അല്പം ചരിത്രം

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

മങ്കാവുടിയിൽ ഇന്ന്‌ സുര്യൻ കിഴക്കാണ്‌ ഉദിച്ചത്‌. ഇന്നലെയും അങ്ങിനെ തന്നെയായിരുന്നു. മറ്റ്‌ രണ്ട്‌ ദിക്കുകൾ വടക്കും, തെക്കും തന്നെ.ആകാശം മേലെയും.

മങ്കാവുടി പണ്ട്‌ മങ്കാകുടി ആയിരുന്നു. മങ്കയുടെ കുടി. പറഞ്ഞ്‌, പറഞ്ഞ്‌ മങ്കാവുടിയായി. പറഞ്ഞത്‌ ഞങ്ങള്‍, മങ്കാവുടിക്കാരുതന്നെയാണ്‌, ഇന്ന്‌ ഏറെ എഴുന്നതും ഞങ്ങൾ തന്നെ.

അങ്ങ്‌ വടക്കും, ഇങ്ങ്‌ തെക്കും, വർഷത്തിൽ നിറഞ്ഞൊഴുകുന്ന രണ്ട്‌ കാട്ടാറുകൾക്ക് നടുവിൽ കിഴക്കോട്ട്‌ തല വച്ച്‌ അവൾ ശയിക്കുന്നു. തല വച്ചിരിക്കുന്നത്‌ മലനിരകളിലാണെങ്കിലും പാദങ്ങൾ
കൊളളുന്നത്‌ കടലോരത്തല്ല. മറ്റൊരു ഈരിന്റെ ശിരസ്സിലാണ്‌.

പണ്ട്‌ വടക്ക്‌ നിന്നും തെക്കു നിന്നും വഞ്ചികളിൾ ഇവളെത്തേടി ആളുകളെത്തിയിരുന്നു. ഇന്നോ പടിഞ്ഞാറു നിന്നുള്ള ഒരേ ഒരു വഴിയെ, ടാർ പാതയിലൂടെ മോട്ടോർ വാഹനങ്ങളിൽ എത്തുന്നു.

പണ്ടെത്തിയിരുന്നത്‌ സുന്ദരന്മാരായ വെള്ളക്കാരും ഇരുനിറക്കാരായ അറബികളുമായിരുന്നു. ഇന്നോ വെളുത്തിട്ടും കറുത്തിട്ടും ഇരുനിറത്തിലും സുന്ദരന്മാരും സുന്ദരികളുമുണ്ട്‌.

പണ്ട്‌ മുളകും സുഗന്ധങ്ങളും കൊടുത്തിരുന്നു; പലതും കൊള്ളുകയും ചെയ്തിരുന്നു. ഇന്നും പലതും കൊള്ളുകയും കൊടുക്കുകയും ചെയ്യുന്നു.

അതിലും പണ്ട്‌, അവൾക്ക് പേരു വീഴും മുമ്പും ഇവിടെ ഉണ്ടായിരുന്നു. നിറഞ്ഞകാടായി, അതിന്‌ മുമ്പ്‌ തരിശ്ലായി, നിലയറിയാത്ത കടലായി…………..

പക്ഷെ, എന്ന്‌ അവൻ, മനുഷ്യനെത്തിയെന്ന്‌ കണക്കുകളില്ല. കണക്കെടുക്കുന്നതിനും ചരിത്രമെഴുതുന്നതിനും മാത്രം അവൾ പേരുകാരിയായിരുന്നില്ലെന്ന്‌ സാരം. ആ സാരാംശത്തെ സ്വയം
അംഗീകരിച്ചുകൊണ്ട്‌ അവളെ കണക്കുകളില്ലാത്തവളെന്നും ചരിത്രത്തിലില്ലാത്തവളെന്നും നമുക്ക്‌ വിളിയ്ക്കാം.

പക്ഷെ, അവളുണ്ടായിരുന്നു. ഇന്നും അവളുള്ളതുകൊണ്ടുതന്നെ.

വ്യോമമാർഗ്ഗം യാത്രചെയ്താല്‍ അവളെക്കാണാം. നഗ്നയായൊരു നവോഡയെപ്പോലെ, കാലുകൾ ലേശം അകത്തി നീട്ടിവച്ച്‌ സുഖമായൊരു സുഷുപ്തിയിൽ ആണ്ടു കിടക്കും പോലെ.

ശിരസ്സ് ഒരു വൻ മലയാണ്‌. ഇടതൂർന്ന് വനമായിരുന്നു. ഇന്ന്‌ വെട്ടിത്തെളിയ്ക്കപ്പെട്ട്‌ മനുഷ്യനാൽ നട്ടുവളർത്തപ്പെട്ട വ്യക്ഷലതാദികളാലും കൃഷിയിനങ്ങളാലും ഹരിതാഭമായി; കാട്ടാറുകള്‍ അടുത്തപ്പോൾ കുറുകിയ ഗളമായി, രണ്ടു ചെറുമലകൾ മുലകളായി, നിരപ്പാർന്ന കൃഷിയിടം ഏറെ വിസ്താരമാർന്ന വയറും നാഭിയുമായി……

രണ്ടുവലിയ കാലുകൾ പോലെ നീണ്ട മലനിരകൾ മലനിരകൾക്ക് നടുവിൽ വിശാലമായ വയലേലകൾ…….

അവളെ കുളിർപ്പിച്ചുകൊണ്ട്‌ ഇരുവശങ്ങളിലുടെയും കാട്ടാറുകൾ ഒഴുകി അകലുന്നു.

