അദ്ധ്യായം മൂന്ന്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

വലിയൊരു മതില്‍ക്കെട്ട്.

വിശാലമായ ഗെയ്റ്റ്‌.

ഗെയ്റ്റില്‍ യൂണിഫോം ധാരിയായ കാവല്‍ക്കാരന്‍.

ഗെയ്റ്റ്‌ കടന്നാല്‍ വൃത്തിയും വെടിപ്പുമുള്ള മുറ്റം, മനോഹരമായപുന്തോട്ടം. അടുത്തടുത്തായി നാലു കെട്ടിടങ്ങള്‍. അതിനുള്ളില്‍ പ്രവിശ്യയിലെ നാലാംകിട പ്രതവും അതിന്റെ വീക്കിലിയും.

പ്രസ്സിന്റെ പിന്നിലേയ്ക്കും, ഇരുവശങ്ങളിലേയ്ക്കും ആധുനികമായി തീര്‍ത്ത കെട്ടിടങ്ങള്‍, അവിടങ്ങളില്‍ പത്രമോഫീസിലെ അന്തേവാസികള്‍ പാര്‍ക്കുന്നു.

തെക്കേലോണില്‍ തലയെടുപ്പുള്ള ഇരുനിലക്കെട്ടിടം. അതാണ്‌ ഗുരുവിന്റെ വസതി.

ഇതാണ്‌ കമ്മ്യൂൺ.

ഗുരു തീര്‍ത്ത കമ്മ്യൂൺ.

ഗുരുവിന്റെ വിവാഹം അനാര്‍ഭാടമായാണ്‌ നടന്നത്‌. എലീസയുടെ അപ്പനും അത്രയേ ആഗ്രഹിച്ചിരുന്നുള്ളൂ. അയാളുടെ ആറ്‌ മക്കളില്‍ മൂത്തവളാണ്‌ എലീസ. മുപ്പതുകളുടെ പകുതി കഴിഞ്ഞ മകളെ കെട്ടിക്കോളാമെന്ന്‌ പറഞ്ഞുവന്നപ്പോള്‍ ഒന്നും ആലോചിക്കാതെ സമ്മതിച്ചു.

പയ്യന്റെ കഥകേട്ടപ്പോള്‍ ആദ്യം വിഷമം തോന്നി. എന്നിരിയ്ക്കിലും ആ മുഖത്തെ ശാന്തതയും ഗാംഭീര്യവും ആ അപ്പനെ സമാധാനിപ്പിച്ചു. എലീസയുടെ താഴെ മൂന്ന്‌ പെണ്‍കുട്ടികളും രണ്ട്‌ ആണ്‍കുട്ടികളുമാണ്‌. എങ്ങനെ മറ്റുള്ളവരെ വിവാഹം ചെയ്തയയ്ക്കും?

ആ കാഞ്ഞിരപ്പള്ളിക്കാരന്‌ അതൊരു ദു.ഖമായിരുന്നു. തീരില്ലെന്നു കരുതിയിരുന്ന ദു:ഖം തീര്‍ക്കാനായി ഗുരുവെത്തി. പക്ഷെ പള്ളിയില്‍ വച്ചുകെട്ടാന്‍ അച്ചനും അധികാരികളും അനുവദിച്ചില്ല…

ഗുരു ദൈവവിശ്വാസിയല്ലത്രേ, പള്ളിയില്‍ കയറാത്തവനാണനത്രെ. സഭയ്ക്കാകമാനം കളങ്കമുണ്ടാക്കിയവനാണത്രേ.

അയാളൊരു കമ്മ്യൂണിസ്റ്റാണെന്ന്‌!

തലവെട്ടി രാഷ്രീയത്തിന്റെ അദ്ധ്യാപകനാണെന്ന്‌! പക്ഷെ,രജിസ്ട്രാഫീസിന്‌ആവകതിരിവുകളൊന്നുമില്ലായിരുന്നു. രജിസ്ട്രാര്‍ തുറന്നുവച്ച പുസ്തകത്തില്‍ ഗുരുവും എലീസയും ആദ്യം ഒപ്പുകള്‍ വച്ചു. പിന്നീട് ഗുരുവിന്‌ വേണ്ടി കൃഷ്ണവേണിയും എലീസക്കു വേണ്ടി അവളുടെ അപ്പനും ഒപ്പുവച്ചു.

