Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഒൻപത്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

            സുദേവ് മുറിയില്‍ നിവേദിതയെ തനിച്ചാക്കി വിസിറ്റിംഗ് റൂമില്‍ വന്ന് ടിവിയില്‍ സത്യന്‍  അന്തിക്കാടിന്‍റെ ഒരു ഇന്ത്യന്‍ പ്രണയകഥ കണ്ടിരുന്നു.

       നിവേദിത, ലത അയച്ച മെയിലിലെ രണ്ടാമത്തെ ഫയല്‍ ലാപ്ടോപ്പില്‍ വായിച്ചു, പ്രിന്‍റ് എടുത്തതില്‍ ചിലയിടത്തെ മങ്ങല്‍ വായനയുടെ സുഖത്തെ ഇല്ലാതാക്കുന്നതു കൊണ്ട്.

       അവന്‍ ഓല മറയുടെ കിഴിഞ്ഞുപോയ ഭാഗത്തു കൂടി അകത്തേക്ക് നോക്കി നിന്നു.  അകത്ത് നിന്നും വരുന്ന മണം അവനെ മത്തു പിടിപ്പിക്കുന്നുണ്ട്.  മണം കിഴിഞ്ഞുപോയ ഭഗത്തു കൂടി മാത്രമല്ല വരുന്നത്.  കിഴിഞ്ഞതു കൂടാതെ മണത്തിന് നൂഴ്ന്നിറങ്ങി വന്ന് അവനെ മൂടാന്‍ എന്തു മാത്രം തുളകളാണ് ഓല മറക്ക്.  ഓല മറ മാത്രമല്ല മണത്തിനെ പുറത്ത് വിടുന്നത് ഓല മേഞ്ഞിരിക്കുന്നതു പോലും മണത്തിന് പുറത്ത് കടക്കാന്‍ പാകത്തിനാണ്. കുന്നു കയറി ആദ്യമായിട്ടാണ് അവനിവിടെയെത്തിയത്.  എന്തിനെത്തിയെന്നോ,  പ്രേരിതമെന്തെന്നോ അവനറിയില്ല. കടത്തിണ്ണയില്‍, വെള്ളകീറിയപ്പോള്‍ എഴുന്നേറ്റിരുന്ന് കണ്ണ് തിരുമ്മിത്തുറന്ന് റോഡിലേക്ക് നോക്കിയിരിക്കവെ ആരോ വിളിച്ചെന്ന് തോന്നി, വെറുതെ നടന്നു.  എഴുന്നേറ്റാലുടന്‍ പോയിക്കൊണ്ടിരുന്നത് പ്രകാശ് ഹോട്ടലിന്‍റെ എച്ചില്‍ തൊട്ടിയുടെ അടുത്തേക്കാണ്.  തലേന്നാളത്തെ ഇലകളെല്ലാം വാരി വലിയ കുഴിയിലിട്ടിട്ടുണ്ടാകും.  ഇനിയും ഇല വീഴാന്‍ കുറേ സമയം കഴിയേണ്ടിയിരിക്കുന്നു.  വീണാലും രാവിലത്തെ ഇലയില്‍ ഒന്നും ബാക്കി കാണില്ല.  ഇഡ്ഡലിയും ദോശയും ചട്ടിണിയും കൂടിക്കഴിച്ചാല്‍ എന്ത് ബാക്കി വരാനാണ്.  ഏത്തപ്പഴം പുഴുങ്ങിയ തൊലിയുണ്ടെങ്കില്‍ വെറുതെ എടുത്തൊന്നു നക്കാം.  ഈയിടയായിട്ട് അവന് തൊട്ടിയിലെ അവശേഷിപ്പു കൊണ്ട് വയറു നിറയാതെ വന്നിരിക്കുന്നു.  ചന്തയിലും അങ്ങാടിയിലും കറങ്ങിത്തിരിഞ്ഞ് കൈ നീട്ടിത്തുടങ്ങിയിരിക്കുന്നു.  ചിലപ്പോള്‍ ആരെങ്കിലും ഒരു പൈസ, രണ്ടു പൈസയൊക്കെ കൊടുത്താലായി.

       വെറുതെ നടന്നതായിരുന്നു, കണ്ട വഴിയെ.  റോഡു വക്കത്തെ ഓലക്കുടിലിന്‍റെ തിണ്ണയില്‍ രണ്ടു ഡെസ്ക്കും, രണ്ടു ബെഞ്ചും കിടക്കുന്നതു കണ്ട് വെറുതെ നോക്കി നിന്നും.  വെറുതെ നോക്കി നില്‍ക്കവെ, ഒരാള്‍ നടന്നു വന്നു വെറുതെയെന്ന പോലെ ബെഞ്ചിലിരുന്നു.  അയാളെ കണ്ടാല്‍ മുഖം കഴുകിയതായും, വായില്‍ വെള്ളമൊഴിച്ചതായും തോന്നിയില്ല.  അവനും അതൊന്നും ചെയ്തിട്ടില്ല.  അതിന്‍റെ ഒന്നും ആവശ്യം അവന് അറിയുകയുമില്ല.  വന്ന് ബെഞ്ചിലിരുന്ന ആള്‍ക്ക് അറിയാമെന്ന കാര്യവും അവനറിയില്ല.  പക്ഷെ, അവന്‍ ഇതൊന്നുമായിരുന്നില്ല ചിന്തിച്ചത്.  അല്ല, അവന്‍ ഒന്നും ചിന്തിച്ചില്ല.  ചിന്തിക്കാന്‍ പാകത്തിന് അവന് പ്രായമായിട്ടില്ല.  പോരാത്തതിന് മുഖം കഴുകി വായില്‍ വെള്ളം കൊണ്ട്, ഉറക്കച്ചടവിനെ അകറ്റി ചിന്തിക്കാന്‍ പാകത്തിന് അവന്‍റ മനസ്സിനെ ആരും ഉണര്‍ത്തിയിട്ടില്ല.

