നീനക്ക് അയാളൊരു കൊച്ചു കുഞ്ഞായിരുന്നു. അവളുടെ രണ്ടു മക്കളെപ്പോലെ മൂന്നാമതൊരാള്‍. അവളെക്കാള്‍ പത്തു വയസ്സെങ്കിലും അധികമുണ്ടെങ്കിലും അവള്‍ക്കു മുന്നില്‍ അയാള്‍ ചെറുതായി, ചെറുതായി ചെമന്ന തൊള്ളകാണിച്ച് ചിരിക്കുന്ന പിഞ്ചു കുഞ്ഞിനെപ്പോലെ പരിണമിക്കപ്പെട്ടു പോകുന്നു. അയാളൊരു ശാന്തനാണ്, കാഴ്ചയിലും പെരുമാറ്റത്തിലും. അവളെക്കാള്‍ ഒരിഞ്ച് ഉയരക്കൂടുതല്‍, ഒരു കിലോ തൂക്കക്കൂടുതല്‍. കൃശഗാത്രന്‍, ഇരു നിറത്തില്‍, നന്നെ കറുത്ത കണ്ണുകളും കട്ടി കൂടിയ പുരുകങ്ങളും ആകൃതിയൊത്ത മൂക്കും, മൃദുവായ ചുണ്ടുകളും… അധികം ദൃഢമല്ലാത്ത പേശികള്‍, മൃദുവായ കൈ വെള്ളകള്‍, നീണ്ട മനോഹരമായ വിരലുകള്‍, ചോര കനച്ചു നില്‍ക്കുന്ന നഖങ്ങള്‍, മുറിച്ച്, ഉരച്ച് മുനുസമാക്കിയ നഖത്തുമ്പുകള്‍….. ഇമ്പമാര്‍ന്ന സ്വരം, സംസാരം….
അയാള്‍ ആദ്യം വീട്ടില്‍ വന്ന ദിവസം അവള്‍ ഓര്‍ക്കുന്നില്ല.. ഓര്‍മ്മിക്കാന്‍ മാത്രം ഒരു പ്രത്യേകതയും അന്ന് ആയാളുടെ സന്ദര്‍ശനത്തിനു തോന്നിയില്ല. വാതില്‍ ബെല്ലു കേട്ട് തുറന്നപ്പോള്‍ കതകിന് വളരെ അടുത്ത് സൗമ്യനായി നിന്ന ഒരു സാധാരണക്കാരന്‍. വളരെ വില കൂടിയതൊന്നുമല്ലാത്ത ഷര്‍ട്ടും പാന്‍റ്സും. കടുത്ത നിറത്തിലുള്ളതല്ല. സാറില്ലെ എന്ന് പതുങ്ങിയ ശബ്ദത്തിലെ ചോദ്യം. സാര്‍ എന്ന് അയാള്‍ ഉദ്ദേശിച്ച നീനയുടെ ഭര്‍ത്താവ് ജെയിംസ് കുളിക്കുകയായിരുന്നു. സാറ് കുളിക്കുകയാണെന്നു പറഞ്ഞപ്പോള്‍ അയാള്‍ സമ്മതിച്ച് സിറ്റൗട്ടില്‍ ഇട്ടിരുന്ന ചൂരല്‍ കസേരയില്‍ ഇരുന്നു. നീന ഭര്‍ത്താവിനെ സാറെന്നു തന്നെയാണ് വിളിച്ചിരുന്നത്. അതെന്തുകൊണ്ടാണെന്ന് നീന ചിന്തിച്ചിട്ടില്ല. ജെയിംസ് അദ്ധ്യാപകനോ ഉന്നത സര്‍ക്കാരുദ്ദ്യോഗസ്ഥനോ അല്ല. പക്ഷെ, സംസ്ഥാന ഭരണ ചക്രം തിരിക്കുന്ന ഒരു ജനാധിപത്യ പാര്‍ട്ടിയുടെ അറിയപ്പെടുന്ന നേതാവാണ്. ജെയിംസിനെ കാണാനെത്തുന്നവരൊക്കെ സാറെന്നു വിളിക്കുന്നു. മറ്റുള്ളവര്‍ കേള്‍ക്കാതെ, വീട്ടിനുള്ളില്‍, അടുക്കളയില്‍, ഡൈനിംഗ് ഹാളില്‍, ബഡ്ഡ് റൂമില്‍, കിടക്കുന്ന കട്ടിലില്‍ വച്ച് എന്തു വിളിക്കുന്നു എന്ന് അവള്‍ക്കു തന്നെ ഓര്‍മ്മയില്ല. ഈയിടെ ഒന്നും വിളിക്കുന്നുമില്ല. വിവാഹം കഴിഞ്ഞു വന്ന നാളുകളില്‍ എന്തു വിളിച്ചിരുന്നെന്നും ഇപ്പോള്‍ മറക്കുകയും ചെയ്തിരിക്കുന്നു. പക്ഷെ, അവള്‍ ജെയിംസിനെ ഇപ്പോള്‍ പേരു ചോര്‍ത്തു ചേട്ടായെന്നു വിളിക്കുന്നു. ഒരിക്കല്‍ പോലും പേരു ചേര്‍ക്കാതെ ചേട്ടാ എന്നു വിളിച്ചിട്ടുമില്ല.
വെളുത്ത കോലു പോലൊരു പെണ്ണായിരുന്നു നീന എന്ന് ജെയിംസ് പറയും. ഇവിടെ വന്ന ശേഷം തെങ്ങില്‍ പൂക്കുല ലേഹ്യവും ച്യവനപ്രാശവും പഞ്ചജീരക ഗുഡവും ആട്ടില്‍ സൂപ്പും കൊടുത്ത് ആകൃതി വയ്പ്പിച്ചത് ഞാനാണെന്ന് ബന്ധുക്കളോട് സമയം കിട്ടുമ്പോഴൊക്കെ പറയും. അങ്ങിനെ തന്നെയാണെന്ന് നീനയും സമ്മതിക്കും. അതില്‍ അഭിമാനം കൊള്ളുകയും ചെയ്യും. ഭര്‍ത്താവിന്‍റെ സ്നേഹത്തിന്‍റെ കാഴ്ചകളാണ് തന്‍റെ ദേഹത്തുള്ളതെന്നതല്ലേ സത്യമെന്ന് സ്വന്തം മനസ്സിനോടും അവള്‍ ചോദിക്കും. ജെയിംസ് തടിച്ചിട്ടാണ്, ദേഹത്തു മുഴുവന്‍ രോമങ്ങള്‍ നിറഞ്ഞ്, പരിണാമ സിദ്ധാന്തം ശരിയാണെങ്കില്‍ പൂര്‍വ്വികരോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ദേഹം.
ജെയിംസ് മാത്രമല്ല. അപ്പനും അപ്പാപ്പനും അയാളുടെ അപ്പനും അങ്ങിനെ തന്നെ ആയിരുന്നെന്ന് അയാളുടെ അമ്മാമ്മ പണ്ട് പറഞ്ഞിരുന്നു. കുടുംബത്തിലെ ആണുങ്ങളുടെ ദേഹ പ്രകൃതിയെ വര്‍ണ്ണിക്കേണ്ടി വരുമ്പോള്‍ ഇപ്പോഴും പറയുന്നു. ജെയിംസിന് രണ്ട് അനുജന്മാരുണ്ടെങ്കിലും അവരൊന്നും ഇങ്ങിനെയുള്ള കഥകളൊന്നും ആരെടും പറഞ്ഞില്ല. അവര്‍ റബ്ബര്‍ വെട്ടുകാരും ഇഞ്ചി കൃഷിക്കരുമായി ജീവിക്കുമ്പോള്‍ ജെയിംസ് മാത്രം വലതുപക്ഷ രാഷ്ട്രീയത്തിലെ അറിയപ്പെടുന്ന നേതാവായി ഉയര്‍ന്നു.
