Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  ഇരുപത്തിയഞ്ച്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

ലാസറിടത്തേക്കുള്ള മടക്കയാത്രയില്‍, ബസ്സില്‍ ഇരുന്ന് കണ്ണടക്കുമ്പോഴൊക്കെ മെസ്സേജിലെ ദൃശ്യങ്ങള്‍ മുന്നില്‍ നടക്കുന്നതു പോലെ തോന്നി സുദേവിന്. ആ കൃത്യം നടന്നു കൊണ്ടിരിക്കുമ്പോള്‍ ജിനോയുടെ ആവശ്യ പ്രകാരം പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നിരിക്കണം.  ജിനോ തന്നെ ആര്‍ക്കെല്ലാമോ അയച്ചു കൊടുത്തിട്ടുമുണ്ട്.  അങ്ങിനെയെങ്കില്‍ അതൊരു മുന്നറിയിപ്പാണ്. ആര്‍ക്കുള്ളതാണെന്ന് ഇനി ആറിയാന്‍ കഴിയില്ല. ലത പറയുന്നതു ശരിയാണെങ്കില്‍ നാടാകെ പടര്‍ന്നു കഴിഞ്ഞിരിക്കുന്നു.  ഇതേ പോലുള്ള ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്ന ഒരു വിഭാഗം തന്നെ സമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്.  പല ഭീകര സംഘടനകളുടേതുമായിട്ട് തല അറുക്കുന്നതും മറ്റു രീതികളില്‍ കൊല ചെയ്യുന്നതുമായ മെസ്സേജുകള്‍ വ്യാപകമായി കാഴ്ചക്ക് കിട്ടുന്നുമുണ്ട്.  അതേ പോലെ ഇതും വ്യാപകമായി കണ്ടു കഴിഞ്ഞിരിക്കുന്നു.

       ലാസറിടത്തെത്തി ബല്ലടിച്ച് അധികം കാത്തു നില്‍ക്കാതെ കുമുദം കതക് തുറന്നു.  കുമുദം പോകേണ്ട സമയം കഴിഞ്ഞിരിക്കുന്നു.  കുമുദമുള്ളപ്പോഴാണ് ബല്ലടിച്ച് കാത്ത് നില്‍ക്കേണ്ടി  വരുന്നത്.  അല്ലെങ്കില്‍ കൈയ്യിലുള്ള താക്കോല്‍ ഉപയോഗിച്ച് തുറക്കാം.  കുമുദമുണ്ടെങ്കല്‍ താക്കോല്‍ ഉപയോഗിക്കാതെ ഓടാമ്പല്‍ ഇട്ട് കതക് അടക്കും.  കുമുദത്തിന്‍റെ മുഖത്ത് സദാ ഉള്ള ഭാവങ്ങളല്ല.  എന്തോ പ്രത്യേകിച്ച് പറയാന്‍ കരുതിവച്ചിരിയ്ക്കും പോലെ.  അതുകൊണ്ടാകാം പോകാതിരുന്നത്. 

       ഉള്ളില്‍ കയറിയപ്പോള്‍ മറ്റൊറാള്‍ കൂടിയുണ്ട്.  സുദേവിന് പരിചയമില്ലാത്ത ഒരു യുവതി.  കെട്ടുകാഴ്ചകളും ആടകളും വിലകുറഞ്ഞുള്ള യുവതിയെ നോക്കി സുദേവ് ചിരിച്ചു.  അവളുടെ മറു ചിരിക്ക് ഒരാകര്‍ഷണീയതയുണ്ട്. 

       കുമുദം പറഞ്ഞു.

       ദീപ, വലിയ ബംഗ്ലാവിലെ സേര്‍വന്‍റാണ്.

       സുദേവ് അവളെ കണ്ടിട്ടില്ലെന്ന് ഓര്‍മ്മിച്ചു. 

       സാര്‍ കണ്ടിട്ടുണ്ടാകില്ല… എനിക്ക് അടുക്കളയിലും ഡൈയിനിംഗിലും പണിയില്ല… ഞാന്‍ ഷാഹിന മാമിന്‍റെയും ലൈല മാമിന്‍റെയും പേര്‍സണല്‍ സേര്‍വന്‍റാണ്…

       സുദേവിന് അതൊരു പുതിയ അറിവാണ്.

       ഓ…

       ദീപ സാറിനോട് പേശതുക്കു വന്തത്…

       പേശതുക്ക്…..?

       ആമാ… അതു മട്ടും താന്‍ ഞാന്‍ പരോകാതെയിരുന്തത്…

       ഓ… രണ്ടുമിനിട്ട് ഞാനിപ്പോള്‍ വരാം…..

       സുദേവ് ബഡ്റൂമില്‍ പോയി, ബാഗ് ടേബിളില്‍ വച്ച്, ബാത്ത് റൂമില്‍ പോയി മുഖം കഴുകി തുടത്ത് തിരികെ വന്നു.  മുഖം കഴുകി കഴിഞ്ഞപ്പോള്‍ അവന് ഉന്മേഷം കിട്ടിയതു പോലെ തോന്നി.

