Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യായം ഒന്ന്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഓട്ടോ റിക്ഷയ്ക്ക് തീരെ വേഗത കുറവായിരുന്നു.  ഏതോ സംഗീതം ആസ്വദിച്ചു കൊണ്ട് താളാത്മകമായൊരു ചലന വിന്യാസത്തോടെ നടക്കും പോലെ.  സുദേവിന് അതിൽ അലോഹ്യം തോന്നിയില്ല. പക്ഷെ, സഹയാത്രിക നിവേദിതക്ക് അത് രസിക്കുന്നില്ലെന്ന് മുഖം കണ്ടാലറിയാം. അവളുടെ മുഖത്തെ വേശികൾ വലിഞ്ഞ് മുറുകിക്കൊണ്ടിരിക്കുന്നു.  കപോലങ്ങളിൽ ചുവപ്പ ്കയറിക്കൊണ്ടിരിക്കുന്നു.  മൂക്കിന്‍റെ തുമ്പത്ത് വിയര്‍പ്പു മുത്തുകൾ പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു.

       കുറച്ചു കൂടി വേഗത്തിൽ പോകണം.

       അവൾ പറഞ്ഞു.

       എനിക്ക് അവിടെയെത്തേണ്ട സമയം അറിയിച്ചിട്ടുണ്ട്.

       സുദേവിനും എത്തേണ്ട സമയം അറിയിച്ചുകൊണ്ടുള്ള കത്ത് കിട്ടിയതാണ്.  പക്ഷെ, അവനതൊരു പ്രശ്നമായി തോന്നിയില്ല.  അവിടെയെത്തുമ്പോൾ  അസമയത്ത് എത്തിയതിന്‍റെ പേരിൽ തിരസ്കിതനായില്ലെങ്കിൽ സന്തോഷമെന്നേ അവന്‍ ചിന്തിക്കുന്നുള്ളൂ.

       ഓട്ടോക്കാരന്‍ കുറച്ച് വേഗത കൂട്ടി.  എങ്കിലും ഓട്ടത്തിന്‍റെ സുഖലാളന കളയാന്‍ അയാൾ തയ്യാറായില്ല.  ഒരു പക്ഷെ, അയാൾ ചിന്തിക്കുന്നത് പയ്യെ തിന്നാൽ പനയും തിന്നാമെന്നാകാം.  നിവേദിത ആ പഴഞ്ചൊല്ല് ഓര്‍ത്തിട്ടുണ്ടാകില്ല.  എന്നു വച്ച് സുദേവ് ആ പഴഞ്ചൊല്ലിന്‍റെ പേരിലാണ് വേഗത കുറഞ്ഞ താളാത്മകതയെ സ്നേഹിക്കുതെന്ന് പറയാനാവില്ല.  നഗരത്തിൽ നിന്നും പത്തു കിലോമീറ്റർ  അകന്നാണ് അവര്‍ക്ക്   രണ്ടു പേര്‍ക്കും എത്തേണ്ടുന്ന ഇടം.  പ്രവിശ്യയിലെ ഏതൊരു നഗരത്തേയും പോലെ തിരക്കേറിയതും വൃത്തി ഹീനവുമാണ് ഈ നഗരവും. എന്നു വച്ച് തലസ്ഥാന നഗരിയോടോ, വ്യവസായ നഗരിയോടോ ഉപമിക്കാന്‍ പറ്റില്ല.  കഴിഞ്ഞ നാളുകളിൽ കനത്ത മഴക്ക് വെള്ളം കെട്ടി കിടന്നിടത്തൊന്നും ആ രണ്ടു നഗരത്തെയും പോലെ അത്ര അധികം ചെളിയടിഞ്ഞു കടുകയോ, പ്ലാസ്റ്റിക്ക് കവറുകൾ, കുപ്പികൾ പാതവക്കുകളിൽ ശേഷിക്കുകയോ ചെയ്യുന്നില്ല.  ഒരു പക്ഷെ, നഗരസഭ മാലിന്യം മാറ്റുന്നതിൽ കുറച്ച് കാര്യക്ഷമമായിരിക്കാം.