       അങ്ങിനെ വെറുതെ നോക്കി നില്‍ക്കവെയാണ് മണം അവനെ മത്തു പിടിപ്പിക്കാനായിട്ട് പറന്നു വന്നത്.  പറന്നു വന്ന മണം അവനെ കൂച്ചു വിലങ്ങിട്ട് പിടിച്ചു വലിച്ച് കിഴിഞ്ഞുപോയ ഓല മറയുടെ വിടവിലൂടെ അകത്തേക്ക് നോക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.  അവിടെ ഒരു കുറ്റിയില്‍ പുട്ടു വേവുന്നു, ഒരടുപ്പില്‍, കല്ലില്‍ ദോശ വേകുന്നു.  അടുത്ത മേശയില്‍ തുറന്നു വച്ചിരിക്കുന്ന ചട്ടിയില്‍ ആവി പറത്തി കടലക്കറിയിരിക്കുന്നു.  അടുപ്പിനടുത്ത് ചട്ടുകവുമായി കുഞ്ഞാറുമേരി വേകുന്ന ദോശ മറിച്ചിടാനായി നില്‍ക്കുന്നു.  അവനെ  അവള്‍ കണ്ടില്ല.  കറുത്തിരുണ്ടിട്ടാണ് മേരി.  മുഖം കഴുകി മുടി കോതി മിനുക്കി കെട്ടി കൈലി മുണ്ടും ചട്ടയുമിട്ട് അവനേക്കാള്‍ ഇരട്ടി വലുപ്പത്തില്‍.  എന്തുകൊണ്ടോ അവന് അവളെ ഇഷ്ടമായി.  അവളെ നോക്കി മതിയായപ്പോള്‍ വീണ്ടും മേശയില്‍ വാഴയിലയില്‍ കുത്തി വച്ചിരിക്കുന്ന പുട്ടിലേക്കും, ചുട്ടു വച്ചിരിക്കുന്ന ദോശയിലേക്കും നോക്കി നിന്നു.  നാവില്‍ ഊറിയ വെള്ളം ഉള്ളിലേക്കിറക്കി.  അപ്പോള്‍ ഒരു ബഹളം കേട്ടു.  ആ ശബ്ദം കേട്ടിരിക്കാം മേരി പുറത്തേക്ക് നോക്കി.  ഓല കിഴിഞ്ഞ വഴിയെ, നേരും പരപാ വെളുത്തെങ്കിലും രണ്ടു കണ്ണുകള്‍ കണ്ട് അവളൊന്നു ഞെട്ടി.  ചട്ടുകത്തെ ബലത്തില്‍ പിടിച്ചു കൊണ്ട് അടിക്കാനോങ്ങി പറത്തേക്ക് വന്നു.

       നീയേതാടാ…?

       അവനൊനും മിണ്ടിയില്ല.  മിണ്ടാന്‍ വേണ്ടതായ ഒന്നും അവനില്‍ ഇല്ലായിരുന്നു.  അവന്‍ ആരാണെന്നോ, ഏതാണെന്നോ, എന്താണെന്നോ, എന്തിനാണെന്നോ മുമ്പ് ആരും ചോദിക്കുകയോ അവനെന്തെങ്കിലും പറയുകയോ ചെയ്തിട്ടില്ല. തൊട്ടിയില്‍ ഇറങ്ങി നിന്ന് ഇലകളെ മറിച്ച് ശേഷിപ്പുകളെ തിരയുമ്പോള്‍ അവനെപ്പോലെ വന്ന് തൊട്ടിയില്‍ ചാടുന്ന പിള്ളേരോട് ഇങ്ങിനെയുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ടി വന്നിട്ടില്ല.  അവരും അവനോടൊന്നും ചേദിച്ചിട്ടില്ല.  അവിടെ ഉന്തും തള്ളും കലഹവും തെറി പറച്ചിലും മാത്രമേ ആവശ്യമുള്ളൂ.  അത് അവന്‍ നന്നയി പഠിച്ചു വച്ചിട്ടുമുണ്ട്. അവന്‍റെ ഇരട്ടിയുള്ള വരെ തൊട്ടിക്ക് പുറത്താക്കാനുള്ള ശേഷിയും അവനുണ്ട്.  അവന്‍ മേരിയെ നോക്കി വെറുതെ നിന്നും.

       അവള്‍ അവനെ കണ്ടു. ഇറുനിറത്തിലെ എട്ടു വയസ്സുകാരന്‍.  ഇരുന്നു നിരങ്ങി ചന്തി കീറിയ വള്ളി നിക്കര്‍, വെള്ളം കണ്ടിട്ട് മാസങ്ങള്‍ കഴിഞ്ഞുള്ള വര്‍ണ്ണത്തില്‍, മുട്ടിലും പാദങ്ങളിലും തലേന്നാള്‍ എച്ചില്‍ തൊട്ടിയില്‍ നിന്നും പറ്റിയ അവശിഷ്ടങ്ങള്‍, കൈമുട്ടുകളിലും കാല്‍ മുട്ടകളിലും ചെളി ഉരുണ്ടകൂടിയിട്ട് കൂടുതല്‍ ഇരുണ്ടിരിക്കുന്നു.  എണ്ണ മയമില്ലാതെ ചപ്രച്ച്, നീണ്ട് കാടു പിടിച്ചതു പോലെ മുടി.

