സന്ധ്യ കഴിഞ്ഞപ്പോള്‍ ലാസറിടത്ത് പെട്ടന്ന് ചില ഒരുക്കങ്ങള്‍ നടക്കും പോലെ തോന്നി. സുദേവ്, കുമുദത്തിനെയും പനീര്‍ശെല്‍വത്തെയും പറഞ്ഞയച്ച്, തനിയെ, ലൈറ്റുകളെല്ലാം അണച്ച് പ്രധാന വാസസ്ഥലത്തേക്ക് തുറക്കുന്ന ജനാല തുറന്ന് കാത്തിരുന്നു. അപരിചിതരായ നാലു സെക്യൂരിറ്റകള്‍ കൂടി വന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ അവര്‍ നിത്യേന ലാസറലിയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരല്ലെന്ന് വ്യക്തമായി. യൂണിഫോമിലെ വ്യത്യസ്തതയും ശരീരത്തിന്‍റെ ഘടനയും മുഖത്തെ ഗൗരവവും മറ്റു പലതു കൊണ്ടും അവര്‍ നിത്യമുള്ളവരില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ലത പറഞ്ഞതു പോലെ എന്തോ സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. സുദേവ് പ്രച്ഛന്ന വേഷത്തിനും മറ്റ് പലതിനു വേണ്ടിയും കാത്തു.
ലാസറലി എവിടെ നിന്നോ മടങ്ങിയെത്തി. എവിടെ നിന്നെന്ന് സുദേവിനറിയില്ല. ലാസറിടമാകെ സാധാരണമാം വിധം വൈദ്യുത വിളക്കുകള്‍ തെളിഞ്ഞു. മറ്റ് പുതിയ സജ്ജീകരണങ്ങളളൊന്നുമില്ല. അകത്തെ വിളക്കുകളും തെളിഞ്ഞു. സാധാരണ തെളിയുന്നതില്‍ കൂടുതല്‍ തെളിഞ്ഞുവെന്ന് ഒരു തോന്നല്‍. ആ തോന്നല്‍ ഒരു പക്ഷെ, ആകാംക്ഷ കൊണ്ട് ഉണ്ടായതാകാം. ആകാംക്ഷയെ കുറിച്ച് ചിന്തിച്ചിരുന്നപ്പോള്‍ ലത വിളിച്ചു.
പത്തു മിനിട്ട് കഴിഞ്ഞ് താങ്കള്‍ക്കുള്ള പ്രച്ഛന്ന വേഷം എത്തും. സാധാരണയെന്ന് കാവല്‍ക്കാരനു തോന്നു വിധം ഗെയിറ്റിന് പുറത്ത് വന്ന് വനാന്തരത്തിലേക്ക് നടക്കുക. വേഷം തരുന്ന ആളുടെ മുഖം ഓര്‍മ്മയില്‍ വയ്ക്കുകയോ, അയാളുടെ വസ്ത്ര നിറങ്ങളെ കുറിച്ച് ഓര്‍മ്മിക്കുകയോ അരുത്. സംഭവം നടന്നു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ സൈലന്‍റലാക്കി തന്നെ വയ്ക്കുക. ഒരു കാരണ വശാലും ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കരുത്. അത് താങ്കളെ തിരിച്ചറിയാന്‍ ഇട വരുത്തും. ലാസറലി ഔദ്യോഗികമായിട്ടും, മറ്റ് പലരും അനൗദ്യോഗികമായിട്ടും പകര്‍ത്തുണ്ടാകും. നിങ്ങള്‍ പകര്‍ത്തുന്നതു കണ്ടാല്‍, തിരിച്ചറിഞ്ഞാല്‍ നിങ്ങളുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം അതോടു കൂടി അവസാനിപ്പക്കാന്‍ സാദ്ധ്യതയുണ്ട്. വളരെ കരുതലോടു കൂടി മാത്രം കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. എന്തെങ്കിലും ഭീതി തോന്നിയാല്‍ ഒരു കാര്യത്തിനും മുതിരാതെ മുറിയില്‍ കതകടച്ച് കിടന്നുറങ്ങുക… ഗുഡ്ലക്ക്…
