അദ്ധ്യായം പതിനാറ്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഒരു വേനല്‍ക്കാലമായിരുന്നു.

ശ്രാമത്തില്‍നിന്നും കാണാമായിരുന്നു. തെക്കന്‍മല കയറിവരികയാണ്‌. ഗ്രാമസിറ്റിയിലും വീട്ടുമുറ്റങ്ങളിലും ഗ്രാമക്കാര്‍ നോക്കി നിന്നു. അന്ന്‌ ഗ്രാമത്തിലെ ആണുങ്ങള്‍ പണിയ്ക്കു പോയില്ല. കൂട്ടികള്‍ എഴുത്താശ്ശാന്റെ അടുത്തുപോയില്ല. അവരുടെ അടുപ്പുകളില്‍ തീ പുകഞ്ഞില്ല.

മല കയറിവരുന്ന ഭീകരമായ ഒരു ദുരന്തം ഏറ്റു വാങ്ങാനായി അവര്‍ ഒരുങ്ങിയിരുന്നു.

നാലഞ്ചുവര്‍ഷക്കാലംകൊണ്ട്‌, വീട്ടുകാരെ മറന്ന്‌, ജന്മസ്ഥലങ്ങള്‍ മറന്ന്‌, സുഖങ്ങള്‍ വെടിഞ്ഞ്‌, കൊടുംകാട്ടില്‍, പ്രകൃതിയോട് മല്ലടിച്ച്‌, ക്രൂരജന്തുക്കളോട്‌ യുദ്ധംചെയ്ത്‌, വെയിലത്തും മഴയത്തും,  അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട്‌ തകര്‍ക്കപ്പെടാന്‍ പോകുകയാണ്‌. കൂടിയൊഴിപ്പിക്കപ്പെടുകയാണ്‌.

ഗ്രാമത്തിന്റെ പ്രശാന്തതയിലേയ്ക്ക്‌ ക്രുരമായൊരു അട്ടഹാസവുമായിട്ട്‌ രാക്ഷസന്‍ കടന്നുവരും പോലെ……….

നീല വാനുകളും ജീപ്പുകളും….

ദൈവമേ…..!

കർത്താവേ……!

അള്ളാഹുവേ……!

എവിടെയും ദീനമായ തേങ്ങലുകള്‍ ഉയര്‍ന്നുകൊണ്ടടേയിരുന്നു.കാർമേഘം ആകാശത്ത്‌ ഉരുണ്ടുകൂടി, സൂര്യനെ മറച്ച്‌, ഗ്രാമത്തിന്റെ മുഖത്ത്‌ കരുവാളിപ്പായി നിന്നു.

അവരുടെ കുട്ടികള്‍ വിശന്നിട്ടും കരഞ്ഞില്ല. ദാഹിച്ചിട്ടും കുടിച്ചില്ല. ഏവരും ധ്യാനനിമഗ്നരായി കാത്തിരുന്നു.

പൊടുന്നനെ ഒരു ശബ്ദം അവര്‍ കേട്ടു.

വെടിയുടെ ശബ്ദം.

ആ ശബ്ദം അവരുടെ സിരകളില്‍ ഉറങ്ങിക്കിടന്നിരുന്ന രക്തത്തെ ചൂടുപിടിപ്പിച്ച്‌ രക്തധമനികളിലൂടെ ഒഴുകി പടര്‍ന്നു. ആരവം ശക്തമായി. ഗ്രാമത്തിന്റെ പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായിട്ട വെടിയൊച്ച കേട്ടിടത്തേയ്ക്ക്‌ അണഞ്ഞുകൊണ്ടിരുന്നു.

അവര്‍, ഗ്രാമക്കാര്‍ കണ്ടു.

ചെമ്മണ്‍പാതയില്‍ അവരുടെ എഴുത്താശ്ലാന്‍ കാലില്‍നിന്നും രക്തം വാര്‍ന്നൊലിച്ച്‌, വെയിലേറ്റ്‌, പൊടിപടലങ്ങളേറ്റ്‌, നിലത്ത്‌ മലര്‍ന്നുകിടക്കുന്നു, വഴി തടഞ്ഞുകൊണ്ട്‌. അവര്‍ക്കു പരിചയമില്ലാത്ത പന്ത്രണ്ടു ചെറുപ്പക്കാരും.

പോലീസുകാര്‍ തടയപ്പെട്ടു.

