വളരെയേറെ പ്രക്ഷുബ്ധമായിട്ട് സൌമ്യയ്‌ക്ക് കണ്ണുകൾ കൂടി
കാണാൻ കഴിയാതെ വന്നു. നാവ് ചലിക്കാതെ ആയിപ്പോയി,
വിറ കൊണ്ടിട്ട് കൈകാൽ അനക്കാനോ ഒരുചുവട് വയ്ക്കാനോ കഴിഞ്ഞില്ല.
സലോമിയും അശ്വതിയും എന്തു ചെയ്യേണ്ടൂ എന്നോർത്ത് ഇരുന്നു പോയി.
ഒരലർച്ചയോടുകൂടിയാണ് അവൾ, സൌമ്യ എഴുന്നേററു നിന്നത്. ഇത്രയേറെ ഭീകരമായിട്ട്, ക്രുദ്ധമായിട്ട് ശബദം ഉണ്ടാക്കാൻ സൌമ്യയ്ക്ക് കഴിയുമെന്ന് അശ്വതി ഒരിക്കലും കരുതിയിരുന്നില്ല. ഉച്ചഭാഷിണി നിലച്ചു പോയി, വ്യാസനും അദ്ധ്യക്ഷനും തളർന്നു പോയി, സമൂഹമാകെ പിന്നിലേയ്ക്ക്
നോക്കി നിന്നു. തട്ടിപ്പിടഞ്ഞെഴുന്നേററതിന്റെ ശബ്ദം നിലച്ചപ്പോൾ നിശബ്ദമായി, ഹാളാകെ.
പിന്നെ ഉദിച്ചുയർന്ന രക്‌തം അല്പം തണുത്തു കഴിഞ്ഞ് സൌമ്യ ഉച്ചത്തിൽ തന്നെ പുലമ്പി… ……
“യൂ….. യൂ…. ചീററിംഗ് മീ……. യൂ… . യൂ, യൂ…. ഡെവിൾ ചീററിംഗ് മീ… …ചീററിംഗ് മീ… ….”
ഉച്ചത്തിൽ നിന്നും ശബ്‌ദം പതുക്കെ പതുക്കെ കുറഞ്ഞ്, കുറഞ്ഞ് എഴുന്നേററു നിന്നിരുന്ന അവൾ സാവധാനം ബഞ്ചിൽ ഇരുന്ന് പൊട്ടിക്കരഞ്ഞു.
കൈകളാൽ മുഖം പൊത്തി കുനിഞ്ഞിരുന്നു, അടഞ്ഞ കണ്ണുകൾക്കുള്ളിൽ ആ മുഖം, വ്യാസന്റെ….
ചെവികളിൽ അയാളടെ സ്വരം ……
അതൊരു വലിയ കവാടമായിരുന്നു. വാതിലുകൾ ഉള്ളിലെ ദൃശ്യങ്ങൾ കാണാത്തവിധം മറയ്ക്കപ്പെട്ടതും, തൂണുകളിൽ ഓരോ സിംഹങ്ങളുടെ പ്രതിമകളും. ഒരു പ്രതിമ ജി. ബി. നായരുടേതും, അപരപ്രതിമ ഫെർണാണ്ടസിന്റെയും.
കവാടത്തിന്റെ കിളിവാതിൽ മുട്ടിയപ്പോൾ വാതിൽ തുറന്ന് കണ്ടത് പതിഞ്ഞ മൂക്കും, ചീർത്തകണ്ണുകളമായിരുന്നു.
തപ്പിത്തടഞ്ഞ മലയാളത്തിൽ അയാളുടെ ചോദ്യത്തിന് ഉത്തരം കൊടുത്തപ്പോൾ ഉണ്ണിക്ക് ചിരി വന്നു.
ഒരു ചെറിയ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. “ഒരുനോക്കു കാണുക.”
ഇപ്പോഴും, ഇരുളിൾ കണ്ട മുഖം മനസ്സിന്റെ കോണിലുണ്ട്. ചൂണ്ടു പൊട്ടി രക്‌തം പൊടിഞ്ഞിരുന്നു. കവിളിൽ നഖം കൊണ്ട പാടുകൾ ഉണ്ടായിരുന്നു. വസ്ത്രം കീറി മാറ് പകുതിയോളം നഗ്നമായിരുന്നു.
