക്കാന്‍ അവന്‍റെ മുഖത്ത് നോക്കിയിരുന്നു.

       സംസാരം തുടങ്ങും മുമ്പ് ഒരു പെഗ്ഗ് കഴിച്ചാല്‍ ദേഷ്യമാകുമോ….?

       ഇല്ല…

       ഭക്ഷണത്തിന്‍റെ കുടെ ലാസറലി അനുവദിച്ചിട്ടുള്ള ക്വാട്ട തന്നെയാണ് അലമാരയില്‍ അലങ്കരിച്ചു വച്ചിരിക്കുന്നത്. പല വര്‍ണ്ണത്തില്‍, ആകൃതിയില്‍, പേരില്‍, വിലാസത്തിലുള്ള കുപ്പികള്‍.  ഏതാണ് കുടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് അവന്‍ ചിന്തിച്ചില്ല. തോന്നുമ്പോള്‍ മാത്രം രണ്ടു പെഗ്ഗ്, അല്ലെങ്കില്‍ മൂന്ന്. ശേഷം രണ്ടോ മൂന്നോ സിഗരറ്റിന്‍റെ പുകയും. പച്ച നിറത്തിലുള്ള കുപ്പി തുറന്ന് ഡൈനിംഗ് ടേബിളില്‍ കഴുകി കമഴ്ത്തി വച്ചിരുന്ന ഗ്ലാസില്‍ രണ്ടു പെഗ്ഗ് മാത്രം ഒഴിച്ച്  മഗ്ഗിലെ തണുത്ത വെള്ളം ചേര്‍ത്ത് നിവേദിതയെ നോക്കി.  അവള്‍ അവന്‍റെ ചെയ്തികളെ സശ്രദ്ധം വീക്ഷിക്കുകയായിരുന്നു.

       നിത്യേന ഇല്ലെന്നു തോന്നുന്നു…..?

       ഇല്ല…

       സിഗരറ്റും…?

       ഇല്ല… കുടിച്ചാലേ വലിക്കൂ… അച്ചാറു കഴിക്കൂ… അച്ചാറു കഴിച്ചാലേ… പിന്നെ ഒന്നുമില്ല…

       പിന്നെയും ഉണ്ട് ഞാന്‍ കേട്ടിട്ടുണ്ട്… പഴയ കാലത്തെ ചെറുക്കന്മാരുടെ സ്വഭാവത്തെപ്പററി പറയുന്ന നാടന്‍ ശൈലി…

       വളരെ സാവധാനം ഒരു സിപ്പ് നുണഞ്ഞ് സിഗറ്റുമായി പുറത്തേക്ക് നടന്നപ്പോള്‍ അവള്‍ ചോദിച്ചു…

       എനിക്കും ഒരു പെഗ്ഗ് ആകാമോ…?

       തീര്‍ച്ചയായും…

       അവള്‍ തന്നെ ഗ്ലാസ്സില്‍ പകര്‍ന്നു കുടിച്ചു. ഗ്ലാസ്സ് കഴുകി കമഴ്ത്തി വച്ചു.

       ഞാനും കഴിച്ചിട്ടുണ്ട്, സുഹൃത്തുക്കളുടെ കൂടെ…പഠിക്കുമ്പോള്‍… ഹോസ്റ്റലില്‍ താമസ്സിക്കുമ്പോള്‍…. പിന്നെ ഇപ്പോള്‍ പത്രക്കാര്‍ക്ക് പ്രത്യേക പാര്‍ട്ടികള്‍ പലരും ഒരുക്കിത്തരും, അപ്പോള്‍  രഹസ്യമായിട്ട് പെണ്‍പടയുടെ കൂടെ…

       എനിക്ക് ആദ്യം ഒരമ്പരപ്പു തോന്നി… പെണ്ണുങ്ങളുടെ മൊത്തത്തിലുള്ള കാര്യത്തിലല്ല നിവേദിതയുടെ കാര്യത്തില്‍ എന്‍റെ വിശ്വാസം മറ്റൊരു തരത്തിലായിരുന്നു… ഒരു സിഗററ്റു കൂടി ആകാമല്ലെ…?

       നോ…നോ… അതില്ല.  അതിന്‍റെ മണം, വലിച്ചു കയറ്റുമ്പോള്‍ ഉണ്ടാകുന്ന ചുമ… അതു വയ്യ…

       ഓക്കെ…

       സുദേവ് ഗ്ലാസ് കാലിയാക്കി, നിവേദിത ചെയ്തു പോലെ കഴുകി കമഴ്ത്തി വച്ച്, പുറത്ത് വരാന്തയില്‍ നിന്ന് സിഗരറ്റ് വലിച്ച് തീര്‍ത്ത് തിരികെ വന്ന് സംസാരിക്കാനിരുന്നു.

