വിവരമോഹി

ഒരു ത്രിസന്ധ്യക്ക് പിതാവും ഏഴു പുത്രന്മാരും കുരിശു വരക്കും മുമ്പ് കിഴക്കേ വരാന്തയിൽ, ഉള്ള മസേരകളിലും അരപ്രൈസിലുമായിട്ടിരുന്നു. അവർക്കരുകിൽ മൂന്ന് ലിറ്റർ ജവാനും പോർക്ക് വിന്താലുവും, ബീഫ് ഉലർത്തിയതും അച്ചാറും മിക്സറും വിലസുന്നു.

തെക്കു വശത്ത്, പര്യമ്പുറത്തും വരാന്തയിലുമായി പിതാവിന്റെയും പുത്രന്മാരുടേതും കൂടി എട്ടു ഭാര്യമാർ ചക്ക വെട്ടി, വൃത്തിയാക്കി, പുഴുക്കുണ്ടാക്കുന്നതിനും വറുക്കുന്നതിനുമായി പണിതു കൊണ്ടിരുന്നു.  അവരോടു ചേർന്നും ഉത്തേജകദ്രാവകവും അനുസാരികളും നിരന്നിരിപ്പുണ്ട്.

ജവാന്റെ കിരികിരിപ്പ് പിതാവിലും പുത്രന്മാരിലും പ്രവർത്തിച്ചു തുടങ്ങിയപ്പോൾ ഏഴാമത്തെ പുത്രൻ പറഞ്ഞു

അപ്പാ ഞാൻ കുറച്ച് ചോദ്യങ്ങൾ ചോദിക്കാൻ പോവുകയാണ്

ഇതെന്ത് കൂത്ത്? ചോദ്യങ്ങളോ?

അതെ ചോദ്യങ്ങൾ..... ഇന്ത്യൻ വിവരാവകാശ നിയമപ്രകാരം അധികാരികളോട് പ്രജകൾക്ക് ചോദ്യങ്ങൾ ചോദിക്കാം...

ങേ! അധികാരികളും പ്രജകളുമോ.. ആരെടാ ഇവരൊക്കെ....

പിതാവ് മറ്റ് പുത്രന്മാരുടെ മുഖത്ത് നോക്കി സംശയം ഉന്നയിച്ചു.

പക്ഷെ, അവർക്കൊന്നും മനസ്സിലായില്ലെന്ന് മുഖം പറഞ്ഞു.