ചെമ്പൂര്‍ ഫിനാന്‍സിംഗ് കമ്പനി എന്ന പേരില്‍ ചെമ്പൂര്‍ ആസ്ഥാനമായിട്ടാണ് ഒന്നര വര്‍ഷം മുമ്പാണ് എബി ജോര്‍ജും ഹണിമോളും രംഗത്തു വരുന്നത്. അതിനു മുമ്പ് അവരെ കുറിച്ച് വേണ്ട അറിവുകളൊന്നും ആര്‍ക്കുമുണ്ടായിരുന്നില്ല. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്നാണ് പ്രമോട്ടിംഗ് ലഘു ലേഖകളില്‍ എഴുതപ്പെട്ടിരുന്നത്. വളരെ വ്യക്തവും വിപുലവുമായൊരു പ്രവര്‍ത്ത മണ്ഡലം ലഘുലേഖയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു. പ്രവിശ്യയില്‍ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും ചെമ്പൂര്‍ ജ്വവല്ലറി എന്ന പേരില്‍ സ്വര്‍ണ്ണ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കുക വഴിയാണ് സമൂഹത്തില്‍ ഇടപെടുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അതിനുള്ള തുക സംഘടിപ്പുക്കുന്നതിനു വേണ്ടിയാണ് ചെമ്പൂര്‍ ഫിനാന്‍സിംഗ് കമ്പനി. സമൂഹത്തില്‍ നിന്നും ചെറുതും വലുതുമായ നിക്ഷേപങ്ങള്‍ സ്വീകരിക്കുക. സമ്പാദ്യങ്ങളായിട്ടാണ് പണം സ്വീകരിക്കുന്നതെങ്കിലും അവരെയൊക്കെ കമ്പനിയുടെ ഓഹരിയുടമകളാക്കുക. സ്വര്‍ണ്ണ വ്യാപാരത്തില്‍ പണം മുടക്കി, വ്യാപാരം നടത്തി ലാഭവിഹിതം എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കുക എന്നതായിരുന്നു പദ്ധതി. ഈ സംരംഭത്തിന്‍റെ പിന്നില്‍ ഒരു വലിയ സമ്പന്ന ഗ്രൂപ്പു തന്നെയുണ്ടെന്ന് ലിസ്റ്റ് ചെയ്ത് പറഞ്ഞിരുന്നു. അതിന്‍റെ അനൗദ്യോഗീക നേതാവ് ജനാധിപത്യ ഭരണകൂടത്തിന്‍റെ മുഖ്യ അധികാരിയാണെന്ന് അനൗദ്ദ്യോഗീകമായിട്ട് സമൂഹത്തെ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഓരോ നഗരത്തില്‍ ശാഖകള്‍ തുടങ്ങിയപ്പോഴും ആ നഗരത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തികളെ മുന്നില്‍ നിര്‍ത്തുകയും, അവിടെ നിന്നു തന്നെ ജീവനക്കാരെ കണ്ടെത്തുകയും ചെയ്തു. റിട്ടയേര്‍ഡ് ബാങ്ക് ഉദ്ദ്യോഗന്ഥരും അദ്ധ്യാപകരും ജീവനക്കാരായി വരികയും ചെയ്തു. സമൂഹത്തില്‍ അവര്‍ക്കുള്ള സ്വാധീനം വഴി ഡെപ്പോസിറ്റുകള്‍ സ്വീകരിച്ചും വന്നു. പ്രധാന നഗരങ്ങളില്‍ വാടകക്കെടുത്ത കെട്ടിടങ്ങളില്‍ സ്വര്‍ണ്ണ വ്യാപാര കേന്ദങ്ങള്‍ക്കായുള്ള പണികള്‍ തുടങ്ങുകയും ചെയ്തിരുന്നു. അതിനുള്ള പരസ്യങ്ങള്‍ ദൃശ്യപത്ര മാധ്യമങ്ങളില്‍ യഥേഷ്ടം വന്നു കൊണ്ടുമിരുന്നു. ഒരു സൂപ്പര്‍ സ്റ്റാറിനെ ബ്രാന്‍റ് അംബാസിഡറായി നിയമിച്ചു കൊണ്ട് സമൂഹത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചു. സ്വര്‍ണ്ണ വ്യാപാര കേന്ദ്രങ്ങള്‍ ഒന്നു പോലും തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നില്ല. എങ്കിലും അത്യാവശ്യം വേണ്ടവര്‍ക്ക് ചെറിയ ലാഭ വിഹിതങ്ങളൊക്കെ കൊടുത്തു തുടങ്ങിയിരുന്നു. അങ്ങിനെ കൂടുതല്‍ വിശ്വാസത്തിലേക്ക് സ്ഥാപനം പെട്ടന്ന് വളര്‍ന്നു.