       നഗര മദ്ധ്യത്തിലെ ബസ്റ്റേഷനിൽ വന്നിറങ്ങുന്നവരിൽ അധികവും വിദ്യാര്‍ത്ഥികളാണ്.  ഈ നഗരം വിദ്യാഭ്യാസത്തിന് പേരു കേട്ടയിടമാണെന്ന കാര്യം സുദേവ് ഓര്‍മ്മിച്ചു.  പ്രഭാത രശ്മികൾ ശക്തിയേറിത്തുടങ്ങിയ നേരത്തെ ബസ്റ്റേഷനിലെ കാഴ്ചകൾ അവന് നന്നായി ഇഷ്ടപ്പെട്ടു.  വ്യത്യസ്ത വര്‍ണ്ണങ്ങളിലുള്ള  വസ്ത്രങ്ങളണിഞ്ഞ പെണ്‍കുട്ടികൾ ചുറുചുറുക്കുള്ള ആണ്‍കുട്ടികൾ, അവരുടെ സംഭാഷണങ്ങൾ, അവർ അടുത്തു വരുമ്പോഴുള്ള വ്യത്യസ്ത ഗന്ധങ്ങള്‍… നിവേദിതക്കും ഏതോ ഒരു സുഗന്ധമുണ്ട്.  സുഗന്ധങ്ങളുടെ കൂട്ടുകളെക്കുറിച്ച് അറിയില്ലാത്തതുകൊണ്ട് അതേത് മണമെന്ന് അവന്‍ തിരിച്ചറിഞ്ഞില്ല.  തനിക്ക് രാവിലെ കുളിച്ചതു കൊണ്ട് ശക്തികുറഞ്ഞ വിയര്‍പ്പിന്‍റെ മണമായിരിക്കുമെന്ന് സുദേവ് കരുതി.

       അവര്‍ക്ക് പോകേണ്ടിടത്തേക്ക് പുതുതായി ടാർ വിരിച്ച വഴിയാണ്.  എങ്കിലും അതിലെ ബസ്സ് യാത്ര തുടങ്ങിയിട്ടില്ലെന്ന് ഓട്ടോക്കാരന്‍ പറഞ്ഞു.  ആ വഴിക്ക് ജനവാസം കുറവാണെന്നും.  പാതക്ക് ഇരുപുറവും റബ്ബര്‍മരങ്ങളാണെന്നും, എത്തേണ്ടിടത്തു നിന്നും കുറെ കൂടി പോയാൽ വനമാണെന്നും,  അയാൾ തന്നെ പറഞ്ഞു.  വഴി വിജനം തന്നെ, ശീതളിച്ചതും.  ബസ്സ്സ്റ്റേഷനിൽ നിന്നപ്പോൾ പൊടിഞ്ഞ വിയര്‍പ്പ് ശരീരത്തിൽ നിന്നും പറന്നകന്നു.  കുളിര്‍മ തോന്നിത്തുടങ്ങിയതിൽ സുദേവ് സന്തോഷിച്ചു.  ഓട്ടോയിലെ സഹയാത്രികക്ക് അലോരസമാകില്ലല്ലോ, വിയര്‍പ്പു ഗന്ധം കൊണ്ട്.  സുദേവ് എത്തിയ ബസ്സിലായിരുന്നില്ല നിവേദിത വന്നത്. ബസ്സ് സ്റ്റേഷനിൽ എത്തി എല്ലാവരും ഇറങ്ങിയശേഷം സാവധാനമാണവന്‍ ഇറങ്ങിയത്.  അവന്‍ ഇറങ്ങിക്കഴിഞ്ഞപ്പോൾ ബസ്സ് ശൂന്യമായി.  ബസ്സ് ഡ്രൈവറും കണ്ടക്ടറും  അവന് മുമ്പേ ഇറങ്ങി കഴിഞ്ഞിരുന്നു.  കാഴ്ചകൾ കാണാനെത്തുന്ന സന്ദര്‍ശകരുടെ ധൃതിയില്ലായ്മയിലാണ് അവന്‍.  സാവധാനം ബസ്സിറങ്ങി നടന്ന് സ്റ്റേഷന് പുറത്തെത്തിയപ്പോൾ ഒരു ഓട്ടോറിക്ഷയേ ഉണ്ടായിരുന്നുള്ളൂ.  ഓട്ടോക്കാരനോട് പോകേണ്ടയിടം പറഞ്ഞ് കയറുമ്പോഴാണ് പിന്നിൽ നിന്നും അവൾ, നിവേദിത ചോദിച്ചത്.

       സാർ, ഞാനും കൂടി വരട്ടേ ..? ഞാനും അവിടേക്കായിരുന്നു.

