Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പത്ത്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

അവല്‍ വിളയിച്ചതും പഴ നുറുക്കും ചായയും. കുമുദത്തിന്‍റെ നാലുമണി ഭക്ഷണത്തിന് മധുരം അധികമാണെന്ന് നിവേദിതക്ക് തോന്നി.  അവള്‍ മധുരത്തില്‍ സുദേവിനെ മയക്കി എടുക്കാന്‍ ശ്രമിക്കുന്നതാകാം.

       മധുരവും, എരുവും പുളിയും, കൈയ്പും, ചവര്‍പ്പും…

       കുമുദം ഇതെല്ലാമായി സുദേവിനെ…

       അവന്‍ ഭക്ഷണം കഴിക്കുമ്പോഴും ചിന്തയിലാണെന്ന് നിവേദിത കണ്ടു.

       ലത…. അയാള്‍ എന്തിനു വേണ്ടി ഇതെല്ലാം അന്വേഷിച്ചു കണ്ടെത്തുന്നു…. നമ്മളെ അറിയിക്കുന്നു…?

       ഉദ്ദേശങ്ങളുണ്ട്…

       ഉണ്ട്…. എന്തിന്‍റേയോ തയ്യാറെടുപ്പു പോലെയുണ്ട്…

       അതെ, പക്ഷെ… എനിക്ക് ഇനിയും ഇവിടെയിരുന്നാല്‍ വീട്ടിലെത്താന്‍ കഴിയില്ല…

       സുദേവ് ഫോണ്‍ ചെയ്ത് ഓട്ടോ വരുത്തി നിവേദിതയെ യാത്രയാക്കി.

       ഷഡൗണ്‍ ചെയ്യാതെ വച്ചിരുന്ന ലാപ്ടോപ്പില്‍ ലതയുടെ മെയിലിലെ മൂന്നാമത്തെ ഫയല്‍ തുറന്ന് വായിച്ചു.

       വളരെയിരുണ്ട്, മഴ പെയ്ത് തിമിര്‍ത്തിരുന്ന ഒരു രാത്രി. കുഞ്ഞാറു മേരിയുടെ ദേഹത്തേക്കൊട്ടി പുതപ്പിനടിയില്‍ അവന്‍ നല്ല ഉറക്കമായിരുന്നു.  ഓലമറയുടെ വിടവുകള്‍ വഴി തണുപ്പും കാറ്റിലെത്തുന്ന ഈര്‍പ്പവും കിടക്കുന്നിടത്തും ഉണ്ടായിരുന്നു.  മറ വാതില്‍ ആരോ ശക്തിയായി തള്ളുന്ന ശബ്ദവും മേരിയുടെ അലര്‍ച്ചയും കേട്ടിട്ടാണവന്‍ ഉണര്‍ന്നത്.

       തൊറക്കെടീ….മോളെ ചെറ്റ അല്ലെങ്കില്‍ ഞാന്‍ ചവുട്ടിപ്പൊളിക്കും…..

       ഫാ….മോനെ ധൈര്യമുണ്ടെങ്കില്‍ ചവുട്ടിപ്പെളിക്കെടാ… എന്‍റെ കയ്യില്‍ വാക്കത്തിയാണിരിക്കുന്നത്… നീ പിന്നെ കാലും കൊണ്ടു പോകില്ല…..

       വീണ്ടും ആക്രോശങ്ങളും പ്രതിയാക്രോശങ്ങളും കുറേക്കൂടി നടന്നു. മേരി വാക്കത്തി ഓങ്ങി വീടിനുള്ളിലും തെറി വാക്കുകളെക്കൊണ്ട് മഴ പെയ്യിച്ചു കൊണ്ട് ആരോ ഒരാള്‍ പുറത്തും നിന്നു കുറെ നേരും… ഒടുവില്‍ അയാള്‍ മടുത്ത്, ധൈര്യമില്ലാതെ മടങ്ങി.  മടുത്തപ്പോള്‍ ഒടുവിലായി പറഞ്ഞു.

       നീ ഞൊട്ടേം ഞോളേം വരാത്ത മൂക്കളയൊലിപ്പിക്കുന്ന ചെറുക്കനെ നെഞ്ചിക്കേറ്റി കെടത്തിക്കോടി….മോളെ…

       ഫാ… മോനെ അതെന്‍റെ ഇഷ്ടമാടാ…നീ നിന്‍റെ പാട്ടിനു പോടാ.. …മോനെ….

       മേരി പിന്നീടും ഏറെ നേരം മോനെ എന്നു വിളിച്ചു കൊണ്ടിരുന്നു.  ആ വാക്കിന് മുമ്പില്‍ പൂരിപ്പിച്ചു കൊണ്ടിരുന്ന പുതിയ വാക്കുകള്‍ കേട്ടിട്ട് രാജനൊന്നും തോന്നിയില്ല.  ഒരു പുതുമയും ഇല്ലാത്തതില്‍ ദുഖമുണ്ടാവുകയും ചെയ്തു.  എന്നാല്‍ ഞൊട്ടയും ഞോളയും… അവനെ ചിന്താകുലനാക്കി.  പക്ഷെ, മേരിയോടു ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു.  ചോദിച്ചാല്‍ അവളില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്ന സ്നേഹവും ഭക്ഷണവും നഷ്ടമാകുമോയെന്നു ഭയന്നു. 

       അവളുടെ സ്നേഹവും ഭക്ഷണവും ആവശ്യത്തിലേറെ കിട്ടിയിട്ടും ഒരു നാള്‍ അവന്‍ അവളെ വിട്ടു പോയി.  എവിടേക്കെന്ന് ഒരു സൂചനയും അവശേഷിപ്പായി വച്ചില്ല.  മേരി തളര്‍ന്നു പോയി. കുറെ നാള്‍, കട തുറക്കാതെ വെറുതെ കിടന്നു.  ചെറ്റമറ എന്നും കെട്ടി വച്ചിരുന്നു.  പകലും രാത്രിയും പലരും വന്നു വിളിച്ചിട്ടും അവള്‍ ഒരക്ഷരം പോലും മിണ്ടാന്‍ കൂട്ടാക്കിയുമില്ല.  കല്ല്യാണി അവളെ തെറി വിളിക്കുകയും പിരാകുകയും ചെയ്തു.  എന്നിട്ടും അവള്‍ക്കൊന്നും മറുപടി പറയാനില്ലായിരുന്നു.

       വീണ്ടും ഒരു മാസത്തോളം കഴിഞ്ഞ് ചെറ്റ മറ നീക്കി കടയില്‍ ചായയും അപ്പവും പുട്ടും ഉണ്ടാക്കി വച്ച് ആളുകളെ സ്വീകരിച്ചു തുടങ്ങിയപ്പോള്‍ അവളാകെ മാറിയിരുന്നു.  ദേഹം ചടച്ച്, ഉന്മേഷമില്ലാതെ, ഒരു  മുഖങ്ങളിയും സൂക്ഷ്മതയോടെ നോക്കാതെ….

