സരിതയുടെ സാമുഹ്യ പാഠങ്ങള്‍

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

നെരിപ്പോടെന്നാണ്‌ ഞങ്ങൾ രഹസ്യമായിട്ട്‌ അവളെ വിളിയ്ക്കുന്നത്‌. എന്തുകൊണ്ടങ്ങിനെ ഒരു
പേരു വിളിയ്ക്കുന്നു എന്നു ചോദിച്ചാൽ മറുപടിയൊന്നും പറയാനില്ല. നെരിപ്പോടു പോലെ എരിഞ്ഞടങ്ങുന്നൊരു സ്ത്രീജന്മമാണോയെന്നു ചോദിച്ചാൽ അല്ലാ എന്നേ പറയാൻ കഴിയൂ, കാരണം ജോണിയുടെ ഭാര്യ ജിൻസിയുടെയോ, രാധാകൃഷ്ണന്റെ ഭാര്യ ഭാനുവിന്റെയോ യാതൊരുവിധ അനുഭവങ്ങളും അവൾക്കില്ല.

ജിൻസിയുടെയും ഭാനുവിന്റെയും അനുഭവങ്ങളെന്തൊക്കെയെന്നല്ലേ. ജിൻസി ഇവിടെ വിവാഹം ചെയ്തെത്തുകയായിരുന്നു. ഏതാണ്ട്‌ പതിനൊന്നു വേഷങ്ങൾക്ക് മുമ്പ്‌, വെളുത്ത്‌ സുന്ദരിയായ അവളെ
അറവുകാരനായ ജോണി വിവാഹം ചെയ്തത്‌ ഞങ്ങാൾക്ക് ഒട്ടും പിടിച്ചില്ല. അവനെന്നും വെളുപ്പാം കാലത്ത്‌ മൂന്നു മണിയ്ക്ക്‌ ഉണേന്ന് ടൌണിലെ ചന്തയിൽ പോകും. അവന്റെ പ്രവൃത്തി തുടങ്ങുന്നത്‌ മൂന്നുമണിയ്ക്ക്‌ വെളുപ്പിനെ ആണ്‌. ഹോട്ടലുകളിൽ രാവിലെ പൊറോട്ട കഴിയ്ക്കാനെത്തുന്ന വർക്ക് കറി ഉണ്ടാക്കി കൊടുക്കണമെങ്കിൽ അവൻ അപ്പോൾ മുതൽ പണിയെടുക്കേണ്ടി വരുന്നു. നിത്യവും പത്തു പോത്തുകളെ എങ്കിലും അവൻ കൊല്ലാറുണ്ടെന്നാണ്‌ അറിവ്‌.

വെളുപ്പിനെ മൂന്നുമണി മുതൽ കെട്ടി തൂക്കുന്ന പോത്തിന്റെ മാംസ തുണ്ടം അറുത്തെടുത്ത്‌ വിറ്റു കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോ സന്ധ്യ കഴിഞ്ഞിരിക്കും.

അവൻ മടങ്ങി വരുമ്പോൾ, അവന്‌ ചുറ്റും പറ്റിപ്പിടിച്ചെത്തുന്ന കാറ്റിനും പച്ച മാംസത്തിന്റെ ഗന്ധമായിരിയ്ക്കും ഉണങ്ങിയ രക്തം ദേഹത്ത്‌ പലയിടത്തും പറ്റിപ്പിടിച്ചിരിയ്ക്കും. വന്നാലുടൻ ജിൻസി ചൂടുവെള്ളം കോരി ഒഴിച്ച്‌ കുളിപ്പിക്കും. വിവാഹത്തിന്‌ മുമ്പ്‌ അങ്ങനെ ഒരു പതിവ്‌ ഉണ്ടായിരുന്നില്ല. ഒത്താൽ സന്ധ്യയ്ക്ക്‌ മുമ്പെത്തുന്ന ദിവസങ്ങളിൽ മാത്രമേ കുളി ഉണ്ടായിരുന്നൊളളു. പിന്നീട്‌ പോത്തിറച്ചി കൂട്ടി സുഭിക്ഷമായ ഈണ്‌, ഉറക്കം. ദു:ഖവെളളിയാഴ്ച ഒഴിച്ചുളള ഒറ്റ ദിവസവും ജോണിനെ കൊണ്ടിപ്പാടത്ത്‌ പകൽ കാണാറില്ല. ജിൻസിയും അങ്ങിനെ തന്നെയായി. സാവാധാനം അവളുടെ ശരീരം കറുത്തു കറുത്തു വന്നു, തടിച്ചും അവൾ ഒരു എരുമയായി മാറി. അവർക്കുണ്ടായ നാല്‍ ആൺ മക്കൾ പോത്തുംകുട്ടികളെപ്പോലെ മിണ്ടാപ്രാണികളായി റോഡിന്റെ ഓരം ചേർന്നു നടന്നു. ഏറിയ നേരവും തോട്ടിലെ വെളളത്തിൽ മുങ്ങിക്കിടക്കുന്നതും കാണാം.

വളരെ വ്യത്യസ്ഥമായ അനുഭവമാണ്‌ ഭാനുവിന്റേത്‌. അവളെ രാധാകൃഷ്ണൻ ഇവിടെ വന്ന്‌ വിവാഹം ചെയ്യുകയായിരുന്നു. അവൻ ഒരു കോണ്‍ട്രാക്ടറുടെ വിശ്വസ്ഥനായ പണിക്കാരനായിട്ടെത്തിച്ചേരുകയായിരുന്നു. ഭാനു ഒരു പ്രേമത്തിന്റെ പരാജയത്തിൽ മനം നൊന്ത്‌
നിരാശ ഗാനം പാടിനടന്നിരുന്ന സമയവും. പ്രേമ പരാജയത്തോടൊപ്പം അവൾ ബ്രേസിയർ കമ്പനിയിലെ
പണിയും വേണ്ടന്നു വച്ച്‌ വീട്ടിൽ ചടഞ്ഞു കൂടി. വീടുകൾക്ക് വെള്ള പൂശിയും കൊച്ചു കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുത്തും കിട്ടുന്നതു കൊണ്ട്‌ നാലു മക്കളെ പുലർത്താൻ പാടുപെടുകയായിരുന്നു അവളുടെ അച്ഛനും അമ്മയും. അതുകൊണ്ടു അവളുടെ കഥകളൊക്കെ
അറിഞ്ഞിട്ടും അനുനയത്തിൽ വിവാഹം ചെയ്യാനെത്തിയ രാധാകൃഷ്ണനെ അവർക്കിഷ്ടമായി.

