Novel/നോവൽ / കേട്ടെഴുത്തുകാരന്‍റെ ഒളിക്കാഴ്ചകൾ / അദ്ധ്യാ‍യം  പതിനഞ്ച്

Spread the love

image_pdfimage_printഡൗൺലോഡ് ചെയ്യുക

            ലാസറലിയെപ്പറ്റി കൂടതലറിയാതെ ഇനി മുന്നോട്ടു പോയിട്ടു കാര്യമില്ലെന്ന് സുദേവിനു തോന്നി.  അവന്‍ ഷാഹിനയുടെ കഥ കേള്‍ക്കാന്‍ തീരുമനിച്ചു.

       എന്‍റുമ്മച്ചി എന്തു സുന്ദരിയായിരുന്നെന്നോ… ഇപ്പോളെന്നാ മോശമാണോ…  ആ നിറം ഒട്ടും ചോര്‍ന്നു പോയിട്ടില്ല… ദേഹത്തിന്‍റെ മണം കുറഞ്ഞിട്ടുണ്ട്, എന്നല്ലാതെ.  ഞാന്‍ മൂന്നാമത്തെ വയസ്സു മുതല്‍ ഉമ്മച്ചിയെ കണ്ട ഓര്‍മ്മയുണ്ട്… അതിന് മുമ്പളള ഓര്‍മ്മകളൊന്നും തലയില്‍ നില നില്‍ക്കുന്നില്ല.  മൂന്നാമത്തെ വയസ്സു മുതല്‍ ഉമ്മച്ചിയുടെ ദേഹം നഗ്നമായിട്ടു കണ്ടിട്ടുണ്ട്.  എനിക്ക് എല്ലാവരെയും അറിയാമായിരുന്നു.  ഉമ്മച്ചിയുടെ മുറിയില്‍ എന്തിന്‍റെ എങ്കിലും മറയില്‍ ഒളിഞ്ഞരിക്കുമായിരുന്നു.  അവിടെയെത്തുന്നവര്‍ ഉമ്മച്ചിയെ നഗ്നയാക്കുന്നും അവര്‍ സ്വയം ആകുന്നതും … അക്കൂട്ടത്തില്‍ എന്‍റെ ബാപ്പച്ചിയുമുണ്ട്, രേഖയിലുള്ള ഉപ്പ ലാസറലിയുമുണ്ട്.  മറ്റുള്ളവരൊക്കെ പ്രശസ്തരാണ്.  നമ്മെ ഭരിച്ചിട്ടുള്ളവര്‍, ഭരിക്കുന്നവര്‍… വലിയ അധികാരമുള്ളവര്‍…. സമ്പന്നര്‍… ഞാന്‍ ലാസറലിയുടെ മകളല്ല… പക്ഷെ, ഞാന്‍ ഉമ്മച്ചിയെന്നു വിളിക്കുന്ന ലൈലയുടെ മകളാണ്.  എന്‍റെ യഥാര്‍ത്ഥ വാപ്പച്ചിയെ വ്യക്തമായിട്ടറിയാം. കാരണം അന്ന്  ഉമ്മച്ചിക്ക് അയാളേ പുരുഷനായിട്ടുണ്ടായിരുന്നുള്ളു.  അന്ന് ഞങ്ങളുടെ നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ച കഥയാണത്.  ഉമ്മച്ചിയുടെ പൂര്‍വ്വാശ്രമത്തിലെ പേര് ലൈല എന്നല്ല, സെല്‍മ എന്നായിരുന്നു. മുസ്ലീംസ്ത്രീയായിരുന്നില്ല. ക്രിസ്ത്യാനിയായിരുന്നു.  കോടീശ്വനായ അയാളും ക്രിസ്ത്യാനിയാണണ്.  ഞാന്‍ മുസ്ലീമായി ജീവിക്കുന്നതു കൊണ്ടാണ് ഉമ്മച്ചിയെന്നും വാപ്പച്ചിയെന്നും വിളിക്കുന്നത്.  അയാളെ നേരിട്ട് ഒരിക്കല്‍ പോലും വിളിക്കാനുള്ള യോഗമുണ്ടായിട്ടില്ല, കേട്ടോ… ഉമ്മച്ചിയ്ക്ക പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോള്‍ അയലത്തുള്ള ഒരു ചേട്ടത്തിയാണ് അയാളെ പരിചയപ്പെടുത്തിയത്.  ഉമ്മച്ചിയും അയാളും അയലത്തു കാരുതന്നെ ആയിരുന്നു.  എങ്കിലും അയാള്‍ക്ക് പാവങ്ങളെയൊന്നും അറിയില്ലായിരുന്നു.  മാളികയില്‍ നിന്നും പുറത്തിറങ്ങി നടക്കാറൊന്നുമില്ല.  പോണതും വരണതും കാറില്‍ തന്നെ.     പോണതൊക്കെ വലിയ വലിയ കാര്യങ്ങള്‍ക്ക്.  രാജ്യത്തെ നയിക്കുന്ന കാര്യങ്ങള്‍ക്ക്.  അതുകൊണ്ട് അയാള്‍ക്ക് പാവങ്ങളെ നോക്കാനും പരിയപ്പെടാനും ഇടപഴകാനും സാധിച്ചില്ല, താല്പര്യവുമില്ലായിരുന്നിക്കാം. അയാളാണ് ഞങ്ങളുടെ അന്നത്തെ പഞ്ചായത്തിന്‍റെ പ്രസിഡന്‍റ്.  അയാള്‍ക്ക് ഉമ്മച്ചി വോട്ടു ചെയ്തിട്ടില്ല.  ഉമ്മച്ചിയുടെ അപ്പനും അമ്മയും, എന്‍റെ വല്യപ്പനും വല്യമ്മച്ചിയും വോട്ടു ചെയ്തിട്ടുണ്ടാകും.  വല്യപ്പച്ചന്‍ അയാളുടെ പാര്‍ട്ടികാരനും അയാളുടെ തൊടിയിലെ പണിക്കാരനുമായിരുന്നു. തെങ്ങിന്‍റെ മൂടു കിളക്കാനും വാഴ നടാനുമൊക്കെ നടന്നിരുന്ന ആള്.  എന്നാലും ഉമ്മച്ചിയെ കൊണ്ട് അയലത്തെ ചേട്ടത്തി അയാളുടെ അടുത്ത് ചെന്നപ്പം അയാളുടെ കണ്ണകള്‍ വിടര്‍ന്ന കാഴ്ച കാണേണ്ടതു തന്നെ ആരുന്നെന്ന് അവര് പിന്നീട് പറഞ്ഞിട്ടുണ്ട്.  ഉമ്മച്ചിയുടെ സൗന്ദര്യത്തെ കുറിച്ച് വര്‍ണ്ണിക്കുമ്പോള്‍ അതിശയമായി പറയുന്നതാണ്.  അയാള്‍ക്ക് അന്ന് കല്യാണം കഴിഞ്ഞ് മക്കളുണ്ടായിരുന്നു.  അയാള്‍ക്ക് ഭാര്യയുടെ അടുത്തു നിന്നും സ്നേഹവും പരിചരണവും കിട്ടാത്തതു കൊണ്ടാണ് ഉമ്മച്ചിയുമായുള്ള ബന്ധമെന്നാണ് പറഞ്ഞിരുന്നത്.  ഉമ്മച്ചിയുടെ സ്നേഹവും മനം മയക്കുന്ന സൗന്ദര്യവും മത്തു പിടിപ്പുക്കുന്നതാണെന്ന് പറഞ്ഞിരുന്നു.  ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുമെന്നും ഉമ്മച്ചിയെ നിയപരമായിട്ട് വിവാഹം ചെയ്യുമെന്നം അയാള്‍ പറഞ്ഞിരുന്നു,  അതിനുള്ള കേസുകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും.  ഒത്തിരി സുഗന്ധങ്ങളും തുണിത്തരങ്ങളും ആഭരണങ്ങളും ഉമ്മച്ചിക്ക് കൊടുത്തു.  