       രണ്ടര വര്‍ഷം കഴിഞ്ഞു. കുഞ്ഞാറുമേരിയെന്ന പെണ്ണ് നാട്ടുകാരുടെ ഓര്‍മ്മയില്‍ നിന്നു തന്നെ മാഞ്ഞുപോയി. അവള്‍ ഒരു ചായക്കട മേരി മാത്രമായി.  നിശ്ശബ്ദയായിട്ട് ചായക്കട നടത്തുന്ന ഒറ്റക്ക് ജീവിക്കുന്ന ഒരു സാധു സ്ത്രീ.  പിന്നീട് ഉണ്ടായ ശക്തമായ മഴക്കാലത്തൊന്നും അവളുടെ ചെറ്റ ചവിട്ടിപ്പൊളിക്കുമെന്ന് പറഞ്ഞ് ആരും വന്നില്ല.  ഒരു ദിവസം രാജന്‍ വീണ്ടും വന്നു.  അവന്‍ കുറച്ച് പൊക്കം വച്ചിരുന്നു.  മൂക്കിന് താഴെ കറുത്ത വര പോലെ മീശ മുളച്ചിരുന്നു.  ഭക്ഷണം നന്നായി കഴിച്ചിരുന്ന ദേഹമായിരിക്കുന്നു.  കടയുടെ തിണ്ണയില്‍ കയറി മേരിയെ തന്നെ നോക്കി നില്‍ക്കുമ്പോഴാണ് അവള്‍ ശ്രദ്ധിച്ചത്.  കടയില്‍ രാവിലത്തെ കച്ചവടം കഴിഞ്ഞ് മേരി വിശ്രമിക്കുകയായിരുന്നു.  ബെഞ്ചിലിരുന്നു ഡെസ്കിലേക്ക് തല ചായ്ച്ച് വച്ച് മയങ്ങിപ്പോയിരുന്നു. തിണ്ണയില്‍ കയറി നിന്നിരുന്ന ആള്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നതു കൊണ്ടാണവള്‍ തലയുയര്‍ത്തി നോക്കിയത്. അവനെ കണ്ട്, അവള്‍ അമ്പരന്നു പോയി..  ഒന്നും മിണ്ടാതെ നോക്കിയിരുന്നു.  ഒരു പാടു നേരം.

       രാജാ…

       എന്നു വിളിച്ചപ്പോഴേക്കും കരഞ്ഞു പോയി.  നിയന്ത്രണം വിട്ട് ഡെസ്ക്കിനെ തള്ളിയകറ്റി അവനെ ദേഹത്തോടേ ചേര്‍ത്തു നിര്‍ത്തി.  അവന്‍ പൊക്കം വച്ച് തന്നേക്കാള്‍ ഉയരത്തിലെത്തിയിരിക്കുന്നെന്ന് കണ്ട്  സങ്കോചത്തോടെ വിട്ടകന്നു.

       ചായ കുടിക്കാനെത്തുന്നവരുടെ കണ്ണുകളിലൂടെ മേരി പിന്നീടും നന്നായി വന്നു.  ദേഹം കൊഴുക്കുകയും സ്നിഗ്ദത കൈ വരിക്കുകയും ചെയ്തു.  രാത്രികളില്‍ ചെറ്റ മറയെ തള്ളിത്തുറക്കാനായി ചിലരൊക്കെ വീണ്ടും നോക്കി.  മേരിയുടെ ആക്രോശങ്ങളും തെറിവാക്കുകളും രാത്രിയുടെ നിശ്ശബ്ദതയെ ഭജ്ജിക്കുന്നതു കേട്ട് കല്ല്യാണിത്തള്ള കലി കയറി തുള്ളി.  അധികനാള്‍ കഴിയാതെ തന്നെ മേരി ചായക്കട നിര്‍ത്തി.  രാജന്‍ അവളുടെ ഭര്‍ത്താവാണെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടു.  രാജന്‍റെ കൈകാലുകള്‍ വീണ്ടും മുഴുത്തു, നെഞ്ച് വിരിഞ്ഞു, പേശികള്‍ ഉരുണ്ടു കൂടി.  ആരോഗ്യവാനായ ഒരു ഒത്ത പുരുഷനിലേക്ക് വളര്‍ന്നു.

       കുഞ്ഞാറുമേരിയുടേയും ലാസറലിയുടേയും ജീവിതത്തെ ബന്ധിക്കുന്ന തുടര്‍ കണ്ണികളെ കിട്ടാതെ സുദേവ് ശക്തമായ മാനസീക സംഘര്‍ഷത്തലായി.  അവന്‍ താമസ്സിക്കുന്നിടം വിട്ട് പുറത്തേക്ക് നടന്നു.  ലാസറിടത്തിന്‍റെ പ്രധാന കവാടം കടന്ന് പുറത്തേക്ക്.

       ലാസറിടത്തിന്‍റെ പ്രധാന കവാടത്തിന്‍റെ മുന്നിലുള്ള ടാര്‍ വിരിച്ച പാതയിലൂടെ ഇടത്തോട്ട് നടന്നു.  വലത്തു നിന്നുമാണ് അന്ന് ഇന്‍റര്‍വ്യുവിന് നിവേദിതയുമായി വന്നത്.  എന്നു പറഞ്ഞാല്‍ വലത്തോട്ടു പോയാല്‍ പുറം ലോകവുമായുള്ള ബന്ധവും, ഇടത്തോട്ടു പോയാല്‍ വനം ലോകവുമായുള്ള ബന്ധവുമുണ്ടാകുമെന്നു തന്നെ.  ഇടത്തോട്ടുള്ള വഴിയെ കുറെ നടന്നപ്പോള്‍ തന്നെ വിജനതയുടെ ശബ്ദങ്ങളും മണങ്ങളും നിറങ്ങളും അനുഭവപ്പെട്ടു തുടങ്ങി.  കുറേക്കൂടി നടന്നപ്പോള്‍ ടാര്‍ വിരിച്ച വഴി ശോഷിച്ചു ശോഷിച്ച് തീര്‍ന്നു.  വെട്ടു വഴി വലത്തോട്ടു തിരിഞ്ഞ് പോയി.  എവിടേക്കെന്ന് സുദേവ് തിരക്കിയില്ല.  നേരെയും പിന്നീട് ഇടത്തോട്ടും നടപ്പു വഴികള്‍ മാത്രമായി. വനാന്തരത്തിലേക്കുള്ള വഴികളാണ് ഞങ്ങളെന്ന് ധ്വനിപ്പിക്കുമ്പോലെ ചീവീടുകളുടെ ഗാനം കേള്‍ക്കുന്നുണ്ട്.  ലാറസിടത്തേതു പോലെ ചെത്തി വെടിപ്പാക്കലും കരതലോടെ ചെടികള്‍ വച്ചു പിടിപ്പക്കലുമില്ലാത്ത യഥാര്‍ത്ഥ പ്രകൃതിയിടം.  യഥേഷ്ടം വളര്‍ന്നു നില്‍ക്കുന്ന ലതാദികള്‍, കുറ്റിച്ചെടികള്‍, നിലം പരണ്ടകള്‍, കാട്ടു വര്‍ഗ്ഗ മരങ്ങള്‍… അവകളിലൊക്കെ തോന്നിയ പോലെ ജീവിക്കുന്ന ജീവജാലങ്ങള്‍… നടപ്പു വഴിയിലൂടെ ആരെയും നോക്കാതെ, ആരെയും കേള്‍ക്കാതെ, ആരെയും മണക്കാതെ സുദേവ് സ്വയം വലിഞ്ഞ് വെറുതെ നടന്നു.  പെട്ടന്ന് കാടിന്‍റെ മണം വിട്ടൊരു ഗന്ധം അറിഞ്ഞിട്ടാകാം ഒരുത്തന്‍ വഴിയുടെ കുറുകെ ചാടിയിറങ്ങി നിന്നു.  ഞെട്ടലോടെ സുദേവ് അവനെ നോക്കി ഭയന്നു.  ഇനിയും തലമൂത്തു കഴിഞ്ഞിട്ടില്ലാത്ത ഒരു കുറുക്കന്‍ കുഞ്ഞായിരുന്നു.  അവനും അങ്കലാപ്പിലായി, പെട്ടന്ന് കുറ്റിക്കാട്ടിലേക്ക് ചാടിക്കയറി. സുദേവ് എത്ര ശ്രമിച്ചാലും ഗ്രസിക്കാനാകാത്ത അകലത്തില്‍ നിന്നു, അതിക്രമിച്ചു കയറരുതെന്ന താക്കീത് നല്‍കി സാവധാനം നടന്ന് മറഞ്ഞു.