ജെയിംസ് ഭാവിയില്‍ എംഎല്‍എയും മന്ത്രിയുമാകും. അപ്പോള്‍ പി എയും മറ്റ് സ്റ്റാഫുകളുമാകാനുള്ളവരെയാണ് കൂടെ കൂട്ടി, കൊണ്ടു നടക്കുന്നത്. അയാള്‍ പ്രത്യകിച്ച് ജോലികളൊന്നുമില്ലാത്ത സ്വതന്ത്രനുമാണ്. ജെയിംസിനുള്ള ഉപദേശങ്ങള്‍, വഴികാണിച്ചു കൊടുക്കല്‍, കത്തുകളെഴുതി കൊടുക്കലൊക്കയാണ് ജോലി. ഒരു ദിവസം സിറ്റൗട്ടിലെ ചിരി കേട്ടിട്ടാണ് നീന മുന്നിലേക്ക് വന്നത്. അവള്‍ ഭര്‍ത്താവും വേണുവും ചിരിക്കുന്നത് നോക്കി നിന്നു. പക്ഷെ, അവള്‍ക്ക് ചിരി വന്നില്ല. കുറെ നേരം നോക്കി നിന്നപ്പോള്‍ അതൊരു ഹാസ്യമായി തോന്നി. ആ ഹാസ്യത്തില്‍ പങ്കുചേരാതെ തിരികെ ഉള്ളിലേക്ക് നടക്കാന്‍ തിരിഞ്ഞപ്പോള്‍ വേണുവിന്‍റെ കണ്ണുകില്‍ ഒരു തിളക്കം അനുഭവപ്പെട്ടു. അവള്‍ അതേ വരെ കണ്ടിട്ടില്ലാത്ത ഒരു ജ്വലനം. ജ്വലിച്ചു നിന്ന ആ കണ്ണുകളില്‍ നോക്കി ഒരു നിമിഷം നിന്നു. പക്ഷെ, ആ കണ്ണുകളില്‍ നോക്കി നില്‍ക്കാന്‍ അധികം നേരം കഴിയുകയില്ലെന്നും, ആ കണ്ണുകളിലെ പ്രകാശ രേണുക്കള്‍ തന്‍റെ പുറം കണ്ണില്‍ മാത്രമല്ല ഏല്‍ക്കുന്നതെന്നും, പുറം കണ്ണില്‍ നിന്നും ഉള്ളിലേക്ക് കയറി, കയറി…. മനസ്സിന്‍റെ നീലിച്ച അകത്തളത്തിലാകെ പ്രകാശമാനമാക്കുകയാണെന്നും ദേഹം ഉന്മേഷം കൊള്ളുകയാണെന്നും അറിഞ്ഞു.
എന്താണിത്… എന്ന് മനസ്സിനോട് ചോദിച്ച്, ശരീരം ആകെയൊന്നു കിടുകിടുത്ത്, കണ്ണുകളെ വേണുവിന്‍റെ കണ്ണകളില്‍ നിന്നും വേര്‍പെടുത്തി ഉള്ളിലേക്ക് പോന്നു. പക്ഷെ, ഉള്ളിലെത്തിയിട്ടും അവിടെ നില്‍ക്കാനാകാതെ തിരികെ വന്നു. അതെന്തു കാഴ്ചയാണെന്ന് ഒന്നു കൂടി അറിയണമെന്നു തോന്നി. വീണ്ടും അങ്ങിനെ തന്നെ. പിന്നീടവള്‍ക്ക് അവിടെ നില്‍ക്കാനായില്ല. അതെന്താണെന്നവള്‍ ചിന്തിച്ചു. എവിടെയെങ്കിലും വായിച്ചിട്ടുണ്ടോയെന്ന് ആലോചിച്ചു. അധികമൊന്നും വായിക്കാത്ത അവള്‍ക്ക് അതെന്തെന്ന് പെട്ടന്ന് കണ്ടെത്താനായില്ല. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ നാലു കൂട്ടുകാരുടെ കൂടെ അവരേക്കാളൊക്കെ പൊക്കത്തില്‍, അവരുടെ നടുക്ക് മാറില്‍ പുസ്തകവും അടുക്കി പിടിച്ച,് നിലത്തു നോക്കി നടന്നിരുന്ന അവള്‍ക്ക് അന്ന് റോഡരുകില്‍ നിന്നു കാഴ്ച കണ്ടിരുന്ന പൂവാലന്മാരുടെ കണ്ണുകള്‍ക്ക് അങ്ങിനെയുള്ള ശക്തിയുണ്ടായിരുന്നെന്ന് അറിയില്ല. പക്ഷെ, അതനുഭവിച്ചിട്ടുള്ള കൂട്ടുകാരികള്‍ പറയുന്നത് കേട്ടിട്ടുണ്ട്. ഓ, എന്നാ നോട്ടമാടി അവന്‍റെയെന്ന്. ആ നോട്ടമാകുമോയിത്. അന്ന് പാഠപുസ്തകത്തിനിടയില്‍ വച്ച് വായിച്ചിട്ടുള്ള മനോരമയിലും മനോരാജ്യത്തിലും ഇങ്ങിനെ ചില നോട്ടങ്ങളുടെ കാര്യം വായിച്ചിട്ടുണ്ട്. അയലത്തെ ലീലാമ്മയെ സോമന്‍ നോക്കുന്നതായിട്ട്, പോളച്ചന്‍ ശാന്തമ്മയെ നോക്കുന്നതായിട്ട്. പക്ഷെ, വായിച്ചപ്പോള്‍ നോട്ടത്തില്‍ ഇത്രയും ശക്തിയുണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല.
പിന്നീടൊരു നാള്‍ അവളാ സിറ്റൗട്ടില്‍ വച്ചു തന്നെ വേണുവിന് ഒരു ഗ്ലാസ്സ് ചായ കൊടുക്കുമ്പോള്‍, ജെയിംസ് അകത്തെന്തോ എടുക്കാനായി പോയിരുന്ന സമയത്ത്. വളരെ പഴയ ഒരു ഏര്‍പ്പാടായിരുന്ന, ഒരു വിരള്‍ സ്പര്‍ശം അവള്‍ക്ക് കിട്ടി. അപ്പോള്‍ അയാളുടെ കണ്ണുകളില്‍ നോക്കിയപ്പോള്‍ അവള്‍ ശരിക്കും ഭയന്നു പോയി. ആ കണ്ണുകളില്‍ അവള്‍ സംശയിച്ചതു പോലുള്ള തിളക്കമായിരുന്നു. പതുങ്ങിയ ശബ്ദത്തില്‍ പറയുകയും ചെയ്തു. നീന സുന്ദരിയാണു കേട്ടോ… എനിക്കിഷ്ടമാണ്… അവള്‍ ഞെട്ടി വിറച്ചു പോയി. ഉള്ളില്‍ തിരികെ എത്തും മുമ്പു തന്നെ ദേഹത്ത് പനി പടര്‍ന്നു. ഉള്ള് കിടുകിടാ വിറച്ചു. ദേഹമാകെ തണുത്തു വിറച്ചു. അവള്‍ ബഡ്ഡ് റൂമില്‍ പോയി മൂടി പുതച്ച് കിടന്നു. തലവഴി മൂടിയിട്ടും പുതപ്പിനുള്ളിലേക്ക് ആ രണ്ടു കണ്ണുകള്‍ കടന്നു വരുന്നതു പോലെ തോന്നി. ശ്വാസമടക്കി കിടന്നപ്പോള്‍ വിയര്‍ത്തു കുളിച്ചു പോയി. അപ്പോള്‍ അവളറിഞ്ഞു. അവള്‍ക്കും വേണുവിനെ ഇഷ്ടമാണെന്ന്. അവള്‍ കട്ടിലില്‍ നിന്നും ഇറങ്ങി നിലത്ത് മുട്ടുകുത്തി നിന്നു.