       അവള്‍ ചട്ടുകം മേശമേല്‍ വച്ച് പുറത്തേക്ക് വന്നു.  തിണ്ണയില്‍ ആദ്യം എത്തിയ പറ്റുകാരനും അവനെ നോക്കിയിരുന്ന് ശ്വാസം വലിക്കുകയാണ്.   വിലിവിന്‍റെ അസുഖമുള്ളതു കൊണ്ട് കിട്ടാത്ത ശ്വാസത്തെ ആവതും ശക്തിയില്‍ വലിച്ച് കയറ്റി ആയാളുടെ കണ്ണുകള്‍ തുറിച്ചു പോയിരിക്കുന്നു.  എന്നിട്ടും ബീഡി പുക കൂടി വലിച്ചു കയറ്റി കൊണ്ടിരിക്കുന്നു.

       വാടാ…

       അവള്‍ വിളിച്ചു. മടിച്ചു മടിച്ച് അവന്‍ അവള്‍ക്കരുകിലേക്ക് വന്നു.

       നെക്കെന്നാ വേണം…?

       അവന്‍ ഒന്നും പറയാതെ കുത്തി വച്ചിരിക്കുന്ന പുട്ടിലേക്കും, ചുട്ടു വച്ചിരിക്കുന്ന ദോശയിലേക്കും നോക്കി നിന്നു.

       നീയാ തൊട്ടീന്ന് മൊഖോം വായും കഴുകിയേച്ചു വാ….

       അവന്‍ മുഖവും വായും കഴുകി തിണ്ണയിലെ ബെഞ്ചില്‍ കയറിയിരുന്നപ്പോള്‍ അവള്‍ പുട്ടും കടലക്കറിയും വാഴയിലക്കീറില്‍ അവനു മുന്നില്‍ വച്ചു കൊടുത്തു.  അവന്‍ തിന്നാതെ അത്ഭുതത്തോടെ അവളെയും ശ്വാസം വലിച്ച് വിഷമിക്കുന്ന അയാളെയും നോക്കി ഒരു നിമിഷമിരുന്നു.  പിന്നീട് കണ്ണും കാതും മൂക്കുമില്ലാത്തവനെപ്പോലെ തിന്നു തുടങ്ങി.  ആദ്യം കൊടുത്തതും രണ്ടാമതു കൊടുത്തതും മൂന്നാമതു കൊടുത്തതും തിന്നു തീര്‍ന്നപ്പോള്‍ അവന്‍ ക്ഷീണിതനായിപ്പോയി.  ബെഞ്ചില്‍ നിന്നും താഴെയിറങ്ങി കൈ കഴുകി വന്ന് ഒരു മൂലയില്‍ തൂണില്‍ ചാരിയിരുന്നു.  കടയിലേക്ക് ചായകുടിക്കാരും ബീഡി വലിക്കാരും വന്നും പോയുമിരുന്നു. അവനെക്കണ്ട് പലരും ചോദിച്ചു.

       ഇതേതാടി ഈ ചെറുക്കന്‍…?

       പക്ഷെ, ആരും അവനെ കുറ്റക്കാട്ടില്‍ മരിച്ചു കിടന്ന ഭ്രാന്തിയുടെ മകനെന്ന് പറഞ്ഞില്ല.  കാരണം അന്നത്തേക്കാള്‍ അവന്‍ വളര്‍ന്നിരുക്കുന്നു. ഭ്രാന്തിയുടെ ദേഹത്ത് പറ്റിയിരുന്ന സമയത്ത് അവന് പൂച്ചകുഞ്ഞിന്‍റ വലിപ്പമേ ഉണ്ടായിരുന്നുള്ളൂ.  ഭ്രാന്തിയില്‍ നിന്നും അടര്‍ന്നു മാറി എച്ചില്‍ തൊട്ടിയില്‍ കിടന്ന് ആഹരിച്ചും ആഹരിക്കാതെയും അടികൂടിയും വളര്‍ന്നിരിക്കുന്നു.  ഇപ്പോള്‍ അവന് എച്ചില്‍ തൊട്ടിയില്‍ നിന്നും കിട്ടുന്നതു കൊണ്ട് തികയാതെ വന്നിരിക്കുന്നു.  തീറ്റതേടി പുഴുക്കള്‍ ഇലകള്‍ തീര്‍ന്ന മരത്തില്‍ നിന്നും തളിര്‍ത്ത് നില്‍ക്കുന്ന അടുത്ത മരത്തിലേക്ക് ചേക്കേറും പോലെ അവന്‍ എച്ചില്‍ തൊട്ടി വിട്ട് പുറത്തേക്ക് വരികയായിരുന്നു.

       തൂണില്‍ ചാരിയിരിന്നു മടുത്തപ്പോള്‍ തറയില്‍ ചുരുണ്ടുകൂടി കിടന്നവനുറങ്ങി.

