അദ്ധ്യായം ഇരുപത്തിരണ്ട്‌

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

രാവേറെയെത്തി ഭഗവാന്‍ ഉറങ്ങിയില്ല.

ഭഗവാന്റെ പള്ളി അറയില്‍, രാത്രിയില്‍ പാര്‍വ്വതിദേവി എത്തി.

ഷഷ്ടിപൂര്‍ത്തി ആഘോഷം കഴിഞ്ഞ്‌ സ്വസ്ഥമായവരാണ്‌. ട്രസ്റ്റിന്റെ ഭരണത്തില്‍ നിന്നും ഭഗവാന്‍ നിരുപാധികം പിന്‍മാറി. ട്രസ്റ്റിന്റെ ഭരണാധികാരിയായി സര്‍വ്വാധികാരി അവരോധിക്കപ്പെട്ടു. പ്രധാന ആചാര്യനായി ദേവവ്രതനും ദളപതിയായി അശ്വനിപ്രസാദും നിയമിതരായി. വിഷ്ണുദേവ് ഗ്രാമം വിടുന്നു. ഉസ്മാന്‍ തീരുമാനിച്ചില്ല. വളരെയേറെ ഉണ്ടാക്കിയ സമ്പാദ്യം കച്ചവടത്തിനായി ഇറക്കണമെന്ന തീരുമാനത്തിലാണ്‌ ഉസ്മാന്‍. ഗ്രാമത്തിലോ ഗ്രാമത്തിനു വെളിയിലൊ, എവിടെ വേണമെന്ന്‌ തീരുമാനമായിട്ടില്ല. ഊരാണ്‍മയ്ക്കും അവകാശങ്ങള്‍ക്കും വ്യത്യാസമില്ല. പക്ഷെ, ഭരണത്തില്‍ വരുന്ന പ്രസക്തമായ വ്യതിയാനം ഊരാണ്മയ്ക്കും അവകാശങ്ങള്‍ക്കും, അഭിപ്രായങ്ങള്‍ക്കും പരിധിയും പരിവര്‍ത്തനങ്ങളും ഉണ്ടാകുമെന്നാണ്‌ പരക്കെ ഉണ്ടായിട്ടുള്ള വാര്‍ത്ത.

പുതിയ ട്രസ്റ്റിന്റെ വീക്ഷണത്തില്‍ ഗ്രാമത്തിന്റെ സംപുഷ്ടമായ വിളഭൂമി ദേവദാസികള്‍ തന്നെയാണ്‌. ട്രസ്റ്റിന്റെ അദ്ധ്യക്ഷന്റെ പ്രസംഗത്തില്‍ സുചിപ്പിക്കുകയും ദേവദാസികള്‍ക്ക്‌ പ്രത്യേക പരിഗണനയും പരിപാലനവും വാഗ്ദാനം ചെയ്യുകയും കൂടി ചെയ്തു.

പാര്‍വ്വതിദേവി, ഗ്രാമത്തിന്റെ അമ്മയായി തുടരുന്നു.

ഭഗവാന്‍?

ഭഗവാന്‍ അര്‍ത്ഥശുന്യമായി ഊരാണ്മ പോലുമില്ലാത്തവനായി വെറുമൊരവതാരമായി അവശേഷിച്ചു, മിത്തുകളില്‍, കഥകളില്‍,കാവ്യങ്ങളില്‍ നിറഞ്ഞ്‌. ലക്ഷോപലക്ഷം ജനഹൃദയങ്ങളില്‍ ശക്തിയായി, വിശ്വാസമായി തുടരും.  പക്ഷെ, ട്രസ്റ്റെന്ന വ്യവസ്ഥിതിയില്‍ ഭഗവാന്‍ ആരുമല്ലാതായി. ഇന്ന്‌ അവസാനമായി ആടയാഭരണങ്ങളും വേഷഭുഷാദികളും

അണിഞ്ഞ്‌ സന്ദര്‍ശനമുറിയില്‍ ഭഗവാന്‍ ഉപവിഷ്ടനായി.