വലിയ ഹോട്ടലുകളില്‍ ഏസി മുറികളില്‍ താമസ്സിച്ച് സ്വാദേറിയ ഒത്തിരി ഭക്ഷണങ്ങള്‍ കഴിച്ചു.  കാലാകാലത്തു തന്നെ ഉമ്മച്ചി ഗര്‍ഭണിയായി.  ഞാനുണ്ടായി. വല്യപ്പച്ചന്‍ ഉമ്മച്ചിയെ പുറത്തിറക്കി വിട്ടൊന്നുമില്ല.  വല്യപ്പച്ചന് നാട്ടുകാരുമായിട്ടത്ര ബന്ധമൊന്നുമില്ലാതിരുന്നതു കൊണ്ട് നാട്ടുകഥകളും പാട്ടുകളുമൊന്നും അറിഞ്ഞതുമില്ല, കേട്ടതുമില്ല.  ഉമ്മച്ചിയെ പുറത്തിറക്കി വിടേണ്ട കാര്യവുമില്ലായിരുന്നു.  ഉമ്മച്ചിക്ക് സുഖമായി കഴിയാനുള്ളതെല്ലാം അയാള്‍ എത്തിച്ചു കൊണ്ടിരുന്നു.  അയാള്‍ ഒരിക്കലും വീട്ടില്‍ വന്നില്ല. കുഞ്ഞിനെ കണ്ടില്ല. അയാള്‍ക്ക് വരാന്‍ പറ്റിയ വീടായിരുന്നില്ല. അധികം കഴിയാതെ ഒരു വീടു വച്ചു തന്നു.  നല്ലൊരു വീട്. വല്യപ്പച്ചനും വല്യമ്മച്ചിയ്ക്കും മറ്റ് മക്കള്‍ക്കും അതൊക്കെ ഇഷ്ടമായി.  ആദ്യമൊക്കെ അയലത്തു കാരു തെറ്റ് പറഞ്ഞിരുന്നെങ്കിലും പിന്നീട് അയാളുടെ ഭാര്യയെന്ന പോലെ കാണാന്‍ തുടങ്ങി.  ആക്കാലത്ത് ആരോ പള്ളിയില്‍ പരാതികൊടുത്ത് ഞങ്ങളുടെ കുടുംബത്തെ വിലക്കാന്‍ നോക്കിയിരുന്നു. പക്ഷെ, ആ ഇടവകയിലെ ഏറ്റവും ധനികനും നാട്ടുപ്രമാണിയും പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന അയാള്‍ക്ക് എതിരെ പള്ളി ഒരു തീരുമാനവും എടുത്തില്ല.  കുറെ നാളു കഴിഞ്ഞപ്പോള്‍ ആ പരാതി തുരുമ്പു പിടിച്ചോ ചിതലു തിന്നോ പോയി.  പിന്നീട് വീട്ടിലേക്കുള്ള വരവുകള്‍ ഉമ്മച്ചിക്കുള്ളതു മാത്രമായിരുന്നില്ല.  എല്ലാവര്‍ക്കും ഇഷ്ടം പോലെ കഴിയാനുള്ളതായിരുന്നു.  അയാള്‍ ഒരിക്കലും വീട്ടില്‍ വന്നിരുന്നില്ലെന്നേയുള്ളൂ.  ഉമ്മച്ചിയെ എവിടേക്കെല്ലാമോ കൊണ്ടു പോയിരുന്നു.  പിന്നെ എന്തിന്‍റെയെല്ലാമോ കാരണങ്ങളാല്‍ സുന്നത്തുകളെല്ലാം കഴിച്ച് സെല്‍മ എന്ന എന്‍റുമ്മച്ചിയെ ലൈല ആക്കുകയായിരുന്നു. അങ്ങിനെ തന്നെ സുന്നത്തുക്കള്‍ കഴിഞ്ഞ് അലിയായ രാജയെക്കൊണ്ട് നിക്കാഹ് കഴിപ്പിക്കുകയായിരുന്നു. പിന്നീട് ഞാനും ഉമ്മച്ചിയും അലിയുടെ കൂടെ പുതിയ വീട്ടില്‍ താമസ്സിച്ചു. അന്നയാള്‍ അലിയും രാജയുമൊക്കെയായിരുന്നു.  ലാസറലിരാജയായതും ഡോ. ലാസറലിരാജയായതും പിന്നീടാണ്. ആ ബന്ധം ഉമ്മച്ചിക്കോ മറ്റ് ഞങ്ങള്‍ക്കാര്‍ക്കുമോ അല്ല ഗുണം ചെയ്തത്.  ലാസറലിക്കു മാത്രമായിരുന്നു.  ലാസറലിയുടെ ഉന്നതിയിലേക്കുള്ള പാലമായിരുന്നു എന്‍റെ യഥാര്‍ത്ഥ വാപ്പച്ചി.  അദ്ദേഹത്തന്‍റെ പേരിനിയും ഞാന്‍ പറഞ്ഞില്ല.  പറയാന്‍ കഴിയില്ല.  അതാണ് ഞങ്ങളുടെ എഗ്രിമെന്‍റ്. ലാസറലി ഉമ്മച്ചിയുടെ രേഖാ പരമായിട്ടുള്ള ഭര്‍ത്താവാണ്.  എന്‍റെ രേഖയിലില്ലാത്ത ആദ്യ ഭര്‍ത്തവും.  ഏതു രണ്ടാനച്ഛന്‍റെയും സ്വഭാവം തന്നെ ആയിരുന്നു അയാള്‍ക്കും.  അതില്‍ കൂടുതലൊന്നും അയാളില്‍ നിന്നും പ്രതീക്ഷിക്കാനും കഴിയില്ല.  അയാളുടെ ജീവിതം അങ്ങിനെയായിരുന്നു.  പക്ഷെ, അയാള്‍ക്ക് കുട്ടികളുണ്ടായില്ല.  ഉമ്മച്ചിയില്‍ മാത്രമല്ല, എന്നിലും.  ഞങ്ങള്‍ ലാസറലി രാജയുടെ, അയാള്‍ക്ക് പിന്നിലുള്ള ഗ്രൂപ്പിന്‍റെ ഉപകരണങ്ങള്‍ മാത്രമാണ്.  അലിഖിതമായ നിയമം പോലെയാണ് നടപ്പാക്കുന്നത്.  ഞാനൊരു തുറന്നു വച്ച പുസ്തകമാണ്.  കുത്തിക്കെട്ടുകളും പശ വച്ചൊട്ടിച്ചിരിക്കുന്നതും അടര്‍ന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. എല്ലാ കെട്ടുകളും വിടര്‍ന്ന് കഴിയും വരെ, അവസാനത്തെ ഒട്ടിപ്പും കൂടി വിട്ട് കിട്ടാന്‍ കാത്തിരിക്കുകയാണ,് ഞാന്‍.  മുടി അഴിച്ചിട്ട് കലി തുള്ളി പുറത്തേക്കോടിയിറങ്ങാന്‍…എനിക്കൊന്നിനെയും ഭയക്കേണ്ട കാര്യമില്ല.  അഴുകിയ ഈ ദേഹമല്ലാതെ എനിക്കൊന്നുമില്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചു വേണമെങ്കിലും ഇത് ഉപയോഗിക്കാം… ലാസറലിയുടെ മുന്നില്‍ വച്ചോ… എന്‍റെ ഉമ്മച്ചിയുടെ, പൊതുജനത്തിന്‍റെ മുന്നില്‍ വച്ചോ…ഞാന്‍ വടയക്ഷിണിയെപ്പോലെ പുറത്തേക്ക് ഓടിയിറങ്ങി പൊതു ജനം കാണെ കലി തുള്ളി നില്‍ക്കുമ്പോള്‍ തകരാന്‍ പോകുന്നത് നമ്മുടെ രാഷ്ട്രീയത്തിന്‍റെ ഊതി വീര്‍പ്പിച്ചു വച്ചിരിക്കുന്ന മാന്യതയാണ്, സദാചാര ബോധമാണ്, പൈതൃകം എന്നഭിമാനിക്കുന്ന സംസ്കാരമാണ്….

