അമ്മ

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഇത്‌ മാലതി, സതീശന്റെ അമ്മ.

അമ്പത്തിയഞ്ച്‌ വയസ്സ്‌, വെളുത്തനിറം, വട്ടമുഖം, മലയാളം മാത്രം അറിയും.

കാരണം പഴയ രണ്ടാംക്ലാസ്സുവരെയാണ്‌ വിദ്യാഭ്യാസം. നാരായണന്റെ മകൾക്ക് അതിൽ കൂടുതൽ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലായിരുന്നു. അവരുടെ ചെറുപ്പക്കാലത്ത്‌ പെൺ കുട്ടികൾ സ്വപ്നം കാണാറില്ലായിരുന്നു. സ്വപ്നങ്ങൾ കാണുന്നവരാണല്ലോ സ്ക്കൂളദ്ധ്യാപികയാവണം,
സർക്കാർ ഗുമസ്ഥ ആകണമെന്നൊക്കെ പറഞ്ഞിരുന്നുള്ളു. മറ്റു വാക്കുകളിൽ പറഞ്ഞാൽ സ്വപ്നങ്ങൾ കണ്ടിട്ടും കാര്യമില്ലായിരുന്നു.

മലയാളത്തുനാടിന്റെ തെക്കുക്കിഴക്കൻ മലഞ്ചെരുവിൽ റബ്ബർ രാജാക്കന്മാരുടെ നാട്ടിലാണ്‌ മാലതി പിറന്നു വളർന്നത്‌. റബ്ബർ രാജാക്കന്മാരെന്ന വിശേഷണം ഇന്നത്തെ കാലാവസ്ഥയ്ക്ക്‌ ഭൂഷണമല്ലെങ്കിലും യോജ്യമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. പുതുപുത്തൻ മാരുതിക്കാറിൽ സ്ക്കോച്ചു
വിസ്ക്കിയുടെ ഫുൾബോട്ടിലുമായി, റബ്ബർ കറപുരണ്ട വസ്ത്രങ്ങളുമായി റബ്ബർ ചണ്ടി ചീഞ്ഞമണവുമായി
പാലാ, പൊൻകുന്നം പട്ടണങ്ങളിൽ കണ്ടിരുന്ന ചെറുപ്പക്കാരെ നമ്മൾ മറന്നിട്ടില്ല. അതുകൊണ്ട്‌ അവർ
ആനകൊട്ടിലിന് തന്നെ കഴിയട്ടെ.

അവിടെ മാലതിയുടെ വംശക്കാർ വളരെ പേരുണ്ട്‌. മാലതിയുടെ അച്ഛൻ നാരായണൻ, നാരായണന്റെ ജേഷ്ഠാനുജന്മാർ, മുത്തശ്ശൂന്മാരും, മുത്തശ്ശിമാരും, അമ്മാവന്മാരും, അമ്മായിമാരും, കൊച്ചച്ഛന്മാരും, കൊച്ഛമ്മമാരും, മക്കളും മരുമക്കളു മൊക്കെയായിട്ട്‌……..

പക്ഷെ, അവരൊന്നും റബ്ബർ മുതലാളിമാരല്ല. റബ്ബർ മുതലാളികൾ, ക്രിസ്ത്യാനികളും, മുസ്ലീമുകളും അല്പം ചില നായന്മാരുമൊക്കെയാണ്‌.

എങ്കിൽ ഇവരാരെന്ന്‌ അറിയേണ്ടിയിരിയ്ക്കുന്നു. തൊഴിലുകൊണ്ടു നോക്കാമെന്നുവച്ചാലോ കൃഷിപ്പണിക്കാർ, കൽപ്പണിക്കാര്‍, കയ്യാലകെട്ടുകാർ, റബ്ബർ വെട്ടുകാർ, മരപ്പണിക്കാർ………..

അവരോടു ചോദിയ്ക്കാമെന്നുവച്ചാലോ…………

ങാ…… ഞങ്ങളെവിടപ്പാ… ഞങ്ങളിങ്ങനെയൊക്കെ ജീവിച്ചു പോട്ടെ………………

പൊയ്ക്കോട്ടെ, പോകണ്ട എന്നൊന്നും ഞങ്ങൾ പറയുന്നില്ല. ഞങ്ങൾക്ക് അറിയേണ്ടത്‌, നിങ്ങൾക്കും അറിയേണ്ടത്‌ ദൈവം മനുസ്മൃതിവഴി ഉണ്ടാക്കി വച്ചിരിയ്ക്കുന്ന തെന്നു പറയുന്നത്‌,
സാക്ഷാൽ കാണപ്പെട്ട ദൈവങ്ങളായ ബ്രാഹ്മണർ തരം തിരിച്ചു കൊടുത്തിട്ടുള്ള വർണ്ണ വ്യവസ്ഥയിൽ,
ജാതീ വ്യവസ്ഥയിൽ എവിടെ നിൽക്കുന്നു എന്നതാണ്‌.

