പവിത്രന് മോഷണത്തെ ഒരു കലയായിട്ടല്ല കാണുന്നത്, സാംസ്കാരിക
പ്രവര്‍ത്തനമായിട്ടാണ്. സമൂഹത്തിൽ അടിഞ്ഞു
കൂടുന്ന ധന കൊഴുപ്പിനെ സംസ്കരിക്കുന്നതായിട്ട്. സങ്കല്പിച്ച് വെള്ളരിക്കാപ്പട്ടണം
തീര്‍ക്കുമെന്ന് ഘോഷിക്കുന്ന ഉന്നത കുല രാഷ്ട്രീയനേതാക്കളുടെ, വന്‍വ്യവസായികളുടെ, ഉദ്യോഗപ്രഭുക്കളുടെ വീടുകളിൽ അര്‍ദ്ധരാത്രി
കഴിഞ്ഞുള്ള നേരങ്ങളിൽ കള്ളത്താക്കോലിട്ട് തുറന്ന് മാത്രം കൃത്യം ചെയ്തു
വരുന്നു. വീട്ടുകാർ നിദ്രയുടെ ആഴക്കയത്തിൽ
കിടപ്പുണ്ടാകും. എണ്ണിയാലൊടുങ്ങാത്തതിൽ നിന്ന്, രേഖകളിൽ
കാണത്തതിൽ നിന്ന് മാത്രമേ എടുക്കത്തൊള്ളൂ. തുല്യ അവസരവും തുല്യ നീതിയും വിഭാവനം
ചെയ്യുന്ന രാജ്യത്ത് ചിലയിടങ്ങൽ മാത്രം മേദസ്സ് അടിഞ്ഞു കൂടുന്നതെങ്ങിനെയെന്നാണ്
പവിത്രന്‍ ചോദിക്കുന്നത്. അത് നിയമത്തിന്‍റെ
കണ്ണില്‍പ്പെടാതെ, ആരും അറിയാതെ സംഭവിക്കുന്നതാണെങ്കിൽ
സംന്തുലിതാവസ്ഥ നില നിര്‍ത്താന്‍ വേണ്ടി ഒരു സത്ക്കര്‍മ്മം ചെയ്യുന്നു എന്നതാണ്
ചിന്ത..... അതുകൊണ്ട് ജയിൽ വാസമോ, പേരുദോഷമോ സംശയകരമായൊരു
നോട്ടം പോലുമോ ഇതേവരെ അനുഭവിക്കേണ്ടി വന്നിട്ടുമില്ല. എണ്ണിയാലൊടുങ്ങാത്ത മോഹന ദൃശ്യങ്ങൾ കിട്ടുകയും
ചെയ്തിട്ടുണ്ട്. അവയുടെ ഒന്നും വിഹിത -അവിഹിത വേർ തിരുവുകൾ
കണക്കുകൂട്ടിയിട്ടുമില്ല. എവിടെ നിന്ന്,
എങ്ങിനെയെന്ന് തിരക്കാത്തൊരു ചെറിയ വിഭാഗം ഉപഭോക്താക്കളും
പവിത്രനുണ്ട്. ഓ, ഇതുതന്നെ അല്ലെ എല്ലാ
കള്ളന്മാരും പറയുന്നതെന്ന് നിങ്ങള്‍ക്ക് തോന്നാം, ആ തോന്നൽ
അവിടെത്തന്നെയിരുന്നു കൊള്ളട്ടെ, ഈ കള്ളന്‍ പവിത്രന് ഒരു
പവിത്രതയൊക്കെയുണ്ടെന്ന് സ്വയമങ്ങ് തീരുമാനിക്കും. പക്ഷെ, കഴിഞ്ഞൊരു
നാൾ ഒഴിവാക്കാന്‍ കഴിയാതെ വന്ന ഉന്മൂലനക്രിയ കൊണ്ട് പവിത്രന്‍റെ സാസ്കാരിക പ്രവര്‍ത്തനങ്ങൾ
നിര്‍ത്തേണ്ടി വന്നിരിക്കുകയാണ്.
കറുത്തവാവിന്‍റെ
അന്ന്, പാതിരാത്രി കഴിഞ്ഞ്, വളരെ പ്രതീക്ഷയോടുകൂടി ആണ് കൃത്യ നിര്‍വ്വഹണത്തിന് എത്തിയത്. പക്ഷെ,
അവിടെത്തെ അന്തേവാസികൾ ഉറങ്ങിയിരുന്നില്ല. അവർ തീന്‍ മേശയിലായിരുന്നു. അവന്‍ മറപറ്റി നിന്നു. കാഴ്ചകൾ വ്യക്തമായപ്പോൾ
അവിടെ ഒരു അന്തേവാസിയേ ഉള്ളെന്നും അയാൾ വേട്ടക്കാരനായിരിക്കുകയാണെന്നും ഇര
പേടമാനാണെന്നും, മാനിന് ഇപ്പോഴും ജീവനുണ്ടെന്നും കണ്ടു. പിന്നെ പവിത്രന്‍റെ നിയന്ത്രണങ്ങൾ
തകരുകയായിരുന്നു, പവിത്രനാകുകയായിരുന്നു.....