ലത വളരെ കൃത്യതയോടെ തന്നെയാണ് കാര്യങ്ങള്‍ ചെയ്യുന്നത്. പറഞ്ഞ സമയത്തു തന്നെ പ്രച്ഛന്ന വേഷം കിട്ടി. ഒരു വാക്കു പോലും ഉച്ചരിക്കാതെ അയാള്‍ മടങ്ങി. പഴയ കാവല്‍ക്കാരും, പുതുതായിട്ടെത്തിയ കാവല്‍ ശൃംഖലയും അറിയാതെ റൂമിലെത്താന്‍ കഴിഞ്ഞു. പ്രച്ഛന്ന വേഷിതനായിക്കഴിഞ്ഞപ്പോഴേക്കും ലാസറിടത്തേക്ക് മൂന്നു വലിയ ശീതീകരിച്ച കാറുകള്‍ എത്തി. തുറന്നിറങ്ങിയവര്‍ കോട്ടും ടൈയും കെട്ടി ഫുള്‍ സ്യൂട്ട് അണിഞ്ഞ വിഐപികളാണ്. അതേപോലെ തന്നെ ഇത്തിരി നരകയറിയ താടിയും ഫോണ്‍ സൈലന്‍റാക്കി പോക്കറ്റിലും, ഫോണില്‍ നിന്നുള്ള ശബ്ദ സഞ്ചാരിണി വലത്തെ ചെവിയിലും ക്രമീകരിച്ച് സുദേവ് ഗസ്റ്റ് ബംഗ്ലാവിന്‍റെ വടക്ക് വശത്തുകൂടി, ഇരുളിനെ മറയാക്കി നടന്ന്, വിഐപികളുടെ കൂടെ ലയിച്ചു കഴിഞ്ഞുപ്പോഴേക്കും അടുത്ത ശീതീകരിച്ച വാഹനം എത്തിച്ചേര്‍ന്നു. ഒരാള്‍ പുറത്തിറങ്ങി പിന്‍ വാതില്‍ തുറന്നു പിടിച്ചു നിന്നു. തുറന്ന പിന്‍ വാതില്‍ വഴി ഒരാള്‍ മാത്രം ഇറങ്ങി. സംസ്ഥാനത്തെ ജനാധിപത്യ മുഖ്യഭരണാധികാരി. സുദേവിന് അത്ഭുതം തോന്നി. മനസ്സിനെ ഇങ്ങിനെയൊക്കെയാണ് യഥാര്‍ത്ഥ്യമെന്ന് പറഞ്ഞ് പഠിപ്പിച്ച് സ്യൂട്ട് ധാരികളായ വിഐപികളില്‍ നിന്നും കുറച്ചകന്ന് ജനാധിപത്യ ഭരണാധികാരിക്ക് പിറകെ ലാസറിടത്തേക്ക് നടന്നു. ലതയെന്ന ഫോണ്‍കാരന്‍റെ ഉള്‍കാഴ്ച ഇപ്പോള്‍ സുദേവിന് കിട്ടി, അവന് കിട്ടിയ വേഷപ്രച്ഛന്നതയെ കുറിച്ചുള്ളത്. ലാസറലി കരുതും സുദേവ് ഫുള്‍ സ്യൂട്ട് വിഐപികളുടെ കൂടെ ഉള്ള ആളാണെന്ന്, ഫുള്‍ സ്യൂട്ട് വിഐപികള്‍ കരുതും ലാസറലിയുടെ ആളാണെന്ന്.
അവര്‍ വരാന്തയുടെ വിശാലതയിലേക്ക് പ്രവേശിച്ചപ്പോള്‍ ലാസറലിയും ഭാര്യയും മക്കളും മക്കളുടെ ഭര്‍ത്താക്കന്മാരും ചെറുമക്കളും സ്വീകരണ മുറിയില്‍ നിന്നും ഇറങ്ങി വന്ന് അവരെ സ്വീകരിച്ചാനയിച്ചു.
ലത ഫോണില്‍ സുദേവിനെ വിളിക്കുന്നു.
ആരെല്ലാമെന്ന് മനസ്സിലായില്ലെ….?
ഇല്ല, ഭരണാധികാരിയെ മാത്രം അറിയും.
വിഐപികള്‍ ഇന്ത്യക്കകത്തും പുറത്തും ബാങ്കിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രൈവറ്റ് ബാങ്കിന്‍റെ ആളുകളാണ്. അവര്‍ ഷെയര്‍ വാങ്ങാന്‍ വന്നിരിക്കുന്നവരല്ല. അവര്‍ക്ക് ലാസറലിയുമായി നേരിട്ട് ബന്ധങ്ങളില്ല. ഭരണാധികാരിക്ക് കൊടുക്കുന്ന ഷെയര്‍ വാങ്ങാനാണ് വന്നിരിക്കുന്നത്. അവരുടെ ബാങ്കിംഗ് സ്ഥാപനത്തില്‍ ഭരണാധികാരിക്ക് താല്പര്യമെണ്ടെന്ന് മനസ്സിലാക്കണം.
താങ്കള്‍ ഈ മുറിയില്‍ തന്നെയുണ്ട്…?