ഇന്ന്‌ മങ്കാവുടി നഗരം ഉത്സവലഹരിയിൾ ആറാടുകയാണ്‌. ഉത്സവം മങ്കാവുടിയിലെ ശിവക്ഷേത്രത്തിലായിരുന്നില്ല. തെരഞ്ഞെടുപ്പ്‌ ഫലമറിഞ്ഞുകൊണ്ടിരിയ്ക്കുന്ന മങ്കാവുടി മക്കളുടെ
മനസ്സുകളിലാണ്‌; തെരഞ്ഞെടുപ്പ്‌ നടന്നത്‌ മങ്കാവുടി നഗരസഭയിലേയ്ക്കാണ്‌.

സംയുക്തകക്ഷി ഒന്ന്‌,

സഹകരണ പാർട്ടി ഒന്ന്‌,

വിമോചന മുന്നണി പുജ്യം,

സംയുക്ത കക്ഷി രണ്ട്‌,

സഹകരണ പാർട്ടി രണ്ട്‌,

വിമോചന മുന്നണി പുജ്യം.

അങ്ങിനെ ഫലങ്ങള്‍ പുറത്ത്‌ വന്നു കൊണ്ടിരിയ്ക്കുന്നു. ഇപ്രാവശ്യമെങ്കിലും നഗരസഭയിലൊരു അദ്ധ്യായം തുറക്കുമെന്ന്‌ അവകാശപ്പെടുകയും കേന്ദ്ര കമ്മറ്റിയിൽനിന്നും, സംസ്ഥാന കമ്മിറ്റിയിൽ നിന്നും, അനുഭാവികളുടെയും മറഞ്ഞിരിയ്ക്കുന്ന ആവശ്യക്കാരുടെയും പോക്കറ്റുകളിൽ നീന്നും വളരെയേറെ പണം മങ്കാവുടി മക്കളുടെ കീശയിലെത്തിയ്ക്കുകയും ചെയ്തിരുന്നു, വിമോചന മുന്നണി.

ഇവിടെ അല്പം ചരിത്രമാകാം. ചരിത്രമെന്നത്‌ വെറും പഴങ്കഥകളാണ്‌. സത്യത്തിന്റെ അംശങ്ങളില്ലെന്നല്ല. അതിനേക്കാള്‍ വില സങ്കല്പങ്ങൾക്കും ഉദ്ദേശങ്ങൾക്കും അധികാരത്തിനുമാണെന്നാണ്‌ ചരിത്രത്തിന്റെ തന്നെ ഏടുകൾ പറയുന്നത്‌. അതുകൊണ്ടാണ്‌ ഇവിടെ ചരിത്രത്തെ പഴങ്കഥയെന്ന്‌ വിശേഷിപ്പിയ്ക്കുന്നത്‌.

അങ്ങിനെ പഴങ്കഥയാക്കപ്പെട്ട ചരിത്രം തലമുറകള്‍ക്ക്‌ മുമ്പുതന്നെ തുടങ്ങാം.

മഹാരാജാവും അതിന് കീഴെ തമ്പുരാക്കന്മാരും അവർക്കെ താഴെ നാട്ടുപ്രമാണിമാരും വാണിരുന്നകാലം.

മഹാരാജാവു തിരുമനസ്സുകൊണ്ട്‌ കരം തീരുവായിട്ട്‌ എമ്പാശ്ശേരി മഠത്തിൽ കർത്താവ്‌ തമ്പുരാക്കന്മാർക്ക് എഴുതിക്കൊടുത്ത്‌ കൈവശം വച്ച്‌ അനുഭവിച്ചു വരികയായിരുന്നു മങ്കാവുടി ദേശം. നോക്കി നടത്തിയിരുന്നതോ ഇല്ലിക്കുന്നേൽ പുത്തൻ പുരയ്ക്കൽ ഇന്ന് ജീവിച്ചിരിയ്ക്കുന്ന ഗോവിന്ദങ്കുട്ടി മോനോന്റെ അമ്മാവൻ രാമുണ്ണിമോനോനും. നാട്ടുപ്രമാണിയും കാരണവരും ക്ഷേത്രത്തിലെ മുതലുപിടിയുമായിരുന്ന രാമുണ്ണി മേനോന്‌, രണ്ടിടങ്ങളില്‍ സംബന്ധവും സഹോദരിമാർക്ക് പേരുകേട്ട സംബന്ധങ്ങളും സഹോദരന്മാർക്ക് സംബന്ധങ്ങൾ കൂടാതെ ഒളിസേവകളും നടമാടിയിരുന്നു.

മങ്കാവുടിമക്കൾ ഇത്രമാത്രം പെറ്റുപെരുകിയിരുന്നില്ല. എങ്കിലും പാട്ടത്തിന്‌ കൃഷിയിറക്കാന്‍ ക്രിസ്ത്യാനികളും കച്ചവടങ്ങൾ നടത്താൻ മുസൽമാന്മാരുമുണ്ടായിരുന്നു. കൈത്തൊഴിലുകൾ
ചെയ്യാന്‍ കമ്മാളരുണ്ടായിരുന്നു. തെങ്ങു ചെത്തുകാരായിട്ട്‌ ഈഴവരുണ്ടായിരുന്നു. കണക്കെഴുത്തുകാരായും കാര്യസ്ഥന്മാരായും നായന്മാരുണ്ടായിരുന്നു. സംബന്ധത്തിന്‌ വേണ്ട നമ്പുരിമാരും മറ്റ്‌ വേണ്ടവരെല്ലാവരുമുണ്ടായിരുന്നു.

