അണ്ണാറക്കണ്ണന്‍റെ പുഞ്ചിരിയും പ്രഭാത വന്ദനവും സുദേവിന് ഏറെ ഇഷ്ടമായി. അവന്‍റെ ജീവിതത്തില്‍ ഇതാദ്യമാണ് കിളികള്‍ വിളിച്ചുണര്‍ത്തുന്നത്, ആദ്യ കാഴ്ച അണ്ണാറക്കണ്ണനാകുന്നതും. തുറന്ന ജനാല വഴി കയറിയെത്തിയ ശീതളിച്ച തെന്നല്‍ അവന് ഉന്മേഷവും നല്‍കി. പ്രഭാത കൃത്യങ്ങള്‍ വേഗം തീര്‍ക്കണമെന്നും സാര്‍ വിളിക്കും മുമ്പു തന്നെ ലാസറിടം ചുറ്റിക്കാണെണമെന്നും മോഹിച്ചു.
മുറിക്ക് പുറത്ത് വന്നപ്പോള്‍ അടുക്കളയില്‍ കുമുദത്തിന്‍റെ ശബ്ദങ്ങള്‍ കേട്ടു. സുദേവിന്‍റെ വാസസ്ഥലം ഗസ്റ്റ് ബംഗ്ലാവിന്‍റെ മുകള്‍ നിലയില്‍ കിഴക്ക് ഭാഗത്താണ്, രണ്ട് കിടപ്പു മുറികളും സിറ്റിംഗ് ആന്‍റ് ഡൈനിംഗ് ഹാളും അടുക്കളയുമായിട്ട്. ഗസ്റ്റ് ബംഗ്ലാവിന്‍റെ രണ്ടു നിലകളിലുമായിട്ട് അതേ പോലെയുള്ള നാല് വാസസ്ഥലങ്ങളുണ്ട്. അവന്‍ കതക് തുറന്ന് പുറത്ത് വരുന്ന ശബദം കേട്ടിട്ട് കുമുദം പുറത്തേയ്ക്ക് വന്നു.
സാര്‍… ചായയാ… കാപ്പിയാ….?
ഇപ്പോള്‍ വേണ്ട നടപ്പ് കഴിഞ്ഞ് വന്നിട്ട് മതി….
കറുത്ത കുമുദം സുന്ദരിയാണ്. എണ്ണമയമുള്ള മുഖമാണ്. സദാ പ്രസരിപ്പുണ്ട്. കറുത്ത, ഇടതൂര്‍ന്ന മുടിക്ക് അഴകുണ്ട്.
സുദേവ് അവെളെ കണ്ടു നിന്നപ്പോള്‍ അവള്‍ക്ക നാണം വന്നു.
എന്നാ സാര്‍….. ഇപ്പടിയെ…?
ഹേയ്…. ഒന്നുമില്ല….
അവളുടെ കണ്ണുകള്‍ക്ക് നല്ല വശ്യതയുണ്ട്, വൃത്തിയായി ചേല ചുറ്റിയിരിക്കുന്നു.
കുമുദത്തിന് എത്ര മക്കളാ…?
ഒന്ന് താനേ…. ആണ്….
പനീറ് വന്നില്ലെ….?
ഇല്ല, നന്നെ പുലര്‍ന്നിട്ടു മട്ടും വരും…….
അവന്‍ പുറത്തേക്ക് നടന്നകന്നപ്പോള്‍ പിന്നില്‍ കതക് അടച്ചു കൊളുത്തിടുന്ന ശബ്ദം. ഗസ്റ്റ് ബംഗ്ലാവിന്‍റെ മുറ്റത്ത് നിന്ന് വടക്കോട്ട് നോക്കിയാല്‍ ലാസറിടത്തെ ഗ്രീന്‍ ഹൗസ് എന്ന വലിയ ബംഗ്ലാവു കാണാം, ഉണര്‍ന്നിട്ടില്ല. മുറ്റത്തേക്ക് തെളിയുന്ന പ്രധാന വിളക്ക് അണച്ചിട്ടില്ല. ഗെയിറ്റ് കാവല്‍ക്കാരന്‍ കാവല്‍ പുരയില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നു. ഇന്‍റര്‍വ്യൂവിന് വന്ന ദിവസം ഓട്ടോ തടഞ്ഞ് മുറ്റത്തിന്‍റെ ഓരത്ത് നിര്‍ത്തിച്ച ആളല്ല. അയാളേക്കാള്‍ ചെറുപ്പക്കാരനാണ്. മുറ്റത്തേക്ക് എത്തുന്ന പ്രധാന പാത മാത്രമാണ് ടാര്‍ വിരിച്ചിരിക്കുന്നത്, വലത്തോട്ട് തിരിഞ്ഞ് പോകുന്ന വഴി കല്ല് പാകിയിരിക്കുകയാണ്. അതു വഴിയെ നടന്ന് ബംഗ്ലാവിന്‍റെ വലതു വശത്തുകൂടി സുദേവ് പച്ചപ്പിലേക്ക് പ്രവേശിച്ചു.