       ഓ…ഏസ്…

       പക്ഷെ, ചാര്‍ജ് ഞാനേ കൊടുക്കൂ…

       സുദേവ് സാകൂതം, അവളെ നോക്കി. വണ്ണം കുറഞ്ഞ് സുന്ദരിയായ പെണ്ടകുട്ടി, ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കും. വൃത്തിയായ വസ്ത്രധാരണം.  കുലീനത ചോരാതെയുള്ള നോട്ടം, ചലനങ്ങൾ, മുഖ ഭാവങ്ങള്‍. കറുത്തു നീണ്ട മുടി ഒതുക്കി, ചീകി പിന്നിൽ തന്നെ നില്‍ക്കാവുന്നതു പോലെയിട്ടിരിക്കുന്നു.  ന്യൂജനറേഷന്‍ കുട്ടികളെപ്പോലെ ഒരു കഷണമെടുത്ത് മുഖത്തേക്ക് വളച്ചിടുകയോ, ഒരു വശത്തെ മുടി മുഴുവന്‍ ചെവിയെ മൂടിക്കൊണ്ട് ഞാത്തിയിടുകയൊ ചെയ്യുന്നില്ല. അവളുടെ ആവശ്യം സുദേവിനിഷ്ടമായി, ലാഭവുമായി.

       ആകട്ടെ കയറിക്കൊള്ളൂ…

       അവൾ കയറി,  അവന് ഇരിക്കാനുള്ളയിടം,  ഒരാള്‍ക്കിരിക്കാനുള്ളതു മാത്രം ബാക്കിയിട്ട് മാന്യമായി വസ്ത്രങ്ങൾ ഒതുക്കി വച്ചിരുന്നു.  തോൾ ബാഗും, പ്ലാസ്റ്റിക് ബാഗും മടിയിൽ വച്ചു.  അവനെ നോക്കി മന്ദഹസിച്ചു.  ആ ചിരിയിലും അസാധാരണത്വമുള്ളൊരു മാന്യത അവന്‍ അളന്നെടുത്തു.

       ചേട്ടന്‍ പെയിന്‍ററാണോ….?

       അതെ, ഹൗസ് പൊയിന്‍റർ….

       പാന്‍റിൽ പെയിന്‍റ് തുള്ളികള്‍ വീണിട്ടുണ്ട്……

       വെറുമൊരു സഹയാത്രികനാണെങ്കിലും പത്തു കിലോമീറ്റർ അടുത്തടുത്തിരുന്നു യാത്ര ചെയ്യാനുള്ള ആളിനെ അവൾ ശ്രദ്ധിച്ചിരിക്കുന്നു.  അവനും വൃത്തി കുറഞ്ഞ വേഷമൊന്നുമല്ല.  ഇസ്തിരിയിട്ടതല്ലെങ്കിലും മാറിനില്‍ക്കാന്‍ പറയിക്കില്ല.  എല്ലാ പെയിന്‍റ് പണിക്കാരെയും പോലെ ഒരു പ്ലാസ്റ്റിക് കവറിൽ എന്തെല്ലാമോ അടക്കം ചെയ്ത് മടക്കി പിടിച്ചിട്ടുണ്ട്.

       ചേട്ടന്‍ അവിടേക്ക് ജോലിക്ക് പോകുന്നതാണോ…..?

       അതെ… എന്താണ് പേര്….?

       നിവേദിത….

       ഞാനീ പേരു കേട്ടിട്ടുണ്ട്……

       ഉവ്വ്… ഞാന്‍ ആനുകാലികങ്ങളിൽ കഥകളെഴുതാറുണ്ട്….

       നിവേദിത, ഇവളാണ് തന്‍റെ ശത്രുക്കളിൽ ഒരാൾ, എന്ന് ചിന്തിച്ച് ചെറുപുഞ്ചിരിയോടെ അവന്‍ അവളെ നോക്കിയിരുന്നു.  അവൾ ഓട്ടോയ്ക്ക് പുറത്തെ കാഴ്ചകൾ കാണുകയാണ്.  നഗരത്തിന്‍റെ തരിശ്ശിൽ നിന്നും നാടിന്‍റെ ഹരിതാഭയിലേക്ക്, ശീതളിമയിലേക്ക് ഓട്ടോ ഓടിക്കയറുകയാണ്.  റബ്ബർ തോട്ടങ്ങളെ ചുറ്റി നില്‍ക്കുന്ന കയ്യാലകളിൽ, വേലികളിൽ പടര്‍ന്നു കയറി അഹങ്കരിച്ചു നില്‍ക്കുന്ന ലതകൾ, തൊട്ടാവാടികൾ, മുക്കുറ്റികൾ, മറ്റു പലരും.  അവരുടെ നില്‍പു കണ്ടാലറിയാം അവര്‍ക്കാരെയും ഭയമില്ലെന്ന്.  ഇവിടം ഭയക്കേണ്ട കാര്യമില്ലാത്ത ഇടാമാണെത്  യാഥാര്‍ത്ഥ്യം.