പക്ഷെ, ആദ്യരാത്രിയിൽ തന്നെ മദ്യപിച്ചെത്തി ആദ്യകാമുകന്റെ ശാരീരിക കഴിവുകളെക്കുറിച്ചും,
അവയവ ദൃഢതകളെപ്പറ്റിയും ചോദിച്ച്‌ മുടിയ്ക്ക്‌ പിടിച്ച്‌ വേദനിപ്പിയ്ക്കുകയും മോഹങ്ങളെ അപ്പാടെ
തല്ലിക്കെടുത്തികൊണ്ട്‌ മണിയറയിൽ തന്നെ ഛദ്ദിച്ചുകിടക്കുകയും ചെയ്തപ്പോൾ അവളറിഞ്ഞു തന്റെ
ജീവിതം നായ നക്കിയെന്ന്‌.

പിന്നീടുളള പല ദിവസങ്ങളിലും ചിറിയിൽ നായ നക്കാതിരിയാക്കാൻ രാധകൃഷ്ണനെ ഓടവക്കുകളിൽ നിന്നും എടുത്തുകൊണ്ടുവന്ന്‌ മണിയറയിൽ കിടത്തിയിരുന്നതും അവളു തന്നെ ആയിരുന്നു. ഒരു പെൺകുഞ്ഞ്‌ പിറന്നു കഴിഞ്ഞപ്പോൾ മകളുടെ പിതൃത്വം കാമുകനിൽ ഭാരമേൽപ്പിച്ച്‌
അവൻ എവിടേയ്ക്കോപ്പോവുകയും ചെയ്തു. ഭാനു ഇപ്പോഴും ബ്രേസിയർ കമ്പനിക്കാരന്റെ മിഷ്യൻ ചവുട്ടി രാവുകളും പകലുകളും താണ്ടുന്നു.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്‌ എന്നും പറഞ്ഞാൽ നല്ലൊരു ജീവിതമല്ലെ, അല്ലെങ്കിൽ ആയിക്കൂടെ സരിതയ്ക്കെന്ന്‌ നിങ്ങൾക്ക് തോന്നാം. അങ്ങിനെ തോന്നുന്നതിൽ തെറ്റില്ല. ഏതൊരു ശുഭാപ്തി വിശ്വാസിയ്ക്കും അങ്ങിനെയെ തോന്നാൻ കഴിയൂ.

വരട്ടെ, പക്ഷെയ്ക്ക്‌ ഉത്തരം പറയും മുമ്പു തന്നെ നമുക്ക്‌ സരിതയുടെ പൂർവ്വ ജീവിതകാലമൊന്ന്‌ ചികഞ്ഞു നോക്കേണ്ടിയിരിയ്ക്കുന്നു.

കാരണമുണ്ട്‌. നമ്മുടെ സമൂഹത്തിൽ അപൂർവ്വമായൊരു ജാതി സമുദായത്തിലെ അംഗമെന്ന നിലയിൽ അവളുടെ മാനസ്സീക വ്യാപാരങ്ങൾക്ക് പ്രത്യേകതകളുണ്ടെന്നാണ് ഞങ്ങൾ കാണുന്നത്‌.

അവളുടെ അച്ഛൻ സ്ക്കൂൾ വാദ്ധ്യാർ.

അവളുടെ അമ്മ സ്‌ക്കൂൾ വാദ്ധ്യാർ.

രണ്ടു പേരും പത്താം ക്ലാസ്സു കഴിഞ്ഞ ടി ടി. സി. ക്കാർ. ടി. ടി. സി. കഴിഞ്ഞ്‌ സർക്കാർ സർവ്വീസ്സിൽ അദ്ധ്യാപക നായപ്പോൾ അവളുടെ അച്ഛന്‌ ഒരു മോഹമുണ്ടായി, സർക്കാരിൽ നിന്നും ശമ്പളം പറ്റുന്ന സ്ത്രീയെ മാത്രമേ വിവാഹം ചെയ്യു എന്ന്‌. സർക്കാരു ജോലിക്കാരന്‍ സർക്കാരുജോലിക്കാരിയെ
വിവാഹം ചെയ്യുന്ന ഫാഷൻ ഉടലെടുത്ത കാലഘട്ടമായിരുന്ന് അത്‌. അതിനായിട്ടയാൾ ഒരുപാടു കാലം കാത്തിരുന്നു, തെരഞ്ഞു കൊണ്ടിരുന്നു. അയാളുടെ പെങ്ങളുമാരും അനുജന്മാരും വിവാഹം കഴിഞ്ഞ്‌ കുട്ടികളുമായി വാണരുളി ത്തുടങ്ങിയിട്ട്‌ വർഷങ്ങൾ തന്നെ പിന്നിട്ടു.  പലരും അയാളുടെ ഭാവി അവകാശിയാക്കപ്പെടുമെന്ന്‌ സ്വപ്നങ്ങളും കണ്ടു തുടങ്ങിയിരുന്നു.