കവാടം കടന്ന് മുററത്ത് നിന്നപ്പോൾ ആകെ ഒരു അമ്പരപ്പ്, അഭിമുഖമായി നിൽക്കുന്ന രണ്ടു സൌധങ്ങൾ. ആരെല്ലാമോ പറഞ്ഞു കേട്ടിട്ടള്ള കഥകളിൽ ഈ രണ്ടു സൌധങ്ങളും ഉണ്ടായിരുന്നു. ഒന്നിൽ സൌമ്യ ജനിച്ചു വളരുകയും മറെറാന്നിൽ ചേക്കേറുകയും ചെയ്‌തുവെന്ന് കേട്ടിട്ടുണ്ട്. പക്ഷെ, ഇപ്പോൾ ഏതു വീട്ടിലാകാം?
കവാടം കടന്ന് ഇടതു വശത്തെ ബംഗ്‌ളാവിന്റെ കോളിംഗ് ബല്ലാൽ ഗൃഹവാസികളെ ഉണർത്തി.
കതക് തുറന്നെത്തിയ ജി. ബി. നായക്ക് നിമിഷ ഓർമ്മചികയലിൽ നിന്നും ഉണ്ണിയെ തിരിച്ചറിയാനായി. മനസ്സിലാക്കി കഴിഞ്ഞപ്പോൾ ആ മുഖത്തു വിരിഞ്ഞ വികാരങ്ങൾ അളക്കാൻ ഉണ്ണിക്കായില്ല. അത്രത്തോളം സാമൂഹ്യബന്ധം ഉണ്ണിക്കുണ്ടായിരുന്നില്ല.
പെട്ടെന്ന്, അപ്രത്യക്ഷനായ ജി. ബി. നായർ തിരികെ വന്നപ്പോൾ ഒരു നൂറുരൂപയുടെ നോട്ട് ഉണ്ണിക്ക് നേരെ നീട്ടി നിന്നു. അപ്പോൾ അയാൾക്ക് ഒരു നല്ല ക്യാരക്ടർ നടന്റെ മുഖ ഛായയുണ്ടായിരുന്നു. നിത്യവും, താടിമീശകൾ വടിച്ച്,മുടികറുപ്പിച്ച്……..
തുടർന്ന് ഒരു ആർട്ട് ഫിലിമിലെ നിശബ്‌ദതയും, മൌനത്തിന്റെ വാചാലതയും നിമിഷങ്ങളോളം നീണ്ടു നിന്നു. മൌനത്തെ ഭഞ്ജിക്കാതെതന്നെ ജി. ബി. നായരുടെ ഉപഹാരം -മകളുടെ ജീവൻ രക്ഷിച്ചതിനു നല്‍കിയ പ്രതിഫലം-കൈപ്പറ്റാതെ ഉണ്ണി തിരിഞ്ഞു നടന്നു.
കവാടത്തിന്റെ അരികിലെത്തിയപ്പോൾ ഒരിക്കൽ അവൻ തിരിഞ്ഞു നോക്കി ആഗ്രഹത്തോടുകൂടി തന്നെ. ആ മുഖം ഒരിക്കൽ കാണാൻ. ഒരു കോമഡി സിനിമയുടെ പരിസമാപ്തി
പോലെ അവിടെ, മണി സൌധത്തിന്റെ ബാൽക്കണിയിൽ.
മുഖം …സൌമ്യയുടെ .. …അവനെ കണ്ടു നിൽക്കുന്നതായിട്ട്….
അവൻ ഒരിക്കൽ ചിരിക്കാൻ ശ്രമിച്ചതാണ്. പക്ഷെ, അവജ്ഞയോടെ അവന്റെ ചിരിയെ തിരസ്‌കരിക്കും വിധത്തിലായിരുന്നു അവളടെ മുഖം……
“നോ…….. നോ……. ശുദ്ധമായ നുണ ഞാൻ ഉണ്ണിയെ കണ്ടിട്ടില്ല …. “
സൌമ്യ ഭൂതമിളകിയതു പോലെ പുലമ്പുകയാണെന്ന്, സലോമിക്ക് മനസ്സിലായി. സലോമി അവളെ ശരീരത്തോട്‌ചേർത്ത് ഇരുത്തി പുറത്ത് മെല്ലെ തട്ടി, ഉണർത്താനായിട്ട്….
