അദ്ധ്യായം ഏഴ്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ഒരര്‍ത്ഥത്തില്‍ ചൂഷണത്തിലല്ലേ എല്ലാറ്റിന്റേയും നിലനില്‍പ്പ്‌. ആദിയെന്തെന്ന്‌, എങ്ങിനെയെന്ന്‌ ഇതേവരെ വ്യക്തമായ അറിവുകളൊന്നുമില്ലാത്ത ഏതോ ഒന്നില്‍ നിന്നും ഒരു കാരണത്തില്‍ നിന്നും ഉണ്ടായ കോടാനുകോടി നക്ഷ്രതജാലങ്ങള്‍, അവയില്‍ നിന്നും

അടര്‍ന്നു വീണ ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍.

അവയിലൊന്നു മാത്രമായ ഭൂമി,

ഉരുകി തിളച്ച്‌ മറിഞ്ഞുകൊണ്ടിരിക്കുന്ന ലാവ ഉറച്ച്‌ ഖര പദാര്‍ത്ഥങ്ങള്‍ ഉണ്ടാകുകയും, ഖരങ്ങള്‍ കൂടിച്ചേര്‍ന്ന്‌ ഖര്രപതലങ്ങള്‍ ഉണ്ടാവുകയും ചെയ്തു.

അനേകകോടി വര്‍ഷങ്ങളോളം നടന്ന നിരന്തര ചലനങ്ങളാല്‍ ഉത്ഭവിച്ച ജീവന്റെ തുടിപ്പ്‌.

ഒരണു,

ഒരേ ഒരണുവില്‍ നിന്ന്‌ പരിണമിച്ച്‌,

ബാക്ടീരിയയും,

സസ്യജാലങ്ങളും,

മത്സ്യങ്ങളും,

ജന്തുക്കളും,

വാനരന്മാരും,

നരന്മാരുമായ,

നീണ്ട, നിരന്തരമായ പരിണാമ ച്ര്രത്തിന്റെ വളര്‍ച്ചയില്‍ എവിടെയും ചൂഷണത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മുറിപ്പാടുകളായി നിലനില്‍ക്കുന്നതു കാണാം.

പ്രാഥമികമായിട്ട്‌ ആഹാരത്തിനു വേണ്ടിയും,

പിന്നീട സുരക്ഷിതത്വത്തിനു വേണ്ടിയും,

തുടര്‍ന്ന്‌ കാമസംതൃപ്തിക്കു വേണ്ടിയുമായിട്ട്‌ ചൂഷണം വളരുകയായിരുന്നു. പക്ഷെ ജനപ്പെരുപ്പം കൂടുകയും കണ്ടുപിടുത്തങ്ങള്‍ കൂടുകയും മനുഷ്യര്‍ സുഖ തല്‍പ്പരരാവുകയും ചെയ്തപ്പോള്‍ കൂടുതല്‍ ചൂഷകരുണ്ടായി.

സ്വന്തം വര്‍ഗ്ഗത്തെത്തന്നെ ചൂഷണം ചെയ്യാന്‍ തുടങ്ങി.

കൈബലമുള്ളവന്‍ ക്ഷീണിതനെ ചൂഷണം ചെയ്യുന്നു. ബുദ്ധിയ്ക്ക്‌ വികാസമേറിയപ്പോള്‍ ബുദ്ധിമാന്മാര്‍ പാമരരെ ചൂഷണം ചെയ്തു. ജീവിത നിയമങ്ങള്‍ ഉണ്ടാക്കി കൂടുതല്‍പ്പേരെ ചൂഷണത്തിനു വിധേയമാക്കി.

ചൂഷകര്‍ക്ക്‌ തട്ടുകളുണ്ടായി.

കൃഷിക്കാരനെ കൃഷിയുടമ ചൂഷണം ചെയ്തു.

കൃഷിയുടമകളായ ജന്മികളെ നേതാക്കളും, നേതാക്കളെ ഭരണ കൂടവും, ഭരണ കൂടത്തെ ഭരണകര്‍ത്താക്കളും ചൂഷണം ചെയ്തു.

അങ്ങനെ ഭരണകര്‍ത്താക്കള്‍ ഏറ്റവും പ്രബലന്മാരായി.