        പട്ടിക്കുട്ടി കിടക്കും പോലെയെന്ന് ആരോ പറഞ്ഞു.  പറഞ്ഞത് മേരിക്ക് ദഹിച്ചില്ല. പറഞ്ഞയാള്‍ സ്ഥിരും പറ്റുകാരനാണെന്ന് മാനിക്കാതെ, പോടാ….. മോനെയെന്ന് അവള്‍ പറയുകയും, അയാള്‍ നീ പെറ്റതാണേല്‍ ചൊമന്നോണ്ടു നടക്കുന്നതു കണ്ടില്ലല്ലോടിയെന്ന് ചോദിച്ച് കളിയാക്കുകയും,  ആരാടി ഇതിന്‍റെയൊടയോനെന്ന് ആക്രോശിക്കുകയും, അപ്പം നിനക്ക് ഞങ്ങളറിയാത്ത ഒരുത്തനുമായിട്ട് എടപാടുകളുണ്ടല്ലേയെന്ന് ആരോപിക്കുകയും ചെയ്ത് കടയില്‍ ബഹളമാവുകയും മേരി ചായ അടി നിര്‍ത്തി അടുപ്പിന്‍ ചുവട്ടില്‍ കുന്തക്കാലില്‍ പിണങ്ങിയിരിക്കുകയും ചെയ്തു.  രാവിലത്തെ ചായ കുടിക്കാനെത്തി, വെള്ളം പോലും കിട്ടാതെ വലഞ്ഞവര്‍ പറഞ്ഞവനും ചോദിച്ചവനും വേണ്ടി ക്ഷമ ചോദിക്കുകയും മദ്ധ്യ വയസ്സു കഴിഞ്ഞ ലോനപ്പന്‍ അവളുടെ ദേഹത്ത് തട്ടി സമാധാനിപ്പിക്കുകയും ചെയ്തു.  ഒന്നു തൊടാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മറ്റുള്ളവരും അറിയാന്‍ വേണ്ടി അയാളുടെ മുഖത്ത് പുഞ്ചിരിയായി തെളിക്കുകയും,     കണ്ടു നിന്നതില്‍ ഒരാള്‍ അവളെ രമ്യതയിലാക്കാന്‍ ലോനപ്പന്‍ ചെയ്തതു പോലെ ദേഹത്തൊന്നു തട്ടിക്കളയാമെന്ന് കരുതി അവളുടെ അടുത്തെത്തുകയും അയാളുടെ ദുരുദ്ദേശം അവള്‍ക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞതു കൊണ്ട്  നടക്കാതെ വരികയും, അവള്‍ തണുക്കുകയും എഴുന്നേറ്റ,് പുറത്തിറങ്ങി കത്തിക്കൊണ്ടിരുന്ന  തീക്കൊള്ളി ഉള്ളിലേക്ക് തള്ളി വച്ച് വീണ്ടും ചായ അടിക്കാന്‍ തുടങ്ങുകയും ചെയ്തു.  വന്നവര്‍, വന്നവര്‍ ചായയും പുട്ടും ദോശയും കഴിച്ച് പിരിഞ്ഞ് വെയില്‍ കനത്ത് കടയില്‍ ആരുമില്ലാതായപ്പോള്‍ അവനെ വിളിച്ചുണര്‍ത്തി.

       നീയേതാടാ…പേരെന്നതാടാ…?

       അവന്‍ ഒന്നും പറഞ്ഞില്ല.  അപ്പോളവള്‍ ചായ കുടിക്കാന്‍ വന്ന ഒരാള്‍ പറഞ്ഞ കാര്യം ഓര്‍മ്മിച്ചു.  ഈ ചെറുക്കനെ ചന്തേലെ തെണ്ടിപ്പിള്ളേരും കൂടെ കണ്ടിട്ടൊണ്ട്.  ഏതോ നല്ല തന്തക്കും തള്ളക്കും ഒണ്ടായതാ നെറം കണ്ടില്ലേ… പെറ്റിട്ടേച്ചു പോയതായിരിക്കും… നീയെടുത്തോടി ഒരു തൊണയാകും… അവള്‍ക്കും അങ്ങിനെ തന്നെ തോന്നി.

       എടാ… നിന്നെ ഞാന്‍ രാജനെന്ന് വിളിക്കാം….

       അവനൊന്നു തലയാട്ടി.

       നീയിവിടെ നിന്നോ… തിന്നാനൊക്കെത്തരാം… എന്നെ സഹായിക്കണം.

       അവനൊന്നു മൂളി.

       മേരി തോട്ടില്‍ കുളിക്കാന്‍ പോയപ്പോള്‍ അവനെ കൂടെ കൊണ്ടു പോയി, അവള്‍ തുണി അലക്കുന്നതു വരെ കരയില്‍ തോടുകണ്ട്, തോടിന്‍റെ കര കണ്ട്, തോട്ടിലൂടെ യഥേഷ്ടം നീന്തി പോകുന്ന നീര്‍ക്കോലിയെ നോക്കി മന്ദഹസിച്ച്… നീര്‍ക്കോലിയെ കണ്ട് മുങ്ങാകുഴിയിട്ട് ഒളിച്ച മഞ്ഞത്തവളയെ കണ്ട് കയ്യടിച്ചിരുന്നു.  അവള്‍ കുളിക്കാന്‍ തോട്ടിലിറങ്ങിയപ്പോള്‍ അവനെകൂടെയിറക്കി.  അവന്‍റെ ചന്തി കീറിയ വള്ളി നിക്കര്‍ പറിച്ച് പൊന്തക്കാട്ടിലേക്കെറിഞ്ഞു അവനെ വെള്ളത്തില്‍ മുക്കിയെടുത്ത് അലക്കു കല്ലില്‍ ഇരുത്തി  ഇഞ്ചയും സോപ്പും ചേര്‍ത്തു തേച്ച് ചെളിയിളക്കി കുളിപ്പിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ക്കവനെ വല്ലാതെ ഇഷ്ടമായി, അവനും.