പാതക്ക് ഇരു പുറവും ഏത്തവഴത്തോട്ടമാണ്, കുലച്ചു നില്‍ക്കുന്നു. ഇനിയും കുലയ്ക്കാത്തത് കുറവാണ്. ഏത്തവാഴ കഴിഞ്ഞ് ഞാലിപ്പൂവന്‍, കണ്ണന്‍കായ, റോബസ്റ്റ്…. ഒരു റോബസ്റ്റ് കായ പഴുത്തു നില്‍ക്കുന്നു. ഒരു പച്ച കുടുക്ക അതിലിരുന്നു പഴം തിന്നുണ്ട്, സൂക്ഷിച്ച നോക്കിയപ്പോള്‍ ഒന്നല്ല, രണ്ടാണ്….. വാഴയുടെ വാസയിടം കഴിഞ്ഞപ്പോള്‍ മരച്ചീനിയായി, രണ്ടടി പൊക്കത്തില്‍. ചുവടുകളില്‍ കൊഴുത്തു നില്‍ക്കുന്ന കാടുമുണ്ട്. പക്ഷെ, അവകളെ ചെത്തി വൃത്തിയാക്കി വരുന്നുണ്ട്. ചേന, ചേമ്പ്, മഞ്ഞള്‍, ഇഞ്ചി…. പതിനഞ്ച് മിനിട്ടില്‍ കൂടുതല്‍ നടന്നിട്ടുണ്ടാകും കല്ലു വിരിച്ച പാത തീര്‍ന്നു. തുടര്‍ന്ന് കുരുമുളക് വള്ളികളെ തഴുകി നടന്നു. പെട്ടന്ന് തന്നെ ആ നടത്തം നിര്‍ത്തേണ്ടി വന്നു. അവന്‍റെ കാലുകളെ തൊട്ടെന്ന വിധത്തില്‍ ഒരുത്തന്‍ ഇഴഞ്ഞ് റോഡു മുറിച്ചു കടന്നു പോയി. കറുത്തിട്ടായതു കൊണ്ട് ചേരയായിരിക്കില്ല. മറ്റാരാണെന്ന് സുദേവിന് പരിചയം തോന്നിയില്ല. കറുത്തവന്‍ പോയിക്കഴിഞ്ഞ് പത്തടിയില്‍ കൂടുതല്‍ പാതയില്ല. അവിടെ നിന്നും വനം തുടങ്ങുകയാണ്. വനത്തിന്‍റെ അതിരിലെ സര്‍വ്വെ കല്ല്. സര്‍വ്വെകല്ലെന്ന് പറയാന്‍ കഴിയില്ല, കല്ലല്ല. രണ്ടടി ചതുരത്തില്‍ വാര്‍ത്തെടുത്ത സിമന്‍റ് കട്ട, എത്ര ആഴത്തിലേക്കെന്നറിയില്ല. ഒരടി മുകളില്‍ കാണാം. അവിടെ നിന്നും കാട്ടിലേക്കു നടപ്പാത കാണാം. സുദേവ് അവിടെ നിന്നും തിരിച്ചു. റബ്ബര്‍ മരങ്ങള്‍ക്ക് ഇടയിലൂടെയുള്ള വഴിയ്ക്കും കല്ല് പാകിയിട്ടില്ല. എങ്കിലും സ്ഥിരം നടപ്പകാരുണ്ടെന്ന് കണ്ടാല്‍ തോന്നും.
ആരാ….?
പെട്ടന്നൊരാള്‍ മുന്നിലേക്ക് ഇറങ്ങി വന്നു. അയാളുടെ നെറ്റിയില്‍ ഹെഡ്ലൈറ്റ് കെട്ടി വച്ചിട്ടുണ്ട്. നാട്ടു വെളിച്ച പടര്‍ന്നു കഴിഞ്ഞിരുന്നതിനാല്‍ കെടുത്തിയാണ് വച്ചിരിക്കുന്നത്. കൈയ്യില്‍ റബ്ബര്‍ വെട്ടുന്ന കത്തിയുണ്ട്. അരയില്‍ കൂട കെട്ടി വച്ചിട്ടുണ്ട്, ഒട്ടുപാല്‍ ഇടാനുള്ളതാണ്.
ഏയ്…
അകലെ നിന്നും ആരോ വിളിച്ചു ചോദിക്കുന്നു. അയാളും അടുത്തേക്ക് വന്നു.
ലാസറലി സാറിന്‍റെ ഗസ്റ്റാണ്… വെറുതെ നടക്കാന്‍….
സുദേവ് പറഞ്ഞത് അവര്‍ക്ക് അത്ര വിശ്വാസമായി തോന്നിയില്ല.
