അദ്ധ്യായം പതിനേഴ്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ജീവിതത്തിന്റെ നട്ടുച്ചയിലാണ്‌ ഫിലോ ഗുരുവിന്റെ വീട്ടിലെത്തിയത്‌. അവളെ എലീസയുടെ അപ്പന്‍, മകളുടെ സഹായത്തിന്‌ എത്തിച്ചതാണ്‌. പട്ടിണിയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്‌ ഒരു സഹായമാകുമെന്നു കരുതി.

താളം തെറ്റിയ മനസ്സുമായി, മരുന്നുകളുടെ യാന്ത്രികശക്തിക്കടിമപ്പെട്ട്‌ തളര്‍ന്ന്‌, ഉറങ്ങണമെന്ന ഒരേയൊരു മോഹവുമായി എന്നും ഉണരുന്ന എലീസയ്ക്കും താല്‍പര്യമായി.

ഗുരുവിന്‌ സന്തോഷമായി.

ഫിലോ വേലക്കാരി മാത്രമല്ലാതായത്‌ മനംപൂര്‍വ്വമായിരുന്നില്ല. ജോലി ചെയ്തു ക്ഷീണിതനായെത്തുന്ന ഗുരുവിനെ ശുശ്രൂഷിയ്ക്കുവാന്‍ ഏലീസയാല്‍ കഴിഞ്ഞില്ല. അതെല്ലാം ഫിലോ ചെയ്യേണ്ടി വന്നു. ഫിലോയുടെ വീട്ടിലെ പരിതസ്ഥിതികള്‍ വച്ച്‌ ഒരു വേലക്കാരിയുടെ വരുമാനം മാത്രമായിരുന്നില്ല അവർ പ്രതീക്ഷിച്ചിരുന്നത്. അക്കാര്യം മനസ്സിലാക്കിയ ഗുരു കൂടുതൽ സഹായങ്ങൾ ചെയ്യാൻ തയ്യാറയി.

ഗുരുവിന് രാത്രിയിൽ ജോലി ചെയ്യേണ്ടിവരുമ്പോൾ കുടിക്കാനുള്ള ചുക്കുവെള്ളം കൊടുക്കുന്നതിനും മറ്റു സഹായങ്ങള്‍ക്കും……

പലപ്പോഴും തെറ്റാണെന്ന്‌ തോന്നി, ആവര്‍ത്തിക്കാതിരിക്കാന്‍ ആത്മാര്‍ത്ഥമായിട്ട്‌ ആഗ്രഹിച്ചു, എന്നിട്ടും, അയാളുടെ ദാഹിക്കുന്ന കണ്ണുകളും, ആവശ്യം തോന്നിക്കുന്ന മുഖവും അവളെക്കൊണ്ട്‌ വീണ്ടുംവീണ്ടും ചെയ്യിച്ചു. ഒരിക്കല്‍ പിടിക്കപ്പെടുമെന്നും അന്ന്‌ എല്ലാം നഷ്ടപ്പെട്ട്‌ പോകേണ്ടി വരുമെന്നും പലപ്പോഴും ചിന്തിച്ചു. പക്ഷെ, സത്യം പുറത്തായപ്പോള്‍ എലീസ പുഞ്ചിരിയോടെ സ്വീകരിക്കുന്നതാണ്‌ കണ്ടത്‌.

തുടര്‍ന്നുണ്ടായ പ്രതികരണം തൂല്യമായ പദവി എടുക്കാന്‍ മൌനാനുവാദം കൊടുക്കുന്ന വിധത്തിലായിരുന്നു. എന്നിട്ടും അവള്‍ വേദനിച്ചു. പലപ്പോഴും കരഞ്ഞു. പക്ഷെ, ഗുരുവിനെ കാണുമ്പോൾ ദുഖം മറന്ന് തന്റെ കർത്തവ്യം ചെയ്യുന്നതുപോലെ വേണ്ടതെല്ലാം ചെയ്യുന്നു

ഗുരു ഇത്രമാത്രം വേദനിച്ച ഒരു ദിവസം അവളുടെ ജീവിതത്തിലില്ലായിരുന്നു. അയാളുടെ മുഖം ഈറനിൽ ഒപ്പിയെടുക്കാൻ അവൾ രാത്രിയിൽ തണുത്ത് വെള്ളത്തിൽ കുളിച്ചു.  ഈറനായ മുടി വിടര്‍ത്തിയിട്ടു. വൃത്തിയായി വസ്ത്രം ധരിച്ചു. പുവു ചൂടി… കട്ടിലില്‍ അയാളുടെ മാറില്‍ കവിള്‍ ചേര്‍ത്തു. രോമാവൃതമായ മാറില്‍ വിരലോടിച്ചു.