       അവനോതോ നല്ല വീട്ടില്‍ പിറന്നതു തന്നെ, ഇരിക്കട്ടെ ഒരുതുണയായാലോ….

       അന്നു തന്നെ ചന്തയില്‍ നിന്നും കുറവന്‍ കുട്ടപ്പന്‍റെ കയ്യില്‍ നിന്നും എട്ടണക്ക് രണ്ട് വള്ളി നിക്കറും പത്തണക്ക് രണ്ട് കുട്ടിയുടുപ്പും വാങ്ങി അവനെ ഇടുവിച്ചു. ഷര്‍ട്ടും നിക്കറും കൊണ്ടു വരും വരെ തോര്‍ത്ത ഉടുപ്പിച്ച് കടയുടെ തിണ്ണയില്‍ തന്നെ ഇരുത്തി.  ഷര്‍ട്ടും നിക്കറും ഇട്ടു കഴിഞ്ഞപ്പോള്‍ അവനോട് ഉറക്കും തൂങ്ങയിരിക്കാതെ കടയിലെ പണികള്‍ ചെയ്യാന്‍ പറഞ്ഞു.  അവനൊന്നും അറിയില്ലെങ്കിലും അവളുടെ മുണ്ടിന്‍റെ കോന്തലയില്‍ തൂങ്ങി അവളോടൊട്ടി നടന്നു.

       അന്തി മയങ്ങിയപ്പോള്‍ കടയിലെ പണികളൊക്കെ ഒതുക്കി, മുന്‍ വശം ഓലമറത്തട്ടി കൊണ്ട് അടച്ച് കയറു കെട്ടിക്കഴിഞ്ഞ് അവള്‍ സമാധാനമായിട്ട് അവന്‍റെ അടുത്ത് തൂണില്‍ ചാരിയിരുന്നു.  അവനെ ചേര്‍ത്തു പിടിച്ചു.

       നെനക്കെന്നെയിഷ്ടമായോ….?

       ഉം…

       അവന്‍ മൂളുക മാത്രമല്ല ചെയ്തത്, തേച്ചു കുളികഴിഞ്ഞപ്പോള്‍, ചെളിയെല്ലാമിളകിപ്പോയി തെളിഞ്ഞ മുഖം പൂപോലെ വിടര്‍ന്നു.

       രാത്രിയില്‍ കഞ്ഞിയും ഉണക്കമീന്‍ ചുട്ടതും ചമ്മന്തിയും കഴിച്ചു കഴിഞ്ഞപ്പേള്‍ അവന്‍ കൂടുതല്‍ ക്ഷീണിതനായി.  കടയുടെ ചായ്പില്‍ ചാക്കു വിരിച്ച്, മുകളില്‍ പായ വിരിച്ച് അവര്‍ കിടന്നു.  അവളുടെ ദേഹത്തോടൊട്ടി കിടന്നപ്പോള്‍ അവന്‍ അമ്മയെ ഓര്‍ത്തു. കടത്തിണ്ണയില്‍ അവനും അമ്മയും കിടന്നിരുന്നതിന്‍റെ ഓര്‍മ്മ.

       മേരിക്ക് വാത്സല്യം തോന്നിത്തുടങ്ങി.  ചേര്‍ത്തു കിടത്തിയിട്ടും മതിയാകാതെ ജെമ്പറിന്‍റെ പിന്നുകള്‍ വിടര്‍ത്തി മാറിലേക്ക് അവന്‍റെ മുഖത്തെ പൂഴ്ത്തി.

       കുച്ചോടാ… മോന്‍ പാലു കുച്ചോടാ… അമ്മേടെ ചക്കരയല്ലേ……

       ആ അമ്മയുടെ ചക്കരയായി രാജന്‍ അവിടെ കഴിഞ്ഞു.

***

       ഒര്‍ദ്ധരാത്രി കഴിഞ്ഞ നേരം. പകല്‍ മുഴുവന്‍ ശക്തിയായി മഴ പെയ്തു കൊണ്ടിരുന്നതിനാല്‍, തോര്‍ന്നിട്ടുണ്ടെങ്കിലും നല്ല തണുപ്പ് നില നില്‍ക്കുന്ന നേരം.  ഓല മറയുടെ ഓരോ തുളകള്‍ വഴിയും തണുപ്പ് അകത്തേക്ക് വന്ന് പുതപ്പിനടിയില്‍ രാജനെ ചേര്‍ത്ത്, കെട്ടിപ്പിച്ചു കിടന്നിട്ടും തണുപ്പ് ആറാതെ തുടരുന്ന സമയത്ത് മേരിയുടെ ചെറ്റ മറയെ തട്ടിക്കൊണ്ട് ഒരു വിളിയുയര്‍ന്നു.

       എടീ മേരീ… എഴുന്നേറ്റേ… എടീ മേരീ….

       തണുപ്പിന്‍റെ ആധിക്യത്തില്‍ ശക്തമായ ഉറക്കം മേരിയെ വിട്ട് പറന്നു കളിച്ചു കൊണ്ടിരുന്നതിനാല്‍, അവള്‍ വേഗത്തില്‍ തന്നെ കേട്ടു.  ആളെ തിരിച്ചറിയുകയും ചയ്തു.