എലീസയുടെ വീതത്തില്‍ കിട്ടിയ മൂന്ന്‌ ഏക്കര്‍ റബ്ബര്‍ എസ്റ്റേറ്റ്‌ വിറ്റാണ്‌ പ്രവിശ്യയിലെ ഒരു പ്രധാന നഗരത്തില്‍ കമ്മ്യൂൺ തീര്‍ത്തത്‌, പത്രം സ്ഥാപിച്ചത്‌.

കമ്മ്യൂണിലെ അന്തേവാസികള്‍, പത്രസ്ഥാപനത്തിലെ ജീവനക്കാര്‍ ആശ്രയമറ്റവരും, ഒറ്റപ്പെട്ടവരുമായിരുന്നു.

അവര്‍ അനാഥാലയത്തില്‍ നിന്നും, ജയിലറകളില്‍ നിന്നും വന്നവരായിരുന്നു. കമ്മ്യൂണില്‍ വടവ്യക്ഷം പോലെ ഗുരുവളര്‍ന്നു; പന്തലിച്ചു.

ആ വൃക്ഷച്ചുവട്ടില്‍,

ശീതളിമയില്‍,

ആശ്രയമറ്റവരും പുറംതള്ളപ്പെട്ടവരും പുതിയജീവിതം

കണ്ടെത്തി. പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചു. പുതിയ ബന്ധങ്ങള്‍ വഴി പലരും സമൂഹത്തിലേയ്ക്കും സമുദാ

യത്തിലേയ്ക്കും തിരിച്ചു വന്നു. അവര്‍ക്കു കിട്ടിയ പുതിയ മുഖഛായയില്‍, രൂപങ്ങളില്‍ സമൂഹത്തില്‍ നിന്നും പുതിയ ഒരു മാന്യത അംഗീകരിച്ച്‌ കിട്ടി. അവരില്‍ പലരും വീണ്ടും സാമുഹ്യ ജീവികളായി പരിണമിക്കപ്പെടുകയാണുണ്ടാത്.

 ഗുരു സന്തുഷ്ടനായി.

ചിലപ്പോഴൊക്കെ നൊമ്പരപ്പെടാതിരുന്നില്ല; ഒരു പെണ്ണിന്റെ ധനതിനെല്ലാം അടിത്തറ. അടുത്ത നിമിഷത്തില്‍ സമാധാനപ്പെട്ടു. ഞാന്‍ സ്വന്തം സുഖത്തിനു വേണ്ടി മാത്രമല്ല ചെയ്തത്‌, ഒരു സമൂഹത്തെതന്നെ മാറ്റിയെടുക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.

നാലു കെട്ടും പടിപ്പുരയുമുള്ള വിശാലമായ ആവാസ ഗേഹമാണ്‌ പാർവ്വതീദേവിയുടെ അന്തപുരം.

ഭഗവാന്‍ മാത്രമേ ദേവിയെന്നു വിളിയ്ക്കൂ; ഭക്തരും സന്ദര്‍ശകരും അമ്മെ എന്നു വിളിയ്ക്കുന്നു.

പട്ടുചേലയില്‍ പൊതിഞ്ഞ്‌ നെറ്റിയില്‍ വലിയ സിന്ദൂരക്കുറിയുമായി മട്ടുപ്പാവില്‍, ആട്ടുകട്ടിലില്‍ ദേവി വിരാജിക്കുന്നു.

മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും നൂറുതേച്ച വെറ്റിലയെടുത്ത്‌ അടക്കനുറുക്കുകള്‍ വെറ്റിലിയില്‍ പൊതിഞ്ഞു കാലിപ്പുകയില പേരിന്‌ കൈവെള്ളയില്‍ വച്ച്‌ തിരുമ്മിക്കൂട്ടി വെറ്റിലയോടുകൂടി, അടയ്ക്കയോടുകൂടി വായിലിട്ടു ചവച്ചു.

