പണ്ട്, കാല്പനിക യുഗത്ത് സ്വപ്ന രാജ്യത്തെ രാജാവിന് രാത്രിയില്‍ ഞെട്ടിയുണര്‍ന്നപ്പോള്‍
ഒരു മോഹമുണ്ടായി. തന്‍റെ പേരിലും ഒരു ഉപനിഷത് വേണം, കുറെ പുകഴ്ത്ത് പാട്ടുകളും,
കുറഞ്ഞത് ഒരുമഹാകാവ്യവും കുറെ വേദ ഭാഗങ്ങളും. പിന്നെ അന്വേഷണമായി. ഒരു ദിവസം പ്രധാന മന്ത്രിപുംഗവന്‍
അറിയിച്ചു. നമ്മുടെ രാജ്യത്തെ വടവൃക്ഷച്ചുവട്ടില്‍ ജഡയും നരയും
ഭസ്മക്കുറിയുമായിട്ട് ഒരു ഭിക്ഷാം ദേഹി മുനിവര്യന്‍ എത്തിയിട്ടുണ്ടെന്ന്.
ഒട്ടും വൈകാതെ രാജാവ് വേഷഭൂഷാദികളൊക്കെ അണിഞ്ഞ് കാട്ടില്‍
വേട്ടക്കു പോകുന്ന ഒരുക്കങ്ങളോടെ മുനി സമക്ഷത്തേക്ക് എഴുന്നള്ളി.
പടയാളികളെക്കൂടാതെ നഗരവാസികളും കാട്ടുവാസികളും അനുഗമിച്ചു. നൂറുകണക്കിന് കഴുകന്മാരും- പടയോട്ടമായാലും
നായാട്ടായാലും മൃഷ്ടാന്നം കിട്ടുമെന്ന് കഴുകന്മാര്‍ക്കും നല്ല കാഴ്ച കിട്ടുമെന്ന്
മനുഷ്യര്‍ക്കും അറിയാം.
മുനി സമക്ഷം രാജാവ്, പടയാളികള്‍ ഒരുക്കി
കൊടുത്ത സിംഹാസനത്തില്‍ സ്വസ്ഥനായി.
മുനിവര്യന്‍ ആകാംക്ഷ കൊണ്ടു.
രാജാവ് അരുളിച്ചെയ്തു.
മഹാമുനേ, എന്റെ പേരില്‍ ഒരു ഉപനിഷത്തെങ്കിലും വേണ്ടിയിരിക്കുന്നു. കുറെ പുകഴ്ത്തു
പാട്ടുകളും കാവ്യങ്ങളും തീര്‍ക്കേണ്ടിയിരിക്കുന്നു. ആ കര്‍ത്തവ്യം അങ്ങയെ
ഏല്പിക്കുകയാണ്.
തിരുമനസ്സേ....ഇനിയൊരു ഉപനിഷത് സാദ്ധ്യമാണോ.... ആയിരക്കണക്കിന്
ഉപനിഷത്തുക്കളും കാവ്യങ്ങളും കൊണ്ടു
നാടാകെ നിറഞ്ഞിരിക്കുകയല്ലേ...
രാജാവ് ദേഷ്യം കൊണ്ട് പുലമ്പി.
മഹാമുനേ.... അങ്ങ് രാജ്യദ്രോഹമാണ് പറയുന്നത്...
രാജ്യദ്രോഹമോ....അതെങ്ങിനെ... ഇല്ലാത്തതിനെ ഉണ്ടാക്കാന്‍, വര്‍ണ്ണിക്കാന്‍ എന്നാല്‍ കഴിയുകയില്ല... എങ്കിലും ഒരു ഉപാധി
പറയാം....രാജ്യത്താകെ കൊള്ളയും കൊള്ളിവയ്പും അക്രമങ്ങളും
നടമാടിക്കൊണ്ടിരിക്കുകയല്ലേ... അതുകളെ ഒതുക്കുന്നതിനുകൂടിയുള്ള ഒരു കാര്യം
പറയാം.... അതൊരു ഉപനിഷത് ആയി വികസിപ്പിക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്ത് സമാധാനം
ഉണ്ടാകുകയും അങ്ങയെ പുകഴ്ത്തി പാടാന്‍, കാവ്യങ്ങള്‍ ചമക്കാന്‍ കഴിയുകയും... അങ്ങ് രാജര്‍ഷിയായി അറിയപ്പെടാനിടയുമുണ്ട്....
ഉം....മൊഴിയൂ...
എല്ലാ മനുഷ്യരോടും മൃഗ തുല്യരാകാന്‍ പറയൂ...
മൃഗങ്ങളാകാനോ...
