ശംബൂകന്‍

ശംബൂകാ നീ മരിച്ചു കൊണ്ടിരിക്കുകയാണ്.... ഇപ്പാൾ നിനക്ക് എന്താണ് പറയാനുള്ളത്.........

          നിണത്തിൽ പുതഞ്ഞ് കിടക്കുന്ന ശംബുകന്‍റെ കണ്ണുകൾ മെല്ലെ തുറന്നു, അസഹ്യമായ വേദനയുണ്ടായിട്ടും ആ ചോദ്യത്തിനു മുന്നിൽ കണ്ണുകളെ തുറക്കാതിരിക്കാന്‍ കഴിയില്ല അയാള്‍ക്ക്. കലമ്പിച്ച, ഇതുപോലെ വൃത്തികെട്ട ശബ്ദത്തിൽ ആര്‍ക്കാണ് ചോദിക്കാന്‍ കഴിയുന്നതെന്ന് അയാള്‍ക്കറിയാം.  ആ മുഖമൊന്ന് കാണെണമെന്ന് മോഹം തോന്നി.  ആ മുഖത്തെ രസങ്ങളെ അറിയണമെന്ന് തോന്നി.

          സൂതന്‍...  ഏതോ ഒരു സൂതന്‍.

          ബ്രാഹ്മണന്, ക്ഷത്രിയന് പുകഴ്ത്തു പാട്ടുകൾ പാടി നടക്കുന്ന ബുദ്ധി ശൂന്യന്‍.......

          ഇരുൾ പരന്നു തുടങ്ങിയിരിക്കുന്നു, സൂര്യദേവന്‍ വൃക്ഷങ്ങള്‍ക്ക് പിറകിൽ ഒളിച്ചിരിക്കുന്നു.  അങ്ങിനെയാണ് ദേവതകള്‍... ഒരാവശ്യം വരുമ്പോൾ മറഞ്ഞുകളയും.......

          ദേവതകൾ മഹാ വിഡ്ഢിത്തങ്ങള്‍.......  പ്രകൃതിയിലെ എല്ലാ ദേവതകളെയും ആരാധിച്ചിരുന്നതാണ്, എന്നിട്ടോ  ഒരു സഹായത്തിന് ആരുമെത്തിയില്ല. എത്തിയ ശക്തരെല്ലാം അയാളുടെ ഭാഗത്തായി നില കൊണ്ടു, രാജന്യന്‍റെക്ഷത്രിയന്‍റെ, ബ്രാഹ്മണ സഹായികളുടെ.......  ബ്രാഹ്മണന് ക്ഷത്രിയന് വിടു പണി ചെയ്യേണ്ടവനാണ് ശൂദ്രനെന്ന് അവര്‍ തന്നെയാണ് പറയുന്നത്.  പ്രകൃതിയിൽ എല്ലാം തുല്യമെന്നാണ് ഗുരുക്കൾ പഠിപ്പിച്ചിട്ടുള്ളത്, പിന്നെ എങ്ങിനെ ശൂദ്രന്‍ താണവനായി.......  അല്ലെങ്കിൽ എന്താണ് ഉയര്‍ച്ച താഴ്ചകൾ......