ചുണ്ടുകള്‍ വീണ്ടും ചുവന്നു. കവിളുകള്‍ ചുവന്നു.

ദിനചര്യകള്‍ കഴിഞ്ഞ്‌, നീരാട്ടുകഴിഞ്ഞ്‌, ദേവി വിശ്രമത്തിനെത്തിയിട്ട് നിമിഷങ്ങളെ ആയിട്ടുള്ളൂ. മദ്ധ്യവയസ്സുകഴിഞ്ഞിട്ടും ദേവി സുന്ദരിയായിത്തന്നെ തുടരുന്നു. ചുവന്ന പട്ടില്‍ പൊതിയുമ്പോള്‍ കൂടുതല്‍ ചുവക്കുന്നു.

ദേവിയുടെ രാവുകള്‍ ഉറക്കമിളപ്പിന്റേതാണ്‌, എന്നും.

ശാന്തി ഗ്രാമത്തിന്റെ ഊരാണ്മയില്‍ രണ്ടാം സ്ഥാനം ദേവിക്കാണ്‌.

ഗ്രാമത്തിലേയ്ക്ക്‌ ഐശ്വര്യം ഒഴുകിയെത്താന്‍ ദേവിയുടെ വരദാനം അമുല്യമാണെന്ന്‌ ഗ്രാമക്കാര്‍ പറയുന്നു. ദേവിയുടെ അന്ത:പുരം നിവാസികളും ഗ്രാമത്തിന്റെ വരമായി, ധനമായി………… ഗ്രാമത്തിലെത്തുന്ന ധനം ഒരിയ്ക്കലും ഒഴുകിയകലാതെ സൂക്ഷിക്കുന്നവരായി,

ഭഗവാന്റെ ദാസികളായി……….

ദേവദാസികളായി……….

വടക്കന്‍ മലഞ്ചെരുവില്‍ നിന്നും ശാന്തിപുഴ കടന്നെത്തിയ ചെറിയകാറ്റ്‌ ദേവിയുടെ കണ്‍പോളകളെ മെല്ലെത്തഴുകി അടപ്പിച്ചു. മുറുക്കാന്‍ നല്‍കിയ ലഹരികൂടി ആയപ്പോള്‍ ദേവി മയങ്ങിപ്പോയി.

മുറുക്കാന്‍ തുപ്പാന്‍ കൂടി മറന്നു.

പടിപ്പുര കാവല്‍ക്കാരന്റെ പാദചലനങ്ങള്‍ ദേവിയെ ഉണര്‍ത്തി.

അപ്പോള്‍ പടിപ്പുര കാവല്‍ക്കാരന്‍ മാത്രമെ ഗോവണി ചവുട്ടിക്കയറുകയുള്ളുവെന്നു ദേവി ഓര്‍മ്മിച്ചു. അന്തേവാസികള്‍ പുരങ്ങളില്‍ മയക്കമായിരിക്കും. ദേവിയ്ക്കു ദേഷ്യം തോന്നി. ഗോവണിയും മട്ടുപ്പാവും കരിവീട്ടിയില്‍ തീര്‍ക്കേണ്ടിയിരുന്നില്ല. ഭഗവാന്റേതു പോലെ സിമന്റുകൊണ്ടും, കമ്പികൊണ്ടും മതിയായിരുന്നു; പാദചലനങ്ങള്‍ അറിയില്ലായിരുന്നു.

പടിപ്പുര കവല്‍ക്കാരന്‍ കണാരന്‍ തുവര്‍ത്തുമുണ്ട്‌ അരയില്‍ ചുറ്റി നിന്ന്‌ ഉണര്‍ത്തിച്ചു.

“അമ്മെ, ഭഗവാന്റെ അടുത്തുനിന്നും ഉസ്മാന്‍ എത്തിയിട്ടുണ്ട്‌.”

ദേവി അലക്ഷ്യമായി മൂളി.

കണാരന്‍ ദേവിയുടെ മുഖത്തുനിന്നു കണ്ണെടുത്തില്ല.