ഉം… ഇവിടെ അങ്ങനെ കറങ്ങണ്ട… എഴ ജെന്തുക്കള്‍ കാണും….
സുദേവ് ചിരിക്കാന്‍ ശ്രമിച്ചു. വേഗത്തില്‍ നടന്നു. അവരില്‍ ഒരാള്‍ അവന് പിറകെയുണ്ട്. റബ്ബര്‍ എസ്റ്റേറ്റ് കഴിഞ്ഞ് കല്ലു വിരിച്ച പാതയിലെത്തി ബംഗ്ലാവിന് അടുത്തെത്തി ഗെയിറ്റ് വാച്ചര്‍ അവനെ കാണും വരെ അയാള്‍ പിന്‍തുടര്‍ന്നു.
നേരം നന്നായി വെളുത്തു. ബംഗ്ലാവിന്‍റെ മുറ്റത്തേക്കുള്ള ലൈറ്റ് കെടുത്തിയിരിക്കുന്നു. സുദേവ് ഓര്‍മ്മിച്ചു. അരമണിക്കൂറിലധികം എടുത്തിരിരക്കുന്നു ലാസറിടത്തിന്‍റെ പാതയിലൂടെ വൃത്താകൃതിയില്‍ നടന്ന് എത്താന്‍.
ഡൈനിംഗ് ടേബിളില്‍ ചായക്കൊപ്പം ദിനപ്പത്രങ്ങളും ആഴ്ചപ്പതിപ്പുകളും യഥേഷ്ടം സുദേവിനെ കാത്തിരിപ്പുണ്ടായിരുന്നു. മഗ്ഗില്‍ നിന്ന് ചായ പകര്‍ന്ന്, ഫാന്‍ ഓണ്‍ ചെയ്ത് വായന തുടങ്ങുമ്പോള്‍ കുമുദം അടുക്കളയില്‍ നിന്നും എത്തി.
സാറിന് ബ്രേക്കഫാസ്റ്റ് എന്ന വേണം….?
നിനക്ക് എന്തൊക്കെയുണ്ടാക്കാനറിയാം…?
എല്ലാം തെരിയും….
സാദാ ദോശയും ചട്ടിണിയും അറിയുമോ….?
ഉം…
അതുമതി…
അവളുടെ കണ്ണുകളില്‍ ശൃംഗാരത്തിന്‍റെ മുല്ലമുട്ടുകള്‍ വിടര്‍ന്നു നില്‍ക്കുന്നു. പക്ഷെ, ആസക്തകരമാണെന്നു തോന്നുന്നില്ല.
ഊം……?
സാറ് കഥയെഴുതുമാ…..?
ഊം… നിനക്കുണ്ടോ കഥ എഴുതാന്‍….?
ഇല്ല… പനീര്‍ ശൊല്ലിയാച്ച്…
പനീറിന്‍റെ കഥ പറഞ്ഞു….
അതും എന്നോട് ശൊല്ലിയാച്ച്…..
പിന്നെ എന്തൊക്കെ ശൊല്ലി….?
വലിയ സാറിന്‍റെ പെരിയ ഇഷ്ടക്കാരന്‍ വലിയ സാറിന്‍റെ കഥയെഴുതക്ക് വന്നത്. ഇഷ്ടമാര്‍ന്ന ശാപ്പാടൊക്കെ പണ്ണി കൊടുക്ക വേണമെന്നൊക്കെ…..
ബ്ലാക്ക് ടീ നന്നായിട്ടുണ്ട്…
പിന്നെ കുടിക്കതുക്ക് ബ്ലാക്ക് ടീ മട്ടും പോതുമാ….?
ബ്ലാക്ക് ടീ…. ചൂടുവെള്ളം … പച്ചവെള്ളം… എല്ലാം വേണ്ടിവരും….
ഓ… സാറെ….
അവള്‍ അടുക്കളയിലേക്ക് പിന്‍വലിഞ്ഞപ്പോള്‍ സുദേവിന് തോന്നി. അവളിലെ വിധേയത്വം പരിചാരികയുടേതു മാത്രമാകുമോ…. ആണെങ്കിലും, അല്ലെങ്കിലും പരിചാരികയുടേതു പോലെ കണ്ടാല്‍ മതിയെന്നു തോന്നുന്നു.
അവന്‍ കപ്പിലെ ചായയുമായി സിറ്റിംഗ് ഭാഗത്തേക്ക് വന്നു. കാലുകള്‍ നീട്ടി വച്ച് ചാരി കിടക്കാവുന്ന കസേര ഏറെ ഇഷ്ടമായി തോന്നി. അതിന് മുന്നില്‍ ടീപ്പോയി സജ്ജമാക്കിയപ്പോള്‍ പത്രവായന കൂടുതല്‍ സുഖകരമായി. ഇടയ്ക്ക് ചായക്കപ്പ് ഇടതു കൈയ്യാല്‍ എടുത്ത് കുടിക്കാനും കഴിയും.