ഉച്ചഭാഷിണിയിലൂടെ വ്യാസന്റെ ശബ്‌ദം അവൾ വീണ്ടും കേട്ടു.
“ഇത് ഒരുപിടി മനുഷ്യരുടെ കഥയാകകൊണ്ട്, സാങ്കല്പികമെന്നിരിക്കിലും, ഏതെങ്കിലും വ്യക്തികളുടെ അനുഭവവുമായി ഈ കഥായ്ക്ക് സാമ്യമുണ്ടായെന്നുവരും. അതിനെ കണക്കാക്കാതെ കഥയെ കഥയായി മാത്രം കാണാൻ ഞാൻ എന്റെ പ്രിയപ്പെട്ട വായനക്കാരോട് അപേക്ഷിക്കുകയാണ്.”
പക്ഷെ,സമൂഹം അത് ചെവിക്കൊണ്ടില്ല. അവർ സ്റ്റേജിലേക്ക് അതിക്രമിച്ചുകയറുകയും ഉച്ചഭാഷിണിയിലൂടെ തന്നെ പലതും വിളിച്ചു പറയുകയും ചെയ്തു.
അന്ത:രീക്ഷമാകെ പ്രക്ഷുബ്‌ധമായി.
ഹാളാകെ ഇരുള് വ്യാപിച്ചു കൊണ്ടിരുന്നു. ഇരുളിനെ ഓടി
ച്ചകററി വൈദ്യുതി വിളക്കുകൾ തെളിച്ചു. ഹാളിന് പുറത്തും
തെളിഞ്ഞു. എന്നിട്ടും ഇരുള് മറവുകളിൽ, വൃക്ഷച്ചോലകളിൽ,
ചുവരുകളടെ ചരിവുകളിൽ, ഒളിഞ്ഞിരുന്നു തുടങ്ങി…..
ബഹളം ഒതുക്കാനായിട്ട് സംഘാടകർ വളരെ ശ്രമിച്ചു കൊണ്ടിരുന്ന. അവർ മീററിംഗ് പിരിച്ചു വിട്ടതായും, മനസ്സുകളെ ശാന്തമാക്കിക്കൊണ്ട്, തർക്കങ്ങളെ, വൈരുദ്ധ്യങ്ങളെ വെടിഞ്ഞ് സമൂഹം പിരിഞ്ഞു പോകണമെന്നും അപേക്ഷിച്ചു.
വളരെ പണിപ്പെട്ടാണ് സലോമിയും അശ്വതിയും കൂടി സൌമ്യയെ ഹാളിൽ നിന്നും പുറത്തിറക്കി ഓട്ടോറിക്ഷയിൽ, മുറിയിൽ എത്തിച്ചത്.
സഹതപിക്കാൻ, ആശ്വസിപ്പിക്കാൻ എത്രപേരായിരുന്നു.
അശ്വതിക്ക് ഒരു സ്വപ്‌നം കണ്ടതു പോലെയാണ് നേരം പുലർന്നപ്പോൾ തോന്നിയത്. സലോമി വളരെ വൈകിയാണുണർന്നത്. അവൾക്ക് അതെല്ലാം യാഥാർത്ഥ്യങ്ങളായിരുന്നു.
സലോമി ഉണർന്നപ്പോഴേയ്ക്കും സൌമ്യ ഉണർന്ന് കുളി കഴിഞ്ഞ് യാത്രയ്ക്ക് ഒരുക്കങ്ങൾ കൂട്ടി കഴിഞ്ഞിരുന്നു.
മുറിയുടെ വാതിലിൽ തട്ടന്നതു കേട്ടിട്ട് സലോമിയാണ് കതക് തുറന്നത്. പുറത്ത് ഹോസ്റ്റലിലെ അന്തേവാസികൾ എല്ലാവരും ഉണ്ടായിരുന്നു. മുന്നിൽ വാർഡൻ അന്നത്തെ പത്രവുമായിട്ടും .
പത്രത്തിന്റെ ഉൾപേജിൽ സൌമ്യയുടെ ഫോട്ടോയോടു കൂടി അടിച്ചു വന്നിരിക്കുന്ന വാർത്ത കണ്ട് വാർഡൻ ക്ഷോഭിച്ചിരിക്കുന്നു.