ബ്രാഹ്മാവിന്റെ മുഖത്തുനിന്നും ചാടിയവനോ ?

ബാഹുക്കളിൽ നിന്നും ഈർന്നിറങ്ങിയതോ?

ഉദരം പിളർന്നു വന്നവനോ?

അതോ പാദം ഉരഞ്ഞു പൊട്ടി പിറന്നവനോ ?

അതുമല്ലെങ്കിൽ ആദിവാസിയായ ദ്രാവിഡനോ ?

ഉത്തരമില്ല, ഒന്നിനും.

കാരണം അവർക്കറിയില്ല. ഈ ബ്രഹ്മാവാരെന്ന്‌, മനുവാരെന്ന്, മനുവുണ്ടാക്കിയ മനുസ്മൃതിയെന്തെന്ന്‌……

(മേൽ സൂചനകളിലെ ഹാസ്യം ഞങ്ങളുടെ വകയാണ്‌. ആ ഹാസ്യത്തെ ചകങ്കുറപ്പുള്ളവർക്ക് സഹിയ്ക്കാം, സഹിക്കാതെയിരിയ്ക്കാം, ഞങ്ങളോട്‌ യുദ്ധം പ്രഖ്യാപിയ്ക്കാം. )

ഞങ്ങൾ കൊണ്ടിപ്പാടത്തുകാരുടെ അന്വേഷണം എങ്ങും എത്തിയില്ല. അതിനാൽ സതീശൻ പ്രായപുർത്തിയാകുന്നതു വരെ മേൽ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാകാതെ മനസ്സ് പുഴുത്തു കഴിഞ്ഞു കൂടി. സതീശൻ പ്രായപൂർത്തിയായി കഴിഞ്ഞപ്പോൾ അവനെ ചോദ്യം ചെയ്ത്‌ ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്നു.ഒടുവിൽ ചരിത്ര രേഖകളില്ലാത്ത ചരിത്ര കഥ അവൻ ഞങ്ങളോടു പറഞ്ഞു………….

ഞാൻ വിൽക്കുറുപ്പ്‌, വിൽക്കുറുപ്പ്‌ ഒരു ഗോത്രമായിരുന്നു. ദ്രാവിഡഗോത്രം. വില്ല് ഒരു വാദ്യോപകരണമാക്കി സ്വയം പാട്ടുകൾ പാടി, മറ്റു ഗോത്രക്കാരിൽ നിന്നും അവർ
വ്യത്യസ്തത കാണിച്ചിരുന്നു.

നമ്പൂതിരിമാരുടെ അധിനിവേശത്തിന് ശേഷമെന്നെങ്കിലുമായിരിയ്ക്കണം വിൽക്കുപ്പ്‌ എന്ന നാമം ഉണ്ടായത്‌. നാമകരണങ്ങളൊക്കെ നടത്താൻ അക്കാലത്ത് വകതിരുവുണ്ടായിരുന്നത്‌ അവർക്ക് മാത്രമായിരുന്നല്ലോ! അല്ലെങ്കിൽ ആവശ്യക്കാരും അവരു മാത്രമായിരുന്നു. നമ്പൂരിമാരേക്കാൾ മുമ്പിവിടെ റോമാക്കാർ വഴി ക്രിസ്ത്യാനികളും അറബികൾ വഴി മുസ്ലീങ്ങളും എത്തിയിരുന്നു. പക്ഷെ, അവർ
സ്ഥിരതാമസ്സുക്കാരായിട്ടെത്തിയവരായിരുന്നില്ല. അവർക്ക് വേണ്ടിയിരുന്നത്‌ സുഗന്ധ ദ്രവ്യങ്ങളും മലഞ്ചരക്കുകളും മാത്രമായിരുന്നു, അവരുടെ ഓരോ സങ്കരവർഗ്ഗങ്ങൾ ഇവിടെ ഉടലെടുത്തു എന്നിരിയ്ക്കിലും.