പക്ഷെ, ഒരു പ്രഭാതത്തില്‍ എബി ജോര്‍ജും ഹണിമോളും സമൂഹത്തില്‍ നിന്നും അപ്രത്യക്ഷരാവുകയാണുണ്ടായത്. നഗരങ്ങളിലും പട്ടണങ്ങളിലും തുറന്നിരുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. എബി ജോര്‍ജും ഹണിമോളും എവിടെയുണ്ടെന്നു കൂടി അറിയാന്‍ കഴിയാതെ വന്നു. പത്രദൃശ്യ മാധ്യമങ്ങള്‍ അതൊരാഘോഷമാക്കി. അവരു പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരാരോപണം ജനാധിപത്യ മുഖ്യഭരണാധികാരിയ്ക്കു വേണ്ടിയാണ് ചെമ്പൂര്‍ ഫിനാസിംഗ് കമ്പനി എന്ന സ്ഥാപനം ഉണ്ടാക്കിയതെന്നും അടച്ചതെന്നുമാണ്. അയാളുടെ രാഷട്രീയവും സാമൂഹികവുമായ ബന്ധങ്ങളാണ് സ്ഥാപനത്തെ ഇത്ര വേഗം വളര്‍ത്തിയതെന്നും തളര്‍ത്തിയതെന്നുമാണ്. സമൂഹത്തിലും രാഷ്ട്രീയത്തിലും നിയസഭയിലും നഗര സഭകളിലും പട്ടണ രാഷട്രീയ നേതൃത്വത്തിലും അവരുണ്ടാക്കിയെടുത്ത സ്വാധീനങ്ങള്‍ വഴി സമൂഹത്തില്‍ നിന്നും പിരിച്ചെടുത്ത കോടികള്‍ എണ്ണിത്തിട്ടപ്പെടുത്തി മാധ്യമങ്ങള്‍ ജനതയെ അറിയിച്ചു. ഓരോ ദിവസവും ഓരോ കുരുക്കുകള്‍ പൊതു സമൂഹത്തെ അഴിച്ചു കാണിച്ചു കൊടുത്തു. അവരുമായി അതേ വരെ ഒരു ബന്ധവും സ്ഥാപിക്കാന്‍ കഴിയാതെയിരുന്നവര്‍, സ്ഥാപിക്കാന്‍ ധനമില്ലാതെയിരുന്നവര്‍ ആ കുരുക്കില്‍ വീഴാതെയിരുന്നവര്‍ പത്ര വാര്‍ത്തകള്‍ വായിച്ചും ദൃശ്യമാധ്യമങ്ങള്‍ കണ്ടു രസിക്കുകയും ചര്‍ച്ചകളും സെമിനാറികളും നടത്തുകയും ചെയ്തു കൊണ്ടിരുന്നു. മലയാളി സമൂഹം തട്ടിപ്പിനു വീധേയമാകുന്ന മാര്‍ഗ്ഗങ്ങള്‍ അതിനോടുള്ള ധ്വരകള്‍, ഒരിക്കലും അതിനെ അടക്കാനാവില്ലെന്ന സത്യങ്ങള്‍, ഒരിക്കല്‍ പെട്ട്, നിരാശരായവരു തന്നെ പിന്നീട് പലതിലും പെടുന്നതിന്‍റെ മനശാസ്ത്രത്തെ പറ്റിയൊക്കെ ലേഖനങ്ങള്‍ എഴുതി ആഴ്ചപതിപ്പുകളും ദിനപ്പതിപ്പുകളും സ്പെഷ്യല്‍ എഡിഷനുകളും ജനസമൂഹത്തലേക്കെത്തിച്ച് സാമാന്യ ജനത്തിനെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒരു പ്രഭാതത്തില്‍ മുങ്ങിയവര്‍, അടുത്തൊരു പ്രഭാതത്തില്‍ കോടതിയില്‍ കീഴടങ്ങി, തെറ്റുകളേറ്റെടുക്കുകയും വ്യാപാരങ്ങള്‍ നടത്തി സമൂഹത്തിന് നന്മ ചെയ്യാന്‍ ആയിരുന്നു ഉദ്ദേശമെന്നും ആരെല്ലാമോ പിറകില്‍ നിന്നും കുത്തിയതു കൊണ്ടാണ് മറിഞ്ഞു വീണതെന്നും, ഇനിയും നേരേ നില്‍ക്കാന്‍ സമ്മതിച്ചാല്‍ എല്ലാവരുടേയും പണം തിരിച്ചു കൊടുത്ത കൊള്ളാമെന്നും സത്യവാങ്മൂലം ചെയ്തു കൊണ്ട് കോടതിയില്‍ നിഷ്കളങ്കരെപ്പോലെ നിന്നു. അങ്ങിനെ നിന്നപ്പോള്‍ ജനങ്ങള്‍ കണ്ടു അവരുടെ പിറകില്‍ ആരുമില്ലെന്നും, അവര്‍ രണ്ടാളുകള്‍ മാത്രമാണെന്നും ഒരാസ്തികളുമില്ലാത്ത പാവങ്ങളാണെന്നും. സമൂഹത്തില്‍ നിന്നു പിരിച്ചടുത്ത കുറച്ച് പണം പല നഗരങ്ങളില്‍ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ മുടക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ പാവങ്ങളാണെന്നും പാപ്പരാണെന്നും പുറത്തു വിട്ടാല്‍ ജോലികള്‍ ചെയ്ത് കടങ്ങള്‍ വീട്ടിക്കൊള്ളാമെന്നും സത്യം ചെയ്തു. പ്രവിശ്യയിലെ എല്ലാ നഗരങ്ങളിലുമുള്ള കോടതികളില്‍ അവര്‍ കയറിയിറങ്ങി, സത്യവാങ് മൂലങ്ങള്‍ കൊടുത്തു. പോലീസുകാര്‍ അകമ്പടിയായി യാത്ര ചെയ്തു കൊണ്ടിരുന്നു. വക്കീലന്മാര്‍ ചാകര കിട്ടിയതു പോലെ സന്തോഷിച്ച് അവരുടെ കൂടെ നടന്നു.