ദേശക്കാർ, അന്യദേശക്കാര്‍, സ്വന്തം ഭാഷക്കാര്‍, വിദേശികള്‍ ………

സന്ദര്‍ശനമുറി കവിഞ്ഞ്‌, അങ്കണം നിറഞ്ഞ്‌, ശാന്തിനിലയം നിറഞ്ഞ്‌. ഗ്രാമം നിറഞ്ഞ്…..

ദൈവമെ!

ഭഗവാന്‍ ജീവിതത്തിലാദ്യമായി ദൈവത്തെ വിളിച്ചു.

സര്‍വ്വ ഐശ്വര്യങ്ങളും, സമ്പത്തുക്കളും, സ്വരങ്ങളും, നിറങ്ങളും, ആവാഹിച്ച്‌, ഒരൊറ്റ രൂപത്തിൽ സമന്വയിപ്പിച്ച് മനോമുകുരത്തില്‍ നിറക്കാന്‍ ശ്രമിച്ചു,

പക്ഷെ, മനം ഉടഞ്ഞ്‌, ശരീരമുടഞ്ഞ്‌, ഇരിയ്ക്കുന്ന ഗൃഹമുടഞ്ഞ്‌. ഭൂതലമുടഞ്ഞ്‌ അനന്തകോടി നക്ഷത്ര ജാലങ്ങളിലും നിറഞ്ഞ്‌, പിന്നീടും വികസിച്ച്‌,വികസിച്ച്‌,

നിറഞ്ഞ്‌, പൂര്‍ണ്ണമായി …….

ഭഗവാന്‍ സത്യം ദര്‍ശിച്ചു.

പരമമായ സത്യം.

അഹം ബ്രഹ്മാസ്മി……..

ഭഗവാന്റെ എല്ലാ കാമങ്ങളും അടങ്ങി, എല്ലാ ചിന്തകളും അടങ്ങി, എല്ലാ രുചികളും അടങ്ങി, എല്ലാ മണങ്ങളും അടങ്ങി, ഇനിയും ലയനം മാത്രം, പരമമായ സത്യത്തില്‍, സനാതനത്തില്‍.

ഷഷ്ടിപൂര്‍ത്തി ആഘോഷത്തിന്റെ ക്ഷീണത്തില്‍ ശാന്തിനിലയം വളരെ വേഗം ഉറക്കമായി. അനുചിതമായി എന്തോ തോന്നിയതിനാലാണ്‌ രാത്രിയില്‍ തന്നെ പാര്‍വ്വതിദേവി എത്തിയത്‌. കുളികഴിഞ്ഞ്‌ ഭക്ഷണം കഴിഞ്ഞ്‌, ശയനമുറിയില്‍ എത്തിയതായിരുന്നു ദേവി. പക്ഷെ മനസ്സ്‌ അകാരണമായി ഒന്നു പിടഞ്ഞു, വേദനിച്ചു.

ദേവിക്കു പിന്നാലെ വിഷ്ണുദേവ്, തുടര്‍ന്ന്‌ ഉസ്മാന്‍.

“എന്താണ്‌ നിങ്ങള്‍ അസമയത്ത്‌ എത്താന്‍?”

ഭഗവാന്റെ മുഖത്ത്‌ ചെറുചിരി നിറഞ്ഞു നിന്നു.

ഭഗവാന്‍ വേദനയിലും ചിരിയ്ക്കുകയാണെന്ന്‌ ദേവിയ്ക്കു തോന്നി.

“ഭഗവാന്‍, ഇന്ന്‌ ചാരന്മാര്‍ വിവരമറിയിച്ചു ദേവി നിത്യ ജീവിച്ചിരിപ്പുണ്ട്‌.”

“ഊം….?”

“അനാഥാലയത്തില്‍.”

“അവള്‍ സുരക്ഷിതയാവുമെന്ന്‌ എനിക്ക്‌ ഉറപ്പുണ്ടായിരുന്നു. പക്ഷെ, എനിക്കിപ്പോള്‍ അവളെപ്പറ്റിയോ മറ്റെന്തിനെപ്പറ്റിയേ അറിയാനും കേള്‍ക്കാനും താല്പര്യം തോന്നുന്നില്ല ……….”