പക്ഷെ, അയാള്‍ ചിന്താലോകം വിട്ട്‌ താഴേയ്ക്കെത്തിയില്ല. വികാരം കൊണ്ടില്ല.

പ്രവിശ്യയാകെ പ്രകോപിതമായ അന്തരീക്ഷം സംജാതമായിരിക്കുന്നു. പലയിടത്തും പേപ്പര്‍ കത്തിയ്ക്കല്‍, വര്‍ഗ്ഗീയവാദികളുടെ പ്രകടനങ്ങള്‍…ചില വര്‍ഗ്ഗീയ സംഘടനകളുടെ ബന്ദുകള്‍……. ഹര്‍ത്താലുകള്‍… പ്രസ്താവനകള്‍… മൈതാനപ്രസംഗങ്ങള്‍… ഒന്നാംകിടക്കാര്‍ ഒന്നും കണ്ടില്ലെന്നും. കേട്ടില്ലെന്നും നടിച്ചു. പക്ഷെ, ഇടതുപാര്‍ട്ടികളുടെ പത്രങ്ങളും ചില സ്വതന്ത്ര പത്രങ്ങളും തികച്ചും വ്യക്തമായ പിന്തുണയാണ്‌ കാണിയ്ക്കുന്നത്‌.

ഭൂരിപക്ഷം സത്യത്തിന്റെ കൂടെ ആണെന്നതാണ്‌ സത്യം.

പക്ഷെ, ന്യൂനപക്ഷമാണിവിടെ ശക്തര്‍, സാമ്പത്തികമായി…കുത്സിതമായ പ്രവർത്തനങ്ങളിൽ, അക്രമങ്ങളിൽ…..

പ്രവിശ്യയിലെ വടക്കന്‍ ജില്ലയില്‍ വച്ച്‌ രാമന്‍ ആക്രമിയ്ക്കപ്പെട്ടു, ഗുരു കൂടുതല്‍ ക്ഷുഭിതനായി.

കമ്മ്യൂണില്‍തന്നെയും എതിര്‍വചനങ്ങള്‍ ഉണ്ടായിരിക്കുന്നു. പ്രചരണം നിര്‍ത്തി രാമന്‍ തിരിച്ചെത്തി,  കെട്ടിവയ്ക്കലുകളും ബാന്റേജുകളും ആയിട്ട്‌.

പട്ടണത്തിലൂടെ ശിക്ഷണമുള്ള വര്‍ഗ്ഗീയ സംഘടനകളുടെ വാളന്റിയർമാർ നടത്തിയ മാർച്ചിൽ നിന്നും പത്രസ്ഥാപനത്തിനു നേരെ കല്ലേറ് നടന്നു. പടിയ്ക്കല്‍ കാവല്‍ നിന്നിരുന്ന ഗുര്‍ഖയ്ക്ക്‌ അപകടം പറ്റി.

കമ്മ്യൂണില്‍ ഒരു പൊതുസമ്മേളനം അത്യാവശ്യമായിരിക്കുന്നെന്ന്‌ ഗുരുവിന്‌ തോന്നി. കമ്മ്യൂണിലെ എല്ലാ ജീവനക്കാരും അവരുടെ കുടുംബവും പങ്കെടുക്കാനായിരുന്നു ക്ഷണം. പക്ഷെ, പങ്കെടുത്തവര്‍ ജീവനക്കാരും അപൂര്‍വ്വം കുടുംബങ്ങളും മാത്രമായിരുന്നു. ജീവനക്കാര്‍ക്ക്‌ എല്ലാവര്‍ക്കും തന്നെ കുടുംബമുണ്ടായത്‌ കമ്മ്യൂണിന്‌ പുറത്ത്‌ താമസം തുടങ്ങിയതില്‍ പിന്നെയാണ്‌.

ജീവനക്കാര്‍ക്ക്‌ പലര്‍ക്കും കമ്മ്യൂണിനോട്‌ ഉണ്ടായിരുന്ന താല്പര്യത്തിന്‌ വ്യതിയാനം സംഭവിച്ചിരിയ്ക്കുന്നെന്ന്‌ ഗുരു മനസ്സിലാക്കി. പലരും ഒരു ജോലിസ്ഥലം മാതമായിട്ട കണ്ടുതുടങ്ങിയിരിക്കുന്നു. ഉപജീവനമാര്‍ഗ്ഗം മാത്രമായിരിക്കുന്നു.