       രണ്ടാഴ്ച മുമ്പുള്ള ഒരു ദിനപ്പത്രത്തിന്‍റെ ക്ലാസിഫൈഡ് വിഭാഗത്തിൽ കോളം തിരിച്ചാണ് പരസ്യം വന്നത്.  മധ്യകേരളത്തിലെ കോടീശ്വരനായ, സഹൃദയനായ,  വ്യവസായിയായ, വ്യാപാരിയായ ഒരു പ്ലാന്‍റർ  കേട്ടെഴുത്തുകാരനെ തേടുന്നു,  കൂടെ രണ്ട് ഫോൺ നമ്പറുകളും. ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ വ്യക്തിവിവരങ്ങളും, സാഹിത്യ താല്‍പര്യത്തെപ്പറ്റിയുള്ള വിശദീകരണങ്ങളും വായിച്ചിട്ടുള്ള ലോക ക്ലാസിക്കുകളുടെ പട്ടികയും പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളുടെ കോപ്പികളും ഉള്ളടക്കി അപേക്ഷ അയക്കാനാണ് നിര്‍ദ്ദേശിച്ചത്.  നിര്‍ദ്ദേശം പാലിച്ചു.  ഫോണിൽ കൂടി ഒരു ഇന്‍റര്‍വ്യും നടത്തി.  ചോദ്യങ്ങൾ മുഴുവന്‍ എഴുത്തിനെ, എഴുത്ത് ശൈലിയെ, എഴുത്തിന്‍റെ പാതയിൽ എത്തിച്ചേരാന്‍, ഉറച്ചു നില്‍ക്കാനുണ്ടായ സാഹചര്യങ്ങളെ, അനുഭവങ്ങളെ, അനുഭവങ്ങൾ ക്രിയാത്മക എഴുത്താക്കി മാറ്റുന്നതിനെ, ഇതിനു മുമ്പ് ചെയ്തിട്ടുള്ള ജോലികളൈ, അതിൽ എത്രമാത്രം വിജയിച്ചിട്ടുണ്ട്, എന്തും എഴുതി ശ്രദ്ധേയനാകാമെന്ന വിശ്വാസത്തെ കുറിച്ചും ഒക്കെ ആയിരുന്നു.  വീണ്ടും ഫോണിൽ ബന്ധപ്പോൾ തെരഞ്ഞെടുത്തിട്ടുണ്ട്, പത്തു പേരിൽ ഒരാളായിട്ട്, ഇനിയും അഭിമുഖം കൂടിയുണ്ട്,  മറ്റ് ഒമ്പതു പേരോടും മത്സരിക്കേണ്ടി വരും എന്നാണ് അറിയാന്‍ കഴിഞ്ഞത്.

       ആ പത്തു പേരില്‍ ഒരാൾ നിവേദിതയാണ്.