       മദ്യത്തിന്‍റെ  അപാരമായ  കാന്തിക വലയത്തില്‍ പെട്ട് ഷാഹിനയ്ക്ക് തുടര്‍ന്ന് പറയാന്‍ കഴിയാതെ കുഴഞ്ഞ് സെറ്റിയിലമര്‍ന്നു.  മിഴി പൂട്ടാത്ത നയനങ്ങളും സശ്രദ്ധമായ കര്‍ണ്ണങ്ങളുമായി സുദേവ് ഇരിക്കുകയായിരുന്നു.  ഒറ്റയക്ഷരം പറയാനോ, എന്തെങ്കിലും ചോദിക്കാനോ കഴിയാതെ,  ഒന്നും പറയുകയോ, ചോദിക്കുകയോ ചെയ്യേണ്ട ആവശ്യവുമില്ലാതെ ഷാഹിനയുടെ ശീതീകരിച്ച ബഡ്റൂമില്‍ തന്നെ..  സമൂഹം കണ്ടാല്‍ വള്‍ഗറെന്നു പറയിപ്പിക്കും വിധത്തിലുള്ള വസ്ത്രധാരണങ്ങളും ഇരിപ്പുമാണ് അവള്‍ക്ക.്. അവളുടെ ഓരോ ഇരിപ്പും നടപ്പും കിടപ്പും പുരുഷനെ വശീകരിക്കുന്നതിനും ഏതു നേരത്തും സ്വീകരിക്കുന്നതിനും സന്നദ്ധയെന്ന് ദ്യോതിപ്പിക്കുന്ന വിധത്തിലുമാണ്.  സെറ്റിയില്‍ മലര്‍ന്ന് കിടന്നവള്‍ മയക്കത്തിലേക്ക് കടന്നപ്പോള്‍ സുദേവ് മുറിവിട്ടു പുറത്തു വന്നു.  സുദേവിന്‍റെ മനസ്സില്‍ ഒരു ചോദ്യം ഉരിത്തിരിഞ്ഞു വന്നു.  ഷാഹിന മക്കളെന്നു പരിചയപ്പെടുത്തിയ രണ്ടു കുട്ടികള്‍ അപ്പോള്‍ ആരുടേതാകാം…. ഒരു ബന്ധവും ഉത്തരവാദിത്വവും ബാദ്ധ്യതകളുമില്ലെന്ന് പറയുമ്പോള്‍ കുട്ടികള്‍ ആരുടെ ബാദ്ധ്യതയാകും….

