അദ്ധ്യായം രണ്ട്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

കതകില്‍ ശക്തിയായി തട്ടുന്നതു കേട്ടിട്ടാണ്‌ അവന്‍ ഉണര്‍ന്നത്‌. അഗാധമായ ഗര്‍ത്തത്തില്‍ നിന്നു കയറില്‍ കെട്ടിവലിച്ച്‌ കയറ്റുമ്പോലെയാണവന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍വിലേയ്ക്ക്‌ എത്തിയത്‌.

യാത്രാക്ഷീണവും വിസ്‌കി നല്‍കിയ തളര്‍ച്ചയും, ഉറക്കച്ചടവില്‍ കണ്ണുകള്‍ തുറക്കാനായില്ല. തപ്പിത്തടഞ്ഞാണ്‌ ലൈറ്റ്‌ തെളിച്ച്‌ കതകിന്റെ കുറ്റിയെടുത്തത്‌. ഒരു പാളി തുറന്നപ്പോഴേയ്ക്കും ഉറക്കത്തിന്റെ ക്ഷീണം ഓടിയകന്നു.

അവന്‌ എന്തെങ്കിലും സംസാരിക്കാന്‍ കഴിയും മുമ്പെ അവള്‍ കതക്‌ ശക്തിയായി തള്ളിത്തുറന്ന്‌ അകത്തുകയറി കട്ടിലിനോട്‌ ചേര്‍ന്ന്‌ പരുങ്ങി നിന്നു.

ലേശം കറുത്തിട്ട്‌ സുന്ദരിയായ പെണ്‍കുട്ടി. പാവാടയും

ഹാഫ്‌സാരിയും പക്ഷെ അവളെ കണ്ടാല്‍ ആദ്യം ശ്രദ്ധിക്കുന്നത്‌ ഉരുണ്ട വലിയ കണ്ണുകളാണ്‌, ആകര്‍ഷണീയമായ കറുത്തമിഴികളും…..

ഒരു നിമിഷം അവന്‍ എന്തുചെയ്യണമെന്ന്‌ അറിയാതെയായി. ഉടന്‍ തന്നെ ബോധാവസ്ഥയിലേയ്ക്ക്‌ മടങ്ങിയെത്തി.

“നീ ആരാണ്‌….. എന്തുവേണം?”

അവള്‍ നോട്ടം അവനില്‍ നിന്നും പിന്‍ വലിച്ചു. അവളുടെ ചുണ്ടുകളില്‍ പുഞ്ചിരി വിടര്‍ന്നു. അവന്‍ മുറിയ്ക്കു പുറത്തിറങ്ങി. ഇരുവശങ്ങളിലും മുറികളുമായി വരാന്ത വിജനമായിരുന്നു. വീണ്ടും മുറിയില്‍ കയറിയപ്പോഴേയ്ക്കും അവള്‍ കട്ടിലില്‍ മൂടിപ്പുതച്ചു കിടന്നു കഴിഞ്ഞു.

റൂമിലെ ടെലിഫോണ്‍ റിസീവര്‍ എടുത്തു. റിസപ്ഷനില്‍ ബെല്ലടിച്ചു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ റിസപ്ഷനിസ്റ്റിന്റെ ശബ്ദം ഫോണ്‍ തലയ്ക്കലെത്തി.

“എന്റെ മുറിയില്‍ ഒരു പെണ്‍കുട്ടി വന്നിരിക്കുന്നു സുഖമില്ലാത്തതുപോലെ……”

“ഓ! സോറി സാര്‍…….. ഇപ്പോളെത്താം…..”

അവന്‍ മുറിക്കു പുറത്തു കാത്തുനിന്നു.

മാനേജര്‍ പരിവാരങ്ങളുമായിട്ടാണ്‌ എത്തിയത്‌. അവള്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു.

“സോറി സാര്‍…….. ഈ കുട്ടി അടുത്ത മുറിയില്‍ താമസിക്കുന്നു. ശാന്തിയില്‍ ഭജനയിരിക്കാനെത്തിയതാണ്‌.”