ഭരണകര്‍ത്താക്കളെന്ന പ്രബലരുമായിട്ട്‌ ഏറ്റുമുട്ടേണ്ട ഘട്ടം വന്നപ്പോള്‍ ഗുരുവിന്റെ തത്വസംഹിതയ്ക്ക്‌ ഉടവുപറ്റി.

എന്നിട്ടും,

ഏകാന്തതകളില്‍,

വേദനകളില്‍ നിന്നുമുള്ള മോചനത്തിനായി ഗുരു ആഗ്രഹം കൊണ്ടു.

ഒരിയ്ക്കല്‍,

ചൂഷകരും ചുഷിതരുമില്ലാത്ത അദ്ധ്വാനിക്കുന്നവന്റെ ലോകം വരും.

അവിടെ അതിര്‍വരമ്പുകളില്ലാതാകും.

ലോകം ഒരു കുടുംബമാകും.

സമചിന്തിതമായ ഒരു അന്തരീക്ഷം ഉണ്ടാകും.

അവിടെ സ്‌നേഹം വിളകളാകും.

സാഹോദര്യം വിത്തുകളാകും.

സമാധാനം മുളകളാകും.

ഭരണകര്‍ത്താക്കള്‍ വേണ്ടാതാകും.

നീതിനിയമങ്ങള്‍ അന്വര്‍ത്ഥങ്ങളാകും.

വെളുത്ത മേഘങ്ങള്‍ പോലെ, വെളുത്ത പൂക്കള്‍ പോലെ മനുഷ്യമനസ്സുകള്‍ നിഷ്കളങ്കമാകും.

ഭൂമി സുവര്‍ഗ്ഗങ്ങളെ കൊണ്ട്‌ നിറഞ്ഞ്‌ സ്വര്‍ഗ്ഗമാകും.

ഗുരു ഇപ്പോഴും കമ്മ്യൂണിസ്റ്റുകാരന്‍ തന്നെയാണ്‌; ശുഭാപ്തി

വിശ്വാസിയായ കമ്മ്യുണിസ്റ്റുകാരന്‍.

“മാര്‍ക്ക്‌സ്‌ കാണാത്ത ഒരു പുതിയ ചൂഷക വര്‍ഗ്ഗം ഇവിടെ ഉടലെടുത്തിട്ടുണ്ട്‌. നമ്മുടെ നേതാക്കള്‍. ഇപ്പോള്‍ നമുക്കാവശ്യം നേതാക്കളല്ല. പ്രവര്‍ത്തകരെയാണ്‌. ഒരു വ്യക്തിയെ ഉന്മൂലനം ചെയ്തു

എന്നു വച്ച്‌ പാര്‍ട്ടി അധികാരത്തില്‍ എത്തിച്ചേരുകയില്ല. പാര്‍ട്ടി ആദ്യം ചെയ്യേണ്ടത്‌ അദ്ധ്വാനിക്കുന്നവന്‍, കൃഷിക്കാരൻ , മറ്റു ചൂഷണത്തിന്‌

വിധേയരാകുന്നവര്‍ക്ക്‌ പാര്‍ട്ടി എന്താണെന്ന്‌ എന്തിനാണെന്ന്‌ മനസ്സിലാക്കി കൊടുക്കണം; അവന്‌ പാര്‍ട്ടി ഒരു അവശ്യ ഘടകമായിരിക്കുന്നെന്ന്‌ മനസ്സിലാക്കിക്കൊടുക്കണം. അതിന്‌ ചില്ലുമേടകളില്‍ ഇരിക്കുന്ന നേതാക്കളെയല്ല നമുക്കാവശ്യം. ഇവിടെ താഴെ പ്രകൃതിയില്‍ മണ്ണില്‍ക്കിടക്കുന്ന പ്രവര്‍ത്തകരെയാണ്‌.”

ഗുരു വാക്കുകള്‍ കേട്ട് ഞെട്ടിപ്പോയി.