എന്‍റെ ചെറുപള്ളി മുത്തപ്പാ…
ചെറിയ പള്ളി മുത്തപ്പന്‍ അവളില്‍ കരുണ ചൊരിഞ്ഞോ, ഇല്ലയോ എന്നവള്‍ ചിന്തിച്ചില്ല. അവള്‍ പ്രണയത്തെ കുറിച്ചു മാത്രം ചിന്തിച്ചു. ഈ നാല്പതു വര്‍ത്തിനുള്ളില്‍ എപ്പോഴെങ്കിലും അവളിലേക്ക് പ്രണയം വന്നണഞ്ഞിട്ടുണ്ടോ എന്ന് ആലോചിച്ചു. അതു കണ്ടെത്താന്നായി അവള്‍ ഓര്‍മ്മ വച്ചനാള്‍ മുതലുള്ള കാര്യങ്ങളെ മനസ്സില്‍ കൊണ്ടു വന്ന് വിശകലനം ചോയ്തു. കൗമാരത്തില്‍, യൗവനത്തിന്‍റെ തുടക്കത്തില്‍ സ്ക്കൂളില്‍ പോകുമ്പോള്‍, അപ്പന്‍റെ കപ്പത്തോട്ടത്തിലൂടെ നടക്കുമ്പോള്‍, വിളഞ്ഞ നില്‍ക്കുന്ന നെല്‍ വയല്‍ വരമ്പിലൂടെ നടക്കുമ്പോള്‍, ഇടവഴി കയറി റോഡിലെത്തി, മറ്റുള്ളവരെ കാണുമ്പോള്‍ ഏതെങ്കിലും കണ്ണുകളില്‍ നിന്നും പ്രണയത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടിട്ടുണ്ടെയെന്ന് ഓര്‍മ്മിച്ചു നോക്കി. ഇല്ലെന്നു കണ്ടു. മാറില്‍ പുസ്തകമടക്കി വച്ച് റോഡില്‍ നോക്കി നടക്കുമ്പോഴും അനുഭവപ്പെട്ടിട്ടില്ലെന്നു കണ്ടു. പിന്നെ ഇരുപത്തി മൂന്നു വയസ്സു മുതല്‍, ജെയിംസിന്‍റെ അടുത്ത് കിടക്കുമ്പോള്‍ സാധാരണ ക്രിസ്ത്യാനി ചെറുപ്പക്കാരുടെ മണമായ മദ്യത്തിന്‍റെയും സിഗരറ്റിന്‍റേയും മണമുയണ്ടായിരുന്നതു മാത്രമാണ് ഓര്‍മ്മയിലേക്ക് വരുന്നത്. ആദ്യരാത്രിയില്‍ നേരത്തെ കിടന്നോ എന്നു പറഞ്ഞയുമ്പോള്‍ ആ കണ്ണുകളില്‍ ഉണ്ടായിരുന്നതു പ്രണയമായിരുന്നോ… ആ നാളുകളിലെല്ലാം അയാള്‍ തിരക്കിലായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങളും യാത്രകളുമായിട്ട്. വളരെ വൈകി വീട്ടിലെത്തുകയും, കൂടെ കിടന്ന് തളര്‍ന്ന് ഉറങ്ങുകയും ചെയ്തപ്പോള്‍ ജെയിംസിനെ തെറ്റിദ്ധരിക്കുകയും ചെയ്തിരുന്നു. പക്ഷെ, തിരക്കൊക്കെ ഒഴിഞ്ഞു കഴിഞ്ഞപ്പോള്‍ ഒരാഴ്ച വീട്ടില്‍ തന്നെ തങ്ങി, രാവും പകലും ശാരീരിക ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ പ്രണയമുണ്ടായിരുന്നോ… അതും അറിയില്ല.
പക്ഷെ, വേണുവിന്‍റെ കണ്ണുകളില്‍ നിന്നും സ്വന്തം കണ്ണുകളിലേക്ക് എത്തുന്ന, വിരലുകളില്‍ നിന്നും സ്വന്തം വിരലുകള്‍ വഴി ദേഹത്ത് പടരുന്ന, മൊഴികള്‍ വഴി കാതിലെത്തി ബോധത്തില്‍ നിറയുന്ന സുഖം, ആ സുഖം നല്‍കുന്ന അനുഭൂതി… വീണ്ടും വേണെമെന്ന ആര്‍ത്തി… ഇതാണ് പ്രണയമെങ്കില്‍….
അവള്‍ക്കതിനെ അകറ്റാന്‍ കഴിയാതെയായി, ഉറങ്ങാന്‍ കഴിയാതെയായി, ജെയിംസിനോടൊത്ത് ശയിക്കാന്‍ കഴിയാതെയായി… ശയനത്തില്‍ പോലും ജെയിംസ്സല്ല ആ സ്ഥാനത്ത് വേണുവാണെന്ന് കരുതിത്തുടങ്ങി…
എന്‍റെ പിതാവേ…. ഞാനന്നേറ്റു ചെയ്ത സത്യം… തിരുഹൃദയത്തിന് മുന്നില്‍ നിന്ന്, തിരുമേനിയുടെ മുന്നില്‍ ശിരസ്സു നമിച്ച്, കൊടുത്ത ഉറപ്പ്… ഊണിലും ഉറക്കത്തിലും നിറവിലും മനസ്സിലും അവനെ മാത്രം, ജെയിംസിനെമാത്രം ചിന്തിച്ച്, ജെയിംസിനോടൊത്ത് പടുത്തുയര്‍ത്തുന്ന കുടുംബത്തിന്‍റെ അത്താണിയായി ജീവിത വൃക്ഷത്തെ പടുത്തുയര്‍ത്തി കൊള്ളാമെന്ന് പറഞ്ഞ സത്യപ്രസ്ഥാവന… എല്ലാം തകിടം മറിയുകയാണോ….
ഇല്ല, ഒന്നുമറിയില്ല…. എനിക്കെന്താണെന്ന്, എന്തുവേണമെന്ന്, എന്തു പറ്റിയെന്ന്… അയാള്‍ പറഞ്ഞപ്പോള്‍ അയാളോട് ചേര്‍ന്നു നിന്നു, വിവസ്ത്രയായി. അയാളുടെ അധരങ്ങളില്‍ നിന്നും തേന്‍ നുകര്‍ന്നു… മാറിടത്തെ അനാവൃതമാക്കി അമൃത് നുകരാന്‍ കൊടുത്തു… അയാളുടെ കാഴ്ചകള്‍ക്കായി പല വിധത്തില്‍ ശയിച്ചു… പക്ഷെ, അയാള്‍ കാഴ്ചകള്‍ മാത്രം കണ്ടു…. എന്തുകൊണ്ടെന്ന് തിരക്കിയില്ല… എനിക്ക് വേണ്ടിയിരുന്നത് ആ ദേഹത്തിന്‍റെ ശക്തിയല്ല. കൈകളുടെ ചലനങ്ങളുമല്ല… അയാളുടെ ഉള്ളില്‍ നിന്നും ഒഴുകിയെത്തുന്ന പ്രണയമായിരുന്നു. പ്രണയത്തിന്‍റെ തേന്‍ മധുരിമയായിരുന്നു.