അവളുടെ പാട്ടിയും അനുജനും കൂടി ബലമായി കൊണ്ടു പോകുമ്പോള്‍ വിളിച്ചു പറഞ്ഞിരുന്നു.

“നാന്‍ വരമാട്ടേന്‍…..എനക്ക്‌ അങ്കെത്താന്‍ പുടിച്ചത്‌…….. അതുതാന്‍ എന്‍ പുരുസന്‍……”

അവളുടെ പാട്ടിയുടേയും അനുജന്റേയും വിളറിയ മുഖം.

സിദ്ധാര്‍ത്ഥന്‍ വീണ്ടും ഉറക്കത്തിനായി കാത്തു കിടക്കുമ്പോഴും ആ പെണ്‍കുട്ടിയോട്‌ സഹതാപമാണ്‌ തോന്നിയത്‌.

പാവം പെണ്‍കുട്ടി!

പക്ഷെ, ഉറക്കം കിട്ടാതെ വരികയും വീണ്ടും മദ്യം സിരകളിലൂടെ ഒഴുകി പടരുകയും ചെയ്തപ്പോള്‍……

സിദ്ധാര്‍ത്ഥന്‍ അവളുടെ പുരുഷനാണെന്ന്‌………….

അവന്‍ ചിരിവന്നു പോകുന്നു…………….

ഓര്‍മ്മകള്‍ തുടങ്ങുന്നത്‌ അച്ഛനില്‍ നിന്നു തന്നെയാണ്‌.

സന്ധ്യാനേരത്ത്‌, കുടിലിന്റെ തിണ്ണയില്‍ അച്ഛനേയും അമ്മയേയും കാത്തിരിക്കുന്ന നാല്‌ കുട്ടികള്‍, ഒരു ആണ്‍കുട്ടിയും മുന്ന്‌ പെണ്‍കുട്ടികളും. അതില്‍ ആണ്‍കുട്ടി സിദ്ധാര്‍ത്ഥനായിരുന്നു. വളച്ചുകെട്ടിയ തൊടിയുടെ കടമ്പ കടന്ന്‌ അച്ഛന്‍ വരുന്നു.

മേലാകെ വെട്ടുകല്‍പൊടി, അല്ലെങ്കില്‍ പാടത്തെ ചേറ്‌, അതുമല്ലെങ്കില്‍ പറമ്പിലെ മണ്ണ്‌, തലയില്‍ കൂമ്പാള, കൈയില്‍ ഒരു പൊതി…….

കാലുറയ്ക്കുന്നുണ്ടാവില്ല, നാവ്‌ വഴങ്ങുന്നുണ്ടാവില്ല.

“സിത്തമ്മോനെ………!”

കടമ്പ കടക്കുവാന്‍ വിമ്മിഷ്ടപ്പെടുന്ന ദിവസങ്ങളില്‍ അച്ഛന്‍ വിളിക്കുന്നു. നാലുകുട്ടികളും ഓടിയെത്തുമ്പോള്‍ ആ മുഖത്തു വിരിയുന്ന ചിരി, വിയര്‍പ്പില്‍ മുങ്ങിയ, മദ്യത്തില്‍ മുങ്ങിയ മുഖം………

തൊട്ടുപിന്നാലെ അമ്മയുമുണ്ടാകും. നന്നെ കറുത്തിട്ടാണെങ്കിലും അമ്മ സുന്ദരിയായിരുന്നു. പണികഴിഞ്ഞ്‌ തോട്ടിലെ കുളി കഴിഞ്ഞ്‌ ഈറനോടെയാകും അമ്മ.

അച്ഛന്‌ വെളുത്ത നിറമായിരുന്നു.

വെളുത്ത മാക്കോത,

കറുത്ത നാരായണിയും.

നാട്ടിലെ എല്ലാവര്‍ക്കും വേണമായിരുന്നു, അച്ഛനേയും അമ്മയേയും പണികള്‍ ചെയ്യാന്‍.