ഒടുവിൽ പന്ത്രണ്ട് മണിക്കൂറിൽ കൂടുതൽ സമയം ബസ്സ്‌ യാത്ര ചെയ്യേണ്ടി വരുന്ന ഒരിടത്തൊരു എൽ. പി. സ്ക്കൂളിലെ ടീച്ചറെ അയാൾ കണ്ടെത്തി, അപ്പോൾ വയസ്സ്‌ നാല്പത്തിയഞ്ച്, ടീച്ചർക്ക് നാല്പത്തിനാലര.

അര വയസ്സിന്റെ ഇളപ്പമുണ്ടെന്ന സാമാധാനത്തിൽ വിവാഹം നടന്നു; നടന്ന ശേഷമുള്ള വിരുന്നുകളിലെ തമാശകളിൽ ഒന്നിൽ ഒരു മുത്തശ്ശിയുടെ നാവിൽ നിന്നു ഉതിർന്നു വീണ
മുത്തുമണികളിൽ അവർ സ്‌ക്കുളിൽ ചേർന്നത്‌ ആറു വയസ്സിലായിരുന്നെന്നും അന്ന്‌ അഞ്ചു വയസ്സാണ്‌
രേഖയിലെഴുതിയതെന്നും കണ്ടെത്തി.

അയാൾ കണക്കുകൂട്ടി, പത്താംക്ലാസ്സുവരെ അയാൾ കണക്കിൽ ക്ലാസ്സിലെ ഒന്നാമനായിരുന്നു. സ്ക്കൂൾ ടീച്ചേഴ്‌സിന്റ ശമ്പളക്കണക്കെഴുതുന്നതും അയാളായതു കൊണ്ട്‌ കണക്കുകൂട്ടൽ തെറ്റിയതുമില്ല.

അയാൾ കൂട്ടിയെഴുതി. അയൽ പക്കത്തെ സ്‌ക്കൂളിന്റെ നിലനിൽപ്പിനു വേണ്ടി നാലര വയസ്സുണ്ടായിരുന്ന തന്നെ അഞ്ച്‌ വയസ്സെന്ന്‌ കാണിച്ച്‌ സ്ക്കൂളിചേർത്ത സ്ഥിതിയ്ക്ക്‌
വ്യത്യാസം……………

രണ്ടു വയസ്സ്‌.

എന്താകിലും ഒരു വർഷം കഴിഞ്ഞപ്പോൾ സരിത പിറന്നു. വീണ്ടും ഒരനുജനെയോ, അനുജത്തിയെയോ കിട്ടാനിടയില്ലാത്ത വിധത്തിലൊരു ഓപ്പറേഷന്‌ അമ്മയെ വിധേയയാക്കി കൊണ്ട്‌………

അറിവുകൾ തുടങ്ങിയ നാൾ മുതൽ അവൾ ഒരു കാര്യം അറിഞ്ഞു തുടങ്ങി, തന്റെ ബന്ധുക്കളെല്ലാം കൂലിപ്പണിക്കാരോ, കലപ്പണിക്കാരോ, മരപ്പണിക്കാരോ അവരെ സഹായിക്കുന്നവരോ ആണെന്നും, തന്റെ അച്ഛനും അമ്മയും മാത്രമേ സർക്കാരു ജോലിക്കാരായിട്ടുള്ളുവെന്നും. ആ അറിവ്‌ അവളുടെ തലച്ചോറിൽ കട്ട പിടിച്ച രക്തം പോലെയാണ്‌. തലച്ചോറിൽ രക്തം കട്ടപിടിച്ചാൽ ശരീരത്തിന്റെ ഏങ്കിലുമൊക്കെ ഭാഗങ്ങൾ തളർന്നു പോകുകയുമാണ്‌ സാധാരണ ഉണ്ടാവുക. അവളുടെ കാര്യത്തിൽ ബോധശത്തിന്റെ ഒരു ഭാഗം തളർന്നു പോയതു പോലെ ആയി.

അവൾ കരുതി, അവളേതോ രാഞ്ജിയുടെ മണിയറയിലെ കുറിഞ്ഞിപ്പൂച്ചയാണെന്ന്‌ എല്ലാവിധ ഗർവ്വുകളോടും കൂടി ധിക്കാരത്തോടും കൂടി വളർന്നു വന്നു.

അന്തഃപുരത്തിന്‌ പുറത്തുള്ള ചാവാലി പൂച്ചകളെപ്പോലെ ആയിരുന്നില്ല അവൾ. അവൾക്ക് വൃത്തികെട്ട എലിയെയോ, ചീഞ്ഞ ഉണക്ക മത്സ്യമോ തിന്നേണ്ടിയിരുന്നില്ല. പാലും വിശിഷ്ടഭോജ്യങ്ങളും ആട്ടിൻ മാംസവും, കോഴി മാംസവും, പൊരിച്ച മീനും നിത്യേന കഴിക്കാൻ പറ്റിയിരുന്നു.

അവൾ വിദ്യാഭ്യാസം കഴിഞ്ഞ്‌ പ്രത്യേക ജോലിയൊന്നുമില്ലാതെ ഉടുത്തൊരുങ്ങി വീട്ടിലിരിയ്ക്കുന്ന കാലം, അവളുടെ പ്രായത്തിലുള്ള ബന്ധുക്കളായ പെൺകുട്ടികളൊക്കെ വിവാഹം ചെയ്ത്‌ പോകുകയും കുട്ടികളുണ്ടാവുകയും ജീവിതം തിരക്കേറുകയും ചെയ്തിരുന്നു. എന്നിട്ടും സരിത ഒരു സ്വപ്നംപോലും കാണാതെ പകൽ സമയത്തും കിടന്നുറങ്ങി.