രണ്ടുമാസത്തോളം നീണ്ടു നിന്ന വാര്‍ത്തകളില്‍ ഹണിമോളും എബി ജോര്‍ജും എന്നും പത്രത്താളുകളില്‍ ചിരിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടു. ദൃശ്യ മാധ്യമങ്ങളില്‍ ചിരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുക മാത്രമല്ല ചെയ്തത് നല്ല നല്ല അഭിമുഖങ്ങളും കൊടുത്തു. അവരോടൊപ്പം ബ്രാണ്ട് അമ്പാസിഡറായിരുന്ന സൂപ്പര്‍ സ്റ്റാറും ദൃശ്യമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരു റിയാലിറ്റി ഷോയ്ക്കു കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ കാണികള്‍ കിട്ടുന്നുണ്ടെന്ന് മാധ്യമങ്ങള്‍ കണ്ടറിഞ്ഞു. അവര്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തു. വാര്‍ത്തകള്‍ക്കിടയില്‍ പരസ്യങ്ങള്‍ കാണിച്ച് വില്പനകളും നടത്തിക്കൊണ്ടിരുന്നു.
സുദേവ് രാത്രി ഏറെ വൈകിട്ടും ഉറങ്ങാതെ പത്രങ്ങള്‍ വായിച്ച്, ലാപ്പ്ടോപ്പില്‍ പെന്‍ഡ്രൈവിട്ട് കണ്ടു കൊണ്ടിരുന്നു. ഒരു പ്രത്യേക ലോകത്തെത്തിയതു പോലെയാണ് അവന് തോന്നിയത്. നന്നായിട്ട് ആസൂത്രണം ചെയ്ത ഒരു തട്ടിപ്പ്. സ്കെച്ചും പ്ലാനും എസ്റ്റിമേറ്റും വളരെ കൃത്യമായിട്ടു തന്നെ ഉപയോഗിച്ചിരിക്കുന്നു.
ലത പറഞ്ഞ കാര്യം സുദേവ് ഓര്‍മ്മിച്ചു.
മുന്നൂറു കോടി രൂപയാണ് അവര്‍ പിരിച്ചെടുത്തത്. കോടതിയില്‍ കേസു വന്നത് നൂറില്‍ ഒന്നു പോലുമില്ല. എന്താണ് കാരണമെന്നറിയുമോ… ആ പണം കൂടുതലും ബ്ലാക്ക് മണിയായിരുന്നു. പുറത്ത് കാണിക്കാന്‍ കഴിയാത്ത പണം. ഒളിപ്പിച്ചു വക്കാനുള്ള ഒരിടമായിട്ടാണ് ഏറിയ ആളുകളും ചെമ്പൂര്‍ ഫിനാന്‍സിംഗ് കമ്പനിയെ കണ്ടത്. ഉന്നത ഉദ്ദ്യോഗസ്ഥരുടെ, രാഷട്രീയ പ്രവര്‍ത്തകരുടെ, വലിയ ധനികരുടെ ഒക്കെ. കേസില്‍ ബന്ധപ്പെട്ട് പുറത്തു വന്നവരൊക്കെ ചെറിയ പരല്‍ മീനുകളായിരുന്നു. ഇടയ്ക്ക് കൈയ്യൂക്കുള്ളവരുടേയും ആള്‍ ബലകൊണ്ട് ശക്തരുടേയും കോടതിയില്‍ എത്തിയവരുടേയും പണം കൊടുത്ത് ഒതുക്കത്തില്‍ തീര്‍ക്കുകയും ചെയ്തു. പക്ഷെ, പ്രവിശ്യയിലാകെ നിന്ന് പിരിച്ചെടുത്ത മുന്നൂറു കോടിയോളം രൂപ എങ്ങിനെ എവിടെയെത്തിയെന്ന് കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ല. ആ പണമെല്ലാം വന്നു കൊണ്ടിരുന്ന സമയങ്ങളില്‍ തന്നെ എവിടേക്കെല്ലാമോ ഒഴുകി അപ്രത്യക്ഷമായി, അതിന്‍റെ ഷെയറാണ് ഇപ്പോള്‍ പങ്കു വച്ചിരിക്കുന്നത്.
