ഒരു എന്‍റോസല്‍ഫാന്‍ കഥ, എന്നെ അറിയുമോ.....

ആരാണ് പുറത്ത്......

          അകത്തേക്ക് വന്നോളൂ....

          മറയുടെ കെട്ടഴിച്ചാൽ മതി.....

          വാതിൽ മറ, അതു വെറുമൊരു മറയാണ്.  അതിന്‍റെ ഉറപ്പോ സൗന്ദര്യമോ അല്ല കാര്യം. വെറുമൊരു ലക്ഷ്മണ രേഖയാണെന്ന് കരുതിയാൽ മതി.  അല്ലെങ്കിൽ പിന്നെ ഈ ചെറ്റക്ക്  തേക്കു തടിയിൽ തീര്‍ത്ത് കൊത്തു പണികൾ ചെയ്ത കതക് എന്തിനാണ്... കണ്ടുകൂടെ, വര്‍ഷങ്ങള്‍ക്ക് മുമ്പ് തെങ്ങോല മെടഞ്ഞ് കെട്ടിയുണ്ടാക്കിയതാണ്.  മേച്ചിൽ മാത്രമല്ല ചുമരും അതു കൊണ്ട് തന്നെയാണ്.  മഴയും വെയിലും കൊണ്ട് ദ്രവിച്ചു തീരാറായപ്പോൾ നീലച്ച ഷീറ്റിൽ പുതപ്പിച്ചിരിക്കുകയാണ്. അകത്ത് കണ്ടില്ലെ ദ്രവിച്ചുണ്ടായ വിടവുകൾ വഴിയെത്തുന്ന വെളിച്ചത്തിനും നീലിമ.

          ഇവിടെ, ഇവിടെത്തന്നെ ഞാനുണ്ട്. ഈ അയഞ്ഞുതൂങ്ങിയ കട്ടിലിൽ.

          ഈ നിറഞ്ഞ വെളിച്ചത്തിലും എന്നെ കാണാന്‍ കഴിയുന്നില്ലേ, താങ്കളെന്താണ് സൂക്ഷ്മതയോടെ പരതുന്നത്.  അതോ താങ്കളുടെ കണ്ണുകളിൽ അത്ഭുതത്തിന്‍റെ പകൽ വെളിച്ചമോ....

          എന്‍റെ ഈ പുതപ്പൊന്ന് നീക്കി നോക്കൂ, ജാള്യത വേണ്ട, പുതപ്പിനുള്ളിൽ നാണത്തെ മറക്കുന്നൊരു തുണിക്കഷണം കൂടിയുണ്ട്.

          അസ്ഥികൂടം, അല്ലേ.....

          പെയിന്‍റ് പൂശിയതുപോലെ തൊലിയും.

          ഒന്നും അനങ്ങില്ല, കൈകളും കാലുകളും.... ചലിക്കുന്നതായിട്ട് രണ്ടു കണ്ണുകളും, നാവും മാത്രംമേ ഉള്ളൂ.  ക്ഷമിക്കണം, ഹൃദയത്തിന്‍റെ സ്പന്ദനം കൂടിയുണ്ട്.

          പത്തു വര്‍ഷം മുമ്പ് പത്തു വയസ്സുകാരനായിരുന്ന ഞാനിങ്ങനെയൊന്നുമായിരുന്നില്ല.  മുതലമടയെന്ന എന്‍റെ ഗ്രാമത്തിലെ എല്ലാ ആണ്‍കുട്ടികളേയും പോലെ കളിച്ചും വഴക്കുകൂടിയും, സ്നേഹിച്ചും പിണങ്ങിയും, എന്തിനെല്ലാമോ വേണ്ടി അലഞ്ഞു നടന്നിരുന്നു.

          അന്ന് അച്ഛനുണ്ടായിരുന്നു, രണ്ടു മുറികളുള്ള വീടുണ്ടായിരുന്നു.  അച്ഛന്‍റെ വായനകളും കഥ പറച്ചിലും പുന്നാരങ്ങളും കേട്ട് വാനം മുട്ടോളം സ്വപ്നങ്ങളുണ്ടായിരുന്നു.  അന്നത്തെ എന്‍റെ വലിയ സ്വപ്നം പൈലറ്റ് ആകുക എന്നതായിരുന്നു.  അതിനൊരു കാരണവുമുണ്ടായിരുന്നു, അച്ഛനും അമ്മയും പണിയെടുത്തിരുന്ന മാന്തോപ്പിനു മുകളിൽ മഴയുമായി പറക്കുന്ന ഹെലിക്കോപ്റററെന്ന വലിയ പക്ഷിയെ കണ്ടതിന്‍റെ മോഹം.

          എന്‍റെ അച്ഛന്‍ സുന്ദരനായിരുന്നു, പഴശ്ശിരാജായിലെ മമ്മൂട്ടിയെ പോലെഅമ്മ സുന്ദരിയായിരുന്നു, ഷീലയുടെ മാക്കത്തിനെപ്പോലെ.

          പഴശ്ശിരാജ ഞാന്‍ കണ്ടിട്ടില്ലആ സിനിമ ഉണ്ടായപ്പോഴേക്കും എന്‍റെ ചലനങ്ങൾ നാവിലേക്കും കണ്ണുകളിലേക്കും ചുരുങ്ങിപ്പോയിരുന്നു. എന്നാൽ മാക്കത്തിനെ കണ്ടിട്ടുണ്ട്.