നമ്പൂരിമാരുടെ വരവിനു ശേഷമാണീ നാട്ടിൽ വിപുലമായ കൃഷികളുണ്ടായതും വിളവെടുപ്പുണ്ടായിട്ടുള്ളതും. അതിന്‌ മുമ്പ്‌ കാട്ടുഫലങ്ങൾ തിന്നും, കാട്ടുജീവികളെയും മത്സ്യവും തിന്ന്‌
കഴിഞ്ഞിരുന്ന വരായിരുന്നു അധികവും. അത്യാവശ്യം കൃഷികൾ ചെയ്തിരുന്ന വർഗ്ഗക്കാർ ഉണ്ടായിരുന്നില്ല
എന്നു പറയുന്നില്ല. ഈ മലയാള രാജ്യത്തിന്റെ ഏറിയ പങ്കും വലിയ മലകളും അഗാധ ഗർത്തങ്ങളും വന്യ മൃഗങ്ങളും നിറഞ്ഞ വനാന്തരങ്ങളായിരുന്നു.

അപ്രകാരമുള്ള ദൂസാഹചര്യത്തിൽ എവിടെയോ പാർത്തിരുന്ന ഒരു ചെറിയ സമൂഹമായിരുന്നു എന്റെ കുലം, വിൽക്കുറുപ്പ്‌. ജീവിത രീതികളും കുടുംബ ക്രമങ്ങളും ആഹാര രീതികളും വച്ചു നോക്കുമ്പോൾ മദ്ധ്യഭൂപ്രക്യതിയുള്ളിടത്തെ വിടെയെങ്കിലും ആകാനെ നിവ്യത്തിയുള്ളൂ.

അക്കാലത്ത്‌ നായാടി നടന്നിരുന്ന നായന്മാരും എന്തദ്ധ്വാനവും ചെയ്തു പുലരാൻ തയ്യാറായിരുന്ന ഈഴവരും പാടത്ത്‌ കൃഷി ചെയ്തിരുന്ന പുലയരും കൂട കെട്ടും മറ്റുമായി നടന്നിരുന്ന പാണരും കർമ്മ കലാ പ്രവർത്തനങ്ങൾ ചെയ്തിരുന്ന കർമ്മാളരും പറയനും കണിയാനും ഓരോ ഗോത്രക്കാരായിരുന്നു. നമ്പൂരിമാരുടെ അധിനിവേശ ശേഷം അദ്ധ്വാനിയ്ക്കാൻ മടിയായിരുന്ന അവർക്ക് പുലരണമെങ്കിൽ മറ്റുള്ളവരുടെ സഹായം വേണ്ടിയിരുന്നു. അതിനായവർ ബുദ്ധിയും, തന്ത്രവും, മന്ത്രവും, വിദ്യയും ആയുധങ്ങളാക്കി. ഓരോ ഗോത്രക്കാരെക്കൊണ്ടും ഓരോ പ്രവർത്തികൾ ചെയ്യിച്ചു. പക്ഷെ, ഇവിടെ വിൽക്കുറുപ്പിന്റെ പ്രവർത്തിയെന്തെന്ന്‌ തിട്ടമില്ല. എന്താകിലും ഓരോ ഗോത്രക്കാരെ ഏൽപ്പിച്ചിരുന്ന ജോലി അവരല്ലാതെ മറ്റാരും ചെയ്തിരുന്നില്ല. ചെയ്യാൻ അനുവദിച്ചിരുന്നില്ല. അനുവാദം കൊടുക്കാതിരുന്നത്‌ നമ്പൂരിമാർ മാത്രമായിരുന്നില്ല.
ഓരോരോ ഗോത്രക്കാരും പരസ്പരം ശത്രുക്കളും നേരിൽ കണ്ടാൽ ആക്രമിയ്ക്കുന്നവരും , കൊല്ലുന്നവരും ആയിരുന്നു. അപ്പോൾ ഒരാളുടെ പ്രവർത്തി മറ്റൊരാൾ ചെയ്യാൻ സമ്മതിയ്ക്കുന്നത്‌ അസംഭവ്യമായിരുന്നു, ഈ ശത്രുതാ മനോഭാവമാണ്‌ പിന്നീട്‌ അയിത്തമായി മാറിയത്‌.
തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൾ പെട്ടാൽ ദോഷമുളളവരുമായിട്ട്‌ പരിണമിച്ചത്‌.