അങ്ങിനെയൊരു ഉച്ച സമയത്ത്‌ സതീശൻ കല്ല്യാണ ബ്രോക്കറുടെ കൂട്ടത്തിൽ അവളുടെ വീട്ടിലെത്തി. കല്ല്യാണ ബ്രോക്കർ അവന്റെ തന്നെ ബന്ധുവാണെന്നിരിയ്ക്കെ ഒരു സുഹൃത്തിനെ കൂട്ടി അപ്രകാരമുള്ള ഒരു ചടങ്ങിന്‌ പോകണമെന്ന്‌ ആഗ്രഹിച്ചിരുന്നു. പക്ഷെ, അതിനായിട്ടൊരു തിരച്ചിൽ നടത്തിയപ്പോഴാണ്‌ അത്രയും അടുപ്പമുള്ള ഒരു സുഹൃത്ത്‌ തനിക്കില്ലെന്ന്‌ അറിയുന്നത്‌. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്ന്‌ നിങ്ങൾക്ക് തോന്നാം. അതിന്‌ ഉത്തരം തരാൻ സതീശന്‌ മാത്രമേ കഴിയുകയുള്ളൂ. അക്കാര്യം ഇപ്പോൾ നമുക്ക്‌ മറക്കാം. നമ്മൾ സതീശന്റെയും, സരിതയുടെയും സംഭാഷണം കേൾക്കാൻ പോവുകയാണ്‌.
“പേര്‌ ?”

“സരിത.”

“എന്റെ പേര്…..”

“പറയണ്ട എനിയ്ക്കറിയാം.”

“ബ്രോക്കറു പറഞ്ഞു. ?”

“‌അതെ.”

“‌അയാളെന്നോടു പറഞ്ഞാരുന്നു. പക്ഷെ, ഞാനങ്ങു മറന്നുപോയി.”

  • “എവിടാപഠിച്ചത്‌?”
    “വിമൻസ് കോളേജില്‍.”
  • “അതെന്നാ?”

“ആണുങ്ങടെ ശല്യം സഹിയ്ക്കാഞ്ഞാ…”

“‌ഓഹോ……!?”

അവൻ സരിതയെ ശ്രദ്ധിച്ചു. അവൾ അലക്ഷ്യമായിട്ട്‌, ഇഷ്ടപ്പെടാത്തതു പോലെ, തുറന്നുകിടന്നിരുന്ന ജനാലവഴി പുറത്തേയ്ക്ക്‌ നോക്കി നിൽക്കുകയായിരുന്നു.

“ആണുങ്ങളെ ഇഷ്ടമല്ലാന്നാണോ ?”

അവളൊന്നും പറയാതെ മുഖമൊന്ന്‌ വെട്ടിച്ച്‌ അവനെ നോക്കിയിട്ട്‌ വീണ്ടും പുറത്തേയ്ക്ക്‌ നോക്കി നിന്നു. സാധാരണ പെൺകുട്ടികൾ ഇപ്രകാരമാകാൻ തരമില്ല. അവരുടെ മുഖത്ത്‌
എല്ലായിപ്പോഴും ആകാംക്ഷയായിരിയ്ക്കും. മനസ്സ്‌, ഹൃദയം സദാ പിടഞ്ഞു കൊണ്ടിരിയ്ക്കും, മുന്നിലിരിയ്ക്കുന്ന ചെറുപ്പക്കാരൻ ഒരു പക്ഷെ, തന്റെ ഭർത്താവായിപ്പോയെങ്കിലോ എന്നോർത്ത്, ഒറ്റ
നോട്ടത്തിൽ അയാളെപ്പറ്റി അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന്‌ ആഗ്രഹിച്ചു കൊണ്ടിരിയ്ക്കും. അവനൊരു മദ്യപാനിയും പുകവലിക്കാരനും ആകരുതേയെന്ന് പ്രാർത്ഥിച്ചു കൊണ്ടിരിയ്ക്കും.

പക്ഷെ, സരിത അങ്ങിനെ ഒന്നും ചിന്തിച്ചിരുന്നിരിയ്ക്കില്ല. ഒരു പക്ഷെ, അവഥ ചിന്തിച്ചിരുന്നത്‌, ഇയാൾ എത്രയും വേഗം ഒന്നുപോയിരുന്നെങ്കിൽ എന്നായിരുന്നിരിയ്ക്കണം.

ഇടയ്ക്ക്‌ കുറച്ച്‌ മൌനം വന്നപ്പോൾ അവൾക്ക് അസഹ്യതയായി.

“കഴിഞ്ഞോ?”
 “ഇല്ല.”
“എന്നാചോദിയ്ക്ക്‌.”
“വായനയുണ്ടോ?”
“എന്തുവായന?”
“പുസ്തകം, വീക്കിലി.”

“ഇല്ല.”
“പത്രം?”
 “ഇല്ല”
:ടിവിയിൽവാർത്തകേൾക്കുമോ?”
“ഇല്ല. സീരിയലുകാണും ക്രിക്കറ്റുകാണും.”

“എന്നാ ചോദ്യം നിർത്തുന്നു. ”

സതീശൻ എഴുന്നേറ്റു. അവൾ മുഖം വെട്ടിച്ച്‌ വാതിൽ കർട്ടനെ ദേഷ്യത്തോടെ അകറ്റി അകത്തേയ്ക്കു പോയി.

ഇറങ്ങി നടക്കവെ സതീശൻ ബ്രോക്കറോടു പറഞ്ഞു.അവൾക്ക് കളക്ടറോ ഡോക്ടറോ മറ്റോ ആണ്‌ നോട്ടം.

എന്നിട്ടും ഒരു മാസം തികയും മുമ്പ്‌ ബ്രോക്കർ സതീശനെ അന്വേഷിച്ചെത്തി. സരിതയുടെ ഫോട്ടോയും സമ്മത പതവുമായിട്ട്‌.

യഥാർത്ഥത്തിൽ, സതീശൻ ആ ബന്ധം വേണ്ടായെന്നു വയ്ക്കുകയായിരുന്നു നല്ലത്‌. കാരണം യാഥാർഥ്യങ്ങളുമായി യോജിയ്ക്കാൻ കഴിയാത്തൊരു പെൺകുട്ടിയോടു കൂടിയുള്ള ജീവിതം അരോചകമേ ആവുകയുള്ളുയെന്നതു കൊണ്ട്‌.