       അതിക്രമിച്ച് കയറി അധികാരം സ്ഥാപിക്കുക.  സുദേവ് പെട്ടന്ന് അങ്ങിനെ ഒരാശയത്തെ കുറിച്ച് ചിന്തിച്ചു. അതിക്രമം കാണിക്കുന്നത് മനുഷ്യന്‍ മാത്രമല്ലെ…..

       ഇല്ലെടാ, ഞാനതിക്രമം കാണിക്കില്ല.  നിന്നെപ്പോലെയെനിക്കും ചെറിയ അവകാശമൊക്കെയുണ്ട് ഈ കാട്ടിലും. എന്ന് ചിന്തിച്ചു കൊണ്ട് സുദേവ് മുന്നോട്ടു നടന്നു. നടപ്പു വഴി കുറുകിയതു കൊണ്ട് അവന് ഒരു തൊട്ടാവാടിയെ ശല്യം ചെയ്യേണ്ടിവന്നു.  അവള്‍ പൂത്തു നിറഞ്ഞു നില്‍ക്കുകയാണ്, നിറ യൗവനത്തില്‍.  അവള്‍ സുദേവിനെ മോഹിപ്പിച്ചു.  മോഹം അവന്‍റെ ഉള്ളില്‍ തന്നെയിരുന്നാല്‍ മതിയെന്ന് മന്ത്രിച്ച് അവള്‍ മൗനിയായി.  മുഖം കൂര്‍പ്പിച്ച് മനോഹാരിതയെ ഉള്‍വലിച്ച് ഒതുങ്ങിനിന്നു.  അടുത്ത് നില്‍ക്കുന്നത് ശൂര്‍പ്പണേഖ, കൊടിത്തൂവയെന്ന ചൊറിയണമാണ്.  അവളെകണ്ട് സുദേവ്  ഒതുങ്ങി, ചാടിക്കടന്ന് ഇടതൂര്‍ന്ന കാട്ടില്‍ നിന്നും പുറത്തിറങ്ങി, വലിയൊരു പാറയിലെ വഴുക്കിനെ അതിജീവിച്ച് താഴേക്കിറങ്ങി അരുവിക്കരയിലെത്തിയപ്പോള്‍ മനസ്സ് ലാഘവം കൊണ്ടു.  അരുവിയിലെ തെളി നീരില്‍ ഓടിക്കളിക്കുന്ന പരള്‍ മീനുകളും , അടിത്തട്ടിലെ കല്ലേമുട്ടിയും അവനില്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നു..  നാട്ടിലെ പുഴ വറ്റി, തോടു വറ്റി പാടത്ത് കാടുകള്‍ കയറി മൂടിക്കഴിഞ്ഞപ്പോള്‍ കുളക്കോഴികളെയും കൊറ്റികളെയും മറന്നുവെന്ന് ഓര്‍മ്മിക്കുന്നു, സുദേവ്.  ഒറ്റക്കിരുന്ന് കുയില്‍ പാടുകയാണ്.  ഏറ്റു പാടേണ്ട പിടക്കുയില്‍ ഇര തേടി അകന്നതാകുമോ…. അതോ മറ്റൊരിണയോടൊത്ത് ഇക്കാടു വിട്ടു കാണുമോ…. അരുവിയിലേക്ക് തലകുത്തി നില്‍ക്കുന്ന തൊണ്ടിപ്പഴ മരത്തിലിരുന്ന അണ്ണാറക്കണ്ണന്‍ ചിലച്ചു.  അവന് ലാസറിടത്തെ അണ്ണാറക്കണ്ണന്‍റെ മുഖഛായ തോന്നിക്കുന്നു.  അതോ അവന്‍ തന്നെയാകുമോ… ആയിരിക്കാം.  അവന്‍ പരിചയഭാവം കാണിക്കുന്നില്ല.  എങ്കിലും ഇടം കണ്ണിട്ട് നോക്കുന്നുണ്ട്.  രണ്ട് ഉപ്പന്‍ കാക്കകള്‍ നിശ്ശബ്ദരായി ആരെയോ തേടി നടക്കുന്നുണ്ട്. അകലേയ്ക്ക് ഒരു മഞ്ഞക്കിളി പറന്നു പോയി.

