കോട്ടും സ്യൂട്ടും ആടയാഭരണ ഭൂഷിതനുമായിട്ടാണ് ഡോക്ടര്‍ ലാസറലി രാജ സുദേവിനെ സ്വീകരിച്ചത്. ഓഫീസ് മുറിയിലൂടെ നടന്ന് കൗണ്ടറുകള്‍ കഴിഞ്ഞ് മാനേജറുടെ ക്യാബിന്‍ കഴിഞ്ഞാണ് ഡോക്ടര്‍ ലാസറലി രാജയുടെ ക്യാബിന്‍.
വാതില്‍ തുറന്നപ്പോള്‍ മയക്കുന്നൊരു ഗന്ധമാണ് സ്വീകരിച്ചത്. ആധുനീകമായ എല്ലാ സജ്ജീകരണങ്ങളുമുള്ള മുറി. കുഷനിട്ട ഇരിപ്പിടങ്ങള്‍, ടേബിളില്‍ സൂപ്പര്‍ കമ്പൂട്ടര്‍, കര്‍ട്ടണുകള്‍….
വരൂ സുദേവ്…
അവന്‍ അയാളുടെ മുന്നിലെ കസേരയില്‍ അമര്‍ന്നിരുന്നു. ഏസിക്ക് ഇത്തിരി തണുപ്പ് അധികമായി തോന്നി.
അയാളുടെ നരച്ച ഒതുക്കി ചീകി വച്ചിരിക്കുന്ന മുടിയും, കണ്ണടകള്‍ മറച്ചിരിക്കുന്ന കണ്ണുകളും, ലേശം വിടര്‍ന്ന നാസികയും, വെളുത്ത കനത്ത മീശയും,പുഞ്ചിരി വിടര്‍ന്നിരിക്കുന്ന അധരവും കണ്ട്, സുദേവ് ഡോക്ടര്‍ ലാസറലി രാജയുടെ മുഖഛായയെ മനസ്സില്‍, ഓര്‍മ്മയില്‍ കരുതി വച്ചു.
വളരെ വിചിത്രമായൊരു ആവശ്യമല്ലെ എന്‍റേത്….?
അതെ, അങ്ങിനെയാണ് ആദ്യം തോന്നിയത്. സാറ് പറഞ്ഞ കാരണങ്ങള്‍ വച്ച് വിശകലനം ചെയ്ത് ചിന്തിച്ചപ്പോള്‍ ഒരു പുതുമയാണിപ്പോള്‍ തോന്നുന്നത്. മറ്റൊരാളുടെ അനുഭവങ്ങളെ കേട്ട് കഥകളെഴുതുക. വെറും കഥകളല്ല വേണ്ടത് സാഹിത്യനഭസ്സില്‍ തെളിഞ്ഞ്, വായനക്കാരന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞ് നില്‍ക്കത്തക്കത്…. അല്ലെങ്കില്‍ സാഹിത്യ തറവാട്ടിന്‍റെ തിണ്ണയില്‍ ഇരിക്കാനൊരിടം കിട്ടത്തക്കത്… പക്ഷെ, ഇപ്പോള്‍ ഞാന്‍ ഒന്ന് ചോദിക്കുന്നു, അത് എഴുതുന്ന ആളാണോ തീരുമനിക്കേണ്ടത് എന്ന്. എന്‍റെ ചിന്താഗതി വച്ച് പറയുകയാണെങ്കില്‍, അത് വായനക്കാര്‍ തീരുമനിക്കേണ്ട കാര്യമാണ്. ലോകോത്തരമായി നിലനില്‍ക്കുന്ന മഹത്തായ കൃതികള്‍ക്ക് വീണ്ടും വീണ്ടും വായിക്കപ്പെടാന്‍ മറ്റ് പല കാരണങ്ങള്‍ കൂടിയുണ്ട്, വിശ്വാസവും ചരിത്രവുമായി ബന്ധപ്പെട്ട്.
ശരിയാണ്, അതു കൊണ്ടാണ് എന്‍റെ ജീവചരിത്രം ഒരു കാഘട്ടത്തിന്‍റെ ചരിത്രത്തില്‍ നിന്ന് ഒരംശം കൂടിച്ചേര്‍ത്തതാകണം, എഴുതുന്ന കഥകള്‍ പൂര്‍ണ്ണമായും കാല്‍പനികമാകാതെ, ചരിത്രവവുമായി ബന്ധപ്പടുത്തിയതാവണമെന്നു പറയുന്നത്…
അക്കാര്യം സാറ് ഉദ്ദേശിക്കുന്ന അത്ര സുസാധ്യമല്ല. കടന്ന് പോയവര്‍ ചെയ്തു വച്ചിരിക്കുന്ന ജോലികള്‍, അത്രയ്ക്ക് ഈടുറ്റതുകളാണ്. ആകര്‍ഷണത്തില്‍ അതിനെ മറികടക്കുകയെന്നത്, അല്ലെങ്കില്‍ ആ ഒപ്പത്തില്‍ നില്‍ക്കുകയെന്നത്…..
അവകളെ മറികടക്കാനോ തോല്‍പ്പിക്കാനോ അല്ല. നിറഞ്ഞു നില്‍ക്കുന്ന അവകളുടെ കൂടെ ഒരു മൂലയില്‍ ഒരു കുഞ്ഞ് കാഴ്ചയായി, വിശാലമായ പൂന്തോപ്പിന്‍റെ ഏതെങ്കിലും ഒരു മൂലയില്‍ ഒരു മുക്കുറ്റിയായി, അതുമല്ല ആയിരം പേര് കൂടിയ ഒരു ഗ്രൂപ്പ് ഫോട്ടോയില്‍ തറയില്‍ ഇരിക്കുന്നവരില്‍ ഒരാളായി….