അവരെ എല്ലാവരെയും തന്നെ അവിടവിടങ്ങളില്‍നിന്നും പെറുക്കിയെടൂക്കുമ്പോള്‍, കമ്മ്യൂൺ തീര്‍ത്തും എല്ലാവരെയും ഒരു മതിലിനുള്ളില്‍ പാര്‍പ്പിക്കുമ്പോള്‍ ഗുരുവിന്റെ സ്വപ്നം അതായിരുന്നില്ല.

പക്ഷെ, ഗുരു മനസ്സിലാക്കുന്നു, മനുഷ്യര്‍ സൌകര്യങ്ങള്‍ കൂടുമ്പോള്‍ സുഖങ്ങള്‍ തേടിപ്പോകുന്നു; നേടാനായ സുഖങ്ങള്‍ പിന്നീട ഒരിക്കലും നഷ്ടമാകരുതെ ആഗ്രഹിക്കുന്നു. നഷ്ടമാകുമെന്ന്‌ തോന്നുന്നെങ്കില്‍ മൂലവേരുകൂടി പിഴുതെറിയുവാന്‍ തയ്യാറാകുന്നു.

മനുഷ്യന്റെ മുല്യച്യുതി…..

അതാണ്‌ കമ്മ്യൂണിലെ താമസഗേഹങ്ങള്‍ ഒഴിഞ്ഞു കിടക്കുവാൻ കാരണം.

അദ്ധ്യക്ഷപ്രസംഗത്തില്‍ ഗുരു പറഞ്ഞു,

“ഞാന്‍ ക്ഷണിച്ചത്‌ കമ്മ്യൂണുമായി ബന്ധപ്പെട്ട എല്ലരെയും പങ്കെടുപ്പിക്കാനുള്ള ആഗ്രഹത്തോടെയാണ്‌. പക്ഷെ, ഇവിടെ പ്രവര്‍ത്തി എടുക്കുന്നവര്‍ മാത്രമാണ്‌ പങ്കെടുത്തിരിക്കുന്നത്‌. നാം കമ്മ്യൂണ്‍ തീര്‍ക്കുമ്പോള്‍ എനിക്കൊരു സ്വപ്നമുണ്ടായിരുന്നു. കമ്മ്യൂണില്‍ എല്ലാവരും ഒരു ഗൃഹത്തിലേതുപോലെ കഴിയണമെന്നത്. പക്ഷെ, ഇപ്പോള്‍ പലര്‍ക്കും ഇതൊരു പ്രവര്‍ത്തിസ്ഥാപനം മാത്രമായി കഴിഞ്ഞിരിക്കുന്നു. പ്രവൃത്തി എടുക്കുക, അതിന്‌ പ്രതിഫലം പറ്റുക അത്രമാത്രം….മറ്റ്‌ യാതൊരു ബന്ധവുമില്ലായെന്ന രീതിയില്‍ പെരുമാറുന്നു….”

ഒരു സഹപത്രാധിപർ പ്രസംഗിച്ചു.

“….ഗുരു പറഞ്ഞത് സത്യമാണ്….. അതിന് കാരണങ്ങളുണ്ട്. ഈ കമ്മ്യൂൺ മാത്രമാണ്‌ ലോകമെന്ന്‌ തെറ്റിദ്ധരിച്ചിരിക്കുന്നത്‌ ശരിയല്ല. മനുഷ്യസംസ്കാരം വളര്‍ന്നത്‌ സമൂഹജീവിതത്തില്‍ നിന്നാണ്. നല്ലനല്ല സംസ്കാരമുള്ള സമൂഹത്തിലേയ്ക്ക്‌ അല്ലാത്ത സമൂഹങ്ങൾ ലയിക്കണം.അപ്പോള്‍ പുതിയ പല രൂപങ്ങളും ഭാവങ്ങളും ഉണ്ടാകുന്നു. പുതിയപുതിയ ആശയങ്ങള്‍, ബന്ധങ്ങള്‍…..അങ്ങനെ ഉന്നതിയിലേക്ക്

കയറണം…”

ജോസഫ്‌ കണക്കുകള്‍ നിരത്തി സംസാരിച്ചു.