ഗ്രാമക്കാര്‍ മലവെള്ളംപോലെ ഒഴുകിപ്പടര്‍ന്നു.

എഴുത്താശ്ശാന്‍ എഴുന്നേറ്റു നിന്നു.

“എന്റെ ഗ്രാമക്കാരെ, നിങ്ങൾ സമാധാനപ്പെടുവിൻ. അവിവേകമായിട്ട് ഒന്നും ചെയ്യാതിരിക്കുവിൻ, അവർ നമ്മുടെ ഗ്രാമത്തിലേയ്ക്ക് പ്രവേശിക്കുകയില്ല. പ്രവേശിക്കണമെങ്കിൽ എന്റെ ഉടൽ ഈ പൊടിമണ്ണിൽ പിടഞ്ഞു പിടഞ്ഞ് ഒടുങ്ങണം.  അതിനുശേഷം നിങ്ങൾ രോഷം കൊണ്ടാൽ മതി.  അതുവരെ നിങ്ങൾ സമാധാനം പാലിക്കുവിൻ….”

“ജയ്, ജയ് ഭാസ്കരൻ മാഷ്….ജയ്, ജയ് എഴുത്താശ്ശാൻ….”

ഗ്രാമക്കാര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

വെയില്‍ മൂത്തു.

പോലീസ്‌ വണ്ടികള്‍ തിരിഞ്ഞപ്പോള്‍ ഗ്രാമക്കാര്‍ തുള്ളിച്ചാടി.

അവിടെനിന്നും ആരോഹണം തുടങ്ങുകയായിരുന്നു.

ഒരു സ്വപ്നത്തിലെന്നതുപോലെ, ഒരു പ്രതീക്ഷയുമില്ലാതിരുന്നപ്പോള്‍, ഏതേ അജ്ഞാത നിയന്താവിന്റെ ചെയ്തികൾ പോലെ ഒരു യാത്ര….

പാത മുന്നിൽ തെളിഞ്ഞു കിടക്കുകയായിരുന്നു.പാതയിലെ കൊടിതോരണത്തിൽ മുങ്ങിപ്പോയെന്നത് സത്യമാണ്. പിന്നിലേക്കും വശങ്ങളിലെക്കും നോക്കിയില്ല. അതിന്റെ ആവശ്യവും ഉണ്ടായിരുന്നില്ല. സുഖത്തിന്റെ സമൃദ്ധിയിൽ, പേരിൽ, പ്രശസ്തിയിൽ അന്ധമായ യാത്ര….

ഭഗവാൻ……

ആ വിളികേട്ട്‌ രോമാഞ്ചംകൊണ്ട്‌, ഹൃദയം വിങ്ങിപ്പൊട്ടി.

ജന്മം രാജകീയ സുഖങ്ങള്‍ നേടാനുള്ളതാണെന്നു കരുതി. എല്ലാ ബന്ധങ്ങളും മറന്നു. തെറ്റുകളും ഉണ്ടായിട്ടുണ്ട്‌. പക്ഷെ, ഇപ്പോള്‍ എല്ലാം മിഥ്യയാണെന്ന്‌ തോന്നിപ്പോകുന്നു. അന്ന് തകർത്തെറിഞ്ഞ വിശ്വാസങ്ങൾ വീണ്ടും ഓർമ്മിക്കുവാൻ ഇടയായിരിക്കുന്നു.  എവിടെയെല്ലാമോ തന്റെ ശ്രേയസ്സിനെതിരെ യുദ്ധം തുടങ്ങിയിരിക്കുന്നു.

മിത്രപാളയങ്ങളിലും, ശത്രു പാളയങ്ങളിലും ഒരുപോലെ.

ആര് ശത്രു, ആർ മിത്രം എന്ന്‌ അറിയാന്‍ കഴിയാത്തതുപോലെ ശാന്തിഗ്രാമം വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. ശാന്തിഗ്രാമത്തിന്റെ ഭരണത്തിൽ തന്നെ പാരലല്‍ ആയിട്ട്‌ ഒരു സംവിധാനം നടക്കുന്നുല്ലെയെന്ന് തോന്നിപ്പോകുന്നു.

ഒരു പ്രതിനായകനുണ്ടായിരിക്കുകയാണോ ?