സുദേവ് ലാസറലിയുടെ ഭാഷണത്തില്‍ മയങ്ങി ഇരുന്നു പോയി. ഓര്‍മ്മിച്ചത് ഇന്‍റര്‍വ്യൂവിന് പറഞ്ഞ കാര്യമാണ്, അദ്ദേഹം തെരുവിന്‍റെ സന്താനമാണ്… സുദേവ് മാറ്റി ചിന്തിച്ചു. തെരുവിന്‍റെ സന്താനമായിരിക്കാം, പക്ഷെ, ജീവിതം അദ്ദേഹത്തെ മാറ്റിയിരിക്കുന്നു. ജീവിത സാഹചര്യങ്ങള്‍, വായനകള്‍, ഇടപഴകലുകള്‍ വ്യക്തിബന്ധങ്ങള്‍… എടുപ്പില്‍, നടപ്പില്‍, പെരുമാറ്റത്തില്‍ അദ്ദേഹം ഒരു ഡോക്ടര്‍ ലാസറലി രാജ തന്നെ…
സാര്‍, അങ്ങയുടെ പേര് യഥാര്‍ത്ഥത്തില്‍ അച്ഛനമ്മമാര്‍ ഇട്ടതാണോ…?
ചോദ്യം നന്നായിട്ടുണ്ട്… ആ ചോദ്യത്തിന് ഉത്തരം തരണമെങ്കില്‍ എന്‍റെ കഥ പറഞ്ഞു തുടങ്ങണം… എന്‍റെ യഥാര്‍ത്ഥ അച്ഛനമ്മമാരെ എനിക്കറിയില്ല. അവര്‍, പരീക്ഷകര്‍ പറഞ്ഞത് സത്യമാണ്. അത് മറച്ചു വക്കാന്‍ കഴിയില്ല, എന്‍റെ പ്രായത്തിലുള്ള ഈ നഗരവാസികള്‍ക്കെല്ലാം അറിയുന്ന കഥയാണത്. എനിക്ക് ഓര്‍മ്മയുള്ളപ്പോള്‍ ഒരു ഭ്രാന്തിയുടെ മകനാണ്. കുളിക്കാത്ത നനക്കാത്ത അഴുക്കുകള്‍ അടിഞ്ഞു കൂടി വ്രണങ്ങള്‍ പൊട്ടിയ ഒരു സ്ത്രീയുടെ മകള്‍. എന്നേക്കാള്‍ മുതിര്‍ന്ന തെരുവു സ്നേഹിതര്‍ പറയുന്നത് അവര്‍ കാണുമ്പോള്‍ ഞാന്‍ ആ സ്ത്രീയുടെ മകനായിരുന്നുവെന്നാണ്. എന്നാല്‍ ആ സ്ത്രീയുടെ മകനായി പിറന്നവനുമല്ലെന്നാണ്. ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ അവരുടെ കൈയ്യില്‍ ഒരു ചോരക്കുഞ്ഞുണ്ടായിരുന്നു. പെറ്റിട്ട് അധികനാളാകാത്തത്. അത് ഞാനായിരുന്നു. അവരുടെ മുലയുണ്ടാണ് ഞാന്‍ വളര്‍ന്നത് ആ മുലകളില്‍ നിന്നും വിയര്‍പ്പില്‍ കുതിര്‍ന്ന ചെളി മാത്രമേ കിട്ടിയിട്ടുണ്ടാകൂ എന്നാണ് സ്നേഹിതര്‍ പറഞ്ഞിട്ടുള്ളന്നത്.
അക്കഥയങ്ങിനെ നീണ്ടു, ഒരു യഥാര്‍ത്ഥ കഥ പറച്ചിലുകാരന്‍റെ എല്ലാ യോഗ്യതകളോടും കൂടി തന്നെ. സുദേവ് കണ്‍ മിഴിച്ചു തന്നെ അതു കേട്ടിരുന്നു. വല്ലാത്ത അത്ഭുതത്തോടുകൂടി.
സാര്‍, അങ്ങേക്കൊരു ഭാഷയുണ്ട്, ശൈലിയുണ്ട്. അങ്ങേക്കു തന്നെ എഴുതാന്‍ കഴിയും.
എഴുതാന്‍ കഴിയുമായിരിക്കാം. പക്ഷെ, എനിക്കതിനുള്ള സാവകാശമില്ല. അതു കൂടാതെ എഴുത്ത് മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് മറ്റു ചില ഉദ്ദേശ്യങ്ങള്‍ കൂടിയുണ്ട്, അതുകള്‍ സാവധാനം നിങ്ങള്‍ക്ക് മനസ്സിലാകും. പിന്നെ ക്രിയാത്മക എഴുത്ത് അതെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. അതിനുള്ള സ്വപ്നങ്ങളൊന്നും കാണാന്‍ എന്‍റെ തിരക്കാര്‍ന്ന ജീവിതത്തില്‍ ഇനി കഴിയില്ല. സുദേവിന് അതു കഴിയുമെന്നാണ് എന്‍റെ വിശ്വാസം.
എന്തായിരുന്നു സാറിന്‍റെ ബാല്യത്തിലെ പേര്….?
കുഞ്ഞുമോന്‍, ജാതിയും മതവും കുലവും തിരിച്ച് അറിയാന്‍ കഴിയാത്തൊരു പേര്. പക്ഷെ, ആ പേര് എന്‍റെ അമ്മ ഇട്ടതായിരുന്നെന്ന് തോന്നുന്നില്ല. അവരുടെ നാവില്‍ നിന്നും ഉതിര്‍ന്ന വീണ ഏതെങ്കിലമൊക്കെ വാക്കുകളില്‍ നിന്നും കേള്‍വിക്കാര്‍ കണ്ടെടുത്തു വിളിച്ചതാകാം…
ആ അമ്മ സാറിനെ വിട്ടു പോയതെങ്ങിനയാണ്… അത് മരണമായിരുന്നോ… അതോ സാറ് സ്ഥാനമാനങ്ങളില്‍ എത്തിപ്പെട്ടപ്പോള്‍ ഒഴിവാക്കിയതാണോ, ഇപ്പഴും ഏതെങ്കിലും ഓര്‍ഫനേജില്‍ പാര്‍പ്പിച്ചിട്ടുണ്ടോ….?