       അരുവിയിലെ തെളി നീരിന് നല്ല കുളിര്‍മയുണ്ട്.  പാദം നനച്ചപ്പോള്‍ ദേഹമാകെ കുളിരു കയറി.  ചെറിയൊരു വിറയലുണ്ടായി.  ആ വിറയല്‍ ദേഹത്തു നിന്നും വിട്ടു പോകും മുമ്പ് തന്നെ മറ്റൊരു ഭീതിയില്‍ സുദേവ് പനിച്ചു നിന്നു പോയി.  അരുവിക്ക് അക്കരയില്‍ അടിക്കാടുകളെ സാവധാനം ചവുട്ടിയമര്‍ത്തിക്കൊണ്ട്, വള്ളിപ്പടര്‍പ്പുകളെ അകറ്റിക്കൊണ്ട് അവള്‍ പുറത്തേക്ക് വന്നു.  അനുധാവനം ചെയ്ത് അവനും.  കൊഴുത്ത് സുന്ദരിയായൊരു ഗജ ശ്രേഷ്ട, ലേശം മഞ്ഞപ്പ് കയറിയ നീളമേറിയ കൊമ്പുള്ള  ഒരു ശ്രേഷ്ടനും.  കുറച്ച് മുമ്പ്, സുദേവ് അരുവിക്കരയില്‍ എത്തിയ നേരത്ത് തന്നെ അവരുടെ മദിപ്പിക്കുന്ന ഗന്ധം അക്കരയില്‍ നിന്നും കാറ്റ് എത്തിച്ചു നല്‍കിയതായിരുന്നു.  പക്ഷെ, അതെന്തെന്നു തിരിച്ചറിയാനുള്ള ജ്ഞാനമില്ലാതെ അവന്‍ അരുവിയിലേക്കിറങ്ങിയതായിരുന്നു.  ഇപ്പോഴും കാറ്റ് അവനടുത്തേക്കാണ് വരുന്നത്. സുദേവ് ഒരു നിമിഷം കൊണ്ട് അരുവിക്കരയിലെ ഒരു മര മുത്തശ്ശിയുടെ മറവിലേക്ക് മാറി നിന്നു.  ശ്രേഷ്ടയും ശ്രേഷ്ടനും അരുവിക്കരയിലൂടെ താഴേക്ക്  യാത്ര തുടര്‍ന്നു.  ഒരു പക്ഷെ, മയിലുകള്‍ താണ്ടിയാകാം അവരിവിടെ എത്തിയിരിക്കുന്നത്,  ഇനിയും മയിലുകള്‍ താണ്ടാം….

       ഗജ ദമ്പതികള്‍ സുദേവനില്‍ രതി മോഹം ഉണര്‍ത്തി വിട്ടു.  കാടിനെ വിട്ട് ലാസറിടത്തെത്തിയപ്പോള്‍  ഭക്ഷണം പാകം ചെയ്തു  ഡൈനിംഗ് ടേബിളില്‍ വിളമ്പി, അടച്ചു വച്ച് കുമുദം പൊയ്കഴിഞ്ഞിരുന്നു.  അവന്‍ ചലച്ചിത്രങ്ങളില്‍, പ്ലാനറ്റ് ജിയോഗ്രാഫിക്കല്‍ ചാനലുകളില്‍, നെറ്റില്‍ രതി കണ്ടു നടന്നു.  ഗജരാജന്‍റെ, മൃഗരാജന്‍റെ, ഉരഗങ്ങളുടെ, ഗഗന ചാരികളുടെ, ഷഡ്പദങ്ങളുടെ, ഗൗളികളുടെ, വ്യത്യസ്ഥ സസ്തനികളുടെ, വാനരന്‍റെ, നരന്‍റെ…  അധിക രതിയും സ്വവര്‍ഗ്ഗ രതിയും പ്രാകൃത രതിയും പ്രകൃതി വിരുദ്ധ രതിയും അതിക്രമ രതിയും ഉഭയകക്ഷി സമ്മത രതിയും ബലാല്‍ ഉള്ളതും അകാലത്തിലുള്ളതും അസമയത്തുള്ളതും, നരനില്‍ മാത്രമെന്നു കണ്ടു….

***

       നിവേദിത ജോലി ചെയ്യുന്ന പത്രത്തിന്‍റെ ആഴിചപ്പതിപ്പില്‍ സുദേവ് നഗരത്തിലെ താരോദയം എന്നൊരു കഥ സാഗര്‍ എന്ന തൂലികാ നാമത്തില്‍ എഴുതി.  ലാസറലിയുടെ കഥാസമാഹാരത്തിലെ  ആദ്യത്തെ കഥ ആയിരിക്കണമതെന്ന് തീരുമാനിച്ചു.  ലത പറഞ്ഞ കഥയിലെ കല്ല്യാണി എന്ന വയറ്റാട്ടിയുടെ പിറവിയെ സൂചിപ്പിക്കുന്നൊരു സാങ്കല്പിക കഥയാണത്.

       ഒരു ഗ്രാമം.

       ഗ്രമമാണോ…?

       തട്ടുതട്ടുകളായി തിരിച്ച മലപ്രദേശം. കുരുമുളകും കാപ്പിയും കൃഷികള്‍.  കാപ്പിപ്പൂവിന്‍റെ വശ്യമായ ഗന്ധവും കുരുമുളക് ഇലകളുടെ എരിവുള്ള ഗന്ധവും നിറഞ്ഞ ഭൂപ്രദേശം. വിളിച്ചാല്‍ വിളി കേള്‍ക്കില്ലാത്ത അകലത്തില്‍ പാര്‍പ്പിടങ്ങള്‍…. പുല്ലുമേഞ്ഞത്, അല്ലെങ്കില്‍ തെങ്ങോലയോ പനയോലയോ മേഞ്ഞ വീടുകള്‍…. നേരം പുലരുമ്പോള്‍ മുതല്‍ അന്തിയാകും വരെ കൊത്തും കിളയും വെട്ടലും കോതലുമായ ജോലികള്‍ ചെയ്യുന്നവര്‍….

       കല്ല്യാണിയെന്ന പെണ്ണിന്‍റെയും പണി ചെയ്ത് ഉറച്ച ദേഹമായിരുന്നു.  അച്ഛന്‍റെയും അമ്മയുടേയും അഞ്ചു പെണ്‍ മക്കളില്‍ മൂത്തവള്‍….