മങ്കാവുടിയിൽ പലയിടങ്ങളിലും അക്ഷരങ്ങളും, കുട്ടിവായനയും, അക്കങ്ങളും പഠിപ്പിയ്ക്കുന്ന ആശാന്മാരുമുണ്ടായിരുന്നു. ചന്തയുണ്ടായിരുന്നു, ചന്തയോടൊത്തൊരു കുടിപ്പള്ളിക്കൂടമുണ്ടായിരുന്നു.

ആ കൂടിപ്പള്ളിക്കുടത്തിൽ നിന്നും നാലാംതരം കഴിഞ്ഞാണ്‌, രാവുണ്ണിമേനോന്റെ ഒന്നാം സംബന്ധക്കാരി ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ ദിവാകരമേനോൻ പട്ടണത്തിൽ പഠിയ്ക്കാൻ പോയത്‌.

പട്ടണത്തിൽ പഠിച്ച്‌ തെളിഞ്ഞപ്പോഴാണ്‌ കർത്താവ്‌ തമ്പുരാക്കൾ വഴി, മഹാരാജാവുതിരുമനസ്സിന്റെ ഓദാര്യം പറ്റി തിരുസന്നിധാനത്തില്‍ ഉന്നത പഠനത്തിനയച്ചത്‌.

അവധിക്കാലത്ത്‌ അവൻ നാട്ടിലെത്തുമ്പോൾ സ്വന്തം നാലു കെട്ടിൽ വിരുന്നു പാർക്കാൻ ക്ഷണിയ്ക്കുമായിരുന്നു, അച്ഛൻ. മകൻ വരികയും ചെയ്യുമായിരുന്നു.

അന്ന്‌ അവന ഉറങ്ങാൻ മാളികയിലെ പടിഞ്ഞാറെ മുറിയാണ്‌ ഒരുക്കിയിരുന്നത്‌. അതിന്റെ പടിഞ്ഞാറേയ്ക്കുള്ള വാതായനം തുറന്നാൽ പാടശേഖരമാണ്‌. കൊറ്റികൾ പറക്കുന്നതും വെട്ടുക്കിളികൾ കറ്റയറുക്കുന്നതും കാണാം. പാടത്തുനിന്നെത്തുന്ന കാറ്റുകൊള്ളാം. ഏതുവേനലിലും വാതായനം
തുറന്നിട്ടാൾ മുറിയാകെ ശിതീകരിക്കപ്പടുകയായി.

പാടത്തെ കൊറ്റികളെ എണ്ണി, വരമ്പിലൂടെ തത്തിതത്തി നീങ്ങുന്ന കുളക്കോഴികളെ കണ്ട്‌ അവനിരുന്നു. അവന്റെ മനസ്സിൽ സ്വപ്നങ്ങൾ വിരിയുന്ന പ്രായം. മീശരോമങ്ങൾ കറുത്തു തുടങ്ങിയിരിയ്ക്കുന്നു. മാറിൽ രോമങ്ങൾ കിളിർത്തു തുടങ്ങിയിരിയ്ക്കുന്നു, പേശികൾ ദൃഢമായിക്കൊണ്ടിരിയ്ക്കുന്നു.

ചാരിയിട്ടിരുന്ന കതക്‌ തുറന്നാണ്‌ അവൾ വന്നത്‌, വലിയമ്മായിയുടെ മകൾ മാളവിക.
അവനേക്കാൾ നാലുവയസ്സിന്റെ ഇളപ്പമുണ്ടെങ്കിലും, പണ്ടൊക്കെ വരുമ്പോൾ അവളുമായിട്ട്‌ നാലുകെട്ടാകെ, തൊടികളാകെ ഓടിക്കളിയ്ക്കുമായിരുന്നു. വലിയമ്മായിയ്ക്ക്‌ അവൾ ഒരാളേ കുട്ടിയായിട്ടുള്ളൂ. ചെറിയമ്മായിയ്ക്ക്‌ രണ്ടാണ്‍ മക്കളാണ്‌ . അവളെക്കാൾ വളരെ താഴെയുള്ളവർ.അതുകൊണ്ട്‌ അവൾ കളിക്കുട്ടുകാരില്ലാത്ത, ഏകാന്ത വാസിയായ
സ്വപ്ന ജീവിയായിരുന്നു. സ്വപ്ന ജീവിക്ക്‌ വർഷത്തി
ലൊരിയ്ക്കൽ കിട്ടുന്ന കളിക്കുട്ടുകാരനാണ്‌ ദിവേട്ടൻ.

ദിവാകരൻ അവളെ നോക്കിയിരുന്നു. അവൾ വളർന്നിരിയ്ക്കുന്നു. വലിയമ്മായിയെപ്പോലെ വെളുത്ത സുന്ദരിയാകും. വട്ടമുഖമാണ്‌, അല്പം തുടുത്ത കവിളുകളും, ചുണ്ടുകള്‍ ചെറിയമ്മായിയുടെ അത്ര ചുവന്നിട്ടില്ല.

കണ്ണുകളില്‍ കാവ്യാത്മകമായൊരു നിശ്ചലത. അവൾ കാണുന്ന സ്വപ്നങ്ങൾ മുഴുവൻ ആ കണ്ണുകളിൽ പ്രതിഫലിയ്ക്കുംപോലെ………

ലേശം കൊഴുത്ത ദേഹമാണവൾക്ക്, മാറുമറച്ചിട്ടില്ല. മാറുമറയ്ക്കാനായിട്ടവിടെ പൂമുട്ടുകൾ ഉണർന്നിട്ടില്ല.