വില കൂടിയ സെറ്റികള്‍, സെറ്റിയില്‍ ഇരുന്നു പാദങ്ങല്‍ വയ്ക്കാന്‍ വിലയേറിയ കാര്‍പ്പറ്റ്, കാര്‍പ്പറ്റിന്‍റെ മെറൂണ്‍ നിറത്തിനെ കൂടുതല്‍ ശോഭയുള്ളതാക്കാന്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്ന ക്രീം നിറത്തിലെ പൂക്കള്‍. നാല്‍പത്തിയെട്ടിഞ്ചിന്‍റെ എല്‍ ഈ ഡി ടിവി. സ്റ്റീല്‍ റോഡില്‍ ഐലറ്റില്‍ ഞാന്ന് കിടക്കുന്ന രാജകീയ കര്‍ട്ടണുകള്‍, എല്‍ ഈഡി ബള്‍ബുകള്‍, സ്വര്‍ണ്ണ നിറമുള്ള ഫാന്‍…
ഒരൊറ്റ ദിവസം കൊണ്ട് ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ജീവിത സാഹചര്യങ്ങളെ, സൗകര്യങ്ങളെ കുറിച്ചോര്‍ത്തപ്പോള്‍ സുദേവിന് വ്യര്‍ത്ഥതയാണ് തോന്നുത്. ജീവിതത്തിന്‍റെ അര്‍ത്ഥമില്ലായ്മ. അത് നിലനിര്‍ത്താന്‍ കഴിയുമെന്ന് യാതൊരു വിശ്വാസവും ഇപ്പോള്‍ അവനില്ല. അല്ലെങ്കില്‍, നിലനിര്‍ത്തണമെന്ന ഒരു നിമിഷ ചിന്തപോലും അവനില്ല. എല്ലാം യാദൃശ്ചിതകള്‍….നീര്‍ക്കുമിള പോലെ ക്ഷണികം.
കോളിംഗ് ബല്‍ വഴി ആരോ വിളിച്ചു.
ഏസ് കമിംഗ്….
ഡോര്‍ തുറന്ന് പനീര്‍ശെല്‍വം വന്നു. കൈയ്യില്‍ ജൗളിക്കടയുടെ മൂന്നു നാല് ബാഗുകളുമുണ്ട്.
സാറിന് തരാന്‍ പറഞ്ഞു.
ആര്….?
വലിയ സാറ്…
സുദേവിനുള്ള പുതിയ വസ്ത്രങ്ങളായിരുന്നു. ഒരു ജോഡി ജോഗിംഗ് ഡ്രസ്സും. അവന് ജാള്യത തോന്നുന്നു. തന്‍റെ പരിമിതികള്‍ ഇപ്പോള്‍ തന്നെ അദ്ദേഹം കണ്ടിരിക്കുന്നു.
ഇവിടെ വന്നിട്ട് ആദ്യത്തെ മോബൈല്‍ കോള്‍. ഫോണ്‍ എടുത്ത് സുദേവ് ബഡ് റൂമില്‍ നിന്നും ബാല്‍ക്കണിയിലേക്കുള്ള കതക്ക് തുറന്ന് ബാല്‍ക്കണിയില്‍ ഇറങ്ങി നിന്നു. പ്രഭാതത്തിലെ മഞ്ഞവെയില്‍ ബാല്‍ക്കണിയില്‍ എത്തി അവന്‍റെ പാദങ്ങളെ തഴുകി നിന്നു.
ഹലോ….
ഹലോ, ഞാന്‍ നിവേദിതയാണ്….
അവള്‍ കഴിഞ്ഞ നാള്‍ മടങ്ങും മുമ്പ് അവന്‍റെ നമ്പര്‍ വാങ്ങിയിരുന്ന വിവരം അപ്പോഴാണ് ഓര്‍മ്മിച്ചത്.
ഏസ്, മോര്‍ണിംഗ്….
ഗുഡ് മോര്‍ണിംഗ് സാര്‍…. ഇന്നലെ എത്തിയല്ലേ…?
അതെ…
ഞാനറിഞ്ഞിരുന്നു സാറിനാണ് നറുക്കു വീണതെന്ന്…
ഓ… എങ്ങിനെ….?
ഡോക്ടര്‍ ലാസറലി രാജയുടെ ഓഫീസില്‍ വിളിച്ചു തിരക്കി….
നിവേദിതക്ക് താല്‍പര്യമുണ്ടായിരുന്നല്ലേ….?
ഏസ്, ബട്ട്, അദ്ദേഹം പുരുഷനെ മതിയെന്ന് ഒടുക്കം തീരുമാനിച്ചെന്ന് പറഞ്ഞു.