ആ ചോദ്യത്തിനുള്ള മറുപടി കേട്ട് സുദേവിന്‍റെ ഹൃദയം വിജൃംഭിച്ചു പോയി, ശരീരമാകെ ചുട്ടു പൊള്ളി രോമകൂപങ്ങളില്‍ വിയര്‍പ്പ് പൊടിഞ്ഞ് ചാലു വച്ചൊഴുകി. മുഖം വിവര്‍ണ്ണമായി.
ലാസറലി രാജയുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു വന്ന് നിറഞ്ഞു തുളുമ്പി. ഏസിയുടെ കൂളര്‍ കൂട്ടി വച്ച്. അന്നത്തെ അത്താഴം വീട്ടില്‍ നിന്ന് കഴിക്കാമെന്ന് അയാള്‍ സുദേവിനെ വിളിച്ചു.
അവന്‍ വാസസ്ഥലത്തെത്തിയപ്പോള്‍ ഉച്ച ഭക്ഷണം ഡൈനിംഗ് ടേബിളില്‍ ഒരുക്കി വച്ച് പനീര്‍ശെല്‍വത്തിനെ കാവലിരുത്തി കുമുദം പോയിക്കഴിഞ്ഞിരുന്നു.
സാര്‍ അവളു പോയാച്ചു… ഉച്ച കഴിഞ്ഞു വറും….
കുമുദത്തിനോട് ഉച്ച കഴിഞ്ഞ് വരേണ്ടയെന്നു പറയൂ… ഇന്നെനിക്ക് അത്താഴം വലിയ സാറിന്‍റെ അടുത്താണ്….
ഓ… അപ്പടിയാ…. എന്നാ…. ഞാന്‍ പോകട്ടുമാ….?
സുദേവ് ഉച്ച ഭക്ഷണം കഴിച്ചില്ല. മനസ്സ് ശാന്തമാകുന്നില്ല. കുഞ്ഞുമോന്‍ എന്ന ലാസറലി രാജയുടെ തെരുവു ജീവിതത്തിലെ ചിത്രങ്ങള്‍ മനസ്സില്‍ കനലുകളായി ജ്വലിക്കുന്നു. കുഞ്ഞുമോനില്‍ നിന്നും ലാസറായതും അലിയായതും രാജയായതും എങ്ങിനെയെന്ന് അറിയാതെ മനസ്സ് കലമ്പല് കൂട്ടുന്നു. ശത്രുക്കളെ കണ്ടാല്‍ പൂത്താങ്കരികള്‍ കലമ്പല്‍ കൂട്ടി കാടിളക്കി പറന്നകലുന്നതുപോലെ, മനസ്സിന്‍റെ കലമ്പല്‍ ശരീരത്തെ ആകെ ഉലക്കുന്നു.
ശരിയാരിക്കാം, ജീവിതം പതുക്കപ്പതുക്കെയേ ചിട്ടയിലേക്ക് എത്തുകയുള്ളായിരിക്കാം. സംഘര്‍ഷത്തില്‍ എരിപിരി കൊള്ളുന്ന മനസ്സിനെ തണുപ്പിക്കാന്‍ ശക്തമായ മറ്റെന്തെങ്കിലും അവിടേക്ക് എത്തേണ്ടിയിരിക്കുന്നെന്ന് സമാധാനിക്കാന്‍ ശ്രമിച്ചു.
പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞാണ് സുദേവ് അത്താഴത്തിനെത്തിയത്. ബംഗ്ലാവിന്‍റെ മുന്‍ വാതില്‍ കയറുമ്പോള്‍ മുതല്‍ ആതിഥേയരുടെ മര്യാദ അറിഞ്ഞു തുടങ്ങി. ലാസറലിയുടെ ഫോണ്‍ കിട്ടയ ശേഷമാണ് ഗസ്റ്റ് ബംഗ്ലാവില്‍ നിന്നും ഇറങ്ങിയുള്ളൂ. അവന്‍ ഇറങ്ങി വരുന്നത് കാവല്‍കാരന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. കാവല്‍ പുരയുടെ അടുത്തെത്തിയപ്പോള്‍ അയാളുടെ പുഞ്ചിരി സ്വീകരിക്കുകയും മടക്കി കൊടുക്കുകയും ചെയ്തു.
സിറ്റൗട്ടില്‍ കയറിയപ്പോള്‍ ലാസറലി തുറന്ന ചിരിയുമായി സിറ്റിംഗ് റൂമില്‍ നിന്നും ഇറങ്ങി വന്നു. വീട്ടു വേഷത്തിലല്ല, ആടയാഭരണങ്ങളോടെ. രണ്ട പുരുഷന്മാരും. അവരും പാര്‍ട്ടി വേഷത്തിലാണ്. അയാള്‍ അവരെ പരിചയപ്പെടുത്തി
എന്‍റെ മരുമക്കള്‍ നജീം മുഹമ്മദ് സാദിഖ്, എബിന്‍ ജോര്‍ജ്… സുദേവിന് അറിയുമോ എനിക്ക് മുന്നു പെണ്‍മക്കളാണ്.. ഒരാളുടെ വിവാഹം കഴിയാനുണ്ട്.
സുദേവ് അവരെ വന്ദിച്ചു. പ്രതി വന്ദനം രണ്ട് ശൈയിലായിരുന്നു. രണ്ട് വ്യത്യസ്ത സ്വഭാവമുള്ള, വിശ്വാസങ്ങളുള്ള എക്സികൂട്ടീവുകളുടെ ശൈലിയില്‍… അത്ഭുതങ്ങളാണ്, ഇതിനു മുമ്പു കാണാത്തതു പോലുള്ള ജീവിത സാഹചര്യങ്ങളാണ്, വ്യക്തിത്വങ്ങളെയാണ് കാണുന്നത്. ഒരു എഴുത്തുകാരനെ സംബന്ധിച്ചു ചിന്തിച്ചാല്‍ വ്യത്യസ്തമായ അനുഭവങ്ങള്‍…..