ഒളിസങ്കേതത്തില്‍ കൂടിയ രഹസ്യയോഗത്തില്‍, വനത്തില്‍, കൂരിരൂട്ടില്‍, മുനിഞ്ഞുകത്തുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍, പാര്‍ട്ടിയുടെ ക്രേന്ദ്ര കമ്മറ്റി അംഗമായ സഖാവ്‌ ഭാസ്കരന്‍ നായര്‍ അതിഥിയായി

രിയ്ക്കെ, എല്ലാ മുഖങ്ങളും അമ്പരന്നിരുന്നു.

പന്തത്തിന്റ വെളിച്ചത്തില്‍ അവര്‍ ആ ചെറുപ്പക്കാരന്റെ മുഖം കണ്ടു. തേജസ്സുള്ള കണ്ണുകള്‍, വാടിയ മുഖം, അലഞ്ഞു ക്ഷീണിച്ച

കൈകാലുകള്‍…….

വിശ്വനാഥ്‌

പക്ഷെ അപ്രതീക്ഷിതമായ ഒരു നാള്‍ അവനെ അവര്‍ക്ക്‌ നഷ്ടമായി. ക്രേന്ദകമ്മറ്റി അവന്റെ പ്രവര്‍ത്തി മണ്ഡലം അന്യ പ്രവിശ്യകളിലേയ്ക്കു മാറ്റി. അന്നു ഗുരുവും സംഘവും പാര്‍ട്ടിയോട്‌ വിടപറഞ്ഞു.

എന്നിട്ടും അവര്‍ക്ക്‌ വിശ്വാനാഥനെ തിരിച്ചുകിട്ടിയില്ല.

പിന്നീട്‌ അവനെക്കുറിച്ച്‌ വാര്‍ത്തകേട്ടു പിടിയിലായെന്നും പോലീസ്‌ ലോക്കപ്പില്‍ വച്ച്‌ മരിച്ചുവെന്നും.

പക്ഷെ,

ഗുരുവിന്റെ,

കൃഷ്ണയുടെ,

അബുവിന്റെ,

രാമന്റെ,

ജോസഫിന്റെ മനസ്സുകളില്‍ അവന്‍ നിറഞ്ഞ ചിത്രമായി.

കടുത്ത വര്‍ണ്ണങ്ങളില്‍,

മൂര്‍ത്തീകരിക്കപ്പെട്ട വരകളായി, ജീവിച്ചു, ജീവിക്കുന്നു.

ഗുരു കണ്ണുകള്‍ തുറന്നു. ഏതുനേരത്താണ്‌ മയങ്ങിപ്പോയ

തെന്നോര്‍മ്മയില്ല. അത്ര മയക്കമായിരുന്നില്ലല്ലോ. പഴയകാല ചിത്രങ്ങള്‍ മനസ്സിന്റെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു നോക്കുകയായിരുന്നു.

സുന്ദരിക്കുട്ടിയായ കൃഷ്ണവേണിയെ,

ഭീമാകാരനായ അബുവിനെ,

വില്ലാളി വീരനായ വിശുവിനെ,

സൌമ്യരായ രാമനേയും ജോസഫിനേയും,

ഒരിയ്ക്കല്‍ കൂടി അവരെ കണ്ടെത്തിയ നാളുകളിലെ ചിത്രങ്ങളാക്കി കാണുകയായിരുന്നു.

ഫോണ്‍ ബെല്‍ ഗുരുവിനെ വര്‍ത്തമാനത്തിലേയ്ക്ക്‌ പിടിച്ചിറക്കിക്കൊണ്ടുവന്നു. ഫോണ്‍ റിസീവര്‍ ചെവിയോടുടടുപ്പിച്ചു.

“യേസ്‌ കമ്മ്യൂണ്‍…….. ഗുരുതന്നെ…… ഹ ആര്‍ യു ബോയ്‌?”

ഫോണ്‍ തലയ്ക്കല്‍ സിദ്ധാര്‍ത്ഥന്‍,

“എന്തായെടോ തന്റെ ഡിസ്കവറി?”

“പുരോഗമിക്കുന്നുണ്ട്‌, പക്ഷെ…….”

“ഊം?

“നാം പിക്ചറൈസ്ഡ്‌ ചെയ്യാത്ത പലതും പിക്ച്ചറിലേയ്ക്കു വരും”

“യു മീന്‍?”