അര്‍ദ്ധരാത്രി കഴിഞ്ഞ് മനസ്സും ശരീരവും തളര്‍ന്നും കഴിഞ്ഞപ്പോള്‍ സുദേവിന് തോന്നി തികച്ചും വ്യത്യസ്തമായ ഒരിടത്താണ് എത്തിപ്പെട്ടിരിക്കുന്നതെന്ന്. പക്ഷെ ഈ തൊഴിലേല്‍പിച്ചിരിക്കുന്നിന്‍റെ ഉദ്ദേശമാണിപ്പോള്‍ വ്യക്തമാകാതെയിരിക്കുന്നത്. ക്ലീന്‍ ഇമേജ് ഉണ്ടാക്കിയെടുക്കാന്‍ മാത്രമായിട്ടൊരു ആത്മകഥ എഴുതുന്നതിനാണെങ്കില്‍ ഇവിടെ താമസ്സ സൗകര്യവും ഭക്ഷണവും തന്ന് പാര്‍പ്പിക്കേണ്ട ആവശ്യമില്ല. പറഞ്ഞു തരുന്ന കഥകള്‍ വച്ചു കൊണ്ട് എഴുതണമെന്ന് പറഞ്ഞാല്‍ മതി. അതിന്‍റെ കൂടെ ലാസറലിയുടെ മോഹമായ ഒരു കഥയെഴുത്തുകാരന്‍ കൂടി ആകണമെങ്കില്‍ കൂടി ഇതിന്‍റെ ആവശ്യമില്ല. സുദേവ് എന്ന ഞാനല്ലെങ്കില്‍ മറ്റാരെങ്കിലും നല്ല പ്രതിഫലം കിട്ടുമെങ്കില്‍ എഴുതാന്‍ തയ്യാറാകുന്നതേയുളളൂ. ഈ സാഹചര്യത്തില്‍ നിന്ന് ചിന്തിച്ചു നോക്കുമ്പോള്‍ ഈ ഉദ്യമത്തിന് പിന്നില്‍ നന്നായിട്ട് പ്ലാന്‍ ചെയ്ത ഒരു തിരക്കഥയുണ്ട്. ആ തിരക്കഥയുടെ ചുവടുകളെ അപ്പാടെ സ്വീകരിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. അപ്പോള്‍ ആ തിരക്കഥ തയ്യാറാക്കിയ ആളും, സംവിധാനം ചെയ്യുന്ന ആളും. . ഒരു പക്ഷെ, ആളുകള്‍ തന്നെ കാണും. എങ്കില്‍ അവരെ കണ്ടത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇവിടെ വിട്ടുപോകേണ്ടതുമാണ്. ഇതിന് കിട്ടുന്ന പ്രതിഫലം വളരെ പ്രസക്തമാണ്. ഇപ്പോള്‍ ഒഴിച്ചു കൂട്ടാന്‍ വയ്യാത്തതുമായിരിക്കുന്നു. സുഖകരമായ ഒരു ജീവിതം കിട്ടി വരുമ്പോള്‍ കളയാനും തോന്നുന്നില്ല. അവന്‍ ലോപ്പ്ടോപ്പ് ഷട്ട് ഡൗണ്‍ ചെയ്ത്, പേപ്പറുകളെ മടക്കി വച്ച് ഉറങ്ങാനായി ലൈറ്റ് ഓഫ് ചെയ്തപ്പോഴാണ് അതിഥിയെപ്പററി ചിന്തിച്ചത്.