“കമ്മ്യൂണിന്റെ തെറ്റുകുറ്റങ്ങളോ നന്മതിന്മകളോ അല്ല ഇവിടെ ചര്‍ച്ചാവിഷയം. നമ്മുടെ പ്രതസ്ഥാപനത്തിന്റെ നിലനില്പാണ്‌. പത്രം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലായിരിക്കുന്നു. ബിസിനസ്സ്‌ കുറഞ്ഞ് പ്രവര്‍ത്തകര്‍ക്ക്‌ ശമ്പളം കൊടുക്കുന്നതിനുവരെ ബുദ്ധിമുട്ടിലേക്ക് നീങ്ങവെയാണ്‌ നാം പൂതിയ ബിസിനസ്സ്‌ തന്ത്രം ആവിഷ്ക്കരിച്ചത്‌.”

(സദസ്സില്‍ ബഹളം, സദസ്യര്‍ ക്ഷുഭിതരാകുംപോലെ….)

“….അതിനാല്‍ നമുക്കിപ്പോള്‍ മൂന്നിരട്ടിയോളം പ്രചരണം

നേടിയെടുക്കാന്‍ കഴിഞ്ഞു…..ഒരു രണ്ടാംകിട പത്രത്തിന്റെ തുല്യതയില്‍ എത്തിക്കഴിഞ്ഞു…..”

സദസ്സില്‍ ശബ്ദഘോഷങ്ങള്‍ ഇരട്ടിച്ചു. ഉച്ചഭാഷിണിയേക്കാള്‍ ഉച്ചത്തില്‍ ആരവം ഉയര്‍ന്നു.

ഗുരു എഴുന്നേറ്റു.

“നിങ്ങള്‍ ബഹളമുണ്ടാക്കാതെ പറയുന്നത്‌ കേള്‍ക്കണം…”

“ഞങ്ങൾക്ക് കേൾക്കണ്ട….”

സദസ്യർ ഒന്നടങ്കം വിളിച്ചു പറഞ്ഞു.

“എങ്കിൽ താല്പര്യമില്ലാത്തവർക്ക് പുറത്തുപോകാം…..”

ഗുരു കസേരയില്‍ ഇരുന്നു.

സദസ്യര്‍ കൂട്ടംകൂട്ടമായി സദസ്സ് വിട്ടു. റ്

ഒടുവിൽ……

ഗുരു ചുറ്റും നോക്കി.

സമ്മേളനഹാള്‍ ശൂന്യമായി. സ്റ്റേജില്‍ ഗുരു, ജോസഫ്‌,

കൃഷ്ണ…

“കൃഷ്ണേ….നമ്മള്‍ തോല്‍ക്കുകയാണോ ?”

“പക്ഷെ, ഇനിയും പിന്‍തിരിയാനാവില്ല……. പിന്‍തിരിഞ്ഞാല്‍ പലരും നമ്മോടൊപ്പം കാണുകയില്ല. സദസ്യര്‍ക്ക്‌ പിരിഞ്ഞു പോകാം… അവർക്ക് അനുഭവങ്ങളില്ല……അനുഭവിച്ചിട്ടുള്ളതും കഥാപാത്രങ്ങളും നമ്മള്‍ സ്റ്റേജിലിരിക്കുന്നവരാണ്‌. സദസ്യര്‍ക്ക്‌ ആസ്വാദനം എന്ന ഒറ്റ കര്‍ത്തവ്യമേ ഉള്ളു, ഇഷ്ടമായില്ലെങ്കില്‍ തഴയാം, അടുത്ത വേദി തേടിപ്പോകാം. ഇഷ്ടപ്പെട്ടാലോ നല്ലതെന്നു പറഞ്ഞ്‌

സദസ്സ്‌ വിട്ടുപോകാം. പക്ഷെ, ആട്ടക്കാര്‍ക്കോ?”

ഗുരു ഒരിക്കല്‍ക്കൂടി കൃഷ്ണയില്‍ പാഞ്ചാലിയുടെ ദൃഢനിശ്ച

യവും തന്റേടവും കണ്ടു……

ഓഫീസ് മുറിയുടെ തുറന്നുകിടന്ന ജനാലവഴി ഗേറ്റ്‌ കടന്നുവരുന്ന അപരിചിതമായ കാര്‍ ,ശദ്ധിച്ചു.

വിദേശനിര്‍മ്മിതമായ, ശീതീകരിച്ച…

യൂണിഫോംധാരിയായ ഡ്രൈവര്‍ തുറന്നു കൊടുത്ത പിന്‍വാതിലിലൂടെ ഉസ്മാന്‍ ഇറങ്ങി… മുന്‍വാതിലിലൂടെ അശ്വനി പ്രസാദും…

ഗുരു അവരെ തിരിച്ചറിഞ്ഞു. എവിടെ നിന്നോ കൃഷ്ണ ഗുരുവിന്റെ ക്യബിനിൽ എത്തി.