“ഭഗവാന്‍ ?”

വിഷ്ണുദേവിന്റെ വിളിയില്‍ അടങ്ങിയിരുന്ന ഭീതി ഉസ്മാന്റെയും പാര്‍വ്വതിദേവിയുടെയും മുഖത്ത്‌ പടര്‍ന്നു കയറി.

“അങ്ങ്‌ സൂചിപ്പിയ്ക്കുന്നത്‌ …….”

“പരമമായ സത്യം എനിക്ക്‌ അനുഭവവേദ്യമാകുന്നു. ഞാന്‍ എന്റെ പ്രകൃതിയില്‍ നിന്നും അകന്നുകൊണ്ടിരിയ്ക്കുന്നു. നിങ്ങള്‍ സ്വസ്ഥരായിട്ട്‌ വീടുകളിലേയ്ക്ക്‌ മടങ്ങിക്കൊള്ളു ………….”

ശാന്തിഗ്രാമവും, ശാന്തിനിലയവും ഗാഢമായ നിദ്രയിലേയ്ക്ക്‌ വഴുതി വീണു.

എവിടെ നിന്നോ ഘനമേറിയ കാർമേഘങ്ങൾ ശാന്തിഗ്രാമത്തിന്റെ മുകളില്‍ ഉരുണ്ടുകൂടി. ശക്തിയായ കാറ്റായി, പേമാരിയായി പെയ്തിറങ്ങി.

രാത്രിയില്‍ തന്നെ വാര്‍ത്ത പരന്നു.

ഭഗവാൻ സമാധിയായി….

തളർന്ന് ഉറങ്ങിയിരുന്ന ശാന്തി നിലയം ഉണർന്നു. ഗ്രാമം ഉണർന്നു. അടുത്ത പട്ടണങ്ങളും നഗരങ്ങളും ഉണർന്നു കഴിഞ്ഞു. രാത്രിയില്‍തന്നെ, കോരിച്ചൊരിയുന്ന മഴയത്ത്‌ ഗ്രാമത്തിലേയ്ക്ക്‌ ജനപ്രവാഹം തുടങ്ങി.

മഴവെള്ളത്തില്‍ ശാന്തിപുഴ കരകവിഞ്ഞു. മരങ്ങളെ കടപുഴക്കി. ബണ്ടുകളും ഭിത്തികളും തകര്‍ത്തു. തീരങ്ങളിലുള്ള വീടുകളും കൃഷിയിടങ്ങളും തകര്‍ത്ത്‌ ഘോരതാണ്ഡവമാടുകയാണ്‌. പുഴയില്‍ വീണ്ടും വീണ്ടും ജലവിതാനം ഉയരുകയാണ്‌.

ഭക്തര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

പ്രായമായ അമ്മമാര്‍ ചെറുമക്കളുടെ കാതുകളില്‍ മന്ത്രിച്ചു.

ഭഗവാന്റെ ശക്തിയില്‍ പ്രകൃതി അടങ്ങി നില്‍ക്കുകയായിരുന്നു. ഭഗവാന്റെ അഭാവത്തില്‍ പ്രകൃതി കെട്ടുകളെ ഭേദിച്ച്‌ താണ്ഡവമാടുകയാണ്‌. ഈ താണ്ഡവം തിന്മകളെ കെടുത്തിയേ ഒടുങ്ങൂ……

പ്രഭാതമായപ്പോഴേയ്ക്കും മഴയുടെ ശക്തി കുറഞ്ഞു എങ്കിലും തോരാതെ തുടരുകയാണ്‌. പ്രവിശ്യയുടെ എല്ലായിടത്തുനിന്നും മഴയുടെ വാര്‍ത്തകളുണ്ട്‌.പത്രങ്ങള്‍ വീടുകളില്‍ നനഞ്ഞാണ്‌ എത്തിയത്‌. പത്രങ്ങള്‍ വരെ കേഴുകയാണെന്ന്‌ മനുഷ്യര്‍ കരുതി.

ഒന്നാംകിട പത്രങ്ങളുടെ മുഖവാര്‍ത്തയായി ഭഗവാന്റെ ചിത്രങ്ങളോടുകൂടി അച്ചടിച്ചു വന്നു.