എനിക്ക് വേണ്ടി അവിടെ ഒരാള്‍ ഫോണില്‍ ചിത്രങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ഞാനിവിടെ വ്യവസായ നഗരിയിലെ എന്‍റെ ഫ്ളാറ്റില്‍ ഇരുന്ന് സെല്‍ ഫോണില്‍ സ്വീകരിച്ച് ലാപ്ടോപ്പിലേക്ക് കണക്റ്റ് ചെയ്തു കണ്ടു കൊണ്ടിരിക്കുകയാണ്. എന്‍റെ ആളു കൂടാതെ മൂന്നു ഫോണുകള്‍ കൂടി അവിടെ ചിത്രങ്ങള്‍ പകര്‍ത്തുന്നുണ്ട്. കൂടാതെ ലാസറിയിടത്തിന്‍റെ മുക്കിലും മൂലയിലും ഘടിപ്പിച്ചിരിക്കുന്ന ക്യാമറകള്‍ എത്രയുണ്ടെന്ന് അറിയില്ല. ഇനി കാഴചകള്‍ കാണുക.
ഫോണ്‍ ഓഫാക്കിയപ്പോള്‍ സുദേവ് മുറിയിലുള്ള ഓരോരുത്തരേയും അളന്ന് തൂക്കി കണ്ടു നോക്കി. ലാസറലി കുടുംബത്തിലെ കുട്ടികള്‍ കൂടാതെ എട്ടു പേര്‍. ശുഭ്ര വസ്ത്രധാരിയായ ഭരണാധികാരി, ഫുള്‍ സ്യൂട്ടിലെ ആറുപേര്‍, നന്നായി വസ്തം ധരിച്ച അഞ്ചു പേര്‍, പുതുതായി എത്തി ചേര്‍ന്നിരിക്കുന്ന സെക്യൂരിറ്റിയിലെ മൂന്നുപേര്‍. ഇതില്‍ ആരാകാം ലതയുടെ രഹസ്യക്കാരന്‍. ആ സംശയത്തിന് ഉത്തരം കണ്ടെത്താനാകാതെ വിഷമിക്കുന്ന നേരം ഹണിമോള്‍ എല്ലാവരെയും യഥാസ്ഥാനങ്ങളില്‍ ഇരിക്കാന്‍ ക്ഷണിച്ചു. ഇരുന്നു കഴിഞ്ഞപ്പോള്‍ ഹണിയും ശിഖയും കൂടി ജ്യൂസ് വിളമ്പി. ജ്യൂസ് നുകര്‍ന്ന് അധികമാരുടെയും ശ്രദ്ധയില്‍ പെടാതെ സുദേവ,് ഒതുക്കമുള്ള ഒരു സെറ്റിയില്‍ അമര്‍ന്നിരുന്ന് പ്രധാന കാഴ്ചക്കായി കാത്തു.
എനിക്ക് പോകാന്‍ തിരക്കുണ്ട്….
ഭരണാധികാരി പറഞ്ഞു.
ആയിക്കോട്ടെ… നജീം….
ലാസറലിയുടെ വിളി അടുത്ത പ്രവര്‍ത്തനത്തിനുള്ള സൂചനയായിരുന്നു. നജീമും എബിന്‍ ജോര്‍ജും ഉള്ളിലേക്ക് പോയി, മൂന്ന് ട്രോളികളില്‍ സ്യൂട്ട് കേസുകളെ ഓടിച്ച് കൊണ്ട് പുറത്തേക്ക് വന്നു.
ടൂ ഹഡ്രഡ് സീആര്‍ ഉണ്ട്. കണക്കുകള്‍ സാറിന് എത്തിച്ചു തന്നിരുന്നു.
ഓ…. ഓ…. ശരിയാണ്.
ഭരണാധികാരിയുടെ മുഖം തെളിഞ്ഞ് ഉദയസൂര്യന്‍റേതു പോലെ ചുവന്നു തുടുത്തു.
ഫ്രാന്‍സിസ്സ് കൈപ്പറ്റുകയല്ലേ…?
വിഐപിയിലെ പ്രധാനി എഴുന്നേറ്റ് വന്ന് മുന്ന് സ്യൂട്ട് കേസിലും സ്പര്‍ശിച്ച് ഫോണില്‍ ആരേയോ വിളിച്ചു. അയാള്‍ ഫോണ്‍ ഓഫ് ചെയ്തയുടനെ മുറിക്ക് പുറത്തു നിന്നും മൂന്നു പേരെത്തി സ്യൂട്ട് കേസുകളെ സ്വീകരിച്ച് പുറത്തേക്ക് പോയി. ഔപചാരികമായ ചടങ്ങ് കഴിഞ്ഞ ഉടനെ എല്ലാവരും എഴുന്നേറ്റു യോഗ്യമായ വിധം യാത്രകള്‍ പറഞ്ഞ് രംഗത്തു നിന്നും ഒഴിഞ്ഞു കൊണ്ടിരുന്നു. ആ ഒഴിഞ്ഞു പോക്കിനിടയില്‍ ആരുടേയും ശ്രദ്ധയില്‍ പെടാതെ സുദേവ് ഇരുളില്‍ ലയിച്ച് ഗസ്റ്റ് ബംഗ്ലാവിലെത്തി. പ്രച്ഛന്ന വേഷത്തെ അഴിച്ചകറ്റി രണ്ട് പെഗ്ഗ് വിസ്കി അകത്താക്കി, ഒരു സിഗരറ്റിന് തീകൊളുത്തിയപ്പോഴേക്കും ലത വിളിച്ചു.