സിറ്റിംഗ് റൂമിലെ സുഖശീതളിമയില്‍ അവനെ കാണാനും അറിയാനും കഴിയും വിധത്തില്‍ ഇരിപ്പിടങ്ങള്‍ ക്രമീകരിച്ച് അവര്‍ മൂന്നുപേരും ഇരുന്നു. എല്ലാം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ എഴുതി വെട്ടിത്തിരുത്തി, വീണ്ടും എഴുതി, വീണ്ടും ശുദ്ധീകരിച്ച് അവസാന മിനുക്കു പണിയും കഴിച്ചെടുത്ത ഒരു തിരക്കഥയെ അധികരിച്ച് പ്രവര്‍ത്തിക്കും പോലെ. എവിടേക്കാകാം ഈ യാത്രയെന്ന് ചിന്തിച്ചു പോയി സുദേവ്.
ഒരു പെണ്‍കുട്ടി തട്ടത്തില്‍ ഒരു ഗ്ലാസ് പഴനീരുമായി വന്നപ്പോള്‍ സുദേവിന് ശരിക്കും വിമ്മിട്ടം തോന്നി.
ലാസറലി പറഞ്ഞു.
എന്‍റെ മകള്‍ ശിഖ…
പട്ടു പാവാടയും ജാക്കറ്റുമിട്ട് ചന്ദനക്കുറി തൊട്ട്, ഈറനാര്‍ന്ന തുവരാത്ത മുടി നിവര്‍ത്തിയിട്ട് തുളസിക്കതിര്‍ ചൂടിയ ശിഖ…. ഒരു ഹിന്ദു പെണ്ടകുട്ടിയെപ്പോലെ….
പരസ്പരം പരിചയപ്പെടുകയും സുഖാന്വേഷണങ്ങള്‍ നടത്തിയും കഴിഞ്ഞ്, ലാസറലി മരുമക്കളെ വിശദമാക്കി കൊടുത്തു. മൂത്ത മകള്‍ മുസ്ലീം ആചാരപ്രകാരമാണ് ജീവിക്കുന്നതെന്നും, അതു കൊണ്ടു തന്നെ മുസ്ലീം പുരുഷനെ വിവാഹം ചെയ്തുവെന്നും, രണ്ടാമത്തെ മകള്‍ ക്രിസ്തീയ വിശ്വാസിയാണെന്നും എബിന്‍ ജോണ്‍ പാലായിലെ എണ്ണപ്പെട്ട തറവാട്ടിലെ അംഗമാണെന്നും ശിഖയെ ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്യിക്കുമെന്നും. ലാസറലിയുമായി ബന്ധപ്പെട്ട് എല്ലാകാര്യങ്ങളും രണ്ടു മരുമക്കള്‍ അറിഞ്ഞാണ് ചെയ്യുന്നതെന്നും വിശദീകരിച്ചു.
സിറ്റിംഗ് റൂമില്‍ നിന്നും ഡൈനിംഗ് ഹാളിലേക്ക് കടക്കും വഴിയില്‍ ഇടത്തോട്ടും വലത്തോട്ടും രണ്ടിനാഴികളുണ്ട്. അവര്‍ വലത്തോട്ടുള്ള ഇടനാഴിയിലൂടെ മൂന്നു മുറികളെ കാണാനായി നടന്നു. ആ മുറികളെ ലാസറലി പരിചയപ്പെയുത്തി.
ഇത് ലൈലയ്ക്കും ഷാഹിനയ്ക്കുമുള്ള നിസ്കാര മുറിയാണ്. അവിടെ ചുരുട്ടി വച്ചിരിക്കുന്ന പായകളും പീഠത്തില്‍ കിത്താബും ഹാങ്കറില്‍ വെളുത്ത വസ്ത്രങ്ങളുമുണ്ട്. രണ്ടാമത്തെ മുറിയില്‍ ഭിത്തിയില്‍ തിരുഹൃദയത്തിന്‍റെ ഫോട്ടോ വച്ച്, ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്ന സ്റ്റാന്‍റില്‍ മെഴുകുതിരി വിളക്കുകളും ബൈബിളും കാണിച്ചു കൊണ്ട് ഇത് രണ്ടാമത്തെ മകള്‍ ഹണിമോളുടെ പ്രാര്‍ത്ഥന മുറിയാണെന്നുപറഞ്ഞു. മൂന്നാമത്തെ മുറിയില്‍ തറയിലെ പീഠത്തില്‍ കൃഷ്ണ വിഗ്രഹവും തെളിഞ്ഞു നില്‍ക്കുന്ന നിലവിളക്കും പൂജാസാമഗ്രഹികളും പൂക്കളും, പൂജകഴിഞ്ഞ അവസ്ഥയും പരിചയപ്പെടുത്തിക്കൊണ്ട് ഇത് ഇളയമകളുടെ വിശ്വാസമാണെന്ന് ആദരവോടെ മൊഴിഞ്ഞു.
സുദേവ് നിശ്ശബ്ദനായിരുന്നു, നിസംഗനായിരുന്നു. നജീമിബിന്‍റെ, എബിയുടെ മുഖത്ത് നേര്‍ത്ത പുഞ്ചിരി മാത്രം നിലനിന്നു. അവര്‍ തികഞ്ഞ എക്സികൂട്ടീവുകളാണെന്ന് ഇടക്കൊക്കെ സുദേവ് മനസ്സില്‍ പറഞ്ഞു കൊണ്ടിരുന്നു.