“ഗുരു അവരാണ്, ഉസ്മാനു അശ്വനി പ്രസാദും….”

“ഭീഷണീയാകാം….”

ഗുരു കസേരയിൽ നിവർന്നിരുന്നു, ആയുധാഭ്യസി ചുവട് ശരിയാക്കും പോലെ. കൃഷ്ണ ഗുരുവിന് പിറകിൽ സ്റ്റെനോയുടെ കസേരയിൽ പേപ്പറുകൾ മറിച്ചു കൊണ്ടിരുന്നു.

പ്യൂൺ വാതിൽ തള്ളിത്തുറന്ന് തല ഉള്ളിൽ കാണിച്ചു.

“വരാൻ പറയൂ….”

ഉസ്മാൻ പിറകെ അശ്വനിയും പ്രവേശിച്ചു.

“ഇരിക്കൂ….”

“മനസ്സിലായെന്നു കരുതുന്നു….”

വടക്കൻ മലബാറുകാരന്റെ സംഭാഷണ ശൈലിയിൽ വന്ന വ്യത്യാസം ഗുരു ശ്രദ്ധിച്ചു.

“ഉവ്വ്… ഉസ്മാൻ….അശ്വനിപ്രസാദ്…. എന്താണ് സന്ദർശനോദ്ദേശ്യം….?”

“മുഖവുര എനിക്ക് ഇഷ്ടമില്ല്. കുറച്ച് വാക്കുകൾ കൂടുതൽ പ്രവർത്തി അതാണ് താല്പര്യം…..”

“പറഞ്ഞോളൂ…..”

“ഭഗവാനെപ്പറ്റിയുള്ള വാർത്തകൾ നിർത്തുക.”

“അല്ലെങ്കിൽ ഭസ്മമാക്കുമെന്ന് അല്ലേ?   തന്റെ ഭഗവാൻ, ഭാസ്കരന്നായർ, അയാളോട് പറഞ്ഞേക്ക് ഞാൻ ഗുരുവെന്ന ജോൺ ജോസഫ് ആണെന്ന്.  അയാൾ കളിക്കുന്നതിലും വൃത്തികെട്ട കളി എനിക്കും അറിയാമെന്ന്…..”

“സ്റ്റോപ്പിറ്റ്….”

അശ്വനി അലറി.

“വീട്ടിൽ കയറി വന്ന് പെടിപ്പിക്കാതെടോ…. നിങ്ങളിവിടെ നിന്ന് പുറത്ത് പോണത് എന്റെ ഔദാര്യം കൊണ്ടാണെന്ന് കരുതിയാൽ മതി…..”

കസേര പിറകോട്ട് തള്ളിമറിച്ച് ഉസ്മാൻ ചടി എഴുന്നേറ്റ് പേപിടിച്ച നായയെപ്പോലെ പുറത്തെക്കോടി.

ഗുരു ചിരിച്ചു, ആര്‍ത്തലച്ച്‌.

ചിരി നിര്‍ത്താതെ വന്നപ്പോള്‍ കൃഷ്ണ അയാളെ തോളില്‍ തട്ടി വിളിച്ചു.

“ഗുരു…..”

“ഇനി എനിക്കി ഭയമില്ല…..കൃഷ്ണേ, ഇന്നലെവരെ കമ്മ്യൂണിന്റെ സമ്മേളനം വിളിയ്ക്കുംവരെ ഓരോ കമ്മ്യൂൺ ജീവികളുടെയും ഭാവിയെപ്പറ്റി ഓര്‍ക്കേണ്ടതുണ്ടായിരുന്നു. ഇനി അതിന്റെ ആവശ്യമില്ല….എനിക്ക്‌, നിനക്ക്‌, സിദ്ധന്, ഫിലോയ്ക്ക്‌, എലീസയ്ക്ക്‌ എന്തു സ്വപ്നങ്ങളാണുള്ളത്‌ ? എന്തു ഭാവിയാണുള്ളത്‌ ? നമുക്കൊരൊറ്റ ലക്ഷ്യമേയുള്ളു. ഈ യുദ്ധം. ഇത്‌ ഭഗവാന്‍ എന്ന ഭാസ്കരന്‍നായരോടല്ല. കപടവർഗ്ഗത്തോടാണ്,  രണ്ടു വിശ്വാസങ്ങൾ തമ്മിലാണ്…….”

ഗുരുവിന്റെ സംതൃപ്തമായ മുഖം കണ്ട്‌ കൃഷ്ണ സംശയിച്ചിരുന്നു.

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top