പ്രണയത്തിന് മണമുണ്ടാകുമോ…. സുഗന്ധമാകുമേ, ദുര്‍ഗന്ധമാകുമോ… പനിനീര്‍ മലര്‍ മണമാകുമോ… മുല്ല മലര്‍ മണമാകുമോ… മണമെന്തായിരുന്നാലും ജെയിംസ് മണത്തെടുത്തു. അദൃശ്യമായ ഏതോ ശക്തിയാലെന്ന് നീന കരുതി. അവള്‍ കേട്ടിരിക്കുന്നത് ഭര്‍ത്താവിന്‍റെ ജാര ബന്ധത്തെ ഭാര്യ മണത്തറിയാറുണ്ടെന്നാണ്. പക്ഷെ, മണത്തിലൂടെ ഒരു ഭര്‍ത്താവ് ഭാര്യയുടെ ജാരനെ കണ്ടത്തുമോ… അറിയില്ല. അറിയില്ലെന്ന അറിവ് അവളെ തകര്‍ത്തെറിയുകയല്ല ചെയ്തത്….
കാട്ടിലേക്കുള്ള ഒരു വണ്‍ഡെ പിക്ക്നിക്കായിരുന്നു, അത്. എം എല്‍ എയും പേഴ്സണല്‍ സ്റ്റാഫുകളും കൂടിയുള്ള ഒരു ദിനാഘോഷം. ആഘോഷങ്ങള്‍ ജെയിംസിന്‍റെ ഒരു തന്ത്രമാണ്. രാഷ്ടീയാധീതമായ തന്ത്രം. മാസത്തിലൊരിക്കലെങ്കിലും ഒരു ആഘോഷം സംഘടിപ്പിക്കുമായിരുന്നു. കൂടെ നില്‍ക്കുന്ന വരെ സന്തോഷിപ്പിക്കാന്‍. ഭക്ഷണവും പാട്ടും കൂത്തുമൊക്ക യഥേഷ്ടം കുത്തി നിറച്ച ഒരു റിയാലിറ്റിഷോയെ പോലെ കൊഴുപ്പിച്ചു നടത്തും. ഏതെങ്കിലും ഒരു പ്രധാന വ്യക്തിയും ഉണ്ടാകും കൂടെ. അവര്‍ പലപ്പോഴും ഒറ്റക്കായിരിക്കും. അവര്‍ക്കു വേണ്ടി എല്ലാം കരുതിയിരിക്കും. ആ പ്രധാന വ്യക്തിക്കു എല്ലാം വിളമ്പുന്നതിനുള്ള മറയാണ് ആഘോഷങ്ങള്‍ തന്നെ. അങ്ങിനെ ആഘോഷിക്കാന്‍ വേണ്ടി ഒരു കാട്ടില്‍ കയറുകയായിരുന്നു, അന്ന്. പക്ഷെ, പ്രധാന വ്യക്തിയെ നീന അന്ന് കണ്ടില്ല. എല്ലാവരും നിത്യേന കൂടെയുള്ളവര്‍. എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാത്ത എന്നാല്‍ വളരെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ കാണാറുള്ള വേണുവുമുണ്ടായിരുന്നു.
പുഴ കടന്ന,് കൃഷിയിടങ്ങള്‍ കടന്ന്, നാടിന്‍റെ ചൂരും സ്വരവും വിട്ടു കഴിഞ്ഞ്, കാട്ടിലേക്ക് കയറിയപ്പോള്‍ കുളിര്‍മ മനസ്സിലാണ് പടരുന്നതെന്ന് നീനക്കു തോന്നി. പക്ഷെ, പെട്ടന്ന് പിക്നിക്കില്‍ നിന്നും ജെയിംസ് ഒഴിവായപ്പോള്‍ ചെറിയൊരു വിഷമം തോന്നി. വേണുവിന്‍റെ സൗരഭ്യം ആസ്വദിക്കാന്‍ ജെയിംസിന്‍റെ സാമിപ്യം ഒരു തടസ്സമാകുമോ എന്ന് ചന്തിച്ചിരുന്ന നേരം. വളരെ പെട്ടന്ന് ചില രാഷ്ട്രീയ കുഴമറിച്ചിലുകള്‍ ഉണ്ടായെന്ന് ജെയിംസ് പറഞ്ഞു. അപ്പോള്‍ തന്നെ തലസ്ഥാനത്ത് എത്തേണ്ടിയിരിക്കുന്നെന്നും. ജെയിംസ് ഇല്ലെങ്കിലും യാത്രക്കും ആഘോഷത്തിനും ഒരു കുറവുമുണ്ടാക്കുകയില്ലെന്ന ജെയിംസിന്‍റെ ഉറപ്പ് ആദ്യമുണ്ടായ വിഷമത്തെ നീക്കി.
കാട്ടു ചോലകളിലൂടെ പുറത്ത് ബാഗു തൂക്കിയുള്ള പതിനഞ്ചു പേരുടെ വരിവരിയായിട്ടുള്ള കയറ്റങ്ങളും ഇറക്കങ്ങളും രസകരമായിരുന്നു. ഇടക്ക് വേണുവിന്‍റെ നയന രസത്തിന്‍റെ സുഗന്ധവും നീനയെ സന്തോഷിപ്പിച്ചിരുന്നു. മൂത്തമകന്‍ മുന്നിലും ഇളയമകള്‍ പിന്നിലും അവര്‍ക്ക് മുന്നിലും പിന്നിലുമായി മറ്റെല്ലാവരും. വന്‍ മരങ്ങള്‍, അവയില്‍ പടര്‍ന്ന് കിടക്കുന്ന കാട്ടു വള്ളികള്‍, കാട്ടു വള്ളികെളിലുള്ള പൂക്കള്‍, പൂക്കളിലെ തേന്‍ നുകരുന്ന ശലഭങ്ങള്‍, കുഞ്ഞുകിളികള്‍, കാട്ടിലെ ഓര്‍ക്കിഡുകളും ചേമ്പിനങ്ങളും വ്യത്യസ്ത വര്‍ണ്ണങ്ങളില്‍ മണങ്ങളില്‍ പൂത്തു നില്‍ക്കുമ്പോള്‍ മനസ്സുകളും പുഷ്പിക്കുന്നുണ്ടെന്ന് നീന അറിഞ്ഞു. പൂക്കളുടെ നിറങ്ങളോടും ഗന്ധങ്ങളോടും കിളികളുടെ മധുര ഗാനങ്ങളോടും ചേര്‍ന്ന് മനസ്സ് പ്രണയത്തിന്‍റെ അവാച്യമായ ഒരു അവസ്ഥയില്‍ ആന്ദോളനം ചെയ്യപ്പെടുന്നു………
വയ്യ… സഹിക്കാന്‍ കഴിയുന്നില്ല. ഹൃദയം വികസിച്ചു കൊണ്ടിരിക്കുകയാണ് വീണ്ടും വീണ്ടും….
ഉച്ചക്ക് മുമ്പാണ് മന്നാന്‍കുടിയിലെത്തിയത്, അമ്പതോളം വീടുകള്‍ മുന്നറോളം മനുഷ്യര്‍….
കാട്ടിറച്ചിയും കാട്ടു കിഴങ്ങുകളും വാറ്റിയ മദ്യവും കാടിന്‍റെ പുകയും….
