സമാഗമം

"ഡോക്ടറാന്‍റീ , എനിക്കൊന്നും മനസ്സിലാകുന്നില്ല ."

        സുനുവിന് തന്‍റെ കാതുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. മുന്നിലിരിക്കുന്ന ഡോക്ടര്‍ രമണി പൗലോസിനേയും വിശ്വസി്ക്കാന്‍ കഴിയുന്നില്ല.

        സുനിതയുടെ പ്രഗ്നന്‍സി ഉറപ്പാക്കിയപ്പോഴാണ് സുനുവും ഡോക്ടര്‍ രമണി പൗലോസും തമ്മിലുള്ള അടുപ്പം കൂടിയത്. വളരെ വൈകിയുള്ള വിവാഹം, വിവാഹം കഴിഞ്ഞിട്ടും മൂന്നു വര്‍ഷം കാത്തിരുന്നതിനു ശേഷമുളള പ്രഗ്നന്‍സി. ഒരു ചെറിയ തുമ്മലോ, ഛര്‍ദ്ദിയോ ഉണ്ടായാല്‍ ഓടിയെത്തുകയായി ഡോക്ടറുടെ മുന്നില്‍............

        അവന്‍റെ വെപ്രാളം കണ്ടിട്ടായിരിക്കണം എല്ലായ്പ്പോഴും ഡോക്ടറുടെ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു നില്ക്കുന്നത്. പിന്നിടു പറയുന്ന വാക്കുകളിലും കളിയാക്കലിന്‍റെ ഒരു ലാഞ്ചനയുണ്ടായിരിക്കുന്നതും.

        നാല്പത്തിയഞ്ചുകഴിഞ്ഞിട്ടും ഡോക്ടര്‍ സുന്ദരിയാണ്. നോക്കി നോക്കിയിരിക്കെ, ചടുലമായ വാക്കുകള്‍ കേട്ടിരിക്കെ, സൗന്ദര്യം കൂടിവരുന്നതായി തോന്നും, ചിലപ്പോള്‍ സുനിതയേക്കാള്‍ സുന്ദരിയാണെന്നും സുനുവിന് തോന്നിയിട്ടുണ്ട്.

        അവന്‍ എന്നും അങ്ങിനെ തന്നെ ആയിരുന്നു. വിവാഹത്തിനു മുമ്പും, വിവാഹശേഷവും.  സുന്ദരികളായ സ്ത്രീകളുടെ മുന്നില്‍ അവന്‍റെ മനസ്സ് ലോലമായിപ്പോകുന്നു, പ്രണയാദ്രമായി മാറുന്നു.  ആസ്വാദനക്കണ്ണുകളോടെ മാത്രമേ നോക്കാന്‍ കഴിയുന്നുളളു.

        പക്ഷെ, ഡോക്ടറാന്‍റിക്ക് തന്നോടുള്ള അടുപ്പം വെറും കച്ചവട തന്ത്രമാണെന്ന് അവനറിയാം. ആശുപത്രിയുടെ ഉന്നമനം മാത്രമാണവര്‍ നോക്കുന്നത്.  കൂടുതല്‍ കൂടുതല്‍ ഉപകരണങ്ങള്‍ നിരത്താന്‍ശ്രേഷ്ടരായ ഡോക്ടര്‍മാരെ കൊണ്ടു വരുവാന്‍............

        എങ്കിലും, ഇപ്പോളൊരു നുണപറയേണ്ടകാര്യമില്ലല്ലോ....