പക്ഷെ, ആത്മാർത്ഥമായൊരു അന്വേഷണം നടത്താനോ, അവനൊരു ജീവിത സഖിയെ കണ്ടെത്തിക്കൊടുക്കാനോ താല്പര്യമുള്ള ഒരാളിന്റെ അഭാവം അവനെ തളത്തി, ഒരു നല്ല
സുഹൃത്തിന്റെ ഇല്ലായ്മ പൂർണ്ണമായും മനസ്സിലായി. അലക്ഷ്യരായിരുന്നു അച്ഛനും അമ്മയും.

പരിണതം സതീശൺ സരിതയെ വിവാഹം ചെയ്തു.

തികച്ചും യാദൃശ്ചികമായിട്ടാണ്‌ സതീശനെഴുതിയ കുറിപ്പുകൾ അടങ്ങിയ ഒരു ബുക്ക്‌ ഞങ്ങളുടെ കൈയിൽ കിട്ടിയത്‌. വേണമെങ്കിലതിനെ ഡയറി എന്നു പറയാം. പക്ഷെ, തീയതി പ്രകാരം കൃത്യമായിട്ടെഴുതിയിട്ടുള്ളതല്ല. വസ്ത്രങ്ങളുടെ അളവുകളെഴുതി വയ്ക്കുന്ന ബുക്കിന്റെ മറുപുറത്ത്‌
നിന്നും വെറുതെ തീയതിയോ മറ്റ്‌ കാലനിശ്ചയങ്ങളോ ഇല്ലാത്തക്കുറിപ്പുകൾ……

സതീശന്റെ അച്ഛൻ പ്രവൃത്തിയിൽ നിന്നും വിരമിച്ചിട്ടുള്ള വനവാസം പെട്ടെന്ന്‌ അവസാനിപ്പിച്ച്‌,
വീണ്ടും സ്വന്തം തൊഴിലായ തയ്യലിലേയ്ക്ക്‌ മടങ്ങി വരികയും താൻ ആദ്യം നടത്തിയിരുന്ന, പിന്നീട്‌ മകൻ തുടർന്നു വന്നിരുന്ന തയ്യല്‍കടയുടെ സാരഥ്യം വീണ്ടും ഏറ്റെടുക്കുകയും ചെയ്തു കൊണ്ട്‌ കട വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ട്‌ വെയ്സ്റ്റ്‌ എന്ന പേരിൽ പുറത്തെറിഞ്ഞ വെട്ടു തുണികൾക്കും കടലാസു തുണ്ടുകൾക്കും ഇടയിൽ ഒളിഞ്ഞു കിടക്കുകയായിരുന്നു, ഈ കുറിപ്പു പുസ്തകം.

എടുത്ത്‌ തുറന്നപ്പോഴാണ്‌ അത്ഭുതങ്ങൾ പിറന്നു തുടങ്ങിയത്‌.

ആദ്യരാത്രി.

എന്റെയും സരിതയുടെയും.

ഏതൊരു സാധാരണ മനുഷ്യന്റെയും ജീവിതത്തിൽ    ഉണ്ടാകുന്ന, വളരെ വിലപ്പെട്ട, ഓർമ്മയിൽ നിൽക്കുന്ന ഒരു രാത്രി…………….

പുരുഷനും, സ്ത്രീയും ഒരു പക്ഷെ, ആദ്യരാവിന് മുമ്പു തന്നെ ലൈഗീകബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടാകാം. പക്ഷെ, അത്‌ നൈമീഷികമായൊരു വികാരത്തിന്‌ അടിമപ്പെട്ട്‌ ചെയ്യുന്നൊരു ശാരീരികമായ കർത്തവ്യം മാത്രമായിരിയ്ക്കും. എന്നാൽ വിവാഹശേഷം എല്ലാവരുടെയും സമ്മതത്തോടെയുള്ള ബന്ധം, അതിന്റെ വൈകാരികത ഒന്നു വേറെ തന്നെയാണ്‌. യാതൊരു വിധ വിലക്കുകളുമില്ലാതെ, വിമ്മിട്ടങ്ങളുമില്ലാതെ, എല്ലാചരാചരങ്ങളും, എല്ലാ സുഗന്ധങ്ങളും, എല്ലാ തെന്നലുകളും അനുവാദം തന്നിരിയ്ക്കുന്നതിനാൽ മനസ്സിന്‌ യാതൊരു വിധ കനവുമില്ല. മനസ്സ്‌ എത്ര മൃദുലമായിരിയ്ക്കുന്നു.

ഞാനെത്തുമ്പോൾ അവൾ കട്ടിലിന്റെ ഒരു മൂലയിൽ പതുങ്ങിയിരിയ്ക്കുകയായിരുന്നു. അപ്പോൾ എനിയ്ക്ക്‌ തോന്നിയത്‌ അവൾ, വലിയ എലിപ്പെട്ടിയിലകപ്പെട്ട ഒരു കുഞ്ഞെലിയാണെന്നാണ്‌.

ഞാൻ ഉള്ളിൽ കയറി കതകിന്റെ കുറ്റിയിട്ടത്‌ അവൾ കേട്ടിരിയ്ക്കണം. പക്ഷെ, അടുത്തെത്തി
അവളുടെ ദേഹത്ത്‌ സ്പർശ്ശിച്ചപ്പോൾ വല്ലാതെ ഞെട്ടിയിരിയ്ക്കുന്നു. ഞാൻ ക്ഷമചോദിച്ചിട്ടും അവൾക്ക് രസിച്ചില്ല, സഹിച്ചില്ല.