അവര്‍ തന്നതില്‍ കൂടുതല്‍ തിരിച്ചും കൊടുത്തു. വസ്ത്രങ്ങളും സുഗന്ധദ്രവ്യങ്ങളും സോപ്പുകളും പണവും… രാത്രി വളരെ വൈകുന്നതു വരെ ആട്ടവും പാട്ടും കൂടിയാട്ടങ്ങളും തീകായലും … കുടിലുകളിലെ നിലത്ത് വിരിച്ച പായിലെ ഉറക്കവും…
പുലര്‍ച്ചെ മടക്കയാത്ര തുടങ്ങുമ്പോഴാണ് വേണുവിന്‍റെ തിരോധാനത്തെ കുറിച്ച് നീന അറിയുന്നത്. അയാള്‍ എവിടെയെന്ന് ആര്‍ക്കും അറിയാതെ പോയി, കൂടെ വന്നവരും കുടിലിലുണ്ടായിരുന്നവരും രാത്രി ഉറങ്ങും വരെ അയാളെ കണ്ടിരുന്നു. മദ്യത്തിന്‍റെ സുഖാലാസ്യത്തില്‍, അല്ലെങ്കില്‍ വിഭ്രമത്തില്‍ ഉറങ്ങിപ്പോയതു കൊണ്ട് ആരും ഒന്നും അറിയാതെ പോയി…
മടങ്ങി വന്ന് രണ്ടു നാളുകള്‍ കഴിഞ്ഞപ്പേള്‍ വനാന്തരത്തില്‍ ആനയുടെ കുത്തേറ്റ് മരിച്ചു കിടക്കുന്നവെന്ന് ടിവി ന്യൂസ് കാണും വരെ ഒന്നും അറിയാതെ…
നീനയുടെ കൈകാലുകള്‍ കൊച്ചു കുഞ്ഞിന്‍റേതു പോലെ ആയിപ്പോയി. അവള്‍ തകര്‍ന്ന് ഇയനാഴിയിലൂടെ പിച്ചവച്ചു നടന്നു. രണ്ടു മൂന്നു നാളുകള്‍ അവളുടെ നടത്തം കണ്ടപ്പോള്‍ ജെയിംസ് പറഞ്ഞു.
വേണു മരിച്ചതല്ല… നീ ചെയ്യിച്ചതാണ്… വേണുവിനെ തീര്‍ക്കാനായിരുന്നു ആ ട്രിപ്പു തന്നെ. എനിക്ക് നിന്നെ വേണമായിരുന്നു… എന്‍റെ ഇമേജ്… എന്‍റെ പൊസിഷന്‍… എന്‍റെ പേര്… അതൊന്നും കളയാന്‍ എനിക്കാവില്ല.. നീന്നാല്‍ എനിക്കുണ്ടാകാവുന്ന ദുഷ് പേരില്‍ ഇതെല്ലാം നശിച്ചു പോയേനെ… അതുണ്ടാകാതിരിക്കാന്‍….
സാഗറെന്ന തൂലികാ നാമത്തില്‍ ഡോ. ലാസറലിക്കു വേണ്ടി സുദേവ് എഴുതിയ ഒരു കഥയാണത്…. ആ കഥ നിവേദിതയുടെ വീക്കിലിയില്‍ നാലാമത്തെ പേജു മുതല്‍ തന്നെ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പ് ടി.പത്മനാഭന്‍റെ കഥകള്‍ അങ്ങിനെയാണ് പ്രസിദ്ധീകരിക്കുന്നത്. അങ്ങിനെ വേണ്ടി വരുമ്പോള്‍ വായനക്കാരുടെ എഴുത്തുകള്‍ അവസാന പേജിലേക്ക് മാറ്റി വിടുന്നു. അങ്ങിനെ വായനക്കാരേക്കാള്‍ പ്രധാനിയാകുന്നു എഴുത്തുകാരന്‍. സാഗര്‍ എന്ന എഴുത്തുകാരന്‍ വായനക്കാരേക്കാള്‍ പ്രധാനിയായി കഥ വന്ന് ആഴചപ്പതിപ്പ് പുറത്തിറങ്ങിയതിന്‍റെ പിറ്റേന്ന് തന്നെ ഷാഹിന സുദേവിനെ വിളിച്ചു.
ഇക്കഥ നിങ്ങളോട് ആരു പറഞ്ഞതാണ്….?
അതൊരു സാങ്കല്പിക കഥയാണ്…
അല്ല…അത് സാങ്കല്പിക കഥയല്ല… അതില്‍ ജെയിംസ് വടകക്കെടുത്ത കൊലയാളി ലാസറലിയാണ്. അയാളന്ന് ലാസറലിയല്ല… രാജനായിരുന്നു. അയാളുടെ ആദ്യ ക്വട്ടേഷനായിരുന്നു. കൊട്ടേഷന്‍ കൊടുത്തത് എന്‍റെ വാപ്പച്ചിയാണ്… ഞങ്ങളുടെ പ്രധാന പാര്‍ട്ടണര്‍… ആയാളാണ് ഈ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കാരണമായത്… അയാളുടെ ക്സറ്റഡിയിലായിരുന്നു എന്‍റെ ഉമ്മച്ചി ലൈല കഴിഞ്ഞിരുന്നത്… ലൈലയേയും ക്വട്ടേഷന്‍റെ പ്രതിഫലത്തില്‍ പെടുത്തി കൊടുത്തതായിരുന്നു. അതിനു ശേഷമാണ് രാജ, അലിരാജയായത്…
സുദേവിന് വിമ്മിട്ടം തോന്നി… അവന്‍ ജോഗിംഗ് വേണ്ടെന്നു വച്ച് മുറിയില്‍ പുതച്ചു മൂടി കിടന്നു.
ലതയുടെ ഫോണ്‍.
വേണുവിന്‍റെ മരണത്തെ കുറിച്ചുള്ള കഥ സാങ്കല്പികം അല്ലെന്നാണ് അയാള്‍ക്കും പറയാനുള്ളത്. ആയാള്‍ ആദ്യം ചോദിച്ചതും അക്കഥ ആരു പറഞ്ഞുവെന്നാണ്. സാങ്കല്പിക കഥയെന്ന് പറഞ്ഞപ്പോള്‍ ഫോണില്‍ അയാള്‍ അമ്പരന്നിരിക്കുന്നെന്ന് തോന്നിപ്പിക്കുന്ന ശബ്ദങ്ങള്‍ കേട്ടു. ആ മുഖമെങ്ങിനെയിരിക്കുമെന്നാണ് സുദേവ് ചിന്തിച്ചു. ഒന്നും തെളിഞ്ഞു വന്നില്ല.
അതൊരു സാങ്കല്പിക കഥയല്ല. ലത പറഞ്ഞു.
ലാസറലി നിയമത്തിന്‍റെ മുന്നില്‍ നിന്നും പരലിനെപ്പോലെ വഴുതി രക്ഷപെട്ടു കളഞ്ഞ ആദ്യത്തെ കേസാണത്. വീട്ടില്‍ അലങ്കാരത്തിന് വച്ചിരുന്ന, ഇപ്പോളും അവിടെ തന്നെയിരിക്കുന്ന ആന കൊമ്പുകളില്‍ ഒന്നാണ് വേണുവിന്‍റെ മരണത്തിനിടയാക്കിയത്. അക്കഥയില്‍ രണ്ടു പേരുകളേ മാറിയിട്ടുള്ളൂ… കൊല്ലപ്പെട്ട ആളുടെ പേര് വേണു വെന്നു തന്നെയായിരുന്നു.
സത്യമായിട്ടും…?
അതെ…
വല്ലാത്തൊരു അമ്പരപ്പ് സുദേവിന്‍റെ അടി വയറ്റില്‍ നിന്നും കയറി മുകളിലേക്ക് വന്ന് ഏമ്പക്കമായി പരിണമിച്ച് പുറത്തേക്ക് പോയി. തലയ്ക്ക് പെരുപ്പ് കൂടി ഒന്നും മിണ്ടാനാകാതെ സെറ്റിയിലേക്ക് മലര്‍ന്ന് കിടന്നു.
ഫോണില്‍ ലത വീണ്ടും സംസാരിച്ചു കൊണ്ടിരുന്നു.