       പുറത്ത് ശക്തിയായ വെയിലാണ്. മഴക്കാലം കഴിഞ്ഞുള്ള കന്നി വെയിലാണ്. പൊരിച്ചില്‍ അധികമാണ്. ഒരു പക്ഷെ, അധികമായതു കൊണ്ടാകണമെന്നില്ല, അടുത്ത നാളുകള്‍ വരെ ഈര്‍പ്പത്തിലും, കുളിര്‍മയിലും കഴിഞ്ഞിരുന്നതു കൊണ്ട് കടുത്ത പൊരിച്ചിലെന്ന് ദേഹത്തിന് തോന്നുന്നതാകാം.

       സുദേവ് മുറിയിലെത്തി, ഏസി ഓണ്‍ ചെയ് വച്ച് ഉച്ചയുറക്കത്തിലേക്ക് പ്രവേശിച്ചു.

       തികച്ചും ആകസ്മികമായ ജീവിതം, സുദേവിന്.  സാധാരണക്കാരനായ അച്ഛന്‍, സാധാരണക്കാരിയായ അമ്മ. ഒരു സാധാരണക്കാരന്‍റെ വീട്. ബന്ധുക്കള്‍, അയല്‍ക്കാര്‍.  പെയിന്‍റിംഗ് പണി കഴിഞ്ഞെത്തി ഇത്തിരി മദ്യവും ചോറും കറികളും ഒക്കെയായിട്ട കഴിഞ്ഞു വരവെ ആണ്, അച്ഛന്‍റെ മരണം.  ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനായിട്ട് അമ്മ ഒരു സെയില്‍സ് ഗേളാകുന്നു, കടയുടമയുമായിട്ട് ഇഷ്ടമാകുന്നു.  അവര്‍ ഒരുമിച്ച് ജീവിക്കുന്നു.  അവരുടെ ഇടയില്‍ പറയത്തക്ക ഹൃദയ ബന്ധങ്ങളൊന്നുമില്ലാതെ സുദേവ് കഴിഞ്ഞു വന്നു.  ഒരു സാധാരണ ഡിഗ്രിക്കാനായി, മറ്റു ജോലികളൊന്നും കിട്ടാതെ വന്നപ്പോള്‍ അച്ഛനെപ്പോലെ പെയിന്‍റിംഗ് തൊഴിലാളിയായി, വീടുകളെ ഭംഗിയാക്കുന്ന ജോലി.  വീടുകളെ ഭംഗിയാക്കുന്നതിനായിട്ടാണ് ചെയ്യുന്നത്,  അത് വീടിന്‍റെ ഉടമ പറയും പോലെ ചെയ്താല്‍ മതി. എങ്കിലും, ഒരു വീടിന്‍റ ഇന്നയിടത്ത് ഇന്ന നിറം കൊടുത്താല്‍ ഭംഗി കൂടും, അല്ലെങ്കില്‍ ഇന്നയിടത്ത് ഒരു വരയൊ കുറിയൊ കൊടുത്താല്‍ ശ്രദ്ധിക്കപ്പെടും എന്നുള്ള ഉള്‍ക്കാഴ്ചയില്‍ അവന്‍ മറ്റു പണിക്കാരില്‍ നിന്നും വ്യത്യസ്തമായി ജോലി ചെയ്തു വന്നു.   വൈകുന്നേരും കൂലി വാങ്ങും, പിരിയും.  പുക വലിക്കും, ചിലപ്പോള്‍ മദ്യം കഴിക്കും, വീട്ടില്‍ ഭക്ഷണമുണ്ടെങ്കില്‍ കഴിക്കും അല്ലെങ്കില്‍ ഏതെങ്കിലും ഹോട്ടലില്‍ നിന്നും കഴിക്കും.  നിത്യവും കുറച്ച് പണം അമ്മക്കു നല്‍കും.  അമ്മയോട് ഇതേവരെ വിശേഷങ്ങല്‍ തിരക്കിയിട്ടില്ല.  അവനെന്തങ്കിലും  വേണ്ടതുണ്ടോ എന്നമ്മ തിരക്കിയിട്ടില്ല.  വേണ്ടതൊന്നും അവന്‍ പറഞ്ഞിട്ടില്ല.  കുറച്ചു കഥകളെഴുതി, ചുറ്റും കണ്ടതുകള്‍ തന്നെ.  എഴുതി സ്വന്തമായൊരു ശൈലിയിലെത്തിയെന്ന് വായിച്ചവര്‍ വിലയിരുത്തി.  വായിച്ചവര്‍ സമാന്തര പ്രസിദ്ധീകരണം വായിക്കുന്നവര്‍ മാത്രമാണ്.  അതുകൊണ്ട് വളരെ കുറച്ച് പേരുടെയിടയില്‍ മാത്രം അറിയപ്പെട്ടു.  ഉള്‍ നാടുകളിലെ സാഹിത്യ കൂട്ടായ്മകളില്‍ പങ്കെടുത്തു.  അവിടെയെത്തുന്ന വിരലിലെണ്ണാവുന്ന ആളുകളെ കഥകള്‍ പറഞ്ഞു മയക്കി.  കഥയെഴുത്തും വായനയും ജീവിതത്തിന്‍റെ മുഖ്യ ഘടകങ്ങളായി.  എഴുത്തില്ലെങ്കില്‍ സുദേവ് ഇല്ലെന്നായി.  ഒരു സുഹൃത്തിന്‍റെ കനിവില്‍ സൈബര്‍ വായന തുടങ്ങുമ്പോള്‍ തന്നെ കഥകളുടെ സൈറ്റുണ്ടാക്കി.  അതിലെ കഥകള്‍ വായിച്ച് തെറി മെയില്‍ ചെയ്യുന്നവരും, നന്നെന്നു പറയുന്നവരും ഉണ്ടായി. 