       എനിക്ക് പറയാനുള്ളത് ആദ്യം….

       നിവേദിത ആവശ്യപ്പെട്ടു.

       ശരി പറഞ്ഞോളു….

       മദ്യം അവളുടെ മുഖ ഭാവങ്ങളില്‍ ചെറിയ മാറ്റങ്ങള്‍  വരുത്തിയിട്ടുണ്ടെന്ന് സുദേവ് കണ്ടു.  അവനിലും അങ്ങിനെയൊരു വ്യത്യാസം കാണാം.  സിരകളിലേക്ക് ലഹരി നിറയുമ്പോഴുണ്ടാകുന്ന നിറപ്പകര്‍ച്ചയാണത്.  പെട്ടന്നുണ്ടാകുന്ന ഉണര്‍വ് ധൈര്യത്തെ വര്‍ദ്ധിപ്പിക്കും.  വാചകത്തെ ദീര്‍ഘിപ്പിക്കും, സംസാരത്തില്‍ അലങ്കാരങ്ങളും ഉപമകളും കൂട്ടും. അതുവരെ ഇല്ലാതിരുന്ന പല വികാരങ്ങളും ഉണ്ടാകാം.  പൊട്ടിക്കരയാം, ചിരിക്കാം, നാണമില്ലാതെ പെരുമാറാം… നാണം കെട്ടവനുമാകാം…

       എനിക്ക് രണ്ടു വിരുന്നുകാരുണ്ടായിരുന്നു.  ഷാഹിനയും ഹണിമോളും. ഇവിടത്തെ, എന്നു പറഞ്ഞാല്‍ ഗസ്റ്റ് ബംഗ്ലാവിലെ വിരുന്നുകാരായിരിക്കും എന്നാണ് ആദ്യം കരുതിയത്. സാഹിത്യകാരന്‍ സുദേവിനെ കാണാനെത്തിയത്.  പരിചയപ്പെടലുകളും പ്രാഥമിക വിശേഷം തിരക്കലും കഴിഞ്ഞപ്പോള്‍ അവര്‍ക്ക് അറിയേണ്ടത് രാവിലെ കുമുദം തിരക്കിയതു തന്നെ.  നമ്മുടെ ഇമ്മോറല്‍ റിലേഷനെ കുറിച്ച്.  അവരുടെ പെര്‍മിസ്സസ്സില്‍ നടക്കുന്ന ഇമ്മോറല്‍ റിലേഷനെ കുറിച്ച്… അതവര്‍ക്ക് അനുവദിക്കാനാകില്ലെന്ന മട്ടില്‍ കര്‍ക്കശമായി തന്നെ പറഞ്ഞു.  ഷാഹിനയാരെന്നും ഹണിമോളാരെന്നും ഉള്ള കഥകളൊക്കെ എനിക്കും അറിയാമെന്ന് അവര്‍ക്കറിയില്ലല്ലോ… ഞാന്‍ സുദേവിന്‍റെ കാമുകി… രഹസ്യ സംഗമത്തിനെത്തിയിരിക്കുന്നു. ഇവിടെ ആകുമ്പോള്‍ സേഫാണ്, വീട്ടുകാരെയും നാട്ടുകാരെയും നിയമപാലകരെയും ഭയക്കേണ്ട… അവരാരും അറിയില്ല.  കുമുദം പറഞ്ഞായിരിക്കും എന്‍റെ  വരവ് അവര്‍ അറിഞ്ഞിരിക്കുന്നത്…

       നിവേദിത രോഷം കൊണ്ട് ജ്വലിച്ചു.  മദ്യം രക്തഏസഞ്ചാരത്തെ കൂട്ടിയതും ജ്വലനത്തിന് ആക്കം കൂട്ടി.  സുദേവിന് അവളെ കണ്ടിരിക്കാനല്ലാതെ ഒന്നിനും കഴിയാതെയായി.  നിവേദിത തന്നെ വരുത്തി വച്ച വിനയാണിതെങ്കിലും എത്തിപ്പെട്ട ദുര്‍ഘടത്തെ കുറിച്ചോര്‍ത്തപ്പോള്‍ വിഷമം തോന്നി.  മാന്യമായി ജീവിക്കണമെന്നാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ഒരു വല്ലാത്ത സാഹചര്യമായിപ്പോയി.  സുദേവനില്‍ മദ്യം നല്‍കിയ ഉണര്‍വ് ഇല്ലാതെയായി.  അവന്‍ ശക്തമായി വിയര്‍ത്തു.  വീണ്ടും അവളെ കേള്‍ക്കാന്‍ കാത്തു.