നമ്പൂരിമാർ അടക്കിവച്ചിരുന്ന വിദ്യ നായന്മാരിലേയ്ക്കും, നായന്മാരിൽ നിന്ന്‌ ഈഴവരിലേയ്ക്കും
മറ്റ്‌ ജാതി സമൂഹങ്ങളിലേയ്ക്കും പകർന്ന് വന്നപ്പോൾ, അവരെല്ലാം അറിവുള്ളവരായി തീർന്നപ്പോൾ തങ്ങളെല്ലാം തികഞ്ഞ അന്ധകാരത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്ന്‌ ഗ്രഹിയ്ക്കുകയും, ആ അറിവ്‌ മോചനത്തിന്റെ ശബ്ദ ഘോഷമായി മാറുകയും ചെയ്തു. പിന്നീട്‌ എല്ലാ അധഃകൃതനും
സങ്കലിയ്ക്കുകയും മറ്റുള്ള ഗോത്രക്കാരും തങ്ങളെപ്പോലെ മനുഷ്യരാണെന്നും അവരുമായി കൂടിക്കഴിയുന്നതിൽ തെറ്റില്ലെന്നും, ജോലികൾ ചെയ്യുന്നതിൽ തെറ്റില്ലെന്നും കണ്ടെത്തുകയും ചെയ്തു.

ഈ സാഹചര്യത്തിൽ വിൽക്കുറുപ്പ്‌ ഗോത്രത്തിലെ വാസികളും തൊഴിലു തേടി, പുതിയ വാസസ്ഥലങ്ങൾ തേടി ഗോത്രത്തിന്റെ സാങ്കല്പിക ചുവരുകൾക്ക് പുറത്തേയ്ക്ക്‌ വന്നിട്ടുണ്ടാകണം.
ഒരു തൊഴിലിലും വിദഗ്ധരല്ലായിരുന്ന അവർ പലരുടേയും സഹായികളായി പരിണമിയ്ക്കുകയായിരുന്നു. അങ്ങിനെ അവർ പല പല സംസ്ക്കാരങ്ങളുമായി
സങ്കലിയ്ക്കുകയായിരുന്നു. പിന്നീടവർ ആയോധന കല പഠിപ്പിയ്ക്കുന്നവരും അക്ഷരവിദ്യ പഠിപ്പിയ്ക്കുന്നവരും കർമ്മ കലകൾ ചെയ്യുന്നവരും മറ്റു പല തൊഴിലുകൾ ചെയ്യുന്നവരുമായി പരിണമിയ്ക്കുകയായിരുന്നു. അതുവഴി അവർക്ക് മൂല്യച്ച്യുതിയുണ്ടായിട്ടുണ്ട്‌. ഇന്നും പഴയ ഗോത്രത്തിന്റെ ആരാധനയെ പുണരുന്നവരുമുണ്ട്‌, ആധുനീക ചിന്താഗതിക്കാരുമുണ്ട്‌………….

നമ്മൾ വീണ്ടും മാലതിച്ചേച്ചിയിലേയ്ക്കു വരികയാണ്‌. ഈ ചേച്ചി വിളിയുണ്ടല്ലോ ഞങ്ങളുടെ നാട്ടിലെ ഒരു സ്റ്റൈലാണ്‌. നൂറു വയസ്സു കഴിഞ്ഞ മുത്തശ്ലിയെയും പത്തു വയസ്സുകാരൻ ചേച്ചിയെന്നു വിളിക്കുന്നത്‌ കേൾക്കാം. അതിന്റെ ഓചിത്യമൊന്നും ഞങ്ങൾക്ക് ബാധകമല്ല, അരോചകമാണെങ്കിലും.

സുകുമാരന്റെ ഭാര്യ മാലതി.

അവർ അമ്പലത്തിൽ പോയിട്ടു വരികയാണ്‌. സെറ്റു മുണ്ട്‌, കസവുകര, ചുവന്ന ബ്ലൌസ്സ്‌, ചന്ദനക്കുറി വലതു കൈയ്യിൽ ഇലയിൽ പ്രസാദം………..അവർ അത്ര സുന്ദരിയൊന്നുമല്ല. എങ്കിലും, കാണാൻ തെറ്റില്ല. അമ്പലത്തിൽ പോയി തുടങ്ങിയിട്ട്‌ അധികം നാളുകളായിട്ടില്ല. വീട്ടിൽ സതീശന്റെ ഭരണം നടന്നു തുടങ്ങിയതിൽ പിന്നീടാണ്‌.