എല്ലാം അപ്രതീക്ഷിതമായ സംഭവവികാസങ്ങളായിരുന്നു. തത്വചിന്തയില്‍ ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായിട്ട്‌ തറവാട്ടില്‍ മടങ്ങിയെത്തുമ്പോള്‍ എവിടെയെങ്കിലും അദ്ധ്യാപകനായി ചേരാന്‍ കൊതിച്ചു. കാര്‍ത്തികയെന്ന മുറപ്പെണ്ണിനോടൊത്ത്‌ , സ്വസ്ഥമായൊരു ജീവിതം കൊതിച്ചു. പക്ഷെ, തറവാട്ടിലെ താന്തോന്നിയായ ഏട്ടന്റെ ഭരണം……..അതിനൊത്ത്‌ തുള്ളാന്‍ കാര്യക്കാരനും കൂറെ വേലക്കാരും. വേദനയോടെ എല്ലാം സഹിച്ചിരുന്ന അമ്മയും പെങ്ങന്മാരും. തറവാട്‌ വിട്ട്‌ അലഞ്ഞുനടന്നു, ആഴ്ചകളോളം, മാസങ്ങളോളം വീട്ടില്‍ കയറാതെ വളരെ അകലെ എവിടെയെങ്കിലുമൊക്കെ അന്തിയുറങ്ങി.

അദ്ധാനിക്കുന്നവന്റെയും. ഭാരം ചുമക്കുന്നവന്റെയും വേദനകള്‍ കണ്ട്‌ കരള്‍ നൊന്തു. അദ്ധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും അത്താണിയാവാന്‍ കൊതിച്ചു. അവരെ സംഘടിപ്പിയ്ക്കുന്ന പ്രത്യയശാസ്ത്രത്തോട്‌ താല്പര്യം തോന്നി.

ആ തോന്നല്‍ പുതിയൊരു പന്ഥാവായിരുന്നു. പുതിയ പ്രവര്‍ത്തി മേഖലകൾ….

അദ്ധ്യാപകവ്യത്തിയോടു തോന്നിയ കമ്പം കുറഞ്ഞു. തത്വചിന്ത രാഷ്ട്രീയത്തിലായി. കൂര്‍മ്മമായ ബുദ്ധിയില്‍ പുതിയപുതിയ ആവിഷ്കരണങ്ങള്‍ നടത്തി.

പക്ഷെ, പുതിയ ആവിഷ്കരണം പ്രസ്ഥാനത്തിനുള്ളിലെ സ്ഥാനകയറ്റത്തേക്കാള്‍ വിരോധം വരുത്തിവച്ചു.

അയിടയ്ക്ക്‌, ഇഷ്ടപ്പെട്ട പെണ്ണോകൂടി, കാര്‍ത്തികയോടുകൂടി ആരുടെയും അനുവാദത്തിന്‌ കാത്തുനില്‍ക്കാതെ ജീവിച്ചു. അതിലും പുതിയ മാനങ്ങള്‍ കണ്ടെത്തി.

എവിടെയും ഉറച്ചുനിന്നില്ല. പുതിയപുതിയ ചിന്തകള്‍, പുതിയ പുതിയ തീരുമാനങ്ങള്‍…….

പുതിയപുതിയ പാതകള്‍…….

പുതിയപുതിയ സാഹചര്യങ്ങള്‍…….

ഒടുവില്‍ ശാന്തിഗ്രാമത്തില്‍ തളയ്ക്കപ്പെട്ടു.

ആരെല്ലാമോ ചതുരംഗം കളിച്ചു.

ചതുരംഗ പലകയിലെ മന്ത്രിയായി വിലസി.

അവര്‍ പേര്‍ വിളിച്ചു.

ഭഗവാന്‍ !

ബോധിച്ചു.

ചതുരംഗം ചെസ്സായി….

ചെസ്സ്‌ബോര്‍ഡിലെ മന്ത്രി……

സര്‍വ്വ സൈന്യാധിപനായ…….സഹസ്രങ്ങളോളം കാലുകളും കൈകളുമുള്ള, സർവ്വനിയന്താവായ മന്ത്രി….

രാജകീയമായ പ്രൌഢി…

കോട്ടയും, കൊത്തളങ്ങളും…ആടയാഭരണങ്ങളും…. പരിചാരകരും……..

യശസ്സും, ആരാധകരും…….

