ഈറനാര്‍ന്നൊരു പ്രഭാതത്തിലാണ്
രാജേഷ് വീടിന്‍റെ മുന്നിലെ വഴിയില്‍, ബൈക്കില്‍ നിന്നും
ഇറങ്ങാതെ ചോദിച്ചത്.
“നാസര്‍ വന്നില്ലല്ലോ...
അല്ലേ....?”
“ഇല്ല”
നാസറിന്‍റെ ഉമ്മയാണകത്തു നിന്നും പറഞ്ഞത്. ശേഷം അവര്‍ പുറത്തേക്ക് വന്നു.
നന്നെ ക്ഷീണിച്ച ഒരു സ്ത്രീ... നിറം മങ്ങിയ നൈറ്റി....
“അല്ല.... രാജേഷ് എപ്പ
വന്നു.... അവന്‍ നിന്‍റെ കൂടെയല്ലെ പോന്നത്....?”
“ഉവ്വ്...
ഞാനവനെ അവിടെ ഇറക്കിയിട്ട് കാത്തുനിന്നു, പത്തു മണി വരെ ....
പത്തു മണിക്കവന്‍ വിളിച്ചു പറഞ്ഞു താമസ്സിച്ചേ വരുവൊള്ളൂ എന്നോട് പൊക്കോളാന്‍ ....”
ങേ...!.
അവര്‍ ഒന്നു തേങ്ങി. അവര്‍ക്ക്
പിറകില്‍ വെളുത്ത സുന്ദരിയായൊരു പെണ്‍കുട്ടി
വന്നു. അവള്‍ നാസറിന്‍റെ ഭാര്യയാണ്. പെണ്‍കുട്ടിയെപ്പോലെ തോന്നിക്കുമെങ്കിലും അവള്‍ക്കൊരു
മകനുണ്ട്, രണ്ടു വയസ്സുകാരന്‍.
അവള്‍, നസീമ പറഞ്ഞു.
“വന്നിട്ട്
വണ്ടിയിറക്കിയിടാന്നും പറഞ്ഞിട്ടാ ഇക്ക പോയത്... കണ്ടില്ലേ..?”
ഉവ്വ്, കാറ് ഇപ്പോഴും റോഡരുകില്‍, വീടിനു മുന്നിലായി കിടപ്പുണ്ട്.
നാസര്‍ പോകും മുമ്പ് കഴുകി വൃത്തിയാക്കിയ സുമോ രാത്രിയിലെ മഴയില്‍
നനഞ്ഞിട്ടുണ്ട്.
നസീമയുടെ എളിയില്‍ ഇരുന്ന് മകന്‍ വഴിയില്‍ നില്ക്കുന്ന പരിചിതനായ രാജേഷിനെ
നോക്കി ചിരിക്കുകയും കൈകള്‍ കാണിക്കുകയും ചെയ്യുന്നുണ്ട്.
“ഞാനിപ്പ
വരാം.”
രാജേഷ് ബൈക്കില്‍ തിരിച്ചു പോയപ്പോള്‍ വീടിന്‍റെ മുന്നിലേക്ക് ഒരയല്‍ക്കാരന്‍
വന്നു.
“അവന്‍
ഇന്നലെ ആര്‍ക്കോ പൈസ കൊടുക്കാനെന്നു പറഞ്ഞാ പോയത്, ഇപ്പത്തന്നെ
വരുമെന്നും പറഞ്ഞു... ആ രാജേഷിന്‍റെ കാറിലാ പോയത്....”
പക്ഷെ, നാസറ് തിരികെ എത്തിയിട്ടില്ല. കഴിഞ്ഞ നാള്‍ ഉച്ച തിരിഞ്ഞ് മൂന്നു മണിക്കാണ്
പോയിരിക്കുന്നത്. ഇപ്പോള്‍ നേരം പുലര്‍ന്ന്
ഏഴുമണി ആയിരിക്കുന്നു.
പെട്ടന്ന് നാട്ടിലാകെ വാര്‍ത്ത പടര്‍ന്നു.
ഈ നാട് അത്ര ഗ്രാമമൊന്നുമല്ല. ഒരു
മിനിമം ബസ്സ് ചാര്‍ജ്ജില്‍ അടുത്ത നഗരത്തിലെത്താം. രണ്ടു മിനിമം ചാര്‍ജ്ജില്‍ എതിര്‍ ദിശയിലുള്ള
അടുത്ത നഗരത്തിലുമെത്താം.
എങ്കിലും, ഇടത്തട്ടുകാരാണധികവും, നഗരം മടുത്ത മേല്‍ത്തട്ടുകാരും ഇടയിലൊക്കെ ചേക്കേറിയിട്ടുണ്ട്. അടുത്തടുത്ത വീടുകളാണ്. ഒരടുക്കളയില്‍ ഇരുന്നു പറയുന്ന കുന്നായ്മയും
കുശുമ്പും അടുത്ത അടുക്കളയില്‍ ഇരുന്നു കേള്‍ക്കാന്‍ പറ്റുമോയെന്നു ചോദിച്ചാല്‍,
ശ്രദ്ധിച്ചാലാകുമെന്ന് പറയേണ്ടിവരും.
എന്നാല്‍ നഗരത്തിന്‍റെ പോലെ പരസ്പരം അറിയായ്കയില്ല. പരസ്പരം അറിയുകയും
അറിയിക്കുകയും സഹായിക്കുകയും ശല്യം ചെയ്യുകയുമൊക്കെ ചെയ്യും ഇവര്‍.
അത്യാവശ്യം നാട്ടുകാരും വീട്ടുകാരും നാസറിന്‍റെ വീട്ടിലേക്കെത്തി, മുറ്റത്തും വീട്ടിനുള്ളിലും വിവരങ്ങള്‍ തിരക്കി നിന്നു.
രാജേഷ് വീണ്ടും വന്നു. കൂടെ വാര്‍ഡ്
മെമ്പറും ഒരു കുടുംബ സുഹൃത്തും.
അന്തരീക്ഷം കലുഷിതമായിക്കൊണ്ടിരുന്നു.
നാസറിന്‍റെ ഉമ്മ അന്തിച്ചു നില്‍ക്കുന്നു.
ഭാര്യ തളര്‍ന്നിരിക്കന്നു..
അവരുടെ തേങ്ങലുകള്‍ കരച്ചിലുകളായി.
അടുത്ത വീട്ടിലെ സ്ത്രീകളെത്തിയിട്ടുണ്ട് സമാധാനിപ്പിക്കാന്‍...
വാര്‍ഡ് മെമ്പറാണ് പറയുന്നത.്
“എന്തോ ചെറിയ
കൈപ്പിഴ പറ്റിയിട്ടുണ്ട്... രാജേഷ് അവനെ ഇറക്കിയിട്ട് തിരിച്ചു പോന്നതല്ലെ...
നമുക്ക് നോക്കാം... വേണ്ടതെന്തെന്നു വച്ചാല്‍ ചെയ്യാം...”
“അതെ മെമ്പര്‍
പറയുന്നതിലും കാര്യമുണ്ട്..”