ദേവി മയക്കംവിട്ടു. കണ്ണുകള്‍ തുറന്നു. മുറുക്കാന്‍ കോളാമ്പിയില്‍ തുപ്പി. വായ ശുദ്ധിയാക്കി. ആട്ടുകട്ടിലില്‍ കാലുകള്‍ ആട്ടിയിരുന്നു.

“ആരെയാണ്‌ ആവശ്യപ്പെടുന്നത്‌?”

“അമ്മ ചെല്ലണമെന്ന്‌.”

ദേവി ഒരു നിമിഷം സ്തംഭിച്ചിരുന്നു.

പിന്നീട്‌,

മുഖം കുമ്പിനില്‍ക്കുന്ന പുഷ്പം വിടരുന്നതുപോലെ വിരിഞ്ഞ്‌, പുഷ്പമായി.

കവിളുകളില്‍ ഇപ്പോഴും നുണക്കുഴികൾ പൂക്കുന്നു.

കണ്ണുകളില്‍ ലജ്ജപടരുന്നു.

കണാരന്റെ മനസ്സില്‍ സന്തോഷം അലയടിച്ചു.

“കണാരന്‍ സത്യമായിട്ടും?”

അവള്‍ക്ക്‌ വിശ്വാസം വന്നില്ല. ആട്ടുകട്ടിലില്‍ നിന്നും ചാടിയിറങ്ങി.

പടിപ്പുരയ്ക്കു പുറത്തു നില്‍ക്കുന്ന ഉസ്മാനെ കാണാറായി.

“അതെയമ്മെ………”

“കണാരന്‍ പോയി ഉസ്മാനെ അയയ്ക്ക്‌.”

കണാരന്‍ ഗോവണിയിറങ്ങുന്ന ശബ്ദം കേട്ടു തുടങ്ങി. അപ്പോള്‍  മനസ്സില്‍ ഭഗവാന്റെ ചിത്രം തെളിഞ്ഞു.

നിത്യേന മുഖം വടിച്ച്‌, കല്ലുരച്ച്‌ മിനുസമാര്‍ന്ന കവിളുകള്‍ രക്തച്ഛവി പൂണ്ടിട്ടാണ്‌.

തേജോമയമായ നയനങ്ങള്‍,

നീണ്ട നാസിക,

ചുരുണ്ട, നീണ്ട മുടിയിഴകള്‍, നരകയറിത്തുടങ്ങിയോ?

വിരിഞ്ഞമാറിടം,

നീണ്ട ബാഹുക്കള്‍,

ഒതുങ്ങിയ അരക്കെട്ട്,

ശക്തങ്ങളായ കൈകാലുകള്‍,

മോഹിപ്പിക്കുന്ന നിറം,

വശീകരിക്കുന്ന പുഞ്ചിരി,

നോക്കു, എത്ര ആജ്ഞാശക്തിയാണ്‌ ആ കണ്ണുകള്‍ക്ക്‌!

മുഖത്ത്‌ തെളിയാറുള്ള രൌദ്രഭാവം കണ്ടാല്‍ ആരാണ്‌ ചുളി നിൽക്കാതിരിക്കുന്നത്‌!

ആ ശക്തിയില്‍ക്കൊരുത്ത്‌ എത്ര പ്രഗത്ഭന്മാര്‍ നില്‍ക്കുന്നു.

രാഷ്ട്രതന്ത്രജ്ഞര്‍,

നിയമജ്ഞര്‍,

ശാസ്ത്രജ്ഞര്‍,

ബുദ്ധിജീവികള്‍,

കവികള്‍, കലാകാരന്മാര്‍,

ഭരണകര്‍ത്താക്കള്‍,

ലക്ഷോപലക്ഷം വിശ്വാസികള്‍, ആരാധകര്‍,

“ഓം സച്ചിദാനന്ദായ നമ:“

സ്ഥാനമാനങ്ങള്‍ മറന്ന്‌, ആസനങ്ങള്‍ മറന്ന്‌ എത്രയോ ശ്രേഷ്‌ടർ ആ പാദങ്ങളില്‍ സേവയ്ക്കായെത്തുന്നു.