സാഹചര്യത്തെളിവുകളെല്ലാം നേതാവിനെതിരായിരുന്നു. ലാസറലിയെ കസ്റ്റഡിയില്‍ എടുത്തതുമായിരുന്നു. പക്ഷെ, പോലീസിനു തെളിയിക്കാന്‍ കഴിഞ്ഞില്ല. അന്ന് ആ കാട്ടില്‍ ആനയിറങ്ങിയിട്ടുണ്ടായിരുന്നു. വേണു മരിച്ചു കിടന്നിടത്ത് ആന മെതിച്ച പാടുകളുണ്ടായിരുന്നു. പക്ഷെ, മന്നാംകുടിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകന്ന് ഭയാനകമായ ഇടത്ത് ആരും അറിയാതെ വേണു എങ്ങിനെ ആനക്കിരയാകാന്‍ എത്തിച്ചേര്‍ന്നു വെന്ന് ഉത്തരമില്ലാത്ത ചോദ്യമായി നിര്‍ത്തിക്കൊണ്ട് പോലീസ് കേസ് അവസാനിപ്പിച്ചു കളഞ്ഞു. ആ മന്നാംകുടിയും മൂപ്പനും ഇന്നും നേതാവിന്‍റെ രഹസ്യങ്ങള്‍ ഉറങ്ങുന്ന താഴ്വരകളാണ്. അതിന് ശേഷവും പലതും ഉളിപ്പിച്ചു വക്കാന്‍ നേതാവ് അവരെ കരുവാക്കിയിട്ടുണ്ട്. ഇപ്പോഴും അതു തുടരുന്നുണ്ട്. ആ സംഭവം കൊണ്ട് എറ്റവും ഗുണം കിട്ടിയത് ലാസറലിക്കായിരുന്നു. അയാള്‍ അറിയപ്പെടുന്ന ഗുണ്ടയായതും ലൈലയെന്ന ഭാര്യ ഉണ്ടായതും ഷാഹിനയെന്ന മകളെ കിട്ടിയതും അങ്ങിനെ ആയിരുന്നു. ശരിക്ക് പറഞ്ഞാല്‍ ലാസറലിയുടെ ഈ കൊള്ളസങ്കേതം ഉണ്ടാക്കിയെടുത്തത് അയാളായിരുന്നു. ഇന്നും ഗാംഗിലെ ഏറ്റവും ശക്തനും കാര്യങ്ങള്‍ തീരുമാനിക്കുന്നതും അയാളാണ്. യഥാര്‍ത്ഥത്തില്‍ അയാളുടെ ബുദ്ധിയാണ് ക്ലീനായിട്ടുള്ള ഒരു ആത്മകഥ. പക്ഷെ, അങ്ങിനെയൊരു ആത്മകഥയെഴുതി കഴിഞ്ഞ്, ഒരു ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചു കഴിഞ്ഞ് ലാസറലിയുടെ കഥ ഏതു വഴിക്ക് പോകുമെന്നാണ് ഇപ്പോള്‍ ആലോചിക്കേണ്ടതാണ്. ആ ആലോചന ലാസറലിക്കും കുടുംബത്തിനും ഉണ്ടെന്നതും വ്യക്തമാണ്. ഇപ്പോള്‍ കാര്യങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ട ആള്‍ നിങ്ങളാണ്. സുദേവിന് മനസ്സിലാകുന്നുണ്ടെന്ന് കരുതുന്നു. സാഗര്‍ എന്ന് പേരിലാണ് നിങ്ങളെഴുതിക്കൊണ്ടിരിക്കുന്നതെങ്കിലും ലാസറലിയുടെ പുസ്തകത്തിനു വേണ്ടിയുള്ള കഥയാണത്. അങ്ങിനെയൊരു കഥ അവര്‍ ആ പുസ്തകത്തില്‍ ചേര്‍ക്കാന്‍ സാദ്ധ്യതയില്ല. അതു മാത്രമല്ല ഒരു പക്ഷെ, നിങ്ങളെ ആ ദൗത്യത്തില്‍ നിന്നും നീക്കാനും സാദ്ധ്യതയുണ്ട്. മനസ്സിലായോ… അവര്‍ വരക്കുന്ന വരയില്‍ തന്നെ നിന്ന് എഴുതുമോ എന്ന സംശയം അവര്‍ക്കുണ്ടായാല്‍ നിങ്ങളെ നീക്കം ചെയ്യും… ആ നീക്കം ചെയ്യല് നേതാവിന്‍റെ ഒരു രീതിയെന്നു പറഞ്ഞാല്‍…
ലത സംസാരം പെട്ടന്ന് നിര്‍ത്തി. അയാളുടെ ശബ്ദത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ സൂചിപ്പുക്കുന്നകാര്യം സുദേവിനു മനസ്സിലായി. കരുതിയിരിക്കുകയെന്നു തന്നെ, കരുതേണ്ടത് സ്വന്തം ജീവനെ തന്നെ. സുദേവ് ഒന്നു മന്ദഹസിച്ചു. പുതിയ ജീവിത സാഹചര്യങ്ങളിലേക്ക് മനുഷ്യ ജീവിതങ്ങളെത്തിപ്പെടുന്നതിനെ കുറിച്ചാണവന്‍ അപ്പോള്‍ ചിന്തിച്ചത്.
നീന എന്ന കഥാപാത്രത്തിന്‍റെ ഒറിജിനലിലെ കാണാതെ ഇനിയും മുന്നോട്ടു പോകാനാകില്ലെന്ന് അവനു തോന്നി. ഒരക്ഷരം പോലും വായിക്കാനോ ചിന്തിക്കാനോ ടിവി കണ്ടാസ്വദിക്കാനോ കഴിയാതെ മനസ്സ് കലുഷമായിപ്പോയിരിക്കുന്നു. സാങ്കല്പികമായൊരു കഥയെഴുതി, പക്ഷെ, അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതായിരിക്കുന്നു. അതും താനെത്തിപ്പെട്ടിരിക്കുന്ന, ചേര്‍ന്നിരിക്കുന്ന, ചെയ്തു കൊണ്ടിരിക്കുന്ന ജോലിയുമായി വളരെ അടുത്ത് ബന്ധപ്പെട്ട്. വിശ്വാസിയായിരുന്നെങ്കില്‍ ദൈവം എഴുത്തിനെ സഹായിക്കാനായിട്ട് ഓരോ മാര്‍ഗ്ഗങ്ങള്‍ കാണിച്ചു തരുന്നതാണെന്ന് ചിന്തിച്ച് മാറ്റി വയ്ക്കാമായിരുന്നു. അല്ലെങ്കില്‍ വന്നു ഭവിക്കുന്നതെല്ലാം സംഭവാമിയുഗേ യുഗേയെന്ന് പറയാമായിരുന്നു.
നീനയെക്കുറിച്ച് ലതയോട് ചോദിക്കാമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ, അത് വേണ്ടെന്നു വച്ചു. ഷാഹിനയോടു തെരക്കി, അവള്‍ നിസ്സാഹയായി. അവള്‍ക്ക് പാര്‍ട്ടണര്‍മാരെക്കുറിച്ചുള്ള അറിവ് പരിമിതപ്പെട്ടിരിക്കുന്നെന്ന് മനസ്സിലായി. സ്വന്തം ജീവിതവും കുറെ കൂട്ടു ജീവിതങ്ങളും കൂടി മനസ്സില്‍ കൊള്ളാവുന്നതില്‍ കൂടുതല്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയും, ഓരോ നിമിഷവും നവീനമായതുകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടുമിരിക്കെ അവള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാതെ വന്നിട്ടുള്ളതായിരിക്കാം. അന്വേഷണം നിവേദിതയുടെ തന്നെ ഉത്തരവാദിത്വത്തില്‍ എത്തിച്ചേര്‍ന്നു.