       കല്ല്യാണിച്ചേച്ചി.

       മേരി ചെറുക്കനെ വിടര്‍ത്തി മാറ്റി പുതപ്പിനടിയില്‍ തന്നെ കിടത്തി തീപ്പെട്ടിയുരച്ച് മണ്ണെണ്ണ വിളക്ക് കത്തിച്ച് ചെറ്റ മറ നീക്കി കല്ല്യാണിത്തള്ളയെ നോക്കി.

       എന്നാ ചേച്ചി…

       കല്ല്യാണിത്തള്ള മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ചെറിയ ഒരു അരിക്കലാമ്പിന്‍റെ വെളിച്ചവും കൂട്ടായിട്ട്.  ആ വെളിച്ചത്തില്‍ കല്ല്യാണിത്തള്ളയുടെ മുഖം വക്രിച്ചത് മേരി കണ്ടു.  എന്തിനാണെന്നു മാത്രം വേഗം പിടികിട്ടിയില്ല.

       നശൂലം…. ജെമ്പറിന്‍റെ പിന്നു കുത്തെടി….

       ഓ…

       മേരി څഅയ്യേچ എന്നായിപ്പോയി.  അവള്‍ വിളക്ക് താഴെ വച്ച് കല്ല്യാണിത്തള്ളക്ക് മുഖം തിരിഞ്ഞു നിന്ന് ജെമ്പറിന്‍റെ  പിന്നു കുത്തി.

       നീയാ ചെറുക്കനേം നെഞ്ചത്തു കേറ്റി കെടത്തിയാ ഒറക്കം അല്ലേ… സൂക്ഷിച്ചേ… ചെറുക്കന്‍ ചൂടു പറ്റിയാല്‍ പിന്നെ എറങ്ങത്തില്ല….

       വേണ്ട… അവനെന്‍റെ മോനാ…

       ഓ…ഇപ്പം അങ്ങനൊക്കെ തോന്നും… ഓ… ഒക്കെ നെന്‍റെ ഇഷ്ടം…നീ കൂടെ വന്നേ..  എനിക്കൊരു കോളു വന്നിട്ടൊണ്ട്….

       ചേച്ചി ഞാന്‍…..

       കല്ല്യാണിത്തള്ളക്ക് മേരിയുടെ വിമ്മിട്ടം മനസ്സിലായി, നേരത്തെ അവള്‍ എപ്പോള്‍ വിളിച്ചാലും കൂടെവരുന്നതാണ്.  ശിഷ്യയാണോന്ന് ചെലരൊക്കെ ചോദിച്ചട്ടുമുണ്ട്.

       ഓ.. ചെറുക്കനെ കൂടെയെടുത്തോ….

       മേരി അവനെ വിളിച്ചുണര്‍ത്തി. തണുപ്പ് കൊണ്ടവന്‍ ഉരുണ്ടു പിരണ്ട് ഒഴിയും പോലെ കിടന്നതാണ്.  വീണ്ടും തട്ടി വിളിച്ചപ്പോള്‍ എഴുന്നേറ്റുവന്നു.  എടുക്കേണ്ട കാര്യമുണ്ടായില്ല മേരിക്ക്, അവന്‍ ഉഷാറായി കൂടെ നടന്നു.    കല്ലയാണിത്തള്ളയുടെ തിണ്ണയില്‍ അവരെ കാത്ത് രണ്ടു പേര്‍ നിന്നിരുന്നു.

       തോണിക്കലെ ഔസൂഞ്ഞും അനിയനുമാ… മേരിക്കറിയില്ലെ…. അനിയന്‍റെ പെണ്ണിനാ… ഔസൂഞ്ഞിന്‍റെ കെട്ടിയോളാണേലവിടില്ലതാനം… അതുകൊണ്ടാ നിന്നെ വിളിച്ചത്….

       ചൂട്ടു കത്തിച്ച് ഔസുഞ്ഞ് മുന്നിലും, മറ്റൊരു ചൂട്ടുമായി അനിയന്‍ തൊമ്മിച്ചന്‍ പിന്നലും നടന്നു.  ഒരാള്‍ പൊക്കത്തില്‍ രണ്ടു വശത്തും കയ്യാലകള്‍ വളര്‍ന്നു നില്‍ക്കുണ്ട്.  രണ്ടു കയ്യാലകളുടേയും ഇടയിലൂടെ രണ്ടടി വീതിയില്‍ നടപ്പു വഴിയും.  ചൂട്ടിന്‍റെ മിന്നലു കണ്ടിട്ട് കയ്യാല പുറത്ത് നില്‍ക്കുന്ന കാട്ടു ചെടികള്‍ക്ക് ദേഷ്യം വരുന്നതു പോലെ തോന്നി,  അവരുടെ ഉറക്കത്തെ കെടുത്തിയതില്‍.  ഒരു പെരുച്ചാഴി വന്ന് കയ്യാല മുകളില്‍ നിന്നു നോക്കിയിട്ട് പിന്‍ വലിഞ്ഞു കളഞ്ഞു.

       കല്ല്യാണിത്തള്ള എന്തോ മണത്തിട്ട് പറഞ്ഞു.

       ഇപ്പം ഒരുത്തന്‍ ഇതിലേ കടന്നു പോയതേ ഒള്ളൂ…

       ആരാ…?