നിങ്ങള്‍ കണ്ടത് എന്തിന്‍റെ പങ്കു വയ്ക്കലായിരുന്നെന്നറിയുമോ…?
ഇല്ല.
ആറു മാസം മുമ്പ് കെട്ടടങ്ങിയ ഒരു കഥയാണ്. മലയാളക്കരയാകെ പ്രകമ്പനം കൊള്ളിച്ച അക്കഥ താങ്കളും പത്രങ്ങള്‍ വഴി വായിക്കുകയും ദൃശ്യ മാധ്യമങ്ങള്‍ വഴി കാണുകയും ചെയ്തിട്ടുള്ളതാണ്. അക്കഥയിലെ നായിക ഹണിമോളും നായകന്‍ എബിന്‍ ജോര്‍ജും ആയിരുന്നു. ഒരായിരം വട്ടം അവരുടെ മുഖങ്ങള്‍ താങ്കള്‍ പത്രങ്ങളിലും ടിവിയിലും കണ്ടിട്ടുള്ളാണ്.. ഓര്‍മ്മിക്കുന്നില്ല…..?
സുദേവ് ഓര്‍മ്മിച്ചു.
ഏസ്… ഞാനോര്‍ക്കുന്നു.
ലത ഫോണ്‍ ഓഫാക്കിയപ്പോള്‍ സുദേവ് വാച്ചില്‍ സമയം നോക്കി, രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു. അവന് നിവേദിതയെ വിളിക്കണമെന്നു തൊന്നി. പക്ഷെ, അവളിപ്പോള്‍ എഡിറ്റോറിയല്‍ ഡെസ്കിലായിരിക്കുമെന്നോര്‍ത്തപ്പോള്‍ വേണ്ടായെന്നു തീരുമാനിച്ചു.
ലാസറിടത്ത് താമസ്സം തുടങ്ങിയശേഷം പല പ്രാവശ്യം ഹണിമോളെ കണ്ടിട്ടുള്ളതും സംസാരിച്ചിട്ടുള്ളതുമാണെന്ന കാര്യം ഓര്‍മ്മിച്ചപ്പോള്‍ സുദേവിന് അത്ഭുതം തോന്നി.. എന്നിട്ട് ഒരിക്കല്‍ പോലും പത്രങ്ങളില്‍, ദൃശ്യമധ്യമങ്ങളില്‍ കണ്ട കാര്യം ഓര്‍ത്തില്ല. അത്ഭുതത്തോടുകൂടിയ ചിന്ത തുടര്‍ന്നു കൊണ്ടിരുന്നു. പിറ്റേന്ന് നേരം പുലര്‍ന്നു കഴിഞ്ഞ് നിവേദിത ഉണര്‍ന്ന് കുളി കഴിഞ്ഞ് സ്വസ്ഥയായിരിക്കുമെന്ന് കണക്കു കൂട്ടിയെടുത്ത സമയം സുദേവ് വിളിച്ചു.
നിവേദിത ഞാന്‍ സുദേവ്….
മനസ്സിലായി….
തലേന്നാളത്തെ കാര്യങ്ങള്‍ വളരെ തിടുക്കത്തോടെ പൊടിപ്പും തൊങ്ങലുമില്ലാതെ കഴമ്പുകള്‍ മാത്രം ധരിക്കും വിധത്തില്‍ നിവേദിതയോടു പറഞ്ഞു. സാധാരണ ഉണ്ടാകാറുള്ളതു പോലെ ഇടക്കുള്ള ചേദ്യങ്ങളോ പത്രപ്രവത്തകയുടെ ക്യൂരിയോസിറ്റിയോ കാണിക്കാതെ, ഒന്നു മൂളുക കൂടി ചെയ്യാതെ അവള്‍ എല്ലാം കേട്ടു.
അതിന് ഞാനെന്തു ചെയ്യണം….?
ആ ചോദ്യത്തിലുള്ള അസ്വഭാവികത സുദേവ് അറിഞ്ഞു. ഒരു നിമിഷം തളര്‍ന്നും പോയി. എങ്കിലും,
സഹായിക്കണം, നിവേദിതക്കു മാത്രമേ കഴിയുകയുള്ളൂ…
നോ… എനിക്കു പറ്റില്ല. .. ഞാനങ്ങിനെയുള്ള ഒരു സാഹചര്യത്തിലല്ല…
നിവേദിത…?