       ദീപയിരിക്ക്…

       വേണ്ട സാര്‍… ഞാന്‍ നിന്നോളാം…

       ഹേയ്… ദീപ ഇരിക്ക്… കുമുദവും ഇരിക്ക്….

       എന്താണ് ദീപെ….?

       ദീപ അവനടുത്ത് സെറ്റിയില്‍ തന്നെയിരുന്നു.  അത്ര അടുത്തിരിക്കുന്നത് പറയാനുള്ള കാര്യത്തിന്‍റെ പ്രാധാന്യം കുട്ടുന്നുണ്ടെന്ന് സുദേവിന് തോന്നി.

       കുമുദം സുദേവിന് ചായ കൊണ്ടു വന്നു.  അവള്‍ വീണ്ടും അടുക്കളയിലേക്ക് പോയി.

       നമുക്ക് ഇവിടെയിരുന്നാല്‍ മതിയോ…..?

       ഉം… കുമുദത്തിനറിയാവുന്ന കാര്യമാണ്…

       എന്‍റെ വീട് ആവോലിയിലാണ്, മൂവാറ്റുപുഴയ്ക്കടുത്ത്… ഇവിടെ രണ്ടു വര്‍ഷമായി…ബ്യൂട്ടീഷ്യനെ വേണമെന്ന് പരസ്യ കണ്ടിട്ടു വന്നതാണ്… എന്നെപ്പോലെ ഒരാളു കൂടിയുണ്ട്…. അവള് ഹണിയുടേയും ശിഖയുടേയും സേര്‍വന്‍റാണ്… ഞങ്ങള്‍ക്ക് അവരുടെ കാര്യങ്ങള്‍ മാത്രം നോക്കിയാല്‍ മതി.  ഭക്ഷണവും താമസ്സവുമൊക്കെ മറ്റ് സേര്‍വന്‍റുകളുടെ കൂടെയാണ്.  താമസ്സിക്കാന്‍ പ്രത്യേക സ്ഥലമുണ്ട്., ബംഗ്ലാവിന് പുറകില്‍ ഒരു തണ്ടിക… എല്ലാ സൗകര്യങ്ങളുമുണ്ട്… മൂന്നു മുറികളും… ഇപ്പോള്‍ ഞങ്ങള്‍ അഞ്ചു പേരുണ്ട്…. മൂന്നു പേരെ സാറു കണ്ടിട്ടുണ്ടാകും…. അവര്‍ക്ക് ഡൈനിംഗിലും അടുക്കളയിലും വീടു വൃത്തിയാക്കലുമൊക്കയാണ് പണികള്‍…

       ദീപ ഏതു വരെ പഠിച്ചിട്ടുണ്ട്…..?

       പത്തു വരെ, അതുകഴിഞ്ഞ് ബ്യൂട്ടീഷന്‍സ് ജോലി പഠിച്ചു…

       എവിടെ…?

       മൂവാറ്റുപുഴ….

       സുദേവിന്‍റെ ഇടക്കുള്ള ചോദ്യം ദീപ ലതയുടെ ലാസറിടത്തെ കണ്ണുകളാണോയെന്നറിയാനായിരുന്നു. പക്ഷെ, മനസ്സിലായില്ല.  പെരുമാറ്റത്തില്‍ ദീപ പത്താം ക്ലാസ്സുകഴിഞ്ഞ പെണ്‍കുട്ടിയെ പോലെയല്ല.  നല്ല വിദ്യാഭായസവും വയാനയുമുള്ള കുട്ടിയെപ്പോലെയാണ് തോന്നിക്കുന്നത്.

       ഇവിടെ നടക്കുന്നതൊന്നും നല്ല കാര്യങ്ങളല്ല…..

       തുടര്‍ന്ന് ലാസറിടത്തെ കഥകളെ ചുരുക്കി പറയുകയായിരുന്നു.  ഒരു പൊടിപ്പും തൊങ്ങലുകളുമില്ലാതെ…..

       ഞാന്‍ രണ്ടു ദിവസം കഴിഞ്ഞാല്‍ പിരിഞ്ഞു പോവുകയാണ്… എന്‍റെ വിവാഹമാണ്…

       ഷാഹിന സമ്മതിച്ചോ…..?

       ഉവ്വ്,  അവര്‍ക്ക് ദേഷ്യമൊന്നുമില്ല… അവര് പുതിയ ആളെ വയ്ക്കും… അത്ര തന്നെ…. എനിക്ക് നല്ല സഹായം ചെയ്തിട്ടുണ്ട്… ഒരു മാലയും കുറച്ച് പൈസയും തന്നു… ഷാഹിനയുടെ വകയായിട്ട്….. ലൈല ലാസറലി സാറിനോട് പറഞ്ഞ് നന്നായി സഹായിയ്ക്കുമെന്ന് മറ്റ് സേര്‍വന്‍റ്സ് പറയുന്നുണ്ട്…..

       ഓ..നല്ലത്…..

       ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല…

       പിന്നെ…..?

       ഇന്നലെ ആരോ മരിച്ചില്ലേ…..?

       ഉം…

       അതു കഴിഞ്ഞതില്‍ പിന്നെ… സാറിനോട് അവര്‍ക്ക് ദേഷ്യമാണ്…

       ലതയുടെ കണ്ണുകളാണെങ്കില്‍ തന്നെ ലതയുമായുള്ള ബന്ധത്തെ കുറിച്ച് അവള്‍ക്കറിയില്ലെന്ന് സുദേവ് ഊഹിച്ചു.