എങ്കിലും അവന്റെ കണ്ണുകൽക്ക് മുമ്പില്‍ അവൾ നാണപ്പെട്ടു.

തുറന്നു കിടന്നിരുന്ന വാതിൽ വഴിയെത്തുന്ന വെളിച്ചത്തിൽ, ഒറ്റമുണ്ടിനുള്ളിൽ നിഴലായി, നന്നായി ചേർന്ന തുടകളെ അവനു കാണാം.

“വാ ……………………..”

അവൻ വിളിച്ചു. അവൾ കട്ടിലിൽ അവനരുകിൽ ഇരുന്നു.

“എന്തേ തളത്തിലും ചാവടീലും വരാത്തെ? ””

“വരാം……………“
“അമ്മേം, ചിറ്റമ്മേം കാത്തിരിയ്ക്കണു………… വിശേഷങ്ങൾ ചോദിയ്ക്കാൻ, കാണാൻ………………“
“ഇവടിരുന്നപ്പോ…………………. ആ കൊറ്റികളെ, കുളക്കോഴികളെ കണ്ടപ്പോ…“

“മറന്നോ എന്നെ…?”

“മറക്ക്വോ?”

അവളെ ദേഹത്തോട്‌ ചേർത്തിരുത്തി, അവൻ, വളരെ സാവധാനം അവളുടെ കവിളിൽ, ചുണ്ടുകളിൽ, അവന്റെ ചുണ്ടുകൾ അമർത്തുമ്പോൾ അവൾ സുഷുപ്തി പൂണ്ടു.

തുറന്നുകിടന്നിരുന്ന വാതിലിനെ ഓർത്ത് പിടഞ്ഞകന്നവൾ തിരക്കി.

“വല്യ ആളായപ്പോ നാണായിട്ടാ ?”

“എന്ത്‌ ?”

“അങ്ങോട്ടൊന്നും വരാത്തെ?”

“അല്ല. നേരോം കാലോമൊക്കെ നോക്കിവരാന്നുവച്ചു.”

“ദേവേട്ടന്‌ വരാൻ നേരോം കാലോമൊക്കെ നോക്കണോ? ””

“വേണോല്ലലോ.നമ്മൾ കുട്ടികളല്ലാതാവുകയാണ്‌.”
“ആയ്ക്കോട്ടെ…… എന്നാലും എനിക്ക്‌ ദേവേട്ടന്റെ മുറീലൂ വരാൻ നേരോം കാലോമൊക്കെനോക്കാമ്പറ്റില്ലാട്ടോ……….”
തളത്തിലെത്തുമ്പോൾ ചാരുകസാലയിൽ അവനെകാത്ത്‌ അച്ഛനുണ്ടായിരുന്നു.

“എങ്ങോട്ടാ രണ്ടാളും ?”

*എങ്ങോട്ടുമില്ല, അമ്മായിമാരെ കാണണം, തൊടികളിലൊക്കെ നടക്കണം…………കാറ്റുകൊള്ളണം. ”

“എന്താ അവടെ, കോളേജിൽ സമരോം മറ്റും… . തമ്പുരാന്റെ കുറിപ്പുണ്ടായിരുന്നു.

“സ്വാതന്ത്യത്തിനുവേണ്ടി….. അന്യദേശക്കാരായ വെള്ളക്കാർ നാടുവിടണം…….. രാജാവിന്റെ ഭരണം നിർത്തി ജനായത്താഭരണം വരണം.”

“സ്വാതന്ത്യം………… എന്താത്?”

“വഴിനടക്കാനും സ്ക്കൂളിൽ പഠിക്കാനും ക്ഷേത്രത്തില്‍ കയറാനും കൃഷിയിറക്കാനും വിളകൊയ്യാനും……“

“ഇപ്പോ അതിനൊന്നും സ്വാതന്ത്ര്യം ഇല്ലെ നമുക്ക്‌………“

“നമുക്ക്‌ മാത്രമല്ല……………. എല്ലാവര്‍ക്കും വേണം, പൊലയനും ഈഴവനും കമ്മാളർക്കും വേണം’.

“പൊലയർക്കും ഈഴവർക്കും കമ്മാളർക്കും….?”

“അതെ.”

“അതൊക്കെദൈവനിശ്ചയമല്ലെ?””
“ആണെന്ന്‌ആരുപറഞ്ഞു?”
“വേദങ്ങള്‍, പുരാണങ്ങൾ………….
ഈ വേദങ്ങളും പുരാണങ്ങളും ആരുണ്ടാക്കിയതാ?”
“മഹർഷിമാരിലുടെ മുനിമാരിലുടെ ബ്രഹ്മാവ്‌ നമുക്കുതന്ന വരദാനങ്ങളാണത്‌.”

അല്ല. ബ്രാഹ്മണരുടെ, ക്ഷത്രിയരുടെ ആധിപത്യത്തിനായിട്ട്‌ ഋഷിമാരെക്കൊണ്ട്‌, മുനിമാരെക്കൊണ്ട്‌ ഉണ്ടാക്കിച്ചതാണ്‌.”
“ദൈവമേ……“

രാമുണ്ണിമേനോന്‍ അമ്പരന്ന്‌ ഇരുന്നുപോയി, അച്ഛൻ നിശ്ശബ്ദനായപ്പോൾ ദിവാകരൻ തളം വിട്ട്‌ ചാവടിയിലേയ്ക്ക്‌ പോയി, മാളവികയും.