ഇടത്തെ ഇടനാഴി എത്തിച്ചേരുന്നത് ഒരു വിശാലമായ മുറിയിലേക്കാണ്. അതിന്‍റെ വാതില്‍ തുറന്നപ്പോള്‍ തണുത്ത കാറ്റ് പുറത്തേക്ക് പ്രവഹിച്ചു. നാലഞ്ചു ടേബിളുകളും അവയെ ചുറ്റി കസേരകളും ഒരു കൗണ്ടറും, കൗണ്ടറിന് പിന്നില്‍ ഭിത്തിയില്‍ ഗ്ലാസ് വാതിലുകളുള്ള അലമാരയും. വിളക്കുകള്‍ തെളിഞ്ഞ് അലമാര ദൃശ്യം വ്യക്തമായപ്പോള്‍ സുദേവ് വീണ്ടും അത്ഭുതപ്പെട്ടു. അതൊരു മദ്യശാലയാണ്.
ലാസറലി പറഞ്ഞു.
ഇത് അതിഥികള്‍ വരുമ്പോള്‍ മാത്രം തുറക്കുന്ന മദ്യശാലയാണ്. ഞങ്ങള്‍ക്ക് കുടിച്ച കൂത്താടാന്‍ ടെറസ്സിലേക്ക് തുറക്കുന്ന വാതിലുള്ള ഒരു മുറിയുണ്ട്, മുകളില്‍…
അതിഥിയും ആതിഥേയരും മര്യാദകളെ നിലനിര്‍ത്തും വിധത്തില്‍ ഓരോ ലാര്‍ജ് വിസ്കി കഴിച്ചു കൊണ്ട് ഡൈനിംഗ് ഹാളിലേക്ക് പ്രവേശിച്ചു. അവിടെ വിശാലമായ തീറ്റി മേശ മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കുന്നു. സ്വീകരിക്കാന്‍ ലൈല, ഷാഹിന, ഹണിമോള്‍ ശിഖ മൂന്നു കുട്ടികള്‍ ഒരുങ്ങി നില്‍ക്കുന്നു. ലാസറലി ഓരോരുത്തരേയും പരിചയപ്പെടുത്തി. അതത് സ്ഥാനങ്ങളോടെ, മാനങ്ങളോടെ. സുദേവ് ശ്രദ്ധിച്ചത് അവരുടെയൊക്കെ വസ്ത്രങ്ങളായിരുന്നു. ലൈല പര്‍ദ്ദയില്‍ രണ്ട കണ്ണുകളും കൈപ്പത്തികളും കാണും വിധത്തിലാണ്. വെളുത്തു മൃദുലമായ കൈപ്പത്തി തന്നെ അവളൊരു സുന്ദരിയാണെന്ന് വിളിച്ചറിയിക്കുന്നു. ഷാഹിന ചുരിദാറാണ് ധരിച്ചിരിക്കുന്നത്, ഷാളു കൊണ്ട് മൂടി പുതച്ചിരിക്കുന്നു. ഹണിമോള്‍ക്ക് പാലായിലെ നസ്രാണി പെണ്‍കുട്ടിയെ പോലെ കിന്നരികളും തോരണങ്ങളുമുള്ള ഉടുപ്പാണ്. ശിഖ ആദ്യം കണ്ടതുപോലെയാണ്. കൂട്ടികള്‍ ആരുടേതെന്ന് വസ്ത്രം കൊണ്ട് വ്യക്തമാക്കാന്‍ തയ്യാറല്ലാത്തതു പോലെ യൂണിഫോമിലാണ്.
ഡോക്ടര്‍ ലാസറലി രാജ, അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന വളരെ വ്യത്യസ്തനായൊരു വ്യക്തിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതായ് സുദേവിന് തോന്നി. ഡൈനിംഗ് ടേബിളിലെ വൈവിധ്യതയും അങ്ങിനെ തന്നെ ആവര്‍ത്തിക്കുന്നു. അതിഥിയും വീട്ടുകാരും അഭിമുഖമായിട്ടാണ് അവിടെയും ഇരുന്നത്. അതിലും എന്തെങ്കിലും പുതുമ കാണിക്കുമോ എന്ന് സുദേവ് ശ്രദ്ധിച്ചു. അവന്‍റെ അടുത്ത കസേരകളില്‍ കുട്ടികള്‍ ഇരുന്നു. എവിടെ, എന്തില്‍ നിന്നു തുടങ്ങണമെന്ന് അറിയാതെ ഇരുന്നപ്പോള്‍ ഇളയ കുട്ടി വെജിറ്റബിള്‍ സൂപ്പ് കഴിച്ചു കൊണ്ട് തുടങ്ങിയത് അവന് പാഠമായി.
***
ചൂടു കുറഞ്ഞപ്പോള്‍ സുദേവ് ലാസറിടത്തെ വഴിയിലൂടെ ഇറങ്ങി നടന്നു, എന്നത്തെയും പോലെ. കുറെ നടന്നിട്ടും പരിചയക്കാരെ കാണാത്തതില്‍ വിഷമം തോന്നി. മാനം ചുവന്നു തുടങ്ങിയാല്‍ പലരും ചേക്കേറാനെത്തുമായിരുന്നു. കുറെക്കൂടി ഇരുട്ടിയാല്‍ രാത്രി സഞ്ചാരികള്‍ ഇറങ്ങും. നടത്തം കുറച്ച് നേരത്തെ ആയിപ്പോയിരിക്കുന്നു. മരങ്ങളും ഉച്ച മയക്കം കഴിഞ്ഞ് ഉണര്‍ന്നിട്ടില്ല. സുദേവിന് ഉച്ചയുറക്കം കിട്ടാത്തതിന്‍റെ അസഹിഷ്ണുതയുണ്ട്. ഒന്നിനും മനസ്സ് സമ്മതിക്കുന്നില്ല. വ്യര്‍ത്ഥമായ കുറെ ചിന്തകള്‍ വന്നലട്ടി മനസ്സിനെ കലുഷമാക്കി കളഞ്ഞു. ലാസറിടവും ഡോ. ലാസറലിയുടെ ജീവിതവും ഒന്നും അവിടെയില്ല..