       മാന്യമായ ഭാഷയില്‍ നമ്മുടെ ബന്ധം, ഇവിടെ വരാനുണ്ടായ കാരണം എല്ലാം വ്യക്തമാക്കി. ഇവിടത്തെ ചരിത്രമെഴുത്ത് ഞാനും കൂടി ചര്‍ച്ച ചെയ്താണെഴുതുന്നതെന്നും, സാഗര്‍ എന്ന് പേരില്‍ കഥകള്‍ പ്രസിദ്ധീകരിക്കുന്നത് ഞാന്‍ ജോലി ചെയ്യുന്ന ആഴ്ചപ്പതിപ്പിലാണെന്നും വ്യക്തമാക്കി. പക്ഷെ, അവര്‍ അതിലൊന്നും ഒതുങ്ങാന്‍ കൂട്ടാക്കാതെ തര്‍ക്കിച്ചു കൊണ്ടിരുന്നു. എന്നെ പുറത്താക്കുമെന്ന് കരുതുക വരെ ചെയ്തു.  ഞാനിപ്പോള്‍ എന്‍റെ വെര്‍ജിനിറ്റി തെളിയിയ്ക്കാമെന്നു പറഞ്ഞു. പിറ്റേന്നായാല്‍ ആര്‍ട്ടിഫിഷ്യലായിട്ട് റീബില്‍ട്ട് ചെയ്തതാണെന്ന് നിങ്ങള്‍ പറയും,  അതു കൊണ്ട് ഇപ്പോള്‍ തന്നെ നിങ്ങളുടെ ഡോക്ടറുടെ അടുത്തു തന്നെ പോകാമെന്നു പറഞ്ഞു.  പക്ഷെ, അങ്ങിനെ പറയുന്ന നിങ്ങള്‍ ഇമ്മോറല്‍ ബന്ധങ്ങള്‍ ഉള്ളവരാണെന്ന് ഞാന്‍ തെളിയിച്ചാല്‍, ഒരു പത്രപ്രവര്‍ത്തകയെന്ന നിലയില്‍ എന്നെക്കൊണ്ട് അത് ചെയ്യിച്ചാല്‍, നിങ്ങള്‍ ഉദ്ദേശിക്കുന്നതില്‍ കൂടുതല്‍ ഗുരുതരമായിരിക്കും.  ഞാന്‍ നന്നായി ക്ഷോഭിച്ചു തന്നെയാണ് പ്രതികരിച്ചത്.  ആദ്യമൊക്കെ അവര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു, പക്ഷെ, ശക്തമായ എതിര്‍പ്പു കണ്ടപ്പോള്‍ ട്യൂണ്‍ മാറ്റി, സൗഹൃദത്തിലാവുകയും വെറുതെ ഒരു ടെസ്റ്റിന് പറഞ്ഞതാണെന്നും, തമാശയായിട്ട് കാണെണമെന്നും പറഞ്ഞ് ക്ഷമിക്കണമെന്ന് ആവശ്യപ്പെട്ടു.

       മിനിട്ടുകളോളം നിശ്ശബ്ദമായിരുന്നു.

       നിവേദിതയുടെ അടുത്തു ചെന്ന് സുദേവ് അവളുടെ കവിളില്‍ തട്ടി പറഞ്ഞു.

       പ്ലീസ് ലീവിറ്റ്… ജീവിതത്തിന്‍റെ ചില ഇരുണ്ട അദ്ധ്യായങ്ങള്‍ അങ്ങിനെയൊക്കെ ആയിരിക്കും.  നിവേദിത വെറുമൊരു സ്ത്രീയല്ല.  ഒരു എഴുത്തുകാരിയാണ്.  പ്രതികൂലമായ പല കാര്യങ്ങളും ജീവിതത്തിലുണ്ടാകുമെന്ന് എഴുതി, വായിപ്പിച്ച് ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരിയാണ്.  ഇതിനെയും ജീവിതത്തിലെ ഒരനുഭവമായി കാണുക.  അടുത്ത കഥയില്‍ ആ അനുഭവത്തെ എങ്ങിനെ കൊണ്ടു വരാമെന്ന് ചിന്തിക്കുക.  അതിനെ തുടര്‍ന്നും അതിനു മുമ്പും ഉണ്ടായ ഹൃദയ വികാരങ്ങളെ ഓര്‍മ്മയില്‍ കൊണ്ടു വന്ന് സമൂഹത്തിന് മുന്നില്‍ കഥയായി അവതരിപ്പുക്കുക.