       നെഞ്ചോടു ചേര്‍ത്തു വയ്ക്കാന്‍ ഒരു മധുരിക്കുന്ന ഓര്‍മ്മകളും അവര്‍ക്കുണ്ടായിരുന്നുല്ല.  ഇക്കാണുന്നതെല്ലാം അക്കാണുന്നതെല്ലാം ആരോടും ചോദിച്ചാലും അസീസു റാവുത്തുറുടേതാണെന്ന് പറയുന്ന കുറെ കാപ്പിത്തോട്ടം കുരുമുളകു തോട്ടം, അതു കഴിഞ്ഞാല്‍ സായിപ്പന്മാര്‍ ഭരിക്കുന്ന തേയിലത്തോട്ടങ്ങള്‍. വെളിമ്പുറങ്ങള്‍ ഒരിടത്തും അവള്‍ കണ്ടില്ല. തേയില നുള്ളി ശേഖരിക്കുന്ന, വറുത്തെടുക്കുന്ന കമ്പനിയുടെ അവശേഷിപ്പുകള്‍ ഒഴുകി വരുന്ന തോടാണ് ആരുടേതുമല്ലാതെ കണ്ടിട്ടുള്ളു.  തോട്ടങ്ങളുടെയിടയിലൂടെയുള്ള നടപ്പു വഴി താണ്ടിയെത്തുന്ന റോഡ് അവസാനിക്കുന്നത് അവരുടെ സിറ്റിയിലാണ്.  അഞ്ചാം ക്ലാസു വരെയുള്ള പള്ളിക്കൂടവും വില്ലേജ് ഓഫീസും സാധനങ്ങള്‍ വാങ്ങാനുള്ള കടകളും അവിടെയാണ്.  എന്നാല്‍ തുണികള്‍ വാങ്ങാന്‍ കൊല്ലത്തിലൊരിക്കല്‍ പുഴ കടന്ന് ബസ്സ് കാത്തു നിന്നു തിക്കിത്തിരക്കി കയറി കുലുങ്ങി വിഷമിച്ച് പട്ടണത്തിലെത്തണം.  വര്‍ഷത്തിലൊരിക്കലേ ഉള്ളൂവെങ്കിലും അവള്‍ക്കും അനുജത്തിമാര്‍ക്കും അതൊരു ഹരമായിരുന്നു.  ഒരു പുള്ളിപ്പാവാടയും ഒരു ബ്ലൗസ്സുമാണ് ഒരു വര്‍ഷത്തേക്ക്.  പണിക്ക് പോകുമ്പോള്‍ കൈലി മുണ്ടും പഴകിയ ജമ്പറും ധരിക്കും.  അടി വസ്ത്രങ്ങളുടെ ആവശ്യമേയില്ലായിരുന്നു.  ഇല്ലാത്തതു കൊണ്ടു തന്നെ.  എഴുത്തു പഠിച്ചില്ല.  വായനയും അറിയില്ല.  അച്ഛനും അമ്മയും പറയുന്നതു കേട്ട് സംസാരിക്കാന്‍ പഠിച്ചു.  അവര്‍ പറഞ്ഞു കൊടുത്തു തന്നെ കണക്ക് കൂട്ടാനും കിഴിക്കാനും പഠിച്ചു. പലവ്യജ്ജന കടയിലും റേഷന്‍ കടയിലും അതിന്‍റെ ഉപയോഗമുണ്ടായിരുന്നതു കൊണ്ട്.  മുളക് തോട്ടത്തിലെ അടിക്കാടു വെട്ടി ചെത്തി വെടിപ്പാക്കാനോ, വളമിടുന്നതിനോ, കാപ്പിച്ചെടികള്‍ക്ക് പൂങ്കുല വരുന്നത് കണ്ട് സന്തോഷിക്കാനോ അവര്‍ക്ക് അക്ഷരം അറിയേണ്ടിയിരുന്നില്ല.  സന്ധ്യക്ക് തോട്ടില്‍ പോയി കൈലി മുണ്ട് മാറില്‍ കയറ്റി കെട്ടി കുളിക്കാനോ, മാസത്തിലൊരുക്കലുണ്ടാകുന്ന കുളിക്കോ അതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല.  സന്ധ്യക്ക് വിളക്ക് കൊളുത്തി വച്ച് കിഴക്കോട്ടു തിരിഞ്ഞിരുന്ന് രാമരാമ ചൊല്ലുന്നതിനോ, വര്‍ഷത്തില്‍ ഒരിക്കല്‍ ഉത്സവത്തിന് അമ്പലത്തില്‍ പോകുമ്പോള്‍ പ്രതിഷ്ടക്കു മുന്നില്‍ കൈകൂപ്പി നിന്ന് അടുത്ത ഒരു വര്‍ഷത്തേക്കു വേണ്ടതൊക്കെ ഇനം തിരിച്ച് പറഞ്ഞ് ധരിപ്പിക്കാനോ എഴുത്തു പഠനം വേണ്ടിയിരുന്നില്ല.  അങ്ങിനെ വേണ്ടതൊക്കെ അമ്മ പറഞ്ഞ് പഠിപ്പിച്ചിരുന്നു.  അവള്‍ അനുജത്തി മാരെ പഠിപ്പിച്ചു കൊണ്ടുമിരുന്നു.

       ഒരു മുളക് വിളപ്പെടുപ്പുകാലം, നിലം ചെത്തി വെടിപ്പാക്കി, മൂത്തു പഴുത്തോ എന്ന കൂടെക്കൂടെ നോക്കി , പാകമായപ്പോള്‍ ഏണി ചാരി, പുറത്ത് മാറാപ്പു പോലെ കെട്ടിയിരിക്കുന്ന ചാക്കിലേക്ക് മുളക് തിരികള്‍ പറിച്ചിട്ടു കൊണ്ടിരിക്കുന്ന ഒരു നാള്‍….മുളകു തിരി നുള്ളുമ്പോള്‍ കൂടെ നുള്ളിപ്പോകുന്ന ഇല ഞെട്ടില്‍ നിന്നും ഉയരുന്ന എരിവുള്ള ഗന്ധം ആസ്വദിച്ച്…  ആ ആസ്വാദനത്തില്‍ നിന്നു കിട്ടുന്ന ഉന്മേഷത്തെ അനുഭവിച്ച് കൊണ്ട് തിരി നുള്ളവെ… മുളയേണിത്തണ്ടില്‍ പിടിച്ചു കൊണ്ട് ഒരു ചോദ്യം കേട്ടു.

       കല്ല്യാണി നീ വലുതായല്ലോടീ….?

       അവളൊന്നു ഞെട്ടി. മേലോട്ടു നോക്കി നില്‍ക്കുന്നു അസീസ് റാവുത്തറുടെ മകന്‍ മുസ്തഫ റാവുത്തറുടെ മകന്‍ അബു എന്ന അബു റാവുത്തര്‍.  അവള്‍ക്ക് സന്തോഷമായി.

       മോനെപ്പഴാ വന്നത്….?

       രാവിലെ….

       അബുവിനെ അവള്‍ എടുത്തു നടന്നിരുന്നതാണ്, ചെറുപ്പത്തിലെ.  വികൃതിയും വഴക്കാളിയുമായിരുന്ന അവനില്‍ നിന്നു രക്ഷപെടാന്‍ അവന്‍റുമ്മ അവന് കളിക്കാന്‍ കുഞ്ഞു കല്ല്യാണിയെയാണ് ഏര്‍പ്പാടാക്കി കൊടുത്തിരുന്നത്.  കളികളെന്നും വേദനിപ്പിക്കുന്നതിലെത്തി, കല്ല്യാണി കരഞ്ഞ് പിന്‍മാറുമ്പോള്‍ അബുവിന്‍റെ ഉമ്മ അവനെ അടിച്ച് ഓടിക്കുമായിരുന്നു.  അവന്‍ വലുതായി, സ്കൂള്‍ കഴിഞ്ഞു. അകലെ നഗരത്തിലെ കോളേജ് വാസം തുടങ്ങിയിട്ട് ഇപ്പോള്‍ മുന്നു കൊല്ലമായിയെന്നവള്‍ കണക്കു കൂട്ടി.  പക്ഷെ, അവന്‍ നീ വലുതായല്ലോടിയെന്നു പറഞ്ഞിന്‍റെ അര്‍ത്ഥം അവള്‍ക്ക് അത്ര കണ്ട് മനസ്സിലായില്ല.