സുകുമാരൻ ഒരു യുക്തിവാദിയായിരുന്നു. എ.ടി.കോവുറിന്റെ ലേഖനങ്ങളും, ഇടമറുകിന്റെ പുസ്തകങ്ങളും, ഏതോ ഒരു ജോസഫിന്റെ പ്രതാധിപത്യത്തിൽ ഇറങ്ങിയിരുന്ന യുക്തിവാദി മാസികയും വായിച്ചിട്ടുള്ളതിന്റെ വെളിച്ചത്തിലാണ്‌ അങ്ങിനെ സംഭവിച്ചിരുന്നത്‌. അയാളുടെ കാഴ്ച്ചപ്പാടിൽ എല്ലാം പ്രകൃതിയിൽ പിറക്കുകയും അവസാനിയ്ക്കുകയും വിലയം കൊള്ളുകയുമാണ്‌.

പ്രകൃതിയുടെ ചേഷ്ടകളാൽ പിറക്കുന്നു. കുറെ നാൾ പ്രകൃതിയുടെ ചേഷ്ടകൾ കാണിയ്ക്കുന്നു. ഒടുവിൽ പ്രകൃതിയുടെ ചേഷ്ടകളിൽ തന്നെ ഒടുങ്ങുന്നു.

ഒരു ബുദ്ധിയിൽ ശരിയല്ലേ ?

അതെ!

അപ്പോൾ ഒരു ക്ഷേത്ര പ്രതിഷ്ഠയ്ക്കുമുന്നിൽ, ഒരു പള്ളിയിലെ അൾത്താരയ്ക്കുമുന്നിൽ, ഒരു മസ്ജിത്തിനുള്ളിൽ ആണ്‌ എല്ലാം അടങ്ങുന്നതെന്ന്‌ വിശ്വസിച്ചാലോ ?

ഞങ്ങൾ അറിയുന്നു, നമുക്ക് ചുറ്റുമുള്ള വിശ്വാസികളിൽ തൊണ്ണൂറു ശതമാനവും അങ്ങിനെ തന്നെയാണെന്ന്‌, ബാക്കിയുള്ള പത്തു ശതമാനം ശക്തിഹീനരായതു കൊണ്ട്‌ ഒന്നും അറിയാത്തവരെപ്പോലെ, കാണാത്തവരെപ്പോലെ, കേൾക്കാത്തവരെപ്പോലെ, ഉണ്ടും ഉറങ്ങിയും ഭോഗിച്ചും കഴിഞ്ഞു കൂടുന്നു. തീർന്നില്ലേ, അത്ര അല്ലെ ഉള്ളൂ
ജീവിതം ?

ചിരി വരുന്നുണ്ടോ, വിളമ്പിയ വിഡ്ഡിത്തം ഓർത്തിട്ടാണോ, എങ്കിൽ തെറ്റിയത്‌ നിങ്ങൾക്കാണ്‌………….. നിങ്ങൾ അറിഞ്ഞതു മാത്രമാണ്‌ അറിവെന്ന്‌ കരുതുന്നെങ്കിൽ, നിങ്ങളാണ്‌ മൌാലീകവാദികളും തീവ്രവാദികളും, ക്രിമിനലുകളുമാകുന്നത്‌……

എല്ലാറ്റിനെയും ഒരേ അളവിൽ അടുപ്പിച്ചും അകറ്റിയും നിർത്താൻ കഴിയുന്നതു കൊണ്ടാണ്‌ ഞങ്ങൾക്ക് പകൽ നന്നായി ഭക്ഷണം കഴിയ്ക്കാൻ കഴിയുന്നതു; പുലർച്ചയ്ക്ക്‌ നന്നായിട്ട്‌ ശോധന കിട്ടുന്നതും………………..

സാമാന്യ വിദ്യാഭ്യാസവും വളരെ വായനയും കുറച്ചധികം ചിന്തയുമായിട്ട്‌ തയ്യൽക്കാരനായിട്ട്‌ സതീശൻ കടന്നു വരികയും അച്ഛനെ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ടിവിയുടെ മുന്നിൽ ഇരുത്തുകയും, ആവശ്യത്തിന്‌ ബീഡിയും അത്യാവശ്യം മദ്യവും എത്തിച്ചുകൊടുക്കുകയും ചെയ്തപ്പോൾ മാലതി
ചേച്ചിയ്ക്ക്‌ അമ്പലത്തിൽ പോകാമെന്ന സ്ഥിതിവിശേഷത്തിലെത്തി…………..