“യൂ” എന്നു പറഞ്ഞതു മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളൂ. തുടർന്ന് പറഞ്ഞത്‌ തെറിയായിരിയ്ക്കാം. എന്താകിലും തുടർന്ന് മനസ്സിലേയ്ക്ക്‌ നോക്കുമ്പോൾ അവിടെ ആഴത്തിലൊരു മുറിവു കാണാറായി. എന്നിട്ടും മുറിവിനെ കണക്കാക്കാതെ ജീവിതത്തിന്റെ മധുരതരമായ യാഥാർത്ഥ്യത്തിലേയ്ക്ക്‌ ഞാൻ ഇറങ്ങി വരിക തന്നെ ചെയ്തു. യാഥാസ്ഥിതികമായൊരു നടപടിയാണെങ്കിലും, അമ്മ തന്ന ഒരു ഗ്ലാസ്സ്‌ പാലിൽ കുറച്ച്‌ കുടിച്ച്‌ അവൾക്ക് കൊടുക്കുമ്പോൾ ഹൃദയത്തിന്റെ വാതിൽ അവൾക്കായി തുറന്നിടുന്നു എന്നാണ്‌ ഞാൻ ചിന്തിച്ചിരുന്നത്‌. പക്ഷെ, അവൾ അതു നിരസിയ്ക്കുമ്പോൾ എന്താണ്‌ മനസ്സിലാക്കേണ്ടത്‌…………….

ഞാനൊന്നും മനസ്സിലാക്കിക്കാനോ, വിശദീകരിയ്ക്കാനോ ശ്രമിച്ചില്ല. കാരണം എന്തു വിശദീകരണമായാലും കണ്ടെത്തലുകളായാലും ആ സമയത്ത് അവൾ പ്രതികൂലമായിട്ടേ കാണൂ എന്ന്‌ കരുതി, വളരെ അനുനയത്തോടു കൂടി കിടന്നു കൊള്ളാനും വിശ്രമിച്ചു കൊള്ളാനും പറഞ്ഞു.

അവൾ കിടന്നു കട്ടിലിന്റെ ഓരം ചേർന്ന്, കട്ടിലിന്റെ കാൽ ഭാഗമേ വേണ്ടിയിരുന്നുള്ളൂ അവൾക്ക്.

ഇപ്പോൾ ഞാൻ വീണ്ടുമെന്റെ മനസ്സിനെ കാണുകയാണ്‌, ആദ്യമുണ്ടായ മുറിവിൽ നിന്നും ചോര വാർന്നൊലിച്ചു കൊണ്ടിരിയ്ക്കുന്നു.

നമുക്കൊരു കാര്യം വ്യക്തമാവുകയാണ്‌. ആദ്യരാത്രിയിൽ തന്നെ സതീശന്റെ വിവാഹ ജീവിതത്തിലെ അലോരസങ്ങൾ തുടങ്ങിയെന്ന്‌. പക്ഷെ,ഒരിയ്ക്കൽ പോലും പൊതു ജനം ആ സത്യം ഗ്രഹിച്ചിരുന്നില്ല എന്നതും.

സരിതയുടെ കഥയോട്‌ ചേർത്തു വച്ചു പറയാൺ പാകത്തിന്‌ കൊണ്ടിപ്പാടത്തുകാർക്ക് ഒരു കഥയേ വേറെയുള്ളൂ. ഒരു പക്ഷെ, മങ്കാവുടിക്കാരെ മൊത്തത്തിൽ നോക്കിയാൽ മറ്റു പല കഥകളും കാണുമായിരിയ്ക്കാം. എന്നാൽ കൊണ്ടിപ്പാടത്തുകാർക്ക് നിർമ്മല തോമസ്സിന്റെ കഥ മാത്രമേ ഉണ്ടായിട്ടുള്ളൂ…………

നിർമ്മല തോമസ്സ്‌.

അവൾ എന്നാൽ കൊണ്ടിപ്പാടത്തുകാരി ആയിരുന്നില്ല. മങ്കാവുടിക്കാരിയായിരുന്നു. അവളുടെ ബാല്യം എങ്ങിനെ ആയിരുന്നു എന്നറിയില്ല. കാരണം ഇപ്പോൾ ഇക്കഥ പറയുന്ന ഞാൺ ബാല്യത്തിൽ ശ്രീപുരം എൽ.പി. സ്ക്കൂളിലായിരുന്നു പഠിച്ചിരുന്നത്‌. അന്ന്‌ കൊണ്ടിപ്പാടത്തുകാരും ശ്രീപുരത്തുകാരും പ്രീ പ്രൈമറി വിദ്യാഭ്യാസം ശ്രീപുരം എൽ.പി.സ്ക്കൂളിൽ തന്നെയാണ്‌ നടത്തിയിരുന്നത്‌. അതുമാത്രമല്ല, അന്നു മങ്കാവുടിയിൽ തന്നെയോ അയൽ പക്കത്തെ പഞ്ചായത്തുകളിലോ ഇംഗ്ലീഷ്‌ മീഡിയം സ്ക്കൂളുകളോ, കിന്റർ ഗാർഡനുകളോ, എൽ.കെ.ജികളോ നിലവിലില്ലായിരുന്നു.

കൊണ്ടിപ്പാടത്തുള്ള ആശാന്മാർ നിലത്തു മണൽ നിരത്തി അതിനു പിന്നിൽ പായിൽ കുട്ടികളെ ഇരുത്തി ചൂണ്ടാണി വിരൽ തുമ്പ്‌ പൊട്ടിച്ചോരവരും വരെ അമർത്തി എഴുതിച്ച്‌ ഹരിശ്രീ പഠിപ്പിയ്ക്കുമായിരുന്നു.