ശരിയാണ്… പരീക്ഷകളില്‍ നിവേദിതയായിരുന്നു വിജയിച്ചത്… പക്ഷെ, സ്ത്രീയെന്ന പേരില്‍ തിരസ്കരിക്കപ്പെട്ടു… ദേഷ്യം, വിഷമം ഏതാണ് കൂടുതലുള്ളത്….?
രണ്ടും…. സ്ത്രീയെന്ന പേരില്‍ ഒഴിവാക്കിയതില്‍ അമര്‍ഷം, നല്ലൊരു സാമ്പത്തിക ഗുണം കിട്ടുമായിരുന്നത് നഷ്ടമായതില്‍ വിഷമം….
ഞാന്‍ പറ്റില്ലെന്നു പറയാം… എനിക്ക് വീടുകള്‍ക്ക് പെയിന്‍റടിച്ചായാലും ജീവിക്കാന്‍ പറ്റും.
പക്ഷെ, അദ്ദേഹത്തിന് അതു പോരല്ലോ…. ഒരു സ്ത്രീയുടെ അടുത്ത് പറയാവുന്ന കാര്യങ്ങള്‍ക്ക് പരിമിതികള്‍ കാണും. പിന്നെ സ്ത്രീകള്‍ക്ക് അറിയാന്‍ കഴിയാത്തത്, അനുഭവിക്കാന്‍ കഴിയാത്തത് ചിലതൊക്കെ കാണാം….
മനസ്സിലായില്ല.
അതു വഴിയേ മനസ്സിലായിക്കൊള്ളും…
പിന്നീട് നിവേദിതയുടെ മനോഹരമായ ചിരി. ആ ചിരിയുടെ സൗന്ദര്യം, കുളിര്‍മ സുദേവ് ഓര്‍മ്മിച്ചു. അന്ന്, നേരില്‍ തോന്നാതിരുന്ന ഒരു തോന്നല്‍ ഇപ്പോള്‍ മനസ്സില്‍….
എന്തായി ജോലി തുടങ്ങിയോ….?
ഇല്ല. അദ്ദേഹത്തിനെ കണ്ടിട്ടില്ല, പക്ഷെ, വിശാലമായ ലാസറിടം ചുറ്റിക്കണ്ടു… ജോഗിംഗിന്‍റെയിടയില്‍…
ഇനി വളരെയേറെ കാണാനിരിക്കുന്നു, അറിയാനിരിക്കുന്നു. അദ്ദേഹം തികച്ചുമൊരു കഥയാണ്… എനിക്ക് മീഡിയ ഫ്രണ്ട്സ് ഉണ്ട് അവര്‍ വഴി ഒരു അന്വേഷണം നടത്തി… എ പെക്കൂലിയര്‍ മാന്‍… റിയല്‍ ഫന്‍റാസ്റ്റിക്ക് സ്റ്റോറീസ്… ഫാന്‍റസിയും, മിത്തോളജിയും മിക്സ് ചെയ്ത് എടുത്തൊരു അപൂര്‍വ്വ ജന്മം…. ഓക്കെ… നമുക്ക് ഇടക്ക് ഷെയര്‍ ചെയ്യാം……
തീര്‍ച്ചയായും ഞാന്‍ വിളിക്കാം…
ഷുവര്‍, വിളിക്കുമോ…?
വൈ നോട്ട്…?
നമ്മള്‍ പിരിഞ്ഞപ്പോള്‍ സൗഹൃദമാകാമോയെന്ന് ഞാന്‍ ചോദിച്ചിരുന്നു, എന്താണ് പറഞ്ഞതെന്ന് ഓര്‍മ്മയുണ്ടോ…?
ഓ… ലീവിറ്റ്… അപ്പോഴത്തെ ഒരു മൂഡിന്…
ഓക്കയോക്കെ… സാറു വിളിച്ചാല്‍ മതി…
നിവേദിതയുടെ ചിരി വീണ്ടും. ഫോണ്‍ ഓഫ് ചെയ്ത്, വളര്‍ന്ന് ബാല്‍ക്കണിയിലേക്ക് തലയെത്തിച്ചു നില്‍ക്കുന്ന പേരയിലെ പഴുത്ത പേരക്ക കൈക്കലാക്കാന്‍ നോക്കിയപ്പോഴാണ് തിന്നു കൊണ്ടിരുന്ന വാലാട്ടി കിളി പറന്നു പോകുന്നതു കണ്ടത്. അപകട സൂചകമായൊന്നു കരഞ്ഞു. ആ കരച്ചില്‍ കേട്ടിട്ട് അടുത്ത മാവില്‍ നിന്നും കരിയില പിടകള്‍ ചിലച്ച് കാടിളക്കി പറന്നകന്നു. പുലര്‍കാല വന്ദനം തന്ന അണ്ണാറക്കണ്ണന്‍ എവിടെ നിന്നോ ഓടി പേരയില്‍ വന്നിരുന്ന് എന്താ കാര്യമെന്നു തിരക്കി.
സുദേവ് പറഞ്ഞു.