ആദ്യം തെരഞ്ഞത് മന്ത്രി സദനത്തിലാണ്. തലസ്ഥാന നഗരിയില്‍. വളരെ അനുകൂലമായൊരു മറുപടിയും സമീപനവുമായിരുന്നു അവിടെ നിന്നും കിട്ടിയത്. ഇവിടുണ്ടായിരുന്നു ഇപ്പോള്‍ അപ്പുറത്തേക്കോ ഇപ്പുറക്കോ മാറിയതായിരിക്കും എന്നയാരിന്നു ആദ്യ മറുപടി. പക്ഷെ, അത് അത്രയും കൊണ്ടവസാനിച്ചു. അപ്പുറത്തും ഇപ്പുറത്തും പോയി തിരഞ്ഞു നോക്കി. അവിടുള്ളവരോടും അന്വേഷിച്ചു. മാഞ്ഞു പോയെന്ന പോലെ മറുപടിയായി പിന്നീട്. അന്വേഷണം മന്ത്രി സദനത്തില്‍ നിന്നും നാട്ടില്‍ തറവാടു വീട്ടില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ആനയും അമ്പാരിയും പരിചാരകരും സില്‍ബന്ദികളുമായിട്ടൊരു പഴയ രാജകൊട്ടാരത്തിലെത്തിയ പ്രതീതി. എല്ലാവരും തിരക്കായിട്ട് എങ്ങോട്ടെല്ലാമോ പോയിക്കൊണ്ടിരിക്കുന്നു, മടങ്ങി വന്നു കൊണ്ടിരിക്കുന്നു. ആര്‍ക്കും വ്യക്തമായിട്ടൊന്നും അറിയില്ല. ചാത്തന്‍ സേവക്കരും ജ്യോത്സ്യന്മാരും പറയുമ്പോലെ എല്ലാം ഒരു മായ ജാലത്തില്‍ അകപ്പെട്ടതു പോലെ. അവിടെ മന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല നടക്കുന്നത്. മന്ത്രിയുടെ ജ്യേഷ്ടാനുജന്മാരുടെ കച്ചവടങ്ങളും കൃഷിയുമൊക്കയാണ്. അവര്‍ക്ക് കഥാനായിക എവിടെയുണ്ടെന്ന് വ്യക്തമാക്കാനായില്ല. അവര്‍ക്കതിന് സമയവുമില്ലെന്നു തോന്നി. ഒടുവില്‍ ചെന്നെത്തിയത് തറവാട്ടു വീട്ടില്‍ നിന്നും പത്തു കിലോമീറ്റര്‍ ഉള്‍നാട്ടിലേക്ക് മാറി നഗരത്തിന്‍റെ എല്ലാ അകുലതകളില്‍, ആശങ്കകളില്‍ നിന്നും അകന്ന് ഒരു മണിസൗധത്തില്‍. ആശ്രിതവത്സലയെ കണ്ട് മന്ത്രിയില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ എത്തിയ ഒരു അഭയാര്‍ത്ഥി ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ആയിരുന്നു, സുദേവും നിവേദിതയും. പത്രക്കാരിയുടെ എഴുത്തുകാരിയുടെ എഴുത്തുകാരന്‍റെ എല്ലാവിധ ആടയാഭരണങ്ങളും അഴിച്ചു വച്ച് ഒറ്റമുണ്ടും നിറം മങ്ങിയ ഷര്‍ട്ടും കോട്ടണ്‍സാരിയും മാച്ചു ചെയ്യാത്ത ബ്ലൗസും അവരെ തികച്ചും അഭയാര്‍ത്ഥികളാക്കുകയും ചെയ്തു.
വൃത്തിയായി പെയിന്‍റു ചെയ്ത് സൂക്ഷിക്കുന്ന വലിയൊരു മതില്‍ കെട്ട്, മതില്‍ ചാടണമെങ്കില്‍ പതിനാറടി ഏണി കുരതേണ്ടിയിരിക്കുന്നെന്ന് സുദേവ് കണക്കുകൂട്ടി.
ഊം… എന്നാ കാര്യം…?
ജയില്‍ കമ്പികളില്‍ പിടിച്ചു നില്‍ക്കുന്ന തടവുകാരനെപ്പോലെ വലിയ ഗെയിറ്റിന് അകത്തു നിന്ന് പാറാവുകാരന്‍ ചോദിച്ചു.
ഇവിടത്തെ കൊച്ചമ്മയെ കാണാന്‍….
കൊച്ചമ്മയോ ഏതു കൊച്ചമ്മ…?
പാറാവുപുരയില്‍ നിന്നിറങ്ങി അടുത്ത പാറാവുകാരനുമെത്തി.
ഏതു കൊച്ചമ്മ… ഇവിടെ അങ്ങിനെ കൊച്ചമ്മകളൊന്നുമില്ല… അമ്മകളും മക്കളുമാരുമൊക്കയേയുള്ളൂ… അതില്‍ ഏതിനെയാ കാണണ്ടെ…..?
ഇവടെ പണിക്ക് നിക്കാന്‍ വന്നതാ…
ഓ… പണിക്കാ…ഞാങ്കരുതി പിരിവിനാരിക്കുമെന്ന്… ആരു പറഞ്ഞിട്ടാ…?
ഇവിടന്നു പോയ ആ ചേച്ചി…
ഏതു ചേച്ചി….ഇവിടന്ന് അങ്ങിനെ ഒത്തിരി ചേച്ചിമാരു പോയിട്ടൊണ്ട്… ദേ കണ്ടോ, ഉള്ളിലേക്ക് നോക്ക് തോട്ടത്തില്‍ പണിതു കൊണ്ടിരിക്കുന്ന ചേച്ചിമാരേം അനുജത്തിമാരേം കണ്ടോ…. അങ്ങനത്തെ പത്തു പതിനഞ്ചു എണ്ണം ഒരു സമയത്ത് പണിക്കൊണ്ടാകും. പണിക്കു വരും കുറെ നാള് പണിയും… കൈയ്യില്‍ കിട്ടുന്ന വെല പിടിപ്പുള്ളതെന്തെങ്കിലും അടിച്ചെടുത്തോണ്ടു പോകും. അതൊരു സ്ഥിരം ഏര്‍പ്പാടാ…
ഇന്നലേം മിനിയാന്നും അങ്ങിനെ രണ്ടെണ്ണം എന്തെല്ലാമോ അടിച്ചെടുത്തു കൊണ്ട് പോയിട്ടുണ്ട്. അതിലാരേലും പറഞ്ഞയച്ചതാണേല്‍… ജയിലില്‍ പോയി കെടക്കും പറഞ്ഞേക്കാം… ങാ… ചെല്ല്…
അയാള്‍ ഗെയിറ്റ് തുറന്നു.