കാട്‌ വെട്ട്‌, കയ്യാലകെട്ട്‌, പാടത്തു ഉഴവ്‌, ഞാറുപറി,

കൊയ്ത്ത്‌………………..

വെളുത്ത മാക്കോത പുലയന്റേയും കറുത്ത നാരായണി പുലക്കള്ളിയുടേയും മകന്‍ സിദ്ധാര്‍ത്ഥന്‍ ഏതോ അഗ്രഹാരത്തിലെ കൊച്ചു സുന്ദരിയുടെ പുരുഷനാണെന്ന്‌.

അവന്‍ ചിരിച്ചു, ഉച്ചത്തില്‍ തന്നെ.

രാവിലെ ജനാലവഴി അകത്തെത്തിയ ഇളം വെയില്‍ അവനെ തട്ടിയുണര്‍ത്തി. ഉണര്‍ന്നിട്ടും തുറന്നു കിടന്നിരുന്ന ജനാലവഴി കിഴക്കോട്ട്‌ നോക്കിക്കിടന്നു.

മഞ്ഞുമൂടിയ മലനിരകള്‍, അതിന്റെ അപ്പുറത്തുനിന്നും ഒളിഞ്ഞുനോക്കുന്ന സൂര്യന്റെ ചുവന്നമുഖം, പ്രസന്നമായ, പ്രസരിപ്പേറിയ വെയിലിനോടൊപ്പം കയറിവരുന്ന തെന്നലില്‍ തലേരാത്രിയിലെ തണുപ്പു അവശേഷിക്കുന്നുണ്ട്‌.

കാറ്റിന്‌ കുന്തിരിക്കത്തിന്റെ ഗന്ധമുണ്ട്‌.

എവിടെനിന്നെല്ലാമോ കീര്‍ത്തനങ്ങള്‍ കേള്‍ക്കുന്നുണ്ട്‌.

എഴുന്നേറ്റ്‌ ജനാലയ്ക്കരുകില്‍ വന്ന്‌ പുറത്തേയ്ക്ക്‌ നോക്കി നിന്നു.

ശരിക്കും ഗ്രാമത്തിന്റെ കവാടത്തിലേ എത്തിയിരുന്നുള്ളു.

ഇവിടെ നിന്നും കാണാനാവുന്നു.

ഒരു മലഞ്ചരുവ്‌, ഒരു താഴ്വാരം, പിന്നെയും ഒരു മലകൂടി രണ്ടു മലകളുടെ ഇടയിലൂടെ ശാന്തിപുഴ.

വെയിലില്‍ തിളങ്ങുന്ന പുഴ.

മനസ്സില്‍ ഒരു ശാന്തമായ തണുപ്പ്‌. തോന്നുന്നില്ലേ?

ഉണ്ടോ?

ഉണ്ടെങ്കില്‍?

വീണ്ടും അവന്‍ അങ്ങ്‌ മലകളിലേയ്ക്ക്‌ നോക്കിനിന്നു. പിന്നെ സൂര്യനെ…..

ഉവ്വ്…….

മനസ്സ്‌ ശാന്തമാണ്‌.

ഈ പ്രഭാതത്തിന്റെ മൂകതയില്‍ മനസ്സ്‌ ശാന്തമാവുകയാണ്‌.

ചൈതന്യമെ………….!

കുളിച്ച്‌ വൃത്തിയായി വസ്ത്രം ധരിച്ച്‌ മുറിക്ക്‌ പുറത്തിറങ്ങി. പൂട്ടുമ്പോള്‍ അടുത്ത മുറിയുടെ മുന്നില്‍, വരാന്തയില്‍ രാത്രിയിലെ പെണ്‍കുട്ടി അരിപ്പൊടികോലങ്ങള്‍ തീരക്കുന്നതു കണ്ടു.

അവള്‍ കുളിച്ചീറന്‍ പകര്‍ന്നു, ഭസ്മക്കുറി ചാര്‍ത്തി സുന്ദരിയായിരിക്കുന്നു.

ഒരു നിമിഷം അവന്‍ നോക്കിനിന്നു.