അവള്‍ ഫോണ്‍ ഡിസ്കണക്ട് ചെയ്തു. കുമുദം ഡൈനിംഗ് ഹാള്‍ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. സുദേവിന്‍റെ സ്വരപ്പകര്‍ച്ചയും മുഖം വികലമാകുന്നതും അവള്‍ ശ്രദ്ധിച്ചു. അവളുടെ കണ്ണുകളെ നേരിടാന്‍ കഴിയാതെ അവന്‍ പുറത്തേക്ക് നടന്നു. സൂര്യന്‍ കനത്തു വരുന്നതേയുള്ളൂ. ലാസറിടത്തെ ഓഫീസ് ജോലിക്കാര്‍ വരുന്നതേയുള്ളൂ… മാനേജര്‍ ജോണ്‍സന്‍റെ വാഹനത്തിന് ഗെയിറ്റ് തുറന്നു കൊടുത്തു കൊണ്ട് പാറാവുകാരന്‍ ഒതുങ്ങി നില്‍ക്കുന്നത് ശ്രദ്ധിക്കാന്‍ സുദേവിന് കഴിഞ്ഞില്ല. വാഹനത്തില്‍ ഇരുന്നു തന്നെ ജോണ്‍സന്‍ വിഷ് ചെയ്തതും കണ്ടില്ല. അവന്‍ എഴുത്തുകാരന്‍റെ മനക്കോട്ടയിലായിരിക്കാമെന്ന് സമാധാനിച്ച് ജോണ്‍സന്‍ വാഹനം ഓടിച്ച് അകത്തേക്ക് പോയി.
അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നിവേദിത തിരികെ വിളിച്ചു. സുദേവ് വനാതിര്‍ത്തിയിലേക്ക് നടക്കുകയായിരുന്നു. വളര്‍ന്നു വന്നു കൊണ്ടിരുന്ന ചൂട് കാടിന്‍റെ സാമിപ്യം കൊണ്ട് കുറയുന്നത് അവന്‍ ശ്രദ്ധിച്ചതേയില്ല.
സഹായം ചെയ്യാം. പക്ഷെ, പ്രതിഫലം വേണം.
പ്രതിഫലം…?
അതെ….
തരാമല്ലോ…
എത്ര തരും…?
എന്‍റെ കൈയ്യിലുള്ളതെല്ലാം… ലാസറിടത്ത് ജോലി ചെയ്തു തുടങ്ങിയിട്ട് നാലുമാസമായി. ലാസറലി പറഞ്ഞതു പ്രകാരമുള്ള തുക എന്‍റെ അക്കൗണ്ടില്‍ വന്നിട്ടുണ്ടാകം… സാഗര്‍ എന്ന പേരില്‍ കഥകളെഴുതി കിട്ടിയ പ്രതിഫലവും സുദേവ് എന്ന പേരില്‍ കിട്ടിയ പ്രതിഫലവും. കുറച്ച് പണം അമ്മയ്ക്കു കൊടുത്തിട്ടുണ്ട്… കുറെ യാത്ര ചെലവു വന്നിട്ടുണ്ട്… മറ്റു ചെലവുകളൊന്നുമില്ലാതെ അക്കൗണ്ടില്‍ കാണും…
എനിക്ക് അമ്പതിനായിരം രൂപ തരുമോ….?
തരാന്‍ കഴിയുമെന്നു തോന്നുന്നു.
എങ്കില്‍ ഞാന്‍ രണ്ടു ദിവസം കഴിഞ്ഞ് വിളിക്കാം… എങ്കില്‍ മാത്രം…. അല്ലെങ്കില്‍ നിവേദിതയെ ഇനിയും കോണ്ടാക്ട് ചെയ്യരുത്.
നിവേദിത…പ്ലീസ്…. എന്തിനാണ് ഇത്രയും ദേഷ്യത്തോടെ സംസാരിക്കുന്നത്? എന്‍റെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റു പറ്റിയട്ടുണ്ടെങ്കില്‍ ഞാന്‍ തിരുത്താന്‍ തയ്യാറാണ്. പറയൂ…
രണ്ടു ദിവസം കഴിയുമ്പോള്‍ നേരില്‍ കാണുമ്പോള്‍ പറയാം….
വീണ്ടും ജീവിതം തകര്‍ന്നു പോകുന്നതു പോലെ സുദേവിന് തോന്നി. തകര്‍ന്നിടത്തു നിന്നും ഒരിടത്ത് എത്തിപ്പെട്ടതൊന്നുമായിരുന്നില്ല. എങ്കിലും തകര്‍ന്ന് അടി നിലയില്‍ തൊട്ടു നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ നില്‍ക്കുന്ന തറയുടെ അടിയില്‍ നിന്നും ഉറവകള്‍ മണ്ണിനെ മണല്‍ തരികളാക്കി നീക്കിക്കൊണ്ടിരിക്കുകയാണെന്ന് ഒരു തോന്നല്‍. വീണ്ടും വീണ്ടും വിശകലനം ചെയ്ത് ചിന്തിക്കുമ്പോള്‍ തോന്നലുകള്‍ ശരിയാണെന്നാണ് കണ്ടെത്താന്‍ കഴിയുന്നത്.