       സാറിനെന്തോ അപകടം വരുമെന്ന് എനിക്ക് തോന്നുന്നു…..

       അങ്ങിനെ തോന്നാന്‍…..?

       ഞാന്‍ വന്നിട്ട് രണ്ടു വര്‍ഷമേ ആയുള്ളൂ… ഇവിടെ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അങ്ങിനെ തോന്നുന്നതാണ്… സാറിനെ ഞാന്‍ കണ്ടിട്ടുണ്ട്…കേട്ടിട്ടുണ്ട്…. ഷാഹിനയൊക്കെ വളരെ നന്നായിട്ടാണ് പറഞ്ഞിട്ടുള്ളത്… പെട്ടന്നിങ്ങിനെ കേട്ടപ്പോള്‍…..

       കുമുദവും അവരുടെ സംസാരത്തോടു ചേര്‍ന്നു.  അരമണിക്കൂറോളം അവര്‍ അടുത്തടുത്തിരുന്നു സംസാരിച്ചു.  അവളുടെ ഭീതികളെ സംസാരിച്ച്, നിസ്സാരമായിക്കാണാന്‍ സാന്ത്വനിപ്പിച്ച് യാത്രയാക്കി, സുദേവ്…

***

       വളരെ വൈകിയാണ് ലാസറലി വിളിച്ചത്.

       സുദേവ്, ഞാനിപ്പോള്‍ എത്തിയതേയുള്ളൂ… മരിച്ചത് നമ്മുടെ അടുത്ത ആളൊന്നുമല്ല… എന്തോ മുന്‍ വൈരാഗ്യമാണെന്നു തോന്നു… ബിസിനസ്സല്ലെ… അതുവിട്… ഞാന്‍ വിളിച്ചത് സുദേവ,് എഴുതികഴിഞ്ഞെന്നല്ലേ പറഞ്ഞത്…..?

       കഴിഞ്ഞു…നാളെ ഏല്പിക്കാമെന്ന് കരുതുകയാണ്…

       ഏസ്…. ഞാന്‍ അതു പറയാനാണ് വിളിച്ചത്….

       തീര്‍ച്ചയായും. ആത്മകഥ വൃത്തിയായി മാറ്റിയെഴുതി പിന്‍ചെയ്തു വച്ചു.  ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു വന്ന വീക്കിലിയുടെ കോപ്പികള്‍ എടുത്തുവച്ചു….ഇനി പാക്കു ചെയ്യനേയുള്ളൂ…

       പിറ്റേന്ന് വൈകിട്ട് ബംഗ്ലാവില്‍ വച്ച് ഒരു ഫംഗ്ഷന്‍ നടക്കുന്നുണ്ടെന്നും അതില്‍ നിവേദിതയെ കൂടി പങ്കെടുപ്പിക്കണമെന്നും, ആ പ്രത്യേക പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട രണ്ടുപേര്‍ കൂടി പങ്കെടുക്കുന്നുണ്ടെന്നും സുദേവിനെ ധരിപ്പിച്ച് ലാസറലി ഫോണ്‍ നിര്‍ത്തി.

***

       ലത പറഞ്ഞു.

       സുദേവ്, ഞങ്ങള്‍ പറയുന്നതു പോലെ മാത്രമേ പ്രവര്‍ത്തിക്കാവൂ…. ലാസറിടത്തു നിന്നും എനിക്കു കിട്ടിക്കൊണ്ടിരുക്കുന്ന പുതിയ അറിവുകള്‍ താങ്കളെ സംബന്ധിച്ച് അത്ര ശുഭകരമല്ല.  എഴുത്തുകള്‍ കൊടുത്ത് താങ്കള്‍ നാളെ പിരിയുകയാണ്.  എനിക്കു തേന്നുന്നത് ലാസറലി ആദ്യം പ്ലാന്‍ ചെയ്തിരുന്നത് അപ്രകാരമായിരുന്നില്ലെന്നാണ്. പുസ്തകത്തിന്‍റെ പിന്‍റിംഗും പ്രകാശനവും കഴിയും വരെ നിങ്ങളെ കൂടെ നിര്‍ത്തണമെന്നായിരുന്നു.  കുഞ്ഞാറുമേരിയുടെ അടുത്തുള്ള സന്ദര്‍ശനം എല്ലാം മാറ്റി മറിച്ചിരിക്കുന്നു.  അതിന് തലേ ദിവസം വരെ നിലനിന്നുരുന്ന താങ്കളോടുള്ള സമീപനമല്ല അതിനു ശേഷം ലാസറലിക്ക് ഉണ്ടായിരിക്കുന്നത്.  കുഞ്ഞാറുമേരിയുടെ അടുത്ത് പോകേണ്ടിയിരുന്നില്ല എന്ന് എനിക്കിപ്പോള്‍ തേന്നുന്നു.  അതിന് വഴിയൊരുക്കിയതും നിര്‍ബദ്ധിച്ചതും ഞാനായതു കൊണ്ട് നിങ്ങളെ സഹായിക്കേണ്ടതും എന്‍റെ ചുമതലയായി കാണുന്നു.  എന്താണെങ്കിലും അവിടെ നിന്ന് പിരിയാന്‍ തീരുമാനിച്ചില്ലെ ഇനി കാര്യങ്ങള്‍ തീരുമാനം പോലെ യഥാസമയം നടക്കട്ടെ… നിവേദിതയും പങ്കെടുക്കട്ടെ… പക്ഷെ, ഓരോ ചുവടുകളും ഞാന്‍ പറയുന്നതു പ്രകാരമേ ചെയ്യാവൂ… ലാസറലിയുടെ വാഹനത്തില്‍ തന്നെ നിവേദിതയെ വിളിക്കാന്‍ പോവുക. വൈകി മാത്രം തിരികെ വരിക… നിങ്ങള്‍ ഇല്ലാതിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ ഒരുക്കുന്ന പ്രത്യേകതകളെ ഞങ്ങള്‍ക്ക് പഠിക്കണം… ആതായിരിക്കും നല്ലത്…