       ഡോ. ലാസറലി രാജയെന്ന മഹാത്ഭുതം ജീവിതത്തിന്‍റെ വഴിത്തിരിവായത് തികച്ചും ആകസ്മികം. വര്‍ണ്ണപ്പൊലിമയുടെ ലോകത്ത് തിരക്കുകളുടെ തിരമാലപ്പാച്ചിലിനുള്ളില്‍ എത്തിപ്പെട്ടതു പോലെ ആയിരിക്കുന്നു.  വ്യത്യസ്തമായ ജീവിതങ്ങള്‍,  ജീവിത രീതികള്‍, കഥകള്‍, കഥനങ്ങള്‍…. പുതിയ അറിവുകള്‍, ധാരണകള്‍, ലോകത്തിന്‍റെ ചലനങ്ങള്‍, പ്രതിചലനങ്ങള്‍, ആവശ്യത്തിലേറെ നല്ല ഭക്ഷണങ്ങള്‍, വ്യത്യസ്തമായ മദ്യ രുചികള്‍…. ഇതിലെല്ലാം എത്തിപ്പടുന്നതിന്‍റെ തലേന്നാളു പോലും ഇങ്ങിനെയുള്ളിടത്ത് എത്തിപ്പെടുമെന്ന് സ്വപ്നം പോലും കണ്ടിരുന്നില്ലെന്ന് സുദേവ് ഓര്‍മ്മിച്ചു.  എന്താണ് ഇതിന്‍റെയെല്ലാം അര്‍ത്ഥം…കാരണം… അതോ കാരയണമില്ലായ്മയോ…കാരണത്തോടുകൂടിയതോ…. എങ്കില്‍ കാരണമെന്നതെന്തായിരിക്കാം…

       ഞെട്ടലോടെയാണ് ലതയുടെ ഫോണ്‍ കോള്‍ സുദേവ് സ്വീകരിച്ചത്.

       പ്രിയ കഥാകാരാ താങ്കള്‍ ഉറക്കത്തിലാണോ… അതോ ദിവാസ്വപ്നത്തിലോ, അതോ മുറിയടെ ജനാല തുറന്നിട്ട് പ്രകൃതിയെ കാണുകയാണോ… എന്തെങ്കിലും ആകട്ടെ, നിങ്ങള്‍ കല്ല്യാണി വല്യമ്മച്ചിയെ കാണാന്‍ ശരണാലയത്തില്‍ പോയിരുന്നല്ലേ…?

       ഉവ്വ്, അത് താങ്കളെങ്ങിനെ അറിഞ്ഞു….?

       ലാസറിടത്ത് ഓരോ മുക്കിലും മൂലയിലും ഞങ്ങളുടെ കണ്ണുണ്ട്.  ഞാന്‍ പറഞ്ഞില്ലെ വ്യക്തമായ ഒരു വീക്ഷണത്തിലാണ് ഞങ്ങള്‍ നീങ്ങുന്നതെന്ന്… നല്ലൊരു ലക്ഷ്യവുമുണ്ട്…..

       എന്നോട് വ്യക്തമായി പറഞ്ഞിട്ടില്ല..