ഞാനൊന്നും ചെയ്തില്ല, ഒരു പേരയ്ക്ക പറിക്കാന്‍ നോക്കിയതാണ്… നിങ്ങള്‍ക്ക് മാത്രമല്ല എനിക്കും അവകാശമില്ലേയിതില്….?
അവകാശമുണ്ടെന്ന് സമ്മതിച്ച് അണ്ണാറക്കണ്ണന്‍ ചാടി അടുത്ത പ്ലാവിന്‍ കൊമ്പിലൂടെ അകലേക്ക് പോയി. അവന് പുറകെ അവന്‍റെ ഭാര്യയാകാം, ഒരു സുന്ദരി, ഇലകളുടെ മറവില്‍ നിന്നും പ്രത്യക്ഷപ്പെട്ട്, സുദേവിനെ ഒന്ന നോക്കയിട്ട് ഝടുതിയില്‍ ഓടിയകന്നു,
അണ്ണാറക്കണ്ണന്‍ ചാടിയ കൊമ്പില്‍ നിന്ന് നന്നായി മൂത്തു പഴുക്കാറായ ഒരു പേരയ്ക്ക സുദേവിനു കിട്ടി. അതിന്‍റെ സ്വാദില്‍ അലിഞ്ഞ് നിന്നപ്പോള്‍ കോളിംഗ് ബല്‍. അവനൊന്നു ഞെട്ടി, പേരയ്ക്കയുടെ മധുരത്തോടു കൂടി അവന്‍, അണ്ണാറക്കണ്ണനല്ലാത്തവരെ തോട്ടത്തില്‍ അതിക്രമിച്ചു കയറിയവരെ തിരയുകയായിരുന്നു. അവന്‍ തന്നെ ഡോര്‍ തുറന്നു.
പ്രഭാത രശ്മികളെപ്പോലെ മൂന്നു മുഖങ്ങള്‍. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും. ധനത്തിന്‍റെ ആധിക്യം അവരുടെ വസ്ത്രങ്ങളില്‍, ഗെറ്റപ്പുകളില്‍. പെട്ടന്ന് അവന് ഒരു ജാള്യത തോന്നി. നേരം പുലര്‍ന്ന് ഒമ്പതു മണി കഴിഞ്ഞിരിക്കുന്നു, ഇതേവരെ ജോഗിംഗ് വസ്ത്രത്തില്‍ നിന്നും മോചിതനാകുകയോ, കുളിക്കുകയോ ചെയ്തിട്ടില്ല. എന്നാലും വിയര്‍പ്പാറിയിരിക്കുന്നു. തുറന്ന വാതില്‍ക്കല്‍ നിന്നും അവര്‍ക്ക് അകത്തേക്ക് പ്രവേശിക്കാനായി കുറെ അകന്നു നിന്നു. അകത്തു കയറി അവര്‍ ആകെ വീക്ഷിക്കുകയായി.
അസൗകര്യങ്ങളൊന്നുമില്ലല്ലോ… അല്ലെ…..?
ഇല്ല…
ഓ…. ഞങ്ങളെ പരിചയപ്പെടുത്തിയില്ല, മറന്നു. ഞങ്ങള് ഉത്സാഹ കമ്മറ്റിക്കാരാ…. അല്ലെങ്കില്‍ ഉത്സവക്കമ്മിറ്റിക്കാരെന്നും പറയാം…. സുദേവ് കേട്ടിട്ടുണ്ടോ എന്നറിയില്ല. ഞങ്ങളുടെ നാട്ടിലെ ഒരു ശൈലിയാണത്…. ഒരു കാര്യം ചെയ്യുമ്പോള്‍ പുറത്തു നിന്നും സഹായങ്ങള്‍ ചെയ്യുന്നവര്‍…
ഉവ്വ്…. കേട്ടിട്ടുണ്ട്….
ഞങ്ങള് ഡോ. ലാസറലിരാജയുടെ പാര്‍ട്ടണര്‍മാരാണ്… ഞാന്‍ വിനോദ് മേനോന്‍ തൃശ്ശൂര്‍ പാവറട്ടിയാണ് സ്വദേശം. ഇത് സാമുവല്‍ സക്കറിയ ചങ്ങനാശ്ശേരിയിലാണ്…. മിസ്സിസ് അനിത പ്രസാദ് വര്‍ക്കി കൊച്ചിക്കാരിയാണ്…..
സുദേവ് അവരെയൊക്കെ കൈകൂപ്പി വണങ്ങി. സെറ്റിയിലേക്ക് ആനയിച്ചു. ത്രിബിള്‍ സെറ്റിയില്‍ പുരുഷന്മാരും സിംഗിള്‍ സെറ്റിയില്‍ അനിതയും, അവര്‍ക്ക് അഭിമുഖമായിട്ട് സിംഗിളില്‍ സുദേവും ഇരുന്നു.