       സുദേവ് നിശ്ശബ്ദം കേട്ടിരുന്നു.  ദീപയില്‍ നിന്നും കിട്ടിയിരിക്കുന്ന അറിവ് ലതയ്ക്കും എത്തിയിട്ടുണ്ടെന്നത് വ്യക്തം. ലാസറലി അനധികൃതമായതെന്തോ ചെയ്യാനിരിക്കുന്നെന്ന് ലതയും ഭയക്കുന്നു.  ശരിയായിരിക്കും.  ഇപ്പോള്‍ ലതയുടെ സഹായം വേണ്ടിയിരിക്കുന്നു.

***

       രാത്രിയില്‍ മുഴുവന്‍ വാര്‍ത്താ ചാനലുകള്‍ നഗരത്തെ നടുക്കിയ കൊലപാതകത്തെപ്പറ്റി വാര്‍ത്തയും ദൃശ്യങ്ങളും കാണിച്ചു കൊണ്ടിരുന്നു.  മരിച്ചു കിടക്കുന്നതും, പോലീസ് നടപടികളും, പത്രക്കരുടെ ചോനലുകരുടെ പ്രവര്‍ത്തനങ്ങളും….

       രണ്ടു ഗുണ്ടാ സംഘങ്ങള്‍ക്കിടയിലുള്ള കുടിപ്പക തന്നെയാണെന്ന് വാര്‍ത്തകള്‍ സ്ഥിരീകരിച്ചു കൊണ്ടിരുന്നു.  ഇടക്കൊക്കെ സിറ്റി പോലീസ് കമ്മീഷണര്‍ മുഖം കാണിച്ച് ഒരു കാര്യ തന്നെ പറഞ്ഞു കൊണ്ടുമിരിക്കുന്നു.

       നഗരത്തിന്‍റെ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്തും കൊലപാതകികളെ പന്ത്രണ്ടു മണിക്കൂറിനുള്ളില്‍ അറസ്റ്റു ചെയ്യുമെന്നൊക്കെ…

       നേരം പുലരും മുമ്പ് സുദേവ് ഉറക്കമുണര്‍ന്നയുടനെ വീണ്ടും വാര്‍ത്തകള്‍ കണ്ടു. അവരുടെ തോറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുയാണ്,  അക്ഷരങ്ങളും വാക്കുകളും വാചകങ്ങളും മാറ്റാതെ.

       ഇരുള് നീങ്ങിയിട്ടില്ല. സുദേവ് ജനാല തുറന്നിട്ടു.  അകത്തെ ദുഷിച്ച വായുക്കളെ കതക് വഴി ഡൈനിംഗ് ഹാളിലേക്ക് പായിച്ചു കൊണ്ട് പുതു തെന്നല്‍ മുറിയിലേക്ക് വന്നു.  അത് സുദേവിനെ തഴുകി ഉന്മേഷവാനാക്കി.  അവന്‍ മര്‍മ്മരം ചെയ്തു.

       ഞാനിന്നു കൂടിയെ ഇവിടെ ഉണ്ടാകൂ, നിന്‍റെ സ്നേഹം നാളെ മുതല്‍ എനിക്ക് അന്യമായിരിക്കും.  നന്ദിയുണ്ട് എല്ലറ്റിനും, എന്നെ കുളിര്‍പ്പിച്ച് ഉള്‍താപം അകറ്റിയതിന്, ചൂടുകൂട്ടി വിയര്‍പ്പിച്ച് ഉള്ളിലെ അഴുക്കളെ അകറ്റിയതിന്…

       പെട്ടന്ന് തെന്നല്‍ വിഷാദം പൂണ്ട് നിശ്ചലമായി.

       ജനല്‍പ്പടി വരെയെത്തിയിരിക്കുന്ന മുല്ല വള്ളിയെ അവന്‍ തഴുകി. ജനല്‍ തുറന്നപ്പോള്‍ അവളുടെ രണ്ട് ഇലകള്‍ അടര്‍ന്ന് പോയി… അതിനു മാപ്പു പറഞ്ഞു.