“പണ്ടത്തെ പാര്‍ട്ടി നേതാവ്‌ ഭാസ്‌കരന്‍ നായരുടെ ചിത്രം വ്യക്തമാക്കപ്പെടുമ്പോള്‍ അതോടനുബന്ധിച്ച്‌ പാര്‍ശ്വങ്ങളില്‍ പല മുഖങ്ങളും തെളിഞ്ഞുവരും”

“യേസ്‌. ഐ നൊ.”

“ആചിത്രങ്ങൾ….’

“ആരുടെയൊക്കെയായിരിക്കുമെന്നെനിയ്ക്കറിയാം”

“അത്‌ നമ്മുടെ ഉദ്യമത്തിന്‌ പ്രതികൂലമായി ബാധിക്കുമെങ്കില്‍, നമ്മുടെ ലക്ഷ്യത്തെ തകര്‍ക്കുമെങ്കില്‍ നമ്മുടെ ജന്മങ്ങള്‍ വ്യര്‍ത്ഥമാകും”

“നോ…… നോ മൈ ബോയ്‌……”

ഗുരു തുടര്‍ന്നു.

“ജീവിതങ്ങള്‍ വ്യര്‍ത്ഥമെന്നോ അവ്യര്‍ത്ഥമെന്നോ ഒരു അവസ്ഥയില്ല. നമുക്ക്‌ കര്‍മ്മങ്ങള്‍ മാത്രമാണ്‌ പ്രധാനം. അത്‌ ധര്‍മ്മാധിഷ്ഠിതമായിരിയ്ക്കണമെന്ന്‌ ഒരൊറ്റ ന്യായീകരണമെയുള്ളൂ. നിനക്കും എനിയ്ക്കും മറ്റൊരാള്‍ക്കും വ്യത്യാസമില്ല. സത്യം തുറക്കപ്പെടുമ്പോള്‍

നശിക്കുന്നതാണ്‌ നമ്മുടെ സിംഹാസനങ്ങളെങ്കില്‍ അതു നശിക്കണം. എന്നിരിയ്ക്കിലും അസത്യത്തിനെ അനുകുലിയ്ക്കാന്‍, അധര്‍മ്മത്തെ സംരക്ഷിക്കാന്‍ ഗുരുവിനാലാവില്ല.”

ഗുരു കിതച്ചുപോയി, വിറച്ചുപോയി.

“ഗുരു ഞാന്‍ ……..”

സിദ്ധാര്‍ത്ഥന്‍ പതുങ്ങി

“നോ മോര്‍………. യു കാരിയോണ്‍“

ഫോണ്‍ ഡിസ്കണക്ട്‌ ചെയ്തിരിക്കുന്നു.

തികച്ചും ഒരു പ്രഹേളികയിലേയ്ക്ക്‌ എടുത്തെറിയപ്പെട്ടിരിക്കുന്നു.

എന്തെല്ലാം ദൃശ്യങ്ങളാണ്‌ അവ്യക്തമായിട്ടാണെങ്കിലും തെളിയപ്പെട്ടു വരുന്നത്‌.

സിദ്ധാര്‍ത്ഥന്‍ നോട്ടെഴുതി.

ഗുരുഎന്ന ജോണ്‍ ജോസഫും ഭഗവാന്‍ എന്ന ഭാസ്കരന്‍

നായരും നേതൃത്വത്തില്‍ ഇരുന്ന ഒരു തീവ്രവാദ പ്രസ്ഥാനം അതിന്റെ ഏറ്റവും ശക്തരായ പ്രവര്‍ത്തകരായിരുന്നിരിയ്ക്കണം കൃഷ്ണയും വിശ്വനാഥനും അബുവും രാമനും ജോസഫുമെല്ലാം. പ്രസ്ഥാനത്തിന്റെ പരാജയത്തോടുകൂടി പിരിഞ്ഞ്‌ അവര്‍ പലവഴിയിലും പിടിച്ചു നിൽക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരിക്കണം. ഗുരുവിന്റെ നേതൃത്വത്തില്‍ കമ്മ്യൂണ്‍ സ്ഥാപിക്കപ്പെടുകയും കൃഷ്ണയും അബുവും രാമനും ജോസഫും അതില്‍ പങ്കുകൊള്ളുകയും ചെയ്തിരിക്കുന്നു. ഭാസ്കരന്‍ നായര്‍ സ്വയം ഭഗവാനായി അവരോധിതനായി ശാന്തിഗ്രാമത്തില്‍ കൂടിയിരിക്കുകയും ചെയ്തിരിക്കുന്നു.