കഥാകാരാ…
ഷാഹിനയുടെ വിളിയാണ്, ഹണിമോളുമുണ്ട്. അവരുടെ വിളി വരും മുമ്പുതന്നെ മണങ്ങള്‍ സുദേവിനടുത്തെത്തിയിരുന്നു. ഷാഹിനയുടെ മുല്ലപ്പൂമണവും ഹണിമോളുടെ പനിനീര്‍മണവും.
സ്വപ്നത്തിലാണോ… ഞങ്ങള്‍ക്ക് കൂടെ വരാമോ…..?
തീര്‍ച്ചയായും… ഞാനൊന്നു ചോദിക്കാന്‍ വിട്ടു പോയിരുന്നു.
എന്താണത്…?
നിങ്ങള്‍ സ്ഥിരമായിട്ട് ഈ പെര്‍ഫ്യൂമുകളാണോ ഉപയോഗിക്കുന്നത്?
ഏസ്….
ശിഖയോ…..?
ചന്ദനം….
നിങ്ങള്‍ അച്ഛനെ വിളിക്കുന്നത് ബാപ്പയെന്നും ഡാഡിയെന്നും അച്ഛനെന്നുമാണ്….?
അതെ.
അമ്മയെ വിളിക്കുന്നത്, ഉമ്മയെന്നും മമ്മിയെന്നും അമ്മയെന്നുമാണ്….?
ഏസ്.
എന്തിനാണ് ഈ വൈവിധ്യത….?
അത് ബാപ്പയോടു ചോദിക്കണം. ഒരു പക്ഷെ, ബാപ്പയുടെ മതേതരത്വ ചിന്ത കൊണ്ടാകാം.
പെട്ടന്ന് ടാര്‍ വിരിച്ച പാതയോരത്തേക്ക് ഒരു കുടുംബം വന്നു, കീരിയുടെ. അവര്‍ പാതയോരത്ത് രണ്ടു കാലില്‍ നിവര്‍ന്നു നിന്നു തലയുയര്‍ത്തി കാണിക്കുന്നു. അമ്മയും അച്ഛനും രണ്ടു മക്കളും കൂടാതെ ഒരു കുട്ടി കൂടിയുണ്ട്.
സുദേവ് ചോദിച്ചു ആരാണ് പുതിയ അതിഥി…?
അച്ഛന്‍ കീരി ചിനച്ചു. അവന്‍ പറഞ്ഞത് പെട്ടന്ന് സുദേവിന് മനസ്സിയായില്ല. അവരെല്ലാവരും സുദേവിനെ നോക്കി ചിരിച്ചിട്ട് പാത മുറിച്ചു കടന്ന എവിടേക്കോ പോയി.
ഓ… കഥാകാരന് ഇവിടെ സ്നേഹിതരുമുണ്ടായി അല്ലേ…?
ഉവ്വ്… വേറെയും സ്നേഹിതരുണ്ട്….
കൊള്ളാം …. ഫേസ് ബുക്കിലെയും ബ്ലോഗിലെയും വെബ്സൈറ്റിലേയും എഴുത്തുകള്‍ ഞങ്ങള്‍ വായിച്ചു തുടങ്ങി. ലൈക്കുകള്‍ നന്നായിട്ടുണ്ടല്ലോ… ഫോളോവേഴ്സുമുണ്ട്, എനിക്കിഷ്ടമായി… പക്ഷെ, എഴുത്തിന് എന്തോ ചില പോരായ്മകള്‍…. എനിക്ക് തോന്നുത്തതായിരിക്കാം…
ഷാഹിനയെ മറകടന്ന് ഹണിമോള്‍ പറഞ്ഞു.
പോരായ്മകള്‍…. അങ്ങിനെ പറയാന്‍ പറ്റില്ല… വശീകരണത്തിന്ന ശക്തി കുുറവ്… പിന്നെ ചിലതിനോട് ആസക്തി കൂടുതള്‍, കടും പിടുത്തങ്ങള്‍….
ആസക്തികള്‍…. കടും പിടുത്തങ്ങള്‍… ഏതിനോടാണ്….?
ലേഡീസ് മാറ്റര്‍…. സെക്സ്…..
അവര്‍ നടത്തം നിര്‍ത്തി. മരത്തണലിനു ശീതളിമയുണ്ട്.
ഷാഹിന, ഹണിമോള്‍ ചോദിച്ചത്, പറഞ്ഞത് തെറ്റിയോ എന്നു സംശയിക്കുന്നു. അവന്‍റെ ഭാഗത്തു നിന്നുള്ള പ്രതികരണം എന്തെന്നറിയാതെ ഭയക്കുന്നു.
ഞാന്‍ അക്സപ്ററ് ചെയ്യുന്നു.
അവന്‍റെ മുഖത്ത് ശാന്തതയാണ്. അവന്‍റെ പോരായ്മകള്‍, ബലഹീനതകള്‍ സ്വയം അറിയുന്നുവെന്ന് മുഖം പറയുന്നുണ്ട്.
ഷാഹിനയും ഹണിമോളും ദീര്‍ഘമായി നിശ്വസിച്ചു. സുദേവ് അവരുടെ വികാരങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു.
ഭയന്നോ… ഞാന്‍ ഇഷ്ടപ്പടാത്തതു പോലെ പ്രതികരിക്കുമെന്നു കരുതിയോ….?
ഏസ്.
ഞാന്‍ എന്‍റെ കുറവുകളെ അറിയുന്ന ആളാണ്… അത് കാണിച്ചു തരുമ്പോള്‍ തിരുത്താന്‍ ശ്രമിക്കുന്ന ആളുമാണ്.
പെണ്ണിനെ….. ഐ മീന്‍ സെക്സ് നന്നായറിയുമോ….?
ങേ….