       പേരയോട്, പ്ലാവിനോട്, മാവിനോട്, ആഞ്ഞിലി മരത്തിനോട് അവന്‍ യാത്രമൊഴികള്‍ പറഞ്ഞു.  അവരുടെയൊക്കെ മറു മൊഴിക്ക് ഈര്‍പ്പമുണ്ട്.

       അവന് വിഷമം തോന്നി.

       സഖാക്കളില്‍ ആദ്യമെത്തിയത് കാക്കയാണ് അവന്‍ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നു.  അവന്‍ വലിയ ബംഗ്ലാവിലേയും സന്ദര്‍ശകനാണ്.  അവിടത്തെ പിറുപിറുക്കലുകള്‍ അവന്‍റെ കൗശല കര്‍ണ്ണങ്ങള്‍ കേട്ടിരിക്കുന്നു.

       അണ്ണാറക്കണ്ണനും ഭാര്യയും…

       കരിയില പിടകള്‍…

       ആഞ്ഞിലി മരച്ചുവട്ടില്‍ കീരിയും കുടുംബവും…

***

       സുദേവ്….

       ലതയുടെ ഫോണ്‍.

       ഇടതു പക്ഷത്തിന്‍റെ വാര്‍ത്താ ചാനല്‍ കാണൂ…

       ഫോണ്‍ ഡിസ്കണക്ട് ചെയ്യാതെ തന്നെ അവന്‍ വാര്‍ത്ത കണ്ടു.

       ബ്രേക്കിംഗ് ന്യൂസ്…

       കേരള പോലീസിന്‍റെ തൊപ്പിയില്‍ ഒരു പൊന്‍ തൂവല്‍ കൂടി….നഗരത്തെ നടുക്കിയ കൊലപാതകത്തിന്‍റെ പ്രതികള്‍ കസ്റ്റഡിയില്‍… മൂന്നു പേര്‍…അവരുടെ ചിത്രങ്ങള്‍….അതില്‍ ജിനോയില്ല… മൊബൈലില്‍ വന്ന മെസ്സേജില്‍ കണ്ട മറ്റ് രണ്ടു പേരുമില്ല…

       ലത പറഞ്ഞു.

       അവര്‍ പോലീസുനെ വിലക്കെടുത്തു കഴിഞ്ഞു..  ഇനിയും നമുക്ക് കാത്തിരിക്കാന്‍ കഴിയില്ല. ലാസറലി ഒരിക്കല്‍ കൂടി രക്ഷപെടാന്‍ പോവുകയാണ്… അത് തടയണം.  സുദേവ്, ഞങ്ങള്‍ യുദ്ധത്തിന് ഇറങ്ങുകയാണ്. പക്ഷെ, അത് നിങ്ങളെ കൂടുതല്‍ ഉപരോധത്തിലാക്കുകയേയുള്ളൂ വെന്നറിയാം. അതു കൊണ്ട് എന്‍റെ ഡയറക്ഷന്‍ അനുസരിച്ച്  ഓരോ നീക്കങ്ങളും നടത്തുക… നമ്മുടെ ആദ്യത്തെ അസ്ത്രം ജിനോയുടെ മെസ്സേജാണ്.  പോലീസ് കമ്മീഷണര്‍ക്ക്, ആഭ്യന്തരമന്ത്രിയ്ക്ക് മാധ്യമങ്ങള്‍ക്ക് മെസ്സേജ് ചെയ്യാന്‍ പോവുകയാണ്…

       ലതയുടെ പ്ലാനുകള്‍ വിശദമാക്കി കൊണ്ടിരുന്നു.

       സുദേവിന് തികച്ചും പ്രതിരോധത്തിലായതുപോലെ തോന്നി.  അവന് ലതയെ തള്ളിയകറ്റാന്‍ കഴിയില്ല.  അയാളെ കുറിച്ചുള്ള അറിവും അയാള്‍ നല്‍കിട്ടുള്ള അറിവുകളും  കിട്ടിയിരുന്നില്ലെങ്കില്‍ അവരെ പറ്റിയോ, പ്രവര്‍ത്തനങ്ങളെ പറ്റിയോ, ലാസറലിയുടെ വലിയ ഒരു ചരിത്രമോ അറിയില്ലായിരുന്നു. സുദേവ് ഇടയില്‍ വന്നില്ലായിരുന്നെങ്കിലും അവര്‍ ദൗത്യത്തിലേക്ക് വരുമായിരുന്നു  അവരുടെ യുദ്ധം നടക്കുകയും ചെയ്യുമായിരുന്നു.

***

       ജോഗിംഗ് ഒഴിവാക്കി സുദേവ് നിവേദിതയുടെ അടുത്തേക്കുള്ള യാത്രക്കൊരുങ്ങി.  ലാസറലിയുടെ വാഹനം അവനെ കാത്ത് ഗസ്റ്റ് ബംഗ്ലാവിന്‍റെ പോര്‍ച്ചില്‍ എത്തി.

       ലത.