       വായനാലോകം ശ്രദ്ധിച്ചു തുടങ്ങിയ കഥാകാരിയാണ് നിവേദിത.  ഒരു പ്രധാന ആനുകാലികത്തിൽ അവര്‍ക്ക് ഇടം കിട്ടിയിരിക്കുന്നു.  എങ്ങിനെയാകാം, എന്ന ചോദ്യത്തന് ഇവിടെ പ്രസക്തിയില്ല.  എങ്ങിനയുമാകാം. പ്രസാധകരും പ്രസിദ്ധീകരണങ്ങളും മറ്റ് ഇടങ്ങളെപ്പോലെ തന്നെയാണ്.  ലാഭമില്ലാതെ ഒന്നും ചെയ്യുകയില്ല. ലാഭം തരാമെന്ന പറഞ്ഞ് വളരെപ്പേർ പുറത്ത് നില്‍ക്കുമ്പോൾ നഷ്ടത്തിന് ഒരു വ്യാപാരവും നടത്താന്‍ ആരും തയ്യാറാകുകയില്ല.  നിവേദിത ഒരു ശൈലി, തന്‍റേതായ ഒരു ഭാഷ ആര്‍ജ്ജിച്ചു കഴിഞ്ഞിരിക്കുന്നു.  ആ ഭാഷ ഇഷ്ടപ്പെടുന്നവർ വായനാ സമൂഹത്തിലുണ്ട്.  സമൂഹത്തിനുള്ളിൽ നിന്നും അവർ ഉയര്‍ന്ന് വന്ന് നിവേദിതയെ അറിയാന്‍ ശ്രമിക്കുന്നു, അറിയുന്നു.  നിവേദിത സ്ത്രീകള്‍ക്ക് മാത്രം അറിയാന്‍ കഴിയുന്ന, സ്ത്രീകളുടെ മാത്രം ചില കാര്യങ്ങൾ തുറന്ന് പറയുന്നതായിട്ട് സുദേവിന് തോന്നിയിട്ടുണ്ട്.  ആ പറച്ചിൽ അശ്ലീലമാകുന്നുണ്ടോ, ഇത്തിരി കൂടിയ ലൈംഗീകതയെഴുത്താകുന്നുണ്ടോയെന്ന് അവന്‍ പലപ്പോഴും ചിന്തിച്ചിട്ടുമുണ്ട്.  താന്‍ കൂടി പങ്ങെടുക്കുന്ന സാഹിത്യ കൂട്ടായ്മയിൽ അഭിപ്രയം പറഞ്ഞിട്ടുമുണ്ട്.

       എത്തേണ്ടയിടം അടുത്തിരിക്കുന്നു.  ഗ്രീന്‍ ഹൗസ് – പച്ച വാസസ്ഥലം. പച്ചയായ, പച്ചകളുടെ വാസസ്ഥലം.

       സുദേവ് പറഞ്ഞു.

       നിവേദിതാ ഞാനും കേട്ടെഴുത്തുകാരനായിട്ടാണ് എത്തിയിരിക്കുന്നത്.  നിവേദിതയെപ്പോലെ പത്തിൽ ഒരാളായിട്ട്, പരസ്പരം മത്സരിക്കാന്‍, പോരാടാന്‍….

       ഓ…….

       നിവേദിതയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.  ഒട്ടും വിശ്വസിക്കാന്‍ കഴിയാത്തതാണെന്ന് ധ്വനിപ്പിക്കുന്നു കണ്ണുകൾ.

       സോറി…. ഞാന്‍ സാറിന്‍റെ പേരു ചോദിച്ചില്ല.

       സുദേവ്…. കേട്ടിരിക്കില്ല… എന്‍റെ ഒരു സുഹൃത്തു പറയും പോലെ ഒരു പ്രാദേശിക എഴുത്തുകാരന്‍.  വളരെ കുറച്ചു പേരു കാണുന്ന സമാന്തര പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു.  അടുത്തുള്ള സാഹിത്യ കൂട്ടായ്മകളിൽ കഥകൾ വായിക്കുന്നു.  വളരെ അടുത്ത സുഹൃത്തുക്കളുടെ പുകഴ്ത്തലുകളും കുശുമ്പുകളും കുന്നായ്മകളും കേള്‍ക്കുന്നു.

       ഇറ്റസ് ക്വയറ്റ് ഇന്‍ററസ്റ്റിംഗ്….

       ഓട്ടോറിക്ഷ തുറന്ന് കിടന്നിരുന്ന വലിയ ഗെയിറ്റ് കടന്ന് സസ്യശ്യാമളതയിലേക്ക് ഓടിക്കയറി.  ഗെയിറ്റിൽ കാണേണ്ടിയിരുന്ന ആധുനീക പാറാവുകാരന്‍ എവിടയോ നിന്നെത്തി ഓട്ടോയെ നിയന്ത്രിച്ച് വിശാലമായ മുറ്റത്തിന്‍റെ ഓരത്ത് നിര്‍ത്തിച്ചു.

       നിവേദിതയുടെ ആഗ്രഹപ്രകാരം ഓട്ടോക്കാരന് പണം നല്‍കി അവർ ഗ്രീന്‍ ഹൗസെന്ന വാസപരിസരത്തേക്ക് നടന്നു.

