ഒരു രാജാവുണ്ടായ കഥ

തട്ടിക്കൊണ്ടു വന്ന പെണ്ണിന്‍റെ മാറിൽ ചേര്‍ന്നു കിടന്നപ്പോൾ വീരശൂര പരാക്രമി മല്ലശിരോമണിക്കൊരു മോഹമുദിച്ചു.

          എന്തേ തനിക്കുമൊരു രാജാവായിക്കൂടാ.............

          തണ്ടും തടിയും മുറ്റിയ മീശയുമില്ലേ.....................

          കൊണ്ടും കൊടുത്തും പതം വന്ന മനമല്ലേ.........

          നാട്ടിറച്ചിയും കാട്ടിറച്ചിയും തിന്ന്, മധു നുകരുന്ന തനുവല്ലേ..........

          പെണ്ണു വേട്ടയും പൊന്നു വേട്ടയും വശമില്ലേ..........

          പോരാത്തതിന് മങ്കാവുടിക്ക് ഇന്നേ വരെയൊരു രാജാവുണ്ടായോ........

          അതെ അന്നു വരെ മങ്കാവുടിക്ക് ഒരു രാജാവില്ലായിരുന്നു.

          മല്ലശിരോമണിയുടെ നാലോ അഞ്ചോ തലമുറകള്‍ക്ക് മുമ്പ് എവിടെ നിന്നോ അന്നം തേടിയെത്തിയൊരു ജന സമൂഹമാണ് മങ്കാവുടിക്കാർ.

          പാര്‍ത്തിരുന്ന ഇടത്തെ രാജാവിന്‍റെ ദുര്‍ഭരണത്തിൽ സഹികെട്ട്, കിങ്കരന്മാരെക്കൊണ്ട് പൊറുതിമുട്ടി, കപ്പം കൊടുത്ത് മുടിഞ്ഞ് കൂടും കുടുക്കയും കുമ്മട്ടിക്കായും പെറുക്കി, കിട്ടിയതെല്ലാം ഒക്കത്ത് ഇടുക്കികക്ഷത്തിൽ തിരുകി, കുറച്ച് ചാവാലി മാടുകളുമായി രായ്ക്കുരാമാനം നാടുവിട്ട്, അലഞ്ഞു തിരിഞ്ഞ് മങ്കാവുടിയിലെത്തുകയായിരുന്നു, അവർ.

          തെക്കെ കാടും താണ്ടി, മലകളുടെ ചുരമിറങ്ങി, പുഴ കയറി വിശാലമായ മങ്കാവുടി സമതലത്തിലെത്തിയപ്പോർ അവര്‍ ആമോദം കൊണ്ടു.

          കൊത്തിക്കിളച്ച്, ഉഴുതു നനച്ച് അവരങ്ങ് ഫലപുഷ്ടിപ്പെട്ടു.

          കാട്ടു മൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും പുഴമത്സ്യങ്ങളെ അമ്പെയ്തു പിടിച്ചും മേനി മിനുക്കി പുലര്‍ന്നു.

          എല്ലാവരും അദ്ധ്വാനിച്ചും തുല്യമായി വീതം വച്ചു തിന്നും സുഖിച്ചുവരവെ,

          മല്ലശിരോമണിയെപ്പോലെ മറ്റു പലര്‍ക്കും പുതിയ മോഹങ്ങൾ ഉദിക്കാന്‍ തുടങ്ങി.

          അവർ മല കയറി, കാടിറങ്ങി അടുത്ത ദേശങ്ങളിൽ പോയി പെണ്ണ് വേട്ടയും പൊന്നു മോഷണവും നടത്തി നാട്ടിൽ പേരെടുത്തു.

          അങ്ങിനെയിരിക്കെയാണ് പുതിയ മോഹവുമായി മല്ലശിരോമണി രംഗത്തേക്ക് വരുന്നത്, അവന്‍റെ കൂട്ടാളികള്‍ക്കും അതങ്ങ് ബോധിച്ചു.

          എന്തേ നമുക്കുമൊരു രാജാവുണ്ടായാൽ........

          പിന്നെ അവർ വൈകിച്ചില്ല, ശ്രമങ്ങൾ തകൃതിയായി നടത്തി.

          അനുകൂലിച്ചവരെ കൂടെ നിര്‍ത്തി, അല്ലാത്തവരെ ഒതുക്കി, ചില പടു കിഴവന്മാരുടെ വേദാന്തം അവസാനിപ്പിക്കാനായി കൊന്ന് കാട്ടുമൃഗങ്ങള്‍ക്ക് തീറ്റയാക്കി.

          അടുത്ത ദേശങ്ങളിൽ പോയി കൊള്ളകളും കൊള്ളി വയ്പുകളും നടത്തി.  തരുണികളെയും ചങ്കൂറ്റമുള്ള തരുണന്മാരെയും അടിമകളാക്കി,

          നാട്ടിൽ കോട്ടകളും കൊത്തളങ്ങളും തീര്‍ത്തു,

          അന്ത:പുരങ്ങൾ തട്ടിക്കൊണ്ടു വന്ന ലീലാ വിലാസിനികളെക്കൊണ്ടു നിറച്ചു,

          ഭണ്ഡാരപ്പുരകളിൽ പൊന്നും പണവും കൊള്ളാതെയായി,

          പണ്ടകശാലകളിൽ ധാന്യങ്ങൽ കുന്നുകൂടി,

          ഒടുവിൽ, ഒരു സിംഹാസനം തീര്‍ത്തു. സിംഹാസനം പണി തീര്‍ന്ന അന്ന് മല്ലശിരോമണി രാജാവായി.

          അങ്ങിനെയാണ് മങ്കാവുടിയില്‍ രാജാവുണ്ടായത്.