അവളുടെ വിരലുകളും കണ്ണുകളും മനസ്സും………

അവളാകെത്തന്നെ ആ കോലത്തിന്റെ നിര്‍മ്മിതിയുടെ ലോകത്താണ്‌.

പ്രസന്നമായ മുഖം,

നിഷ്കളങ്കമായ വലിയ കണ്ണുകള്‍,

അവന്‍ അവളെ കടന്ന്‌, നടന്നു, ലിഫ്റ്റില്‍ കയറുമ്പോള്‍ ഒരിയ്ക്കല്‍ മാത്രം തിരിഞ്ഞുനോക്കി.

നിരത്തുകളില്‍ തിരക്കായി കഴിഞ്ഞു.

വിദേശികളും സ്വദേശികളും, സന്യാസിമാരും, സന്യാസിനികളും…….

ഇത്‌ ശാന്തി ശ്രാമത്തിന്റ ടൌണ്‍ ഷിപ്പാണ്‌; പ്രവേശന കവാടവും.

തിരക്കിനിടയില്‍ നിരത്തില്‍ നിന്നും സിദ്ധാര്‍ത്ഥന്‍ ശ്രദ്ധിക്കുകയായിരുന്നു.

ഇവിടെനിന്നും ശാന്തിനിലയത്തിലെത്താന്‍ ഒരു കിലോമീറ്റര്‍ യാത്രവേണം. ഇവിടെവരെയെ പുറത്തുനിന്നുള്ള വാഹനങ്ങള്‍ക്ക്‌ പ്രവേശനമുള്ളു. ഇവിടെനിന്നും ശാന്തി ട്രസ്റ്റ്‌ വക വാഹനമുണ്ട്‌. കൂടുതല്‍ ആളുകളും കാല്‍നടയായിട്ടാണ്‌ പോകുന്നത്‌.

എന്നും ഉത്സവം ആഘോഷിക്കുന്ന പ്രവിശ്യയിലെ ഒരേ ഒരു ഗ്രാമം.

ഒരു മൊട്ടക്കുന്ന്‌ നിരപ്പാക്കി ഷെഡ്ഡുകള്‍ കെട്ടിയാണ്‌ പാര്‍ക്കിംഗ്‌ സൌതകര്യം. പാര്‍ക്കിംഗ്‌ സൌകര്യം അനുവദിക്കുന്നതിനും വാഹനങ്ങള്‍ ശ്രദ്ധിക്കുന്നതിനും അമിതമായി പ്രതിഫലം വാങ്ങുവാനൊരു കുടവയറന്‍ തമിഴനും.

അതിനുള്ള അനുവാദം പരമ്പരാഗതമായി അയാളുടെ കുടുംബത്തിന്‌ കിട്ടിയിരിക്കുന്നതാണെത്രെ. അയാളുടെ ഊര് ബോഡി നായ്ക്കന്നൂര്‍ എവിടെയോ ആണത്രെ,

അയാളുടെ അപ്പന്‍ മാട്‌ കച്ചവടക്കാരനായിരുന്നു. ഒരു നാള്‍ കച്ചവടം കഴിഞ്ഞുവരുമ്പോള്‍ വഴിയോരത്ത്‌ ഒരു ബാലന്‍ തളര്‍ന്ന്‌, ബോധമറ്റു കിടക്കുന്നതു കണ്ടത്രെ. അയാള്‍ ബാലനെ തോളിലേറ്റി പുരയിലെത്തി. ആഴ്ചകളോളം അയാളും പൊണ്ടാട്ടിയും ബാലനെ ശുശ്രൂഷിച്ചു അന്ന്‌ കപ്പം പിരിവുകാരന്‍ ഗോലി കളിച്ചുകൊണ്ടു നടന്നിരുന്ന പ്രായം. ശുശ്രൂഷയുടെ ഫലമായി ബാലന്‍ കണ്ണുകള്‍ തുറന്നു. കണ്ണുകളില്‍ അവാച്യമായൊരു പ്രഭ നിറഞ്ഞിരുന്നു. ആ പ്രഭ ബാലന്റെ മുഖമാകെ നിറഞ്ഞുവന്നു.