അതും നിത്യേനയൊന്നുമില്ല. അസൌകര്യങ്ങളി
ല്ലാത്തപ്പോൾ പോകുന്നു. അയല്‍പക്കത്തുള്ള ഗണപതിയെ ഭജിയ്ക്കുന്നു. വഴിപാടായിട്ട്‌ രണ്ടോ മൂന്നോ
നാണയം കൊടുക്കുന്നു, പ്രസാദം കൈപ്പറ്റിപ്പോരുന്നു.

ചുരുക്കി പറഞ്ഞാൽ അത്ര വലിയ അല്ലലൊന്നുമില്ലാത്ത ജീവിതം അവർക്കിന്ന്‌ കിട്ടുന്നുണ്ട്‌. പക്ഷെ, ഒരാഗ്രഹം കൂടി ബാക്കി നിൽപ്പുണ്ട്‌, സതീശന്റെ മകനെ എളിയിൽ വച്ചു നടക്കണം. ആ കുഞ്ഞിന്റെ അപ്പിയും മൂത്രവും കൂടി വീട്ടിൽ ഉടുക്കുന്ന കൈലിമുണ്ടിൽ പറ്റിക്കണം…….

ഈ ആഗ്രഹം അവർ ഗണപതിയോട്‌ പറഞ്ഞിട്ടുണ്ട്‌, പെട്ടിയിൽ സൂക്ഷിയ്ക്കുന്ന സരസ്വതിയുടെ പടത്തോടും പറഞ്ഞിട്ടുണ്ട്‌…………. സതീശന്റെ ഭാര്യ സരിതയോടും പറഞ്ഞിട്ടുണ്ട്‌……..

മാലതിയ്ക്ക്‌ എല്ലാകാര്യത്തിലും സംശയവും ഭയവുമാണ്‌. ഒരു കാര്യവും അവർ വിചാരിയ്ക്കുന്നതുപോലെയോ സ്വപ്നം കാണുന്നതുപോലെയോ നടന്നിട്ടില്ല. അവർക്ക് എഴുത്തും
വായനയും അത്ര ഭംഗിയായിട്ടറിയുകയില്ലെങ്കിലും, ഉദ്ദണ്ഡന്റെ കഥ കാർട്ടൂണായിട്ട്‌ മലയാളമനോരമ ആകഴ്ച്ചപതിപ്പിൽ വന്നിരുന്ന കാലത്ത്‌, അതിൽ അച്ചടിച്ചു വന്നിരുന്ന നോവലുകളും കഥകളും വായിയ്ക്കാറുണ്ടായിരുന്നു. പക്ഷെ, അതിലെ വരികൾ സാധാരണ പെൺകുട്ടികൾക്ക് നൽകിയിരുന്ന പ്രകമ്പനാവസ്ഥ അവർക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട്‌ യാതൊരുവിധ ഗുണഗണങ്ങളുമില്ലാതിരുന്ന,
കഷ്ടിയായുണ്ടായിരുന്ന വായനയും എന്നത്തേയ്ക്കുമായി നിർത്തി.

പക്ഷെ, സമൂഹത്തിലേയ്ക്കവർ കണ്ണുകളും കാതുകളും തുറന്നു തന്നെ വച്ചിരുന്നു. അയൽ പക്കങ്ങളിലെ സ്ത്രീകളിൽ നിന്നും കിട്ടുന്ന വാർത്തകളെ അറിവുകളാക്കി മാറ്റിക്കൊണ്ടിരുന്നു.
അതുകൊണ്ടാണ്‌ സതീശന്റെ പതിനെട്ടാമത്തെ വയസ്സിൽ, അവന്റെ ക്ലാസ്സിൽ പഠിയ്ക്കുന്ന ഒരു പെൺകുട്ടിയുമായിട്ട്‌ സ്‌നേഹമാണെന്നറിഞ്ഞപ്പോൾ അവരുടെ മനസ്സ്‌ പിടഞ്ഞത്‌. ക്ഷേത്രത്തിൽ പോയിരുന്നില്ലെങ്കിലും നിത്യേനയെന്നോണം, തുണിപ്പെട്ടിയുടെ അടിയിൽ സൂക്ഷിയ്ക്കുന്ന
സരസ്വതിയുടെ ഫോട്ടോ എടുത്തു വച്ച്‌, വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിലെല്ലാം പ്രാർത്ഥിയ്ക്കാറുണ്ടായിരുന്നത്‌.