ഗ്രാമത്തില്‍നിന്നും, പട്ടണത്തിലേയ്ക്കും, പട്ടണങ്ങളില്‍നിന്നും നഗരങ്ങളിലേയ്ക്കും, നഗരങ്ങളില്‍നിന്നും മറ്റു പ്രവിശ്യകളിലേയ്ക്കും, മറ്റ് രാഷ്ട്രങ്ങളിലേക്കും പകർന്നൊഴുകിയ പ്രശസ്തി……

അവിടെനിന്നെല്ലാം കാല്‍ക്കലേയിക്ക്‌ ഒഴുകിയെത്തിയ ഐശ്വര്യം……

പക്ഷെ, ഈ കളിയ്ക്ക്‌ പിന്നില്‍നിന്നിരുന്നത്‌, കളികണ്ട്‌ ആസ്വദിക്കുകയും, ലാഭനഷ്ടങ്ങള്‍ കൊയ്യുകയും ചെയ്തിരുന്ന മറ്റൊരു വര്‍ഗ്ഗത്തെ വിസ്മരിച്ചുകളഞ്ഞു.

ആ വിസ്മരിച്ചു കളഞ്ഞിരുന്ന ശക്തി. കൂടുതല്‍ കൂടുതല്‍ ശക്തരായിക്കൊണ്ടിരിക്കുകയും ചെസ്സ്ബോര്‍ഡിലെ ഒരു കരുവിന്‌ ഈഹിക്കാന്‍ കഴിയാത്തത്ര വികസിക്കുകയും ചെയ്തിരിക്കുന്നു.

അവര്‍ പ്രവിശ്യയിലെ ഉന്നതരും.

രാജ്യത്തെ ഉന്നതരും,

രാജ്യാന്തരങ്ങളിലെ ഉന്നതരും വരെ ആയിരിക്കുന്നു.

അവര്‍ക്ക്‌ ഇന്നുവേണ്ടത്‌ ചെസ്സ്‌ബോര്‍ഡിലെ പ്രഗത്ഭനായ കരുവിനെയല്ല. പണ്ട്‌ ആ കരു കളിച്ചുകാണിച്ച വൈദഗ്ദ്ധ്യത്തെ ചിത്രങ്ങളാക്കി, ഒരു മിത്താക്കി, കാവ്യങ്ങളാക്കി, കഥകളാക്കി മാറ്റുകയാണ്‌. ആ മിത്തിലെ കഥാനായകനെ ശിലയാക്കി, ശിലയെ പൂവിട്ടു പൂജിയ്ക്കുകയാണ്‌ വേണ്ടത്‌.

ഭഗവാന്‍ ശയനമുറിയില്‍, നിലക്കണ്ണാടിയ്ക്കു മുന്നില്‍ ഒറ്റമുണ്ട്‌ മാത്രമുടുത്ത്‌ സ്വരൂപം കണ്ടുനിന്നു. പിന്നീട്‌ മുറിയില്‍, അയകളില്‍, ഹാംഗറില്‍ തൂങ്ങിക്കിടന്ന വസ്ത്രാലങ്കാരങ്ങള്‍ ശ്രദ്ധിച്ചു.

വലിയ അലമാര തുറന്ന്‌ ആഭരണങ്ങള്‍ കണ്ടു.

എല്ലാം വേറിട്ടു നില്‍ക്കുന്നു.

സ്വന്തമായിട്ട്‌ ഒരു ദേഹവും ദേഹം ധരിക്കുന്ന ദേഹിയും………

ഭഗവാന്‍ മുഖംപൊത്തി….

തളര്‍ന്ന്‌ കസേരയില്‍ രുന്നു.

ഒരു നിമിഷം,

മനസ്സിന്റെ അഗാധതയില്‍ എവിടെനിന്നോ ഒരു മോഹം കൂടി മുളപൊട്ടി, നാമ്പ്‌ ഉയര്‍ന്ന്‌ ഉപരിതലത്തിലേയ്ക്കു വന്നു.

പലായനം,

ഇവിടെനിന്ന്‌, സ്വന്തമായിട്ടുള്ളതെല്ലാം നിറഞ്ഞ. മജ്ജയും മാംസവും, രക്തവും വിയര്‍പ്പും മുടക്കിയ, ഈ ശാദ്വലഭൂമിയില്‍നിന്നും.

ഇപ്പോഴും ശാദ്വലമാണോ?

ആണെന്നോ അല്ലെന്നോ കണ്ടെത്താനാവുന്നില്ല. അതായിരുന്നില്ലെ പരാജയം?