ഒരാളെ കൂടി പ്രതീക്ഷിച്ചു….. കമ്മിറ്റിയില്‍…..
ആരെ…..?
ഒരു മുസ്ലീം പ്രാതിനിദ്ധ്യം……
ഷുവര്‍… ഉണ്ടല്ലോ….. നമ്മുടെ പാര്‍ട്ടണര്‍ തന്നെ, അബ്ദുള്‍ റഹ്മാന്‍…. അദ്ദേഹത്തിന് ഇവിടെ വന്നു കാണാന്‍ കഴിയില്ല… സംസാരിച്ചിട്ടാണ് വന്നത്…
മൂന്നുപേരും മൂന്നിടത്തു നിന്നും ഇത്ര രാവിലെ എത്തിയത്…..?
ഞങ്ങള്‍ മൂന്നു പേരും ഇപ്പോള്‍ എറണാകുളത്തുണ്ട്….നമ്മുടെ ബിസിനസ്സിന്‍റെ സൗകര്യത്തിന്….പ്രധാന എല്ലാ നഗരങ്ങളിലും നമ്മുടെ പാര്‍ട്ടണര്‍മാരുണ്ട്… യു നോ ദാറ്റ്, വി വെല്‍ പ്ലാന്‍ഡ്….
ആത്മകഥയുടെ കമ്മിറ്റിയഗംമാണ് ഞങ്ങള്‍… വളരെ നന്നായിട്ട് ആലോചിച്ച്, പരസ്പരം സംസാരിച്ച് ആത്മകഥയെങ്ങിനെ വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്… നോട്ടുകള്‍ ഞങ്ങള്‍ തന്നു കൊണ്ടിരിക്കും…. ഒരു സ്കെലിട്ടന്‍ മാത്രമേയുള്ളൂ.. അതിന് മജ്ജയും മാംസവും അവയവങ്ങളും ഇന്ദ്രിയങ്ങളും വികാരങ്ങളും നിങ്ങള്‍ ഉണ്ടാക്കിയെടുക്കണം…
ഒരു കിതപ്പോടെ അനിത പറഞ്ഞു നിര്‍ത്തി, വളരെ പണിപ്പെട്ട് ഒരു ജോലി ചെയ്തു തീര്‍ക്കുന്നതു പോലെ.
സ്കെലിട്ടന്‍… മജ്ജയും മാംസവും അവയവങ്ങളും ഇന്ദ്രിയങ്ങളും വികാരങ്ങളും… ഞങ്ങള്‍ ദിവസങ്ങളോളം ഇരുന്ന് കണ്ടു പിടിച്ച വാക്കുകളാണ്…..
വളരെ കുറച്ചു മാത്രം സംസാരിച്ച സാമുവല്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ എല്ലാ മുഖങ്ങളിലും ചിരി വിടര്‍ന്നു. സുദേവിനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ഞങ്ങള്‍ കുറച്ച് ആത്മകഥകള്‍ കൊണ്ടു വന്നിട്ടുണ്ട്…
അനിത ഒരു ബാഗ് ടീപ്പോയില്‍ വച്ച് തുറന്ന് ഓരോ പുസ്തകങ്ങളും പുറത്ത് എടുത്തു വച്ചു. ഗാന്ധിജിയുടെ എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടങ്ങി എബ്രഹാം ലിങ്കന്‍റെ, വിന്‍സെന്‍റ് ചര്‍ച്ചിലിന്‍റെ, എന്‍സ്റ്റൈന്‍റെ, നെഹറുവിന്‍റെ, ഇ എം എസ്സിന്‍റെ…….. ഇരുപതോളം ആത്മകഥകള്‍, അല്ലെങ്കില്‍ അനുഭവക്കുറിപ്പുകള്‍… ഇംഗ്ലീഷില്‍, മലയാളത്തില്‍, ചിലത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യത്. സുദേവ് ഒളികണ്ണാല്‍ അവരെ മൂന്നു പേരെയും കണ്ടു. പക്ഷെ, അവന്‍റെ ഒളികണ്ണുകള്‍ അവര്‍ കണ്ടില്ല. അവന്‍റെ ഒളി കണ്ണുകളെ മറച്ചു കൊണ്ട് കുമുദം നാലു കപ്പു ചായയുമായിട്ട് പെണ്ണുകാണാന്‍ എത്തിയിരിക്കുന്ന ചെറുക്കന്‍ കൂട്ടരുടെ മുന്നിലേക്ക് പെണ്‍കുട്ടി കടന്നു വരുന്നതു പോലെ വന്നു…. അതോ അവള്‍ക്കിപ്പോള്‍ ഭാര്യയുടെ റോളാണോ….സുദേവിന്‍റെ മനസ്സില്‍ ഉദിച്ച ചോദ്യം വിരുന്നു കാരുടെ മനസ്സുകളിലും ഉണ്ടായോ എന്ന് അറിയാനായി അവന്‍ അവരുടെ മുഖങ്ങളില്‍ നോക്കി. അവര്‍ തുറന്നു പിടിച്ച കണ്ണുകളുമായിട്ട് ഭാവി വധുവിനെ കാണും പോലെ നോക്കിയിരിക്കുകയാണ്.