       മെല്ലെ മെല്ലെ നിവേദിത സംഘര്‍ഷത്തില്‍ നിന്നും മോചിതയായി, സുസ്മേരവദനയായി, ഉന്മേഷ വതിയായി.

       സുദേവ് ഓഫര്‍ ചെയ്ത ഒരു പെഗ്ഗ വിസ്കി സിപ്പ് ചെയ്ത് കഴിച്ച് അവര്‍ സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ കൂടെ ലണ്ടന്‍ നഗരത്തിലൂടെ ഒരു യാത്ര നടത്തി.

       സിജിന്‍ എന്ന എബിന്‍റെ ചേട്ടനെക്കുറിച്ച്, റബ്ബര്‍ വെട്ടുന്നതിനെ കുറിച്ച്, പാലെടുത്ത് ഉറയൊഴിച്ച് ഷീറ്റാക്കുന്നതിനെ കുറിച്ച,് ജോലികളെ കുറിച്ച് സംസാരിച്ച്. ചര്‍ച്ച ചെയ്ത് നിവേദിത ശാന്തയായി.  കുമുദം ഉണ്ടാക്കിവച്ചിരുന്ന ചോറും കറിയകളും പരസ്പരും വിളമ്പിക്കൊടുത്ത് കഴിച്ച് ഉറക്കത്തിന് പോകും മുമ്പ് കൊച്ചിയില്‍ എത്തി ശിവശങ്കരനെയും സുമതിയെയും കണ്ട വിവരങ്ങളും ചാരുലതയെ മനസ്സിലാക്കിയ കാര്യവും പറഞ്ഞപ്പോള്‍ നിവേദിത വീണ്ടും ജ്വാലയായി ഉയരുമെന്നു കരുതിയ സുദേവിന് തെറ്റി.

       ഞാനൊന്നും നിങ്ങളില്‍ നിന്നും മറച്ചു വച്ചതല്ല.  പറയാമെന്ന് കരുതി മാറ്റി വച്ചതാണ്.  എന്‍റെ കഥ ഞാന്‍ തന്നെ പറയേണ്ടി വരുന്ന ജാള്യത ഇപ്പോള്‍ ഇല്ലാതായി.

       ഉറങ്ങിക്കോളൂ…

       അവള്‍ മുറിയിലേക്ക് കയറും മുമ്പ് അവനോടു പറഞ്ഞു.

       ജോഗിംഗിന് ഞാന്‍ കൂടിയുണ്ട് നാളെ. പോകുമ്പോള്‍ വിളിക്കണം.

       ഏസ്…

       ഇരുട്ട് മാറും മുമ്പെ ജോഗിംഗിന് ഇറങ്ങി.  നിവേദിത ആദ്യമായതു കൊണ്ട് സുദേവിന് വേഗതകുറക്കേണ്ടി വന്നു. ലാസറിടത്തു നിന്നും പട്ടണത്തിലേക്കുള്ള വഴിയിലൂടെയാണവര്‍ നടന്നത്.  പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ ശരീര പേശികള്‍ക്ക്, സന്ധികള്‍ക്ക് ഉണ്ടാകുന്ന വ്യതിയാനങ്ങളെ കുറിച്ച് നിവേദിത ബോധവതിയായി.  തുറന്നയിടത്തു നിന്നും കിട്ടുന്ന ശുദ്ധവായു ഉള്ളിലേക്ക് കയറി ഉള്ള് ഉണര്‍വിലേക്ക് വരുന്നത് അറിയാന്‍ കഴിയുന്നു.  പച്ചിലപ്പടര്‍പ്പുകള്‍, കാട്ടു ചെടികള്‍, അവയുടെ പൂക്കള്‍, അറിയാത്ത പക്ഷികളുടെ ഗാനങ്ങള്‍, നിലം തൊട്ടു നടക്കുന്ന ചില ജീവികളുടെ ശബ്ദങ്ങള്‍, അരണയുടെ രോദനം…. പൂക്കളുടെ നിറങ്ങള്‍, ഏതോ ഒരു പൂവിന്‍റെ ദുര്‍ഗ്ഗന്ധം…