പക്ഷെ, രാമുണ്ണിമേനോൻ അന്ധകാരമാർന്ന ഗുഹയിൽ ദിക്കറിയാതെ പരതി നടന്നു. അയാൾ മകനെ ഗ്രഹിയ്ക്കാനായില്ല. പക്ഷെ, എവിടെയോ ഒരു പന്തികേടുണ്ടെന്ന്‌ ധരിക്കാനായി.

എന്തിനാണ്‌ തമ്പുരാൻ അങ്ങിനെ ഒരു കുറിപ്പ്‌ കൊടുത്തുവിട്ടത്‌

മഹാരാജാവ്‌ തിരുമനസ്സിന്റെ ഇംഗിതപ്രകാരം ദിവാന്‍ അവറുകളുടെ അറിയിപ്പുകൊണ്ട്‌
എമ്പാശ്ശേരിമഠത്തിൽ കുഞ്ഞുകൃഷ്ണൻ കര്‍ത്താവ്‌ കുറിക്കുന്നത്‌.

-അന്തരീക്ഷം ആകെ മാറുകയാണ്‌, രാജ്യ
ത്താകെ സമരങ്ങളും വിപ്ലവങ്ങളും നടക്കുകയാണ്‌. സ്‌ക്കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കുകളും, പാടത്തും പറമ്പിലും ലഹളകളും നടന്നുകൊണ്ടിരിയ്ക്കുന്നു.കരുതിയിരിക്കണം……..ഇനിയൊരറിയിപ്പുണ്ടായാൽ വേണ്ടതു ചെയ്യാ൯ ഒരുങ്ങിയിരിയ്ക്കണം……………

കാര്യസ്ഥൻ നായരുടെ മുന്നില്‍, ഇടവഴിയിലുടെ നടക്കുമ്പോൾ രാമുണ്ണിമേനോൻ ചിന്തിയ്ക്കുകയായിരുന്നു. കുടപിടിച്ച്‌ ഓച്ച്ഛാനിച്ചു നടക്കുന്ന കാര്യസ്ഥന്‍
നായർക്കും………… തെങ്ങു ചെത്തുകാരൻ ഇണ്ണായിച്ചോനും……………… പാടത്ത്‌ ഉഴുത്‌ വിതയ്ക്കുന്ന കോന്തിപ്പെലയനും പെലക്കള്ളിയ്ക്കും സ്വാതന്ത്ര്യം കിട്ടിയാൽ………

ഇണ്ണായിച്ചോന്റെ പുരയിൽ രാമുണ്ണിമേനോനായി കരുതിയിരിയ്ക്കുന്ന തെങ്ങിൻ കള്ളുതേടിഅയാളെത്തി.പുരയ്ക്കുള്ളിൽരാമുണ്ണിമേനോൻ കയറിയപ്പോൾ പുറത്ത്‌ പ്ലാവിൻ ചുവട്ടിൽ നായരു കാവലുനിന്നു. പുരയ്ക്കുള്ളിൽ കള്ളു വിളമ്പുന്നത്‌ കൊച്ചുട്ടിച്ചോത്തിയാണ്‌. ഇണ്ണായിച്ചോൻ
അടുത്തടുത്ത തെങ്ങുകളിൽ നിന്നും കള്ള്‌ പാളയിൽ ആക്കി പുരയിൽ നിന്നും അകന്നു കൊണ്ടിരിയ്ക്കുകയായിരിയ്ക്കും.

കാലാടുന്ന ബഞ്ചിൽ രാമുണ്ണിമേനോൻ ഇരുന്നു. ബഞ്ചിന്റെ കാലാട്ടം നിലച്ചു. രാമുണ്ണിമേനോന്റെ ഭാരത്തെതാങ്ങുമ്പോൾ മാത്രമാണ്‌ ആട്ടം നിലയ്ക്കുന്നത്‌. ഒരു പക്ഷെ, ഇനിയും പ്രസവിയ്ക്കാത്ത കൊച്ചൂട്ടിച്ചോത്തിയും ഇണ്ണായിച്ചോനും ബഹുമാനംകൊണ്ട്‌ അതില്‍ ഇരിയ്ക്കാറുമില്ലായിരിയ്ക്കാം.

തമ്പ്രാന്റെ മുഖത്തെ വിഷാദം കൊച്ചൂട്ടികണ്ടു. അവൾ പാളയിൽ നിന്നും മൺ കോപ്പയിലേയ്ക്ക്‌ കള്ള്‌ പകർന്നു. തമ്പ്രാന്റെ മുന്നിൽ നിന്നപ്പോൾ മേൽമുണ്ട്‌ ഈർന്നു വീണത്‌ തികച്ചും യാദൃശ്ചികമാകാം. നിത്യേന അങ്ങിനെ ഉണ്ടാകുന്നുണ്ടെങ്കില്‍ അത്‌ മേല്‍മുണ്ടിന്റെ കീഴ്‌വഴക്കം കൊണ്ടുമാകാം.

