മുച്ചീട്ടു കളിക്കാരന്‍

പണ്ട് ഒരു മലയായിരുന്നു ഇന്നച്ചന്‍റിടം.

        കുറെ ഉണ്ടക്കല്ലുകളും ചരല്‍ അധികമായ മണ്ണും, കുറ്റികാടുകളും കുറുക്കനും കുറുനരിയും കീരിയും വര്‍ഗ്ഗത്തില്‍ കുറഞ്ഞ പാമ്പുകളും യഥേഷ്ടം വിഹരിച്ചിരുന്നൊരു കുന്ന്, എഴുപത്തിയഞ്ചേക്കര്‍ വിസ്തീര്‍ണ്ണത്തില്‍.

        ആരോ, ആരുടേയോ പേരില്‍ കൊടുത്തതെന്നു പറയുന്നൊരു പട്ടയവുമായി ഇന്നച്ചനു വേണ്ടി അവര്‍ മല കൈയ്യേറുകയായിരുന്നു.  അവര്‍ എന്നു പറയുന്നത് ഇന്നച്ചന്‍റെ അഭ്യുദയകാംക്ഷികളാണ്. ഇന്നച്ചന്‍റെ ഉന്നതി തങ്ങളുടെ കൂടി ഉന്നതിയാണെന്നറിയുന്നവര്‍, കണക്കു കൂട്ടി തീരുമാനിച്ചിരുക്കുന്നവര്‍, കരുക്കള്‍ നീക്കുന്നവര്‍.

        വടക്കു നിന്നൊരു കാടു പണിക്കാരനും, തെക്കു നിന്നൊരു മൃഗ സംരക്ഷകനും കിഴക്കു നിന്നൊരു ശില്പിയും, മേക്ക് നിന്നൊരു തച്ചുശാസ്ത്രജ്ഞനും പരിവാരസമേതം എത്തിച്ചേര്‍ന്ന്, പടിപടിയായി ഓരോരോ പണികള്‍ ചെയ്യുകയായിരുന്നു. നീണ്ടു, നീണ്ടു മൂന്നു കൊല്ലങ്ങള്‍ കഴിഞ്ഞപ്പോള്‍,

        ഇന്നച്ചന്‍റിടം,

        നൂറുപേര്‍ക്ക് യഥേഷ്ടം വാഴാന്‍ കഴിയുന്നൊരു കൊട്ടാരമായി.

        മലയാകെ തട്ടുകളായി തിരിച്ച് കയ്യാലകള്‍ വേണ്ടിടത്ത് കയ്യാലകളും, മതിലുകള്‍ വേണ്ടിടത്ത് മ തിലുകളും പണിതുയര്‍ത്തി, ടാര്‍ വിരിച്ചൊരു പാതയും തീര്‍ത്തു.

         മലമുകളില്‍ തന്നെ ഒരു കാവും, കാവില്‍ താഴുന്ന വെള്ളത്തിന് ഒലിച്ചിറങ്ങി സംഭരിക്കപ്പെടാനൊരു കുളവും പണിതു.  മല മുകളില്‍ തന്നെ തടാകം പോലൊരു ജല സംഭരണി തീര്‍ത്തു.  പെയ്യുന്ന ജലമാകെ മലയില്‍ തന്നെ താഴ്ന്നിറങ്ങാനായിട്ട് മഴക്കുഴികളും തീര്‍ത്തു.

        മാവും പ്ലാവും തെങ്ങും കമുകും ആഞ്ഞിലിയും വച്ചു പിടിപ്പിച്ചു.  അവയിലൊക്കെ കയറിപ്പടരാന്‍ പടര്‍പ്പുകളേയും വള്ളികളേയും അനുവദിച്ചു.

        പക്ഷികള്‍ക്ക് ചേക്കറാന്‍ വാതിലുകള്‍ തുറന്നു വച്ചു , അണ്ണാറക്കണ്ണനു തിന്നാന്‍ പേരക്കകള്‍ കായ്ചു പഴുക്കാന്‍ അനുവാദം കൊടുത്തു. കപ്പയും ചേനയും ചേമ്പും വാഴയും ഇടവിളകളായി.

        ആടുകളും മാടുകളും കോഴിയും പൂച്ചയും പട്ടിയും ആരുടെയെല്ലാമോ കൈയ്യില്‍ തൂങ്ങി വന്നു ചേര്‍ന്നു.

        അങ്ങിനെ,

        ഇന്നച്ചന്‍റിടം നഗരമദ്ധ്യത്തിലെ ഒരു കുളിര്‍മയായി....

        അതു വഴി കടന്നു പോകുന്ന അന്യനാട്ടുകാര്‍ക്കൊരു കാഴ്ചയായി.

        ഇന്നച്ചനോ, ആ കൊട്ടാരത്തില്‍, സുഖസമൃദ്ധിയില്‍ വാഴുന്നു.

        കൊട്ടാരമെമ്പാടും തോക്കു ധാരികളായ കരിമ്പൂച്ചകള്‍ ചെവികൂര്‍പ്പിച്ചു നടക്കുന്നു. ഇന്നച്ചന്‍റെ ഭാര്യ വെറോണിക്കക്കും മക്കള്‍ ഗിഫ്റ്റിക്കും ലക്കിക്കും എന്തും ചെയ്തു കൊടുക്കാന്‍ പരിവാരങ്ങള്‍ മത്സരിച്ചു നടക്കുന്നു. അവരേയും നിരീക്ഷിച്ചു കൊണ്ട് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ കഴുകന്‍ കണ്ണുകളുമായി ഉറങ്ങാതിരിക്കുന്നു.