       തോട്ടത്തില്‍ റബ്ബര്‍ വെട്ടുന്നവര്‍ അവരെ ശ്രദ്ധിച്ചപ്പോള്‍ നിവേദിത കുറച്ചുകൂടി സുദേവിനോട് ചേര്‍ന്നു നടന്നു.  അവര്‍ അപ്പോള്‍ എന്താകാം കരുതിയിരിക്കുന്നതെന്നവള്‍ ചിന്തിച്ചു.  ഭാര്യയും ഭര്‍ത്താവും എന്നാകാം…  ആ ചിന്തക്ക് തെറ്റൊന്നുമില്ല… ശാന്തതയും സുഖവും തരുന്നൊരു ജീവിതമാണ് വിവാഹ ബന്ധത്തില്‍ അവള്‍ ആഗ്രഹിക്കുന്നത്.  അത് സുദേവില്‍ നിന്നും പ്രതീക്ഷിക്കാമോ എന്നാണ് അടുത്തു ചിന്തിച്ചത്.  അവള്‍ക്ക് ഉത്തരം കണ്ടെത്താനായില്ല.  സുദേവിന്‍റെ എഴുത്തുകളെ അവള്‍ ഇഷ്ടപ്പട്ടു തുടങ്ങിയിരിക്കുന്നു.  അവന്‍ പുലര്‍ത്തി വരുന്ന ജീവിത വീക്ഷണങ്ങള്‍, ആ ജീവിതവീക്ഷണങ്ങളെ ഉള്ളില്‍ നിര്‍ത്തി കൊണ്ടുള്ള പാത്ര സൃഷ്ടികള്‍, കഥാപാത്രങ്ങളുടെ വൈവിധ്യതകള്‍, അവര്‍ ജീവിതത്തെ സമീപിക്കുന്ന രീതികള്‍.  ആ കഥാപാത്രങ്ങളിലൂടെ അവള്‍ക്ക് സുദേവിന്‍റെ ഉള്‍ക്കാമ്പുകളെ കാണാന്‍ കഴിയുന്നുണ്ട്.  പക്ഷെ, കഥകള്‍ കാല്പനികമാണ്.  കാല്പനിക കഥകള്‍ വഴി കഥാകാരന്‍ കണ്ടെത്തുന്ന ജീവിത വീക്ഷണങ്ങളെല്ലാം അവരുടെ സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കുമെന്നോ, അല്ലെങ്കില്‍ സ്വീകരിക്കുമെന്നോ കരുതാനാകില്ല. അവള്‍ ഇടം കണ്ണിലൂടെ അവനെ നോക്കി അളന്നു.  ആരോഗ്യമുള്ള ശരീരമാണ്.  ശരാശരി കാഴ്ച ഭംഗിയുമുണ്ട്.  ഇതേവരെ കണ്ട പെരുമാറ്റത്തില്‍ മാന്യതയുണ്ട്…

       ലാസറലിയുടെ ആത്മകഥയെന്തായി…?…

       പകുതിയായെന്നു തോന്നു.  നിവേദിത രണ്ടു ദിവസം കൂടി കഴിഞ്ഞല്ലേ മടങ്ങുകയുള്ളൂ…?

       ഉം…

       എഴുതിയത് വായിക്കണം നമുക്ക് ചര്‍ച്ച ചെയ്യാനുണ്ട്….

       അയാളുടെ ചെറുകഥാ സമാഹാരം….?

       പ്രസിദ്ധീകരിച്ച നാലു കഥകളെ ആയിട്ടുള്ളൂ… അഞ്ചാമതെഴുതിയതാണ് നിവേദിത പറഞ്ഞിട്ട് എന്‍റെ പേരില്‍ പ്രസിദ്ധീകരിച്ചത്…

       അക്കഥ അങ്ങിനെ ചെയ്തത് നന്നായി… ഈ അടുത്ത നാളില്‍ ആനുകാലികങ്ങളില്‍ വന്ന കഥളില്‍ ഏറ്റവും ശ്രദ്ധേയമായതാണ്,  ഒരു പക്ഷെ, സുദേവ് എന്ന എഴുത്തുകാരന്‍റെ വഴിത്തിരിവാകുന്ന കഥയാണത്…പത്രാധിപര്‍ക്കുള്ള കത്തുകള്‍ കൂടുതലും ആ കഥയെകുറിച്ച് പറഞ്ഞു കൊണ്ടുള്ളതാണ്.  അടുത്തു തന്നെ ഒരു കഥ ആവശ്യപ്പെട്ടു കൊണ്ട് പത്രാധിപര്‍ വിളിക്കാം…

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top