ഭഗവാന്‍ തിരോഭവിച്ചു.

കാല്‍നൂറ്റാണ്ടുകാലം പ്രവിശ്യയുടെ വിശ്വാസ മണ്ഡലത്തില്‍, സംസ്കാരമണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുകയും ജാതിമതവര്‍ണ്ണ വ്യത്യാസമില്ലാതെ മനുഷ്യരെ ഒന്നിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ തിരോധാനത്തോടുകൂടി ആലംബം നഷ്ടപ്പെട്ട സമാധാനം നഷ്ടപ്പെട്ട്‌ പാവപ്പെട്ട മനുഷ്യര്‍ ദുഃഖത്തിനടിമയായി, വേദനക്കടിമയായി കഴിയേണ്ടി വരും.

നിരാശ്രയരെ ഉപേക്ഷിച്ചിട്ട്‌ രക്ഷകന്‍ മറയുകയാണ്‌ ചെയ്തിരിക്കുന്നത്‌. പ്രവിശ്യയില്‍ മഴപോലെ, തോരാതെ കണ്ണുനീരൊഴുകി. ദേവവ്രതനില്‍ നിന്നും സെലീന ചോര്‍ത്തിയ സത്യത്തെ ആസ്പദമാക്കിയാണ്‌ ഗുരുവാര്‍ത്തയെഴുതിയത്‌. രാത്രിയില്‍ വളരെ കഷ്ടതകള്‍ അനുഭവിച്ചാണ്‌ രാമന്‍ വാര്‍ത്ത പത്രമോഫീസില്‍ എത്തിച്ചത്‌.

ഗുരുവെഴുതി.

“ഭഗവാന്റേതു സ്വാഭാവിക മരണമായിരുന്നില്ല. സാഹചര്യങ്ങളുടെ തെളിവുകള്‍ വച്ച്‌ ഒരു കൊലപാതകമായിരുന്നു. അതിനുള്ള ഗുഢാലോചന നടത്തിയിരിക്കുന്നത്‌ ട്രസ്റ്റിന്റെ ഭരണ ത്തിലിരിക്കുന്നവരാണ്‌. സര്‍ക്കാര്‍ വ്യക്തമായൊരു, സുശക്തമായൊരു അന്വേഷണം നടത്തുവാനും സത്യാവസ്ഥ സാധാരണക്കാരായ വിശ്വാസികളെ ധരിപ്പിക്കുവാനും ബാദ്ധ്യതപ്പെട്ടിട്ടുള്ളതുമാണ്‌………… ഭഗവാന്റെ മരണം മൂലം അവര്‍ക്കുള്ള നേട്ടം വളരെ വളരെയാണ്‌. അദ്ദേഹത്തിനെ തികച്ചും ഒരു മായയാക്കി പിറകില്‍ നിര്‍ത്തി ദിവ്യമായൊരു പരിവേഷവും ചാര്‍ത്തി സാധാരണ മനുഷ്യരെ കബളിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളത്‌.

ശാന്തിഗ്രാമത്തിലെ വിശ്വാസികൾക്കു പോലും തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാര്‍ത്തകളാണ്‌ പരന്നിരിക്കുന്നത്‌. സത്യാവസ്ഥ എന്താണെന്നറിയാതെ എന്തെല്ലാമോ കേള്‍ക്കുന്നു, അറിയുന്നു.  എന്നിട്ടും പരമാർത്ഥമെന്തെന്ന് അറിയാൻ താല്പര്യം കാണിക്കുന്നില്ല ആരും. 

രാമനും അബുവിനോടുമൊപ്പമാണ് ഗുരു ഗ്രമത്തിൽ എത്തിയത്. മഴ തൊർന്ന് ഒലിച്ച് ഗ്രാമം ശുദ്ധമായി തീർന്നിരുന്നു.  ഗുരു തേടി നടന്നു. 

തോടി നടന്നു.

എവിടെയാണ് സിദ്ധാർത്ഥൻ?