ഉച്ച ഭക്ഷണം നിവേദിതയോടൊത്താണ് കഴിച്ചത് കുമുദം അവളെ വിളിച്ചഴുന്നേല്‍പ്പിക്കുകയായിരുന്നു. നാലുമണിക്കുള്ള ലഘുഭക്ഷണത്തിനും കുമുദം വിളിച്ചിരുന്നു. പക്ഷെ, നിവേദിത എഴുന്നേല്‍ക്കുകയോ സ്വീകരിക്കുകയോ ചെയ്തില്ല. വേണ്ടെന്നു മാത്രം പറഞ്ഞു. രാത്രി ഭക്ഷണത്തിന് വിളിക്കാന്‍ കുമുദം നില്‍ക്കാമെന്നും നിവേദിതയ്ക്ക് കൂട്ടായി കിടക്കാമെന്നും പറഞ്ഞതായിരുന്നു. അതിന്‍റെ ആവശ്യമില്ലെന്ന് പറഞ്ഞ് സുദേവ് അവളെ യാത്രയാക്കുകയായിരുന്നു. പത്രത്തിന്‍റേയും ലാപ്ടോപ്പിന്‍റേയും വശീകരണത്തില്‍ നിന്നും ഉണര്‍ന്ന് പത്തു മണി കഴിഞ്ഞപ്പോഴാണ് അത്താഴത്തിന്‍റെ കാര്യം ഓര്‍മ്മിച്ചത്. നിവേദിതയെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചതാണ്, അവള്‍ അത്താഴത്തെ ഉപേക്ഷിക്കുകയും ഉറക്കത്തെ സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
ഉറങ്ങാന്‍ കിടക്കാന്‍ നേരം അവളെ ഓര്‍മ്മിച്ചപ്പോള്‍ സുദേവ് അവളുടെ മുറിയില്‍ ചാരിയിരിക്കുന്ന വാതിലിനെ ശബ്ദമുണ്ടാക്കാതെ തുറന്നു നോക്കി. ഇടതു വശം ചരിഞ്ഞ് കിടന്ന് ശാന്തമായി ഉറങ്ങുന്നു. മുഖം പ്രശാന്തവും സ്വസ്ഥവുമാണ്. സുരക്ഷിതമായ ഒരിടത്ത് എത്തിയതു പോലെ..
ജോഗിംഗ് കഴിഞ്ഞെത്തിയപ്പോള്‍ നിവേദിത കുമുദത്തോടൊത്ത് അടുക്കളയിലാണ്. പത്ര വായനയോടുകൂടിയുള്ള ബ്ലാക്ക് ടീ കുടിക്ക് പങ്കെടുക്കാന്‍ നിവേദിത വന്നു.
സുഖമായുറങ്ങിയല്ലേ…?
ഉവ്വ്….
അവളുടെ ഇന്നലത്തെ മാനസ്സിക അവസ്ഥയില്‍ നിന്നും വ്യത്യാസം കാണുന്നുണ്ട്. മുഖം പ്രസന്നമാണ്. പഴയ നിവേദിതയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.
നിങ്ങളുടെ പാചകക്കാരി എന്നെ ചോദ്യം ചെയ്യുകയായിരുന്നു.
ഊം…?
അവള്‍ക്ക് കൊടുക്കാത്തത് എനിക്ക് തന്നോ എന്നറിയാന്‍…
സുദേവിന് മനസ്സിലായില്ല. അവന്‍ നിവേദിതയുടെ മുഖത്ത് നോക്കിയിരുന്നു. അവന് മനസ്സിലായില്ലെന്ന് അവള്‍ അറിഞ്ഞു.
മനസ്സിലായില്ല….?
ഇല്ല…
ചിന്തിക്കുമ്പോള്‍ മനസ്സിലാകും.
നിവേദിതയുടെ മുഖം വിടര്‍ന്ന ചിരി. ആ ചിരി ഉള്ളില്‍ നിന്നും വരുന്നതാണ്. കൂടുതല്‍ ശോഭയുള്ളതാണ്. കണ്‍കോണുകളില്‍ അവാച്യമായൊരു നാണം വിടര്‍ന്നിരിക്കുന്നു. സുദേവിന് അതിന്‍റെ അര്‍ത്ഥം ഇപ്പോള്‍ ഗ്രഹിക്കാനാകുന്നുണ്ട്.
എന്‍റെ ദേഹത്തിന്‍റെ മണം… ബഡ്ഡ് റൂമിലെ മണം… കിടക്ക വിരിയുടെ ചുളിവുകള്‍ എല്ലാം സശ്രദ്ധം നോക്കുന്നതു കണ്ടു… എന്തേ അവളനുവദിച്ചിട്ടും…..?
സുദേവ് ഒന്നും പറഞ്ഞില്ല. പത്രത്തിലെ പ്രധാന വാര്‍ത്തയിലേക്ക് സംസാരത്തെ തിരിച്ചു വിട്ടു. നിവേദിത ചായ കുടിച്ചു കൊണ്ടിരിക്കെ അവന്‍റെ മുഖത്തു തന്നെ നോക്കിയിരുന്നു.
നിവേദിത, നമുക്കൊരു യാത്രയുണ്ട്… പാലായ്ക്ക്, ഹണിമോളുടെ എബിന്‍ ജോര്‍ജിന്‍റെ വേരുകള്‍ തേടി..