അയാളുടെ പൊണ്ടാട്ടി കാല്‍ക്കല്‍ വീണു.

“കടവുളെ പാക്കണെ………”‌

അവള്‍ അലമുറയിട്ടു കരഞ്ഞു.

ഭഗവാന്‍ അവരില്‍ കനിഞ്ഞു. ശാന്തിഗ്രാമത്തില്‍ കൂടിയിരുന്നപ്പോള്‍ ഇവിടെ കപ്പം പിരിക്കാനുള്ള അവകാശം കൊടുത്തു. വൃദ്ധന്‍ മരിച്ചപ്പോള്‍ അവകാശം പിന്‍തുടര്‍ച്ചായി കൈമാറി. അതല്ല, കഴിഞ്ഞ ജന്മത്തില്‍ ഭഗവാനും കപ്പം പിരിവുകാരനും ഒരമ്മയുടെ മക്കളായിരുന്നുവെന്നും ഐതിഹ്യമുണ്ട്‌.

ശാന്തിട്രസ്റ്റു വക വാഹനത്തില്‍ നിലയത്തിന്റെ കവാടത്തില്‍ ഇറങ്ങി.

പ്രധാന കവാടത്തിനുള്ളില്‍ കടന്നപ്പോള്‍ മറ്റൊരു ലോകത്തെത്തിയതു പോലെ.

പാര്‍പ്പിടങ്ങള്‍,

കൃഷിയിടങ്ങള്‍,

വ്യാപാരസ്ഥാപനങ്ങള്‍,

ഈരാണ്മയില്‍ അന്‍പത്തൊന്നു വീട്ടുകാര്‍…………..

പക്ഷെ, എല്ലാത്തിന്റേയും അധിപന്‍ ട്രസ്റ്റാണ്‌, ട്രസ്റ്റിന്റെ അദ്ധ്യകഷന്‍ ഭഗവാനും.

പ്രധാന പാതവക്കിനിരുവശങ്ങളിലും വിദലയങ്ങള്‍, ആശുപ്രതികള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍…….

എല്ലാറ്റിനും ഒരൊറ്റ നാമമേയുള്ളു,

മഞ്ഞപ്രതലത്തില്‍ വെളുത്ത അക്ഷരങ്ങളില്‍,

“ശാന്തി ട്രസ്റ്റു വക”

എല്ലായിടത്തും തിക്കും തിരക്കുമാണ്‌,

ഹോട്ടലുകളില്‍ റെസ്റ്റോറന്റുകളില്‍, വ്യാപാര സ്ഥാപനങ്ങളില്‍,

വിദേശികളും സ്വദേശികളും,

കുട്ടികളും, വൃദ്ധരും,

പുരുഷന്മാരും, സ്ത്രീകളും

മാലയ്ക്കിടയില്‍ അലങ്കാരത്തിനായി ചേര്‍ക്കുന്ന വ്യത്യസ്ത പുക്കളേപ്പോലെ കാവി വസ്ത്രധാരികളായ സമതിക്കാരും.

എവിടേയും ഒരൊറ്റ മന്ത്രത്തിന്റെ നാദം നിറഞ്ഞു നില്‍ക്കുന്നു.

തെന്നലില്‍ ഒഴുകിനടക്കുന്നു.

“ഓം സച്ചിദാനന്ദായ നമ:”

സിദ്ധാര്‍ത്ഥന്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം അലഞ്ഞുനടന്നു.

ഭഗവാന്റെ ക്ഷേത്രത്തില്‍, ക്ഷേത്രക്കുളക്കരയില്‍, ശാന്തിപുഴയുടെ തീരത്ത്‌, ഉദ്യാനത്ത്‌, വിശാലമായ പ്രാര്‍ത്ഥനാ മന്ദിരത്തില്‍, ഭഗവാന്‍ സന്ദര്‍ശനമരുളുന്ന ഹാളില്‍…………

മലഞ്ചെരുവുകളില്‍, കൃഷിയിടങ്ങളില്‍………..