കൂടി വിന്നവരെ തള്ളിനീക്കിയാണ് വിഷ്ണുക്ഷേത്രത്തിന്റെ ആൽത്തറ്ക്കു താഴെ കിടന്നിരുന്ന അവരെ കണ്ടെത്തിയത്.

സിദ്ധാർഥൻ.

സെലീന.

രണ്ടു പേർക്കും തലയുടെ പിന്നിലാണ് ആഘാത മേറ്റിരിക്കുന്നത്.

ഗുരു തളർന്നുപോയി. രാമന്റെ തോളിൽ തൂങ്ങി. അബു ഭ്രാന്തനെപ്പോലെ സിദ്ധാർത്ഥന്റെ ഉടലിൽ പിടിച്ച് കുലുക്കി വിളിച്ചു.  കഴ്ന്നു കിടൻന്നിരുന്ന ഉടൽ മറിഞ്ഞു വീണു.

മുഖം വീർത്ത്, കണ്ണുകൾ തുറിച്ച്.

അബു ഇരുതോളുകളിലുമായി സിദ്ധാർത്ഥനെയും സെലീനയെയും എടുത്തു നടന്നു. ശാന്തി നിലത്തിന്റെ ക്ഷേത്ര പരിസരങ്ങളിലും അങ്കണങ്ങളിലും, ആളുകൾ കൂടി നിന്നിടത്തെല്ലായിടത്തും, അകത്തളിലൂടെ, തുറന്നു കിടന്നിരുന്ന പല വഴികളിലൂടെ, ഭ്രാന്തനെപ്പോലെ…..

അബുവിന് പിന്നിൽ രാമനും, തളർച്ചയിൽ നിന്നും മുക്തയിട്ട് ഗുരുവും അലഞ്ഞു.  അവർ തിരഞ്ഞത് ടസ്റ്റിന്റെ സർവ്വാധികാരിയെയും ദേവവ്രതനെയും അശ്വനിപ്രസാദിനയും ആയിരുന്നു.  ദുഃഖാർത്തരായ ഒരു പറ്റം ജനങ്ങളും അവരോടൊപ്പം കൂടി.

എവിടെയോ നിന്ന് ദേവവ്രതൻ അവരെ ഒളിച്ചു കണ്ടുകൊണ്ടിരുന്നു. കണ്ടുകൊണ്ടിരിക്കെ, അയാളുടെ കണ്ണുകൾക്ക് മൂടലുണ്ടായി, എന്നിട്ടും അയാൾ കണ്ടു.

അബു ഭീമ സേനനായി വളർന്നു വരുന്നു. വ്യഘ്രത്തിന്റെ ശൌര്യത്തോടെ ദേവവ്രതനെ മലർത്തി കിടത്തി നെഞ്ച് പിളർന്ന്, കുത്തിയൊലിച്ച രക്തം കൈകളിൽ കോരി ആർത്തിയോടെ കുടിക്കുന്നു.

പിറ്റേന്ന് പ്രവിശ്യയിലെ പ്രധാന പത്രങ്ങൾ സിദ്ധാർത്ഥന്റെയും സെലീനയുടേയും പടം പ്രസിദ്ധീകരിച്ചുകൊണ്ടെഴുതി.

ശാന്തിഗ്രാമത്തിലെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞ ഭക്തർ……..

കമ്മ്യൂൺ ദിനപത്രവും മറ്റ് പാർട്ടി പത്രങ്ങളും എഴുതി,

തലയുടെ പിന്നിലേറ്റ ശക്തമായ ആഘാതത്തിലുണ്ടായ മുറിവിൽ നിന്നും നിലയ്ക്കാതെ രക്തശ്രാവത്താലാണ് സിദ്ധാർത്ഥനും സെലീനയും മരിച്ചിരിക്കുന്നത്.  കുറ്റവാളികളെ കണ്ടെത്തേണ്ടതും ശിക്ഷിക്കേണ്ടതും പ്രവിശ്യ ഭരണകർത്താക്കളുടെ കടമയാണ്…….

കൃഷ്ണവേണി ഒരിക്കൽ പോലും കരഞ്ഞില്ല, അവൾ മുടി അഴിച്ച് വിടർത്തിയിട്ടു. @@@@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top