***

       അവന്‍ നഗര പരിധിയിൽ പ്രവേശിച്ച് ഏഴു കിലോമീറ്റർ യാത്ര ചെയ്തപ്പോഴേയ്ക്കും നഗര മദ്ധ്യത്തിലുള്ള മൂന്നും കൂടിയ കവലയിൽ എത്തിച്ചേര്‍ന്നു. കവലയിൽ നിന്നും തെക്കോട്ടായിരുന്നു തുടർ യാത്ര. അതു വഴി പത്തു കിലോമീറ്റർ എത്തിയപ്പോൾ നഗര പരിധിയുടെ ബോര്‍ഡ് കണ്ടു മടങ്ങി.  വീണ്ടും നഗര മദ്ധ്യത്തിലെത്തി കിഴക്കോട്ട് യാത്ര ചെയ്തു.  അര കിലോമീറ്റർ ചെന്ന് മൂന്നും കൂടിയ കവലയിൽ നിന്നും വടക്കോട്ടു വാഹനം ഓടിച്ചു.  അതു വഴി ആറു കിലോമീറ്ററിൽ കൂടുതൽ പോകാനായില്ല.  നഗരം അവസാനിച്ചു.  അവിടെ നിന്നും മടങ്ങി രണ്ടാമതു കടന്നു പോയ കവലയിൽ നിന്ന് കിഴക്കോട്ട് പോയി.  അവിടെയും അഞ്ചു കിലോമീറ്റർ കൊണ്ട് നഗരം അവസാനിച്ചു.. 

       അവന്‍ ഒന്നു മന്ദഹസിച്ചു.  മങ്കാവുടി വളര്‍ന്നിട്ടില്ല,  ആധുനിക ചിന്തയിൽ വളര്‍ച്ച ഉന്നതകെട്ടിടങ്ങളും കടകമ്പോളങ്ങളും വീതിയേറിയ ടാർ വിരിച്ച വഴികളുമാണെങ്കില്‍…. പെണ്ണും മണ്ണും ബീഫും പന്നിയിറച്ചിയും മദ്യവുമാണ് മങ്കാവുടി സ്വപ്നങ്ങളെന്ന് നേരത്തെ കേട്ടിട്ടുണ്ട്.  അവർ കാണുന്ന സ്വപ്നങ്ങൾ, അതുകളെല്ലാം കിട്ടുന്നതായിട്ടും അനുഭവിക്കുന്നതായിട്ടുമായിരിക്കും.  അതിനു വേണ്ടി അവർ കഴിഞ്ഞ നാളുകളിർ മടി ബാങ്കുകളെന്ന് ഓമനപ്പേരിൽ അറിയപ്പെട്ടിരിന്ന പ്രൈവറ്റ് ഫിനാന്‍സുകളാണ് നടത്തിയിരുന്നത്.  ആ കാലഘട്ടത്ത്, തൃശൂര്‍ നഗരത്തിൽ കൂണുകൾ പോലെ തല പോന്തിച്ചു നിന്നിരുന്ന ചിട്ടി കമ്പനികൾ പോലെയായിരുന്നു മങ്കാവുടിയില്‍ പ്രൈവറ്റ് ഫിനാന്‍സിംഗ് സ്ഥാപനങ്ങള്‍. പ്രവിശ്യയിൽ ഒന്നാം സ്ഥാനത്തുമായിരുന്നു, എണ്ണത്തില്‍. മിക്കവാറും വണ്ണത്തിലും.  പ്രവിശ്യയിലെ എല്ലായിടത്തു നിന്നും ആവശ്യമുള്ളവർ ഇവിടെയെത്തി കിടപ്പിടങ്ങളും സ്വർണ്ണവും പെണ്ണും പണയം വെച്ച് പണം കൊണ്ടുപോയുമിരുന്നു. ഇന്ന് കുറെ വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.  ഫിനാന്‍സിംഗ് സ്ഥാപനങ്ങളുടെ സ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കുന്നു.  മെഡിക്കല്‍ കോളേജുകൾ, എഞ്ചിനിയറിംഗ്  കോളേജുകൾ,  ആര്‍ട്ടസ് ആന്‍റ് സയന്‍സ് കോളേജുകൾ, വ്യത്യസ്ത സിലബസ്സുകൾ പഠിപ്പിക്കുന്ന സ്കൂളുകൾ….

       പഠിക്കുക….

       പഠിപ്പിക്കുക….