പ്രതിസന്ധി ജന്യമായ ചോദ്യമാണത്. എങ്ങിനെ അതിന് മറുപടി കൊടുക്കണമെന്ന് അവന്‍് ചിന്തിച്ചു. എന്തു മറുപടി കൊടുത്താലും അവരുടെ പക്ഷത്തു നിന്നും വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ആ വ്യാഖ്യാനങ്ങള്‍ക്ക് പൂരകങ്ങളും കാണേണ്ടി വരും.
ശരിക്കും സുദേവിന് പെണ്ണിനെ അറിയുമോ… അവന്‍ സ്വയം ചോദിച്ചു നോക്കി. ഇല്ലന്നേ ഉത്തരും കണ്ടെത്താനാകുന്നുള്ളൂ. എഴുത്തുകാരനായിട്ടും സ്ത്രീയെ അറിയാന്‍ ശ്രമിച്ചില്ല. ഏതെല്ലാമോ തോന്നലുകള്‍ വച്ചു കൊണ്ടാണിതുവരെ എഴുതിയിട്ടുള്ളത്. പക്ഷെ, വായിച്ചവരാരും ഇങ്ങിനെ ഒരു ചോദ്യം ഉന്നയിച്ചിട്ടില്ല. ചോദ്യങ്ങള്‍ ഉണ്ടാകാത്തതു കൊണ്ട് വീക്ഷണങ്ങള്‍ ശരിയാണെന്ന് തീരുമാനിക്കനാവില്ല. വിശകലനം ചെയ്ത് വിമര്‍ശിക്കുന്നവരുടെ കൈയ്യില്‍ എഴുത്ത് എത്തിയിട്ടില്ലെന്നു വേണം കരുതാന്‍. സൈറ്റില്‍ പ്രസിദ്ധീകരിച്ച ജിഹാദ് എന്ന് കഥയെ കുറിച്ചാണ് വിമര്‍ശന പരമായെരു സമീപനം വായനക്കാരില്‍ നിന്നുണ്ടായത്. അത് യുക്തിപരമായ വിമര്‍ശനമായി കണക്കാക്കാന്‍ പറ്റില്ല. അവര്‍ പറഞ്ഞത് മുസ്ലീ വിരുദ്ധ എഴുത്താണെന്നും ഇങ്ങിനെയുള്ള എഴുത്ത് നിര്‍ത്തുന്നതാണ് നല്ലതെന്നുമായിരുന്നു. അത് കണക്കിലെടുക്കാന്‍ തോന്നിയില്ല. അത് നിഷ്പക്ഷനായൊരു വായനക്കാരന്‍റെ വിമര്‍ശനമല്ല. കടും പിടുത്തത്തിന്‍റെ പ്രതികരണമാണ്. ഒഴുക്കിന് അനുകൂലിച്ചുള്ള യാത്രകള്‍, പ്രകീര്‍ത്തനങ്ങള്‍ എഴുതാനാണെങ്കില്‍ സുദേവിന്‍റെ ആവശ്യമില്ലെന്നാണ് അന്ന് ചിന്തിച്ചത്.
എന്തെങ്കിലുമൊന്നു പറയണമെന്ന് ചിന്തിച്ചു കൊണ്ടിരിക്കുമ്പോള്‍ ഷാഹിനക്ക് ഒരു ഫോണ്‍ വന്നു. അവള്‍ ഫോണ്‍ അറ്റന്‍റ് ചെയ്തു കൊണ്ട് കുറച്ച് അകന്നു പോയപ്പോള്‍ ഹണി സുദേവിന്‍റെ മുഖത്ത് നോക്കി മന്ദഹസിച്ചു. ആ മന്ദഹാസത്തില്‍ കളിയാക്കലിന്‍റെ ഒരു മണം സുദേവിന് അറിയാന്‍ കഴിയുന്നുണ്ട്.
അതു വിട്ടേക്ക് സുദേവ്… ഷാഹിന വെറുതെ പ്രകോപിപ്പിക്കാന്‍ ചോദിച്ചതാണ്. ആര്‍ക്കും ആരെയും പൂര്‍ണ്ണമായി മനസ്സിലാക്കന്‍ കഴിയില്ലെന്ന ചിന്തയാണെനിക്ക്…. എന്തെല്ലാമോ അറിയുന്നു, അതില്‍ കൂടുതല്‍ അറിയാതെയിരിക്കുന്നു. ഞാനും എബിനും വിവാഹിതരായിട്ട് ആറു വര്‍ഷമായി. ദിവസത്തിലെ പതിനാറു മണിക്കൂറും ഞങ്ങള്‍ ഒരുമിച്ചാണ്, ഞങ്ങള്‍ക്ക് പരസ്പരം നന്നായിട്ടറിയാമെന്ന് വിശ്വസിക്കുന്നു. എബിന് നാടന്‍ കോഴിക്കറിയും ചപ്പാത്തിയും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണമാണെന്ന് എനിക്കറിയാം, ഇഷ്ടപ്പെട്ട മദ്യം ഗ്രീന്‍ ലേബലാണെന്നു അറിയാം ആഴ്ചയില്‍ രണ്ടു ദിവസം സെക്സ് വേണമെന്നുമറിയാം… രണ്ടു പേരും ഇണകളെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്… നല്ല വസ്ത്രങ്ങള്‍ ഇഷ്ടമാണ്, മാനേജരായിട്ടിരിക്കാന്‍ ഇഷ്ടമാണ്. ജോലിക്കാരെ കൊണ്ട് പണിയെടുപ്പിക്കാന്‍ അറിയാം… ആരെയും പിണക്കാതെ കൂടെ നിര്‍ത്താനറിയാം… സ്നേഹിക്കുന്നവര്‍ക്കു വേണ്ടി ജീവന്‍ പോലും കൊടുക്കാന്‍ തയ്യാറാകുന്ന പ്രകൃതമാണ്. ഇത്രയൊക്കെ എനിക്കറിയാം. ഇത്രയും വച്ചുകൊണ്ട് എനിക്ക് എബിനെക്കുറിച്ച് എല്ലാമറിയാമെന്നു പറയുന്നത് ശരിയാകുമോ…. എബിന് എന്നെക്കുറിച്ച് എല്ലമറിയാമെന്നു പറയാന്‍ കഴിയുമോ…. എബിന്‍ വഴി പുരുഷന്മാരെയെല്ലാം അറിഞ്ഞെന്ന് പറയാന്‍ കഴിയുമോ… ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്.. പക്ഷെ, അറിയാമെന്ന് നടിച്ച് മുന്നോട്ടു പോകുന്നു… ശരിയല്ലേ… അത്രമാത്രമല്ലേ ഉള്ളൂ.. സോറി… ഞാന്‍ ഒരു സാധാരണക്കാരനോടു പറയുമ്പോലെയാണ് സംസാരിക്കുന്നത്… സുദേവ് ഒരു എഴുത്തുകാരനാണെന്നതു മറന്നു….