ഊരാന്മക്കാരുടെ ഭവനങ്ങള്‍ക്ക്‌ മുന്നിലൂടെ, വിദ്യാലയങ്ങള്‍ക്ക്‌ മുന്നിലൂടെ, ആശുപ്രതിയുടെ അകത്തളങ്ങളിലൂടെ……….

വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലൂടെ………

എല്ലാ മിഥ്യകളിലൂടേയും………

സത്യത്തിന്റെ മാര്‍ഗ്ഗം തേടി.

വിശേഷ വേളകളില്‍ ഗുരു കമ്മ്യൂൺ അന്തേവാസികളെ അഭിസംബോധന ചെയ്തു നടത്താറുള്ള സ്ഥിരം പ്രസംഗമാണിപ്പോള്‍ ഓര്‍മ്മ വരുന്നത്‌.

അലച്ചില്‍ കഴിഞ്ഞ്‌ സിദ്ധാര്‍ത്ഥന്‍ മുറിയിലെത്തി. കുളിച്ച്‌ കട്ടിലില്‍ ചാരി, സിഗററ്റിന്റെ പുകയുടെ ആസ്വാദ്യത ആവോളം നുകര്‍ന്നു കിടക്കവെയാണ്‌ ആ ഓര്‍മ്മ പുതുക്കപ്പെട്ടത്‌.

ഗുരുവിന്റെ വസതിയുടെ മുന്നിലെ വിശാലമായ അങ്കണത്തില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ അന്തേവാസികള്‍ ഉപവിഷ്ടരായിരിക്കുന്നു. വസതിയുടെ സിറ്റൌട്ടില്‍ കസേരയില്‍ ഗുരുവും.

ഗുരു സംസാരിക്കുന്നു.

“മക്കളെ…..”

“ഈ ലോകം, നാം വസിക്കുന്ന ഈ ഭൂമിയും നാം അറിയുന്നസൂര്യചന്ദ്രന്മാരും മാത്രമല്ല. ആകാശത്തിന്റെ വിശാലതയില്‍ നാം കാണുന്ന കോടാനുകോടി നക്ഷത്രങ്ങളും ആ നക്ഷത്രങ്ങളില്‍ ഉള്‍ക്കൊണ്ടു നില്‍ക്കുന്ന ഗ്രഹങ്ങളും നാം കാണുന്നു, കേള്‍ക്കുന്നു,

രുചിക്കുന്നു. അങ്ങിനെ അറിയുന്നതെല്ലാമടങ്ങിയ, പിന്നെ അറിയാത്തതെല്ലാമടങ്ങിയ ഈ ലോകം.

അങ്ങനെയുള്ള ഈ ലോകത്തെ ഉള്‍ക്കൊണ്ട്‌, നിയന്ത്രിച്ച് പരിപാലിക്കുന്ന ഒരു സത്യമുണ്ട്‌, ചൈതന്യമുണ്ട്‌. അതിനെ അറിയാന്‍ നമുക്ക്‌ മറ്റൊന്നിന്റേയും സഹായം ആവശ്യമില്ല. നമ്മളെ സഹായിക്കുവാന്‍ മറ്റൊന്നിനും കഴിയുകയുമില്ല. കാരണം നമ്മില്‍ ആചൈതന്യം നിറഞ്ഞുനില്‍ക്കുന്നു എന്നതുതന്നെ.