ഒരു ആൺകുട്ടിയ്ക്ക്‌ പെൺകുട്ടിയോട്‌ സ്നേഹം തോന്നിയ വിവരം അറിയുന്ന ആൺകുട്ടിയുടെ അമ്മ പ്രാർത്ഥിയ്ക്കുന്നത്‌ ആ പെൺകുട്ടിയെ തന്നെ തന്റെ മകന ഭാര്യയായികിട്ടണമേ
എന്നായിരിയ്ക്കുമെന്നാകാം നിങ്ങൾ ഇപ്പോൾ കരുതുന്നത്‌. എന്നാൽ സതീശന്റെ കാര്യത്തിൽ അങ്ങിനെ ആയിരുന്നില്ല.

ആ പെൺകുട്ടിയൊരു റോമൻ കത്തോലിയ്ക്കയായിരുന്നതു കൊണ്ട്‌, അവരുടെ ഉന്നതസ്ഥാനീയതകൊണ്ട്‌ ആ പെൺകുട്ടിയെ മകൻ മറന്നു പോകണമേ എന്നാണ്‌ പ്രാർത്ഥിച്ചിരുന്നത്‌. അതും ഭയം കൊണ്ടുമായിരുന്നു. ഭയത്തിന്‌ നിദാനം അവരുടെ ചെറുപ്പത്തിൽ സ്വന്തം നാട്ടിലുണ്ടായ ഒരു സംഭവമാണ്‌.

അക്കാലം, മാലതിയുടെ അച്ഛന്‌ അമ്പതു വയസ്സ്‌ പ്രായം കാണും, അവർക്ക് പത്തും.

അന്ന്‌ അത്തില് മേത്തരുടെ അഞ്ചുവയസ്സുകാരൻ മകനും, ബേബിച്ചന്റെ നാലു വയസ്സുകാരി മകളും മാലതിയുടെ അച്ഛനെ ‘നാരായണൻ’ എന്നേ വിളിയ്ക്കുകയുള്ളായിരുന്നു. അവരുടെ അച്ഛനെ മാത്രമല്ല, വലിയച്ഛനെയും കൊച്ചച്ഛന്മാരെയും പേരേ വിളിയ്ക്കാറുള്ളായിരുന്നു.അത്തില്‌ മേത്തരുടെയും
ബേബിച്ചായന്റെയും പറമ്പിലെ പണിയ്ക്കാരായിരുന്നു മാലതിയുടെ കാരണവന്മാർ. അന്നൊക്കെ പേരു
വിളിയ്ക്കുന്നതു തന്നെ ബഹുമാനമായിട്ടാണവർ കരുതിയിരുന്നത്‌.

അക്കാലത്താണ്‌ അവളുടെ അച്ഛന്റെ അമ്മാവന്റെ ഒരു മകൻ, റബ്ബർ വെട്ടുകാരൻ, അയാളുടെ മുതലാളിയായിരുന്ന ഇച്ചായന്റെ മകളെ സ്‌നേഹിച്ചു പോയത്‌. അയാൾ സുമുഖനും
ആരോഗദൃഢഗാത്രനും സംസാരദൂഷ്യങ്ങൾ ഇല്ലാത്തവനുമായിരുന്നു, പെൺകുട്ടി സുന്ദരിയും,
ആകാരസൌഷ്ഠവമുള്ളവളുമായിരുന്നു. അവർ പരസ്പരം ആകർഷിച്ചത്‌ പ്രകൃതി നിയമങ്ങർക്ക് നിരക്കുന്നതുമായിരുന്നു.

സ്‌നേഹിക്കുന്നത്‌ അത്ര വലിയപാതകമാണെന്ന്‌ ഞങ്ങളും കരുതുന്നില്ല, നിങ്ങളും അങ്ങിനെ തന്നെ ആവും.

പക്ഷെ, ആ ഇച്ചായൻ ചെയ്തത്‌ കാറ്റുണ്ടായി ഒടിഞ്ഞു വീഴുന്ന റബ്ബർ കൊള്ളികൾ കൊത്തി നുറുക്കാനുപയോഗിച്ചിരുന്ന കോടോലി കൊണ്ട്‌ അവനെ കൊത്തിക്കീറുകയായിരുന്നു.

അന്ന്‌ കൊച്ചു മാലതിയും അമ്മയോടൊപ്പം റബ്ബർ തോട്ടത്തിൽ കിടന്നിരുന്ന അവനെ കാണാൻ പോയിരുന്നു. സ്‌നേഹത്തിന്‌ ഇത്രമാത്രം ക്രൂരമായൊരു മുഖമുണ്ടെന്ന്‌ മാലതി ആദ്യമായി കണ്ടു. പിന്നീട്‌ മനോരമ ആഴ്ച്ചപതിപ്പിലും അങ്ങിനെ ചിലതൊക്കെ വായിയ്ക്കുകയും ചെയ്തിട്ടുണ്ട്‌.