പക്ഷെ, നിർമ്മല തോമസ്‌ ബാല്യത്തിൽ ഈട്ടിയിലെ തണുപ്പത്ത്‌ കമ്പിളി ഉടുപ്പും തൊപ്പിയുമായിട്ട്‌ ഏതോ സായിപ്പ്‌ നടത്തുന്ന സ്‌ക്കൂളില്‍ എൽ.കെ.ജിയും, യു.കെ.ജി.യും ഫസ്റ്റും സെക്കന്റും തേഡും ഫോർത്തും സ്റ്റാന്റേർഡുകൾ കഴിഞ്ഞിട്ടാണ്‌ അപ്പർ പ്രൈമറിയെന്ന കുരിശും പേറി മങ്കാവുടിയിലെ
പള്ളിക്കാരുടെ സ്‌ക്കൂളിലെത്തിയത്‌. ഞങ്ങളുടെ സ്‌ക്കൂളിൽ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു. പക്ഷെ, ഒരു ക്ലാസ്സിലും അവരെ ഒരുമിച്ചിരുത്തിയില്ല. അദ്ധ്യാപകരുടെ റൂമിൽ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചാണിരിയ്ക്കുന്നത്‌, എങ്കിലും ക്ലാസ്സുകളിൽ ഒരുമിച്ചിരുത്താൻ മാനേജ്മെന്റിന്‌
ധൈര്യം വന്നില്ല. അതുകൊണ്ടു തന്നെ സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള പെരുമാറ്റം കാണാനായിട്ട് ഞങ്ങൾ അദ്ധ്യാപകരുടെ വിശ്രമമുറിയുടെ പാതി അടഞ്ഞു കിടന്നിരുന്ന ജനാലവഴി ഒളിഞ്ഞുനോക്കിയിട്ടുണ്ട്‌. ശരീര താപം വർദ്ധിപ്പിയ്ക്കും വിധത്തിലുള്ള പല കാഴ്ചകളും കണ്ടിട്ടുണ്ട്‌. കണ്ടതെല്ലാം ഭിത്തികളിൽ പടങ്ങളായും സാഹിത്യമായും പ്രദർശിപ്പിച്ചിട്ടുമുണ്ട്‌.

ഞങ്ങളുടെ സ്‌ക്കൂൾ യാക്കോബായക്കാരുടെതായിരുന്നു. എന്നാൽ കത്തോലിക്കരുടേതായി മങ്കാവുടിയിൽ തന്നെ സ്ക്കൂളുണ്ടായിരുന്നു, ഇന്നുമുണ്ട്‌. പക്ഷെ, അവർ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരു സ്ക്കൂളിൽ പഠിപ്പിച്ചില്ല, രണ്ടു സ്ക്കൂളുകളിൽ കിലോമീറ്ററുകളുടെ
അകലത്തിലായിരുന്നു. ആൺകുട്ടികളുടെ സ്ക്കൂളിൽ അദ്ധ്യാപകരും പെൺകുട്ടികളുടെ സ്ക്കൂളിൽ
കന്യാസ്ത്രീകളായ അദ്ധ്യാപികമാരും പഠിപ്പിയ്ക്കുന്നു. സ്ത്രീ പുരുഷ വ്യത്യാസങ്ങളും സംയോജന ഗുണങ്ങളും അവർക്ക് വ്യക്തമായിട്ട്‌ അറിയാമെന്നു വേണം ധരിയ്ക്കാൻ.

പക്ഷെ, അതുകൊണ്ട്‌ ദോഷങ്ങളുണ്ടായിരുന്നത്‌ വിദ്യാർത്ഥികൾക്ക് തന്നെയാണ്‌. അവിടത്തെ കുട്ടികൾക്ക് ചുവരെഴുത്തിനുള്ള കഥകളും ചിത്രങ്ങളും തേടി അയൽ പക്കങ്ങളിലെ മുറികളിൽ ഒളിഞ്ഞുനോക്കേണ്ടി വന്നു.

അവൾ നിർമ്മല പറഞ്ഞിട്ടുണ്ട്‌ ഈട്ടിയിലെ സ്‌ക്കൂളിൽ ഒരു ബഞ്ചിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്നാണ്‌ പഠിച്ചിരുന്നതെന്ന്‌ അവളുടെ കളിക്കൂട്ടുകാരൻ റോബിൻ മൂത്രമൊഴിയ്ക്കുമ്പോൾ കണ്ടിട്ടുണ്ടെന്ന്‌…………

അതുകൊണ്ട്‌ അവൾക്കിവിടെ മിക്സഡ്‌ ക്ലാസ്സ്‌ കിട്ടാതിരുന്നതിൽ വിഷമമുണ്ടായിരുന്നു. ആ വിഷമം തീർത്തിരുന്നത്‌ ഇന്റർവെൽ വേളയിൽ ആൺകുട്ടികളുടെ ഏരിയായിൽ എത്തി എന്നെയും രാജുവിനേയും കൂട്ടി ഫുഡ്ബോൾ കോർട്ടിലെ കശുമാവിന്റെ തണലിൽ ഇരുന്ന്‌ കഥകൾ പറയുമ്പോഴായിരുന്നു. അന്നവളുടെ അച്ഛൻ മങ്കാവുടിക്കടുത്തുള്ള നഗരത്തിലെ മജിസ്‌ട്രേറ്റായിരുന്നു.
മങ്കാവുടിക്കാരുടേയും അയലത്തെ പഞ്ചായത്തുകാരുടേയും അതിനടുത്ത ചെറു നഗരങ്ങളുടേയും കേസുകൾ കേൾക്കുന്നതും വിധികൾ പറയുന്നതും അദ്ദേഹമായിരുന്നു.

പക്ഷെ, അപ്പർ പ്രൈമറി കഴിയുമ്പോഴേയ്ക്കും നിർമ്മല തോമസ്സിന്റെ സ്വഭാവത്തിൽ സാരമായ വ്യതിയാനങ്ങൾ കണ്ടു തുടങ്ങിയിരുന്നു. ഞാനും രാജുവും അതിനെപറ്റി ചർച്ച ചെയ്യുകയും, വഴക്കാകുകയും ചെയ്തിരുന്നു. നിഷ്ക്കളങ്കയായ തുറന്ന മനസ്സുള്ള പെൺകുട്ടിയാണെന്നായിരുന്നു എന്റെ വാദം. പക്ഷെ, രാജു നിഷ്കളങ്കതയിലും തുറന്ന മനസ്സിലും അത്ര വിശ്വാസമില്ലാത്തവനായിരുന്നു. എന്റെ നിലപാട്‌ എന്റെ മാത്രമായിരുന്നില്ല. അവൾ എന്നോടൊത്ത്‌ വീട്ടിൽ വന്ന്‌ അമ്മ കൊടുക്കുന്ന കപ്പ പുഴുക്കും മറ്റും ആർത്തിയോടെ തിന്നുന്ന തുകണ്ടിട്ട്‌ അമ്മയും മറ്റുവീട്ടിലുളളവരും പറയുമായിരുന്നു.