നിങ്ങള്‍ കണ്ണുകളടച്ച്‌, കാതുകളെ പൂട്ടി, ശരീരത്തെ മറന്ന്‌ ഉള്ളിലേയ്ക്ക്‌, വീണ്ടും ഉള്ളിലേയ്ക്ക്‌ സൂക്ഷിച്ചുനോക്കൂ. ഒരു പ്രകാശംപോലെ അതിനെ നമുക്കറിയാനാവും, അല്ലെങ്കില്‍ നിങ്ങളുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിന്റെ കണ്ണുകളില്‍ എല്ലാം മറന്ന്‌ ഉറ്റുനോക്കൂ. അതുമല്ലെങ്കില്‍ വിശാലമായൊരു വെളിമ്പുറത്തുകൂടി സസ്യങ്ങളെ, വൃക്ഷ

ങ്ങളെ, തൊട്ടുതഴുകി, കിളികളുടെ കളകൂജനം കേട്ട്‌, ചീവീടുകളുടെസീല്‍ക്കാരം കേട്ട്‌ നടന്നു നോക്കൂ, നിങ്ങള്‍ക്ക്‌ ആ ചൈതന്യം അറിയാനാകും.

അല്ലാതെ ഇക്കാണുന്ന മിഥ്യകള്‍ക്ക്‌ പിറകെ സഞ്ചരിക്കരുത്‌. എല്ലാ മതങ്ങളും, മതഗ്രന്ഥങ്ങളും, ഐതിഹ്യങ്ങളും, പുരാണങ്ങളും, മിഥ്യകളും അതിശയോക്തികളും കപടങ്ങളുമാണ്‌. അവകളെല്ലാം ചൂഷണത്തിന്റെ വ്യത്യസ്ഥമായ മാര്‍ഗ്ഗങ്ങളാണ്‌. ആചാരങ്ങളെന്ന, അനുഷ്ഠാനങ്ങളെന്ന മായാവലയത്തിനുള്ളിലാക്കി സാധാരണ മനുഷ്യന്റെ രക്തം ഒരു വിഭാഗം ചൂഷകര്‍ ഉറ്റിക്കുടിക്കുകയാണ്‌. ഒരിക്കലും ആ മാസ്മരിക വലയത്തില്‍ നിന്നും പുറത്തു പോകാതെയിരിക്കാന്‍ വിധിയുടെ ക്രൂര കഥകളാല്‍ അതിന്റെ പ്രജഞയെത്തന്നെ മരവിപ്പിച്ചു കളയുകയും ചെയ്യുന്നു. മയക്കുമരുന്നിനടിമപ്പെട്ടവരേപ്പോലെ, കണ്ണുകളില്ലാത്തവനെപ്പോലെ, കാതുകളില്ലാത്തവനെപ്പോലെ നിഷ്ചേഷ്ടരായി നീല്‍ക്കുന്ന അവനെ കൈപിടിച്ചു നടത്താന്‍ പുരോഹിതനെന്ന ചൂഷക പ്രതിനിധിയെത്തുന്നു. അയാള്‍ സ്വര്‍ഗ്ഗ നരകങ്ങളുടെ കഥകളാല്‍ അവനെ സ്ഥിരമായൊരു അബോധാവസ്ഥയിലേയ്ക്ക്‌ തള്ളിവിടുന്നു.

അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ചിന്തിക്കുവിന്‍, ഈ കാണുന്ന കോടാനുകോടി നക്ഷ്രതങ്ങളും, അവയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കോടാനുകോടി ഗ്രഹങ്ങളും, ആ ഗ്രഹങ്ങളില്‍ പലതിലും മനുഷ്യനേക്കാള്‍ ശ്രേഷ്ഠതയുള്ള ജീവജാലങ്ങളും എല്ലാം ഉള്‍ക്കൊള്ളുന്ന അവാച്യമായ സത്യത്തിലേയ്ക്ക്‌ നമ്മെപ്പോലെ നിസ്സാരനായൊരു മനുഷ്യന്‍ കൈകള്‍ പിടിച്ച്‌ ഉയര്‍ത്തിയെത്തിക്കാമെന്നത്‌ എത്രമാത്രം വിശ്വസനീയമാണ്‌? അതിനയാള്‍ പ്രതിഫലവും പറ്റുകയാണെങ്കിലോ? അക്കഥകളെല്ലാം തല്‍പ്പരകക്ഷികളുടെ കാര്യ ലാഭത്തിനു വേണ്ടി മാത്രമാണ്‌. നമുക്കവകളെ തള്ളിക്കളഞ്ഞ്‌ സത്യത്തിന്റെ മാര്‍ഗ്ഗത്തിലേയ്ക്ക്‌ വരാം.