രണ്ടു ദിവസങ്ങള്‍ വളരെ വലിഞ്ഞ് നീണ്ട് വികൃതമായിപ്പോയി. എലാസ്റ്റിക്കിന്‍റെ, വലിച്ചു നീട്ടി എലാസ്റ്റിസിറ്റി നശിച്ചു കഴിയുമ്പോഴുള്ള അവസ്ഥ. ഈ നാളുകളില്‍ കുമുദത്തെ അവന്‍ ഇടക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്‍റെ വേദനയില്‍ അവള്‍ക്ക് വിഷമം ഉള്ളതു പോലെ തോന്നി. പലപ്പോഴും അവള്‍ ചോദിക്കുകയുണ്ടായി.
എന്നാ സാര്‍ എന്നോടു ചൊല്ലുങ്കോ… വേദന മാറട്ടും…
ഒരു പ്രാവശ്യം കസേരയോടു ചേര്‍ന്നു നിന്ന് മുടിയിഴകളിലൂടെ വിരലോടിച്ച് അവളുടെ സ്നേഹം ശരീരത്തിലേക്ക് പകര്‍ത്താന്‍ നോക്കിയതുമായിരുന്നു. പക്ഷെ, അതിലെന്തോ അപകടമുണ്ടെന്ന് തോന്നി സ്നേഹത്തോടെ തന്നെ അവളെ നിരസ്സിച്ചു. പിന്നീട് അവള്‍ക്ക് വിഷമമുണ്ടോയെന്ന് ശ്രദ്ധിച്ചു. ഇല്ലെന്നാണ് തോന്നിയത്.
അതിരാവിലെ കുളിച്ചു റെഡിയായി നഗരത്തിലേക്ക് യാത്രയായി. കുമുദത്തിന്‍റെ കണ്ണുകളില്‍ എന്തെന്നറിയാനുള്ള ചോദ്യമുണ്ടായിരുന്നു. വളരെ നന്നായിട്ട് ചിരിച്ച് അവളെ സാന്ത്വനപ്പടുത്തി. അവന്‍റെ മുഖത്തെ തെളിച്ചം അവള്‍ തിരിച്ചറിഞ്ഞു. അവളുടെ മുഖത്തും തെളിച്ചം പടര്‍ന്നു കയറി.
നിത്യ സന്ദര്‍ശന റസ്റ്റോറന്‍റില്‍ പ്രഭാത ഭക്ഷണം കഴിച്ച് കാത്തിരുന്നു. രണ്ടു മണിക്കൂറുകള്‍ക്ക് ശേഷമാണ് നിവേദിത വന്നത്. അവള്‍ ഒരു യാത്രക്കുള്ള ഒരുക്കത്തിലായിരുന്നു. സാധാരണയുള്ള വാനിറ്റി ബാഗ് കൂടാതെ കുറച്ച് വലിയൊരു ബാഗ് കൂടിയുണ്ട്. അവരുടെ സ്ഥിരം ടേബിളില്‍ അവനെതിരെയിരിക്കുമ്പോള്‍ മുഖത്ത് പ്രസന്നതയില്ലാത്തത് കണ്ടു. അവള്‍ അശ്രദ്ധമായിട്ടാണ് ഇടപഴകുന്നതെന്നറിഞ്ഞു.
നിവേദിത, എന്തെങ്കിലും അസുഖം…..?
നോ… ഞാന്‍ കുറെ രേഖകള്‍ കൊണ്ടു വന്നിട്ടുണ്ട്. പഴയ പേപ്പറുകള്‍, എന്‍റെ ഒരു ഫ്രണ്ട് വര്‍ക്കു ചെയ്യുന്ന ചാനലില്‍ വന്ന വാര്‍ത്തകള്‍ പകര്‍ത്തിയ പെന്‍ഡ്രൈവ്…. ബട്ട് ഫസ്റ്റ് മണി…
നിവേദിത…
നോ…. ഫസ്റ്റ് മണി… അല്ലെങ്കില്‍ ഞാനിപ്പോള്‍ തന്നെ മടങ്ങിപ്പോകും….
ഏസ്.. കൂള്‍… പ്ലീസ്..
അവന്‍ തിരക്കു കുറഞ്ഞ റസ്റ്റോറന്‍റിനെ സ്തുതിച്ചു ആദ്യമായി, അവളുടെ ഭാവ പകര്‍ച്ച ആരും കാണാനില്ലാത്തതില്‍.