       ഇല്ല, അതിന്‍റെ സമയമാകുമ്പോള്‍ പറയും..അങ്ങിനെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് കാണിക്കനുള്ളതൊക്കെ കാണുകയും ചെയ്യേണ്ടതാണ്… പക്ഷെ, പുറം കാഴ്ചകള്‍ മാത്രം കണ്ടാല്‍ പോരാ, ഉള്‍ക്കഴ്ചകള്‍ കൂടി കാണണം..  പുറം കാഴ്ചകളെ ആര്‍ക്കും സഹതാപം ഉണ്ടാക്കും പോലെ പറഞ്ഞ് കാണിക്കുന്നതിന്‍റെ ഉദ്ദേശങ്ങള്‍ അറിയണം…ശരണാലയങ്ങള്‍, അനാഥാലയങ്ങള്‍ ഒരു വന്‍കിട വ്യാപാരമാണ്, ആത്മീയ വ്യാപാരം പോലെ….

       നിങ്ങള്‍ അവിടെ പോയിട്ടുണ്ട്…?

       ഉണ്ട്…. നിങ്ങള്‍ ഒരു കാര്യം ഓര്‍മ്മിച്ചോ… നമ്മുടേത് ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ്.  ഒരു സോഷ്യലിസ്റ്റ് രാജ്യത്ത് എന്തുകൊണ്ട് അനാഥരുണ്ടാകുന്നു.  അവഗണിക്കപ്പെടുന്നവരുണ്ടാകുന്നു.  ഉപേക്ഷിക്കപ്പെട്ടവരുണ്ടാകുന്നു… ഏതൊരു പൗരനും തുല്യനീതിയും ജീവിതസാഹചര്യങ്ങളുണ്ടാക്കുവാന്‍ ബാദ്ധ്യതപ്പെട്ടതല്ലേ സോഷ്യലിസ്റ്റ് ഭരണ സംവിധാനം… അതിന് വിമുഖത കാണിക്കുന്നവരെ നിയമത്തിന്‍റെ പരിധിക്കുള്ളല്‍ കൊണ്ടുവരുവാന്‍ കഴിയേണ്ടതല്ലേ… എന്തുകൊണ്ട് എല്ലാവര്‍ക്കും സാമ്പത്തിക നീതി ലഭിക്കുന്നില്ല… എന്തുകൊണ്ടാണ് ധനം ഒരു വിഭാഗത്തിന്‍റെ കൈകളില്‍ മാത്രം അടിഞ്ഞു കൂടുന്നത്.  അഴിമതി നടത്തിയും ധനം സ്വരുക്കൂട്ടാന്‍ കഴിയുന്നത്… ഞങ്ങള്‍  ചിന്തിക്കുന്നത് ജനാധിപത്യ ഭരണത്തിന്‍റെ അപാകതയായിട്ടാണ്.  സ്വാതന്ത്ര്യം കിട്ടിയശേഷം വന്നിട്ടുള്ള എല്ലാ ഭരണകൂടവും സമ്പന്ന വിഭാഗത്തിന്‍റെ കൂടെയാണ് നിലകൊണ്ടിട്ടുള്ളത്.  തുറന്നു പറയാം കോണ്‍ഗ്രസ്സും ഇടതുപക്ഷവും ബിജെപിയും ഒരേ തട്ടില്‍ നില്‍ക്കുന്നവരായിട്ടാണ് ഞങ്ങള്‍ കാണുന്നത്.  കോണ്‍ഗ്രസ്സും ബിജെപിയും അങ്ങിനെയെ നിലകൊള്ളുകയുള്ളൂവെന്ന് വേണമെങ്കില്‍ പറയാം.  ഇടതുപക്ഷമോ….  ഇടതുപക്ഷം മനുഷ്യപക്ഷത്ത് നില്‍ക്കുവരാണെന്നാണ് എഴുത്തുകള്‍ പറയുന്നത്.  ഇന്ത്യന്‍ അവസ്ഥ വച്ച് നോക്കിയാല്‍ അങ്ങിനെയാണോ… അല്ല… ഇവിടെ ഇടതുപക്ഷം വെറുമൊരു പക്ഷം മാത്രമാണ്.  അവരും സമ്പന്ന വിഭാഗത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്… ഞങ്ങള്‍ പറയുന്നത് കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ ഉള്‍ക്കൊള്ളിച്ചു തന്നെയാണ്.  അവരും സഹായിക്കുന്നത് കോര്‍പ്പറേറ്റുകളെയാണ്, കുത്തകകളെ…. ഇന്ത്യന്‍ അവസ്ഥ വച്ച് കോര്‍പ്പറേറ്റുകള്‍ സവര്‍ണ്ണ വിഭാഗമാണ്.  അധഃകൃതും ദളിതനും ഇന്നും സമ്പത്തിന് പുറത്താണ്, അധികാരത്തിന് പുറത്താണ്.  സംവരണവും ഇളവുകളും സ്വാതന്ത്ര്യം കിട്ടിയ അന്നു മുതല്‍ അനുവദിച്ചിത് ഇതിനു വേണ്ടി ആയിരുന്നോ…?  സംവരണവും ഇളവുകളും അനുവദിച്ചിരുന്നത് അധികാരത്തില്‍ അധഃകൃതനും എത്തി സോഷ്യലിസം പൂര്‍ണ്ണമാകുമെന്ന് സ്വപ്നം കണ്ടിട്ടാണ്.  ആസ്വപ്നങ്ങളൊന്നും യാഥാര്‍ത്ഥ്യമാകാതെ സവര്‍ണ്ണ മേധാവിത്വത്തിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യം പൊയ്ക്കൊണ്ടിരിക്കുന്നത്.

       ലതയുടെ സംസാരം ഇടയ്ക്ക് നിര്‍ത്തിയപ്പോള്‍ സുദേവ് ചോദിച്ചു.

