ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു
വേണ്ടി ആയിരുന്നു പ്രദര്‍ശനം. ആദ്യ പ്രദര്‍ശനമായിരുന്നതു
കൊണ്ട് പ്രേക്ഷകമണ്ഡപം വര്‍ണ്ണ വിളക്കുകളാലും തോരണങ്ങളാലും
അലങ്കരിക്കപ്പെട്ടിരുന്നു.
പ്രദര്‍ശന സമയമെത്തിയപ്പോഴേക്കും അകത്തളം നിറഞ്ഞു. സംഘാടകര്‍ അത്ര
പ്രതീക്ഷിച്ചില്ലെന്ന് തോന്നും ചില സംഘാടക മുഖങ്ങള്‍ കണ്ടാല്‍.
അകത്തളം നിറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു ആഘോഷത്തിന്‍റെ പ്രതീതി. ആഭരണ, വസ്ത്ര പ്രദര്‍ശനക്കാരുടെ, വീമ്പു പറച്ചിലുകാരുടെ
ഒരു കൂട്ടായ്മ പിറന്നതു പോലെ.
നൂറു കണക്കിന് പൊയ് മുഖങ്ങള്‍,
ആയിരക്കണക്കിന് പാഴ് വാക്കുകള്‍......
കൂടുതല്‍ പാഴ് വാക്കുകള്‍ പിറക്കാതിരിക്കാനെന്നോണം തളത്തിലെ വിളക്കുകളെ
അണച്ച്, സദസ്സിന്‍റെ കണ്ണുകളില്‍ മാത്രം വെളിച്ചം നിലനിര്‍ത്തിക്കൊണ്ട് വേദി തെളിഞ്ഞു.
പുതിയ തിരശ്ശീല. പുതിയ ഒരു അവതാരക സംഘത്തിന്‍റെ പേരും മേല്‍വിലാസവും തിരശ്ശീലയില്‍.
സദസ്സ് ആകാംക്ഷയിലായി. സംസാരം നിര്‍ത്തി, നിര്‍ന്നിമേഷരായി.
തിരശ്ശീല ഉയരുമ്പോള്‍ അയാള്‍ മരിച്ചു കിടക്കുകയായിരുന്നു. ഏതാണ്ട്
വേദിയുടെ നടുവില്‍. ആക്രമിക്കപ്പെട്ട് മരിച്ചതുപോലെ, രക്തം
വാര്‍ന്ന്, ചുറ്റും അലങ്കോലമായിട്ട്.
നിറഞ്ഞ സദസ്സ് വിഹ്വലതയോടെ നോക്കിയിരുന്നു, നിശ്ശബ്ദം.
അല്ലാതെ പ്രതികരിക്കാനോ, പ്രതിവചിക്കാനോ കഴിയില്ല
ഒരു സദസ്സിനും ഝടുതിയില്‍ ഇതുപോലൊരു ദൃശ്യം കണ്ടാല്‍.
പിന്‍ ശീലക്കും പിറകില്‍ നിന്നും ഇനിയെന്തൊക്കെയാണാവോ വരുന്നതെന്ന് ചില
മനസ്സുകളെങ്കിലും ചോദിച്ചിരിക്കും.
നിമിഷങ്ങള്‍.....