പെണ്ണുങ്ങളുടെ കലപിലയ്ക്കിടയിൽ സൌമ്യ വാർത്ത വായിച്ചു.
സമൂഹത്തു നിന്നും കഥയിലെ കഥാപാത്രം ഉയർത്തെഴു ന്നേററിരിക്കുന്നു. എന്നു തുടങ്ങുന്ന വാർത്ത, കൂടെ ചേത്തിരിക്കുന്ന ഫോട്ടോ ഹാളിൽ വച്ചുണ്ടായ സംഭവ വികാസങ്ങൾക്കിടയിൽ എടുത്തിട്ടുള്ളതാണ്; സൌമ്യയുടെ ക്ഷോഭിച്ച മുഖം. വാർത്ത വായിച്ചു കഴിഞ്ഞ് യാതൊരു വികാരവുമില്ലാതെയാണ് സൌമ്യ പറഞ്ഞത്.
“മിസ്സ്,ടെക്കിറ്റ് ഈസ്സി ഡോണ്ട് അഫ്രൈഡ് വിത്ത് മി… …മീസ്സിന് എന്തു നഷ്ടം വന്നാലും ഞാൻ സഹിച്ചു കൊള്ളാം….”
വാർഡൻ കലി തുള്ളി എന്തെല്ലാമോ പുലമ്പിയതാണ്.
പക്ഷെ, അതു കേൾക്കാനായിട്ട് സൌമ്യ കതക് തുറന്നു വച്ചില്ല.
കണ്ണാടി ഉറപ്പിച്ച ടേബിളിന് മുന്നിൽ ഇരുന്നു കൊണ്ട് സൌമ്യ സലോമിയോടും, അശ്വതിയോടും യാത്രയ്ക്കൊരുങ്ങാൻ ആവശ്യപ്പെട്ടു.
മൂന്നു മണിക്കൂർ നീണ്ട ബസ്സ് യാത്ര, പതിനഞ്ചു മിനിറ്റോളം നീളുന്ന ടാർ വിരിക്കാത്ത പഞ്ചായത്ത് റോഡിലൂടെ നടത്തം, പിന്നെ ഒരു ഇടവഴി താണ്ടൽ, പാടവരമ്പിലൂടെ പാടം മുറിച്ചുകടക്കൽ, കഴിഞ്ഞെത്തിയത് കിളയ്ക്കാതെയും കൃഷി ഇറക്കാതെയും കാടു കയറിക്കിടക്കുന്ന ഒരു തുണ്ടു പുരയിടത്ത്.
പുരയിടത്തിന്റെ ഏതാണ്ട് നടുവിലായിട്ടാണ് വീട്. പാടത്തു നിന്നും കയറിയാൽ രണ്ടു മൂന്നടി വീതിയുള്ള നടപ്പാത, പുല്ലൊക്കെ ചെത്തി വൃത്തിയാക്കിയിട്ടുള്ളതാണ്, ഒരുപക്ഷെ, ഈ ഓണക്കാലത്ത് വൃത്തിയാക്കിയതാകാം .
വിശാലമായ മുററവും വൃത്തിയും വെടിപ്പുമുള്ളതാണ്. മുററത്തിന് നടുവിലുള്ള തുളസിത്തറയിൽ രാവിലെ വിളക്കു കൊളുത്തി വച്ചിരിക്കുന്നു. പക്ഷെ വാതിലുകളെല്ലാം അടഞ്ഞതാണ്.
അവൾ ഇറയത്ത് കയറി, വാതിലിൽ തട്ടിവിളിക്കുകയും, വീടിന്റെ ചുററും നടന്നു നോക്കുകയും ചെയ്തു. മടിപ്പു തോന്നിയപ്പോൾ വരാന്തയിലെ അരമതിലിൽ കയറിയിരുന്നു.
അധിക സമയം കാക്കേണ്ടി വന്നില്ല. പാടം മുറിച്ച് കടന്നു വരുന്ന സ്‌ത്രീയെ അവർക്ക് കാണാൻ കഴിഞ്ഞു.
സെററു മുണ്ടും പച്ചനിറത്തിലുള്ള ബ്ലൌസും നരച്ച തലമുടിയു
മുള്ള സ്ത്രി അടുത്തടുത്ത്, മുററത്ത് വന്നപ്പോ വ്യാസന്റെ ഛായുണ്ടായി, പ്രായം കൂടുതൽ ഉണ്ടെങ്കിലും.
