മാലിനി, മുപ്പത്തിമൂന്നു
വയസ്സ്. ഗ്രാമത്തൽ നിന്നു വരുന്നു.
കുന്നും മലകളും തോടും മേടുകളും വയലും വയല്‍വരമ്പുകളും
അവൾ അറിഞ്ഞിട്ടുണ്ട്. തൊട്ടാവാടി മുള്ളും
കുറുന്തോട്ടി വേരും കണ്ടിട്ടുണ്ട്.
ചെത്തിയും ചെമ്പരത്തിയും അവളുടെ വേലിപ്പടര്‍പ്പുകളിൽ ഉണ്ടായിരുന്നു. കുയിൽ കൂവുന്നതും കുറുക്കന്‍ ഓരിയിടുന്നതും
കേട്ടാൽ തിരിച്ചറിയും.
പണ്ട് പട്ടുപാവാടയും ജാക്കറ്റുമിട്ട്
പാടവരമ്പത്തുകൂടി ഓടിക്കളിച്ച് ചേറാക്കിയതിന് അമ്മ അവളെ തല്ലിയിട്ടുണ്ട്. കുഞ്ഞടുക്കളയിലെ ഇടുങ്ങിയ അടുപ്പിൽ
ചുള്ളിക്കമ്പുകൾ വച്ച് തീ കൂട്ടി ഊതിയൂതി കത്തിച്ച് കട്ടന്‍ കാപ്പി
അനത്തിയിട്ടുണ്ട്. കപ്പ പുഴുങ്ങിയതും
കാന്താരി മുളക് അരച്ചതും പാടത്തെ പണിക്കാര്‍ക്ക് പ്രഭാത ഭക്ഷണമാക്കി എത്തിച്ചു
കൊടുത്തിട്ടുണ്ട്.
പാടത്ത് കാള പൂട്ടും കഴിഞ്ഞ് തോട്ടിലിറങ്ങി
കുളി കഴിഞ്ഞിട്ടും അച്ഛന് ചേറിന്‍റെ മണമാമെന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ട്. കളിയാക്കുമെങ്കിലും അച്ഛനെ ഇഷ്ടമാണെന്നു പറഞ്ഞ്
കെട്ടിപ്പിടിക്കുമായിരുന്നു.
അവളെ ഈ നഗരത്തിലെ, ഫ്ളാറ്റിൽ
എത്തിച്ചത് ഭര്‍ത്താവാണ്, രാജീവന്‍. ഫ്ളാറ്റും ഏസി കാറും കട്ടിൽ മേശ കസേരകളും
രാജീവിന് കമ്പനി കൊടുത്തിരിക്കുന്നതാണ്.
അവരുടെ ജില്ലാതല ബിസിനസ്സ് നോക്കി നടത്തുന്നതിന്, പിന്നെ
കൈ നിറയെ പണവും.
അവര്‍ക്ക് പത്തു വയസ്സുകാരനൊരു മകനുണ്ട്,
ആറു വയസ്സുകാരിയായൊരു മകളും.
പകൽ, ഫ്ളാറ്റിൽ
വെറുതെയിരുന്നപ്പോൾ അവൾ നില കണ്ണാടിയിൽ സ്വയം കണ്ടു.
ചര്‍മ്മത്തിന് അവിടവിടെ സ്നിഗ്ദ്ധത
പോയിരിക്കുന്നു, കൈകാലുകളിലെ മാര്‍ദ്ദവം കുറഞ്ഞിരിക്കുന്നു,
പാടുകൾ വീണിരിക്കുന്നു. പിന്നെ, പത്രപ്പരസ്യങ്ങളും
വനിതാ മാസികകളിലെ എഴുത്തുകളും പഠിക്കുകയായി... പഠനം പ്രായോഗീകമാക്കുകയായി....
രാജീവന്‍റെ പ്രോത്സാഹനങ്ങൾ വളരെ കിട്ടുകയും
ചെയ്തു.
ചര്‍മ്മ ലേപനങ്ങലും ഷേപ്പ് ഡ്രസ്സുകകളും നിത്യോപയോഗ
വസ്തുക്കളാക്കി. ഓരോ ദിവസവും
നിലക്കണ്ണാടിയിൽ സ്വയം കണ്ട് അളവുകൾ
നോക്കി, തൂക്കം നോക്കി, സ്പര്‍ശനത്തിലൂടെ
മൃദുലത അറിഞ്ഞു.
അന്നും അവൾ ടെസ്റ്റുകൾ നടത്തിക്കൊണ്ടിരുന്നപ്പോൾ
അലമാരയുടെ പിറകിൽ രണ്ടു കണ്ണുകൾ......
ഡിജിറ്റൽ ക്യാമറയുടേതോ, മോബൈൽ
ഫോണിന്‍റേതോ, കള്ളന്‍റേതോ എന്നറിയാതെ, മിണ്ടാനാകാതെ,
ചലിക്കാനാകാതെ കട്ടിലിൽ തളര്‍ന്നിരിന്നപ്പോൾ.....
മകന്‍.....
അവനും ഭയന്നു പോയി.....
രാജീവന്‍ അവനെ ഭീഷണിപ്പെടുത്തി, ദേഹോപദ്രവത്തിന് ആംഗ്യങ്ങൾ കാട്ടി....
വിറ പൂണ്ട സ്വരത്തിൽ അവന്‍ കുറെ കഥകൾ പറഞ്ഞു,
കൂട്ടുകാർ പറഞ്ഞതും പുസ്തകങ്ങളിൽ വായിച്ചതുമൊക്കെയായിട്ട്......
പിന്നീട്, രാജീവനും
മാലിനിയും കുറെയേറെ ആഴ്ചപ്പതിപ്പുകളും മാസികകളും വായിച്ചു....
സൈക്ക്യാട്രിസ്റ്റുകളെ മാറി മാറി കണ്ടു.... മകന് കൗണ്‍സിലിങ്ങുകള്‍ക്കായി
നെട്ടോട്ടമോടി....
പക്ഷെ, ഇടക്കെപ്പോഴോ,
ഏതോ ഒരു സൈക്ക്യാട്രിസ്റ്റു ചോദിച്ചൊരു ചോദ്യത്തിന് മറുപടി
കണ്ടെത്താന്‍ ശ്രമിച്ചില്ല.
എവിടെയാണ് പിഴക്കുന്നത്.....