ബ്രേക്ക് ഫാസ്റ്റ് പറയട്ടെ…… ഞാന്‍ കഴിച്ചു…
നോ… ധൃതിയുണ്ട് എനിക്ക് പോകണം…
ഏസ്…
അവന്‍ ബാഗില്‍ നിന്നും ചെക്ക് ലീഫും പാസ്സ് ബുക്കും അവള്‍ക്ക് നല്‍കി.
പാസ്സ് ബുക്കില്‍ ബാലന്‍സുള്ളത,് അതില്‍ കിടക്കേണ്ട മിനിമം കഴിഞ്ഞെത്രയുണ്ടെങ്കിലും എടുക്കാം.
ഏസ,് ബാങ്കിലേക്ക് പോകാം..
പെട്ടന്നവള്‍ കസേര വിട്ടെഴുന്നേറ്റു. അവനും. ഓട്ടോയില്‍ ഇരിക്കുമ്പോള്‍ അവള്‍ അവനെ കാണാതെ പുറത്തേക്ക് നോക്കിയിരുന്നു. ബാങ്കിന്‍റെ മുകള്‍ നിലയിലേക്ക് ലിഫ്റ്റില്‍ പോകുമ്പോള്‍, അവര്‍ തനിച്ചായപ്പോള്‍ അവന്‍ ചോദിച്ചു.
പ്ലീസ്…ടെല്മി… എന്താണ് പറ്റിയത്… ഐയാം യുവര്‍ ഫ്രണ്ട്… ബസ്റ്റ് ഫ്രണ്ട്…പ്ലീസ് ടെല്‍മി… എന്തുണ്ടെങ്കിലും എന്‍റെ ജീവന്‍ കൊടുത്താല്‍ പരിഹരിക്കുമെങ്കില്‍ ഞാനതിനും തയ്യാറാണ്. പ്ലീസ് എന്താണ് പറ്റിയത്…?
അതേ വരെ അവന്‍റെ കണ്ണുകളിലേക്ക് നോക്കാതിരുന്ന അവള്‍ വളരെ ക്രുദ്ധയായി അവന്‍റെ കണ്ണുകളില്‍ തന്നെ നോക്കി നിന്നു. സാവധാനം അവളുടെ കണ്ണുകളില്‍ നിന്നും ക്രൗര്യം ചോര്‍ന്നകലുന്നത് അവന്‍ കണ്ടു. അവര്‍ക്കിറങ്ങേണ്ടുന്ന നിലയിലെത്തി ലിഫ്റ്റ് തുറന്നപ്പോള്‍ വരെ അവളൊന്നും പറയാതെ അവന്‍റ കണ്ണുകളില്‍ നോക്കി നിന്നു.
പാസ് ബുക്ക് എന്‍റര്‍ ചെയ്ത് ബാലന്‍സ്സ് അറിഞ്ഞ് നിവേദിതക്ക് മുന്നില്‍ തുറന്നു വച്ച്, എന്തു വേണമെന്ന് കണ്ണുകളാല്‍ ചോദിച്ച് ബാങ്ക് കൗണ്ടറില്‍ നിന്നു, അവന്‍.
ഫിഫ്റ്റി…
അവന്‍ എഴുതി കൊടുത്ത ചെക്ക് അവിടെ തന്നെയുള്ള ഒരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് അവര്‍ ബാങ്ക് വിട്ടിറങ്ങി. വീണ്ടും റസ്റ്റോറന്‍റില്‍, അവരുടെ സ്ഥിരം ടേബിളില്‍ വന്നു. അത് അവര്‍ക്കായി ഒഴിഞ്ഞ് കിടപ്പുണ്ടായിരുന്നു. പേപ്പറുകളും ഫയലുകളും പെന്‍ഡ്രൈവും അവനു നല്‍കിക്കൊണ്ട് അവള്‍ പറഞ്ഞു.
ഞാന്‍ രണ്ടു മൂന്നു ദിവസം ഇവിടെയുണ്ടായിരിക്കില്ല.
എവിടെപ്പോകുന്നു…?
അവരുടെ ഓര്‍ഡറിനായെത്തിയ വെയിറ്ററോട് രണ്ടു ജ്യൂസ് പറഞ്ഞ് അയാളെ എത്രയും വേഗം മടക്കാന്‍ നിവേദിത വ്യഗ്രത കാണിച്ചു.
എവിടേക്കെന്നറിയില്ല… രണ്ടു മൂന്നു ദിവസം മാറി നില്‍ക്കണം… ഓഫീസില്‍ നിന്നും ലീവെടുത്തു. ഏതെങ്കിലും ഫ്രണ്ടിന്‍റെ അടുത്താകാമെന്നു വച്ചാല്‍ അങ്ങിനെ ഒരാളില്ല.. ഐ മീന്‍ കൂട്ടുകാരി….
പിന്നെ…
അറിയില്ല.