മുററത്ത് നിന്നു തന്നെ അരമതിലിൽ ഇരിക്കുന്ന സ്ത്രീകളെ
ശ്രദ്ധിച്ചു കൊണ്ടാണ് അവർ വരാന്തയിൽ കയറിയത്.
ഇറയത്ത് കയറിയപ്പോഴേയ്ക്കും അവരുടെ മുഖത്ത് ഒരു പുഞ്ചിരി എത്തിയിരുന്നു, പരിചിതരെ കണ്ടതു പോലെ.
സ്ത്രീകൾ എഴുന്നേററുനിന്നു. അവർ അടുത്തു വന്നു നിന്ന് മനസ്സിലായി എന്ന് ധ്വനിപ്പിക്കുമാറ് നിറഞ്ഞ് ചിരിച്ചു.
“സൌമ്യയല്ലെ?……. സലോമി, അശ്വതി?”
സ്ത്രീകൾ അമ്പരന്നുപോയി.
“ഇന്നലെ അവിടെ ഉണ്ടായതെല്ലാം അവൻ എന്നോട്‌പറഞ്ഞിരുന്നു, നിങ്ങൾ അന്വേഷിച്ചെത്താൻ സാദ്ധ്യതയുണ്ടെന്നും.”
അവർ ഒരു കതക് തുറന്ന് സ്ത്രീകളെ ക്ഷണിച്ചു.
“വന്നോളൂ…. നിങ്ങളെത്തിയാൽ അവൻ വരുംവരെ കാക്കണമെന്നു പറഞ്ഞു. എന്തോ അത്യാവശ്യത്തിന് തിരുവന
ന്തപുരത്തിന് പോയതാണ്. ഇന്നു തന്നെ എത്താതിരിക്കില്ല….
ഞാൻ വ്യാസന്റെ അമ്മയാണ്… ഇഷ്ടമെങ്കിൽ നിങ്ങൾക്കും
“അമ്മെ” എന്നു വിളിക്കാം.”
അമ്മ അവർക്കായിട്ട് വാതിലുകളും ജനാലകളും തുറന്നിട്ടു കൊടുത്ത മുറി അവർക്കായിട്ട് വൃത്തിയാക്കിച്ചതായിട്ടുതോന്നും .
അമ്മയ്ക്കും മകനും ഈ വലിയ വീട്ടിലെ രണ്ടു മുറികളും ഇറയവും അടുക്കളയും മാത്രമേ ആവശ്യമുള്ളു. ബാക്കിയിടമെല്ലാം ഉപയോഗിക്കാൻ കഴിയാതെ അടഞ്ഞും അടയാതെയും അലങ്കോലമായിട്ടാണ് കിടക്കുന്നത്. തലേന്ന് രാത്രി നഗരത്തിലെ വിപണന പരസ്യം കഴിഞ്ഞ് മടങ്ങി എത്തിയശേഷമാണ് ഏതോ കൂലിക്കാരനെ വിളിച്ച് ഒരു മുറി അടിച്ചുവാരി വൃത്തിയാക്കിയതത്രെ.
അമ്മയുടെ നാവിൽ നിന്നും ഉരുത്തിരിഞ്ഞെത്തുന്നതെല്ലാം
കണ്മിഴിച്ചിരുന്നു കേൾക്കാനേ സൌമ്യയ്ക്കും കൂട്ടകാരികൾക്കും കഴിഞ്ഞൊള്ളു,
ആരോമൽച്ചേകവരുടെ തായ് വഴിയിൽ നിന്നും പിരിഞ്ഞ് അകന്നു പോയൊരു ചേകവർ തറവാട്. ആരോമലിനെപ്പോലെ തന്നെ പേരും, പ്രശസ്തിയും, ആയുധബലവുമുണ്ടായിരുന്ന ചെറുപ്പക്കാർ ചവിട്ടി ഉറപ്പിച്ചതാണീ മുററം. ഈ അടഞ്ഞ്, പൊടിയും മാറാലയും മൂട ക്കിടക്കുന്ന മുറികളിൽ അവരുടെ നിശ്വാസങ്ങളും വിയർപ്പിന്റെ ഗന്ധങ്ങളും ഇപ്പോഴും തങ്ങി നിൽക്കുന്നുണ്ടാകാം .