ഒരു ജാപ്പനീസ്‌ പാവക്കുട്ടിയുടേതുപോലെ ഓമനത്വമുള്ള മുഖമായിരുന്നു അവൾക്ക്, ഫ്രോക്കിട്ട്‌
തുള്ളിച്ചാടി നടക്കുമ്പോൾ, കിലുകിലാന്ന്‌ ചിരിയ്ക്കുമ്പോൾ എന്റെ കണ്ടെത്തലുകളായിരുന്നു ശരിയെന്ന്‌
സമർത്ഥിച്ചിട്ടുണ്ട്‌.

പക്ഷെ, അപ്പർ പ്രൈമറി വെക്കേഷൻ കഴിഞ്ഞ്‌ ഹൈസ്ക്കൂളിലേയ്ക്കുളള പ്രവേശനത്തോടുകൂടിയാണ്‌ അവൾ മാറിയത്‌. സ്ക്കൂൾ തുറന്ന്‌ അവൾ വന്നപ്പോൾ കണ്ണട വച്ചിരുന്നു, കട്ടികൂടിയ ഗ്ലാസ്സു വച്ചത്‌. കവിളുകൾ ഒട്ടിയിരുന്നു. കൺ തടത്തിൽ കറുപ്പ്‌ കയറിയിരുന്നു. ദേഹത്തെ സ്നേഹമയം നഷ്ടപ്പെട്ട്‌, തൊലി വരണ്ട്‌ ചെതമ്പലുകൾ ഉരുണ്ടു കൂടുന്നത്‌ കാണാമായിരുന്നു.

സഹസ്രയോഗ പ്രകാരമുളള ഹൃതങ്ങളും സ്നേഹ ലേപനങ്ങളും കിട്ടാനുണ്ടെന്ന്‌ അമ്മ അവൾക്ക് പറഞ്ഞു കൊടുത്തു. പക്ഷെ, അതുകളെ അവൾ സ്വീകരിയ്ക്കുക ഉണ്ടായില്ല. കട്ടിക്കണ്ണടയ്ക്ക്‌ പിറകിലെ രൂക്ഷമായ ഭാവം, അഗാധമായ ആഴം ഞങ്ങളെ അകറ്റി. അകറ്റിക്കൊണ്ടിരുന്നു, ഒരോ ദിവസവും കുറേശ്ശെയായിട്ട്‌.

ഇടയ്ക്കൊക്കെ വഴിയിൽ വച്ചു കാണുമ്പോൾ ആ കണ്ണുകളിൽ ഞാൺ നോക്കിയിരുന്നു, അവൾ കൂടുതൽ ആഴങ്ങളെ പ്രാപിച്ചു കൊണ്ടിരുന്നു. ദേഹത്തെ സ്നേഹമയം കൂടുതൽ കൂടുതൽ ചോർന്നു പോവുകയും ചെതമ്പലുകൾ വലുതാവുകയും ചെയ്തു.

ഞാൺ കാരണം തിരക്കാതിരുന്നില്ല. അച്ഛന്റെ വേലക്കാരിയുമൊത്തുള്ള സഹശയനവും വേലക്കാരിയുടെ പദവിയിൽ വന്ന മാറ്റവും അമ്മ വേലക്കാരി ആക്കപ്പെട്ടതുമായിരുന്നു കാരണങ്ങൾ. പക്ഷെ, അക്കഥകൾ കേട്ടിട്ട്‌ ഞാൻ മൂക്കത്ത്‌ വിരൾ വയ്ക്കുകയോ വായതുറനന്നിരുന്ന് കഥ കേൾക്കുകയോ ചെയ്തില്ല. കാരണം ഞാം കൊണ്ടിപ്പാടത്തുകാരനാണ്‌. എനിക്ക്‌ ചുറ്റും
നിത്യേനയുള്ള സംഭവങ്ങളായിരുന്നു, അതുകളെല്ലാം. അതുകൊണ്ട്‌ ഞാനവളെസാന്ത്വനപ്പെടുത്താൻ
ശ്രമിയ്ക്കാതിരുന്നില്ല. പക്ഷെ, എന്റെ സാന്ത്വനവാക്കുകളോ കാര്യങ്ങളോ അവൾക്ക് ഗ്രഹിയ്ക്കാനായില്ല.

നിർമ്മല തോമസ്സ്‌ ഇന്ന്‌ അറിയപ്പെടുന്ന ഫെമിനിസ്റ്റാണ്‌ സാമൂഹ്യപ്രവർത്തകയാണ്‌. അവളെ കാണുമ്പോൾ ഞാൻ സാറാ ജോസഫിനെ ഓർമ്മിയ്ക്കുന്നു.

അലാഹയുടെ പെൺമക്കൾ വായിച്ചപ്പോഴുണ്ടായ മാനസ്സീക പിരിമുറുക്കവും ശ്വാസം മുട്ടലുണ്ടാക്കുന്നു……………………

എന്നാൽ ഞങ്ങൾ കൊണ്ടിപ്പാടത്തുകാർ മൊത്തത്തിൽ ഇന്നും ചോദിയ്ക്കും.

“എന്നാടാ ഈ ഫെമിനിസ്റ്റെന്നു പറഞ്ഞാൽ…?”

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top