ലാസറിടത്ത് തങ്ങാം… വില്‍ ബീ വെരി സേഫ്…… എഗ്രി ദാറ്റ്…
ജ്യൂസ് നുണഞ്ഞു കൊണ്ട് അവന്‍റെ കണ്ണുകളില്‍ എന്തെങ്കിലും കള്ളങ്ങളുണ്ടോ എന്നവള്‍ തിരഞ്ഞു നോക്കി.
ഷുവര്‍… യൂ ആര്‍ വെരി സേഫ് ദെയര്‍… എന്നെ ഒരു ഗുഡ് ഫ്രണ്ടായിട്ട് കാണാന്‍ കഴിയുന്നില്ലെ…?
ഏസ്… അവിടേക്ക് പോകാം… മുന്നു ദിവസമുണ്ടാകും… അവര്‍ക്കെന്തെങ്കിലും സംശയം തോന്നുമോ…?
ഇല്ല… തോന്നേണ്ട കാര്യമില്ല.
കാര്യമുണ്ട്… എനിക്ക്…
ഓ….സോറി….ഞനങ്ങിനെ ചിന്തിച്ചില്ല.
എങ്ങിനെ…?
പ്ലീസ് നമുക്ക് പോകാം…
ഓട്ടോയില്‍ ഇരിക്കുമ്പോള്‍ നിവേദിത നിശ്ശബ്ദയായിരുന്നു. ലാസറിടത്തെ ഗസ്റ്റ് ബംഗ്ലാവിന്‍റെ കതകില്‍ മുട്ടി കുമുദത്തിനെ കാത്തു നില്‍ക്കുമ്പോള്‍ അവളുടെ മുഖത്ത് തിളക്കമാര്‍ന്ന ഒരു ഓമനത്വമുണ്ടെന്ന് സുദേവിന് തോന്നി. ഇതേവരെ അങ്ങിനെ അവളെ ശ്രദ്ധിച്ചിട്ടില്ലെന്ന് ഓര്‍മ്മിച്ചു.
കതക് തുറന്ന് പുഞ്ചിരിയോടെ കുമുദം സ്വീകരിച്ചു.
. മുറിയില്‍ കയറി നിവേദിത അദ്യം തിരക്കിയത് അവള്‍ക്കേത് മുറി കൊടുക്കുമെന്നാണ്. അവനുപയോഗിക്കുന്ന മുറി തന്നെ വിട്ടു കൊടുത്തു കൊണ്ട് അവന്‍ എതിര്‍ വശത്തുള്ള മുറിയില്‍ ചേക്കേറി. അവന്‍ ഉപയോഗിച്ചിരുന്ന മുറിയാണ് കൂടുതല്‍ ആകര്‍ഷണീയം. അവള്‍ മുറിയില്‍ കയറി കതകടച്ചു കഴിഞ്ഞപ്പോള്‍ കുമുദത്തിന്‍റെ കൂടെ അടുക്കളയിലേക്ക് വന്നു, സുദേവ്.
അവര്‍ ഇങ്കെ മൂന്നു നാള്‍ ഇരിക്കും.വേണ്ടതെല്ലാം കൊടുക്കണം.
ആമാ സാര്‍……
ഡൈനിംഗ് ടേബിള്‍ വൃത്തിയാക്കി, കുടിക്കുന്നതിനുള്ള വെള്ളമെത്തിച്ചു വക്കുമ്പോഴും കുമുദം സുദേവനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. നിവേദിത മുറിവിട്ട് ഹൗസ് ഡ്രസ്സില്‍ പുറത്തേക്ക് വന്നപ്പോള്‍, മുടി ഒതുക്കി കെട്ടി വച്ച് ഫ്രഷായി, കൂടുതല്‍ സുന്ദരിയായതായി കുമുദത്തിന് തോന്നി.
കുമുദം എനിക്കൊരു ചായ വേണം.
ഉം…
കുമുദം കെറ്റിലില്‍ ചായയുമായി വന്നു. നിവേദിതയും സുദേവും ഡൈനിംഗ് ടേബിളില്‍ ഇരുന്നു.
എന്തെങ്കിലും കഴിക്കുന്നോ…?
ഇപ്പോള്‍ ചായ മതി… എനിക്കൊന്ന് ഉറങ്ങണം…. ഐ ആം വെരി ടയേര്‍ഡ്… കുമുദം എന്നെ ഒരു മണി കഴിഞ്ഞ് വിളിച്ചാല്‍ മതി….
ചായ കുടിച്ചവള്‍ മുറിയിലേക്ക് പോയി, മുറി ലോക്ക് ചെയ്യാതെ ചാരിയിട്ട് കട്ടിലില്‍ കിടക്കുന്നത് സുദേവിന് കാണാം.
അവന്‍ മുറിയിലേക്ക് മടങ്ങി. പത്രങ്ങളിലെ വാര്‍ത്തകളിലൂടെ ഹണിമോളെ കാണാന്‍, അറിയാന്‍ വയന തുടങ്ങി.
@@@@@