        പിന്നെ, അവന്‍ കഥകള്‍ പറഞ്ഞു.  അവള്‍ കേള്‍ക്കാത്ത കഥകള്‍. അവള്‍ കേട്ടിട്ടുള്ളത് രാമന്‍റെയും സീതയുടേയും അര്‍ജുനന്‍റെയും പാഞ്ചാലിയുടെയും  കൃഷ്ണന്‍റെയും രാധയുടേയും കഥകളാണ്. കേട്ടത് അമ്പലത്തിലെ ഉത്സവത്തിന് ബാലയ്ക്ക് തിരശ്ശീലക്ക് പിന്നില്‍ നിന്നും ആരോ പറയുന്നതാണ്.  പിന്നെ അവരുടെ പ്രായക്കാര്‍ തോട്ടില്‍ കുളിക്കാനെത്തുമ്പോള്‍ പറഞ്ഞിട്ടുള്ള കഥകളാണ്.  അത് അവരുടെ ഇടയില്‍ ഉണ്ടായിട്ടുളളും ഉണ്ടാകുന്നതും ഉണ്ടാകാവുന്നതുമായ കഥകളാണ്.  പക്ഷെ, അവന്‍ പറയുന്നത് പ്രേമത്തിന്‍റെ, മോഹത്തിന്‍റെ  ബന്ധങ്ങളുടെ കഥകളാണ്.  അവള്‍ക്ക് അത് അത്രക്കങ്ങ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.  പക്ഷെ, അവന്‍റെ വിരള്‍ സ്പര്‍ശനങ്ങള്‍, ചുണ്ടിന്‍റെ നനവ,് കണ്ണുകളുടെ തറഞ്ഞു കയറലുകള്‍.  അവളെ പുളകം കൊള്ളിക്കുകയും ഉള്ളില്‍ എന്തെല്ലാമോ കിടന്ന് പുറത്തുകടക്കാന്‍ വെമ്പല്‍ കൊള്ളും പോലെ തിളച്ചു മറിയുകയും ചെയ്യുന്നതായിട്ട് അറിഞ്ഞു.  കാപ്പിപ്പൂ വിരിഞ്ഞ് വരുമ്പോലെ ഒരു ആനന്ദം ദേഹത്തു കൂടി പടര്‍ന്നു കയറുന്നതു പോലെ, ഉണങ്ങിയ കാപ്പിക്കുരു വറയോട്ടിലിട്ട് ചൂടു തട്ടുമ്പോള്‍ പൊട്ടി വിടരുമ്പോലെ അടി വയറ്റില് എന്തോ കണ്‍ തുറക്കുന്നു. അവളെ മോഹിപ്പിച്ചും, ദാഹിപ്പിച്ചും പ്രകമ്പനം കൊള്ളിക്കുന്നു.

       പിന്നീടെന്നും അവന്‍റെ സ്പര്‍ശനങ്ങള്‍ക്കായി, ചുംബനങ്ങള്‍ക്കായി, നയന ലാളനകള്‍ക്കായി അവള്‍ മോഹിച്ചു കൊണ്ടിരുന്നു.  നടക്കുമ്പോള്‍, ഇരിക്കുമ്പോള്‍, കിടക്കുമ്പോള്‍, ജോലി ചെയ്യുമ്പോള്‍ അതു മാത്രം ചിന്തിച്ചു കൊണ്ടിരുന്നു.  വീണ്ടും വീണ്ടും അവന്‍റെ സാമിപ്യം ഉണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  ഉണ്ടായിക്കൊണ്ടിരുന്നു.  പിന്നെ, പിന്നെ അവന്‍ രോമ കൂപം വഴി ദേഹത്തിനുള്ളിലേക്ക് കയറിപ്പോകുകയാണെന്നും, തന്‍റെ മനസ്സില്‍, ഹൃദയത്തില്‍ രക്തത്തില്‍ തലച്ചോറിലെല്ലാം അവന്‍ നിറയുകയാണെന്നും അറിഞ്ഞു കൊണ്ടിരുന്നു.  പിന്നീട് നിത്യവും അതു തന്നെ വേണമെന്ന ് തോന്നി തുടങ്ങി.  തോന്നലുകള്‍ നടപ്പാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു, നടന്നു കൊണ്ടിരുന്നു.

       ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്‍ വീണ്ടും പഠനത്തിനായി പോയി.  അവനില്ലാതെയായപ്പോള്‍ അവള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങളെ അറിയുകയായി.  അനുഭവിക്കുകയായി, അടക്കാന്‍ കഴിയാതെയായി.  തളര്‍ച്ചയിലേക്ക് നിപതിച്ചു കൊണ്ടിരുന്നു.  ജോലിയോട്, എടുപ്പിനോട്, നടപ്പിനോട് ആസക്തിയില്ലാതെ, ഉറക്കത്തിനോട് കൂടുതല്‍ ആഭീമുഖ്യം കാണിച്ചു തുടങ്ങിയപ്പോള്‍ അവളുടെ അമ്മ ശ്രദ്ധിച്ചു തുടങ്ങി.  അവളുടെ കണ്‍കളിലെ  ആലസ്യത, സംസാരത്തിലെ അവ്യക്തത, ബോധത്തിന്‍റെ ഇരുളിമ, കവിളിലെ വിളര്‍ച്ച, ദേഹത്തിന്‍റെ നീര്‍കൊള്ളല്‍, അവളും അമ്മയെ സംശയത്തിന്‍റെ വഴിയെ കാണാല്‍ വിട്ടു.  അവര്‍ മകളെ വിവസ്ത്രയാക്കി പരിശോധിച്ചു.  അമ്മയുടെ കണ്ണുകള്‍ അവളിലെ മാറ്റങ്ങളെ അളന്നെടുത്ത് ഞെട്ടി വിറച്ചു.  ആരാണെന്നു എന്താണെന്നും, എന്താണ് ഉണ്ടായതെന്നും  ഒളിക്കാതെ തന്നെ അവള്‍ പറഞ്ഞു. അവള്‍ പറയുമ്പോള്‍ പറയുന്നതില്‍ ഒരങ്കലാപ്പും, തെറ്റാണെന്ന ധാരണയും ഭയവുമില്ലെന്നു കണ്ടപ്പോള്‍ അമ്മ കൂടുതല്‍ ഭയന്നു.