ചുറ്റുമുള്ളതിനെ തരം തിരിച്ചറിയാനാവുന്നില്ല. കാണുന്നതൊന്നും സത്യമല്ല. എല്ലാം പൊയ്മുഖങ്ങളാല്‍, പായലിന്നാല്‍ മൂടപ്പെട്ട് പ്രഭ മങ്ങിയിരിയ്ക്കുന്നു.

പ്രഭാമയമാക്കാന്‍ ഇനിയും തന്നാലാവുമോ ?

ഭഗവാന്‍ എന്നത്‌ എന്തായിരുന്നു ? അതിന്റെ സത്യാവസ്ഥ എന്തായിരുന്നു ?

ഒന്നും വ്യക്തമാകുന്നില്ല.

ഒന്നും.

കതകില്‍ മന്ത്രണംപോലെ ഒരു മൂട്ടല്‍.

കതക് പാളികൾ മെല്ലെ തുറന്ന് പരിചാരിക വന്നു. അവളുടെ മുടിയിൽ ചൂടിയിരിക്കുന്ന പൂക്കളിൽ നിന്നും ഗന്ധം മുറിയിൽ നിറഞ്ഞു.

ആ സുഗന്ധവും ഭഗവാനെ ശ്വാസം മുട്ടിച്ചു.

അവളുടെ മുഖത്തെ പ്രസന്നതയില്‍ മുറിയും പ്രസന്നമായി. പക്ഷെ, ഭഗവാൻ മുഖമുയർത്തിയില്ല. അവളുടെ മുഖം കണ്ടില്ല.

“ഭഗവാൻ…. ദർശനത്തിനായി അന്നപൂർണദേവിയെത്തിയിട്ടുണ്ട്……”

ഭഗവാൻ തലയുയർത്തി.

“എന്തിനാകം…?”

“അറിയില്ല…. മുഖം ക്ഷോഭിച്ചതുപോലെ ചുവന്നു തുടുത്തിട്ടുണ്ട്.”

“ദർശന മുറിയിൽ ഇരിക്കാൻ ആവശ്യപ്പെട്…. ഞാനെത്താം…..”

അവള്‍ നടന്നു.

ഭഗവാന്‍ വീണ്ടും നിലക്കണ്ണാടി നോക്കി.

ആടയാഭരണങ്ങള്‍ അണിയണോ ?

വേണ്ടയെന്ന്‌ തോന്നി.

മുറിവിട്ട്‌ പുറത്തുവരുമ്പോള്‍ പരിചാരകര്‍ അമ്പരന്നു നില്‍ക്കുന്നത്‌ ഭഗവാന്‍ കണ്ടു.

കാവി ഒറ്റമുണ്ടുടുത്ത്‌, കാവി നേര്യത്‌ പുതച്ച്‌ ഭഗവാന്‍ ഇടനാഴിയിലൂടെ ദര്‍ശനമുറിയിലേയ്ക്ക്‌ നടന്നു. ഭഗവാന്റെ കാലടി ശബ്ദം കേട്ട് അന്നപൂർണദേവി എഴുന്നേറ്റു നിന്നു വണങ്ങി. ഭഗവാൻ ആസനസ്ഥനായി.

 ദേവി ഭഗവാന് അഭിമുഖമായി ഇരുന്നു.

ദര്‍ശന മുറിയുടെ വാതിലടച്ച്‌ പരിചാരകര്‍ പുറത്തുപോയി.

“അങ്ങേയ്ക്ക്‌ എന്നോട്‌ കോപമരുത്‌’

ഭഗവാന്‍ അവളെ ശ്രദ്ധിച്ചു. അമ്മയെക്കാള്‍ സുന്ദരിയായ മകൾ….വശ്യമായ ചലനങ്ങൾ….ചടുലമായ സംസാരം. ദേവദാസിയാകും മുമ്പ്‌ അനുഗഹം വാങ്ങാനെത്തിയപ്പോഴാണ്‌ അവസാനമായി കണ്ടത്‌. അന്നത്തേക്കാള്‍ സുന്ദരിയായിരിയ്ക്കുന്നു. പക്വത വന്നിരിക്കുന്നു.

“അങ്ങ്‌ ഞങ്ങളോട്‌ ഇവിടം വിട്ടുപോകുവാന്‍ പറയരുത്….ഞങ്ങൾക്കതാവില്ല….”

ഭഗവാൻ കണ്ടു, അവളുടെ കണ്ണുകൾ ജലമണിയുന്നു.

