നാനാര്‍ത്ഥങ്ങള്‍

അനന്തമായ ആകാശത്തുകൂടി അവന്‍ അപ്പൂപ്പന്‍ താടിയെപ്പോലെ പറന്ന് നടക്കുകയായിരുന്നു. 

        കോടാനുകോടി നക്ഷത്രങ്ങള്‍, അവകളെയൊക്കെ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, പൊടിപടലങ്ങള്‍, വ്യത്യസ്ഥ വര്‍ണ്ണങ്ങള്‍....

        ഒരു ഗ്രഹത്തില്‍ അവന്‍, അവനെ തന്നെ കണ്ട് പുളകം കൊണ്ടു.  കേരള പ്രവിശ്യയിലെ മങ്കാവുടി പട്ടണത്തിലെ ശ്രീപുരം ദേശത്തെ പുത്തന്‍പുരക്കല്‍ ബാലകൃഷ്ണന്‍ ശരത് എന്ന പി ബി ശരത്, ഒരു മാവിന്‍ ചുവട്ടിലെ സിമന്‍റ് തറയില്‍ കാറ്റു കൊണ്ടിരുന്ന് സിഗററ്റ് വലിക്കുന്നു.  അവന്‍റെ മുഖത്ത് അവിടെ ഒറ്റപ്പെട്ടതിന്‍റെ വ്യാകുലതകളോ, ജോലിത്തിരക്കിന്‍റെ വിമ്മിട്ടങ്ങളോ, സമയക്കുറവിന്‍റെ പരിഭ്രമങ്ങളോയില്ല.

        സാവധാനം പുക വലിച്ച്, ഉള്ളിലേക്കിറക്കി, നന്നായി ആസ്വദിച്ച് ഉച്ഛ്വസിച്ച് കൊണ്ടിരിക്കുന്നു, വിശ്രമിക്കുന്നതു പോലെ.

        അവിടേക്ക് അവള്‍ വരുന്നു. മാലാഖയെപ്പോലെ സുന്ദരി. കൈകളുടെ സ്ഥാനത്ത് രണ്ട് ചിറകുകളുമായിട്ട്...

        ആരാണവള്‍......

        എവിടെയാണിത്, ഏതു ലോകത്താണിത്, ഏതു നക്ഷത്രത്തിനു കീഴിലാണ്.... ഏതു ക്ഷീരപഥത്തിലാണ്....

        “ഹലോ.....!”