       പിന്നെ അവളെ പണിക്ക് പുറത്ത് വിട്ടില്ല. തോട്ടില്‍ കുളിക്കാന്‍ വിട്ടില്ല.  പണിക്ക് പോകുമ്പോഴും തോട്ടില്‍ കുളിക്കാന്‍ പോകുമ്പോഴും സ്നേഹിതകള്‍ തിരക്കിയപ്പോള്‍ അവള്‍ അനുജതത്തിയുടെ വീട്ടിലെന്നു അമ്മ പറഞ്ഞു.  സിറ്റിയില്‍ പലചരക്കു കടയില്‍ ചെന്നപ്പോള്‍ തിരക്കിയ സ്നേഹിതരോട് അനുജന്‍റെ വീട്ടിലെന്ന് അച്ഛനും പറഞ്ഞു.  വിളിച്ചാല്‍ വിളി കേള്‍ക്കില്ലാത്ത അകലത്തിലുള്ള വാസങ്ങള്‍ അവളെ വീട്ടിനുള്ളില്‍ ഒളിപ്പിക്കാന്‍ സൗകര്യവുമായി.  ബസ്സുകള്‍ കയറി, പുഴ താണ്ടി, കാടുകയറി തോടുവഴി നടന്ന് തോട്ടപ്പുഴുവിന്‍റെ കടി കൊണ്ട് എത്തുന്ന ഒരു ബന്ധവും അക്കാലത്തു വന്നതുമില്ല.

       മുളക്  വിളവെടുപ്പു കഴിഞ്ഞ്, കൊടിയുടെ ചുവടുകള്‍ വകഞ്ഞ് വളമിട്ടു കഴിഞ്ഞ് കാപ്പിച്ചെടികള്‍ പൂത്തു വിരിഞ്ഞ് കായ പഴുത്തു വിളവെടുപ്പ് കഴിഞ്ഞ്,  റാവുത്തരുടെ തന്നെ വെളിമ്പറമായി കിടന്നിരുന്ന പറമ്പില്‍ കൃഷി ചെയ്തിരുന്ന ഇഞ്ചിയുടേയും മഞ്ഞളിന്‍റെയും വിളവെടുക്കുന്നതിനുള്ള സമയമെത്തി. വിളവെടുപ്പിന് അമ്മയും അച്ഛനും പോയിരുന്ന  ഒരു ദിവസം ഉള്ളില്‍  നിന്നൊരു നോവ് അടിവയറ്റിലെത്തി ആദ്യം തുടകള്‍ വഴി ഇറങ്ങി മുട്ടും കഴിഞ്ഞ് കണങ്കാല്‍ കടന്ന് പാദത്തിലെത്തി പെരുവിരള്‍ തുമ്പില്‍ കുത്തിപ്പഴുത്ത വേദനയായി.  പിന്നെ പൊക്കിളിന് മുകളിലേക്ക് കയറി മാറിലെത്തി, ഹൃദയത്തെ തുരന്ന് ശ്വാസത്തെ തടസ്സപ്പെടുത്തി കണ്ഠത്തില്‍ വിക്കലുണ്ടാക്കി ശിരസ്സില്‍ കയറി അവളെ ബോധമറ്റു കിടത്തി.

       ദേഹത്തു നിന്നും എന്തെല്ലാമോ പൊട്ടിയൊലിച്ചു പോയിക്കഴിഞ്ഞ് വേദനകളെല്ലാം അകന്നു കഴിഞ്ഞ് അടിവയറ്റില്‍ ഒരു നീറ്റല്‍ മാത്രം നിലനില്‍ക്കെ അവളുണര്‍ന്നു.  ഉണര്‍ന്നപ്പോള്‍ കാല്‍ക്കല്‍…..

       അമ്മേ….

       അവള്‍ വാവിട്ടു കരഞ്ഞു.  അവളുടെ ഇളയ സഹോദരി പിറന്നപ്പോള്‍ അവള്‍ അമ്മയുടെ അടുത്തു നിന്ന് എല്ലാം കണ്ടിരുന്നു,  പേറെടുക്കാന്‍ വന്ന ചാച്ചിയമ്മയുടെ അടുത്തു നിന്നു വിളക്ക് പിടിച്ചു കൊണ്ട്.  അമ്മയുടെ കണ്‍ മിഴിക്കലുകള്‍, വാപിളര്‍പ്പുകള്‍, അലമുറകള്‍,  ഇരു വശങ്ങളിലും കൈ തല്ലലുകള്‍, അടിവയറിന്‍റെ പ്രകമ്പനങ്ങള്‍, കാലുകളുടെ കോച്ചിവലികള്‍…ചാച്ചിയമ്മ തടവിക്കൊണ്ടിരുന്നു.  തെറി വിളിച്ചു കൊണ്ടിരുന്നു. അച്ഛനെ പിരാകിക്കൊണ്ടിരുന്നു.  അച്ഛന്‍ പുറത്ത് വൊരുകിനെപ്പോലെ നടക്കുന്നുണ്ടെങ്കിലും ഒന്നും അറിയുന്നില്ലല്ലോയെന്ന് ദൈവത്തിനോട് പരാതി പറഞ്ഞു കൊണ്ടിരുന്നു.  ഉരുള്‍ പൊട്ടല്‍ പോലെ എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോള്‍, അമ്മ ശാന്തയായി കഴിഞ്ഞപ്പോള്‍, കുന്തിച്ചു നിര്‍ത്തിയിരുന്ന കാലുകള്‍ നിവര്‍ത്തി, കൈകള്‍ നിവര്‍ത്തി കണ്ണുകളടച്ച്, ഒരു കുടം കണ്ണീര്‍ കടകണ്ണിലൂടെ ഒഴുക്കി, തല ചരിച്ച് സ്വസ്ഥമായി കിടന്നപ്പോള്‍ കൂടെ കരയുന്നൊരു കുഞ്ഞുണ്ടായിരുന്നു,  കൂടാതെ…

       കുഞ്ഞിനെ ചാച്ചിയമ്മയെടുത്ത് തുടച്ചു വൃത്തിയാക്കി അവളെ കാണിച്ചതായിരുന്നു.

       അവളുടെ കുഞ്ഞ് കരഞ്ഞില്ല.  അവള്‍ അതിന്‍റെ വായ തുറന്ന നോക്കി, കണ്ണുകള്‍ മിഴിച്ചു നോക്കി, ചന്തിയില്‍ നുള്ളി നോക്കി, കരഞ്ഞില്ല. അവളും കരഞ്ഞില്ല.  അതിന്‍റെ ആവശ്യം ഉണ്ടെന്നു തോന്നിയില്ല.    അവള്‍ കാലുകള്‍ നീട്ടി വച്ച് കൈകള്‍ ഇരു പുറവും നീട്ടി തളര്‍ത്തിയിട്ട് ശാന്തമായി ഉറങ്ങി.  ആ ഉറക്കത്തിലും അവളുടെ മനസ്സില്‍, കഴിഞ്ഞ നിമിഷങ്ങളില്‍ അവളുടെ ശരീരത്തില്‍ വന്ന വ്യതിയാനങ്ങള്‍ തെളിഞ്ഞ് കണ്ടു കൊണ്ടിരുന്നു.  കൈകാലുകള്‍ വലിഞ്ഞ് മുറുകുന്നതും, എല്ലാ രക്തപ്രവാഹവും അടിവയറ്റിലേക്ക് ഓടിക്കൂടുന്നതും, വയറ്റില്‍ അമര്‍ത്തി തടവിക്കൊണ്ടിരുന്നപ്പോള്‍ എന്തെല്ലാമോ ദേഹത്തു നിന്നും ഒഴിഞ്ഞു പോകുന്നതും , പ്രകമ്പനം കൊണ്ട് ഉലഞ്ഞ് തുള്ളിയ ദേഹം സമാധാനം കൊള്ളുന്നതും മനസ്സ് ശാന്തമാകുന്നതും….