ഒരു കാര്യം നിങ്ങള്‍ ധരിക്കുവിന്‍ ആ ചൈതന്യത്തിന്‌ മുന്നില്‍ നാം തുല്യരാണ്‌. പുരോഹിതനായാലും, ഭരണാധികാരിയായാലും, ഗുമസ്ഥനായാലും, തോട്ടിപണിക്കാരനായാലും തുല്യരാണ്‌. തുല്യ അവകാശങ്ങളും അധികാരങ്ങളുമാണുള്ളത്‌. അതുതടയാന്‍ ആരേയും അനുവദിക്കാനാവുകയില്ല. പക്ഷെ, നമ്മുടെ ജീവിതം നീതിയുക്തവും, ധര്‍മ്മാധിഷ്ഠിതവുമായിരിക്കണം എന്നു മാത്രം.

നീതികള്‍ പലര്‍ക്കും പലതായിട്ടാണ്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്‌. രാജാവിന്റെ നീതിയല്ല കൊള്ളത്തലവന്റേത്‌; കമ്മ്യൂണിസ്റ്റിന്റെ നീതിയല്ല സോഷ്യലിസ്റ്റിന്റേത്‌. ഈ വക നീതിയൊന്നുമല്ല നമ്മുടെ രാഷ്ട്രത്തിന്റേത്‌. അതാതുകാലഘട്ടങ്ങളില്‍ വരുന്ന ഭരണാധികാരിക്ക്‌ യുക്തമായ നീതിയാണ്‌ നിലവില്‍ നിന്നിരുന്നത്‌. എന്നുപറഞ്ഞാല്‍ ആ ഭരണാധികാരിക്ക്‌ സ്വസുഖങ്ങള്‍ക്ക്‌, സ്വതാല്‍പര്യങ്ങള്‍ക്ക്‌ നിരക്കാത്തതെങ്കില്‍ തിരുത്തി എഴുതുകയും അനുഷ്ടിക്കു

കയും ചെയ്തിരുന്നു. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക എന്നതാണ്‌ നമ്മുടെ കമ്മ്യൂണിലെ നീതി. ശക്തിയുള്ളവന്‍ ശക്തിഹീനനെ പീഡിപ്പിക്കുന്നതിനെ ശക്തിയുക്തം തടയുകയെന്നതാണ്‌ നമ്മുടെ ധര്‍മ്മം. തന്നെപ്പോലെ തന്നെ മറ്റൊരാളെയും അംഗീകരിക്കുക എന്നതാണ്‌ കര്‍മ്മം. ആ ധര്‍മ്മാനുഷ്ഠാനത്തിനിടയില്‍ ശക്തന്‍ മരണപ്പെട്ടാല്‍ അത്‌ നീതി വിരോധമാവുകയില്ല. പക്ഷെ ആ നീതി നിര്‍വ്വഹണ രീതിയെ കര്‍ശനമായി വിമര്‍ശിക്കപ്പെടുമ്പോള്‍ അന്‍പത്തിഒന്നു ശതമാനം മാര്‍ക്ക്‌ നീതി നിര്‍വ്വാഹകന്‌ കിട്ടിയിരിക്കണം, അല്ലെങ്കില്‍ അയാള്‍ ശിക്ഷാര്‍ഹനായിരിക്കും…….”

ചെറിയൊരു നടുക്കത്തോടെ, സ്വപ്നവലയത്തില്‍ നിന്നും

സിദ്ധാര്‍ത്ഥന്‍ ഉണര്‍ന്നു.

ഗുരു, അങ്ങയുടെ ജീവിതം നീതിയുക്തവും ധര്‍മ്മാധിഷ്ഠിത

വുമാണോ? എലീസാ അങ്ങേയ്ക്ക്‌ അന്‍പത്തിഒന്നു ശതമാനം മാര്‍ക്ക്‌ തരുമോ……?ഫിലോമിന തരുമോ……… ? @@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top