സ്നേഹലത

അയാള്‍ക്ക് വേട്ടയാടപ്പെടുന്നവന്‍റെ മുഖമാണ്. കണ്ണുകള്‍ക്ക് ലേശം ചുവപ്പ് നിറമാണ്. മൂന്നോ നാലോ ദിവസമായി ഷേവ് ചെയ്തിട്ടില്ല. ചെമ്പിച്ച മുടി. മുഷിഞ്ഞ വസ്ത്രം.

        പ്രഭാതത്തിന് നല്ല തണുപ്പാണ്. മകര പിറവിക്ക് ദിവസങ്ങളേയുള്ളു.  പിറവി കാണാന്‍ ഒരുമ്പെടുന്ന അയ്യപ്പഭക്തരുടെ ശരണം വിളികള്‍ യാത്രയില്‍ പലയിടത്തും അയാള്‍ കേട്ടത് ഒര്‍മ്മിച്ചു.

        ഈ വഴിയിലൂടെ അയാള്‍ ആദ്യമാണ്.

        കറുത്ത വാഗ്നര്‍ കഴുകിയിട്ട് മൂന്നു നാലു ദിവസമായിരിക്കുന്നു.  പുറമാകെ പൊടിപിടിച്ച്, മഞ്ഞുതുള്ളികള്‍ വീണിടത്ത് കട്ടപിടിച്ച്......

        ഒരു നാല്‍ക്കവലയാണത്.

        നാലു വഴികളും ടാര്‍ ചെയ്തതാണ്. കവലയില്‍ അധികം കടകളില്ല. ഒരു ചായക്കടയൊഴിച്ച് മറ്റൊന്നും തുറന്നിട്ടുമില്ല.

        അയാള്‍ കാര്‍ നിര്‍ത്തിയത് ചായക്കടയുടെ മുമ്പില്‍ തന്നെയാണ്. കടയില്‍ നാലോ അഞ്ചോ പേര്‍, ആരും അയാളെ ശ്രദ്ധിക്കാതെ ചായ നുകര്‍ന്നും, ദിനപത്രം നുണഞ്ഞും......       

 

        അയാള്‍ കടക്കാരനോട് വിലാസം തിരക്കി.   കടക്കാരന്‍ കുറെ ആലോചിച്ച ശേഷം ഒരു മറു ചോദ്യമുന്നയിച്ചു. ആ മറു ചോദ്യത്തിന് ഉത്തരം കൊടുക്കാന്‍ അയാള്‍ക്കായില്ല.  അറിവില്ലായിരിക്കാം. എങ്കിലും വിലാസം ഉദ്ദേശം ഇന്നതാകാമെന്ന് കടക്കാരന്‍റെ സാക്ഷ്യപ്പെടുത്തലില്‍ അയാള്‍ക്ക് സമാധാനം തോന്നി.