ഇല്ല. ഞാന്‍ പറഞ്ഞില്ലെ, ഇന്നും നാളെയും കൂടി എനിക്ക് റസ്റ്റാണ്. ഓഫീസില്‍ പറഞ്ഞിരിക്കുന്നത് ഞാനൊരു കസിന്‍റെ വിവാഹത്തിന് അമ്മയുടെ നാട്ടില്‍ പോവുകയാണെന്നാണ്. വീട്ടില്‍ പറഞ്ഞിരിക്കുന്നത് തിരുവനന്തപുരം എഡിഷനില്‍ മൂന്നു ദിവസത്തെ ട്രൈയിനിംഗ് ഉണ്ടെന്നാണ്. ഞാനില്ല… ആരെങ്കിലും നമ്മളെ കണ്ടാല്‍ ധാരണകള്‍ തെറ്റും…
എന്തിനാണ് ഈ ഒളിച്ചു താമസ്സം….?
പറയാം…. ഇപ്പോളല്ല… പിന്നീട്… ഇവിടെ ഞാന്‍ സേഫാണ്… ഞാന്‍ ഹാപ്പിയാണ്… താങ്ക്സ്…പാലായ്ക്ക് ഞാനില്ല… റെഡിയായിക്കൊള്ളൂ ഞാന്‍ കുമുദത്തിന്‍റെ കൂടെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാന്‍ പോകുന്നു.
അവളുടെ സന്തോഷം സുദേവിനെ കുളിര്‍പ്പിച്ചു. പത്രത്തിന്‍റെ ഉള്‍ത്താളുകളിലേക്കവന്‍ കടന്നു പോയില്ല. പാലായിലേക്കവനെ ഏതോ ശക്തി വലിച്ചു കൊണ്ടിരിക്കുന്നു.
പാലാ നഗരത്തില്‍ നിന്നും മുപ്പതുകിലോമീറ്റര്‍ ഉള്ളിലേക്ക് കയറി, ഒരു പഞ്ചായത്ത് റോഡിന്‍റെ ഓരത്ത് കാര്‍ നിര്‍ത്തി ഇടവഴി കയറി ഒരു കുന്നിന്‍റെ മുകളിലാണ് എബിന്‍റെ ജ്യേഷ്ഠന്‍ സിജിന്‍ താമസ്സിക്കുന്നത്. അയാളുടെ വീട്ടില്‍ എത്തിച്ചേരാന്‍ ആ പഞ്ചായത്ത് റോഡ് തുടങ്ങുന്നിടത്തെ സിറ്റിയില്‍ നിന്നും പുറപ്പട്ടിട്ട് നാലു പേരോട് വഴി ചോദിക്കേണ്ടി വന്നു. ആ സിറ്റിയിലെത്താനാണെങ്കില്‍ രണ്ടു പേരോടും. വഴിയിലും വഴിയരുകിലും കാണുന്ന വീടുകളിലൊന്നും ആളുകളില്ലായിരുന്നു. നിറയെ റബ്ബര്‍ മരങ്ങള്‍ മാത്രം. ആ വീടുകളിലുളളവരെല്ലാം തോട്ടങ്ങളിലായിരിക്കും, ആ നേരം. റബ്ബര്‍ വെട്ടുന്നതിനും പാലെടുക്കുന്നതിനും. ഒട്ടു പാല്‍ പറിക്കുന്നതിനുമൊക്കെയായിട്ട്. തോട്ടത്തില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വരോടാണ് സിജിന്‍റെ വീട് തിരക്കിയത്. വീട്ടില്‍ സിജിനും സെലിനുമുണ്ടായിരുന്നു. ജോലിക്കിടവേളയില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. സിജിന്‍റെ അടുത്തിരുന്നപ്പോള്‍ ഒട്ടു പാലിന്‍റേയും വിയര്‍പ്പിന്‍റെയും സമ്മിശ്ര ഗന്ധം മുറിയാകെ നിറഞ്ഞിരിക്കുന്നത് സുദേവ് അറിഞ്ഞു.
സാററെവിടുന്നാ….?
എറണാകുളത്തു നിന്നും.
പോലീസിന്‍റെ ഏതു വിഭാത്തൂന്നാ…?
ഇന്‍വെസ്റ്റിഗേഷന്‍…
സാറിനെന്താ അറിയണ്ടെ…?