       നിങ്ങള്‍ ആരെന്നോ, എന്തെന്നോ എനിക്കറിയില്ല.  ലാസറലിയെ കുറിച്ച് പഠിച്ചു തുടങ്ങിയപ്പോള്‍ കുറെ കാര്യങ്ങള്‍ കാണിച്ചു തന്നു, ചില കഥകള്‍ പറഞ്ഞു തന്നു.  കേട്ടിടത്തോളം ശരിയാണെന്ന ധാരണയിലാണ് ഞാന്‍.  പക്ഷെ, ഇപ്പോള്‍ നിങ്ങള്‍ സംസാരിക്കുന്നതിന്‍റെ സാരാംശം വ്യക്തമാകുന്നില്ല.  ലാസറലിയുമായിട്ടിതിനെ ബന്ധിപ്പിക്കാന്‍ കഴിയുന്നില്ല.  നിങ്ങള്‍ക്ക് ഒരു കഴിഞ്ഞ കാഘട്ടത്തെ നക്സലേറ്റിന്‍റെ അല്ലെങ്കില്‍ ഇക്കാലത്തെ മാവോയിസ്റ്റിന്‍റെ ശൈലിയുണ്ടെന്നു തോന്നുന്നു….

       നക്സലേറ്റും മാവോയിസ്റ്റും… നക്സലേറ്റിനെ കുറിച്ച് ഞങ്ങക്ക് വായിച്ച അറിവേയുള്ളൂ… ആനുകാലിക എഴുത്തില്‍ നക്സലേറ്റ് സാഹിത്യം നല്ലൊരു വില്‍പ്പന ചരക്കാണെന്നറിയാം… പഴയ നക്സലേറ്റ് എഴുതുന്നതും, നക്സലേറ്റിനെ കുറിച്ച് എഴുതുന്നതും വായിക്കാന്‍ ആളുണ്ട്. പക്ഷെ, ഞങ്ങള്‍ ചിന്തിക്കുന്നത് ആവരുടെ ലക്ഷ്യത്തോടു യോജിക്കാം മാര്‍ഗ്ഗത്തോടു വിയോജക്കാമെന്നാണ്…. നവോന്ഥാനകാലഘട്ടത്ത് കമ്മ്യൂണിസ്റ്റുകാര്‍ സമൂഹത്തിന് ചെയ്ത നല്ല കാര്യങ്ങള്‍ മറക്കുന്നില്ല.  വേരൊരു രീതിയില്‍ പറഞ്ഞാല്‍ മലയാളിയുടെ സാംസ്കാരിക ഉന്നമനത്തിന് അവര്‍ വളരെ വ്യക്തമായ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്.  ചിന്തയില്‍ വിപ്ലവം തന്നെയാണ് തീര്‍ത്തത്.  പക്ഷെ, എഴുപതുകളില്‍ അവര്‍ മുന്നോട്ടു വച്ച വിപ്ലവ മാര്‍ഗ്ഗത്തോട് യോജിക്കാന്‍ കഴിയില്ല.  പിന്നെ മാവോയിസ്റ്റ്.  വടക്കേന്ത്യയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിട്ടാണ് അറിയുന്നത്.  അധഃകൃതനും ദളിതനും വേണ്ടി വാദിക്കുകയും പലതും ചെയ്യുന്നുമുണ്ട്. പക്ഷെ, മാധ്യമങ്ങളും ഭരണ സംവിധാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും പറയുന്നത് വിശ്വസനീയമല്ല.  ഈ അടുത്ത കാലത്ത് നടന്നിട്ടുള്ള പല പോലീസ് നടപനടികളും തെറ്റായ മാര്‍ഗ്ഗത്തിലൂടെയുള്ളതാണ്.  സ്വതന്ത്രമായൊരു ചിന്ത സമൂഹത്തെ അറിയിക്കുന്നവരെയും… നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുന്നവരെയും മനുഷ്യത്വപരമായിട്ടെഴുതുന്ന സമാന്തര പ്രസിദ്ധീകരണങ്ങളെയും അരാജകരെന്നും മാവോയിസ്റ്റുകളെന്നും മുദ്രകുത്തി ഒതുക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയാണ്, ഭരണ സംവിധാനവും രാഷ്ട്രീയ പാര്‍ട്ടികളും…ഇപ്പോള്‍ ഞങ്ങള്‍ ചിന്തിക്കുന്നത് അതൊന്നുമല്ല.  ലാസറലിയെന്ന കോര്‍പ്പറേറ്റ് സംവിധാനത്തെക്കുറിച്ചാണ്.  അഴിമതിയിലൂടെ അവരുണ്ടാക്കുന്ന സ്വത്തുകാര്യങ്ങളെ സമൂഹത്തെ അറിയിക്കുക.  ആ കുത്തകയെ തന്നെ ഉന്മൂലനം ചെയ്യുക എന്നതാണ്.  ഇപ്പോള്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയ ചിന്തയിലല്ല.  ലാസറലിയില്‍ നിന്ന്, അയാളുടെ പാര്‍ട്ടണര്‍മാരില്‍ നിന്ന് ഞങ്ങള്‍ക്കുണ്ടായിട്ടുള്ള വേദനകള്‍ക്ക് പ്രതി ദുഃഖം കൊടുക്കുക എന്നതാണ്.  അതിന് സുദേവിന്‍റെ സഹായം ഞങ്ങള്‍ക്ക് ആവശ്യമില്ല.  പക്ഷെ, സത്യാവസ്ഥ കണ്ടിട്ട് എഴുത്തുകാരനായ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ സമൂഹത്തിന് ഗുണം കിട്ടുമെന്ന് കരുതുന്നു.