പക്ഷെ വിശ്വനാഥ്‌?

അവന്‍ എവിടെ ആയിരുന്നിരിയ്ക്കാം?

ഗുരു പറയുന്ന ആദ്യകാല കഥകളില്‍ അവന്‍ മരിച്ചു കഴിഞ്ഞിരുന്നതാണ്‌. എന്നാല്‍ അടുത്തനാളിലെ കഥകളില്‍ അവന്‍ ശാന്തിയിലെത്തിയതായിട്ട്‌ കാണുന്നു.

ഗുരുവിന്റെ ഡയറിയില്‍ നിന്നും ഗ്രഹിക്കാനാവുന്നത്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ അവന്‍ ശക്തമായ സ്വാധീനമായിരുന്നു എന്നാണ്‌. അവനൊരു റിബലായിരുന്നുവെന്നും അകാലത്തില്‍ അവന്‍ അവരില്‍ നിന്നും അകലാനുള്ള കാരണങ്ങള്‍ മാത്രം ഗ്രാഹ്യമല്ല.

അതിനേക്കാള്‍ ചിന്തനീയമായ ഒരു വസ്തൂത ഭഗവാന്‍ അനാവരണം ചെയ്യപ്പെടുമ്പോള്‍ അതോടൊപ്പം വെളിച്ചത്തിലേയ്ക്ക്‌ എന്തെല്ലാം വരികയില്ലായെന്ന്‌ എങ്ങിനെ തീര്‍ച്ചയാക്കാനാകും എന്നതാണ്‌.

എന്തിനും ഏതിനും അനിവാര്യമായ ഘടകം വിശ്വനാഥിന്റെ വിവരങ്ങളാണ്‌.

സിദ്ധന്‍ കണ്ണുകളടച്ചിരുന്നു.

ഫോണ്‍ ഡിസ്കണക്ടു ചെയ്ത്‌ ഗുരു ശ്രദ്ധിച്ചത്‌ എലീസയെയാണ്‌. അവള്‍ അടുത്ത സെറ്റിയില്‍ കണ്ണുകളടച്ച്‌ സുഷുപ്തിയിലാണ്‌.

അവളുടെ മുഖത്തെ ഭാവങ്ങള്‍ കൂടെ കൂടെ മാറിക്കൊണ്ടിരിക്കുന്നു.

പുഞ്ചിരിയായി,

ശോകമായി,

ദേഷ്യമായി,

“എലീസ, നിനക്ക്‌ അകത്തുപോയി കിടക്കാമായിരുന്നു”

അവള്‍ കണ്ണുകള്‍ തുറന്ന്‌ അയാളെ രൂക്ഷമായി നോക്കിക്കൊണ്ടിരുന്നു.

“എനിയ്ക്ക്‌ എന്റെ മോന്‍ നഷ്ടമാകുന്നു. നിങ്ങള്‍ സ്വാര്‍ത്ഥനാണ്‌. അവനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു.”

അയാള്‍ ചിരിച്ചു.

“നിങ്ങളുടെ ചിരി എത്ര ക്രൂരമാണ്‌. ഈ പാവങ്ങളെക്കൊണ്ട്‌ പണിയെടുപ്പിച്ച്‌ നിങ്ങള്‍ വീട്ടിലിരുന്ന്‌ സുഖിക്കുന്നു.”

കണ്ണുകളടച്ച്‌ സെറ്റിയില്‍ കിടന്ന്‌ പിറുപിറുപ്പുപോലെ അവള്‍ പറഞ്ഞു കൊണ്ടിരുന്നു.

“നിങ്ങള്‍ ഓര്‍ക്കുന്നോ? അവന്‍ വന്ന ദിവസം…….. മെലിഞ്ഞു കോലംകെട്ട, കുളിയ്ക്കാതെ, നനയ്ക്കാതെ…”

നിമിഷങ്ങളോളം അവള്‍ മിണ്ടാതെ കിടന്നു.