ഏയ്…. ഹണി സംസാരിക്കൂ… എനിക്കിഷ്ടമായി…
സ്ഫുടവും വ്യക്തവുമായ വാക്കുകള്‍… ശക്തവും യുക്തവുമായ ധാരണകള്‍… സുദേവിന് അവളെ ഇഷ്ടമായി എന്നു പറഞ്ഞ് ശരിയാണ്… സ്ത്രീകളില്‍ ഇത്ര തെളിമയുള്ള ചിന്തകളുള്ളവര്‍ കുറയും…
സുദേവ്…. ഒരു പുതിയ വ്യക്തിയെ പരിചയപ്പെടാം… വീട്ടിലേക്ക് പോകാം… ഉമ്മച്ചിയാണ് വിളിച്ചത്… അവിടെ ഒരു രത്നവ്യാപാരി വന്നിട്ടുണ്ട്…
ഞാന്‍ വന്നാല്‍ ശരിയാകുമോ….?
തീര്‍ച്ചയായും…. ഞാന്‍ ഉമ്മച്ചിയോടു ചോദിച്ചു…സുദേവിനെ കൂട്ടാന്‍ പറഞ്ഞു…
രത്നവ്യാപാരി. സുദേവിന് അത്ഭുതമായി. പോര്‍ച്ചില്‍ പുതിയൊരു കാര്‍ കിടക്കുന്നുണ്ട്. വിലയേറിയതല്ല. ശീതീകരിച്ചതാണ്.
അവര്‍ സിറ്റിംഗ് റൂമില്‍ കയറിയപ്പോള്‍ ടീപ്പോയില്‍ നിരത്തിയിരിക്കുന്ന രത്നങ്ങള്‍ കണ്ട് സുദേവിന്‍റെ കണ്ണ് മഞ്ഞളിച്ചു. അങ്ങിനെയൊരു കാഴ്ച അവനാദ്യമാണ്. ഷാഹിനക്കും ഹണിക്കും ആദ്യകാഴ്ചയല്ലെന്ന് മനസ്സിലായി.
ലൈല രത്നങ്ങള്‍ നോക്കി ഇഷ്ടപ്പെട്ടതുകള്‍ തെരഞ്ഞെടുക്കുന്നു.
വ്യാപാരിയുടെ പ്രായക്കുറവാണ് സുദേവ് രണ്ടാമത് ശ്രദ്ധിച്ചത്. കഥകളില്‍ വായിച്ചിട്ടുള്ള രത്നവ്യാപാരികള്‍ തടിച്ചു കൊഴുത്ത് അറുപതു വയസ്സില്‍ കൂടുതല്‍ പ്രായത്തില്‍ നരച്ച താടിയും മുടിയുമുള്ള ഒരാള്‍… തലയില്‍ ഒരു തൊപ്പിയും വച്ചിരിക്കും. ഇയാള്‍ തീരെ ചെറുപ്പും, താടിയുണ്ട്, കറുത്താതണ്. മുടി ഭംഗിയായി മുറിച്ച് ചീകി വച്ചിരിക്കുന്നു. സുദേവിന്‍റെ അത്ര തന്നെ പ്രായമില്ല, ഉയരവും ആരോഗ്യവുമുണ്ട്…
ആയാള്‍ നവാഗതരെ നോക്കി പുഞ്ചിരിച്ചു. തുടര്‍ന്ന് കച്ചവടത്തില്‍ തന്നെ സ്രദ്ധിച്ചു.
നവരത്നങ്ങള്‍…. കോടികള്‍ വിലമതിക്കുന്നതാകാം…
ലൈല പറഞ്ഞു.
വാപ്പച്ചി പറഞ്ഞയച്ചാണ്…. ഇയാള്‍ അവിടെ ആദ്യമാണ്….
ലൈല നവാഗതരെ അയാള്‍ക്ക് പരിചയപ്പെടുത്തി. സുദേവ് എഴുത്തുകാരമാണെന്ന് പറപ്പോള്‍ ആയാളുടെ മുഖത്ത് ഒരാദരവ് ഉണ്ടാകുന്നത് അവന്‍ ശ്രദ്ധിച്ചു.
അയാള്‍ രത്നങ്ങളുടെ മഹത്വങ്ങള്‍ വിവരിച്ചു കൊണ്ടിരുന്നു. വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ കിട്ടുന്ന ഗുണങ്ങള്‍, അണിയുമ്പോള്‍ കിട്ടുന്ന മേല്‍ഗതികള്‍…. നാള്‍ ചേര്‍ച്ചകള്‍… പക്കച്ചേര്‍ച്ചകള്‍…
സുദേവിന്‍റെ മനസ്സ് തര്‍ക്കത്തിന് പ്രേരിപ്പിച്ചു കൊണ്ടിരുന്നു. അവിടെ അതിന്‍റെ ആവശ്യമില്ലെന്നും, അനുവദനീയമല്ലെന്നും, അധികപ്രസംഗമാകുമെന്നും തോന്നിയ നിമിഷം, ഒഴിവു കിഴിവുകള്‍ നിരത്തി സുദേവ് യാത്ര പറഞ്ഞു.
@@@@@