       നല്ലയിനമാ…

       മേരി ഒന്ന് ഞെട്ടി. അവള്‍  രാജനെ ഒക്കത്തെടുത്തു വച്ചു.  അവന് കനം കൂടിയിരിക്കുന്നു.

       വേണ്ട, ഞാന്‍ നടക്കാം… അമ്മേടെ മുമ്പില്…

       അവന്‍ മേരിയുടെ മുന്നില്‍ കയറി ഉഷാറായി നടക്കുന്നതു കണ്ടപ്പോള്‍ മേരിക്ക് സന്തോഷമായി.  എവിടേക്ക് പോകുന്നതാണെന്ന് അവന് വല്ല ഊഹവുമുണ്ടാകുമോ…? കാണില്ല… അവളെവിടെയുണ്ടോ അവിടെ അവനുമുണ്ടാകും എന്നു മാത്രമേ ചിന്തിച്ചിട്ടുണ്ടാകുകയള്ളൂ.  അവന്‍ സ്നേഹമുള്ളവനാ…. അവനുള്ളപ്പോള്‍ അവള്‍ക്കെന്തിനും ധൈര്യമാണ്.. ഒരു കൊല്ലം കഴിഞ്ഞിരിക്കുന്നു, ആ ധൈര്യമുണ്ടായിട്ട്. അവള്‍ എപ്പോഴും ചിന്തിക്കുന്നതു പോലെ ചിന്തിച്ചു.  ഏതെങ്കിലും സ്നേഹമുള്ള അപ്പന്‍റെ മകനായിരിക്കും.  ഉടനെ മാറി ചിന്തിക്കും ആയിരുന്നെങ്കില്‍ എന്തിനാണ് അവനെ കളഞ്ഞത്…പുറത്ത് അറിയിക്കാന്‍ കഴിയാത്ത ബന്ധമായിരുന്നിരിക്കാം.  ആണെങ്കില്‍ പത്തുമാസം കഴിയുന്നതു വരെ എങ്ങിനെ ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും……  ആര് പേറെടുത്തിട്ടുണ്ടാകും……  ഒരു പക്ഷെ, കല്ലാണിച്ചേച്ചിയാകാം … ഇവിടടുത്തെങ്ങും കല്ലാണിച്ചേച്ചിയെപ്പോലെ ഒരാളെപ്പറ്റി കേട്ടിട്ടില്ല.  വേറെയെവിടെ നിന്നെങ്കിലും കൊണ്ട വന്നു കളഞ്ഞിട്ട് പോയതായിരിക്കാം.  അല്ലേല്‍ വീട്ടില്‍ വച്ച് ഒളിച്ചു കാര്യം നടത്തിയിട്ട് കളഞ്ഞതുമാകാം…

       കല്ലാണിത്തള്ളയെ തള്ളേയെന്നും, തള്ളച്ചിയെന്നും, അടുപ്പമുള്ളവര്‍ ചേച്ചിയെന്നും വിളിച്ചു.  തള്ളയെന്നും തള്ളച്ചിയെന്നും വിളിക്കാനുള്ള പ്രായമൊന്നം അവര്‍ക്കായിട്ടില്ല.  അവരുടെ ജോലി അതായതു കൊണ്ടകാം അങ്ങിനെയൊരു വിളി.  വിളി അങ്ങിനെയൊക്കെ ആണെങ്കിലും ആരെങ്കിലും ആരെയെങ്കിലും പരിചയപ്പെടുത്തണമെങ്കില്‍ പതിച്ചിയെന്നു പറയും.  അവരു കേള്‍ക്കെയല്ല.  കേള്‍ക്കാതെ എന്തു വിളിച്ചാലും സ്നേഹം നഷ്ടപ്പെട്ടു പോകില്ലല്ലോ, എന്നൊരു ന്യായവാദം പലരും മനസ്സിലോര്‍ക്കും.  കാരണം അവരുടെ സ്നേഹം അങ്ങിനെ ആര്‍ക്കും അത്ര പെട്ടന്നു ഒഴിവാക്കാനോ, മറക്കാനോ കഴിയില്ല.  അത്രക്ക് പ്രതിസന്ധിയിലാണ് അവരുടെ സഹായം എല്ലാവര്‍ക്കും വേണ്ടി വരുന്നത്.  യാതൊരു മടിയും കൂടാതെ ഏതു സമയത്തും ഏതൊരാള്‍ക്കും ചെയ്തു കൊടുക്കാന്‍ അവര്‍ ശ്രമിക്കുകയും ചെയ്തു പോന്നിരുന്നു.  അങ്ങിനെ ചെയ്തതിന്‍റെ പ്രതിഫലമായിട്ടണ് ഫ്രാന്‍സിസ് മുതലാളി പലകയടിച്ച് മറച്ച ഓടു മേഞ്ഞ വീട് വച്ചു കൊടുത്തത്.  അയാളുടെ ഭാര്യയെ ആദ്യ പ്രസവത്തിന് മരണത്തിന്‍റെ വായില്‍ നിന്നും വലിച്ചൂരിയെടുത്തത് കല്ലാണിത്തള്ളയുടെ കൈത്തഴക്കവും ദൈവാധീനവും ഒത്തതുകൊണ്ട് മാത്ര മാണെന്ന് അയാള്‍ ഏതു സഭയിലും പറഞ്ഞിരുന്നു.