കൊച്ചൂട്ടിയുടെ, റൌക്കയിൽ കൊള്ളാത്ത മാറ്‌…………………

തെങ്ങിന്റെ രസം സിരകളിലൂടെ തലയിലെത്തിയപ്പോള്‍ തമ്പ്രാന്റെ മുഖം പ്രസന്നമായി. റൌക്കയുടെ നരച്ചനിറം അയാള്‍ മറന്നു. കഴുത്തും മുഖവും കറുത്തതെങ്കിനും റൌയ്ക്കുള്ളിലെ
ഇരുനിറം അയാളുടെ കണ്ണിൽ തെളിഞ്ഞു വന്നു.

അവൾ വീണ്ടും,വീണ്ടും മൺ കോപ്പ നിറച്ചു.

റൌക്കയ്ക്ക്‌ താഴെ കൈലി മുണ്ടിന്‌ മേലെ നഗ്നമായ വയറും പൊക്കിൾച്ചുഴിയും………….അയാളുടെവലതുകൈയുടെചൂണ്ടുവിരൽപൊക്കിൾ ച്ചുഴിയിൽ അമരുമ്പോൾ, ഓർമ്മയിൽ മിന്നൽ പിണർ പോലെ
ചോദ്യം ഉയർന്നു വന്നു.

കൊച്ചൂട്ടിയ്ക്ക്‌ സ്വാതന്ത്ര്യം കിട്ടിയാൽ…

ഉണർന്നിരുന്ന സിരകൾ തളർന്നു പോകുന്നു. കണ്ണുകൾ ജ്വാലയില്ലാത്ത ചൂട്ടു പോലെ വെളിച്ചം കെട്ടതാകുന്നു.

ദേഹമാസകലം വിയർപ്പുമായി ബഞ്ചുവിട്ടെഴുന്നേൽക്കുമ്പോൾ കൊച്ചൂട്ടി അമ്പരന്നു. കൈകളിൽ മുഖം പൂഴ്ത്തി തറയിലിരുന്നു.

കഴിഞ്ഞ പത്തുവർഷക്കാലം അവളറിഞ്ഞിരുന്ന രാമുണ്ണി തമ്പ്രനായിരുന്നില്ലത്‌.

ഇണ്ണായിച്ചോന്റെ കൈപിടിച്ച്‌ പടിയിറങ്ങി, ബന്ധുക്കളെയും കൂട്ടുകാരെയും വിട്ട്‌, നാടുവിട്ട്‌ ഈക്കുടിയിലെത്തി ഒരാഴ്ച കഴിയുംമുമ്പ്‌ അറിഞ്ഞതായിരുന്നു അദ്ദേഹത്തെ. സന്ധ്യമയങ്ങി തീരുംമുമ്പ് കള്ളിന്റെ ഉറയ്ക്കാത്ത കാൽ വയ്പുകളുമായിട്ടെത്തുന്ന ഇണ്ണായിച്ചോനോടൊത്ത്‌ അത്താഴമുണ്ട്‌ ഓട്ടുവിളക്ക്‌കെടുത്തി ഈറനാർന്ന തറയില്‍ ഒറ്റപ്പായ വിരിച്ച്കിടക്കുന്ന അവളെ ഉണർത്തിയിട്ട്‌ അകാലത്തിൽ ഉറങ്ങാറായിരുന്നു അയാളുടെ പതിവ്‌.

ആ പതിവിൽ ദേഹം നൊന്ത്‌ മനസ്സു മടുത്ത്‌ പ്രാർത്ഥനകളും നേർച്ചകളും തുടങ്ങിയപ്പോഴേയ്ക്കും കളളു കുടിയ്ക്കാനായിട്ടാ നിത്യസന്ദർശക നെത്തി………..

രാമുണ്ണി തമ്പ്രാൻ…………….

അവൾ നൽകിയ കള്ളിന്റെ മത്തിന്‌ പ്രതിഫലമായിട്ട്‌ അയാൽ അവൾക്ക് നൽകിയത്‌ അനുഭൂതികളുടെ ആനന്ദവലയങ്ങളാണ്‌.

ഈറനായ തറയെ കനലു പോലെ പൊള്ളിച്ചുകൊണ്ട്‌………….

രോമകൂപങ്ങളിലൂടെ വിയർപ്പിനെ ധാരയായൊഴുക്കി………….

ഉൾപ്പൂവിനെവിരിയിച്ചു.

ശരീരത്തിന്റെ കാമനകളെ ഉണർത്തി ആത്മാവിനെ രതിമൂർച്ഛയിലേയ്ക്ക്‌ കൂപ്പുകുത്തി വീഴ്ത്തുകയായിരുന്നു.

കൊച്ചൂട്ടി ഒന്നുതേങ്ങി.

തേങ്ങുന്ന ശബ്ദം കേട്ടിട്ടും അയാൾ തിരിഞ്ഞു നോക്കാതെ പുരയുടെ വാതിൽ മറനീക്കി പുറത്തേയ്ക്ക്‌ പോയി.

പ്ലാവിന്റെ ചുവട്ടിലിരുന്ന്‌ മുറുക്കാൻ പൊതിയഴിച്ച നായര്‍, വെറ്റില ചുണ്ണാമ്പുതേച്ച്‌അടക്ക വായിലിട്ട്‌ ചവച്ച്‌ പതംവരുത്തി, വെറ്റിലചുരുള് വായിലേയ്ക്ക്‌ തിരുകിയതേയുണ്ടായിരുന്നുള്ളൂ പുകയില തിരുമ്മികൂട്ടി കയ്യിൽ തന്നെ പിടിച്ചു കൊണ്ട്‌ തമ്പ്രാനെ കണ്ടെഴുന്നേറ്റു.