       സുദേവിന് ഒന്നും പറയാന്‍ കഴിയുന്നില്ല.  തികച്ചും പ്രതിസന്ധികരമായ അവസ്ഥ.

       സുദേവിന് ബോറായെന്നു തോന്നുന്നു.  സത്യത്തില്‍ ഇപ്പോള്‍ ഇതു പറയാന്‍ വേണ്ടിയല്ല വിളിച്ചത്, ക്ഷമിക്കണം… നിങ്ങള്‍ക്കൊരു വിരുന്നുണ്ട്… ഭക്ഷണമല്ല, നല്ലൊരു കാഴ്ച…

       കാഴ്ചയോ…?

       യേസ്… ഒരു വീതം വയ്പിന്‍റെ കാഴ്ചയാണ്… ലാസറിടത്തു വച്ചാണ് നടക്കുന്നത്.  ലാസറലി മുന്നില്‍ നിന്ന് കളിച്ച്, തട്ടിച്ച് കൈക്കലാക്കിയ ധനം പങ്കു വയ്ക്കുന്ന കാഴ്ച.

       ആരാണത്…?

       ആരാണെന്ന് ഇപ്പോള്‍ വ്യക്തമല്ല.  അതു നിങ്ങള്‍ നേരില്‍ കണ്ടാല്‍ മതി.  പക്ഷെ, അതിന് സുദേവിന്‍റെ വേഷം പറ്റില്ല. ആ വേഷത്തില്‍ അവിടെ കയറാന്‍ പറ്റില്ല.  എങ്ങിനെ വേണമെന്നും എപ്പോള്‍ കയറാന്‍ പറ്റുമെന്നും ഞാന്‍ അറിയിച്ചു കൊണ്ടിരിക്കം. 

       ഫോണ്‍ ഡിസ് കണക്റ്റ്  ചെയ്യുകയും സ്വിച്ച ഓഫ് ചെയ്യുകയും ചെയ്തിരിക്കുന്നു.

       സുദേവ് ആലസ്യത്തെ മനസ്സാലെ അകറ്റി, സൂഷ്മ ദര്‍ശിനികളെ സ്വമനസ്സാലെ സ്വീകരിച്ച് കണ്ണുകളില്‍, കാതുകളില്‍ അകക്കണ്ണില്‍ കൂടുതല്‍ വെളിച്ചം കൊടുത്ത് താമസ്സിക്കുന്നിടം വിട്ട് പുറത്തിറങ്ങി.  വെയിലാറിക്കഴിഞ്ഞിരിക്കുന്നു. കാവല്‍ പുരയുടെ അടുത്തെത്തിയപ്പോള്‍ പുതിയ സെക്യൂരിറ്റിക്കാരനെന്നു കണ്ട്  പേരും നാടും വീടും വീട്ടുകാരെയും കുറിച്ച് ചോദിച്ച് പാതയുടെ അരിക് പറ്റി നടന്നു.  പണ്ട് പൊള്ളിയാലോ ചെറിയ മുറിവു പറ്റിയാലോ അമ്മമാര് കയ്യാലകള്‍ക്ക് ചേര്‍ന്ന് കയ്യാലയില്‍ തന്നെ സൂക്ഷിച്ചു നോക്കി മുക്കുറ്റിയും തിരുതാളിയും കറുകയും കാട്ടു പടലും തേടി നടക്കും പോലെ. കുഞ്ഞരി പൂവുകള്‍ മോണ കാണിച്ച് ചിരിക്കുകയും തലയെടുപ്പുള്ള ഒരു റോസില്‍ ഇന്ന് വിരിഞ്ഞ മലര്‍ അഹങ്കാരത്തോടെ സൗന്ദര്യത്തെ കാണിക്കുകയും, നന്ദ്യാര്‍ വട്ട പൂക്കള്‍ കൂട്ടം കൂടി നിന്ന് വെടി പറയുന്നതിനിടയില്‍  അവനെ നോക്കി മന്ദഹസിക്കുകയും ചെയ്തു.

       തിരികെ മുറ്റത്തെത്തിയപ്പോള്‍ ലാസറിടത്ത് പ്രവര്‍ത്തിക്കുന്ന ഓഫീസ്, സമയം കഴിഞ്ഞ് അടച്ച് ജോലിക്കാര്‍ പിരിയുന്നതു കണ്ടു.  അവരുടെ കൂടെ മാനേജര്‍ ജോണ്‍സനെ കണ്ടില്ല.  അയാള്‍  മറ്റു വല്ല തിരക്കിലും പെട്ടിട്ടുണ്ടാകുമെന്ന് കരുതി.  ഓഫിസ് കെട്ടിടം കഴിഞ്ഞ് ലാസറിടത്തെ പ്രധാന വാസസ്ഥലത്തെത്തിയപ്പോള്‍ പോര്‍ച്ചില്‍ വിശ്രമിക്കുന്ന രണ്ടു കാറുകളല്ലാതെ ഒരനക്കവും കാണാനില്ല.  പോര്‍ച്ചില്‍ കൂടി കയറി വടക്കു വശത്തുള്ള മുറി മുഴുവന്‍ ഒന്ന് കണ്ണോടിച്ച് മടങ്ങി. ഓരം ചേര്‍ന്നു തന്നെ നടന്ന് പൂക്കളെ, ഇലകളെ, പുഴുക്കളെ, ശലഭങ്ങളെ കണ്ട്….

@@@@@

image_pdfimage_printഡൗൺലോഡ് ചെയ്യുക

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top