അതെ....അമിതഭക്ഷണവും അമിതഭോഗവും ഒഴിവാക്കന്‍ വേണ്ടിയാണ്
മൃഗതുല്യരാകുന്നത്....മൃഗങ്ങള്‍ ആവശ്യത്തിനേ ഭക്ഷിക്കുകയുള്ളൂ....ഭക്ഷണത്തിനു
വേണ്ടി മാത്രമേ മറ്റെന്തും ഇല്ലാതാക്കൂ...സസ്യഭുക്കായാലും മാംസഭുക്കായാലും അങ്ങിനെ
തന്നെയാണ്...സമ്മതത്തോടയേ ഇണചേരൂ....അങ്ങിനെ ആയാല്‍ രാജ്യം സമത്വ സുന്ദരമാകും. അതു
തന്നെ അങ്ങേക്ക് ഉപനിഷത്താക്കി കീര്‍ത്തിമാനാകാം അങ്ങയെ പുകഴ്ത്തി പാടാന്‍ പുതു
കവികള്‍ മുന്നോട്ടു വരും...
രാജാവ് സന്തോഷവാനായി രഥത്തിലേറി തുള്ളിച്ചാടി. ഒന്നും മനസ്സിലാകാതെ കഴുകന്മാര്‍ വിഷാദം
പൂണ്ടു. ജനങ്ങള്‍ കണ്‍മിഴിച്ചു നിന്നു.
പടയാളികള്‍ അന്ധാളിച്ചു. കൂടെ
ഉണ്ടായിരുന്നു മന്ത്രിയുടെ മാത്രം ബുദ്ധി പ്രവര്‍ത്തിച്ചു. മന്ത്രി ചോദിച്ചു.
തിരുമനസ്സേ... പ്രജകളെല്ലാം നന്മയുള്ളവരും മൃഗങ്ങളെപ്പോലെ
സത്യമുള്ളവരുമായാല്‍ രാജാവിന്‍റെ ആവശ്യമുണ്ടോ....അധികാരമുണ്ടോ..... രാജാവും
പ്രജയെപ്പോലെ ഒരു സാധാരണക്കാരാനാകയില്ലേ... പിന്നെ എന്ത് രാജര്‍ഷി....
ഉപനിഷത്....മഹാകാവ്യങ്ങള്‍....
രാജാവ് പെട്ടന്ന് ഉള്‍ക്കിടിലം കൊണ്ട് ഉണര്‍ന്നു. ദേഹമാകെയൊരു
വിറയല്‍ കൊണ്ട് ഉന്മേഷവാനായി...വടവൃക്ഷച്ചുവട്ടില്‍ ഇരുന്നപ്പോള്‍ കിട്ടാതിരുന്ന
ബോധം ഉദയം കൊണ്ടു....രഥം തിരിച്ചു പടയാളികള്‍, പ്രജകള്‍ തിരിഞ്ഞു
നടന്നു. കഴുകന്മാര്‍ തിരിഞ്ഞു പറന്നു.
വീണ്ടും വടവൃക്ഷച്ചുവട്ടിലെത്തി.
മുനിശ്രേഷ്ടന്‍ സന്തോഷം കൊണ്ട് എഴുന്നേറ്റു നിന്നു. പാരിതോഷികം തരാതെ പോയ രാജാവിന്
ബോധമുദിച്ചപ്പോള്‍ മടങ്ങിയെത്തിയതെന്ന് കരുതി.
പക്ഷെ, രഥത്തിന്‍ നിന്നും ഊരിപ്പിടിച്ച
വാളുമായി വന്ന രാജാവിനെകണ്ട മുനി നിര്‍വികാരനായി.
അയാളുടെ കഴുത്തറുത്ത് കൈകാലുകള്‍ പിഴുത്, ഉടല് കീറി കഴുകന്മാര്‍ക്ക്
വിതറി നല്‍കിയപ്പോള്‍ രാജാവിന്‍റ മുഖം സൂര്യനെപ്പോലെ തിളങ്ങുന്നെന്ന് പ്രജകള്‍
മനസ്സില്‍ പറഞ്ഞു.
കശ്മലന്‍.... ചണ്ഡാളന്‍... നമുക്ക് ഉപദേശിച്ചു തന്നതു
കണ്ടില്ലേ....
രാജാവ് പ്രജകളെനോക്കി
പ്രതിവചിച്ചു.
രാജാവ് നീളാള്‍ വാഴട്ടെ...
പ്രജകള്‍ ഘോഷിച്ചു.
ശേഷം രാജാവ് അയല്‍ രാജ്യങ്ങളില്‍ കൊള്ളയും കൊള്ളിവയ്പും
അക്രമങ്ങളും നടത്തി ആയിരക്കണക്കിന് ഗോക്കളെയും ദാസികളെയും അടിമകളെയും നേടി, കാടു കയറി മൃഗങ്ങളെ വേട്ടായാടി ആമോദം ഭക്ഷിച്ച് സുഖമായി യുഗങ്ങളോളം വാണു.