എബിയെപ്പറ്റിയുള്ളതെല്ലാം…
സാറിനോടും പറയാം… പോലീസുകാരോടും പത്രക്കാരോടും പറഞ്ഞു മടുത്തു. പണിക്കു പോലും പോകാതെ കോട്ടയത്തും എറണാകുളത്തും മൂവാറ്റുപുഴയിലും പോലീസുകാരു വിളിച്ചിടത്തൊക്കെ നടക്കുവാരുന്നു മൂന്നു മാസക്കാലം… ഇപ്പോ കുറച്ച് കുറഞ്ഞു…. പിന്നേം തുടങ്ങിയാരിക്കുമല്ലെ…. പണിക്കു പോകാതെയിരുന്നാല്‍ എന്‍റെ പിള്ളേരാ പട്ടിണിയാകുന്നെ… നിങ്ങള്‍ക്കൊക്കെ അവിടെവാ… ഇവിടെവാ എന്നു പറഞ്ഞാല്‍ മതി…
സിജിന് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇപ്പോള്‍ വേണ്ട, എറണാകുളത്തിന് വിളിപ്പിക്കാം…. ഭാര്യയേയും പിള്ളേരേയും വിളിപ്പിക്കാം. രണ്ടോ മൂന്നോ ദിവസം അവിടെ താമസ്സിച്ച് കഥയൊക്കെ പറഞ്ഞു കഴിഞ്ഞ് സ്റ്റേറ്റ്മെന്‍റൊക്കെയെടുത്തിട്ട് തിരിച്ചു വിടാം… പട്ടിണി കിടക്കുകയൊന്നും വേണ്ട, ഭക്ഷണവും തരാം…
സിജിന്‍ വല്ലാതെ ആമ്പരന്നു.
സാറെ ഞാന്‍ വെഷമം കൊണ്ട് പറഞ്ഞതാ…ക്ഷമിക്കണം…
ഭയന്നു പോയ സിജിന്‍റെ ആ സാഹചര്യത്തിന്‍റെ ഇടയിലേക്ക് സെലിന്‍ ഒരു ഗ്ലാസ് ചായ കൊണ്ടു വന്നത് അയാള്‍ക്ക് സമാധാനമായി. പഴക്കം കൊണ്ട് നിറം മങ്ങിയ ഗ്ലാസിലെ തണുത്ത ചായ സുദേവിന് മനം പിരട്ടലുണ്ടാക്കി. സെലിന്‍റെ വരണ്ട കൈ വിരലുകളും, ചന്ദ്രക്കലയായ നഖങ്ങളും നഖത്തിന്‍റെ വിടവുകളില്‍ പറ്റിപ്പടിച്ചിരിക്കുന്ന കറുത്ത ചെളിയും…
നിങ്ങള്‍ക്ക് എത്ര ഏക്കര്‍ തോട്ടമുണ്ട്….?
തോട്ടമോ… ഞങ്ങള്‍ക്കോ…?
വിടര്‍ന്ന് പോയ, സിജിന്‍റെ കണ്ണുകളില്‍ നോക്കിയപ്പോള്‍ സുദേവിന് ചിരി വന്നു. ആ ചിരിയെ മറയ്ക്കാനായിട്ടവന്‍ റബ്ബര്‍ മരങ്ങളെ നോക്കിയിരുന്നു.
ഈ വീടിരിക്കുന്നത് പത്തു സെന്‍റിലാ സാറെ, എന്‍റെ മോതലാളീടെ അപ്പന്‍ എന്‍റപ്പന് കുടി കിടപ്പവാകശമായിട്ടെഴുതി കൊടുത്തതാ.. എനിക്കും അവനും കൂടി ഇതേയൊള്ളൂ… എബി ഹണിമോളെ കെട്ടുന്നതിനു മുമ്പ് തന്നെ ഈ പത്തു സെന്‍റും എനിക്ക് എഴുതി തന്നതാ… അവനെ കോളേജില്‍ വിട്ട് പഠിപ്പിച്ചതൊക്കെ ഞാനാ… അതിന്‍റെ പ്രതിഫലമായൊന്നുമല്ല… ഇപ്പോഴും വരുമ്പം നന്നായിട്ട് പൈസ തന്ന് സഹായിക്കും… ഈ കേസൊന്നും അവനു വേണ്ടിയിട്ടു ചെയ്തതല്ല സാറെ… ഒക്കെ വല്യ വല്യ ആളുകള്‍ക്കു വേണ്ടീട്ടാ… ലാസറലിയുടെ ആളുകള്‍ക്കു വേണ്ടി…
എബിയെങ്ങിനെയാണ് ഹണിമോളെ വിവാഹം ചെയ്തത്… അവര് പ്രേമത്തിലായിരുന്നോ….?
