അദ്ധ്യായം ഒന്ന്
സിദ്ധാര്‍ത്ഥന്‍ ഉറങ്ങുകയായിരുന്നു.
അതോ മയങ്ങുകയോ?
കണ്ണുകളെ പൂട്ടി വിശ്രമിക്കുമ്പോഴും മനസ്സ്
ചലിച്ചുകൊണ്ടിരുന്നാൽ ഉറക്കമാകുമോ?
കണ്ണുകളും ശരീരവും ആലസ്യം പൂണ്ടിരിക്കുക
തന്നെയാണ്.
ബസ്സിന്റെ ആസ്വാദ്യമായ ചാഞ്ചാട്ടത്തിൽ
തുറന്നിട്ടിരിക്കുന്ന വാതായനങ്ങളിലൂടെ ഒഴുകിയെത്തുന്ന മലങ്കാറ്റിന്റ സഹ്യമായ
ശൈത്യത്തിൽ ശരീരം വിശ്രമം കൊള്ളുന്നു.
ബസ്സ് വളവുകൾ തിരിഞ്ഞ് കയറ്റങ്ങള്‍ കയറി
വരികയാണ്; മലയുടെ ശിഖരങ്ങളിലേയ്ക്ക്. ഓരോ
ശിഖരങ്ങളിലും ഓരോ കൂട്ടം മനുഷ്യർ കൂടുകൂട്ടിയിരിക്കുന്നു. ഓരോ ശിഖരങ്ങളും അവരുടെ
ഗ്രാമങ്ങളാകുന്നു. ശിഖരങ്ങളിലേക്കുള്ള സന്ധികൾ അവരുടെ സിറ്റികളും. നിത്യോപയോഗ
സാധനങ്ങൾ ശേഖരിക്കുന്നതിനും മലഞ്ചെരിവുകളിൽ അദ്ധ്വാനിച്ചുണ്ടാക്കുന്ന വിളവുകൾ
കൈമാറുന്നതിനും സന്ധ്യകളിൽ അവർ സിറ്റികളിൽ വരുന്നു.
യാത്രക്കാരെ ഇറക്കുന്നതിനായി ഏതോ ഒരു ഗ്രാമത്തിന്റെ
സീറ്റിയിൽ ബസ്സ് നിന്നിരിക്കുന്നു. സിദ്ധാര്‍ത്ഥന്‍ കണ്ണുകൾ തുറന്നു.
രാവേറെ എത്തിയിട്ടില്ലാ എന്നിട്ടും ഗ്രാമമാകെ
ഇരുളു പടര്‍ന്നു
കഴിഞ്ഞിരിക്കുന്നു. വളര്‍ന്ന് പടര്‍ന്ന്
കിടക്കുന്ന വൃക്ഷങ്ങളും വൈദ്യുതി അഭാവവും കാരണമാകാം.കടകളിൽ മണ്ണെണ്ണ വിളക്കുകൾ
എരിയുന്നു.
ഇരുളിനെ തുളച്ച് കീറിക്കൊണ്ട് ബസ്സിന്റെ
ഹെഡ്ലൈറ്റ് വെളിച്ചം തെല്ലകലെ റോഡിലേയ്ക്ക് തള്ളിനില്‍ക്കുന്ന ഭീമാകാരനായ ഒരു
പാറയിൽ തട്ടിനില്‍ക്കുന്നു. അവിടെ അടുത്ത വളവ് തുടങ്ങുകയാണ്.
യാത്ര തുടങ്ങിയിട്ട മണിക്കുറുകർ
കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ബസ്സിലെ തിരക്കൊഴിഞ്ഞിട്ടില്ല.
"ശാന്തിയിലെത്താന്‍ ഇനിയും വൈകുമോ?"
സിദ്ധാര്‍ത്ഥന്‍ അടുത്തിരുന്ന
ചെറുപ്പക്കാരനോട് തിരക്കി.
"ഇല്ല ഏറിയാല്‍ ഒരു മണിക്കൂർ"
ബസ്സ് ഇളകിത്തുടങ്ങി.
അവന്‍ വീണ്ടും കണ്ണുകളെ പൂട്ടി.
ബസ്സിന്റെ ജീവിതയാത്ര വീണ്ടും തുടങ്ങി.
കയറ്റം കയറി, വളവുകള്‍ തിരിഞ്ഞ് നിരപ്പായ
റോഡിൽ വേഗത ഏറി.....