ഒരു മൊഴി കേള്‍ക്കാന്‍,

 ആശ്വാസവാക്ക്‌ കേള്‍ക്കാന്‍,

ആ പാദങ്ങള്‍ കഴുകി ജലം കുടങ്ങളിലാക്കി ചുമന്ന്‌, ശാന്തിനിലയത്തെ പ്രദക്ഷിണം വയ്ക്കാന്‍………….

ദേവി ഉണക്കാന്‍ നിവര്‍ത്തിയിട്ടിരുന്ന മുടി ഒതുക്കി പിറകിലേയ്ക്കിട്ടു, ഗോവണിയിറങ്ങി.

താഴെ സ്വീകരണ മുറിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു

ഉസ്മാന്‍.

ദേവിയെകണ്ട്‌ എഴുന്നേറ്റ്‌ വന്ദിച്ച്‌ വീണ്ടും ഇരുന്നു.

ദേവി അയാള്‍ക്കഭിമുഖമായിരുന്നു.

ദേവി അയാളെ അപ്പാടെ ശ്രദ്ധിച്ചു.

ഉസ്മാന്‍ മാറിയിരിക്കുന്നു. തടിക്കുകയും നിറംവയ്ക്കുകയും ചെയ്തിരിക്കുന്നു. എങ്കിലും മുഖത്ത്‌ സ്വതവെ തെളിഞ്ഞുനില്‍ക്കുന്ന ഗൌരവം ഒട്ടും കുറഞ്ഞിട്ടില്ല. ഇപ്പോഴും ഭഗവാന്റെ ദളപതിക്കു ചേര്‍ന്നതു തന്നെ.

തന്നെ ദേവിയായി അവരോധിച്ച ഉടന്‍ തന്നെ ഉസ്മാനെ ദളപതിയായി നിയോഗിച്ചു. യുദ്ധത്തിനൊ, വിപ്ലവത്തിനോ വേണ്ടിയല്ല. ഒരു ആചാരമായിട്ട്‌. ഭഗവാന്റെ എഴുന്നള്ളത്തിന്‌ കുതിരപ്പുറത്ത്‌ വേഷവിധാനങ്ങളുമായി………….

പക്ഷെ ഉസ്മാന്‍ ആ തലങ്ങളെല്ലാം വിട്ടുയര്‍ന്നു, ഭഗവാന്റെ ഉറ്റ മിത്രമായി, രഹസ്യം സൂക്ഷിപ്പുകാരനായി.

പ്രചാരകനായി,

പ്രവര്‍ത്തകനായി.

ജാതിമത ചിന്തകള്‍ക്കതീതനായി, സാക്ഷാല്‍ ഭഗവാന്റെ ദളപതിയായി.

“ഉസ്മാന്‍ കുടിക്കാന്‍ ഇളനീരെടുക്കട്ടെ……… അതോ ചായയോ, കാപ്പിയോ……?”

“വേണ്ട……..ഞാന്‍ തിരക്കിലാണ്‌, ഭഗവാന്‍ എത്രയും വേഗം, കാണാന്‍ ആവശ്യപ്പെടുന്നു……….. അമ്മ എളഴുന്നള്ളുകയല്ലെ………..”

ദേവിയുടെ മനസ്സ്‌ ഉദ്വേഗം പൂണ്ടു.

എന്താണ്‌ ഭഗവാന്‍ ദേഹാസ്വാസ്ഥ്യം?”

“അങ്ങനൊന്നും തോന്നിയില്ല പക്ഷെ മനസ്സ്‌ സ്വസ്ഥമല്ലാത്തതുപോലെ…”

ദേവിയുടെ മുഖം മങ്ങി.

സുഖദു:ഖങ്ങളെ ത്യജിച്ച്‌, തന്നെത്തന്നെ മറന്ന്‌, ആരാധകർക്കു വേണ്ടി, ഭക്തര്‍ക്കുവേണ്ടി ജീവിക്കുന്ന ഭഗവാന്‍………….

‘ഉസ്മാന്‍ യാത്രയായിക്കൊള്ളു, ഞാന്‍ പിന്നാലെ എത്താം.”

ഉസ്മാന്‍ എഴുന്നേറ്റു വണങ്ങി പടികടന്നു. @@@@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top