അല്ല സാറെ, പഠിത്തം കഴിഞ്ഞപ്പോള്‍ അവന് ലാസറലിയുടെ ഓഫീസില്‍ ജോലി കിട്ടിയതാ… അവന്‍റെ മിടുക്കു കണ്ടിട്ട് ഹണിമോളെ കൊണ്ട് കെട്ടിച്ചതാ…
സിജിന്‍റെ ജോലി മുടങ്ങാതിരിക്കാന്‍ സുദേവ് തോട്ടത്തില്‍ കൂടി നടന്നാണ് സംസാരിച്ചത്. സിജിന്‍ ചിരട്ടയില്‍ നിന്നും പാലെടുത്ത് തൊട്ടിയില്‍ ഒഴിച്ചുകൊണ്ട് സംസാരിച്ചു. സെലിനും അടുത്ത തട്ടില്‍ പാലെടുക്കുന്നുണ്ട്. അവരുടെ സംസാരമൊക്കെ അവള്‍ സശ്രദ്ധം കേള്‍ക്കുന്നുമുണ്ട്.
ക്ലാര്‍ക്കായിട്ട് ജോലിയില്‍ കയറിയ അവന്‍ മാനേജരായിട്ടാണ് കല്യാണം കഴിച്ചത്. നല്ലതെന്നാ ഞങ്ങള് കരുതിയത്. പക്ഷെ, അവരുടെ വീട്ടിലെ താമസവും ഒക്കെയായപ്പോള്‍ പന്തികേടു തോന്നി. ഇഷ്ടം പോലെ പണം ധൂര്‍ത്തടിച്ചുള്ള ജീവിതം, അവര്‍ക്കതില്‍ നിന്നും വിട്ടു പോരാന്‍ കഴിഞ്ഞില്ല. ഒരു കൊച്ചുണ്ടായിപ്പോയില്ലെ… ഇപ്പോഴത്തെ ഈ കേസു തന്നെ. നല്ല രീതിയില്‍ കൊണ്ടു നടക്കാന്‍ വേണ്ടിയാ കമ്പനി തുടങ്ങിയതെന്നാ അവനും ഞങ്ങളുമൊക്കെ കരുതിയത്. വന്നപ്പോ കേസ് അവന്‍റെയും അവളുടേയും പേരില്‍ മാത്രം… ബാക്കിയെല്ലാരും രക്ഷപെട്ടു. ഈ പണമൊക്കെ എവിടെയാ ആര്‍ക്കറിയാം… അവനും അറിയില്ല… അവള്‍ക്കും…
ഒരു തട്ടില്‍ നിന്നും അടുത്ത തട്ടിലേക്ക് ചാടി കടക്കുവാന്‍ സുദേവിന് വിഷമം തോന്നി. സിജിന്‍ നിസ്സാരമായി ചെയ്തു.
സാറ് പോലീസിലല്ലെന്നു തോന്നുന്നു….
എന്തേ…?
പോലീസുകാരു ഇങ്ങിനെ കൂടെ നടന്ന് കാര്യങ്ങള്‍ തെരക്കില്ല…
എല്ലാ പോലീസുകാരും അങ്ങിനെയാവില്ലല്ലോ…
എന്‍റെയനുഭവം അങ്ങിനെയാണ്… പീഡിപ്പിക്കുകയായിരുന്നു സാറെ… എന്നേം സെലിനേം പിള്ളേരേം… ആ പണമൊക്കെ ഈ ചെറ്റയില്‍, പത്ത് സെന്‍റില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന വിധത്തിലാരുന്നു. പെരുമാറ്റം…
സിജിന്‍ പാലെടുത്തു കഴിയും വരെ തോട്ടത്തിലൂടെ സുദേവ് അയാളുടെ പരിദേവനങ്ങള്‍ കേട്ടു നടന്നു. പാലെടുത്ത് കഴിഞ്ഞപ്പോള്‍ പന്ത്രണ്ടു മണിയായി. പാല്‍ ഉറയൊഴിച്ച് വച്ചു കഴിഞ്ഞ് ഉച്ചഭക്ഷണം കഴിഞ്ഞെത്തി കഴിഞ്ഞ ദിവസം ഉറക്കിട്ടിരുന്ന ഷീറ്റുകള്‍ പ്രസ്സ് ചെയ്ത് ഉണക്കാനിടുന്ന ജോലി കുടിയുണ്ടെന്ന് പറഞ്ഞു നില്‍ക്കുമ്പോള്‍ സുദേവ് യാത്ര പറഞ്ഞു.
ഞാന്‍ പോലീസല്ല… എബിന്‍റെ ഒരു സുഹൃത്താണ്… അവനെ എങ്ങിനെയെങ്കിലും സഹായിക്കാന്‍ കഴിയുമോ എന്നറിയാന്‍ വന്നതാണ്… കേസിന്‍റെ ഇന്നത്തെ നിലവച്ച് ശിക്ഷിക്കപ്പടുകയാണെങ്കില്‍ അത് അവരെ രണ്ടു പേരെ മാത്രമായിരിക്കും. നോക്കട്ടെ…. ഞാന്‍ ചിലപ്പോള്‍ വീണ്ടും വരും….
@@@@@