ഇവള് സേര്‍വന്‍റാ…?
അതെ…
തനിച്ചേയുള്ളോ…?
അല്ല… അവളുടെ ഭര്‍ത്താവുമുണ്ട്…..
ചോദ്യങ്ങളും ഉത്തരങ്ങളും കേട്ടിട്ട് കുമുദം നാണിച്ച് തല കുമ്പിട്ടു നിന്നു, നവവധുവിനെപ്പോലെ…. സുദേവിനെ നോക്കി പോകാന്‍ അനുവാദം ചോദിച്ചു, കണ്ണുകളാല്‍. അനിത അതു കണ്ടു. അനുവാദം കൊടുത്തപ്പോള്‍ മാത്രമവള്‍ അടുക്കളയിലേക്ക് പോയി…
സുദേവ് ഈ പുസ്തകങ്ങളെല്ലാം വായിക്കണം… ഒരു ഉത്തമ പുരുഷന്‍… അതാണ് ഡോ.ലാസറലിരാജയുടെ ആത്മകഥയില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബാല്യം, കൗമാരം, യൗവനം, ജോലി, ജീവിതം, വിവാഹം എല്ലാം ഞങ്ങള്‍ കണക്കു കൂട്ടി വച്ചിട്ടുണ്ട്….
എഴുതിയിട്ടുണ്ടെങ്കില്‍ അതു തന്നാല്‍ മതിയായിരുന്നു.
എഴുതിയിട്ടില്ല…
എഴുത്താണാവശ്യം…. അതാണ് സുദേവ് ചെയ്യേണ്ടത്….
കുഞ്ഞുമോനെന്നായിരുന്നു ആദ്യത്തെപേര്. ഒരു മതമൈത്രി കാണുന്നില്ലേ ആ പേരില്‍…
ഉണ്ട്…
അതേപോലെ തന്നെയാണ് ലാസറലിരാജയും… ലാസര്‍ ക്രിസ്ത്യന്‍ പേരാണ്, അലി മുസ്ലീം പേരും രാജ ഹിന്ദു പേരായ രാജന്‍ ചുരുക്കിയതും….
മതമൈത്രി തന്നെ…
തീര്‍ച്ചയായും.
കുമുദത്തിന്‍റെ ചായ കുടി കഴിഞ്ഞ് അനിത മുറികളും അടുക്കളയും നടന്നു കണ്ടു. കുമുദത്തിനെ നോക്കി നിന്ന് അളുടെ ഉടയാത്ത അളവുകളെ മനസ്സില്‍ കുറിച്ചെടുത്തു.
ഇവളുടെ ഭര്‍ത്താവിന് വേറെ എന്തു പണിയാണ്…….?
തോട്ടത്തില്‍ പണിയാണെന്നു തോന്നു….
രാത്രയിലും ഇവിടെയാണോ കിടപ്പ്…?
അല്ല….
പകല് ഇവള് തനിച്ചേയുള്ളൂ അല്ലേ…..?
സുദേവിന്, അനിതയുടെ പോക്ക് വ്യക്തമായി. അവന്‍ മറുപടി പറഞ്ഞില്ല. ആ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ അവന്‍ ബാദ്ധ്യസ്ഥനല്ലെന്ന് ചിന്തിച്ചു. പല വ്യക്തികള്‍ക്കും കൊടുക്കേണ്ട സ്ഥാനം പലതാണെന്നും ഓര്‍മ്മിച്ചു.
ആഴ്ചയിലൊരിക്കലെങ്കിലും നമുക്ക് കാണണം… ഇവിടെ വച്ചു വേണ്ട, കൂടുതല്‍ സൗകര്യം എറണാകുളത്താകുന്നതാണ്. നല്ല ഹോട്ടലില്‍ എവിടെയെങ്കിലും മുറിയെടുക്കാം…അല്ലെങ്കില്‍ നമ്മുടെ ഏതെങ്കിലും ഫ്ളാറ്റിലാകാം…. അനിതയെന്തു പറയുന്നു…?
അതുമതി…..
ബംഗ്ലാവ് വിട്ട് അവര്‍ നടന്നപ്പോള്‍ സുദേവ് കൂടെപ്പോയി. അവരുടെ കൂടെ നടക്കുന്നുണ്ടെങ്കിലും അവര്‍ അവനെ ഗൗനിക്കുനതായി തോന്നിയില്ല. അവരുടെ ഇടപഴകലുകള്‍….സ്പര്‍ശനങ്ങള്‍…..അനധികൃതമായതെന്തോ അവരില്‍ സുദേവ് മണത്തു.
@@@@@