“ഞങ്ങള്‍ ദേവദാസികളാണ്‌, ശാന്തിഗ്രാമത്തില്‍, പക്ഷെ പുറത്തു പോയാല്‍ ആരാകുമെന്നറിയാമോ….. അഭിസാരികമാരാകും. എല്ലാം അറിയുന്ന അങ്ങുകൂടി അങ്ങിനെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക്‌ ആശ്രയമാരാണ്‌’

ഭഗവാന്‍ നിശബ്ദനായിരുന്നു.

നേര്‍ത്ത ഒരു മന്ത്രണംപോലുള്ള, ഭഗവാന് മാത്രം കഷ്ടിച്ചു കേള്‍ക്കാന്‍ വിധത്തിലുള്ള അവളുടെ സ്വരവും പെരുമ്പറ കൊട്ടുമാറ്‌ ചെവികളില്‍ ആര്‍ത്തലയ്ക്കുകയും ചെയ്തു. എന്നിട്ടും നിലയ്ക്കാതെ ചെവികളെ തുരന്ന്‌ ഉള്ളില്‍ ഹൃദയഭിത്തികളില്‍ ആഞ്ഞടിക്കുകയും ചെയ്യുകയാണെന്ന്‌ ഭഗവാനു തോന്നി.

ഭഗവാന്‍ ഞെട്ടിവിറച്ചു.

മുഖം ഭയചകിതമായി.

“ദയവായി….ഞങ്ങളെ പോകാന്‍ വിടരുത്‌… നഗരങ്ങളിലെ തെരുവുകളില്‍ അലയാനായി…ഓട കളില്‍ അന്തിയുറങ്ങാനായി വിടരുത്‌…ഇവിടെ ഈ ഗ്രാമത്തിന്റെ മണ്ണില്‍ ഞങ്ങളെ ഒടുങ്ങാന്‍ അനുവദിയ്ക്കൂ…..”

അവള്‍ ഉരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ്‌ ഭഗവാന്റെ മുന്നില്‍ പ്രണമിച്ചു.

അവളെ ഗ്രഹിച്ച്‌ ഭഗവാന്‍ മാറില്‍ ചേര്‍ത്തുനിര്‍ത്തി……

കൊച്ചുകുഞ്ഞിനെപ്പോലെ അവള്‍ തേങ്ങിക്കരഞ്ഞു.

സര്‍വ്വംസഹനായി ഭഗവാന്‍ അവളെ തലോടി…

പ്രവിശ്യയിലെ ജീവിതത്തില്‍ വിസ്‌ ഫോടനാത്മകമായൊരു ചലനം സൃഷ്ടിച്ചിരിക്കുന്ന കമ്മ്യൂൺ ദിനപ്രതം. എവിടെയും ചര്‍ച്ചാ വിഷയമാക്കപ്പെട്ട്, വിമര്‍ശിക്കപ്പെട്ട്‌, അതിന്റെ യാത്ര തുടരുന്നു, പത്രലോകമാകെ, സാംസ്കാരിക മണ്ഡലമാകെ നിറയുന്ന നാമമായി ഗുരു വളര്‍ന്നിരിയ്ക്കുന്നു. കൃഷ്ണയെ, സിദ്ധാര്‍ത്ഥനെ ആരാധനയോടെ കാണുന്നവര്‍ പ്രവിശ്യയില്‍ നിറഞ്ഞിരിക്കുന്നു.

പക്ഷെ,

സാധാരണ ജനതയുടെ മനസ്സുകളില്‍ അവ്യക്തമായ കുറെ ചിത്രങ്ങള്‍ മാത്രമാണ്‌ ഉണ്ടായിരിക്കുന്നത്‌. അവരുടെ ജീവിതത്തെ ബാധിക്കാത്ത എന്തെല്ലാമോ ഉന്നതങ്ങളില്‍ നടക്കുന്നുണ്ടെന്നുമാത്രം ധച്ചിരിക്കുന്നു.

കൃഷ്ണയുടെ മനസ്സ്‌ വിരിഞ്ഞിരിക്കുന്നു.

അവളുടെ പേന തുമ്പില്‍നിന്നും ഒഴുകിയിറങ്ങുന്ന മഷി തീര്‍ക്കുന്ന അക്ഷരങ്ങള്‍ക്ക്‌ ചടുലതയും വാചാലതയും ഏറിയിരിക്കുന്നു.

അവള്‍ തറയില്‍, ഒറ്റപ്പായ വിരിച്ചു കിടന്ന്‌ മയങ്ങി.

@@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top