       വീട്ടിലെത്തിയ ഉടന്‍ കല്ല്യണി ജോലി തുടങ്ങി.  വെള്ളം ചൂടാക്കാന്‍ വച്ചു.  വൃത്തിയായി കഴുകി ഉണക്കിയ നേര്യതു മുണ്ട് കഷണങ്ങളായി കീറി വച്ചു.  കട്ടില്‍ പിടിച്ച മുറിയടെ നടുവില്‍ ഇട്ടു.  മുറിയിലുള്ള മറ്റ് മേശ കസേരകളൊക്കെ പുറത്തേക്കിട്ടു….

       ഇവിടെ പെണ്ണുങ്ങളാരുമില്ലേ…?

       ഇല്ല.

       വിളിക്കാന്മേലേ…?

       അടുത്താരുമില്ല….

       അടുത്താരുമില്ലെന്ന് ഇരുട്ടായിരുന്നെങ്കിലും മേരിയും ശ്രദ്ധിച്ചു.  ഒരു കുന്നിന്‍റെ ചരുവിലാണ് വീട്.  വെട്ടു കല്ലില്‍ മണ്ണ് കുഴച്ച് പണിത് ഓടുമേഞ്ഞതാണെങ്കിലും വളരെ ചെറിയ വീടാണ്.  ചുറ്റും കപ്പ കൃഷിയേ കാണാനുള്ളൂ. കയറി വരും വഴിക്ക് കുറച്ച് ചേനയും ചേമ്പും വഴിയിലേക്ക് തലനീട്ടി നില്‍ക്കുന്നത് കണ്ടു.  എങ്കിലും,

       വേദന തൊടങ്ങിയെന്നു തോന്നുന്നു.

       പെണ്ണിനെ പലക കട്ടിലില്‍ കിടത്തി. തലക്കല്‍ കൈകള്‍ പിടിച്ച് മേരി നിന്നു.  വയറു തടവിക്കൊണ്ട് കല്ല്യാണി ഒരു പുതുജീവന്‍റെ ആഗമനത്തിനായി സഹായം ചെയ്തു കൊണ്ടിരുന്നു.  സ്റ്റൂളില്‍ മാറിയിരിക്കുന്ന അരിക്കലാമ്പിന്‍റെ വെളിച്ചത്തില്‍ ഒന്നും വ്യക്തമാകാതെ വന്നപ്പോള്‍ കല്ല്യാണി ചോദിച്ചു. 

       ഒരു വെളക്ക് കൂടി വേണം,  ആരാ ഒന്ന് കാണിച്ചു തരുക….?

       തൊമ്മിച്ചന്‍ ചാരിയിരുന്ന കതക് പാതി തുറന്ന് തല കാണിച്ചു.

       തൊമ്മിച്ചന്‍ വേണ്ട ആ ചെറുക്കനെയിങ്ങ് വിട്ടാ മതി….

       രാജന്‍ വിളക്കുമായി നിന്നു.  അവന്‍ ആദ്യമായിട്ടാണ് കട്ടില്‍ കാണുന്നത്.  ഡെസ്കും ബെഞ്ചും ഹോട്ടലില്‍ കണ്ടിട്ടുണ്ട്.  എച്ചില്‍ തൊട്ടിയില്‍ ഉരുണ്ടു മതിയായിക്കഴിയുമ്പോള്‍ ഹോട്ടലിന്‍റെ ജനാല വഴി അകത്തിരുന്നു ഭക്ഷണം കഴിക്കുന്നവരെ നോക്കി നില്‍ക്കുക വഴി കണ്ടിട്ടുള്ളതാണ്.  മേശയും കണ്ടിട്ടുണ്ട്.  ഇരുണ്ട മുറിയില്‍ മറ്റൊന്നും കാണാനില്ല, മൂന്നു പെണ്ണുങ്ങളെ അല്ലാതെ….

       കട്ടിലില്‍ കിടക്കുന്ന പെണ്ണിന്‍റെ അലമുറയിട്ടുള്ള കരച്ചിലും പിടച്ചിലും ഞെളിപിരി കൊള്ളലും മുക്കലുകളും…..  കല്ല്യാണിയുടെ ദേഷ്യപ്പെടലുകളും തെറിപറച്ചിലും കേട്ടു നിന്ന് അവന് ഭയമായി, ഭയന്നിട്ടും വിളക്ക് മാറാതെ, വെളിച്ചം പോകാതെ കാത്തു കൊണ്ടുനിന്നു.

       ള്ളേ….     ഒരു പുതു കരച്ചില്‍ …..

       വീണ്ടും, വീണ്ടും, വീണ്ടും അവന് അങ്ങിനെയുള്ള രാവുകളുണ്ടായി.  ഒരു ദിവസം മേരി കല്ല്യാണിത്തള്ളയോടു പറഞ്ഞു.

       ചേച്ചി ഇനി അവനെക്കൊണ്ട് വെളക്ക് പിടിപ്പിക്കണ്ട….

       കല്ല്യാണി സംശയ ഭാവത്തില്‍ മേരിയെ നോക്കി, രാജനെ നോക്കി.  അവന്‍ പിന്നെയും വളര്‍ന്നിരിക്കുന്നു. മേരിയുടെ പകുതിയുണ്ടായിരുന്ന അവന്‍ മേരിയുടെ മുക്കാല്‍ ആയിരിക്കുന്നു.

       മേരി പിന്നെയും പറഞ്ഞു.

        അവനിപ്പൊ എന്‍റെ കൂടെയല്ല കെടക്കുന്നത്….

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top