പക്ഷെ, സതീശന്റെ ആ ബന്ധം കമ്പ്‌ നട്ടുപിടിപ്പിയ്ക്കുന്ന ഒരു ചെമ്പരത്തിച്ചെടിയുടെ അനുഭവമായിരുന്നു. കമ്പുനട്ട്‌ രണ്ടു ദിവസം കഴിഞ്ഞപ്പോൾ ചെറിയൊരു പൊടിപ്പുണ്ടായിയെന്നേയുള്ളൂ. വീണ്ടും രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ മണ്ണിലേയ്ക്കു വേരിറങ്ങാത്തതിന്റെ പേരിൽ കരിഞ്ഞു പോയി.

സഖാവ് പീറ്റർ വന്നു പോയതിനു ശേഷം നാട്ടിലുണ്ടായിട്ടുള്ള സംസാരങ്ങളും ആലോചനായോഗങ്ങളുടെ റിപ്പോർട്ടുകളും കേട്ട്‌ മാലതി ചേച്ചി പുളകം കൊണ്ടിരിയ്ക്കുകയാണ്‌.
അവരുടെ മനസ്സ്‌ എന്തിന്റെയെല്ലാമോ അടിമയായി കഴിഞ്ഞു വരികയായിരുന്നു. ബാല്യത്തിൽ അത്തില് മേത്തരുടെയും ബേബിച്ചായന്റെയും പ്രതിഭയ്ക്കു മുന്നിൽ, യാൌാവനത്തിൽ ഭർത്താവിന്റെ ധാർഷ്ട്യത്തിനു മുന്നിൽ കൂടാതെ എല്ലായ്പ്പോഴും തുണിപ്പെട്ടിയിൽ ഒളിച്ചു വെച്ചിരുന്ന സരസ്വതിയുടെ പടത്തിനു മുന്നിൽ, സതീശൻ പ്രായ പൂർത്തിയായിക്കഴിഞ്ഞ്‌ ക്ഷേത്രത്തിലെ ഗണപതിയ്ക്ക്‌ മുന്നിൽ…….

ഇപ്പോൾ എല്ലാനേരവും അവളുടെ മനസ്സിൽ മകന്റെ മുഖം തെളിഞ്ഞു നിൽക്കുകയാണ്‌. എല്ലാറ്റിനും മുന്നിൽ, എല്ലാവർക്കും മുന്നിൽ തലയെടുപ്പോടു കൂടി നിൽക്കാൻ പോകുന്നു തന്റെ മകൻ…..

എങ്ങിനെ തലയുയർത്തി നിൽക്കാതിരിയ്ക്കും! ഇത്രയും കാലം തല തന്നെ ഉണ്ടെന്നു തോന്നിയിരുന്നില്ലല്ലോ!

ഇനിയും ബഹുമാനിയ്ക്കാൻ, മകന്റെ പേരിലാണെങ്കിലും, ഇച്ചായന്മാരും, മേത്തന്മാരും, പൂജാരിമാരും, കാര്യസ്ഥന്മാരും ക്യു നിൽക്കുകയാവും.

അവന്റെ ചിരിയ്ക്കുന്ന മുഖം, ആ ചിരിയിൽ മേലാള വർഗ്ഗത്തിനോടൊരു പുച്ഛരസമുണ്ടെങ്കിലും വല്ലാത്തൊരു വശ്യത തന്നെയാണ്‌. അവന്റെ കണ്ണുകൾക്ക് വല്ലാത്തൊരു ആകര്‍ഷണീയത തന്നെയാണ്.

എന്റെ മോനാണവൻ…………….

സെറ്റുമുണ്ടിന്റെ കര പാദം വരെ നേരെയാണോ നിൽക്കുന്നതെന്നു നോക്കി തോളത്തിട്ടിരിയ്ക്കുന്ന നേര്യത്‌ ഭംഗിയാർന്നു തന്നെയാണോ കിടക്കുന്നതെന്നു നോക്കി, തല ലേശം ഉയർത്തിപ്പിടിച്ച് ടാർ റോഡ്‌ വിട്ട്‌ വെട്ടുവഴിയിലൂടെ നടന്നു. വഴിയിലൂടെ കടന്നു പോകുന്നവർ അവരെ നോക്കി ആദരവോടെ പുഞ്ചിരിയ്ക്കുന്നതും ശ്രദ്ധിച്ചു. @@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top