മാസങ്ങൾ കഴിയും മുമ്പെ എമ്പാശ്ശേരി മഠത്തിലെ എട്ടുകെട്ട്‌ മാളികയുടെ പടിപ്പുരയിലെ വിശാലമായ തിണ്ണയിൽ ബ്ലൂൌസ്സിടാതെ മുലക്കച്ച കെട്ടിയ വാല്യക്കാരി പകർന്നു കൊടുത്ത സംഭാരം കഴിച്ച്‌ മുറുക്കാൻ ചവച്ച്‌ രാമുണ്ണി എല്ലാം കേട്ടിരുന്നു.

മങ്കാവുടിയിൽ ഇനി എന്താ ഒള്ളത്‌ തന്റെ കൈപ്പിടിയിലായിട്ട്‌. എല്ലാം ക്രിസ്ത്യാനികളുടേയും മുസൽമാന്മാരുടേയും ബാക്കി കുറച്ച്‌ നായന്മാരുടേയും കൈകളിലല്ലെ. ഇനി അവർ പാട്ടം കൂടി തരില്ലാന്നു വച്ചാൽ എന്താ സ്ഥിതി……. ഇവിടത്തെ കാര്യം ഒട്ടും വ്യത്യസ്തമല്ല………. ഇനി മഹാരാജാവ്‌ തിരുമനസ്സിനെയും ദിവാനെയും അധികാരത്തിൽ നിന്നും ഇറക്കിവിട്ടാലത്തെ
സ്ഥിതിയോ…… മകനെ തിരിച്ചു വിളിയ്ക്കുക…….. അയാളും ഇക്കുട്ടത്തിലുണ്ട്‌. ദിവാൻ കുറിപ്പ്‌ കൊടുത്തു വിട്ടിരുന്നു. അവൻ സമരക്കാരുടെ കുടെയല്ല വിപ്ലവക്കാരുടെക്കുടെയാണെങ്കിൽ ഭംഗിയായി…….. സമാധാനസമരമൊന്നുമല്ല അവരുടെ വഴി……. പോലീസിനോടും പട്ടാളത്തോടും
നേരിട്ടെതിർക്കുകതന്നെ……………

പക്ഷെ, അന്വേഷണങ്ങൾക്കൊന്നും ദിവാകരമേനോനെ കണ്ടെത്താൻ കഴിഞ്ഞില്ല. അയാൾ കോളേജ്‌ ബഹിഷ്ക്കരിച്ച്‌ സ്വാതന്ത്ര്യ സമരക്കാരോടൊപ്പം ഒളിവിലും തെളിവിലും പ്രവർത്തകനായി നാടുകളിൽ അലയുകയായിരുന്നു.

ഒടുവിൽ ദൌത്യവുമായിട്ട്‌ മങ്കാവുടിയിലെത്തി. മങ്കാവുടി മക്കളെ സംഘടിപ്പിയ്ക്കുവാനായിട്ട്‌.

മകനെ നേരിട്ട്‌ കാണാൻ കഴിഞ്ഞില്ലെങ്കിലും രാമുണ്ണിമേനോൻ എല്ലാം അറിയുന്നുണ്ടായിരുന്നു. അവസാന ആഗ്രഹമാണെന്ന്‌ കുറിമാനം കൊടുത്തു വിട്ടിട്ടാണ്‌ ദിവാകരൻ ഇല്ലിക്കുന്നേൽ
പുത്തൻപുരയിൽ എത്തിയത്‌.

അവന്റെ വെളുത്ത വസ്ത്രങ്ങളും വെളുത്ത തൊപ്പിയും രാമുണ്ണിമേനോന്റെ നെഞ്ചിലെ മിന്നലുകളായി, ഇടിമുഴക്കങ്ങളായി…………

അവൻ പറഞ്ഞതൊന്നും അയാൾക്ക് ഗ്രഹിക്കാനായില്ല. എല്ലാം കീഴ്മേൽ മറിയുകയാണെന്നുമാത്രം കരുതി, അങ്ങിനെ മറിയ്ക്കുന്നതിൽ മകൻ ഒരു പ്രധാന കണ്ണിയാണെന്നും. അവന്റെ ദൃഢമായ വാക്കുകളിലെ നിശ്ചയദാഷ്ട്ര്യം കണ്ട്‌ ഇനിയും തിരിച്ചെടുക്കാൻ തന്നാലാവില്ലെംന്നും കരുതി.

ആ രാത്രിയിൽ അച്ഛനോടൊത്ത്‌ ഭക്ഷണം കഴിച്ച്‌ മാളികയിലെ പടിഞ്ഞാറേ മുറിയിൽ അന്തിയുറങ്ങണമെന്ന രാമുണ്ണിയുടെ ആഗ്രഹം മാത്രം ദിവാകരൻ അംഗികരിച്ചു.

ആഹാരം കഴിഞ്ഞ്‌ മാളികമുറിയിലെ പടിഞ്ഞാറേക്കുളള ജനാല തുറന്ന്‌ കട്ടിലിൽ വെറുതെ കിടന്നു. ചെറിയൊരു കാറ്റ്‌ വരുന്നുണ്ട്‌.പക്ഷെ, ശരീരത്തിന്റെ ചൂടിനെ അകറ്റാൻ മാത്രമില്ല. ഒരു പക്ഷെ, ഉളളിലെ ചൂടിന്റെ ആധിക്യയവുമാകാം.

ചാരിയിരുന്ന അറവാതിൽ സാവധാനത്തിൽ തുറന്നത്‌, മാളവിക.

ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൾ അവൾ നിന്നു, അവന്റെ മുഖഭാവങ്ങൾ ശ്രദ്ധിച്ച്‌. അവന്റെ ചുണ്ടുകളിൽ വിരിഞ്ഞ ചിരി അവൾക്ക് ധൈര്യമായി, അവൾ വാതിലടച്ച്‌ കുറ്റിയിട്ടു.

അവൾ വളർന്നിരിയ്ക്കുന്നു ബ്ലൌസ്സിട്ടിരിയ്ക്കുന്നു, മുലക്കച്ചകെട്ടിയിരിയ്ക്കുന്നു. അരയിൽ നൂലകന്ന ഒറ്റമുണ്ട്‌ മാത്രമല്ലാതായിരിയ്ക്കുന്നു.
“എന്താമാളു………?”
അവൾ വന്ന്‌ കട്ടിലിൽ, അവനെ സ്പർശിച്ചിരുന്നു.

“എന്നെവേണ്ടെദിവേട്ടന്‌?”
ഒരു നിമിഷം അവൻ നിശ്ശബ്ദനായി. അവന്‌ തോന്നി അച്ഛന്റെ അവസാനത്തെ ചുവടുകളാണ്‌.

“വേണം………. എന്റെ ജീവിതം മാളുവുമൊത്ത്‌ മാത്രമായിരിയ്ക്കും…”

“എന്താ ഈ കേൾക്കുന്നതൊക്കെ?”

“കേൾക്കുന്നതൊക്കെ ശരിയാണ്‌. പക്ഷെ, അതിന്‌ മാളുവും ഞാനും തമ്മിലുള്ള അടുപ്പവുമായിട്ട്‌ ഒരു ബന്ധവുമില്ല…..”

അവനറിയുന്നു. അവളുടെ ദേഹം അടുത്തടുത്ത്‌ വരികയാണ്‌. ദേഹത്തിന്റെ സുഗന്ധം, മുടിയിലേറ്റ വാസനപുകയുടെ മണം, നെഞ്ചിലമരുന്ന അവളുടെ മാറിലെ പൂമുട്ടുകൾ……….

ദിവാകരൻ ഒരു നിമിഷം പതറിപ്പോയതാണ്‌.

പക്ഷെ,

അവളെ സാവധാനം നെഞ്ചിൽ നിന്നും അടർത്തി കട്ടിലില്‍ കിടത്തി. അവൾ അവനെ കാത്ത്‌ കണ്ണുകളടച്ച്‌, എല്ലാവാതിലുകളും തുറന്നിട്ടുകിടന്നു. ദിവാകരൻ കട്ടിൽ വിട്ടെഴുന്നേറ്റു. കുനിഞ്ഞു
അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ച്‌, നിശ്ശബ്ദനായി, വാതിൽ തുറന്നു…………

അവൾ ജനാല വഴി കണ്ടു കിടന്നു, തേങ്ങി……..

ഒരിയ്ക്കലും മടങ്ങില്ലെന്നു കരുതിയിട്ടും വർഷങ്ങൾക്കു ശേഷം ദിവാകരൻ വന്നു. അന്ന്‌ രാമുണ്ണിമേനോൻ ഇല്ലായിരുന്നു. മാളവികയുടെ ചിറ്റമ്മയുടെ മകൻ ഗോവിന്ദൻകുട്ടിമേനോൻ ചാരുകസേരയിൽ കിടന്നിരുന്നകാലം…………… തടസ്സങ്ങളോ, വാഗ്വാദങ്ങളോ ഇല്ലാതെ മാളവിക പടിപ്പുരവിട്ടു.

ആ ദിവാകരമേനോന്റെ പിൻഗാമികളാണ്‌ ഇന്ന്‌ നാമറിയുന്ന സംയുക്ത കക്ഷിക്കാര്‍. ദിവാകരമേനോൻ മരിച്ചു, മാളവിക മരിച്ചു. അവരുടെ മകൻ നാല്പത്തിയെട്ടുകാരനായ കരുണാകരമേനോനും അയാളുടെ മകനായ ഇരുപത്തിമൂന്നുകാരൻ ബിജുവിനും സംഘടനയുമായിട്ട്‌ ഇന്ന്‌ ബന്ധങ്ങളില്ല. അവർ മങ്കാവുടിയിലെ ഏതോ ഒരു മുക്കവലയിൽ പലവ്യജ്ഞന വ്യാപാരം നടത്തി കഴിഞ്ഞു കൂടുന്നു. പക്ഷെ, ബന്ധമുള്ളവർ ഇവിടെ ധാരാളമുണ്ട്‌. മത്തായി, മർക്കോസ്‌, ലുക്കോസ്‌, മക്കാർ, ഹസ്സൻ. മൈതീൻ, രാമചന്ദ്രൻ നായർ, കുമാരൻ ചോൻ, രാമകൃഷ്ണനാചാരി എന്നു പേരുകളുമായിട്ട്‌.

അവർ പറയും, ഞങ്ങൾ ദൈവവിശ്വാസികളാണ്‌, ഇതെല്ലാം ദൈവ സൃഷ്ടികളാണ്‌. ഓരോരുത്തർക്കും ഓരോന്നു ചെയ്യാൻ ദൈവം നിശ്ചയിച്ചിട്ടുണ്ട്‌. ഗീതയും ബൈബിളും ഖുറാനും ഒന്നു തന്നെയാണ്‌ പറയുന്നത്‌എന്നെല്ലാം……………

@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top