       സുദേവ്, ലാസറിടത്ത് ഇന്നലെ ഒരു ക്രൂരത കൂടി നടന്നിട്ടുണ്ട്. അതൊരു പ്രതിഫലം കൊടുക്കലാണ്. നഗര കൊലപാതകം ലാസറലി ഉദ്ദേശിച്ചതു പോലെ വാര്‍ത്തയാക്കിയതിനുള്ളത്.  വാട്സാപ്പില്‍ ഞാന്‍ ദൃശ്യങ്ങള്‍ അയക്കാം. കാണണം.  ആ ദൃശ്യവല്‍കരിച്ചിരിക്കുന്ന കാര്യങ്ങള്‍ കൂടാതെ വലിയൊരു തുക കൂടി ഒരു പോലീസുദ്ദ്യോഗസ്ഥന്‍ കൈപ്പറ്റിക്കഴിഞ്ഞു. 

       ലത ഫോണോഫാക്കിയപ്പോള്‍ സുദേവ് വാട്സാപ്പ് ദൃശ്യങ്ങള്‍ കണ്ടു.

       ഉന്നതനായ ഒരു പോലീസുകാരന്‍റെ അതുതായ്മകളിലേക്ക് ശിഖയെ പ്രവേശിപ്പിക്കുന്ന കാഴ്ചകള്‍…..

       സുദേവിന് ആ കാഴ്ചകള്‍ അധികം നേരം കാണാന്‍ തോന്നിയില്ല.  അവന്‍റെ മനസ്സിന്‍റെ സംവേദന തലം മരവിച്ചു പോയി.  അര്‍ദ്ധപ്രജ്ഞനായി കട്ടിലില്‍ ഇരുന്നപ്പോള്‍ ലത വീണ്ടും വിളിച്ചു.     

       സുദേവ്, നമ്മള്‍ വിചാരിക്കുന്നതിലും വലിയ അവകടാവസ്ഥയിലാണ് നിങ്ങള്‍…. അവര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഇനിയും നമുക്ക് കണക്കൂട്ടാന്‍ കഴിഞ്ഞിട്ടില്ല….നിങ്ങള്‍ ഉടന്‍പുറപ്പെടുക.  നിവേദിതയുടെ അച്ഛനെയും അമ്മയെയും നിങ്ങളുടെ അമ്മയേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക.  നിങ്ങള്‍ രണ്ടാളും തല്‍ക്കാലം ഇവിടെ നിന്നും മാറി നില്‍ക്കാന്‍ പോകുകയാണെന്ന് പറയുക.  അവരുടെ അടുത്തും അന്വേഷണങ്ങള്‍ ഉണ്ടാകുമെന്ന് ധരിപ്പിക്കുക.  അത് ലാസറലിയുടെ ഭാഗത്തു നിന്നും മാത്രമല്ല, പോലീസിന്‍ നിന്നും ഉണ്ടാകുമെന്നറിയിക്കുക.  ലാസറലിയുമായി ബന്ധപ്പെട്ട ഒരു പേപ്പറു പോലും അവിടെ ഉണ്ടാകരത്. താങ്കള്‍ക്ക് മനസ്സിലാകുമെന്ന് കരുതുന്നു.  വാഹനത്തില്‍ ഇരുന്ന് ഒരു കാര്യവും സംസാസരിക്കരുത്.  എന്‍റെ ഫോണ്‍ വന്നാല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി സംസാരിക്കുക.  വാഹനത്തിനുള്ളില്‍ നിങ്ങള്‍ കഴിയുന്നത്ര സന്തോഷത്തിലായിരിക്കാന്‍ ശ്രമിക്കുക.

       വാഹനം ലാസറിലടം വിട്ട് മങ്കാവുടി നഗരം വിട്ട് ഓടിത്തുടങ്ങിയപ്പോള്‍ സുദേവിന് മാനസിക സംഘര്‍ഷം കുറഞ്ഞു വരുന്നതായി തോന്നി.  ഭയക്കരുത്, അവന്‍ മനസ്സിനോട് പറഞ്ഞു.  മനസ്സ് അത് സമ്മതിച്ചു.

       ഇതൊരു സമരം തന്നെയാണ്, സുദേവിന്‍റെ ജീവിതത്തിലെ…. തിന്മകള്‍ക്കെതിരെയുള്ള സമരം…  അവന്‍ മനസ്സിനോട് പറഞ്ഞുകൊണ്ടിരുന്നു.

       നിവേദിതയുടെ വീട്ടിലായിരുന്നു, ആദ്യം എത്തിയത്. പഴയ നാഷണല്‍ പെര്‍മിറ്റ് ലോറി ഡ്രൈവര്‍ക്ക് പ്രമേഹ രോഗത്താല്‍ ദേഹത്തിന്‍റെ കരുത്ത് കുറഞ്ഞെന്നേയുള്ളൂ,  ഒന്നിലും പതറാത്ത മനക്കരുത്തുണ്ടെന്ന് സുദേവിന് തോന്നി.  അയാള്‍ പറഞ്ഞു.