          അച്ഛനിന്നില്ല, ഒരുനാൾ പനി വന്നു, ശേഷം എന്നേപ്പോലെ മേദസ്സും വെള്ളവും ചോര്‍ന്നുപോയി, കണ്ണും നാവും മാത്രം ചലിക്കുന്നവനായി കിടന്നു, ഒരു വര്‍ഷത്തോളം.  ഒരുപാട് ആശുപത്രികളിൽ തൂങ്ങിപ്പിടിച്ചിരുന്നു, ഡോക്ടര്‍മാരെ കണ്ടു.  ടെസ്റ്റുകൾ നടത്തി.  ഒടുവിൽ വൈദ്യ ശാസ്ത്രത്തിന് ചോദ്യഛിന്നമായി യാത്ര പറഞ്ഞു പോയി.  അക്കൂടെ വീടും ആശുപത്രി ചെലവിനത്തിൽ അലിഞ്ഞില്ലാതെ ആയി.

          പിന്നീട് എന്‍റെ ഊഴമായി, അതും ഈ ചെറ്റയിൽ എത്തിയശേഷം.  ഇപ്പോൾ ചോദ്യഛിന്നമില്ല, ഞാന്‍ ഇരയാക്കപ്പെട്ടിരിക്കുന്നെന്ന് ഡോക്ടര്‍മാർ പറയുന്നു, മഴപോൽ പെയ്തിറങ്ങിയ കീടനാശിനിയുടെ....

          അമ്മ മാന്തോപ്പിലെ പണി നിര്‍ത്തി, പക്ഷെ, ജീവിക്കാനുള്ള മാര്‍ഗമായി മറ്റൊന്നും കാണാതെ വന്നപ്പോൾ ഭിക്ഷക്കാരിയായി.  അതിനുവേണ്ടി മാക്കത്തിന്‍റെ ദേഹത്തെ സ്നിഗ്ദ്ധതയും കൊഴുപ്പും ചോര്‍ത്തിക്കളഞ്ഞു, പട്ടിണി കിടന്നിട്ട്.  അന്ധനായ ഭര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കണ്ണു മൂടിക്കെട്ടിയ ഗാന്ധാരിയെപ്പോലെ.  ഇപ്പോൾ നിലത്തുറക്കാത്ത പാദങ്ങളോടെ അടുത്ത ടൗണിലെ ഏതെങ്കിലും കടയുടെ മുന്നിൽ ഏങ്ങി വലിഞ്ഞു നിന്നു കൈ നീട്ടുന്നുണ്ടാകും.

          സന്ധ്യക്ക് മുമ്പ് തന്നെ അമ്മ ഇങ്ങെത്തും, കൈയിൽ അന്നത്തേക്കു വേണ്ട ഭക്ഷണമുണ്ടാകും, പഴകിയ കുറെ പത്രങ്ങളോ, ആഴ്ചപ്പതിപ്പുകളോ ഉണ്ടാകും, ചിലപ്പോൾ പുതിയതുമാകാം.

          ഭക്ഷണത്തേക്കാൾ എനിക്ക വേണ്ടത് അമ്മയുടെ വായനയാണ്, വേറൊന്നും എനിക്കും അമ്മക്കും പറയാനില്ല.  പത്രത്തിലെ വാര്‍ത്തകൾ, വാരികയിലെ കഥകൾ അത്രമാത്രം....

          അമ്മയിലൂടെയാണ് ഞാന്‍ പഴശ്ശിരാജയെ കണ്ടത്, ഹൈമവതഭൂവിന് അവാര്‍ഡ് കിട്ടിയതറിഞ്ഞത്, ജി എൽ സി വി പൊട്ടിച്ചു കളഞ്ഞെന്നറിഞ്ഞത്, അതുവഴി മുന്നൂറ്റിയിരുപത് കോടി രൂപ ബംഗാൾ ഉള്‍ക്കടലിൽ കലക്കിയെന്നറിഞ്ഞത്, മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ ജീവനാശിനിപ്പതിപ്പ് കണ്ടത്....

          പക്ഷെ, അതിൽ എന്‍റെ ഫോട്ടോയില്ല.  ഒരു പക്ഷെ, മധുരാജിന് എന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലായിരിക്കാം.

          എനിക്കതിൽ വിഷമമൊന്നുമില്ലഅല്ലെങ്കിൽ വേദനകളും വിഷമങ്ങളും ഇനിയെന്തിനാണെനിക്ക്, മരണം കണ്ഠനാളം വരെ എത്തി നില്‍ക്കുമ്പോൾ......

          എന്നാല്‍ ശേഷിക്കുന്നൊരു വിമ്മിട്ടം മാത്രമുണ്ട്,

          പ്രായപൂര്‍ത്തിയായ ഒരു മകന്‍റെ ആഹാരനീഹാരങ്ങള്‍ക്ക് സഹായിക്കേണ്ടി വരുന്ന ഒരമ്മയെ നിങ്ങൾ സങ്കല്പിച്ചു നോക്കൂ.....

          മനസ്സലാകുന്നില്ലേ.....

          വേണ്ട, വേണ്ട ഇനിയൊരു ഫോട്ടോയും, സ്മാരകവും എനിക്കാവശ്യമില്ല, നിങ്ങളുടെ മനസ്സുകളിൽ കോരിയിട്ട കെടാക്കനലായി  ഞാന്‍ മാറുമെങ്കിൽ......