“അവനെ ഞാന്‍ കുളിപ്പിച്ചു, കഴുകിയ വസ്ര്രങ്ങള്‍ ഇടിച്ചു…….ആഹാരം തീറ്റി, അവന്‍ എന്റെ മോനാ…… എന്റെ സിദ്ധമോനാ………എന്റെ മാത്രം….. ഞാനിവിടൊണ്ടായീട്ടാ അവന്‍ വന്നത്‌………. അല്ലേല്‍

വേറെവിടേലും പോയാപോരായിരുന്നോ…….. എനിയ്ക്കവനെ കാണാതിരുന്നാല്‍ ഒറക്കംവരില്ല. നിങ്ങള്‍ അവനെ പിചാചുക്കള്‍ക്ക്‌ എറിഞ്ഞു കൊടുക്കും………. നിങ്ങള്‍ കാരണാ…….. എന്റെ മോന്‍……. എന്റെ…..”

അവള്‍ മരുന്നിന്റെ മായിക വലയത്തിലകപ്പെട്ട്‌ ആഴ്ന്നിറങ്ങി, ആഴ്ന്നിറങ്ങി അകലുന്നത്‌ ഗുരു നോക്കിയിരുന്നു.

ഗുരു അവന്‍ വന്ന ദിവസം ഇന്നും ഓര്‍മ്മിക്കുന്നു, ഒരു സന്ധ്യയില്‍ തുറന്നു കിടന്നിരുന്ന വാതില്‍ക്കല്‍………

മുഷിഞ്ഞ വസ്ത്രവും, ക്ഷീണിതമായ മുഖവും, അലഞ്ഞ ശരീരവുമായിട്ട്‌……

കത്തെഴുതിയിട്ടാണ്‌ അവന്‍ വന്നത്‌; കമ്മ്യൂൺ ആഴ്ചപ്പതിപ്പില്‍ അവന്‍ എഴുതിയ ചെറുകഥകളുമായിട്ടാണ്‌ ബന്ധം സ്ഥാപിതമായത്‌.

ഒരിയ്ക്കല്‍ കഥയോടൊപ്പം അവന്റെ ആത്മകഥ അടങ്ങിയ ഒരു കത്തും ഉണ്ടായിരുന്നു.

തടിവീണ്‌ കാലുപോയ ശേഷവും ഭിക്ഷയെടുത്തു മക്കളെപ്പോറ്റിയ അവന്റെ അച്ഛനെക്കുറിച്ച്‌, കാസരോഗിയായി മരിച്ച അമ്മയെക്കുറിച്ച്‌, ശ്രദ്ധിക്കാനാളില്ലാതെ ഏതെല്ലാമോ വഴികളിലൂടെ അവനില്‍ നിന്നും അകന്നുപോയ സഹോദരിമാരെക്കുറിച്ച്‌, ഒടുവില്‍ ഞൊണ്ടി നടന്ന്‌ ഭിക്ഷയാചിച്ചു നടക്കവെ ലോറികയറി അരഞ്ഞുപോയ പിതാവിനെക്കുറിച്ച്‌………..

ഫാന്‍ കറങ്ങുന്നുണ്ടെങ്കിലും എലീസയുടെ നെറ്റിയില്‍

പൊടിഞ്ഞു നില്‍ക്കുന്ന വിയര്‍പ്പു ഗുരു ശ്രദ്ധിച്ചു.

തുറന്നു കിടക്കുന്ന ജനാലവഴി ചെറിയൊരു തെന്നലുപോലും കയറി വരാനില്ല. നീലാകാശം, അനേകായിരം നക്ഷത്രങ്ങള്‍, ചന്ദ്രന്‍ ഇനിയും എത്തിയിട്ടില്ല.

ഗുരു ജനാലയ്ക്കല്‍ വന്ന്‌ റോഡില്‍ നോക്കിനിന്നു.

എന്നിട്ടും അശാന്തമായ മനസ്സ്‌ അലഞ്ഞു നടക്കുന്നു……….

ശാന്തിതേടി ?

സ്വാസ്ഥ്യം തേടി ?

ഗുരു ജനാല അടച്ചു. @@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top