       ഉദ്ദേശങ്ങൾ അതാണെന്ന് തെറ്റിദ്ധാരണകൾ വേണ്ട… വേണ്ടത് പണമാണ്…… ആര്‍ജ്ജിക്കേണ്ടത് മണ്ണും…..പെണ്ണും….തീറ്റയും……

       ഡാമിറ്റ്….

       ചിന്തകൾ നേര്‍ വഴിക്കല്ല പോകുന്നത്…..

       ചിന്തകൾ കാഴ്ചകളെ ബന്ധപ്പെടുത്തിയാണുണ്ടാകുന്നത്. കാഴ്ചകൾ വികലമാണെങ്കിൽ ചിന്തകളും വികലമാകും.  കാഴ്ചകൾ പുറം കണ്ണുകൾ കൊണ്ടുള്ളതുമാത്രമല്ല. അകക്കണ്ണുകൾ കൊണ്ടുള്ളതുകൂടിയാണ്.

       അവന്‍റെ ചുണ്ടുകളിൽ ഒരു വിദൂഷക മന്ദസ്മിതം വിരിഞ്ഞു.

       മങ്കാവുടി നഗരത്തിന്‍റെ കിഴക്കേ അതിര്‍ത്തിയിൽ എത്തി തിരിച്ചു പോരാതെ അവന്‍റെ വാഹനം കിഴക്കോട്ടു തന്നെ ഓടി. നഗര പരിധി വിട്ടെങ്കിലും താലൂക്ക് പരിധിക്കുള്ളിൽ കൂടി തന്നെ കിഴക്കോട്ട്.  അഞ്ചു കിലോമീറ്റർ കഴിഞ്ഞപ്പോൾ ഒരു വലിയ ആര്‍ച്ച് കണ്ടു,  ഇടതു വശം വീഥിയോട് ചേര്‍ന്ന്.  ആര്‍ച്ചിൽ  പച്ച അക്ഷരങ്ങളിൽ അവന്‍ വായിച്ചു, ഗ്രീന്‍ ഹൗസ്.  ആര്‍ച്ചിനെ തുടര്‍ന്ന് ഇരു പുറങ്ങളിലും വന്‍മതിൽ, അടുത്ത നാളുകളിൽ പെയിന്‍റ് ചെയ്ത് സൂക്ഷിക്കുന്നത്. ഗെയിറ്റിന് മുന്നിൽ വാഹനം നിര്‍ത്തി പാറാവുകാരനെത്താനായി  ഹോണടിച്ചു.  ഉള്‍വശം കാണാത്ത വിധത്തിലുള്ള ഭീമാകാരനായ ഗെയിറ്റിന്‍റെ കുഞ്ഞു വാതിൽ തുറന്ന് യൂണിഫോമിട്ട പാറാവുകാരന്‍ ശബ്ദം ഉണ്ടാക്കാതെ മുഖത്തെ ഭാവം കൊണ്ട് എന്തു വേണമെന്ന് ചോദിച്ചു.

       ജോണ്‍സന്‍….?

       ആരാ…എവിടന്നാ…?

       ഒരു രത്ന വ്യാപാരിയാ…. വടക്കു നിന്നാ…

       അതു കൊള്ളാമല്ലോ… ഗിരിപൈയും… ആലൂക്കാസും…ആലപ്പാട്ടുമുള്ളപ്പൊ….?

       ഉം… അവിടെയുമുണ്ട്…. എന്‍റെ കൈയ്യിലും ഉണ്ട്…. അവിടുള്ളതിനേക്കാളൊക്കെ മുന്തിയതാണ്…

       എന്നാ….കളിയാക്കുവാ….?

       ഏയ്… അല്ല… കളിപ്പിക്കാനാ….

       പാറാവുകാരന്‍ ഒന്നു പകച്ചു, ഗെയിറ്റ് മലര്‍ക്കെ തുറന്നു.

       സാറ്…. ഓഫീസിലുണ്ട്…

       താങ്ക്സ്… ഒരു തമാശ പറഞ്ഞതാണു കേട്ടോ…. ലീവിറ്റ്….

       പാറാവുകാരന് സന്തോഷമായി.

       വാഹനം ഉള്ളിലേക്ക് ഓടിത്തുടങ്ങിയപ്പോൾ അവന് ഒരു ഉള്‍ക്കിടിലം തോന്നി.  പാദങ്ങൾ മണ്ണിൽ തോട്ടില്ലെങ്കിലും, കാറിന്‍റെ വീലിൽ സ്പര്‍ശിച്ച മണ്ണിൽ നിന്നും കിട്ടുന്ന ആകര്‍ഷണം, കാറിന്‍റെ മെറ്റൽ ബോഡി വഴി കയറി ആക്സിലേറ്ററിലും ബ്രേക്കിലും ഇരിക്കുന്ന പാദങ്ങൾ വഴി ദേഹത്താകമാനം പടര്‍ന്നുകയറുന്നു.