മനോഹരമായൊരു പൂന്തോട്ടത്തിലേക്കാണവര്‍ പ്രവേശിച്ചത്. തോട്ടത്തിന്‍റെ നടുവില്‍ ഒരു ചില്ലു കൊട്ടാരവും. ചെടികള്‍ക്കിടയിലൂടെ കളപറിച്ചും പുഴുക്കളെ ഓടിച്ചും നിറമില്ലാത്ത വസ്ത്രങ്ങളിട്ട കുറെ സ്ത്രീകളും. ചില്ലു കൊട്ടാരത്തിലേക്ക് നടക്കും വഴി അവര്‍ കടന്നു പോകുമ്പോള്‍ സ്ത്രീകള്‍ അവരെ ശ്രദ്ധിച്ചതേയില്ലെന്ന് സുദേവ് മനസ്സിലാക്കി. അവര്‍ ജോലികളില്‍ വ്യാപൃതരായിരിക്കുന്നു. ചില്ലു കൊട്ടാരത്തിന്‍റെ മുറ്റത്ത് അവരെ ഒരു പാറാവുകാരന്‍ കൂടി തടഞ്ഞ് നിര്‍ത്തി. അവര്‍ വന്നതെന്തിനെന്ന് അയാള്‍ക്ക് വ്യക്തമായിട്ടറിയണം. പരിചാരികയുടെ ഒഴിവിലേക്കാണെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്കും മറിച്ചൊന്നും പറയാനില്ലായിരുന്നു പരിചാരികമാര്‍ പുതുതായി ജോലിക്കു വരികയും ആദ്യ പാറാവുകാരന്‍ പറഞ്ഞതു പോലെ കുറെ നാള്‍ ജോലി ചെയ്ത് വില പിടച്ചതെന്തെങ്കിലും കൈയ്യില്‍ കിട്ടിയാല്‍ ജോലി നിര്‍ത്തി പോവുകയും ചെയ്യുന്നത് ഒരു സ്ഥിരം നടപടിയായിരുന്നിരിക്കും. പെട്ടന്ന് തോന്നിയ കാര്യമായിരുന്നു പരിചാരികയുടെ വേഷപ്പര്‍ച്ച. അതേതായാലും വിജയിച്ചിരിക്കുകയാണ്. അവര്‍ ചില്ലു കൊട്ടാരത്തിലേക്ക് ആനയിക്കപ്പെട്ടു. സ്വീകരണ മുറിയുടെ വിശാലതയില്‍, മനോഹാരിതയില്‍ അവര്‍ അന്തം വിട്ട് നോക്കിക്കൊണ്ടും വ്യത്യസസ്തമായ പലതും, ഇതേവരെ കാണാത്ത ചിലതുകളും കണ്ടു കൊണ്ടും നിന്നു. രണ്ടു തോഴിമാരാല്‍ ആനയിക്കപ്പെട്ട് അവള്‍ എത്തിയപ്പോള്‍ സുദേവിന് മനസ്സിലായി നീനയേക്കാള്‍ സുന്ദരിയാണ് ഒര്‍ജിനലെന്ന്. റോസ് നിറമാര്‍ന്ന മുഖം, ഉടല്‍. കാഞ്ചീപുരം പട്ടില്‍ പൊതിഞ്ഞ്, സ്വര്‍ണ്ണാഭരണങ്ങളില്‍ വിഭൂഷിതയായി…
നിങ്ങളെന്തിനാ വന്നെ…?
പണിക്ക് ആളെ വേണമെന്നറിഞ്ഞു..
ആരു പറഞ്ഞു…?
ഇവിടന്നു പോയൊരു പണിക്കാരി…
എന്നു പറഞ്ഞു….?
ഇന്നലെ…
ഇന്നലെ എന്നു പറഞ്ഞാല്‍ ദിവസമേതാണ്…?
ബുധനാഴ്ച…
ബുധനാഴ്ച പറഞ്ഞതു കൊണ്ട് പണിയില്ല.
നീനയുടെ ഒര്‍ജിനല്‍ സ്വപ്നാടനക്കാരിയെ പോലെയാണ് സംസാരിക്കുന്നതെന്ന് അവര്‍ക്ക് മനസ്സിലായി. അവര്‍ അടുത്തു നിന്ന വാല്യക്കാരിയുടെ മുഖത്തു നോക്കിയപ്പോള്‍ അര്‍ദ്ധഗര്‍ഭമായുള്ള അവളുടെ ചിരി അതിനെ ന്യായീകരിക്കുന്നതാണെന്നു കണ്ടു.
പണിയില്ലെങ്കില്‍ ഇവരെ പറഞ്ഞു വിടട്ടെ…?
വേണ്ട..അവരിവിടെ നിന്നോട്ടെ…. ഇവടെ കഴിഞ്ഞോട്ടെ… കല്യാണം കഴിഞ്ഞതല്ലെ… ഇവിടെ കഴിഞ്ഞോട്ടെ… അവര് പിള്ളേരുമായിട്ട് ഇവിടെയൊക്കെ കഴിഞ്ഞോട്ടെ…
അതിന് സാറു സമ്മതിക്കുമോ….?
സാറിനിവിടെയെന്താ കാര്യം… ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചു കൊള്ളാം…
എന്നാ പിന്നെ അങ്ങനെ ചെയ്യാമല്ലേ…?
വാല്യക്കാരി അവരെ കൂട്ടി അടുത്ത മുറിയിലേക്ക് പോന്നു.
കുറെ നാളായിട്ട് അവരിങ്ങിനെയാണ്…
സാറും മക്കളും…..?
സാറ് വല്ലപ്പോഴും വരും… കാര്യങ്ങള്‍ നോക്കാന്‍… മക്കളൊക്കെ പഠിക്കുകയോ ജോലിയിലൊക്കയോ ആണ്… വിദേശത്തൊക്കെ…
എന്നതാ അവരുടെ പേര്…?
റോസ് മറിയം…. പണ്ടന്നോ ജീവിച്ചിരുന്നൊരു രാജകുമാരിയെണെന്നാ പറയുന്നത്… അയല്‍ പക്കത്തൊള്ള ഏതോ ഒരു രാജ്യത്തെ രാജകുമാരനെ സ്നേഹിച്ചിരിന്നു. അയാള്‍ വന്നാലെ വിവാഹം ചെയ്യുകയുള്ളൂവെന്ന് പറഞ്ഞ് കാത്തിരിക്കുകയാണ്…
ചെറുപ്പത്തിലെ ഇങ്ങിനെ ആയിരുന്നൊ…?
അതറിയില്ല… ഞാന്‍ വന്നിട്ട് അധിക നാളായില്ല…. അവര് നിര്‍ത്തില്ല… എന്തെങ്കിലും പ്രശ്നമുണ്ടാക്കി പറഞ്ഞു വിടും… കാര്യങ്ങള്‍ നോക്കുന്നതിനൊരു മാനേജരുണ്ട്. ആയാളെന്നും വരും വേണ്ടതൊക്കെ എത്തിച്ചു തരാനുള്ള ഏര്‍പ്പാടാക്കും… ഇതൊരു ക്ഴച ബംഗ്ലാവു പോലെയാ… നല്ല പഠിപ്പും വിവരോ ഉണ്ടായിരുന്ന സ്ത്രീയായിരുന്നു. സാറ് കെട്ടിക്കഴിഞ്ഞ് രണ്ടു മക്കളും ഉണ്ടായിക്കഴിഞ്ഞ് ഒരു ഹിന്ദു ചെറുക്കനുമായി ഇഷ്ടമായി… അയാളെ കാട്ടാന ചവുട്ടിക്കൊന്നതില്‍ പിന്നെയാണിങ്ങിനെ ആയത്…. രാജകുമാരി… സോജാ രാജകുമാരിയെന്നാ പറയുന്നത്…
അയാളെ കൊന്നതാണെന്നും ഒരു കഥയുണ്ട്…
പെട്ടന്നവര്‍ സുദേവിന്‍റെ, നിവേദിതയുടെ മുഖത്ത് നോക്കി. അവരുടെ മുഖത്ത് ഈര്‍ഷ്യത തെളിഞ്ഞു….
നിങ്ങള്‍ പണിക്കു വന്നതല്ലാ അല്ലേ…?
അല്ല കാഴ്ചകള്‍ കാണാന്‍ വന്നതാണ്…
വാല്യക്കാരിക്ക് എന്തു പറയണമെന്നറിയാതെ നിന്നു.
ഞങ്ങള്‍ പോകുന്നു.
അവര്‍ ചില്ലു കൊട്ടാരം വിട്ടു.
@@@@@