       നിങ്ങള്‍, നിങ്ങളെ മാത്രം കാത്തു കൊള്ളുക മറ്റൊന്നും ഓര്‍ക്കേണ്ട… അല്ല എന്തിനും ഞാന്‍ മുന്നില്‍ നിന്നു ചെയ്യാന്‍ തയ്യാറാണെന്ന കാര്യവും മറക്കരുത്, വേണ്ടി വന്നാല്‍….പറയാന്‍ മടിക്കരുത്……

       പ്രഭാത ഭക്ഷണം അവിടെ നിന്നും കഴിച്ചു.  ഡ്രൈവര്‍ക്ക് നിവേദിതയുടെ അമ്മയുണ്ടാക്കിയ ദോശയും ചട്ടിണിയും നന്നേ ഇഷ്ടമായി.  നിവേദിതക്ക് രണ്ടു ജോഡി വസ്ത്രങ്ങള്‍ മാത്രമാണ് അവിടെ നിന്നും എടുക്കാനുണ്ടായിരുന്നുള്ളൂ.  അവള്‍ ഔദ്യോഗികമായതൊന്നു വീട്ടില്‍ വക്കാറില്ല. സത്യം പറഞ്ഞാല്‍ സൂക്ഷിക്കാനൊരു സ്ഥലം ആ വീട്ടിലില്ല, നല്ലൊരു അലമാര പോലും.

       നഗരത്തിലൂടെ അവര്‍ വെറുതെ ചുറ്റിക്കറങ്ങി.  അത് ഡ്രൈവര്‍ക്ക് മനസ്സിലായില്ല.  ഓരോ പാര്‍ക്കിംഗ് ഏരിയായില്‍ അയാളെയും വാഹനത്തെയും വിശ്രമിക്കാന്‍ വിട്ട് അവര്‍ നടന്നു.  ഇടയ്ക്ക് നിവേദിത സ്വന്തം അക്കൗണ്ടിലെ പണം അച്ഛന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടു.  അവളുടെ ആ നീക്കത്തില്‍ സുദേവിന് അസൂയ തോന്നി. 

       അവരുടെ ഹോട്ടലില്‍ അതേയിരിപ്പിടത്തില്‍ മുഖത്തോടു മുഖം നോക്കിയിരുന്ന് ഉച്ചഭക്ഷണം കഴിച്ചു.  അവരെ കാണാന്‍ കഴിയും വിധം അകന്നിരിന്ന് ഡ്രൈവറും കഴിച്ചു.  സുദേവ് അവളെത്തെന്നെ ശ്രദ്ധിച്ചിരുന്നു. അവള്‍ ആസ്വദിച്ച് തന്നെയാണ് ഭക്ഷണം കഴിക്കുന്നത്.  ഇടക്കവള്‍ അവരുടെ ഹോട്ടല്‍ സംഗമത്തിന്‍റെ ആദ്യ ദിനത്തെ ഓര്‍മ്മിച്ചു.  പനിനീര്‍ മലരില്‍ തങ്ങിനിന്ന ജലകണവും, സപ്ത വര്‍ണ്ണങ്ങളും നാടന്‍ പട്ടിയും അവന്‍റെ അടയാളപ്പെടുത്തലും തോട്ടക്കാരന്‍റെ പ്രതിഷേധവും…

       നവ വധൂവരന്മാരെ സ്വീകരിക്കുന്ന മാനസ്സിക അവസ്ഥയിലാണ് സുദേവിന്‍റെ അമ്മ അവരെ വീടിനുള്ളിലേക്ക് വിളിച്ചു കൊണ്ടു പോയത്.  നിവേദിതയുടെ ദോഹത്ത് തടവി, മുടിയില്‍ തഴുകി, കെട്ടിപ്പിടിച്ച് മൂര്‍ധാവില്‍ ചുംബിച്ച് ശിരസ്സില്‍ രണ്ടു തുള്ളി കണ്ണീല്‍ വീഴ്ത്തി അനുഗ്രഹിച്ചു.

       വാഴയിലയില്‍ ചുട്ടെടുത്ത ഓട്ടട അവള്‍ക്കായി ഒരുക്കി കട്ടന് ചായ തിളപ്പിച്ചു വച്ച് ഊണുമേശയുടെ ഒരുവശത്ത് രണ്ടു കസേകളില്‍ അടുത്തടുത്ത് ഇരുത്തി,  ഒരോട്ടട പകുത്ത് രണ്ടു പേരുടെയും വായില്‍ വച്ചു കൊടുത്ത്, മധുരം വച്ചു.  കാപ്പി കുടിച്ചു കൊണ്ടിരിയ്ക്കെ ഡ്രൈവര്‍ മനസ്സില്‍ ചോദിച്ചു. ഇവരുടെ വിവാഹമായിരുന്നോ ഇന്ന്…..?

       അമ്മയ്ക്ക് സുദേവിനേക്കാള്‍ ധൈര്യമുണ്ടെന്ന് നിവേദിതക്ക് തോന്നി.  അവര്‍ പറഞ്ഞു.

       എന്‍റെ മക്കള്‍ക്ക് ഒന്നും വരില്ല…..

       പടിവരെ അവരെ അനുഗമിച്ച് അമ്മ വന്നപ്പോള്‍ ഡ്രൈവര്‍ക്കു തോന്നി അവരെവിടേയ്ക്കോ പോവുകയാണെന്ന്….. അയാളുടെ മനസ്സിലെ സംശയത്തെ നിരാകരിക്കാന്‍ സുദേവ് പറഞ്ഞു.

       ഞങ്ങള്‍ നാളെകഴിഞ്ഞ് വരും….