       ഓഫീസിനു മുന്നിൽ കാർ നിര്‍ത്തി പുറത്തിറങ്ങി, റിമോട്ടിൽ ലോക്ക് ചോയ്ത് ഓഫീസ് വരാന്തയിൽ ബൂട്ട് പതന ശബ്ദം കേള്‍പ്പിച്ച്, മുറിക്കുള്ളിലെ കാര്‍പ്പറ്റിലെത്തിയപ്പോൾ ശബ്ദത്തെ നിരാകരിച്ച് ജോണ്‍സന്‍റെ ക്യാബിനിൽ തണുപ്പിൽ ഉപവിഷ്ടനായി.

       ഞാനൊരു രത്ന വ്യാപാരിയാണ്…

       ഏസ്സ്….?

       ഡോ. ലാസറലിക്കും കുടുംബത്തിനും രത്നം വില്‍ക്കാന്‍ വന്നതാണ്.

       ജോണ്‍സന്‍ അത്ഭുതത്തോടെ അവനെ നോക്കിയിരുന്നു.

       അത്ഭുതപ്പെടേണ്ട… പാറാവുകാരന്‍ ചോദിച്ചതു പോലെ നിങ്ങളും ചിന്തിക്കുകയാകാം…. രത്നങ്ങളൊക്കെ ഗിരിപൈയ്യിലും ആലൂക്കസിലും ഭീമയിലുമൊക്കയില്ലേയെന്ന്… ഉണ്ട്… പക്ഷെ… ഇത് വിലകൂടിയതാണ്….

       ആദ്യമായിട്ടാണ്, ഇങ്ങിനെ ഒരാള്‍…

       അതെ,  ഇവിടെ ആദ്യമായിട്ടാണ്…. പണ്ട് രാജക്കന്മാരുടെ ഭരണകാലത്ത് അമൂല്യ രത്നങ്ങളും അവര്‍ണ്ണ്യ സുഗന്ധങ്ങളും ഇങ്ങിനെ വ്യാപാരികൾ നേരിട്ടാണ് വിറ്റിരുന്നത്…

       ഏസ്സ്…. പക്ഷെ. ഇന്ന് കാണാറില്ല… ഇവിടെ ഒരു ഇന്‍റര്‍വ്യൂ നടക്കുകയാണ്…

       ഓ… ഏസ്സ്…. ഞാന്‍ പിന്നീടു വന്നു കൊള്ളാം…

       പേര്… നമ്പര്‍…. കാര്‍ഡ്…

       അതോന്നും വേണ്ട ഞാന്‍ വന്നു കൊള്ളാം….

       സാര്‍ എവിടെ നിന്നാണ്….?

       മുംബെയിലാണ്… രണ്ടാഴ്ചയായി കൊച്ചിയിൽ വന്നിട്ട്….പത്തു വര്‍ഷമായിട്ട് ഞാനീ രംഗത്തുണ്ട്… കൊല്ലത്തെ രവിപിള്ളയാണ് ലാസറലി സാറിന് പരിചയപ്പെടുത്തിയത്…. വന്നാൽ മതിയെന്ന് പറഞ്ഞിരുന്നു.

       എങ്കിൽ സാറിനെ വിളിക്കാം…

       വേണ്ട… ഇത് തിരക്കിൽ ചെയ്യേണ്ട കച്ചവടമല്ല.  സമയമെടുത്ത് കണ്ട് സമാധാനമായി കച്ചവടം ചെയ്യണം… അതാണെന്‍റെ രീതി….

       ഏസ്സ്…..

       ഞാന്‍ പിന്നീട് വന്നു കൊള്ളാം…. സാറിനെ വിളിച്ചു കൊള്ളാം….

       അവന്‍ ജോണ്‍സന്‍ അറിയാത്തൊരു സുഗന്ധമായി പുറത്തേക്ക് പോയി. ക്യാബിന് പുറത്തെത്തിയപ്പോൾ മറ്റ് സ്റ്റാഫുകളും അവനെ ശ്രദ്ധിച്ചു.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top