       ദേഹത്തിന്‍റെ നീറ്റലുകള്‍ അകന്നപ്പോള്‍ അവള്‍ വീട്ടു പണികള്‍ ചെയ്തു തുടങ്ങി, തോട്ടില്‍ കുളിക്കാന്‍ പോയിത്തുടങ്ങി.  വീണ്ടും എല്ലാം പഴയ രീതിയില്‍ തന്നെ തുടര്‍ന്നു.      

       പക്ഷെ,    അവളുടെ അച്ഛനും അമ്മയും വേവലാദി കൊണ്ടു.  അടുത്ത വെക്കേഷന്  അബു റാവുത്തര്‍ നാട്ടില്‍ വന്നാല്‍ കുരുമുളക് തോട്ടത്തിലൂടെ കാപ്പിത്തോട്ടത്തിലൂടെ സുഗന്ധങ്ങളും എരിവുകളും തേടി നടന്നാല്‍… അയാള്‍ക്ക് ഒരൊറ്റ വഴിയെ തെളിഞ്ഞുള്ളൂ… ഒരു നാള്‍ അയാള്‍ തോട്ടമിറങ്ങി, തോടിറങ്ങി, നടന്ന് ബസ്സില്‍ കയറിപ്പോയി.  മൂന്നു നാളുകള്‍ കഴിഞ്ഞ് മരുമകനുമായി തിരിച്ചു വന്നു.  കറുത്തു ചടച്ച് ഉയരം കൂടിയ ചെല്ലപ്പന്‍.  അടുത്ത നാളുകളില്‍ അകന്നു നിന്നിരുന്ന ചില ബന്ധുക്കള്‍ കൂടി വന്നു. കല്ല്യാണി ചിറ്റപ്പനെന്നും കൊച്ചമ്മയന്നും അമ്മാവനെന്നും അമ്മായിയെന്നും വിളിക്കുന്നവര്‍ അവരുടെ മക്കളും.  അടുത്തൊരു രാത്രി, പന്നിയിറച്ചി കൂട്ടിയ ഊണും, ആണുങ്ങള്‍ക്കൊക്കെ റബ്ബര്‍ തോട്ടത്തില്‍ വച്ച് രഹസ്യമായി വാറ്റിയ ചാരായവും കൊടുത്ത ദിവസം കല്ല്യാണിയെ അച്ഛന്‍ ചെല്ലപ്പന്‍റെ കൈയില്‍ പിടിച്ചു കൊടുത്തു.  നേരം പുലരും മുമ്പെ അവരെല്ലാവരും തോട്ടമിറങ്ങി, തോടു കയറി നടന്ന് ബസ്സ് കയറി നാനാ വഴിക്ക് ്പിരിഞ്ഞു പോയി.  ചെല്ലപ്പനും, അവന്‍റെ അമ്മ നാണിത്തള്ളയും കല്ല്യാണിയും നഗരത്തിലെത്തി കുന്നിനു മുകളിലെ റോഡു വക്കത്തെ പുറമ്പോക്കില്‍ കയ്യേറി കെട്ടിയ കൂരയില്‍ പാര്‍പ്പു തുടങ്ങി.  ഒറ്റ മുറി കൂരയില്‍ അടുപ്പിന് ഓരം ചേര്‍ന്ന് അമ്മയുറങ്ങി.  കൈലി മുണ്ടു കൊണ്ട് മുറിക്ക് കുറുകെ മറ കെട്ടി, അമ്മയില്ലാത്തിടത്ത് അവരും ഉറങ്ങി.  ഉറക്കത്തിന് മുമ്പ് കല്ല്യാണിയെ പൊള്ളിച്ചുണര്‍ത്തി തണുപ്പിക്കാന്‍ കഴിയാതെ ചെല്ലപ്പന്‍ ശ്വാസം മുട്ടി എഴുന്നേറ്റിരുന്ന് ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്ത് തിരിഞ്ഞു കിടന്ന് എന്നത്തേയും പോലെ ഉറങ്ങി..   അവള്‍ ഒരു പരാതിയും പറഞ്ഞില്ല.  ചെല്ലപ്പനെപ്പോലെ, അമ്മയെപ്പോലെ ഒരു അലക്കുകാരിയായി, നഗരത്തെ സംസ്കരിക്കാന്‍ തുടങ്ങി.

       ഒരു മാസം തികയും മുമ്പ് അടുത്ത കൂരയില്‍ നിന്നും പകലുയര്‍ന്ന അലമുറ കേട്ട് ഓടിയെത്തിയ കാര്‍ത്തു  മറ്റൊരു സംസ്കാരത്തിന്‍റെ പ്രണേതാവ് ആവുകയായിരുന്നു.  സ്വന്തം അനുഭവത്തില്‍ നിന്നും ചാച്ചിയമ്മയില്‍ നിന്നും സ്വീകരിച്ചു മനസ്സില്‍ സൂക്ഷിച്ചിരുന്ന വിദ്യ പ്രയോഗത്തിലാക്കുകയായിരുന്നു.  ആദ്യ കുഞ്ഞിനെ പുറത്തടുത്ത് തുടച്ച് വൃത്തിയാക്കി അച്ഛന്‍റെ കയ്യില്‍ വച്ചു കൊടുക്കുമ്പോള്‍ അയാള്‍ അവളുടെ മുഖത്തേക്കൊന്നു നോക്കി.  സുസ്മേരവദനയായി, ശാന്തയായി കണ്ട അവള്‍ അയാളെ അത്ഭുതപ്പെയുത്തി.  കുറച്ച മുമ്പ് തെറി വാക്കുകളെ കൊണ്ട്, വേദനയില്‍ പിടയുന്നവളെ അഭിഷേഘം ചെയ്തു കൊണ്ടിരുന്ന, പുറത്ത് വെരുകിനെപ്പോലെ നടന്നിരുന്ന അയാളെ പിരാകിക്കൊണ്ടിരുന്ന, ദൈവമേ ആണുങ്ങളെന്ന കാലമാടന്മാര്‍ ഇതൊന്നും അറിയുന്നല്ലല്ലോയെന്ന് ചോദിച്ചു കൊണ്ടിരുന്ന…..

       അതൊരു താരോദയമായിരുന്നു, നഗരത്തിലെ….

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top