വ്യാസന്റെ അച്ഛൻ കണ്ണപ്പന്റെ അമ്മാവൻ കുടുംബ കാരണവരായിരിക്കുമ്പോഴാണ് കണ്ണപ്പന്റെ ഭാര്യയായി ജാനു തറവാട്ടിൽ വന്നത്. അന്ന് വീടു നിറച്ചും ആളുകളായിരുന്നു. രാത്രിയിൽ കിടക്കാൻ മുറികളിൽ ഇടം തികയാത്തപ്പോൾ വരാന്തയിലും ഉറങ്ങുന്നവരുണ്ടായിരുന്നു.
കാലം വളർന്നപ്പോൾ എല്ലാം കൊഴിഞ്ഞു പോവുകയായിരുന്നു. അക്കഥകളെല്ലാം സമകാലീന ചരിത്രങ്ങൾ തന്നെയാണ്.
“വ്യാസൻ പിറക്കുമ്പോൾ വീട്ടിൽ കണ്ണപ്പന്റെ അമ്മയും മക്കളില്ലാത്ത ഭർത്താവ് ഉപേക്ഷിച്ച ഒരു ചെറിയമ്മയും കണ്ണപ്പനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ള. അമ്മയും ചെറിയമ്മയും വ്യാസന്റെ അച്ഛനും മരിച്ചപ്പോൾ വീട് രണ്ടു മുറികളം ഇറയവുമായി ചുരുങ്ങിപ്പോയി……
“അവൻ വിവാഹം കഴിച്ചത് കഥയെയാണ്. അവളോട് കിന്നാരം പറഞ്ഞ്, കഥ പറഞ്ഞ്, കവിത ചൊല്ലി അന്തിയുറങ്ങിക്കഴിയുന്നു. ഉപദേശിക്കാഞ്ഞിട്ടല്ല, കരഞ്ഞു പറയാഞ്ഞിട്ടല്ല. അവൻ അങ്ങിനെയായിപ്പോയി……”
അമ്മ കൊടുത്ത ഇഡ്‌ഡലിയും ചമ്മന്തിയും ചായയും, കഴിച്ചു. അമ്മയെ പണികളിൽ സഹായിച്ച് കഥകൾ കേട്ട് നടന്നു; പെൺ മക്കളിൽ അമ്മയ്ക്കുണ്ടാകുന്ന സ്വാതന്ത്ര്യം ആ അമ്മയ്ക്കും അനുഭവിക്കാനായി, അവരിൽ നിന്നു കിട്ടാവുന്ന സഹായവും .
“കഥ എഴുതി തുടങ്ങിയപ്പോഴെ സൌമ്യയെപ്പററി അവൻ പറയുമായിരുന്നു. സൌമ്യയുടെ ജീവിതത്തിൽ ഉണ്ടായ ദുരന്തങ്ങളെക്കുറിച്ച്, വേദനകളെക്കുറിച്ച്, അവന്റെ വർണ്ണനകളിലുള്ള ആത്മാർത്ഥതകൊണ്ടാകാം സൌമ്യയുടെ മുടിയിഴകൾ കണ്ടാൽ, ഈ വിരൽ തുമ്പ് കണ്ടാൽ കൂടി എനിക്ക് തിരിച്ചറിയാനാകും ……”
അവർ അരമതിലിൽ ഇരുന്ന് സൌമ്യയെ ചാരിയിരുത്തി, തല ചായ്ക്കാൻ മടിയിൽ ഇടം കൊടുത്തു. അവളടെ മുടിയിൽ മെല്ലെ തടവി സ്വപ്‌നം കണ്ടിരുന്നു.
അവളിലേയ്ക്ക്, ഉള്ളിന്റെ ഉള്ളിലേയ്ക്ക് അമ്മയുടെ സാന്ത്വനം ആഴ്ന്നിറങ്ങുന്നത് സൌമ്യ അറിഞ്ഞു.
അവളുടെ കണ്ണുകൾ വിറഞ്ഞു.
അമ്മയുടെ മുണ്ട് നനച്ച് തുടയിൽ നനവ് തട്ടിയപ്പോൾ അവളെ
ഉയർത്തി കണ്ണുകളിൽ നോക്കി.
കണ്ണുകളെ തുവർത്തി, അവർ അവളെ മാറോട് ചേർത്തു, പുറത്ത് തട്ടി താളം പിടിച്ചു.