       കാറില്‍ കയറുമ്പോള്‍ സുദേവ് പറഞ്ഞു.

       നമുക്ക് ലാസറിടത്തേണ്ട സമയം ആയിട്ടില്ല… ഇനിയും നാലു മണിക്കൂര്‍ ബാക്കിയുണ്ട്.  ഇന്നൊരു കവിയരങ്ങ്            നടക്കുന്നുണ്ട്, പത്രത്തില്‍ കണ്ടതാണ്… കവി എന്‍ കെ ദേശമാണ് ഉത്ഘാടകന്‍….

       നിവേദിതക്ക് സന്തോഷമായി.

       അവരെത്തുമ്പോള്‍ സംഘാടകര്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ…. പ്രാദേശിക ലൈബ്രറിയുടെ വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നതാണ്.  അടുത്ത സര്‍ക്കാര്‍ യൂ പി സ്കൂള്‍, നാല് ക്ലാസ് മുറികളുടെ പലക മറകളെ സൈഡിലേക്ക് ഒതുക്കി വച്ച് കുട്ടികള്‍ ഇരിക്കുന്ന ബഞ്ചുകള്‍ നിരത്തിയിട്ട്…. കവി ലൂയിസ് പീറ്റര്‍ അവരെ പരിചയപ്പെടാനെത്തി, അയാള്‍ അടുത്തെത്തിയപ്പോള്‍ മദ്യത്തിന്‍റെയും സിഗരറ്റിന്‍റെയും മടുപ്പിക്കുന്ന ഗന്ധം അവിടമാകെ പരന്നു.  അയാള്‍ അടുത്ത ആളുടെ സമീപത്തേക്ക് നീങ്ങിയപ്പോള്‍ സുദേവ് നിവേദിതയോടു പറഞ്ഞു.

       അയ്യപ്പന്‍റെ ജനുസില്‍ പെട്ട ആളാണ്, മദ്യത്തില്‍ നീന്തുന്നതിന് ഏറെ പ്രാധാന്യം കൊടുത്തവര്‍…ജോലിയും ഭാര്യയും അതുകൊണ്ട് അകന്നു പോയി…

       കവിതാ ചരിത്രത്തെ കുറിച്ച് എഴുത്തച്ഛന്‍ മുതല്‍ ആധുനിക കവികളെ വരെ പരാമര്‍ശിച്ചു കൊണ്ട് ചിന്തോദീപമായ, തര്‍ക്കിതമായ ആശയങ്ങളെ പ്രസംഗത്തില്‍ കൊണ്ടു വരികയായിരുന്നു കവി എന്‍ കെ ദേശം…. സുദേവിനതില്‍ യോജിപ്പും വിയോജിപ്പും തോന്നിയ കാര്യങ്ങളുണ്ട്…. പക്ഷെ, അദ്ദേഹത്തിന്‍റെ വലിയങ്ങാടിയെന്ന കവിത കേട്ടു കഴിഞ്ഞപ്പോള്‍ എല്ലാ തര്‍ക്കങ്ങളേയും മാറ്റി വച്ച് മനസ്സറിഞ്ഞ് കയ്യടിച്ചു…. നവതിയടെ നിറവില്‍ നില്‍ക്കുന്ന കവിയുടെ അമ്പതു

കൊല്ലം മുമ്പെഴുതിയ കവിതയാണ് വലിയങ്ങാടി.  പക്ഷെ, അതിന്‍റെ പ്രസക്തി ഇന്നും നശിച്ചിട്ടില്ലെന്ന് സുദേവ് നിവേദിതയോടു പറഞ്ഞു.  അവള്‍ക്കതില്‍ എതിര്‍പ്പ് തോന്നിയില്ല.

       ലാസറിടത്തെത്തിയപ്പോള്‍ ദീപാലങ്കാരത്താല്‍ പ്രശോഭിതമായി നില്‍ക്കുന്നു ഗ്രീന്‍ ഹൗസ്സെന്ന് ലാസറലി പേരിട്ടിരിക്കുന്ന ലാസറിടത്തെ വലിയ ബംഗ്ലാവ്.

       ഇത്രയും പ്രാന്യമുള്ള പരിപാടിയാണോ ഇന്ന് നടക്കാന്‍ പോകുന്നതെന്ന് നിവേദിത ചിന്തിച്ചു. സുദേവിനോട് ചോദിക്കുകയും ചെയ്തു.

       അതെ…. എല്ലാ കറകളും കളഞ്ഞൊരു ആത്മകഥയുടെ, മലയാള സാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന ഒരു ചെറുകഥാ സമാഹാരത്തിന്‍റെ രചയിതാവാന്‍ പോകുകയാണ് ഡോ. ലാസറലി രാജ.

       ഏസ്…

       കതക് തുറന്ന് അകത്തു കയറിയപ്പോഴേക്കും ലാസറലിയുടെ ഫോണ്‍ വന്നു.

       സുദേവ് എത്തിയില്ലേ…?

       ഉവ്വ്….

       റെഡിയായിട്ടെത്തിക്കൊള്ളൂ…. ഇവിടെയെല്ലാം ഒരുങ്ങിക്കഴിഞ്ഞു…

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top