സലോമിയും, അശ്വതിയും തൊടിയിലൂടെ പൂക്കളിറുത്തു നടന്ന്.
അവരുടെ നിഴലുകൾ കുറുകിക്കുറുകി ഇല്ലാതായി. വലുതായി, വലുതായി ഇല്ലാതായി.
ഇരുളിനെ പൂർത്തിയാക്കാനയി മഴ പെയ്ത തുടങ്ങി. ചിങ്ങമാ
സം അവസാനമായിട്ടു കൂടി പെയ്യുന്ന മഴയ്ക്ക് ശക്‌തി കുറഞ്ഞിട്ടില്ല. ഒരുപക്ഷെ, മിഥുനത്തിലും, കർക്കിടകത്തിലും, പെയ്യേണ്ടിയിരുന്ന മഴ കാലം വൈകി എത്തുന്നതാകാം. എന്നിട്ടും വൃഷ്ടി പ്രദേശങ്ങളിൽ മഴ കുറവാണെന്നും, വൈദ്യതി കഴിഞ്ഞ കൊല്ലങ്ങളേക്കാൾ കുറവായിരിക്കുമെന്നും ലോഡ് ഷെഡ്ഡിംഗും, പവ്വർക്കട്ടിംഗും വർദ്ധിപ്പിക്കാനേ സർക്കാരിന് കഴിയുകയുള്ളു എന്ന് പത്രങ്ങൾ പറയുന്നു.
അത്താഴം കഴിക്കാതെ അവർ വ്യാസനായി കാത്തിരുന്നു.
മഴയ്ക്ക് ശക്‌തി കുറഞ്ഞെങ്കിലും, ചാറലായി തുടരുകയാണ്. പാതിരാവോടടുത്തപ്പോഴാണ് മുൻ കതകിൽ മുട്ടന്നതു കേട്ട് കതക് തുറന്നത്, വ്യാസനെത്തിയത്.
തുറന്ന കതകിന് പിന്നിൽ അയാളുടെ പ്രതീക്ഷ പോലെ നാലു മുഖങ്ങളണ്ടായിരുന്നു. പക്ഷെ, അയാൾക്ക് സന്തോഷിക്കാനായില്ല.
അവന്റെ മ്ലാനത അമ്മയെ, മററുള്ളവരെ വേദനിപ്പിച്ചു.
പിന്നീട് മൂകരായ പാവകളെപ്പോലെ നിഴൽ നാടകമാടി….
വ്യാസൻ കുളിച്ചു വസ്‌ത്രംമാറി, അവർ അഞ്ചുപേരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു…
വ്യാസൻ ഇറയത്ത് ക്യാൻവാസ് കസാലയിൽ കാലുകൾ നീട്ടിവച്ച് മലർന്നുകിടന്നു. അവർ പെണ്ണുങ്ങൾ അരമതിലിൽ,
അയാൾക്ക് മുന്നിൽ ഇരുന്നു.
യുഗങ്ങൾക്കുമുമ്പ്, എവിടെനിന്നോ യാത്ര ചെയ്ത്‌ക്ഷീണിച്ചെത്തിയൊരു ശബ്‌ദത്തിൽ അയാൾ പറഞ്ഞു.
“കഴിഞ്ഞ പുലർച്ചയ്ക്ക് ഉണ്ണിയുടെ വിധി നടപ്പാക്കി. വധശിക്ഷ…പ്രസിഡന്റിന് ദയാഹർജി കൊടുത്തിരുന്നതാണ്, പക്ഷെ……”
വെറുമൊരു മന്ത്രണമായിരുന്നെങ്കിലും സൌമ്യയുടെ കാതുകളിൽ അതൊരു പെരുമ്പറയായി അലച്ചു കയറി.
ചെവി പൊട്ടി, ശിരസ്സുടഞ്ഞ് അവൾ മരവിച്ചിരുന്നു.
മരവിപ്പ് മാറിയ അതേ നിമിഷം തന്നെ അവൾ ഇറങ്ങി ഓടി,
മഴയിലൂടെ……
മുററത്തുകൂടി……
ചെത്തിമിനുക്കിയ വഴിയിലൂടെ……
പാടവരമ്പിലൂടെ. …..
ഇടവഴിയിലൂടെ……… @@@@@@